Love Me Like You Do ❤️: ഭാഗം 10

Love Me Like You Do

രചന: ആദിത്യൻ മേനോൻ

"ഇത് ആ പയ്യൻ ഉപദ്രവിച്ചതിന്റെ പാടാണോ?" സിദ്ധാർഥൻ പിടിച്ചു ഞെരുക്കിയ കയ്യിൽ വാസുകിയമ്മ പതുക്കെ തലോടി. ഹാളിലെ സോഫയിൽ ആ അമ്മയുടെ സ്നേഹം കൗതുകത്തോടെ നോക്കിക്കൊണ്ട് അവളിരുന്നു. "ആ വീട്ടിൽ കെടന്ന് നരകിക്കാതെ വേഗം ഇങ്ങോട്ട് പോരാനൊന്നു മനസ്സുവച്ചാൽ പോരെ...?" പാർഥിപന്റെ ചോദ്യം കേട്ട് തിരിഞ്ഞു നോക്കി. മുകളിലത്തെ നിലയിൽ നിന്നും അയാൾ താഴേക്ക് പതുക്കെ ഇറങ്ങി വരുന്നുണ്ടായിരുന്നു. "ഓ.. നീ മിണ്ടാതിരിയെടാ ചെറുക്കാ. ഇറങ്ങിപ്പോരണമെന്ന് എന്റെ മകൾക്ക് എപ്പോ പൂർണ്ണമായും ബോധ്യമാവുന്നോ അപ്പൊ അവളത് ചെയ്തോളും." വാസുകിയമ്മ അവളുടെ താടിത്തുമ്പത്ത് സ്നേഹത്തോടെയൊന്നു പിച്ചി. സ്വതസിദ്ധമായ ചിരിയോടെ പാർഥിപൻ അവർക്കരികിലായി വന്നിരുന്നു. "ഭർത്താവിനെ വിട്ട് ഇറങ്ങിപ്പോരുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള ജോലിയൊന്നുമല്ല. അങ്ങനെയൊരു പെണ്ണിറങ്ങി വരുന്നുണ്ടെങ്കിൽ അവളൊരു കുന്നോളം സഹിച്ചിട്ടുണ്ടാവും. ക്ഷമിച്ചിട്ടുണ്ടാവും.

സഹിച്ച് സഹിച്ച് മുറിഞ്ഞ് മുറിഞ്ഞാണ് അവസാനം അയാളെയിനി എനിക്ക് വേണ്ടാ എന്ന തീരുമാനത്തിലേക്ക് ഓരോ പെണ്ണുമെത്തുന്നത്. ആ ഒരവസ്ഥയിൽ എത്തുന്നത് വരെ അവളാ ബന്ധത്തെ കാക്കാൻ ശ്രമിക്കും. ഇവിടുത്തെ പെണ്ണുങ്ങളെങ്ങനെയാ..." വാസുകിയമ്മ തന്റെ കെട്ടകാലത്തെ ഓർത്തുകൊണ്ട് പറഞ്ഞു. "പക്ഷെ ഒരാളെയും സഹിക്കേണ്ട ഒരു ബാധ്യതയും ആർക്കുമില്ലെന്ന് പെണ്ണുങ്ങളെ പറഞ്ഞു മനസ്സിലാക്കിക്കുകയാണ് വേണ്ടത്. ആണിനെ പോലെത്തന്നെ അവകാശവും സ്വാതന്ത്ര്യവും ഇഷ്ടങ്ങളുമെല്ലാം അവർക്കും ഉണ്ടെന്ന് മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടത്..." പാർഥിപൻ പറഞ്ഞു. "അതിനാദ്യം പെണ്ണിന് വിദ്യാഭ്യാസം വേണം. വിദ്യാഭ്യാസമുള്ള പെണ്ണിന് സ്വന്തം അവകാശങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാവും. സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയുണ്ടെങ്കിൽ ഒരു ബന്ധത്തിലും സഹിച്ചും ക്ഷമിച്ചും നിൽക്കേണ്ട ഗതികേട് വരില്ല.. മോൾക്കറിയോ എന്തുകൊണ്ടാ പണ്ടുള്ളോർ പെണ്ണുങ്ങളെ പഠിക്കാൻ വിടാത്തതെന്ന്? പെണ്ണിന് പഠിപ്പുണ്ടായാൽ അത് പ്രശ്നമാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നറിയാമോ?

