ലക്ഷ്മീനന്ദനം: ഭാഗം 47

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഏട്ടാ... യദുവേട്ടൻ വിളിച്ചത്... ആ വിശ്വൻ മരിച്ചു... ഹോസ്പിറ്റലിൽ എത്തി കുറച്ചുകഴിഞ്ഞപ്പോൾ പോയിന്നു... തലയിലല്ലേ വെടിയേറ്റത്... അവൾ ശബ്ദം താഴ്ത്തി പറഞ്ഞു... അപ്പോഴും ലെച്ചുവിന്റെ ഉള്ളിൽ വെടിയേറ്റ് പിടയുന്ന വിശ്വന്റെ മുഖവും ചോരചുവപ്പുമായിരുന്നു... വിറയ്ക്കുന്ന ലെച്ചുവിനെ ചേർത്തുപിടിച്ചു നന്ദൻ ഒന്നും മിണ്ടാതെ പതിയെ സ്റ്റെപ് കയറി... ദൈവഹിതം.... ഇതവന്റെ കർമ്മഫലം .. ചന്ദ്രൻ പറഞ്ഞുകൊണ്ട് പുറത്തേയ്ക്കു പോയി... അപ്പോഴും കേട്ടവാർത്തയിലും നടന്ന സംഭവങ്ങളിലും വലയുന്ന മനസ്സിനെ ബന്ധിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു അമ്മയും മകളും... ലെച്ചു മനസ്സുകൊണ്ടും ശരീരം കൊണ്ടും ആകെത്തളർന്ന അവസ്ഥയിലായിരുന്നു... അതുകൊണ്ടുതന്നെ നന്ദൻ അവളെ മുറിയിൽകൊണ്ടുപോയി കുറച്ചുനേരം കിടക്കാൻ പറഞ്ഞു... നന്ദന്റെ കൈയിൽത്തന്നെ മുറുകെപിടിച്ചുകൊണ്ടു ആ നെഞ്ചിൽ ചാരി നിന്നു... കുറച്ചുമുമ്പ് നടന്ന സംഭവങ്ങളൊന്നും അവളുടെ മനസ്സിൽനിന്നും പോയിട്ടില്ല... ഞാൻ പേടിച്ചുപോയി ഏട്ടാ....

ശ്വാസം നിലച്ചുപോയ പോലെ തോന്നി... ആശിക്കാൻ പോലും അർഹതയില്ലാത്ത ജീവിതമായിരുന്നു ഇതുവരെ.... ഏട്ടനെപ്പോലും ആഗ്രഹിക്കാൻ പേടിയായിരുന്നു.. അതൊക്കെ മറന്നു സ്നേഹിച്ചുപോയി... ഇന്ന് അയാളുടെ തോക്കിൻ മുനയിലെന്റെ നന്ദേട്ടൻ നിന്നപ്പോൾ ഞാൻ സ്വയം ശപിച്ചു... അറിഞ്ഞുകൊണ്ട് ഏട്ടനെ ആപത്തിലേയ്ക് തള്ളിവിട്ടതോർത്തു... അവൾ എങ്ങിക്കൊണ്ടു പറഞ്ഞു... എന്താ ലെച്ചു ഇത്.... ആരോടും പ്രണയമെന്നൊരു വികാരം തോന്നിയിട്ടില്ല നിന്നേക്കാണും വരെയും.. ആദ്യമായി മനസിൽ കൊരുത്തത് പിടയ്ക്കുന്ന ഈ മിഴിയിണകളാണ്... എന്നാണന്നറിയോ ? അവൻ തന്നെ വട്ടം പിടിച്ചു നെഞ്ചിൽ മുഖം പൂഴ്ത്തിനിൽക്കുന്ന ലെച്ചുവിന്റെ മുഖം മെല്ലെ ചൂണ്ടുവിരലിൽ ഉയർത്തി ആ മിഴികളിൽ നോക്കി ചോദിച്ചു... അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി.. അന്ന് ആദ്യമായി ക്ലാസ്സിൽ വന്ന ദിവസം...

