ലക്ഷ്മീനന്ദനം: ഭാഗം 46

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

നന്ദൻ നിശ്ചലനായി ലെച്ചുവിൽത്തന്നെ ദൃഷ്ടിയൂന്നിനിന്നു... കണ്ണടയുവോളം തന്റെ പാതിയെ ഉള്ളിൽ നിറയ്ക്കാൻ... ലെച്ചു കണ്ണുകൾ മുറുകെയടച്ചു ആ കാഴ്ച കാണാനാകാതെ... തന്റെ കൈയിലെ പിടുത്തം അയഞ്ഞപ്പോൾ അവൾ പിടഞ്ഞുകൊണ്ടു മാറി... നന്ദനെ നോക്കി... എന്നാൽ അവനപ്പോഴും തന്നെത്തന്നെ നോക്കി നിൽക്കുന്നു... മോനെ... വിശ്വാ... കാലിൽനിന്നും ചോരയൊലിച്ചുകൊണ്ടു നിലത്തേയ്ക് വീഴുമ്പോൾ ശേഖരൻ അലറിവിളിച്ചു... ശേഖരന്റെ കരച്ചിലാണ് നന്ദനെയും ലെച്ചുവിനെയും വിശ്വനിലേയ്ക് നോട്ടമെത്തിച്ചത്... നിലത്തുകിടന്നു പിടയുന്ന വിശ്വൻ... നന്ദാ... യദുവിന്റെ ശബ്ദം കേട്ടിരുവരും പുറകിലേക്കു നോക്കി... കൈയിൽ തോക്കുമായി നിൽക്കുന്ന നന്ദനെക്കണ്ടപ്പോഴണ് എന്താണ് സംഭവിച്ചതെന്ന ബോധം വന്നത്... നന്ദന് നേരെ നിറയൊഴിക്കാൻ തുടങ്ങിയ ശേഖരന്റെ കാലിൽ യദു വെടിയുതിർത്തിരുന്നു.. തന്റെ ആത്മാർത്ഥസുഹൃത്തിനെ ഒരിക്കലും മരണത്തിനു വിട്ടുകൊടുക്കാനാവാനാകുമായിരുന്നില്ല...

കാലിൽ വെടികൊണ്ട വെപ്രാളത്തിൽ ശേഖരന് ഉന്നം പിഴച്ചു... അതുകൊണ്ടതാകട്ടെ സ്വന്തം മകനും... ചോരയിൽ കുളിച്ചുകിടക്കുന്ന വിശ്വനെ നോക്കാൻ ലെച്ചുവിനായില്ല... എന്തൊക്കെയായാലും എത്ര ക്രൂരനായാലും ഒരു മനുഷ്യജീവനാണ്... നന്ദന്റെ നെഞ്ചിൽ മുഖംഅമർത്തിയവൾ കാഴ്ചയെ മറച്ചു... വിറയ്ക്കുന്ന ലെച്ചുവിനെ ചേർത്തുപിടിക്കുമ്പോഴും തൊട്ടുമുന്നിൽ നടന്നതൊന്നും വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു നന്ദൻ.. ജോസെഫേട്ടാ..... ദാ... ഇവരെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം... പിന്നെ എല്ലാം കണ്ടതല്ലേ.... എന്താ എഴുതേണ്ടതെന്നു അറിയാമല്ലോ ? അവൻ ASI ജോസഫ് സാമുവലിനോട് പറഞ്ഞു... സ്വന്തം മകനുനേരെ വെടിയുതിർക്കേണ്ടിവന്ന ഹൃദയവേദനയിൽ ശരീരത്തിന്റെ വേദന ശേഖരൻ മറന്നു... മകനെ വിളിച്ചലറിക്കരയുന്ന അയാൾക്കരുകിലായിട്ട് വന്നിരുന്നു യദു പറഞ്ഞു.. ഇപ്പോൾ നിങ്ങളുടെ കണ്ണിൽ നിന്നും വരുന്ന കണ്ണീരില്ലെ... സ്വന്തം മകനെ നഷ്ടപ്പെടുമെന്നോർത്തുള്ള വ്യഥ... അത് ദൈവമായിട്ട് തന്നതാണ്...