പഠിച്ച പെണ്ണുങ്ങളെ ഒരുത്തനും സ്വന്തം വരുതിയിൽ നിർത്താൻ കഴിയില്ല. അവന്റെയിഷ്ടങ്ങളെ അവളിൽ അടിച്ചേൽപ്പിക്കാനാവില്ല. അവൻ പറയുന്നത് മാത്രം കേട്ടും സഹിച്ചും ക്ഷമിച്ചു ജീവിക്കാനും അവളെ കിട്ടില്ല. ആ പേടികൊണ്ടാണ് പണ്ടേക്കു പണ്ടേ ആണുങ്ങൾ പെണ്ണുങ്ങളെ സ്വന്തം വീടുകളിൽ മാത്രം ഒതുക്കിപ്പോന്നത്. വീട്ടിലൊരു പെണ്ണുള്ളതുകൊണ്ടാണ് ആണുങ്ങൾ സമയത്തിന് തിന്നും കുടിച്ചും ജീവിക്കുന്നതെന്ന് അവർക്ക് തന്നെയറിയാം. പെണ്ണ് വീട്ടിലിരുന്നില്ലെങ്കിലോ? ഈ അടുത്തൊരു സിനിമ ഇറങ്ങിയില്ലായിരുന്നോടാ ചെറുക്കാ എന്തായിരുന്നു അതിന്റെ പേര്...?" വാസുകിയമ്മ ചുണ്ടിൽ വിരൽ വച്ചുകൊണ്ട് ഓർക്കാൻ ശ്രമിച്ചു. "ജയ ജയ ജയ ജയ ഹേ.." പാർഥിപൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. "ആ അത് തന്നെ. ആ പടത്തില് നായകൻ പറയുന്നൊരു ഡയലോഗുണ്ട്.

ആണുങ്ങളില്ലേലും പെണ്ണുങ്ങക്ക് ജീവിക്കാൻ പറ്റും. പക്ഷേ പെണ്ണുങ്ങളില്ലാതെ ആണുങ്ങൾക്ക് പറ്റില്ലാന്ന്... അതെന്തുകൊണ്ടാണെന്ന് അറിയുമോ? പെണ്ണിന് എല്ലാ ജോലിയുമറിയാം. വീട് നോക്കാനറിയാം. പുറത്ത് പണിയെടുക്കാനുമറിയാം. ഒരു മനുഷ്യൻ ഏറ്റവും നിർബന്ധമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ പാചകം മുതൽ സ്വന്തം തുണിയലക്കല് വരെ പെടും. ഇതൊന്നുമറിയാത്ത ആണുങ്ങളാ നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതലുള്ളത്. പെണ്ണില്ലെങ്കിൽ അവരെന്തു ചെയ്യും? ഇവന്മാരുടെ വീട്ടിൽ പെണ്ണുങ്ങളില്ലെങ്കിലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കിക്കേ.! അതുകൊണ്ട് ഇന്നത്തെ കാലത്ത് വീട്ടുജോലി പെണ്മക്കളെ മാത്രം പഠിപ്പിച്ചാൽ പോരാ. ആൺമക്കളും ഇതൊക്കെ അറിഞ്ഞിരിക്കണം. ഇതൊന്നും അറിയില്ലെങ്കിലും എല്ലാ പെണ്ണുങ്ങളോടും ആണുങ്ങൾ പുച്ഛത്തോടെ ചോദിക്കുന്നൊരു ചോദ്യമുണ്ട്, നിനക്കിവിടെ എന്താ പണിയെന്ന്.... "

വാസുകിയമ്മ ആരോടെന്നില്ലാതെ വെറുതെ മന്ദഹസിച്ചു. ഉപ്പ് ചുവക്കുന്ന ഒരു ചിരി... "മതി മതി... ഞങ്ങളിറങ്ങുവാ..." അമ്മയുടെ വാടിയ മുഖഭാവം ശ്രദ്ധിച്ച് പാർഥിപൻ പെട്ടെന്ന് ഗതി മാറ്റി. അയാൾ എഴുന്നേറ്റതും ഒപ്പം അവളും എഴുന്നേറ്റു. ഇറങ്ങാൻ നടന്ന അവർക്കൊപ്പം മായയുടെ കൈപിടിച്ച് വാസുകിയമ്മയും ഉമ്മറം വരെയെത്തി. പാർഥിപൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു തുടങ്ങവേ പിന്നിൽ കയറാനൊരുങ്ങവേ വാസുകിയമ്മ പിടിച്ചു നിർത്തി. വാത്സല്യത്തോടെ കവിളിൽ തലോടവേ കണ്ണുകൾ നിറഞ്ഞു വന്നു. "ഭർത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരുന്ന സ്ത്രീകൾക്ക് ഈ സമൂഹത്തിൽ ജീവിക്കാനും ഒരു ധൈര്യം വേണം. ആളുകളുടെ ഇല്ലാക്കഥകളെയും അടക്കം പറച്ചിലുകളെയും നേരിടാനുള്ള മനക്കരുത്ത് വേണം. പക്ഷേ എല്ലാർക്കും രണ്ടാമതൊരു അവസരം കിട്ടിയെന്ന് വരില്ല മോളെ.