എന്റെ ക്ലാസ്സിനുമുന്നിൽ പേടിയോടെ വിറച്ചു നിന്ന ദിവസം... അവൻ ഓർമപ്പെടുത്തി.. ഒപ്പം അന്നത്തെ ലെച്ചുവിന്റെ മുഖം മനസിൽ നിറച്ചു... പിന്നെ ഓരോദിവസവും നിന്നോട് കൂടുതൽ അടുക്കുകയായിരുന്നു... ചുരുക്കിപ്പറഞ്ഞാൽ എന്നെ കീഴടക്കുവായിരുന്നു നിന്റെ ഹൃദയം... ആ നിനക്ക് വേണ്ടി ഈ ജീവൻ പോലും കളയാൻ ഞാൻ തയ്യാറാണ്... ഒരുദിവസമെങ്കിലും എന്റെ പെണ്ണിനൊപ്പം... എന്റെ താലിയുടെ അവകാശിയായി... എന്റെ പേരിൽ ചുവപ്പിച്ച സീമന്തരേഖയുമായി... നിനക്കൊപ്പം ജീവിക്കാൻ കഴിഞ്ഞില്ലല്ലോയെന്ന വ്യഥ മാത്രമേ ഉണ്ടായിരുന്നുള്ളു.... അവൻ പറഞ്ഞുനിർത്തി അവളെ ആർദ്രമായി നോക്കി... തനിയ്ക്കുവേണ്ടി മിടിയ്ക്കുന്ന തന്റെ നന്ദേട്ടന്റെ ഹൃദയത്തിന്റെ ഉടമയായി ജന്മം മുഴുവൻ ജീവിച്ചുതീർക്കാൻ അവളും ആഗ്രഹിക്കുകയായിരുന്നുവപ്പോൾ... എല്ലാം കഴിഞ്ഞു ലെച്ചു... ഇനി നമ്മുടെ നാളുകളാണ്... എത്രയും പെട്ടെന്ന് ദാ... ഈ കഴുത്തിൽ എന്റെപേരിൽ താലി ചാർത്തണം... പിന്നെ നിന്റെ നെറുകയിൽ കുകുമചുവപ്പു നിറയ്ക്കണം...

ഈ ജന്മം മുഴുവൻ നിന്റെ പ്രണയ മഴയിൽ നനയണം... അവൻലെച്ചുവിന്റെ നെറുകയിൽ സ്നേഹമുദ്രണം ചാർത്തിക്കൊണ്ടു മൊഴിഞ്ഞു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 ഇതുവരെയുള്ള വേലത്തരങ്ങളൊക്കെ ചെറിയ ശിക്ഷയിലൊതുക്കിയത് പഠന കാര്യങ്ങളുമായി വ്യക്തി വിദ്വേഷങ്ങൾ കൂടിക്കലർത്തണ്ടയെന്ന നന്ദനിലെ അധ്യാപകന്റെ പ്രൊഫഷണൽ എത്തിക്സ് ആയിരുന്നു... എന്നാൽ അതൊക്കെ വെറുതെയായിരിക്കുന്നു.. അതുകൊണ്ടുതന്നെ തന്റെ പെണ്ണിനോട് അർജുനും കൂട്ടരും കാണിച്ചതൊന്നുംമറക്കൻ നന്ദൻ തയ്യാറായില്ല... അതിന്റെ ആദ്യപടിയെന്നോണം ഡ്രഗ് കേസിൽ അവനെ അകത്താക്കി. യദുവിന്റെ വക സ്പെഷ്യൽ ട്രീറ്റും നൽകിയിരുന്നു.. വർഷയ്ക്കു കൊടുക്കാവുന്ന ഏറ്റവും നല്ല ശിക്ഷ തന്റെ പാതിയായി ചേർത്തുപിടിക്കുന്ന ലെച്ചു തന്നെയാണെന്ന് ഉത്തമബോധ്യം നന്ദനുണ്ടായിരുന്നു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 ലെച്ചുവിനൊക്കെ എക്സാം കഴിഞ്ഞിരുന്നു... അടുത്ത ആഴ്ച യദുവിന്റെയും ഭാനുവിന്റെയും വിവാഹമാണ്....

അതുകഴിഞ്ഞു നടത്താനിരുന്ന ലെച്ചുവിന്റെയും നന്ദന്റെയും വിവാഹം കൂടി അതേദിവസം ഒരേ മുഹൂർത്തത്തിൽ നടത്താൻ തീരുമാനിച്ചിരുന്നു.. കോളേജിൽ ഉള്ളവർക്ക് അടുത്ത ദിവസം ഒരു ഗ്രാൻഡ് റിസെപ്ഷനും കൊടുക്കാൻ കണക്കുകൂട്ടി.. കാരണം വിവാഹം ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചടങ്ങായി നടത്തുന്നതിനാലും നാട്ടിൽ വെച്ചു നടത്തുന്നതിനാലും എല്ലാവരെയും വിളിക്കാൻ പറ്റില്ലായിരുന്നു... ഇന്നാണ് ലാസ്റ്റ് ഇയേഴ്‌സിന്റെ ഫെയർവെൽ പാർട്ടി... നീതുവും ലെച്ചുവും ഒരേ പാറ്റേണിലുള്ള സിമ്പിൾ ബീഡ് വർക്ക്‌ ചെയ്ത സാരിയായിരുന്നു ധരിച്ചത്... നന്ദനാണ് രണ്ടുപേർക്കും സാരി സെലക്ട്‌ ചെയ്തു നൽകിയത്... ഒരു സ്റ്റുഡന്റ് എന്നതിലുപരി ഭാനുവിനെപ്പോലെ അവളെയും പെങ്ങളായാണ് നന്ദൻ കണ്ടത്... സെമിനാർ ഹാളിൽ നീതുവിനൊപ്പം കയറി വന്നപ്പോൾ ലെച്ചുവിന്റെ മനസ്സിലേക്കോടിയെത്തിയത്.. ഫ്രഷേഴ്‌സ് ഡേയ്ക്ക് തന്നെ വിറപ്പിച്ചു നിന്ന അർജുനും കൂട്ടരുമാണ്.. എന്തായാലും ഇന്നവരുടെ ശല്യം ഇലല്ലോയെന്നവൾ ആശ്വസിച്ചു...

