Love Me Like You Do ❤️: ഭാഗം 1

Love Me Like You Do

രചന: ആദിത്യൻ മേനോൻ

ചെകിടടിച്ചുപോകുന്ന അവസാനത്തെ അടിയിലവൾ അവന്റെ കാൽക്കലേക്ക് പിടഞ്ഞു വീണു. വലത്തേ ചെവിയിൽ നിന്നും ചോരപൊട്ടി കവിളിലൂടെയൊലിച്ച് ചുണ്ടിൻതുമ്പിലൂടെ നിലത്തേക്കിറ്റി. "ഇനി മേലിൽ എനിക്ക് കഴിക്കാൻ പറ്റാത്തത് ഇവിടെ വെച്ചുണ്ടാക്കരുത്. കേട്ടോടീ.?" മുടിക്കുത്തിൽ പിടിച്ചു താഴ്ത്തിക്കൊണ്ടവളുടെ മുഖം തനിക്ക് നേരെയായി മുകളിലേക്ക് ഉയർത്തിപ്പിടിച്ചുകൊണ്ടവൻ അലറി. അവനിൽ നിന്നും വന്ന മദ്യത്തിന്റെ കടുത്ത ഗന്ധം മൂലം അവൾക്ക് തലകറങ്ങുന്നതുപോലെ തോന്നി. "ഇവിടെ നോക്കെടീ. ഞാനാ നിനക്ക് തിന്നാൻ തരുന്നത്. അപ്പൊ എന്റെ ഇഷ്ടത്തിനൊത്ത് ജീവിക്കാനും പഠിക്കണം. എണീറ്റ് പോ. പോയി മനുഷ്യന് തിന്നാൻ പറ്റുന്ന എന്തേലും ഉണ്ടാക്കിക്കൊണ്ട് വാ." അവന്റെ ബലിഷ്ഠമായ കൈകളിൽ നിന്നും സ്വതന്ത്രയായപ്പോൾ അവൾ പതുക്കെ എണീറ്റു.

കണ്മുന്നിലായി തനിക്ക് ചുറ്റിനുമുള്ള ലോകം കലങ്ങിമറിയുന്നതായി തോന്നി. വേച്ചുവേച്ച് അടുക്കളയിലേക്ക് നടന്നെത്തി. മുഖത്ത് പടർന്ന ചോരയും കണ്ണീരും കഴുകിയൊപ്പി. അസഹ്യമായ വേദനയും കണ്ണീരും കൊണ്ട് മുഖം വീർത്തു വന്നു. എന്തുചെയ്യണമെന്നറിയാതെ അടുക്കളത്തിണ്ണയിൽ കൈകുത്തി നിന്നുകൊണ്ടവൾ പതുക്കെ കരഞ്ഞു. "ഇത്രയൊക്കെ പറഞ്ഞിട്ടും നിക്കണ നിൽപ്പ് കണ്ടില്ലേ. വെറുതെയല്ലടി നിന്റെ പെഴച്ച തള്ള നിന്നെ ഇട്ടിട്ടു പോയത്." പിന്നാലെ വന്നുകൊണ്ടവൻ തലയ്ക്കു പിന്നിലായി നല്ലൊരു വീക്ക് വെച്ചു കൊടുത്തു. "ഇനിയെനിക്ക് നിന്റെ ഭക്ഷണം വേണ്ടെടീ പുല്ലേ..." ദേഷ്യം തീരാതെ അടുക്കളവാതിലിന് ആഞ്ഞൊരു ചവിട്ട് ചവിട്ടിയ ശേഷം ബൈക്കിന്റെ കീയുമെടുത്ത് അവൻ ഉമ്മറം ലക്ഷ്യമാക്കി നടന്നു. "പോവല്ലേ സിദ്ധേട്ടാ.. ഈ പാതിരാത്രീല് ഇനിയെങ്ങോട്ടും പോവണ്ടാ.."

