Love Me Like You Do ❤️: ഭാഗം 12

Love Me Like You Do

രചന: ആദിത്യൻ മേനോൻ

മാളിലെ ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തുമ്പോൾ കൈകളിൽ നിറയെ കവറുകളുണ്ടായിരുന്നു. ഉമ്മറത്ത് വണ്ടി നിർത്തിയപ്പോൾ പതുക്കെ ഇറങ്ങി. വണ്ടിയിൽ തൂക്കിയിട്ട മറ്റു കവറുകൾ കൂടി പാർഥിപൻ അവളെയേല്പിച്ചു. "താൻ ചെല്ല്.. എനിക്ക് ചെറിയൊരു പണികൂടെ ബാക്കിയുണ്ട്.." പാർഥിപൻ വണ്ടി തിരിച്ച് പോകാനൊരുങ്ങവേ പറഞ്ഞു. കൂടുതലെന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ പാർഥിപന്റെ വണ്ടി റോഡിലേക്ക് കയറിയിരുന്നു. "ഇവനിതെങ്ങോട്ടാ..?" ബുള്ളറ്റിന്റെ ശബ്‌ദം കേട്ട് വന്നു നോക്കിയ വാസുകിയമ്മ പാർഥിപൻ തിരിച്ചു പോകുന്നത് കണ്ട് ചോദിച്ചു. "അറിയില്ല.. എന്തോ പണിയുണ്ടെന്ന് പറഞ്ഞു....." മായ പറഞ്ഞു. "ഉം.. അവൻ വന്നോളും. മോള് കേറിവാ.." വാസുകിയമ്മ ഇറങ്ങിവന്ന് കൈകളിൽ നിന്നും കുറച്ചു കവറുകൾ വാങ്ങിപ്പിടിച്ച് അകത്തേക്ക് കയറി.

പാർഥിപന്റെ വണ്ടി ചെന്നു നിന്നത് സിദ്ധാർഥന്റെ വീടിന്റെ മുറ്റത്തായിരുന്നു. വണ്ടി നിർത്തി ഇറങ്ങി നോക്കിയപ്പോൾ മുൻവശത്തെ വാതില് മലർക്കേ തുറന്നിട്ടിട്ടുണ്ട്. അവൻ മുന്നറിയിപ്പുകളേതുമില്ലാതെ തുറന്നിട്ട വാതിലിലൂടെ ജാഗ്രതയോടെ അകത്തേക്ക് പ്രവേശിച്ചു. അകത്താരുമുണ്ടായിരുന്നില്ല. ശ്രദ്ധയോടെ സിദ്ധാർഥന്റെ മുറി ലക്ഷ്യമാക്കി നടന്നു ചെന്നു. സിദ്ധാർഥനെ മുറിയിലും കണ്ടില്ല. കട്ടിലിനടിയിൽ നിന്നും മായയുടെ പെട്ടി വലിച്ചു പുറത്തെടുത്തു. മെല്ലെ തുറന്ന് അതിൽ നിന്നും അമ്മയുടെ മങ്ങിയ ഫോട്ടോ കയ്യിലെടുത്തു. അത് കണ്ട് കിട്ടിയതും അവന് വല്ലാത്തൊരു സന്തോഷം തോന്നി. അമ്മയെ ഓർമിക്കാൻ ആ ഒരൊറ്റ ഫോട്ടോ മാത്രമേ തന്റെ കയ്യിലുള്ളുവെന്ന് അവൾ പറഞ്ഞിരുന്നതാണ്. ഈ ഫോട്ടോക്ക് വേണ്ടിയാണ് താനിവിടെ വരെ വീണ്ടും വന്നത്.

