Love for Unexpected💜: ഭാഗം 51

love for unexpected

രചന: Ansiya shery

തന്റെ കയ്യിലെ പിടിത്തത്തിന്റെ മുറുക്കം കൂടിയപ്പോഴാണ് ഇച്ചു നിഹയുടെ മുഖത്തേക്ക് നോക്കിയത്. നിറഞ്ഞ കണ്ണുകളോടെ തന്നെ മുന്നോട്ട് നോക്കി നിൽക്കുന്നവളെ കണ്ട് അവനും അങ്ങോട്ട് നോട്ടം പായിച്ചു. അവിടിരിക്കുന്ന നിഹയുടെ ഉപ്പാനെ കണ്ടതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. "കുഞ്ഞീ... നീ കണ്ടില്ലേ ഉപ്പ വന്നത്. എന്നിട്ടെന്താ ഒന്നും മിണ്ടാത്തത്"ഒന്ന് കുനിഞ്ഞു കൊണ്ട് അവളുടെ കാതിനരികിൽ ചെന്ന് അവൻ ചോദിച്ചതും അവൾ ഞെട്ടി അവനെ നോക്കി.കണ്ണുകളിൽ അത്ഭുതം നിറഞ്ഞു. "ഇ.. ഇച്ചു" എന്തോ പറയാൻ തുടങ്ങിയതും അവൻ കയ്യുയർത്തി അത് തടഞ്ഞു. "എല്ലാം നമുക്ക് പിന്നെ പറയാം. ഇപ്പൊ നിന്നെ കാണാനാ ഉപ്പ വന്നിരിക്കുന്നത്" അവളാകെ ഞെട്ടിപ്പോയി.തന്നെക്കാണാനോ എന്തിന്? "വാ"ഇച്ചു അവളുടെ കയ്യിൽ ഒന്നൂടെ മുറുകെ പിടിച്ചു കൊണ്ട് സ്റ്റേജിൽ നിന്നിറങ്ങി നടന്നതും അവന്റെ പിറകെ ഒരു പാവ കണക്കെ നീങ്ങാനേ അവൾക്ക് സാധിച്ചുള്ളൂ. ഉപ്പാക്ക് മുന്നിൽ എത്തിയതും അവൻ അവളെ പിടിച്ച് അയാൾക്കടുത്ത് നിർത്തി. "നിക്കാഹ് കഴിയുന്നതിനു മുന്നേ നിന്നെക്കാണാൻ വാശി പിടിച്ച് നിൽക്കുവായിരുന്നു. അവസാനം ഒരു സർപ്രൈസ് ആയിക്കോട്ടേ എന്ന് പറഞ്ഞപ്പോഴാ ആളൊന്ന് അടങ്ങിയത്"

എന്ന് ഇച്ചു ചിരിയോടെ പറഞ്ഞതും നിഹയുടെ മിഴികളിൽ അത്ഭുതം നിറഞ്ഞു.ഉപ്പയെ നോക്കിയതും അയാളവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. തിരികെ പുഞ്ചിരിക്കാൻ എന്തോ അവൾക്ക് സാധിച്ചിരുന്നില്ല. "നന്നായി വരും"മെല്ലെ കൈകൾ ഉയർത്തി അവളുടെ തലയിൽ തലോടിക്കൊണ്ട് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് അയാൾ തിരിഞ്ഞു നടന്നതും ഇച്ചു നിഹയുടെ കയ്യിൽ ഒന്ന് തോണ്ടി. അവളവനെ എന്തെന്ന നിലക്ക് തല ചെരിച്ചു നോക്കി. "നിനക്ക് ഞാൻ എല്ലാം പിന്നീട് പറഞ്ഞു തരാം. പക്ഷെ ഇപ്പൊ നീ ഉപ്പയോട് പോവരുതെന്ന് ഒന്ന് പറയോ. പ്ലീസ്" അപേക്ഷ സ്വരത്തിൽ അവൻ പറഞ്ഞതും അവൾ ഒന്നും മിണ്ടാതെ നേരെ നോക്കി. "ഉപ്പാ പോവാണോ?കല്യാണം കഴിഞ്ഞിട്ട് പോയാ പോരേ" അത്രയും ചോദിക്കണം എന്ന് കരുതിയത് ആയിരുന്നില്ല. പക്ഷെ അറിയാതെ വായിൽ നിന്നും വീണു പോയി. അയാൾ ഞെട്ടിക്കൊണ്ട് നടത്തം നിർത്തി തിരിഞ്ഞു നോക്കി. ആ കണ്ണുകളിൽ ആശ്ചര്യം നിറഞ്ഞു.അയാളുടെ നോട്ടം ഇച്ചുവിലേക്ക് നീണ്ടതും അവൻ ഒന്ന് കണ്ണ് ചിമ്മിക്കാണിച്ചു. "ഞാ.. ഞാൻ.. പോയിട്ട് തിരക്കുണ്ടായിരുന്നു"