അവളവന്റെ മുന്നിലേക്ക് ഓടിച്ചെന്നു നിന്നു. "വഴീന്ന് മാറെടീ..." പൂ പറിക്കുന്ന ലാഘവത്തോടെ അവനവളെ തള്ളിവീഴ്ത്തി. വീണിടത്തുനിന്നും ശ്രമപ്പെട്ട് ചാടിയെഴുന്നേറ്റുകൊണ്ട് വീണ്ടും അവളവന്റെ പിന്നാലെയോടി. "സിദ്ധേട്ടാ.. പ്ലീസ് സിദ്ധേട്ടാ.. പോവല്ലേ... എനിക്ക് ഒറ്റക്കിവിടെ പേടിയാ സിദ്ധേട്ടാ..." ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പോകാനൊരുങ്ങി നിന്നവന്റെ കയ്യിൽ പിടിച്ചുകൊണ്ടവൾ കെഞ്ചി. യാതൊരു കരുണയും അവശേഷിക്കാത്ത ആ മുഖം പുച്ഛത്തോടെ അവളെ നോക്കി. "നീ പേടിക്കണം. എന്നാലേ നീ പഠിക്കൂ.." അവളുടെ പിൻവിളികളെയും കരച്ചിലിനെയും വകവെക്കാതെ അവൻ വലിയ ശബ്ദത്തിൽ വണ്ടി പായിച്ചു പോയി. "പോവല്ലേ സിദ്ധേട്ടാ...."

അവൻ പോകുന്നത് നോക്കി തൊണ്ടപൊട്ടുന്ന ഉച്ചത്തിലവൾ കരഞ്ഞു വിളിച്ചു. ഇരുട്ടിന്റെ ഏതോ ഒരു കോണിലേക്ക് അയാളുടെ ബൈക്ക് പോയിമറയുന്നതവൾ വേദനയോടെ നോക്കി നിന്നു. അവന്റെ ബൈക്ക് കാഴ്ചയിൽ നിന്നും മറഞ്ഞതും ചുറ്റിനുമവൾ പേടിയോടെ നോക്കി. വിശാലമായി കിടക്കുന്ന പറമ്പിനെയാകെ ഇരുട്ട് വിഴുങ്ങിയിരിക്കുകയാണ്. ചീവീടുകളുടെ ചിലക്കുന്ന ശബ്ദവും രാത്രിയുടെ നിശബ്ദതയും അവളുടെ കാതുകളിൽ ഇരച്ചുകയറി. ഭയത്തോടെയവൾ വീടിനകത്തേക്ക് ഓടിക്കയറി. വെപ്രാളത്തോടെ വാതിലടച്ചു കുറ്റിയിട്ടു. കതകിൽ ചാരിനിന്നുകൊണ്ട് നിലത്തേക്ക് ഊർന്ന് വീണു. മുട്ടിൽ തലവച്ച് ഉറക്കെയുറക്കെ കരഞ്ഞു. അവളുടെ പ്രഹരമേറ്റ കവിൾ അന്നേരം കടന്നൽ കുത്തിയതുപോലെ വീങ്ങിയിട്ടുണ്ടായിരുന്നു. കരഞ്ഞുകരഞ്ഞ് എപ്പഴോ അറിയാതൊന്ന് മയങ്ങിപ്പോയി. പിന്നീട് കണ്ണുതുറക്കുമ്പോ വീടിനകത്തൊരു തരി വെളിച്ചം പോലുമുണ്ടായിരുന്നില്ല. ഒറ്റ നിമിഷം കൊണ്ടവളുടെ ഹൃദയമിടിപ്പ് വർധിച്ചു വന്നു.

