Love Me Like You Do ❤️: ഭാഗം 11

Love Me Like You Do

രചന: ആദിത്യൻ മേനോൻ

ആദ്യമായിട്ടല്ല പാർഥിപന്റെ വീട്ടിലേക്ക് വരുന്നത്. പക്ഷെ ഇത്തവണ കയറിചെല്ലുമ്പോൾ മുൻപില്ലാത്തൊരു പുതുമ പോലെ.. പാർഥിപന്റെ കൈ പിടിച്ച് അകത്തേക്ക് കയറിയപ്പോൾ പുതിയ ലോകത്തിലേക്ക് കടന്ന് ചെല്ലുന്നത് പോലെ അനുഭവപ്പെട്ടു. വീടുവിട്ടിറങ്ങി വന്നതാണെന്ന് രണ്ടുപേരുടെയും മുഖത്ത് നിന്നുതന്നെ വാസുകിയമ്മ മനസ്സിലാക്കിയിരുന്നു. നിറഞ്ഞ കണ്ണുകളോടെ അമ്മ വന്നു രണ്ടുപേരെയും കെട്ടിപ്പിടിച്ചു. "കൊച്ചിന്റെ ചുണ്ടൊക്കെ മുറിഞ്ഞിട്ടുണ്ടല്ലോ..." വാസുകിയമ്മ അവളെ കൈപിടിച്ചു കൂട്ടികൊണ്ടുപോയി. മുഖം കഴുകിതന്നു. അവൾക്കാതെല്ലാം പുതുമയുള്ള കാര്യങ്ങളായിരുന്നു. പാർഥിപൻ പിന്നിൽ നിന്നും കയ്യും കെട്ടി നോക്കി നിൽക്കുന്നുണ്ടായിരുന്നു. "അവിടെ വലിയ പ്രശ്നം വല്ലതും ഉണ്ടായോടാ?" അമ്മ അവനെ നോക്കി ചോദിച്ചു. "രാത്രിയിവള് എന്റെ കൂടെ വരുന്നത് സിദ്ധാർഥൻ അറിഞ്ഞു. ഇവളെ വീട്ടിൽ കൊണ്ടാക്കിയിട്ട് തിരിച്ചു വരാൻ എനിക്കെന്തോ തോന്നിയില്ല. എന്തൊക്കെയോ അലർച്ച കേട്ടിട്ടാ ഞാൻ രണ്ടും കല്പ്പിച്ചു കേറിചെന്ന് നോക്കിയത്. അപ്പൊ അവനിവളെ ഉപദ്രവിച്ചോണ്ടിരിക്കുകയായിരുന്നു..."

പാർഥിപൻ വിശദീകരിക്കവേ സിദ്ധാർഥൻ ഏൽപ്പിച്ച മുറിവുകളുടെ വേദനയേറി വരുന്നതായി അവൾക്ക് തോന്നി. "എന്നിട്ട് നീയവനിട്ടു രണ്ടെണ്ണം പൊട്ടിച്ചിട്ട് ഇറക്കിക്കൊണ്ടു വന്നതാണോ...?" "ഏയ്‌ പൊട്ടിച്ചത് ഞാനല്ല. ഇവളാ..." അത് പറയുമ്പോൾ പാർഥിപന്റെ മുഖത്തൊരു തിളക്കമുണ്ടായി. വിടർന്ന കണ്ണുകളോടെ വാസുകിയമ്മ പെണ്ണിനെ നോക്കി. "മോൾക്കെന്നിട്ട് വേറെ കുഴപ്പമൊന്നുമില്ലല്ലോ...?" തലയിൽ തലോടിക്കൊണ്ട് ചോദിച്ചപ്പോൾ ഇല്ലെന്ന് തലയാട്ടി. അമ്മ സോഫയിൽ ഇരുത്തിക്കൊണ്ട് അരികിലായി ഇരുന്നു. "എടാ കൊച്ചിന് കഴിക്കാനെന്തേലും ഉണ്ടാക്കിക്കേ. ഞാനിവളുടെ കൂടെ രണ്ട് മിനിറ്റൊന്ന് ഇരിക്കട്ടെ." മായയോടുള്ള അമ്മയുടെ സ്നേഹവും കരുതലും കണ്ട് പാർഥിപൻ മെല്ലെ മന്ദഹസിച്ചു. അവൻ കിച്ചണിൽ ചെന്ന് ഫ്രിഡ്ജ് തുറന്ന് ദോശമാവ് പുറത്തെടുത്തു. ഗ്യാസ് കത്തിച്ചു പാനിലേക്ക് വട്ടത്തിൽ മാവൊഴിച്ചു. അതിനുമീതെ അല്പം നെയ് പുരട്ടിക്കൊണ്ട് പഞ്ചസാര വിതറി. ദോശ പ്ലേറ്റിൽ ഇട്ടുകൊണ്ട് ഹാളിലേക്ക് ചെന്നു.