ഫോട്ടോ ഷർട്ടിന്റെ പോക്കറ്റിലിട്ടു. പെട്ടിയടച്ച് കട്ടിലിനു താഴേക്ക് നീക്കി എണീറ്റതും പിന്നിൽ നിന്നും സിദ്ധാർഥന്റെ ചവിട്ടേറ്റ് കട്ടിലിലേക്ക് കമിഴ്ന്നു വീണു. അസഹ്യമായ വേദന സഹിച്ച് മലർന്നു കിടന്നു നോക്കിയപ്പോൾ ഒരു ഭ്രാന്തനെ പോലെ മുന്നിൽ നിന്നും തുറിച്ചു നോക്കുന്ന സിദ്ധാർഥനെ കണ്ടു. ചാടിയെഴുന്നേൽക്കുന്നതിന് തൊട്ടു മുന്നേ സിദ്ധാർഥൻ പാർഥിപന്റെ കാലുകളിൽ പിടിച്ച് വലിച്ചു. വലിയൊരു ശബ്ദത്തോടെ പാർഥിപൻ കട്ടിലിൽ നിന്നും നിലത്തേക്ക് തലയടിച്ചു വീണു. വേദനകൊണ്ടവൻ തലയ്ക്കു പിന്നിലായി കയ്യമർത്തി. സിദ്ധാർഥന്റെ കൈകളിൽ നിന്നും കാലുകളെ മോചിപ്പിക്കുവാൻ ശ്രമിച്ചു. പക്ഷേ ഭ്രാന്തുപിടിച്ചു നിൽക്കുന്നവന്റെ കരുത്തിനെ ജയിക്കുവാൻ അവനാവുന്നില്ല. പാർഥിപൻ നിലത്തിലൂടെ വലിച്ചിഴക്കപ്പെട്ടു. മുറിയുടെ വാതില് കടന്ന് പോകവേ അവൻ വാതിലിൽ പിടി മുറുക്കി. കാലുകൊണ്ട് ശക്തിയിൽ ആഞ്ഞു ചവിട്ടിയതും സിദ്ധാർഥൻ തെറിച്ചു വീണു പോയി. ചാടി എഴുന്നേറ്റുകൊണ്ട് വീണ കിടന്ന സിദ്ധാർഥനെ ഷർട്ടിനു പിടിച്ച് എഴുന്നേൽപ്പിച്ചു.

"പിന്നീന്നല്ല.. മുന്നീന്ന് അടിക്കെടാ...!" പാർഥിപൻ പറയുമ്പോൾ സിദ്ധാർഥനാകെ കോപം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. വീശിയടിക്കാനായി പറന്ന സിദ്ധാർഥന്റെ കൈ പാർഥിപൻ നിഷ്പ്രയാസം കൈകൊണ്ട് തടുത്തു. "മായയെന്റെ ഭാര്യയാണെന്ന് ഞാൻ നിന്നോട് മുന്നേ പറഞ്ഞതല്ലെടാ നായേ..." സിദ്ധാർഥൻ നടുവകത്ത് കിടന്നിരുന്ന കസേരയെടുത്ത് പാർഥിപന് നേരെ എറിഞ്ഞു. "മായ നിനക്ക് ഭാര്യയായിരുന്നോ അതോ അടിമയായിരുന്നോ എന്ന് നീ തന്നെയൊന്ന് ചിന്തിച്ചു നോക്ക്..." പാർഥിപൻ പെട്ടെന്ന് തന്നെ തെന്നിമാറിയതും കസേര പറന്നുചെന്ന് മതിലിൽ തട്ടി നിലത്ത് വീണു. "രണ്ടിനേം ഞാൻ വെറുതെ വിടുമെന്ന് കരുതണ്ട. വച്ചേക്കില്ല ഞാൻ..... പ്രത്യേകിച്ച് അവളെ... അവളെ എന്റെ കയ്യിൽ കിട്ടുന്നൊരു സമയം വരും. അന്നവൾ നരകിക്കും." സിദ്ധാർഥൻ വെല്ലുവിളി പോലെ ശബ്ദമുയർത്തി പറഞ്ഞപ്പോൾ പാർഥിപന് ദേഷ്യമിരച്ചു കയറി. ഇരമ്പിവന്ന കോപത്താൽ പാർഥിപൻ സിദ്ധാർഥന്റെ നേർക്ക് പാഞ്ഞടുത്തു. സിദ്ധാർഥൻ വിചാരിക്കുന്നതിന് തൊട്ടു മുൻപേ മുഷ്ടി ചുരുട്ടിക്കൊണ്ടവന്റെ മൂക്കിന് ശക്തിയിൽ ഇടിച്ചു.