വെപ്രാളത്തോടെയവൾ ലൈറ്റിന്റെ സ്വിച്ചിനായി തിരഞ്ഞു. തിരച്ചിലിനിടയിൽ മേശയിൽ വച്ചിരുന്ന എന്തൊക്കെയോ തട്ടി നിലത്തേക്ക് വീണു. ഒരുവിധം സ്വിച്ച്ബോഡിനരികിലെത്തി. കയ്യമർത്തി നോക്കിയപ്പോൾ സ്വിച്ചുകൾ എല്ലാം ഓണാണ്. അവൾക്കുള്ളിലൂടെയൊരു മിന്നല് പറഞ്ഞുപോയി. തിടുക്കത്തിൽ ഉമ്മറം ലക്ഷ്യമാക്കി ഓടിക്കൊണ്ട് വാതിൽ തള്ളിത്തുറന്നു. മുറ്റത്താകെ ഇരുട്ട്. ഒരു സൂചിമുനയോളമുള്ള വെളിച്ചം പോലും എവിടെയുമില്ല. പേടികൊണ്ട് ദേഹമാകെ വിറച്ചു. കരച്ചിലിന് ശബ്‌ദം കൂടി വന്നു. കരഞ്ഞുകൊണ്ട് പറമ്പിലൂടെ ഇറങ്ങിയോടി റോഡിലേക്കെത്തി. റോഡിന്റെ ശൂന്യത ഇരുട്ടിനെ കൂടുതൽ ഭയമുള്ളതാക്കി. നിർത്താതെ ഓടിത്തുടങ്ങിയപ്പോൾ മുന്നിലായി നിർത്തിയിട്ട ഒരു ബുള്ളറ്റിന്റെ ലൈറ്റ് പതിയെ തെളിഞ്ഞു വന്നത് കണ്ട് അവളൊന്നു നിന്നു. ബുള്ളറ്റിൽ ഇരിക്കുന്ന മനുഷ്യനെ അവ്യക്തമായി അവൾക്ക് കാണാമായിരുന്നു.

അവൾക്കുവേണ്ടിയെന്നതുപോലെ അയാൾ വണ്ടി സ്റ്റാർട്ട്‌ ചെയ്തു. കണ്ണീർ തുടച്ചുമാറ്റിക്കൊണ്ട് പേടിയോടെ അവൾ അയാളെ നോക്കാതെ കടന്നു പോയി. അയാൾക്ക് മുന്നിലായി എത്തിയപ്പോൾ പിന്നിൽ നിന്നും അയാളുടെ ബുള്ളറ്റിന്റെ ആക്സിലറേറ്റർ ശബ്‌ദം വർദ്ധിച്ചുവന്നു. അവൾ പേടിച്ചു വിയർത്തൊലിക്കാൻ തുടങ്ങി. കാൽപ്പാതങ്ങൾ ഒന്നും നിലത്ത് ഉറക്കാത്തതുപോലെ. തെന്നി വീഴാൻ തുടങ്ങുന്നത് പോലെ.. കൂടിക്കൂടി വന്ന ആക്സിലറേറ്റർ ശബ്‌ദത്തിൽ ഭയന്ന് അവൾ മുന്നോട്ട് ഓടാൻ തുടങ്ങി. അപ്പോഴതാ പിന്നാലെ ആ ശബ്ദവും തന്നെ പിന്തുടർന്നു വരുന്നത് പോലെ. നിർത്താതെയുള്ള ഓട്ടത്തിനിടെ തിരിഞ്ഞു നോക്കിയപ്പോൾ ആ ബുള്ളറ്റ് തനിക്ക് നേരെ വന്നടുക്കുന്നത് കണ്ടു. ഓട്ടത്തിന്റെ വേഗത കൂടി. കരച്ചിലിന് ശബ്‌ദം കൂടി വന്നു. കഴിയാവുന്നത്ര വേഗതയിൽ പിടഞ്ഞോടി.. ഓടിയോടി നേരെ അനുവേച്ചിയുടെ വീടിനു മുന്നിലെത്തി. മുറ്റത്ത് അനുവേച്ചി മാതംഗിയെ മടിയിലിരുത്തി ആകാശത്തേക്ക് നോക്കിയിരിക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി. ദൂരെ റോഡിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ആ ബുള്ളറ്റ് വേഗതയോടെ തന്നെയും കടന്ന് മുന്നിലേക്ക് പോയി.