ഒരിക്കലും ദോഷം വരാത്തൊരു തീരുമാനമെടുക്കാൻ മോൾക്കാവട്ടെ. ദൈവം നിനക്ക് നല്ലത് മാത്രേ വരുത്തൂ.." വാസുകിയമ്മ അവളുടെ തലയിൽ തൊട്ട് അനുഗ്രഹിച്ചു. മുൻപിതുവരെ കിട്ടിയിട്ടില്ലാത്ത, കേട്ടുപരിചയത്തിൽ പോലും തനിക്ക് നിർവചിച്ചെടുക്കാൻ കഴിയാതിരുന്ന ഒരമ്മയുടെ സ്നേഹം ഇപ്പോളിതാ ഉള്ളിലേക്ക് നിറഞ്ഞൊഴുകുന്നു... അവൾക്ക് സന്തോഷവും സ്നേഹവും ഒരുമിച്ചുണ്ടായി. പെട്ടെന്ന് അവൾക്ക് അവരെ കെട്ടിപ്പിടിക്കാൻ തോന്നി. കെട്ടിപ്പിടിച്ചപ്പോൾ കണ്ണു നീരൊഴുകി. പുറം തട്ടിക്കൊണ്ടുള്ള അവരുടെ സാന്ത്വനിപ്പിക്കലിൽ അവൾ തളർന്നു. പാർഥിപൻ നിറഞ്ഞ മനസ്സോടെ അവരുടെ സ്നേഹം നോക്കി നിന്നു. ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 "എന്നെയാരും ഇങ്ങനെ സ്നേഹിച്ചിട്ടില്ല..." അഴിഞ്ഞു വീണ മുടിയൊതുക്കി അവൾ അയാളുടെ തോളിൽ ചേർന്നിരുന്നു.

അയാളുടെ തോളിൽ ചാരി നിന്ന കൈകളെ അയാൾ സ്നേഹത്തോടെ തലോടി. കടൽക്കാറ്റേറ്റ് അവളുടെ മുടിയിഴകൾ അനുസരണയില്ലാതെ പിന്നിലേക്ക് പറന്നു. അയാളവളെ സ്നേഹത്തോടെ നോക്കി. "കുറെ കാലങ്ങൾക്ക് ശേഷമാണ് ഞാൻ കടല് കാണുന്നത്.." കരയിലേക്ക് ഇഴഞ്ഞുവന്ന തിരമാലകളെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു. "ഇയാൾക്ക് കടല് അത്രക്കിഷ്ടമാണോ?" പാർഥിപൻ ചോദിച്ചു. "മ്മ്.... പിന്നെ......." ചിരിയാലെ പതുക്കെ എഴുന്നേറ്റു. വസ്ത്രത്തിൽ പറ്റിയ പൂഴിമണ്ണ് തട്ടി. കടലിനെ ലക്ഷ്യമാക്കി മുന്നോട്ട് നടന്നു. തിരകളവളുടെ കാൽപ്പാദത്തെ തൊട്ടു. അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. കറുത്തിരുണ്ട ആകാശവും അങ്ങിങ്ങായി ചിത്തരിക്കിടക്കുന്ന നക്ഷത്രങ്ങളെയും കണ്ട് മുകളിലേക്ക് നോക്കി അവൾ ആനന്ദത്തോടെ നിശ്വസിച്ചു. പാർഥിപനെ തിരിഞ്ഞു നോക്കിയപ്പോൾ അവളെ നോക്കി അതേയിടത്തിൽ തന്നെയിരുന്നു ചിരിക്കുന്നുണ്ടായിരുന്നു.