"കണ്ണാ കൊച്ചിന് മാറാൻ കുറച്ച് ഡ്രസ്സ്‌ വാങ്ങിക്കണം. നീയിവളേം കൂട്ടിക്കൊണ്ട് പോയി ഇവൾക്ക് വേണ്ടതൊക്കെ വാങ്ങിച്ചു കൊടുക്കണേ..." വാസുകിയമ്മ പാർഥിപന്റെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങിക്കൊണ്ട് ഒരു കഷ്ണം മുറിച്ചെടുത്തുകൊണ്ട് പെണ്ണിന്റെ വായയിൽ വച്ചുകൊടുത്തു. അവൾക്കപ്പോഴും കണ്ണുകൾ നിറഞ്ഞു വന്നു. അത് കണ്ട് വാസുകിയമ്മക്ക് സ്നേഹം തോന്നി. "എന്തിനാ കരയണേ... അമ്മയല്ലേ ഞാൻ....." അവർ വാത്സല്യത്തോടെ അവളുടെ നിറഞ്ഞുവന്ന കണ്ണുനീര് തുടച്ചുമാറ്റി. ദോശ മുഴുവൻ കഴിപ്പിച്ച ശേഷം വാസുകിയമ്മ പ്ലേറ്റുമായി കിച്ചണിലേക്ക് പോയി. പാർഥിപൻ അവൾക്കരികിലായി ചെന്നിരുന്നു. അവളെ തോളോട് ചേർത്തുപിടിച്ച് അവൻ മെല്ലെ പുഞ്ചിരിച്ചു. അവളവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു.... ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 "ഇയാൾക്ക് എങ്ങനെയുള്ള ഡ്രെസ്സാ ഇഷ്ടം?" ഒരു വലിയ മാളിന്റെ മുൻപിലെത്തിയിരുന്നു ഇരുവരും. മാളിന്റെ ഗാംഭീര്യം കണ്ട് അവളുടെ മുഖത്ത് കൗതുകം വിരിഞ്ഞു. "വിലപിടിപ്പുള്ള വസ്ത്രങ്ങളൊന്നും ഞാനിടാറില്ല.." അവൾ പറഞ്ഞു.

"ഇയാള് വിലയൊന്നും നോക്കാതെ ഇഷ്ടായത് എടുത്താ മതിയെടോ.." പാർഥിപൻ പുഞ്ചിരിച്ചുകൊണ്ട് അവളുടെ മൂക്കിൻതുമ്പത്തൊന്നു പിച്ചി. അവന്റെ കൈപിടിച്ചവൾ അവനോടൊപ്പം മാളിന്റെ എൻട്രൻസ് കടന്ന് അകത്തേക്ക് നടന്നു. അകത്തേക്ക് കയറിയതും അത്ഭുതത്തോടെ ചുറ്റിനും നോക്കി. രാവിലെയായതിനാൽ തിരക്കൊട്ടുമില്ല. പല ഷോപ്പുകളും തുറക്കുന്നതേ ഉണ്ടായിരുന്നുള്ളു. അവൾ അത്ഭുതം കൂറിക്കൊണ്ട് ചുറ്റിനും നോക്കി രസിക്കുന്നത് കണ്ടപ്പോൾ അവന് വല്ലാത്ത സന്തോഷം തോന്നി. അവളെയും കൊണ്ടവൻ മുകളിലത്തെ നിലയിലേക്ക് കയറുവാനായി ഒരു എസ്‌കലേറ്ററിനു മുന്നിലെത്തി. നിർത്താതെ മുകളിലേക്ക് നീങ്ങുന്ന പടികൾ കണ്ട് അവളൊന്ന് അമ്പരന്നു. "പേടിക്കണ്ടാടോ.. ചുമ്മാ നിന്നുകൊടുത്താൽ മതി. മുകളിലെത്തും." അയാളവളുടെ കൈകളിൽ അമർത്തി പിടിച്ചു. ഇതുവേണ്ടെന്നവൾ തലയാട്ടി. "എനിക്കിതില് നിൽക്കാനൊന്നും അറിയില്ല." "ഞാനില്ലേ..." അയാൾ സ്നേഹത്തോടെ ചിരിച്ചു. അവനവളെ തന്റെയരികിലേക്ക് ചേർത്തു പിടിച്ചു. അവളുടെ ഇടുപ്പിലൂടെ കൈചേർത്ത് സുരക്ഷ ഉറപ്പു വരുത്തി. "എന്റെയൊപ്പം തന്നെ കാല് വെക്കണേ..." അവൻ നിർദ്ദേശിച്ചു. അവൾ പതുക്കെ അവനൊപ്പം എസ്‌കലേറ്ററിലേക്ക് കാലുവച്ചു.

