Love for Unexpected💜: ഭാഗം 59

love for unexpected

രചന: Ansiya shery

 "ഇന്ന് ലീവ് ആയത് കൊണ്ട് അടുത്തുള്ള വീട്ടിലെ കുട്ടികളുടെ കൂടെ കളിക്കാൻ പോയതായിരുന്നു സാറേ... ഇടക്ക് വെച്ച് അവനെ കാണാൻ ഇല്ലാതായി...കൂടെ ഉണ്ടായിരുന്ന കുട്ടികൾ എല്ലാം തിരികെ വന്നപ്പോൾ അവൻ മാത്രം ഇല്ല..എന്റെ കുഞ് എവിടെയാണോ എന്തോ..?" കോൺസ്റ്റബിളിനോടായി പറഞ്ഞു നിർത്തുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. "ശിവേട്ടാ..."തോളിൽ തട്ടി ഇച്ചു വിളിച്ചതും അയാൾ അവനെ നോക്കി... "തിരികെ കൊണ്ട് വരും ഞങ്ങൾ.." അയാളുടെ കൈകളിൽ പിടിച്ച് ഒരുറപ്പോടെ അവനത് പറയുമ്പോൾ മിഴികളിൽ ദേഷ്യം നിറഞ്ഞു നിന്നിരുന്നു... അവരെ ആശ്വസിപ്പിച്ച് അവിടെ നിന്നുമിറങ്ങി ജീപ്പിൽ കയറി... "ഇനി ആ കുട്ടികളുടെ വീട്ടിലോട്ട് വിട്.." "ഓക്കേ സാർ..." ***** "ന്റെ നിഹൂ... നീ ഇങ്ങനെ കരയാതെ.. അവനൊന്നും പറ്റില്ല..." ബെഡ്‌ഡിൽ കമിഴ്ന്നു കിടക്കുന്നവളുടെ തലയിൽ തലോടി ഷാലു പറഞ്ഞതും അവൾ കരച്ചിൽ നിർത്തി എഴുന്നേറ്റിരുന്നു...

"എന്നെപ്പോലെ തന്നെ ആരുമില്ലാത്ത ഒരുവൻ ആണ് ഇത്താ മനു.. ഒന്ന് ജീവിച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.. അപ്പോഴേക്കും ആ ദുഷ്ടൻമാര്... കുറേ നാളൊന്നും ഒപ്പം താമസിച്ചിട്ടില്ലെങ്കിലും ഒരനിയൻ ആയി അവൻ ഉള്ളിൽ കയറിയിരുന്നു.. ആ ഞാനെങ്ങനെയാ ഇത്താ കരയാതിരിക്കാ..?" അവളുടെ ചോദ്യത്തിന് ഷാലുവിന്റെ കയ്യിൽ ഉത്തരമില്ലായിരുന്നു... ശെരിയാണ്.. അധികമൊന്നും തങ്ങളുടെ കൂടെ നിന്നിട്ടില്ലെങ്കിലും ജാനിയേയും മനുവിനേയും സ്വന്തമായി കണ്ടതാണ്... "പടച്ചോനോട് പ്രാർത്ഥിക്ക്.."അത്ര മാത്രം പറഞ്ഞവളുടെ തലയിൽ തഴുകിയിട്ട് ഷാലു എഴുനേറ്റ് പുറത്തേക്ക് പോയി... നിഹയതേ ഇരിപ്പ് തുടർന്നു..പെട്ടെന്ന് ഫോൺ അടിക്കുന്ന ശബ്ദം കേട്ടതും അവൾ ഞെട്ടിക്കൊണ്ട് ടേബിളിലേക്ക് നോക്കി... അവിടിരിക്കുന്ന ഇച്ചുവിന്റെ മൊബൈൽ കണ്ടതും ഒന്ന് സംശയിച്ചു കൊണ്ട് അത് ചെന്നെടുത്തു.. _____ "സാർ...ആ പിള്ളേർ പറയുന്നത് വെച്ച് നോക്കുമ്പോൾ എനിക്ക് തോന്നുന്നത് ആ പള്ളിക്കടുത്തുള്ള ഇടവഴിയിൽ വെച്ചാണ് അവനെ കാണാതായത്..കാരണം ആ സമയം അവരെന്തോ ശബ്ദം കേട്ടെന്ന് പറഞ്ഞിരുന്നില്ലേ...അത് കാര്യമാക്കാത്തത് കൊണ്ട് തിരിഞ്ഞു നോക്കിയില്ല..."