അയാൾ പറഞ്ഞൊപ്പിച്ചതും ഇച്ചു നടന്ന് അടുത്തേക്ക് ചെന്ന് ആ കൈകളിൽ പിടിച്ചു. "ഇന്നൊരു ദിവസത്തേക്ക് ആ തിരക്കൊക്കെ ഒന്ന് മാറ്റി വെച്ച് കൂടെ. സ്വന്തം മോൾ പറഞ്ഞത് കേട്ടൂടേ" അയാളുടെ നോട്ടം നിഹയിലേക്ക് നീണ്ടു. അവളവരെ തന്നെ മാറി മാറി നോക്കി നിൽക്കുക ആയിരുന്നു. "എന്നോടവൾക്ക് ദേഷ്യം ഉണ്ടാകില്ലേ" "ആര് പറഞ്ഞു.ജലീലുപ്പാടെ മോളാ അവൾ. ദേഷ്യമൊന്നും ഉള്ളിൽ വെച്ച് നടക്കാൻ അവൾക്കറിയില്ല.പിന്നെ അവൾക്കിപ്പോഴും ഉപ്പാനെ ഇഷ്ടം തന്നെയാ" "ആഹ് ജലീലേ... ഇച്ചു..നിങ്ങളിവിടെ സംസാരിച്ചോണ്ട് ഇരിക്കുവാ... വാ വന്നേ.. വന്ന് ഭക്ഷണം കഴിക്ക്" പെട്ടെന്നങ്ങോട്ട് വന്ന് ഇച്ചുന്റെ ഉപ്പ പറഞ്ഞു. "ജലീലുപ്പാ. നിങ്ങൾ പോയി കഴിച്ചോ. ഞങ്ങൾ കുറച്ചു കഴിഞ്ഞു വരാം" "ഇനിയെപ്പോഴാടാ?"ഉപ്പ ചോദിച്ചതും അവനൊന്ന് ഇളിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.ഒന്നും മനസ്സിലാകാതെ നിൽക്കുന്ന നിഹയുടെ കൈ പിടിച്ച് മുകളിലേക്ക് നടന്നു. ആരൊക്കെയോ താഴെ നിന്ന് കളിയാക്കുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാൻ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല നിഹ... മുകളിൽ ഒഴിഞ്ഞൊരു മുറി കണ്ടതും അവൻ അവളുടെ കൈ പിടിച്ച് വേഗം അകത്തേക്ക് നടന്നു.

ഡോർ അടച്ച് തിരിഞ്ഞതും നിറഞ്ഞ കണ്ണുകളോടെ നില്കുന്നവളുടെ അടുത്തേക്ക് നടന്നു. "കുഞ്ഞീ...." "എന്താ.. എന്താ ഇതൊക്കെ.. ഞാൻ ഇപ്പോ കണ്ടതിന്റെയൊക്കെ അർത്ഥം എന്താ?ജീവിതത്തിൽ നിന്നും പടിയിറക്കിയ അയാളെ നിങ്ങളാണോ ഇങ്ങോട്ട് കൊണ്ടു വന്നത്"അലറുകയായിരുന്നു അവൾ. "നിഹു... പെണ്ണേ.. ഞാനൊന്ന് പറയട്ടെ"അവളുടെ തോളിൽ ഇരു വശത്തും കൈകൾ വെച്ചു കൊണ്ട് അവൻ പറഞ്ഞതും നിഹ കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു. ഒന്ന് ദീർഘ വിശ്വസിച്ചു കൊണ്ട് അവൻ അവളെ തന്നിൽ നിന്നും അകറ്റി നിർത്തി ആ നിറഞ്ഞ മിഴികൾ തുടച്ചു കൊടുത്തു. "കുഞ്ഞീ" താടയിൽ പിടിച്ച് മുഖം അവൻ നേരെ ഉയർത്തിയതും അവൾ നിറഞ്ഞ മിഴികളോടെ അവനെ നോക്കി. "എന്തിനാ.. എന്തിനാ ഇച്ചു. എല്ലാം മറക്കാൻ ശ്രമിക്കുമ്പോ വീണ്ടും..." ബാക്കി പറയാതെ അവൾ തേങ്ങി. അവനവളെ പിടിച്ച് ബെഡ്‌ഡിലേക്ക് ഇരുത്തിക്കൊണ്ട് അടുത്ത് അവൾക്ക് ഓപ്പോസിറ്റ് ആയി മുട്ട് കുത്തി നിലത്തിരുന്ന് കൊണ്ട് അവളുടെ കൈകളിൽ പിടിച്ചു. "കുഞ്ഞീ..ഞാൻ നിന്നോട് ഒരു കഥ പറയാം. പക്ഷെ അത് കേട്ട് കഴിയുന്ന വരെ നീ ഒന്നും പറയാൻ പാടില്ല"