നെറ്റിയിൽ വിയർപ്പ് പൊടിയുന്നുണ്ടായിരുന്നു. വീണുപോകുമെന്ന് ഭയന്നു. പക്ഷേ താനവന്റെ കൈകളിൽ സുരക്ഷിതയാണെന്ന് അവൾക്ക് മനസ്സിലായി. എസ്‌കലേറ്റർ ഇരുവരെയും മുകളിലേക്കെത്തിച്ചു. കൗതുകത്തോടെ ഇരുവരും മുകളിലേക്കുയരുന്നത് അവൾ നോക്കി നിന്നു. മുകളിലത്തെ നിലയിലെത്തി.. അവിടെ ആദ്യം കണ്ണുകളിലുടക്കിയത് ഒരു ബുക്ക് സ്റ്റോർ ആണ്. നൂറുകണക്കിന് പുസ്തകങ്ങൾ അടുക്കിവച്ചിരിക്കുന്നത് കണ്ട് അവൾക്ക് കണ്ണെടുക്കാനായില്ല. "മായ പുസ്തകങ്ങള് വായിക്കുമോ?" അവളുടെ മുഖത്തെ കൗതുകം വായിച്ചെടുത്തുകൊണ്ട് പാർഥിപൻ ചോദിച്ചു. "അനുവേച്ചീടെ കയ്യിലുണ്ടായിരുന്ന കുറച്ചെണ്ണം വായിച്ചിട്ടുണ്ട്." അവൾ മറുപടി പറഞ്ഞു. "എന്നാ വാ..." പാർഥിപൻ അവളുടെ കൈപിടിച്ച് ബുക്ക്‌ സ്റ്റോറിലേക്ക് നടന്നു. അകത്തേക്ക് കയറിച്ചെന്നുകൊണ്ട് അവളെ നോക്കി. "ഇഷ്ടമുള്ളതൊക്കെ എടുത്തോ..." അവൻ ചിരിച്ചു. കെട്ടുകണക്കിനുള്ള പുസ്തകങ്ങൾ കണ്ട് അവൾ അന്ധാളിച്ചു നിന്നു. മടിയോടെ രണ്ടുമൂന്നു പുസ്തകം തിരഞ്ഞെടുത്തു.

പാർഥിപൻ തന്റെ വക മൂന്നെണ്ണം കൂടെ അതിലെടുത്തു വച്ചു. അവളപ്പോൾ അവനെ നോക്കി. ചിരിച്ചുകൊണ്ടവൻ കണ്ണു ചിമ്മിക്കാട്ടി. പുസ്തകങ്ങളുമായി മറ്റൊരു എസ്‌കലേറ്ററിനു മുന്നിലെത്തി. ഇത്തവണ അവനവളുടെ കൈകളിൽ മാത്രം വെറുതെ പിടിച്ചു. അവൾക്ക് ചെറുതായി പേടി തോന്നി. എങ്കിലും അവളവന്റെ കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് എസ്‌കലേറ്ററിൽ പതുക്കെ കാലെടുത്തു വച്ചു. അവനവളുടെ ഒരോ വളർച്ചയെയും ചിരിയാലെ നോക്കിക്കാണുകയായിരുന്നു. "ഒന്നൂടെ മോളിലോട്ട് കേറിയാ അവിടെ ഒരുപാട് കളക്ഷൻസ് ഉള്ള ഷോപ്പുണ്ട്. നമ്മക്ക് അങ്ങോട്ട് പോവാം." പാർഥിപൻ അവളുടെ കയ്യിൽ നിന്നും പുസ്തകത്തിന്റെ കവർ വാങ്ങിപ്പിടിച്ചുകൊണ്ട് മറ്റൊരു എസ്‌കലേറ്ററിനു മുന്നിലെത്തി.. "ഇത്തവണ ഇയാള് ആദ്യം കേറണം.. ഞാൻ പിന്നാലെ കേറാം.." പാർഥിപൻ പറഞ്ഞപ്പോൾ അല്പം പരിഭ്രമമുണ്ടായി. "നോക്ക്... പേടിക്കണ്ട.. തൊട്ടുപിന്നിൽ ഞാനുണ്ടെടോ..." അവനവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. കേട്ടപ്പോൾ ഇത്തിരി ധൈര്യം തോന്നി.