എന്തിനും ഏതിനും കൂട്ടുനിന്നു മക്കളെ ഭൂലോക ഫ്രോഡ് ആക്കിവളർത്തുന്ന എല്ലാ മാതാപിതാക്കളുടെയും അവസ്ഥ ഇതൊക്കെത്തന്നെയായിരിക്കും... ദോ... നോക്കിയേ... നിങ്ങളെയും മകനെയും പേടിച്ചു തന്റെ ബാല്യവും കൗമാരവുമൊക്കെ നഷ്‌ടമായ പെൺകുട്ടിയാണ്... ഈ നിമിഷം വരെ സ്വന്തം മാനത്തിനും പ്രാണനും വേണ്ടി യാചിച്ചു നിന്നവൾ... അവളുടെ കണ്ണിലെ വേദന... ഹൃദയത്തിന്റെ പിടച്ചിൽ.... അതൊന്നും മനസ്സിലാക്കാൻ ആയില്ലല്ലേ.. അതെങ്ങനാ... സ്വന്തമല്ലാത്തതിന്റെ... സഹജീവിയുടെ വേദന മനസ്സിലാക്കാൻ കഴിയണമെങ്കിൽ കുറച്ചൊക്കെ മനുഷ്യത്വം വേണം... അവൻ രോഷത്തോടെ പറഞ്ഞു.. എന്റെ മോനെ ഒന്നു ആശുപത്രിയിലാക്കു.... ഞാൻ കാലുപിടിക്കാം... മോനെ വിശ്വാ... കണ്ണുതുറക്കേടാ.... ശേഖരൻ അലറിക്കരഞ്ഞു.... യദു.... നന്ദൻ അവനെ നോക്കി വിളിച്ചു... നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയെന്നോണം അവൻ എല്ലാം ശരിയാകുമെന്ന് രീതിയിൽ അവനെ ആശ്വസിപ്പിച്ചു... പേടിക്കണ്ട നിങ്ങളെപ്പോലെ മനുഷ്യത്തമില്ലാത്തവരല്ല ഞങ്ങൾ...

അതുകൊണ്ട് എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ ആക്കും... പിന്നെ അവനിപ്പോൾ കിട്ടിയത് നാളെയായാലും വേറാരെങ്കിലും ചെയ്യുമായിരുന്ന കാര്യമാണ്.. അത്രയ്ക്കുണ്ട് തെളിഞ്ഞും മറഞ്ഞും മകൻ ചെയ്തുകൂട്ടിയ പാപക്കറ... നന്ദൻ ശേഖരനോടായി പറഞ്ഞു... അപ്പോൾത്തന്നെ വിശ്വനെയും ശേഖരനെയും ഹോസ്പിറ്റലിലേയ്ക്കെടുത്തിരുന്നു... നന്ദാ.... നീയിവളെയും കൂട്ടി വീട്ടിൽ പൊയ്ക്കോ... നാളെ സ്റ്റേഷനിൽ വരേണ്ടിവരും രണ്ടാളും... പിന്നെ അവിടുന്നു ട്രാൻസ്ഫർ ആയതുകൊണ്ട് വിശ്വൻ പുറത്തിറങ്ങിയ കാര്യം ഞാൻ അറിഞ്ഞില്ല... ഇന്നലെയാണ് ഒരു ഫ്രണ്ട് വഴി ഇക്കാര്യം അറിഞ്ഞത്... നിന്നെ ടെൻഷൻ അടിപ്പിക്കാതെ കാണുമ്പോൾ പറയാമെന്നു കരുതി. അതിത്രയും വല്യ അബദ്ധമാകുമെന്നോർത്തില്ലെടാ... യദു നന്ദന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു... ഏയ്... അതൊന്നും സാരമില്ല... ഇതിനൊക്കെ എങ്ങനെയാടാ ഞാനും ഇവളും നിന്നോട് നന്ദിപറയേണ്ടെ.... മരണത്തിന്റെ വായിൽനിന്നാ നീയെന്നെ രക്ഷിച്ചത്... ഈ ജന്മം ആ കടം തീരില്ല... നന്ദൻ യദുവിന്റെ കൈകൾ കൂട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു... ഒന്നുപോടാ.. സെന്റിയടിച്ചു എന്നെക്കൂടി കരയിക്കാതെ... നമുക്കിടയിലിതുവരെ ഒന്നിനും നന്ദിപറച്ചിലിന്റെ ആവശ്യം ഉണ്ടായിട്ടില്ല...