"ആയിരിക്കാം... എന്തായാലും നമുക്കവിടെ ഒന്ന് സെർച്ച്‌ ചെയ്യണം.." "ഓക്കേ സാർ...." പള്ളിക്ക് അടുത്തുള്ള വഴിക്ക് മുന്നിലെത്തിയതും ജീപ്പ് നിർത്തി... ഇച്ചു ഇറങ്ങി ആ ഇടവഴിയിലേക്ക് നടന്നതും പിറകെ വരാൻ തുടങ്ങിയവരെ തടഞ്ഞു.... "ഞാൻ നോക്കി വരാം.."തിരിഞ്ഞു നോക്കാതെ പറഞ്ഞു കൊണ്ടവൻ അങ്ങോട്ട് നടന്നു... ആ വഴി നേരെ അവസാനിക്കുന്നത് പാടത്തേക്കാണ്... ഇച്ചു അവിടെ മുഴുവൻ നോക്കിയെങ്കിലും ഒന്ന് കണ്ടില്ല... അവസാനം നിരാശയോടെ തിരിഞ്ഞു പോരാൻ നേരത്താണ് എവിടുന്നോ ഫോൺ അടിക്കുന്ന ശബ്ദം അവൻ കേട്ടത്... ശബ്ദം കേട്ടിടത്തേക്ക് അവൻ നോക്കിയതും കരിയിലകൾക്കിടയിൽ മറഞ്ഞു കിടക്കുന്ന ഒരു ഫോൺ കണ്ട് അവന്റെ മിഴികൾ വിടർന്നു... ദൃതിയിൽ അത് ചെന്നെടുത്തതും അതിൽ തെളിഞ്ഞ പേര് കണ്ടവന്റെ മുഖം വലിഞ്ഞു മുറുകി... കാൾ അറ്റൻഡ് ചെയ്തവൻ ചെവിയോട് ചേർത്തതും മറു പുറത്ത് നിന്നുമുയർന്ന ശബ്ദത്തിൽ ദേഷ്യത്തെ നിയന്ത്രിച്ചു... "നീ എവിടെ പോയിരിക്കുവാണ് ജാസിം.. ഈ പയ്യൻ ഇവിടെ എന്തൊരു ബഹളമാ..രണ്ട് കൊടുക്കാൻ അറിയാഞ്ഞിട്ടല്ല.. കൊടുത്തിട്ട് എന്തെങ്കിലും പറ്റിയാൽ പിന്നെ നമ്മൾ ചെയ്തതെല്ലാം വെറുതെയാകും എന്നുള്ളത് കൊണ്ട് അടങ്ങി ഇരിക്കുന്നതാ..

എവിടെയാടാ നീ.." "ഞാനിപ്പോ വരാം.. നിഹയെ അന്വേഷിച്ചിറങ്ങിയതാ.. അവൾക്ക് വേണ്ടിയല്ലേ നിന്റെ കൂട്ട് പോലും ഞാൻ തേടിയത്..."ശബ്ദം മാറ്റിക്കൊണ്ട് ഇച്ചു പറഞ്ഞു... "അതിന്റെ ആവശ്യം ഇനി നിനക്കുണ്ടാകില്ല.. ആ പെണ്ണ് താനേ ഇവിടെ എത്തിക്കോളും.." "അതെങ്ങനെ...?"ഇച്ചുവിൽ നിന്നും ഒരലർച്ച ഉയർന്നു പോയി... "അതിനുള്ള വഴി എനിക്കറിയാം.. നീ ഇങ് വേഗം എത്തിയേക്ക്.. പിന്നെ നിന്റെ ശബ്ദത്തിനെന്താ ഒരു വ്യത്യാസം..?" "അത് നിനക്ക് തോന്നുന്നതാ.. ഈ ഫോൺ വിളിക്കുമ്പോഴും നേരിൽ സംസാരിക്കുമ്പോഴും എന്റെ ശബ്ദം വേറെ ആയിരിക്കും.. എന്നാൽ ഞാൻ അങ്ങോട്ട് വരാം.." മറുപടിക്ക് കാക്കാതെ അവൻ കാൾ കട്ട് ചെയ്ത് ദൃതിയിൽ പോക്കറ്റിൽ കയ്യിട്ടു.. തന്റെ മൊബൈൽ അതിലില്ലെന്ന് കണ്ടതും ദേഷ്യത്തിൽ മതിലിൽ ആഞ്ഞിടിച്ചു... "ശെ... അവൻ പറഞ്ഞതിന്റെ പൊരുൾ എന്താണെന്ന് മനസ്സിലാകുന്നകല്ലല്ലോ.. ഇനി അവൾക്കെന്തെങ്കിലും..!!" വെപ്രാളത്തോടെ അവൻ ജീപ്പിനടുത്തേക്ക് നടന്നു...