പാർഥിപന്റെ ഒരു സഹായവുമില്ലാതെ പതുക്കെ ആദ്യ പടിയിലേക്ക് കാലെടുത്തു വച്ചു. കൈകൾ വിറച്ചു. വീഴുമെന്ന്bഭയന്നു. എങ്കിലുമവൾ വീഴാതെ പിടിച്ചു നിന്നു. തൊട്ടു പിന്നിലായി പാർഥിപൻ ഉണ്ടാവുമ്പോൾ വീണുപോവില്ലെന്ന ഉറപ്പുണ്ടായിരുന്നു. മുകളിലെത്തിയതും സന്തോഷത്തോടെ പാർഥിപനെ തിരിഞ്ഞു നോക്കി. പക്ഷേ പാർഥിപൻ തന്റെയൊപ്പമില്ലായിരുന്നു. പെട്ടെന്ന് വെപ്രാളത്തോടെ താഴേക്ക് നോക്കിയപ്പോൾ എസ്‌കലേറ്ററിൽ കയറാതെ അവൾ താഴെനിന്നും താൻ പോകുന്നത് നോക്കി നിന്നു സന്തോഷിക്കുകയായിരുന്നെന്ന് മനസ്സിലായി. അയാളുടെ മുഖത്തെ വെളിച്ചവും ചിരിയും കണ്ട് അവളയാളെ പ്രേമപൂർവം നോക്കി നിന്നു. പതുക്കെ എസ്‌കലേറ്റർ കയറി അവൾക്കരികിലേക്ക് വന്നവന്റെ കവിളത്ത് ചുറ്റിനും നോക്കിക്കൊണ്ടവൾ തിടുക്കത്തിൽ ഒന്ന് മുത്തി. ഓർക്കാപ്പുറത്ത് ഉമ്മ കിട്ടിയവന് തെല്ലു നാണമുണ്ടായി.. "ഇങ്ങനാണേൽ അടുത്ത എസ്‌കലേറ്ററും ഇയാള് ഒറ്റക്ക് കയറിയാൽ മതി..." അവളെ ഒളിക്കണ്ണിട്ടു നോക്കികൊണ്ട് പറഞ്ഞവന്റെ വയറ്റിലൊരു പിച്ചു വീണു...