അല്പം കഴിഞ്ഞപ്പോൾ തീരത്തേക്ക് മാറി നിന്നു. തിരകൾ വരുമ്പോൾ പിന്നിലേക്ക് കാലുകൾ ചലിപ്പിച്ചു. പാർഥിപൻ തൊട്ടുപിന്നിൽ നിന്നിരുന്നത് കണ്ടിരുന്നില്ല. നേരെ പാർഥിപനെ ചെന്നിടിച്ചു. "ഹേയ് ഹേയ് പതുക്കെ......." പാർഥിപൻ പറയുന്നതിന് തൊട്ടു മുന്നേ ഇരുവരും നിലത്തേക്ക് വീണുപോയിരുന്നു. ആ വീഴ്ചയിൽ പാർഥിപൻ അവളെ വേഗത്തിൽ പൊതിഞ്ഞു പിടിച്ചിരുന്നു. തിരമാലകൾ പതുക്കെ അവരെ തലോടിക്കൊണ്ട് കടന്നു പോയി. അയാളുടെ നെഞ്ചിൽ മുഖം വച്ച് അയാൾക്ക് മീതെ വീണവൾ മെല്ലെ തല ചെരിച്ച് അയാളെ നോക്കി. ഓർക്കാപ്പുറത്തെ വീഴ്ചയായതിനാൽ അയാളിത്തിരി അമ്പരന്നിരുന്നു. വെള്ളത്തിൽ നനഞ്ഞു കുളിച്ചുകിടക്കുന്ന അയാളെ കണ്ടതും അവൾക്ക് ചിരി വന്നു. അവൾ മെല്ലെ അയാളിൽ നിന്നും പതുക്കെ എഴുന്നേറ്റിരുന്നു. വൈകാതെ അയാളും. അവളുടെ ചിരിക്ക് ശബ്‌ദം മുളച്ചു.

അത് കണ്ട് അയാൾക്കും ചിരി വന്നു. അവൾ വായ പൊത്തിക്കൊണ്ട് പൊട്ടിച്ചിരിച്ചു. മതിമറന്നു ചിരിക്കുന്നവളെ നോക്കി നിൽക്കെ അയാൾക്ക് അടങ്ങാത്ത പ്രേമം തോന്നി. ആദ്യമായാണ് അവളിങ്ങനെ ചിരിക്കുന്നത് താൻ കാണുന്നത്. ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷം വിരിഞ്ഞു. "ഞാൻ... ഞാൻ ഇയാളെയൊന്ന് ഉമ്മ വച്ചോട്ടെ?" ആ പെണ്ണിന്റെ സന്തോഷം കണ്ട് ഉത്സാഹം തോന്നിയവൻ ചോദിച്ചു. മറുപടി പറയാതെ അവൾ തലതാഴ്ത്തി പുഞ്ചിരിച്ചു. ആ പുഞ്ചിരി കണ്ട് അയാൾ അവൾക്കരികിലേക്ക് ചേർന്നിരുന്നു. നാണത്തോടെ തല കുനിച്ച് ഇരിക്കുന്നവളുടെ ദേഹം വിറച്ചിലോടെ ഉയർന്നു താഴുന്നത് കണ്ട് അവന് ചിരി വന്നു. അവളുടെ മുഖത്തോട് മുഖം ചേർന്നപ്പോൾ അയാളുടെ കണ്ണുകൾ അവളുടെ കണ്ണുകളോടെ അഴകിൽ മുങ്ങിത്താഴ്ന്നു. അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. പതുക്കെ.... വളരെ പതുക്കേ.. കയ്യടക്കത്തോടെ... ഒതുക്കത്തോടെ... അയാൾ അവളുടെ വലത്തേ കവിളിൽ മൃദുവായി ചുംബിച്ചു. അയാളുടെ ചുണ്ടുകളും താടിരോമങ്ങളും കവിളിലമർന്നപാടെ അവളുടെ ഉടൽ വിറച്ചു.

അവളവന്റെ കൈകളിൽ മുറുകെ പിടിച്ചു.. നേരം പുലർന്നു വന്നു. തിരിച്ചു പോകവേ നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി അയാൾക്ക് പിന്നിലിരിക്കുമ്പോൾ തണുത്തുവിറക്കുന്നുണ്ടായിരുന്നു. കാറ്റേൽക്കാതിരിക്കാൻ അവൾ അവനു പുറകിലായി ഒതുങ്ങിയിരുന്നു. ഒടുക്കം തണുപ്പ് അസഹ്യമായി തോന്നി തുടങ്ങിയപ്പോൾ അവൾ അയാളുടെ വയറിലൂടെ കയ്യിട്ട് ചേർന്നിരുന്നു. വണ്ടിയോടിക്കുന്നതിനിടെ തന്റെ വയറിന്മേലുള്ള അവളുടെ കൈകളിൽ അവൻ തന്റെ ഒരു കൈ ചേർത്ത് പിടിച്ചു. ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 സിദ്ധാർഥൻ അന്ന് രാത്രി ഉറങ്ങിയില്ല. വാലിനു തീപിടിച്ചതുപോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പത്തറുപത് സിഗരറ്റുകൾ കത്തിച്ചു തീർത്തു. അരിശം കൊണ്ട് സാധനങ്ങൾ എറിഞ്ഞുടച്ചു. വീടാകെ അലങ്കോലമാക്കി മാറ്റി. പാർഥിപന്റെ വണ്ടിക്ക് പിന്നിലിരുന്നു പോയ മായയുടെ ചിത്രം അയാളുടെ ചിന്തകളിലേക്ക് കടന്നു വരുംതോറും അയാൾക്ക് കോപമിരട്ടിച്ചു. അവളെ ഓർക്കവേ അയാൾ തെറിതുപ്പിക്കൊണ്ട് പല്ലിറുമ്മി.