കാരണം ഒരു സുഹൃത്തെന്നതിലുപരി സ്വന്തം കൂടപ്പിറപ്പായെ കണ്ടിട്ടുള്ളു... അതുകൊണ്ട് ഒന്നിനും കണക്കും വച്ചിട്ടില്ല... നീയില്ലെങ്കിൽ പിന്നെ ഈ യദു ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ ? എന്റെ ലെച്ചു... നീയിവനെ വിളിച്ചോണ്ട് വീട്ടിൽ പോകാൻ നോക്കിയേ... വെറുതേ പറ്റുബുക്കിൽ പേരുചേർക്കാൻ നിൽക്കാതെ... കണ്ണിലൂറിയ നനവ് നന്ദൻ കാണാതെ തുടച്ചുകൊണ്ടവൻ പറഞ്ഞു.. ഇല്ല ഏട്ടാ... നന്ദേട്ടൻ പറഞ്ഞതുതന്നാ എനിക്കും പറയാനുള്ളത്... ഏട്ടൻ വരാൻ ഒരു നിമിഷം വൈകിയെങ്കിൽ എന്റെ നന്ദേട്ടനെ അവർ... അവൾ മുഴുമിപ്പിക്കാതെ കണ്ണുതുടച്ചു... അയ്യേ... എന്താ ലെച്ചു ഇത്... നീയെന്റെ ആരാ... പെങ്ങൾ .... അപ്പോൾ നിന്നെ സംരക്ഷിക്കേണ്ടതെന്റെ കടമയല്ലേ... നീ വിധവയാകാതെ നോക്കേണ്ടതെന്റെ ഉത്തരവാദിത്തമല്ലേ പെണ്ണേ... സ്വതമേയുള്ള കുസൃതിച്ചിരി മുഖത്ത് നിറച്ചു യദുവതു പറയുമ്പോൾ നന്ദനും ലെച്ചുവിനും ചിരിയടക്കാനായില്ല... ഒന്നുപോടാ... നിന്റെ ഈ ചളി കേൾക്കാൻ എന്റെ പെങ്ങളേക്കൊണ്ടേ പറ്റുള്ളൂ... നന്ദൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

നന്ദനും ലെച്ചുവും വീട്ടിലെത്തുമ്പോൾ എല്ലാവരും അക്ഷമയോടെ കാത്തിരിക്കുവായിരുന്നു... യദു പറഞ്ഞ് എല്ലാം അറിഞ്ഞിരുന്നു... മക്കളെ... ഒന്നും പറ്റിയില്ലല്ലോ..? ദൈവം കാത്തു... ലീലാമ്മ ഇരുവരെയും ചേർത്തുനിർത്തി നെറുകയിൽ മുത്തിക്കൊണ്ടു പറഞ്ഞു.. ശേഷം ലെച്ചുവിന്റെ അടികൊണ്ട് വീർത്തകവിളിൽ മെല്ലെ തടവി... വേദനയിൽ മുഖം ചുളിഞ്ഞപ്പോൾ ആ അമ്മ മനം തേങ്ങി... അവനൊരുപാട് ഉപദ്രവിച്ചോ മോളേ...? യദു വിളിച്ചുപറഞ്ഞപ്പോൾ പേടിച്ചുപോയി... അപ്പോൾ അവൻ ആദ്യമേ പറഞ്ഞിരുന്നേൽ ഞാൻ നെഞ്ചുപൊട്ടി മരിച്ചേനെ... അവർ ഉള്ളിലെ വിങ്ങൽ മക്കൾക്കുമുന്നിൽ ഇറക്കിവെച്ചു... എന്റെ ലീലേ... നീ പിള്ളേരെ ഇങ്ങനെ നിർത്തി വിഷമിപ്പിക്കാതെ... കണ്ടാലറിയാം രണ്ടാൾക്കും നല്ല ക്ഷീണം ഉണ്ടെന്ന്... അവർ പോയൊന്നു റസ്റ്റ്‌ എടുക്കട്ടെ... ബാക്കി ചോദിക്കലും പറയലുമൊക്കെ പിന്നീട്... ചന്ദ്രൻ ലീലയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.. ചെല്ല് മക്കളെ... ഈശ്വരാനുഗ്രഹം കൊണ്ട് എന്റെ കുഞ്ഞുങ്ങൾ ഒരാപത്തുമില്ലാതെ ഇങ്ങെത്തിയല്ലോ...