സംശയത്തോടെ അവൾ തലയാട്ടിയതും അവൻ പറഞ്ഞു തുടങ്ങി. "കുറച്ചു വർഷങ്ങൾക്ക് മുമ്പ്.. ഒരുപ്പയും മോളുമുണ്ടായിരുന്നു.ആ മകളെ പ്രസവിച്ചപ്പോൾ തന്നെ ഉമ്മ മരിച്ചു പോയത് ആ കുഞ്ഞിനെ വളർത്താൻ അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിരുന്നു.മുലപ്പാലിന് വേണ്ടി കരഞ്ഞിരുന്നവളെ ആശ്വസിപ്പിക്കാൻ ആ ഉപ്പ ഏറെ കഷ്ടപ്പെട്ടിരുന്നു.ഭാര്യയുടെ മരണത്തോടെ മരിക്കാൻ ആഗ്രഹിച്ച അയാളെ അതിൽ നിന്നും പിറകോട്ട് കൊണ്ട് വന്നത് ആ മകളുടെ മുഖമായിരുന്നു. വളർന്നു വരും തോറും അവളിൽ ഉണ്ടാകുന്ന മാറ്റത്തെ അയാൾ വാത്സല്യത്തോടെ കണ്ടിരുന്നു. പക്ഷെ, ഒരിക്കൽ മകളെ സ്കൂളിലാക്കി തിരിച്ചു വരും വഴിയാണ് റോഡരികിൽ ചോരയിൽ മുങ്ങി കിടക്കുന്ന ഒരു സ്ത്രീയെ അയാൾ കണ്ടത്.അടുത്ത് തന്നെ കരഞ്ഞു കൊണ്ട് അവരുടെ മകനും നിൽക്കുന്നുണ്ടായിരുന്നു. ആദ്യം ഞെട്ടിയെങ്കിലും പിന്നീട് ബോധം വന്നപ്പോൾ അയാൾ അവരെ പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചു.അവർക്ക് ഒന്നും വരുത്തല്ലേ എന്ന് ഒരുപാട് പ്രാർത്ഥിച്ചു.ദൈവം ആ പ്രാർത്ഥന കേട്ടു. കുഴപ്പം ഒന്നുമില്ലാതെ അവർ തിരികെ വന്നു.