"കറന്റ് പോയപ്പോ ഞാൻ മാതൂനോട്‌ പറയുവായിരുന്നു. നീയവിടെ ഒറ്റക്കായിരിക്കും ഒന്ന് അവിടം വരെ പോയി നോക്കാം ന്ന്.. നേരത്തേ അവൻ ബൈക്കുമെടുത്ത് പോണത് കണ്ടായിരുന്നേ.." അവളെ കണ്ടതും അനുവേച്ചി പറഞ്ഞു. "കൊറച്ച് വെള്ളം തരുവോ അനുവേച്ചീ.." കിതപ്പോടെയവൾ പറഞ്ഞപ്പോൾ ഇരിക്കാൻ പറഞ്ഞുകൊണ്ട് അനുവേച്ചി വെള്ളമെടുക്കുവാൻ അകത്തേക്ക് കയറിപ്പോയി. മാതു മോളുടെ അടുത്ത് പോയിരുന്ന് അവളെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചപ്പോളാണ് അവൾക്ക് ശ്വാസം തിരിച്ചു കിട്ടിയത് പോലെ തോന്നിയത്. അനുവേച്ചി ഗ്ലാസിൽ വെള്ളവുമായി വന്നപ്പോൾ ആക്രാന്തത്തോടെ അവളത് വാങ്ങി കുടിക്കുവാൻ തുടങ്ങി.. "അമ്മുചേച്ചിനെ ഇന്നും സിദ്ധു അങ്കിൽ അദിച്ചോ?" കുഞ്ഞി മാതംഗിയുടെ ചോദ്യത്തിന് മറുപടിയായി അവൾ ഇല്ലെന്ന് തലയിട്ടിക്കൊണ്ട് പുഞ്ചിരിക്കാൻ ശ്രമിച്ചു. "അവന്റെ അലർച്ച ഇവിടം വരെ കേട്ടിരുന്നു.. അവൻ പിണങ്ങിപ്പോയതാവും ല്ലേ..?" അനുവേച്ചി അടുത്തായി വന്നിരുന്നുകൊണ്ട് പറഞ്ഞു.

"സിദ്ധേട്ടൻ പോയപ്പോ ഞാനൊന്ന് മയങ്ങിപ്പോയി അനുവേച്ചീ.. കണ്ണ് തുറന്നപ്പോ കറന്റില്ല. അപ്പൊ തന്നെ ഓടിപ്പിടിച്ച് ഇങ്ങോട്ട് വന്നതാ. കതക് പോലും അടച്ചിട്ടില്ല.." "ഇന്നെന്തായിരുന്നു പ്രശ്നം..?" അനുവേച്ചി മാതുവിനെ മടിയിൽ ഇരുത്തിയിട്ട് ചോദിച്ചു. ആ ചോദ്യത്തിന്റെ മൂർച്ചയേറ്റ് ഉള്ളിലെവിടെയോ ഒരു മുറിവുണ്ടായി. കണ്ണീരിന്റെ കനം കൊണ്ട് തല താണു പോയി. "കറിവെക്കാൻ മീനൊന്നും കിട്ടാഞ്ഞപ്പോ ഞാൻ പച്ചക്കറി വച്ചു. മീനോ ഇറച്ചിയോ ഇല്ലാതെ പുള്ളിക്കാരൻ ഭക്ഷണം കഴിക്കില്ലല്ലോ. മീനൊന്നും കിട്ടീലാന്നും വരുമ്പോ കൊണ്ടോരണം ന്നും ഞാൻ ഒത്തിരി തവണ സിദ്ധേട്ടനെ ഫോൺ ചെയ്ത് ഓർമ്മിപ്പിച്ചതാ. കുടിച്ച് ബോധം പോയി വരുന്ന പുള്ളിക്കാരൻ അതെങ്ങനെ ഓർക്കാനാണ്. കഴിക്കാനിരുന്നപ്പോ പച്ചക്കറി കണ്ടിട്ട് അതിന്റെ മുഖം ചുളിഞ്ഞു. ചട്ടിയും ചോറുമെല്ലാം എറിഞ്ഞു പൊട്ടിച്ചു.." അത്രയും പറഞ്ഞു നിർത്തി.