ഇനി നടന്നതൊന്നും ഓർത്ത് വിഷമിക്കണ്ട... എല്ലാം ദൈവനിശ്ചയമെന്ന് കരുതി മുന്നോട്ട് പോകുക... അയാൾ ലക്ഷ്മിയുടെ നെറുകിൽ തഴുകിക്കൊണ്ടു നന്ദനെ നോക്കി പറഞ്ഞു.. അപ്പോഴാണ് അടുക്കള vathilinarikil ഇരുവരെയും നോക്കി കണ്ണുനിറച്ചുനിൽക്കുന്ന ഭാനുവിനെ നന്ദൻ കണ്ടത്... അവൻ ഇരുകൈകളും വിരിച്ചവളെ അടുത്തേയ്ക്കു വിളിച്ചു... കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഭാനു ആ കൈകൾക്കുള്ളിൽ ഓടിയണഞ്ഞവനെ കെട്ടിപ്പിടിച്ചു.. ഇല്ല മോളേ... ഏട്ടനിങ് വന്നില്ലേ..? കണ്ണൊക്കെ തുടച്ചേ.. ഏട്ടന്റെ ഭാനു ഉണ്ണിയാർച്ചയെപ്പോലെ നിൽക്കുന്നത് കാണാനാ ഇഷ്ടം... അവൻ അവളുടെ കവിളിലൂടെ ഊർന്നിറങ്ങിയ മിഴിനീർ തുടച്ചുകൊണ്ട് നെറുകിൽ ചുണ്ടമർത്തി.. തങ്ങളുടെ സ്നേഹം കണ്ടുനിൽക്കുന്ന ലെച്ചുവിനെ ഭാനു കൈനീട്ടി ചേർത്തുപിടിച്ചു.. നന്ദന്റെ നെഞ്ചിൽ അവളെയും ചേർത്തുനിർത്തി... ഒഴുകിയിറങ്ങുന്ന മിഴിനീർ സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി അവരെ കണ്ടുനിന്ന ലീലയ്ക്കും ചന്ദ്രനും തോന്നി...

തന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഭാനു നന്ദനിൽനിന്നും അടർന്നുമാറിയത്... നോക്കിയപ്പോൾ യദുവാണ്... ലെച്ചുവിനെയും കൂട്ടി സ്റെപ്പിനരികിലേയ്ക് പോയ നന്ദനെ ഭാനു പുറകില്നിന്നും വിളിച്ചു നിർത്തി... ഏട്ടാ... യദുവേട്ടൻ വിളിച്ചത്... ആ വിശ്വൻ മരിച്ചു... ഹോസ്പിറ്റലിൽ എത്തി കുറച്ചുകഴിഞ്ഞപ്പോൾ പോയിന്നു... തലയിലല്ലേ വെടിയേറ്റത്... അവൾ ശബ്ദം താഴ്ത്തി പറഞ്ഞു... അപ്പോഴും ലെച്ചുവിന്റെ ഉള്ളിൽ വെടിയേറ്റ് പിടയുന്ന വിശ്വന്റെ മുഖവും ചോരചുവപ്പുമായിരുന്നു... വിറയ്ക്കുന്ന ലെച്ചുവിനെ ചേർത്തുപിടിച്ചു നന്ദൻ ഒന്നും മിണ്ടാതെ പതിയെ സ്റ്റെപ് കയറി... ദൈവഹിതം.... ഇതവന്റെ കർമ്മഫലം .. ചന്ദ്രൻ പറഞ്ഞുകൊണ്ട് പുറത്തേയ്ക്കു പോയി... അപ്പോഴും കേട്ടവാർത്തയിലും നടന്ന സംഭവങ്ങളിലും വലയുന്ന മനസ്സിനെ ബന്ധിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു അമ്മയും മകളും .............. (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story