"എന്താ സാർ എന്ത് പറ്റി..? എന്തെങ്കിലും കിട്ടിയോ..?" "എന്റെ വീട്ടിലോട്ട് വിട്.."ഫ്രണ്ടിൽ കയറി ഇരുന്നവൻ ഉച്ചത്തിൽ പറഞ്ഞതും പിന്നീട് ചോദ്യമൊന്നും ഉയർന്നില്ല... വീടിന് മുന്നിൽ എത്തിയതും ജീപ്പ് നിർത്താൻ പോലും സമയം കൊടുക്കാതെ അവൻ ഇറങ്ങി വീട്ടിലേക്ക് ഓടി.... ബെല്ലിൽ തുരു തുരാ അടിച്ചു കൊണ്ടവൻ വെപ്രാളത്തോടെ ചുറ്റും നോക്കി... ഡോർ തുറന്നു തന്ന ഷാലുവിനെ കണ്ടിട്ടും ഒന്നും പറയാതെ അവൻ അകത്തേക്ക് ഓടിയത് കണ്ട് അവൾ പകച്ചു നിന്നു.... മുറിയുടെ ഡോർ തുറന്ന് അകത്തേക്ക് കയറിയതും പുറത്തേക്ക് വന്ന നിഹയുമായി കൂട്ടി ഇടിച്ചു... ബാലൻസ് ചെയ്ത് നിന്ന് കൊണ്ട് അവൻ അവളെ നോക്കി ആശ്വാസത്തോടെ നെടുവീർപ്പിട്ടു... നെറ്റിയിൽ പൊടിഞ്ഞ വിയർപ്പിനെ തുടച്ചു മാറ്റി പുഞ്ചിരിച്ചതും അവളുടെ കയ്യിലെന്തോ മുഷ്ടി ചുരുട്ടി പിടിച്ചിരിക്കുന്നത് കണ്ട് നെറ്റി ചുളിഞ്ഞു... "നിന്റെ കയ്യിലെന്താ..?കാണിച്ചേ.." അവനെ അവിടെ കണ്ട വെപ്രാളത്തിൽ നിൽക്കുക ആയിരുന്ന നിഹ അവന്റെ ചോദ്യം കേട്ട് ഞെട്ടി പതറി...

"അ... അത് ഒന്നുമില്ല..."ഷാളിനുള്ളിലേക്ക് മറച്ചു വെച്ച് പതർച്ചയോടെ പറഞ് പുറത്തേക്ക് പോവാൻ ഒരുങ്ങിയതും പിറകിൽ നിന്നും അവൻ പിടിച്ചു വലിച്ചു... ആ വലിയിൽ കയ്യിലിരുന്ന സാധനം നിലത്തേക്ക് വീണതും രണ്ട് പേരും ഒരുപോലെ ഞെട്ടി... "ബ്ലൈഡ്...." ഇച്ചുവിന്റെ അധരങ്ങൾ മൊഴിഞ്ഞതും ഉള്ളിലൊരു ഞെട്ടൽ ഉയർന്നു... അതേ ഞെട്ടലോടെ അവളെ നോക്കിയതും പതർച്ചയോടെ നില്കുന്നത് കണ്ട് ഒരലർച്ച ആയിരുന്നു... "എന്താടീ ഇത്...?" "പറയാൻ സമയം ഇല്ല ഇച്ചു..." പെട്ടെന്നെന്തോ ഓർത്ത പോലെ പറഞ്ഞവൾ നിലത്തു കിടന്ന ബ്ലേഡ് എടുത്ത് പുറത്തേക്ക് ഓടിയതും ഞെട്ടി നിന്ന ഇച്ചു അവൾക്ക് പിറകെ പാഞ്ഞു...

"ഇക്കാ... അവളെ പിടി..." ഹാളിൽ ഇരിക്കുവായിരുന്ന പാച്ചുവിനോടായി സ്റ്റയർ ഇറങ്ങിക്കൊണ്ട് ഇച്ചു അലറി... അവന്റെ അലർച്ച കേട്ടതും കാര്യം അറിയില്ലെങ്കിലും അവൻ വേഗം ഓടി പുറത്തെ ഡോർ അടച്ചു.... "പാച്ചുക്കാ മാർ പ്ലീസ്.. എനിക്ക് പോണം.." കെഞ്ചിക്കൊണ്ട് അവൾ അവനെ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അവൻ മാറിയില്ല... നോട്ടം മുഴുവൻ പിറകെ പാഞ്ഞു വരുന്ന ഇച്ചുവിലായിരുന്നു... ഇനി രക്ഷ ഇല്ലെന്ന് മനസ്സിലായതും നിഹ തിരിഞ്ഞ് അടുക്കളയിലേക്ക് പാഞ്ഞു... പക്ഷെ അതിന് മുന്നേ ഇച്ചു അവളുടെ അരയിലൂടെ കയ്യിട്ട് എടുത്തുയർത്തിയിരുന്നു... "ഇച്ചൂ.. വിട്.. പ്ലീസ്.. നിനക്ക് തമാശ കളിക്കാൻ ഉള്ള സമയം അല്ല ഇത്.." "നിനക്കും തമാശ കളിക്കാൻ ഉള്ള സമയം അല്ല ഇത്.."തറപ്പിച്ചു പറഞ്ഞവൻ അവളെയും എടുത്ത് സ്റ്റെയർ കയറി പോയതും പാച്ചു തറഞ്ഞു നിന്നു..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story