"ഇയ്യോ...." ചിരിച്ചുകൊണ്ടവൻ സ്വന്തം വയറ്റിൽ തടവി. ഡ്രസ്സ്‌ ഷോപ്പിനു മുന്നിലെത്തിയതും അവനാദ്യം നോക്കിയത് അവളുടെ മുഖത്തേക്കാണ്. അവളുടെ മുഖത്ത് വിരിയുന്ന സന്തോഷങ്ങളെയും കൗതുകങ്ങളെയും പുതിയൊരു ലോകം കഴിഞ്ഞതിന്റെ ഉത്സാഹത്തെയും നോക്കിക്കാണാൻ അവന് വല്ലാത്ത ഭംഗി തോന്നി. ഒരുപക്ഷേ ആദ്യമായിട്ടാവും അവളിത്രയും വസ്ത്രങ്ങൾ ഒരുമിച്ചു കാണുന്നത് തന്നെ. ആ വിധത്തിലുള്ളതാണ് അവളുടെ ആശ്ചര്യം. ഒരുപക്ഷെ ആദ്യമായിട്ടാവും അവളിത്രയും സന്തോഷിക്കുന്നത് തന്നെ. ആ വിധത്തിലുള്ളതാണ് അവളുടെ മുഖത്ത് അപ്പോൾ കണ്ട വെളിച്ചം. പാർഥിപൻ അവളുടെ കൈപിടിച്ച് അകത്തേക്ക് കയറ്റി. ചുറ്റിനും പല നിറങ്ങളിലുള്ള പല തരത്തിലുള്ള വസ്ത്രങ്ങൾ കണ്ട് അവൾ കണ്ണിമ ചിമ്മാതെ നോക്കി നിന്നു. "ഇഷ്ടായതൊക്കെ എടുത്തോ..." പാർഥിപൻ മെല്ലെ അവളുടെ കാതുകളിൽ മന്ത്രിച്ചു. അവൾക്കതിലും പുതുമ തോന്നി. ഇന്നേവരെ തന്റെയിഷ്ടമാരും അന്വേഷിച്ചിട്ടില്ല. കല്യാണത്തിന് മുന്നേ അച്ഛമ്മ വാങ്ങിക്കൊണ്ട് വരുന്ന വസ്ത്രങ്ങളിൽ മുന്തിയതൊക്കെ ഭാനുമ്മായി എടുത്തിട്ടാണ് തനിക്ക് തരാറുള്ളത്.

കല്യാണത്തിന് ശേഷം സിദ്ധാർഥനാണ് വസ്ത്രങ്ങൾ കൊണ്ടുവന്നത്. അവയിൽ പലതും തനിക്കിഷ്ടമില്ലാത്ത നിറങ്ങളായിരുന്നു. എങ്കിലും താനത് ധരിക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്തു. "എന്താടോ ആലോചിക്കുന്നത്?" പാർഥിപൻ ഓർമ്മകളിൽ നിന്നും തട്ടിയുണർത്തി.. ഒന്നുമില്ലെന്ന് തലയാട്ടി. പതിയെ മുന്നിലേക്ക് നടന്നു ചെന്നു. ഒരു ഇളം മഞ്ഞ നിറമുള്ള ടോപ് തിരഞ്ഞെടുത്തു. "ഇതു മതിയോ?" ടോപ് ദേഹത്തോട് ചാരി വച്ചുകൊണ്ട് പാർഥിപനെ നോക്കി. "കൊള്ളാം.. പിന്നെ..... മായക്ക് ഇഷ്ടായീച്ചാൽ എടുത്തോളൂ. എനിക്കിഷ്ടായോ ഇല്ലയോന്ന് നോക്കേണ്ട കാര്യമൊന്നുമില്ല. മായക്ക് ഇഷ്ടമുള്ള ഡ്രസ്സ് മായക്ക് ധരിക്കാം.. ഡ്രസ്സിന്റെ കാര്യത്തിലു മാത്രമല്ല, ഇയാളുടെ എല്ലാത്തിലും ഇയാള് സ്വന്തം ഇഷ്ടം മാത്രം നോക്കിയാ മതി.. കൺഫ്യൂഷൻ ഉണ്ടേൽ മാത്രം അഭിപ്രായം ചോദിച്ചോളൂ. പക്ഷേ എങ്കിൽപോലും സ്വന്തം കാര്യത്തില് അവസാന തീരുമാനം സ്വയം തന്നെ എടുക്കണം..." പാർഥിപൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. അവളവൻ പറഞ്ഞു തരുന്നത് കൗതുകത്തോടെ കേട്ടുനിന്നു. ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