അന്നേരം പാർഥിപന്റെ വണ്ടി മുറ്റത്ത് വന്നു നിൽക്കുന്ന ശബ്ദതമവൻ കേട്ടു. ജനലിലൂടെ ഒളിഞ്ഞു നോക്കിയപ്പോൾ പാർഥിപനോട് യാത്രപറഞ്ഞ് കോലായയിലേക്ക് കയറിയ മായയെ കണ്ടതും ജനലിഴകളിൽ കൈകൾ ദേഷ്യത്തോടെ അമർത്തി. എങ്കിലും ഒന്നുമറിയാത്തതു പോലെ കിടക്കയിൽ വന്ന് ഉറങ്ങിക്കിടന്നു. പാർഥിപനോട് യാത്ര പറഞ്ഞ് കോലയയിലേക്ക് കയറിയപ്പോളാണ് വാതില് ഇത്തിരി തുറന്നു കിടക്കുന്നത് ശ്രദ്ധിച്ചത്. ഉള്ളിലൊരു തീ പുകഞ്ഞു. പേടിയോടെ പാർഥിപനെ നോക്കിയപ്പോൾ തിരിച്ചു പോകാതെ അവിടെത്തന്നെ ഇരിപ്പുണ്ട്. അവളുടെ മുഖം കണ്ടപ്പോൾ പാർഥിപന് ഇത്തിരി പന്തികേട് തോന്നി. പതുക്കെ വാതില് തുറന്നു. അകത്തേക്ക് അടിവച്ചു കയറിയപ്പോൾ പേടികൊണ്ട് വിറച്ചു. ശ്വാസമടക്കിക്കൊണ്ട് മുറിയിലേക്ക് പാളി നോക്കിയപ്പോൾ മയങ്ങിക്കിടന്നുറങ്ങുന്ന സിദ്ധാർഥനെ കണ്ടു.

അത് കണ്ടപ്പോൾ ശ്വാസം നേരെ വീണു. മനസ്സിന് ആശ്വാസമായി. പക്ഷേ പാർഥിപനപ്പോഴും എന്തൊക്കെയോ ആലോചിച്ചുകൊണ്ട് പുറത്തു തന്നെ നിൽപ്പുണ്ടായിരുന്നു. എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് അയാളുടെ മനസ്സ് ഉരുവിട്ടു. നനഞ്ഞു കുതിർന്ന വസ്ത്രം വേഗം മാറി അലക്കിയിട്ടില്ലെങ്കിൽ സിദ്ധാർഥനു സംശയം തോന്നുമെന്ന് ഉറപ്പാണ്. പതുക്കെ ശബ്ദമുണ്ടാക്കാതെ മുറിയിലേക്ക് ചെന്നു. സിദ്ധാർഥൻ നേരിയതോതിൽ കണ്ണുതുറന്നു നോക്കി. ദേഹമാസകാലം നനഞ്ഞ് ഈറൻ ചുറ്റി നിൽക്കുന്നവളെ കണ്ട് അവനു ഭ്രാന്ത് കയറി. കട്ടിലിനു കീഴെയുള്ള പെട്ടി തുറന്ന് ഒരു പുത്തൻ വസ്ത്രമെടുത്തുകൊണ്ട് അവൾ മുറി വിട്ടു പോയി. വസ്ത്രം മാറിയ ശേഷം പഴയത് അലക്കുവാനായി ബക്കറ്റുമെടുത്ത് പിന്നിലേക്ക് പോയി. സിദ്ധാർഥൻ എഴുന്നേറ്റ് ചെന്ന് അവളെ പിന്തുടർന്നു. "ഇന്നലെ രാത്രി അനുവേച്ചിയുടെ ഒപ്പം കടലിലെങ്ങാനും പോയോ?" സിദ്ധാർഥന്റെ ശബ്‌ദം കേട്ട് കയ്യിലെ ബക്കറ്റ് താഴെ വീണു. ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടു മുന്നിലായി നിൽക്കുന്നത് കണ്ട് അന്ധാളിച്ചു.