എല്ലാവരുടെയും മുഖത്തുകാണുന്ന തെളിച്ച കുറവ് കലാലയ ജീവിതത്തിൽ നിന്നും വിടവാങ്ങാൻ പോകുന്നതിന്റെ സങ്കടമാണ്.. തേർഡ് ഇയേഴ്‌സിലെ എല്ലാവരെയും സ്വന്തം അനുഭവങ്ങൾ പങ്കുവെയ്ക്കാൻ വിളിച്ചു... വർഷ വളരെക്കുറഞ്ഞ വാചകങ്ങളിൽ പറഞ്ഞുനിർത്തി ... അപ്പോഴും നോട്ടം തറഞ്ഞു ലക്ഷ്മിയിലും നന്ദനിലും പതിഞ്ഞിരുന്നു ... സിനിയേഴ്സിന്റെ ആഗ്രഹപ്രകാരം ലെച്ചുവിന്റെ പാട്ടിനൊത്തു അരുൺ വയലിൻ മീട്ടി... അതിൽ ലയിച്ചിരിക്കെ നന്ദന്റെ ഉള്ളിൽ ഫ്രഷേഴ്‌സ് ഡേയ്ക്ക് തന്നെ പിടിച്ചുലച്ച.... ലെച്ചുവിന്റെ ഈണമായിരുന്നു... തന്റെ മുന്നിലായി കണ്ണുകളിലേയ്ക്ക് നോക്കിയിരിക്കുന്ന നന്ദനെ നോക്കിയവൾ മെല്ലെ പാടി... നിന്‍റെ നൂപുര മര്‍മ്മരം ഒന്നു കേള്‍ക്കാനായ് വന്നു ഞാന്‍..... നിന്‍റെ സാന്ത്വന വേണുവില്‍ രാഗലോലമായ് ജീവിതം.... നീയെന്‍റെ ആനന്ദ നീലാംബരി... നിയെന്നുമണയാത്ത ദീപാഞ്ജലി....

ഇനിയും ചിലമ്പണിയൂ... എന്തിനു വേറൊരു സൂര്യോദയം..... നീയെന്‍ പൊന്നുഷസ്സന്ധ്യയല്ലേ...... എന്തിനു വേറൊരു മധുവസന്തം...... ഇന്നു നീയെന്നരികിലല്ലേ..... മലര്‍വനിയില്‍ വെറുതേ... എന്തിനു വേറൊരു സൂര്യോദയം..... നീയെന്‍ പൊന്നുഷസ്സന്ധ്യയല്ലേ...... എന്തിനു വേറൊരു മധുവസന്തം...... ഇന്നു നീയെന്നരികിലല്ലേ..... പാടിക്കഴിഞ്ഞു ലെച്ചു സീറ്റിലേക്ക് പോകാനായൊരുങ്ങിയപ്പോൾ നന്ദൻ അവിടേയ്ക്ക് വന്നുകൊണ്ടവളെ പിടിച്ചുനിർത്തി... ഫെയർവെൽ ആയതുകൊണ്ടുതന്നെ കെമിസ്ട്രി ഡിപ്പാർട്മെന്റിലെ എല്ലാ കുട്ടികളും അധ്യാപകരും അവിടുണ്ടായിരുന്നു... കൂടാതെ അവർക്കു സബ് ആയും മറ്റും ഉണ്ടായിരുന്ന സബ്ജെക്ട് ടീച്ചേഴ്സും... എല്ലാവർക്കും മുന്നിലേയ്ക്ക് ലെച്ചുവിന്റെ കൈപിടിച്ചു വന്നുനിന്നു നന്ദൻ പറഞ്ഞു..

ഇപ്പോൾ ഈ അവസരത്തിൽ നിങ്ങളോടൊക്കെയായി ഒരു കാര്യം പറയാനുണ്ടായിരുന്നു... അതിലും നന്നായിപറഞ്ഞാൽ എല്ലാവരെയും ഞങ്ങൾ ഒരുക്കുന്ന ചെറിയൊരു വിരുന്നിലേയ്ക്ക് ക്ഷണിക്കാനാണ് ആഗ്രഹിക്കുന്നത്... നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ ഞങ്ങളുടെ വിവാഹക്കാര്യം.... ആരെയും വേണ്ടപോലെ ക്ഷണിക്കാനായില്ല... അതുകൊണ്ട് വരുന്ന തിങ്കളാഴ്ച ഞങ്ങൾ ഒരു ചെറിയ ഫങ്ക്ഷന് നിങ്ങൾക്കായി അറേഞ്ച് ചെയ്തിട്ടുണ്ട്.... എല്ലാവരെയും ഈ അവസരത്തിൽ അതിലേയ്ക്ക് ക്ഷണിക്കുകയാണ്... ലെച്ചുവിനെ ചേർത്തുപിടിച്ചതുപറയുമ്പോൾ നന്ദൻ ചൂളിയിരിക്കുന്ന വർഷയെ നോക്കി പുരികമുയർത്തി............ (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story