പിന്നീട് എന്തൊക്കെ നടന്നുകാണുമെന്ന് അനുവേച്ചിക്ക് ഇവിടുന്ന് തന്നെ കേൾക്കാമെന്ന് അവൾക്കറിയാമായിരുന്നു. "ആർക്കുവേണ്ടിയാ നീയീ സഹിക്കണേ?" അനുവേച്ചി ചോദിച്ചു. മുഖത്ത് നോക്കാനാവാതെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് തലതാഴ്ത്തി. ചിരിക്കാൻ ശ്രമിച്ചപ്പോൾ കവിൾത്തടത്തിലേറ്റ പ്രഹരം കൊണ്ട് മുഖം വേദനിച്ചു.. "ഈ പ്രശ്നം ഒക്കെ കുടിക്കുന്ന നേരത്ത് മാത്രേ ഉള്ളു അനുവേച്ചീ..." വേദന മറച്ചുവെച്ച് ചുണ്ടുകൾ വിടർത്തിക്കാട്ടി. "അടികിട്ടിക്കിട്ടി ചത്തു പോവുമെടീ നീ.." അനുവേച്ചി മടുപ്പോടെ പറഞ്ഞു. "അതിന് സിദ്ധേട്ടൻ ശെരിക്കും ഒരു പാവാ അനുവേച്ചീ. ഈ കാണിക്കുന്നതൊന്നും രാവിലെ ഓർമ്മ ണ്ടാവില്ല്യാന്നേ. കാലത്ത് എന്റെ മേലെന്തേലും പോറല് കണ്ടാ സിദ്ധേട്ടന് എന്നേക്കാൾ നോവും. കൊറേ കൊറേ സോറി പറയും.. സിദ്ധേട്ടന് ഞാനില്ലാതെ ഒട്ടും പറ്റില്ല്യ. ഞാൻ മാത്രേള്ളൂ.." "അതുകൊണ്ട് നിന്നെയിങ്ങനെ ഉപദ്രവിക്കാം ന്നാണോ പെണ്ണെ.." മറുപടി പറയാതെ നിശബ്ദയായി നിന്നു. ഈ സംഭാഷണം ഇത് ആദ്യത്തേതൊന്നുമല്ലല്ലോ..

"നീ വല്ലതും കഴിച്ചോ എന്നിട്ട്...?" "ഇല്ല.. ഉണ്ടാക്കി വച്ചതൊക്കെ സിദ്ധേട്ടൻ തട്ടി താഴെയിട്ടില്ലേ.." "എന്നാ നീ അകത്തേക്ക് വാ. ചോറിരിപ്പുണ്ട്.." "ഏയ്‌ വേണ്ട അനുവേച്ചിയേ.. സിദ്ധേട്ടൻ തിരിച്ചു വരുമ്പഴേക്ക് സ്വഭാവമൊക്കെ ശരിയായിട്ടുണ്ടാവും. കഴിക്കാൻ എനിക്കെന്തേലും കൊണ്ടുവരും." പറഞ്ഞു തീരുമ്പഴേക്ക് കറന്റ് വന്നു. അപ്പോഴാണ് അവളുടെ പാതിചത്ത മുഖം അനുവേച്ചി ശ്രദ്ധിച്ചു കാണുന്നത്. "നിന്റെ സിദ്ധേട്ടൻ നിന്റെ കരണത്ത് നന്നായി സ്നേഹിച്ച പാടുണ്ടല്ലോഡീ..." കണ്ണീർ തിങ്ങിയ അവളുടെ മുഖം കാണാതിരിക്കുവാൻ ഇതും പറഞ്ഞ് അനുവേച്ചി എഴുന്നേറ്റ് അകത്തേക്ക് പോയി. മാതംഗിയെ തോളിൽ കിടത്തിക്കൊണ്ട് അകത്തേക്ക് കേറിച്ചെന്നു നോക്കിയപ്പോൾ അനുവേച്ചി അടുക്കളയിലെ വേസ്റ്റെടുത്ത് തൊടിയിൽ കൊണ്ടിട്ടിട്ടു വരുകയായിരുന്നു. "അനുവേച്ചിക്ക് ഒറ്റക്കിവിടെ താമസിക്കാൻ പേടിയൊന്നുമില്ലേ?"