"അത്... അത് മാതുമോള് വികൃതി കാണിച്ചപ്പോ സംഭവിച്ചതാ..." പെട്ടെന്ന് തന്നെ അയാളിൽ നിന്നും കണ്ണു താഴ്ത്തിക്കൊണ്ട് പറഞ്ഞു. "മ്മ്..... അല്ലെങ്കിലും ഈ മാതുമോളുടെ വികൃതി ഇത്തിരി കൂടുന്നുണ്ടല്ലേ..." അയാൾ അവളെ നോക്കി ഭാവഭേദങ്ങളൊന്നുമില്ലാതെ പറഞ്ഞു. അവളെ നോക്കി നിൽക്കെ അയാൾക്ക് ദേഷ്യം ഇരച്ചു കയറി. പെട്ടെന്നയാൾ അവളുടെ കഴുത്തിൽ അമർത്തി പിടിച്ചു. അവളുടെ ഉള്ളിലൊരു ഇടിമിന്നലുണ്ടായി... "തേവിടിശ്ശി..." കഴുത്തിനു കുത്തിപ്പിടിച്ചുകൊണ്ടവൻ അവളെ ജ്വലിക്കുന്ന കണ്ണുകളോടെ നോക്കി. അവൾ പേടിച്ചില്ലാതായി. ശ്വസിക്കാനാവാതെ കണ്ണുകൾ തള്ളിത്തുറക്കപ്പെട്ടു. അയാളുടെ കരങ്ങൾക്കുള്ളിൽ ജീവൻ കിടന്നു പിടഞ്ഞു. "ഒടുക്കം തള്ളേടെ സ്വഭാവമിറക്കി അല്ലേഡീ പിഴച്ച കഴുവേറി മോളെ..." അവനവളെ പിന്നിലേക്ക് തള്ളിയെറിഞ്ഞു. വലിയൊരു ശബ്ദത്തോടെ അവൾ നിലത്തേക്ക് തെറിച്ചു വീണു. ഇതൊന്നുമറിയാതെ പാർഥിപനപ്പോഴും ഉമ്മറത്ത് നിൽക്കുകയായിരുന്നു. "എന്നെയെപ്പഴും തല്ലീട്ടല്ലേ..." അസഹ്യമായ വേദനയിൽ എരിയുമ്പോഴും അവൾ കരച്ചില് സഹിച്ച് സിദ്ധാർഥനെ നോക്കി പറഞ്ഞു.

അവൻ മുട്ടുകുത്തി അവളുടെ മുടിക്കുത്തിൽ പിടിച്ചു വലിച്ചുകൊണ്ട് തന്നോടടുപ്പിച്ചു. "ഞാനൊരു ആണാടീ.." അവൻ അവളുടെ മുഖത്ത് നോക്കി അലറി. ആ അലർച്ച ഉമ്മറത്തിരുന്ന പാർഥിപന്റെ കാതുകളിൽ അവ്യക്തമായി പ്രതിധ്വനിച്ചു. വണ്ടിയിൽ നിന്നും ചാടിയിറങ്ങിക്കൊണ്ടവൻ അകത്തേക്ക് കയറി വാതിൽ തള്ളിത്തുറന്നു. "നിന്നെപ്പോലെ ഉള്ളവള്മ്മാരെയൊക്കെ എന്താ ചെയ്യേണ്ടതെന്ന് ഞാൻ കാണിച്ചു തരാടീ.." അവളുടെ മുടിക്ക് പിടിച്ചുകൊണ്ടവൻ അവളെ എഴുന്നേൽപ്പിച്ചു. വേദന സഹിക്കാനാവാതെ അവൾ കരയാൻ ആരംഭിച്ചു. സിദ്ധാർഥൻ ദേഷ്യം തീരാതെ അവളുടെ കരണത്ത് ആഞ്ഞടിച്ചു. നിലത്തു വീഴാതിരിക്കുവാൻ അവളുടെ മുടിയവൻ തന്റെ കൈകളിൽ ചുരുട്ടിപ്പിടിച്ചിരുന്നു. അടിയുടെ ബലത്തിൽ അവളുടെ ചുണ്ടുപൊട്ടി. അവൾക്ക് തലകറങ്ങി. "അല്ലേലും നല്ല തന്തക്കും തള്ളക്കും ഉണ്ടാവാത്ത നീയൊക്കെ ഇങ്ങനെയായില്ലെങ്കിലേ അത്ഭുതം ഉള്ളു." ചുരുട്ടിപ്പിടിച്ച മുടി വലിച്ചതും അവൾ പിന്നിലേക്ക് വീണ്ടും മറിഞ്ഞു വീണു. വേദനകൊണ്ട് കണ്ണുകൾ നിറഞ്ഞു.