"വൗ..... വാട്ട് എ ലവ് സ്റ്റോറി..... പാർഥിപനെ പോലൊരു പാർട്ണറെ ഏതൊരു പെണ്ണും ആഗ്രഹിച്ചു പോകും. എന്തൊരടിപൊളി മനുഷ്യനാണ് അയാൾ! പാർഥിപനെപ്പോലൊരു ഹസ്ബന്റിനെ കിട്ടിയത് തന്റെ ഭാഗ്യമാണ്.." കഥ കേൾക്കവേ എലീന സന്തോഷം അടക്കാനാവാതെ വായ പൊത്തിപ്പിടിച്ചു. മായ എലീനയെ നോക്കിക്കൊണ്ട് മെല്ലെ പുഞ്ചിരിച്ചു. "ഓ നശിപ്പിച്ചു.. ഞാനൊരു ഫ്ലോയിൽ കേട്ടുകൊണ്ടിരിക്കുകയായിരുന്നു." തൊട്ടടുത്തിരുന്ന സാഗർ എലീനയെ നോക്കി ഒന്ന് ചുണ്ട് കൂർപ്പിച്ചു. "സോറി അളിയാ സോറി... ഞാനെന്റെ എക്സൈറ്റ്മെന്റുകൊണ്ട് പറഞ്ഞു പോയതാ.." എലീന ഇളിച്ചുകൊണ്ട് കൈകൂപ്പി. "പക്ഷേ പിന്നെയെങ്ങനെയാണ് താനിവിടെ കാനഡയിലെത്തുന്നത്.....?" സാഗറിന്റേതായിരുന്നു ചോദ്യം. "അതും ജെസ്സിക ഫെർനാന്റസ് എന്ന പേരിൽ..... മായ എങ്ങനെ ജെസ്സിക ആയി മാറി....?" സാഗറിന്റെ ചോദ്യത്തിന് പിന്നാലെ എലീനയുടെ ചോദ്യവും വന്നു. കാനഡയിലെ ടൊറോൻടോ നഗരത്തിലെ ഡോൺ അൽഫോൻസോ റെസ്റ്റോറന്റിൽ ഇരുന്നുകൊണ്ട് മായ തന്റെ സുഹൃത്തുക്കളുടെ ചോദ്യങ്ങൾക്ക് മറുപടിയായി മെല്ലെ പുഞ്ചിരിച്ചു.

"വെയിറ്റ്...... പാർഥിപനിപ്പോഴും തന്റെ കൂടെയുണ്ടല്ലോ അല്ലേ...?" ആ ചോദ്യം ചോദിക്കുമ്പോൾ എലീനയുടെ മുഖത്ത് വല്ലാത്ത ടെൻഷൻ പരക്കുന്നുണ്ടായിരുന്നു. "പാർഥിപൻ ഇപ്പോഴും എന്റെ കൂടെയുണ്ട്. എപ്പോഴും എന്റെ കൂടെയുണ്ടാവുക തന്നെ ചെയ്യും.. ജീവിതത്തിൽ ഒന്നുമല്ലാതിരുന്ന എന്നേ കൈപിടിച്ച് നടത്തിയത് എന്റെ പാർഥിപനാണ്. പാർഥിപന് എന്നെയോ എനിക്ക് പാർഥിപനെയോ ഒരിക്കലും ഉപേക്ഷിക്കാനുമാവില്ല." മായയുടെ ആ മറുപടി കേട്ട് എലീനക്കും സാഗറിനും ആശ്വാസമായി.. "പിന്നെയെങ്ങനെ മായ ജെസ്സികയായി മാറി...? എങ്ങനെ ഇവിടെയെത്തപ്പെട്ടു..? എന്താണ് നിങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തിൽ പിന്നീട് സംഭവിച്ചത്?" എലീനക്ക് കഥയുടെ ബാക്കി അറിയാൻ തിടുക്കമായി. മായ ടേബിളിലിരുന്ന ക്യാപ്പച്ചിനോ എടുത്ത് അല്പം കുടിച്ചുകൊണ്ട് മന്ദഹസിച്ചു. "കൊടുംകാറ്റിനു മുൻപുള്ള ശാന്തതയെന്നൊക്കെ കേട്ടിട്ടില്ലേ... ഇതുവരെ നിങ്ങൾ കേട്ടത് അതാണ്. യഥാർത്ഥ കഥ ആരംഭിച്ചത് പിന്നീടാണ്.. ആ കഥ കാരണം എന്റെയും പാർഥിപന്റെയും അമ്മയുടെയും ജീവിതം തന്നെ മാറിമറിഞ്ഞു......." മായ പറഞ്ഞു. അവൾ ചെയറിലേക്ക് അല്പം ചാഞ്ഞിരുന്നു. ഓർമ്മകൾ പതിയെ പിന്നിലേക്ക് സഞ്ചരിച്ചു. സാഗറും എലീനയും ആ ഓർമ്മകളുടെ ബാക്കി കേൾക്കുവാനായി അക്ഷമരായി കാതോർത്തു.................കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story