പക്ഷെ ഒരു ആക്സിഡന്റ് കേസ് ആയത് കൊണ്ട് തന്നെ മൊഴി എടുക്കാൻ വന്ന പോലീസിനോട് അവർ പറഞ്ഞത് മറ്റൊന്നായിരുന്നു. തന്റെ ഭർത്താവാണ് അയാളെന്നും തന്നെ ഉപേക്ഷിക്കാൻ വേണ്ടി കൊല്ലാൻ ശ്രമിച്ചതാണ് എന്നുമാണ്. ഒരുപാട് അല്ലെന്ന് പറഞ്ഞെങ്കിലും ഇന്നത്തെ കാലത്ത് ഒരു സ്ത്രീ എന്ത് പറഞ്ഞാലും അത് സത്യമാണോ കള്ളമാണോ എന്ന് പോലും അന്വേഷിക്കാതെ അവർ ആ ഉപ്പയെ അറസ്റ്റ് ചെയ്തു. ഇതൊന്നും അറിയാതെ ഉപ്പയെ കാത്ത് രണ്ട് ദിവസം ആ മകൾ വീട്ടിൽ തനിച്ചു നിന്നു. മൂന്നാം ദിവസം കയറി വന്ന ഉപ്പയെ കണ്ട് അവൾ പൊട്ടിക്കരഞ്ഞു അടുത്തേക്ക് പോയതും പിറകിൽ നിൽക്കുന്ന ആ സ്ത്രീയേയും മകനേയും കണ്ട് ഞെട്ടി നിന്നു. ആരൊക്കയാണ് ഇതെന്ന ചോദ്യത്തിന് നിന്റെ പുതിയ ഉമ്മയാ എന്ന് പറയുമ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം ആയിരുന്നു. പക്ഷെ പോകെപ്പോകെ അവരവളെ ഉപദ്രവിക്കാൻ തുടങ്ങി.ഉപ്പയോട് എല്ലാം പറയുമ്പോഴും തന്നോട് ഒന്നും മിണ്ടാതെ ഉമ്മ പറയുന്നത് അനുസരിക്കണം എന്ന് മാത്രം പറഞ് പോകുന്നത് കണ്ണീരോടെ നോക്കി നിൽക്കാൻ മാത്രമേ അവൾക്ക് സാധിച്ചിരുന്നുള്ളൂ.

ഒരു ദിവസം മനപ്പൂർവം അവളിൽ അയാളോട് വെറുപ്പ് ഉണ്ടാക്കാൻ വേണ്ടി ആ സ്ത്രീ ഒരു നാടകം കളിച്ചു. ഉമ്മയെ കൊന്നതാണെന്നും അതിന് പിറകിൽ അയാൾക്കും പങ്കുണ്ടെന്നും. അന്നത്തോടെ ആ മകൾ ആ ഉപ്പയെ വെറുത്തു.മിണ്ടാതെ നിന്നിരുന്നവൾ ഉപ്പയോടുള്ള വെറുപ്പിനാൽ തന്റേടി ആയി മാറി. പക്ഷെ അവളറിഞ്ഞിരുന്നില്ല.സ്വന്തം മകളുടെ ജീവൻ അവർ വില പറഞ്ഞത് കൊണ്ടാണ് അയാൾ ഇങ്ങനെയൊക്കെ ചെയ്തതെന്ന്..! വർഷങ്ങൾക്ക് ശേഷം അയാൾ ആ മകളെ കാണാൻ വന്നു. സത്യമൊന്നും അറിയിക്കാതെ തന്നെ.നിക്കാഹിൻ കൈ പിടിച്ചു കൊടുത്തും മഹർ ഇടുന്നത് നോക്കിക്കണ്ടും അയാൾ സന്തോഷിച്ചു. ആ മകൾ നീയാണ് നിഹാ... ഉപ്പ ജലീലുപ്പയും...!" ഇച്ചു പറഞ്ഞു നിർത്തിയതും ഞെട്ടലോടെ നിഹ അവനെ നോക്കി. കൈകൾ അവന്റെ കൈകളിൽ മുറുകി. ഹൃദയമിടിപ്പ് അതി വേഗത്തിലായി. വല്ലാത്ത വേദന.. ഉള്ളൊന്നാകെ.. കണ്ണുകൾ നിറഞ് ചുറ്റുമുള്ള കാഴ്ചയെല്ലാം മങ്ങി. തളർന്ന് വീഴാൻ പോയതും ഇച്ചു വേഗം എഴുനേറ്റ് അവളെ താങ്ങി നിർത്തി നെഞ്ചോട് ചേർത്തു. നിഹ തല ഉയർത്തി അവനെ നോക്കി.