കാഴ്ച മങ്ങി. ദേഷ്യവും സങ്കടവുമിരമ്പി വന്നു. അവൾ ഉറക്കേ നിലവിളിച്ചു കരഞ്ഞു. ശബ്‌ദം കേട്ട് അകത്ത് അവളെ തിരഞ്ഞുകൊണ്ടിരുന്ന പാർഥിപൻ അടുക്കളയിലൂടെ പിന്നമ്പുറത്തെത്തി. സിദ്ധാർഥന്റെ അടിയേറ്റ് ചോരപ്പാടുകളുള്ള മുഖവുമായി താഴെ കിടക്കുന്നവളെ കണ്ട് അവന്റെ ഉള്ളു പിടഞ്ഞു. പാർഥിപനെ കണ്ടതും അവളുടെ മുഖത്തെ വേദന പതിന്മടങ്ങായി. കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെ നോട്ടം കണ്ട് തിരിഞ്ഞു നോക്കിയ സിദ്ധാർഥനു പാർഥിപനെ കണ്ടപ്പോൾ കലിയേറി. "ഇതല്ലെടീ നിന്റെ മറ്റവൻ.." സിദ്ധാർഥൻ പാർഥിപനെ നോക്കികൊണ്ട് അവളുടെ മുടിക്ക് പിടിച്ചെഴുന്നേൽപ്പിച്ചു. കണ്ടപ്പോൾ പാർഥിപന്റെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി. അവന്റെ മുഷ്ടി ചുരുണ്ടു. പക്ഷേ പാർഥിപനെ നോക്കി നിൽക്കെ അവൾക്ക് എന്തെന്നില്ലാത്തൊരു ധൈര്യം കടന്ന് വരുന്നത് പോലെ തോന്നി. പാർഥിപനും വാസുകിയമ്മയും മാറിമാറി പറഞ്ഞുതന്ന കാര്യങ്ങൾ മനസ്സിലേക്ക് വീണ്ടും ഓടിയെത്തി. അവളവന്റെ കൈകളെ വിടുവിക്കാൻ ശ്രമിച്ചു. ദേഷ്യം കൊണ്ടവൻ മുഖമടച്ചൊരടി വച്ചു കൊടുത്തു.

വേദന സഹിക്കാനാവാതെ അവൾ വീണ് നിലത്തിരുന്നു. അത് കണ്ടതോടെ പാർഥിപന്റെ സകല നിയന്ത്രണങ്ങളും വിട്ടു. കനത്ത വേദന സഹിച്ച് താഴെയിരിക്കുമ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി അവൾക്ക്. അലറിവിളിക്കാൻ തോന്നി. ഇനിയൊന്നും സഹിക്കാനാവാത്തതു പോലെ. തൊട്ടരികിലെ ബക്കറ്റെടുത്ത് അലറിക്കൊണ്ടവൾ നിലത്തടിച്ചു പൊട്ടിച്ചു. തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ അലറിക്കൊണ്ട് അവളാ ബക്കറ്റ് അടിച്ചു തകർത്തു. സിദ്ധാർഥനു മേൽ കോപത്തോടെ ചാടിവീഴാൻ തുനിഞ്ഞ പാർഥിപൻ അവളുടെ ആ പ്രതികരണത്തിൽ അമ്പരന്നു നിന്നുപോയി. "എന്താടീ നായെ...." സിദ്ധാർഥൻ അവളുടെ ചെയ്തികളെ തടയാൻ വേണ്ടി കുനിഞ്ഞതും തികട്ടിവന്ന ദേഷ്യത്തോടെ പൊട്ടിയ ബക്കറ്റിന്റെ ഒരു വക്കെടുത്ത് അവളവന്റെ കരണത്ത് സർവശക്തിയുമെടുത്ത് വീശിയടിച്ചു............ ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അടിയേറ്റ് സിദ്ധാർഥൻ പിന്നിലേക്ക് വീണുപോയി. പാർഥിപൻ അവളുടെ ആ അടിയിൽ അത്ഭുതത്തോടെ തരിച്ചു നിന്നുപോയി. വീണു കിടന്ന സിദ്ധാർഥനു നടന്നതെന്തെന്ന് വിശ്വസിക്കാനായില്ല. മലർന്നു കിടന്നവന് ആകാശം തനിക്കു മീതെ ഇടിഞ്ഞു വീഴാൻ പോകുന്നതായി തോന്നി. ലോകം കുണ്മുന്നിൽ കറങ്ങിത്തിരിയുന്നത് പോലെ തോന്നി..