"പേടിയോ.. അഞ്ചു വർഷം ഒരു മൃഗത്തിന്റെ കൂടെ കഴിഞ്ഞവളാണ് ഞാൻ. മാതൂനെ വയറ്റിലുണ്ടാവുമ്പോ പോലും അയാളെന്നെ ഉപദ്രവിക്കാതിരുന്നിട്ടില്ല. ഒടുക്കം ഒരു ദിവസം വയറ്റിലൊരു ജീവനുള്ള കാര്യം പോലും പരിഗണിക്കാതെ അയാളെന്നെ....." അനുവേച്ചി പറഞ്ഞു പൂർത്തിയാക്കാതെ നിശബ്ദയായി. കേട്ടുനിൽക്കവേ അവളുടെ ഉടലാകെ തരിച്ചുപോയി.. അപ്പോൾ അനുവേച്ചി തുടർന്നു. "അന്ന് ഞാൻ എടുത്ത ഒരു തീരുമാനമുണ്ട്. ആ ഒരു തീരുമാനം കൊണ്ടാണ് ഞാനുമെന്റെ കുഞ്ഞും ഇന്നിവിടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നത്. സഹിച്ചു സഹിച്ചു ക്ഷമയുടെ നെല്ലിപ്പലക കണ്ടാൽ പിന്നെ കിട്ടുന്നൊരു ധൈര്യമുണ്ട്. അതെല്ലാ പെണ്ണിലുമുണ്ട്. അതുകൊണ്ട് തന്നെ ഈ ലോകത്തുള്ള ഒന്നിനെയും എനിക്കൊരു പേടിയുമില്ല..." അനുവേച്ചി പറഞ്ഞു നിർത്തി. എന്ത് പറയണമെന്നറിയാതെ അവൾ കുഴങ്ങി. മാതു അപ്പോഴേക്കും അവളുടെ തോളിൽ കിടന്ന് ഉറങ്ങിത്തുടങ്ങിയിരുന്നു. ❤️‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

"ഡിവോഴ്സ് ഒരിക്കലുമൊരു മോശം കാര്യമല്ല അമ്മൂ. ചിലപ്പോഴൊക്കെ നമ്മള് ജീവിതത്തിൽ എടുക്കുന്ന ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്ന് അതായേക്കും. കാരണം ആ തീരുമാനമുണ്ടാവുന്നത് സമാധാനമാഗ്രഹിക്കുന്ന ഒരാളുടെ മനസ്സിൽ നിന്നാണ്. സ്വയം സമാധാനമുണ്ടാക്കിയെടുക്കുക എന്നത് ചെറിയൊരു കാര്യമല്ല.." ഹാളിലിരുന്നു ടീവി കാണുന്നതിനിടെ പെട്ടെന്ന് അനുവേച്ചി പറഞ്ഞു. അനുവേച്ചിയുടെ മനസ്സിപ്പോഴും നേരത്തെയുള്ള ആ സംഭാഷണത്തിലാണെന്ന് അവൾക്ക് മനസ്സിലായി. മാതു അനുവേച്ചിയുടെ മടിയിൽ കിടന്ന് നല്ല ഉറക്കമാണ്. അന്നേരം പുറത്തൊരു ബൈക്കിന്റെ ശബ്‌ദം കേട്ട് അവൾ ചാടിയെഴുന്നേറ്റു. "സിദ്ധേട്ടൻ വരുന്നുണ്ട്. ഞാൻ പോട്ടെ എന്നാൽ.."