"ഞാ... ഞാനറിഞ്ഞില്ലല്ലോ ഒ.. ഒന്നും.. ന്റുപ്പ" തേങ്ങലോടെ അവൾ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തിക്കൊണ്ട് അവനെ ചുറ്റിപ്പിടിച്ചു. ചെറിയ ഏങ്ങൽ പൊട്ടിക്കരച്ചിലേക്ക് വഴി മാറിയതും അവൻ അവളെ ചേർത്ത് പിടിച്ചു. "എനിക്ക്... എനിക്ക് ഉപ്പാനെ കാണണം" 💜💜💜💜 "എനിക്ക് വാരിത്തായോ?" വായിലേക്ക് നീണ്ട കൈ താഴ്ത്തിക്കൊണ്ട് അയാൾ മുഖമുയർത്തി നോക്കിയതും മുന്നിൽ നിൽക്കുന്ന നിഹയെ കണ്ട് ഞെട്ടി. കണ്ണുകൾ നിറഞ്ഞു. "എന്താ നോക്കി നില്കുന്നെ.. എനിക്കൂടെ താ ഉപ്പച്ചി" കുറുമ്പോടെ അടുത്തിരുന്ന കസേര നീക്കി ഇരുന്ന് വാ തുറന്നു കൊണ്ട് അവൾ പറഞ്ഞതും അയാൾ ഞെട്ടലോടെ ചുറ്റുമൊന്ന് നോക്കി. ശേഷം ബിരിയാണി ഉരുളയാക്കി എടുത്തു കൊണ്ട് അവൾക്ക് നേരെ നീട്ടി. അവളത് വാങ്ങി കഴിച്ചതും അയാൾ നിറഞ്ഞ കണ്ണുകൾ തുടച്ചു. നിഹയുടെ കണ്ണുകളും നിറഞ്ഞു. പണ്ടത്തെ ആ ഏഴ് വയസ്സ് കാരി ആയത് പോലെ അവൾക്ക് തോന്നി. ചുറ്റും മുറുമുറുപ്പ് ഉയർന്നെങ്കിലും കാതിലതൊന്നും പതിഞ്ഞിരുന്നില്ല. ഇരുന്നിടത്ത് നിന്നും ഒന്നാഞ്ഞു കൊണ്ട് അവൾ അയാളെ കെട്ടിപ്പിടിച്ചു. "ഉപ്പച്ചി യൂ ആർ ദ ബെസ്റ്റ്" കണ്ണുകൾ നിറഞ്ഞെങ്കിലും വാക്കുകൾ ഇടറിയിരുന്നില്ല.

അടുത്ത് കൈ കെട്ടി നിൽക്കുന്ന ഇച്ചുവിനെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു കാണിച്ചു. കണ്ടു നിന്ന പലരുടേയും കണ്ണുകൾ പോലും നിറഞ്ഞിരുന്നു. 💜💜💜💜 ഭക്ഷണം കഴിച്ചു കഴിഞ്ഞ് കുറച്ചു നേരത്തിൻ ശേഷം ഉപ്പ പോയതും ഞാൻ നിറഞ്ഞ കണ്ണുകൾ തുടച്ചു. എന്തോ ഒരുപാട് നാളുകൾക്ക് ശേഷം മനസ്സൊന്ന് തണുത്ത പോലെ. ഒരുപാട് തെറ്റിദ്ധരിച്ചു പോയി. സ്വന്തം ഉപ്പാടെ മനസ്സ് പോലും മനസ്സിലാക്കാൻ ഉള്ള കഴിവ് എനിക്കില്ലാതായി പോയല്ലോ. ഒന്നുമില്ലെങ്കിലും അത്രയും ദിവസം തന്നെ സ്നേഹിച്ചിരുന്ന ഉപ്പ പെട്ടെന്ന് മാറിയപ്പോൾ അതിന്റെ കാരണം പോലും അന്വേഷിക്കാൻ ഞാൻ തുനിഞ്ഞില്ലല്ലോ.. എല്ലാത്തിനും കാരണം ഇച്ചുവാണ്.പുറമേ വെറുപ്പാണെങ്കിലും ഉള്ളിൽ ഇത് വരെ ഉപ്പാനെ വെറുക്കാൻ ശ്രമിച്ചിട്ടും സാധിച്ചില്ലായിരുന്നില്ല. അത് കൊണ്ട് തന്നെ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്റെ നിക്കാഹിൻ ഉപ്പ കൈ പിടിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന്.. ഞാൻ പറയാതെ തന്നെ ഇച്ചു അത് മനസിലാക്കി. "എന്താണ് പൊണ്ടാട്ടി.. എന്നെയും ഓർത്തിരിപ്പാണോ?" സ്റ്റേജിൽ എന്റെ അടുത്ത് നിന്ന ഇച്ചു ചോദിച്ചതും ഞാൻ ഒന്ന് ചിരിച്ചു. "നിന്നോടെങ്ങനെ നന്ദി..." "നമുക്ക് ഒരു റൊമാന്റിക് പാട്ട് ഇട്ടാലോ"എന്നെ പറയാൻ സമ്മതിക്കാതെ അവൻ ചാടിക്കയറി പറഞ്ഞതും ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story