പതുക്കെ പതുക്കെ പിടിച്ചു പിടിച്ചെഴുന്നേറ്റ് ഇരുന്നു. അപ്പോഴും സമനില വീണ്ടുകിട്ടാത്തത് പോലെ. തൊട്ടുമുന്നിൽ കോപത്തോടെയും അടങ്ങാത്ത ഭ്രാന്തോടെയും ഇരിക്കുന്നവളെ കണ്ടിട്ടും കൈകൾ അനങ്ങാത്തത് പോലെ.. പാർഥിപൻ ഓടിച്ചെന്ന് പെണ്ണിനെ എഴുന്നേൽപ്പിച്ചു നിർത്തി. മുഖത്തെ ചോര തുടച്ചു മാറ്റി ദേഷ്യത്തോടെയവൾ പതുക്കെ എഴുന്നേറ്റു. കണ്ണുകളപ്പോഴും സിദ്ധാർഥനിൽ തന്നെയായിരുന്നു. കോപം കെട്ടടങ്ങാത്തതു പോലെ തോന്നിയപ്പോൾ പാർഥിപന്റെ കൈ വിട്ട് ബോധം തിരിച്ചു പിടിക്കാനാവാതെ നോക്കിയിരിക്കുന്നവന്റെ നെഞ്ചിന് ഒരൊറ്റ ചവിട്ടു വച്ചുകൊടുത്തു. അയാൾ പ്രതികരിക്കാനാവാതെ മലർന്നു വീണു. പാർഥിപന്റെ മുഖത്ത് അന്തസ്സ് പരന്നു. സിദ്ധാർഥന്റെ നെഞ്ചിനുമേൽ കാല് കയറ്റി വച്ചു നിന്നവളെ അവൻ മെല്ലെ പിടിച്ചു മാറ്റി. അവളുടെ ദേഹത്താകെ ചൂട് പടർന്നിരിക്കുന്നത് അവന് അനുഭവപ്പെടുന്നുണ്ടായിരുന്നു. കോപത്താൽ വിറച്ചു നിൽക്കുന്നവളെ അവൻ തോളിൽ തലോടിക്കൊണ്ട് ആശ്വസിപ്പിച്ചു. നിറഞ്ഞൊഴുകിയ അവളുടെ കണ്ണുകളെ പതുക്കെ തുടച്ചുകൊടുത്തു. അല്പം കഴിഞ്ഞ് അവളൊന്നു തണുത്തു. സിദ്ധാർഥനപ്പോഴും കിടന്നിടത്തു നിന്നും എഴുന്നേൽക്കാതെ അമ്പരന്നിരിക്കുകയായിരുന്നു.

"ഞാനെയ്‌.. ഒരു ചായ കുടിച്ചാലോ എന്നാലോചിക്കുവാ." പാർഥിപൻ പറഞ്ഞപ്പോ അവളവനെ ഒന്ന് നോക്കി. ആദ്യമായി അയാൾക്കൊപ്പം വണ്ടിയിൽ കയറിപ്പോയത് ഇതേ സംഭാഷണത്തിൽ ആയിരുന്നെന്നു അവളോർത്തു. അവളുടെ ചുണ്ടിൽ മനോഹരമായൊരു ചിരി വിരിഞ്ഞു. ചിരിച്ചുകൊണ്ടയാൾ ഉമ്മറത്തേക്ക് പതിയെ നടന്നു. പോകുന്നതിനിടെ കൺകോണിലൂടെ നോക്കിയപ്പോൾ തനിക്ക് പിന്നിലായി പ്രേമപൂർവം നടന്നുവരുന്ന പെണ്ണിനെ കണ്ടതും അയാൾക്ക് ആവേശമേറി. ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തപ്പോൾ പിന്നിലായവൾ കയറിയിരുന്നതറിഞ്ഞു. തന്റെ വയറിൽ അവളുടെ കൈകൾ വലയം ചെയ്യുന്നത് കണ്ടവന്റെ കണ്ണു നിറഞ്ഞു. അവന്റെ പിന്നിലേക്ക് തലചായ്‌ക്കവേ അവൾക്ക് സ്വാതന്ത്ര്യവും സമാധാനവും അനുഭവപ്പെട്ടു... ആ നശിച്ച വീടിന്റെ ഗേറ്റു കടന്ന്...... ഭൂതകാലത്തിന്റെ എല്ലാ കെട്ട ഓർമ്മകളെയും ചവിട്ടി ഞെരിച്ച്... സ്നേഹം കൊണ്ട് അത്ഭുതപ്പെടുത്തിയവന്റെ ബുള്ളറ്റ് അവരെയിരുവരെയും വഹിച്ച് മുന്നോട്ട് നീങ്ങി... പുതിയൊരു തുടക്കത്തിലേക്ക്.. പുതിയൊരു കഥയിലേക്ക്.. സ്നേഹത്തിന്റെ പുതിയ അധ്യായത്തിലേക്ക്...............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story