അതും പറഞ്ഞുകൊണ്ടവൾ ഉമ്മറത്തേക്കോടി. കുറച്ചകലെ നിന്നും സിദ്ധാർഥന്റെ ബൈക്കിന്റെ വെളിച്ചം റോഡിലൂടെ നീങ്ങിവരുന്നത് കണ്ടവൾ ചിരിച്ചു. മുന്നോട്ട് നീങ്ങിയടുത്ത സിദ്ധാർഥൻ തന്നെ ശ്രദ്ധിക്കാതെ വളവ് വളഞ്ഞുകൊണ്ട് വീട്ടിലേക്ക് പോകുന്നത് കണ്ടിട്ടും തെല്ലും പരിഭവങ്ങളില്ലാതെ അവളവന്റെ ബൈക്കിന് പിന്നാലെയോടി.. "സിദ്ധേട്ടാ... നിക്ക്..." "സിദ്ധേട്ടാ....." അവൾക്ക് ഓടിയടുക്കാനാവാത്ത വിധം അവന്റെ ബൈക്കിന്റെ വേഗതയേറി. അവളെ കാക്കാതെ വേഗതയോടെ അവന്റെ ബൈക്ക് മിന്നിമറഞ്ഞു. അവൾക്ക് ചുറ്റിനും വീണ്ടും ഇരുട്ടു പൊതിഞ്ഞു വന്നു. പെട്ടെന്ന് പിന്നിൽ കുറച്ചകലത്തിൽ നിന്നും ആ ബുള്ളറ്റിന്റെ ഭീകരശബ്‌ദം അവളുടെ കാതിൽ മുഴങ്ങിത്തുടങ്ങി. തിരിഞ്ഞുനോക്കാതെ പരമാവധി വേഗത്തിലവൾ ഓടിക്കൊണ്ടേയിരുന്നു. പിന്നിലായി വന്ന ആ ബുള്ളറ്റിന്റെ വെളിച്ചം അവളുടെ മുന്നിലാകെ പരന്നു.

റോഡിൽ നിന്നും വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയപ്പോൾ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തോടെയവൾ ശ്വാസമൊന്ന് നേരെയാക്കി. തിരിഞ്ഞു നോക്കിയപ്പോൾ ആ ബുള്ളറ്റ് കുറച്ചകലേക്ക് ചെന്നെത്തിയിരുന്നു. പുറത്ത് ബൈക്ക് നിർത്തിയിട്ട് സിദ്ധാർഥൻ നേരത്തെ തന്നെ അകത്തേക്ക് കയറിയിട്ടുണ്ട്. "സിദ്ധേട്ടാ.. എനിക്കെന്താ കൊണ്ടുവന്നത്...?" വീട്ടിലേക്ക് കയറിക്കൊണ്ട് പതുക്കെ അവനെ തിരഞ്ഞു. മുറിയിലെത്തി നോക്കിയപ്പോൾ കട്ടിലിൽ മലർന്നുകിടന്നുറങ്ങുന്നതാണ് കണ്ടത്. നിശബ്ദതയോടെ അരികിലായി ചെന്നുകിടന്ന് അവന്റെ കൈകളിൽ സ്നേഹത്തോടെ ചുംബിച്ചു. അവന്റെ കൈകളിലന്നേരം ബിരിയാണിയുടെ മണമുണ്ടായിരുന്നു.. (തുടരും..)

Share this story