അലറിക്കൊണ്ട് സിദ്ധാർഥൻ മൂക്ക് പൊത്തി താഴെ ഇരുന്നു പോയി. പൊത്തിപ്പിടിച്ച കൈകൾക്കിടയിലൂടെ ചോരയൊലിച്ചു. "ഇനി നിന്റെയൊരു നോട്ടം കൊണ്ടെങ്കിലും നീയവളെ വേദനിപ്പിക്കാൻ ശ്രമിച്ചാൽ പിന്നെ നിനക്ക് എഴുന്നേറ്റ് നടക്കാനാവില്ല.. ഞങ്ങളുടെ ജീവിതത്തിന്റെ ഏഴയലത്ത് പോലും നിന്നെ ഞാൻ കണ്ടുപോകരുത്.." പാർഥിപൻ കോപത്തോടെ സിദ്ധാർഥന്റെ നേർക്ക് വിരൽ ചൂണ്ടി താക്കീതു ചെയ്തു. തിരിഞ്ഞു നടക്കാൻ തുടങ്ങിയ പാർഥിപന്റെ കാൽ സിദ്ധാർഥൻ പിടിച്ചു വലിച്ചു. അവൻ നിലത്തേക്ക് വീണതും സിദ്ധാർഥൻ പാർഥിപന്റെ ദേഹത്തേക്ക് ചാടിക്കൊണ്ട് കഴുത്തിൽ കയ്യമർത്തി. "സ്വന്തം ഭർത്താവിനെ വിട്ട് വേറൊരുത്തന്റെ കൂടെ ഇറങ്ങിപ്പോയ ആ തേവിടിശ്ശിയെ ഞാൻ വെറുതെ വിടാനോ....?????" സിദ്ധാർഥൻ അലറിക്കൊണ്ട് പറയുമ്പോൾ അവന്റെ മൂക്കിൽ നിന്നും ഒലിച്ച ചോര മുഖമാകെ പരന്നിരുന്നു..

അവൻ പറഞ്ഞത് കേട്ടതും പാർഥിപൻ അലറിക്കൊണ്ട് സിദ്ധാർഥന്റെ മുടിപിടിച്ചു വലിച്ചു. വേദനയാലെ പാർഥിപനെ മോചിപ്പിച്ച സിദ്ധാർഥന്റെ ചെകിടടിച്ചു പോകുംവിധം മുഖത്ത് ആഞ്ഞടിച്ചു. "നിന്നെ കൊല്ലാനുള്ള ദേഷ്യമെനിക്കുണ്ട്. നീയവളെ വേദനിപ്പിച്ചതുപോലെ നിന്നെ വേദനിപ്പിച്ചു വേദനിപ്പിച്ചു കൊല്ലാൻ എന്റെ കൈ തരിക്കുന്നുണ്ട്. ഞാനത് ചെയ്യാത്തത് എന്തുകൊണ്ടാണെന്നറിയാമോ? എന്നേ വിശ്വസിച്ച് ഇറങ്ങി വന്നൊരു പെണ്ണുണ്ട്. അവളുടെ കണ്ണിനിയും നനയാതിരിക്കാനാണ്. അതുകൊണ്ട് എന്റെയൊരു മനഃസമാധാനത്തിന് വേണ്ടി നീയിത് വച്ചോ ഇല്ലെങ്കിൽ എനിക്ക് രാത്രി കിടന്നാൽ ഉറക്കം വരില്ല." അത്രയും പറഞ്ഞശേഷം പാർഥിപൻ സിദ്ധാർഥന്റെ വലത്തേക്കാൽമുട്ടിൽ ചവിട്ടിപ്പിടിച്ചുകൊണ്ട് കാലുപിടിച്ചു തിരിച്ചു. സിദ്ധാർഥൻ ഒരലർച്ചയോടെ വേദന സഹിക്കാനാവാതെ കരഞ്ഞു. നിവർത്താൻ ശ്രമിച്ചിട്ടും കഴിയാതെ സിദ്ധാർഥന്റെ കാൽ വളഞ്ഞു കിടന്നു.

തറയിൽ കൈവച്ച് തുടരെ തുടരെ അടിച്ചുകൊണ്ട് സിദ്ധാർഥൻ ആ വേദന കടിച്ചമർത്താൻ പാടുപെട്ടു. അവന്റെ കരച്ചിലും അലർച്ചയും കേട്ട് സംതൃപ്തിയോടെ പാർഥിപൻ തിരിഞ്ഞു നടന്നു. കോലായയിലേക്കെത്തിയതും എന്തോ ഓർത്തതുപോലെ ഒന്ന് നിന്നു. ശേഷം തിരിഞ്ഞു നോക്കി. "ആണിന് തല്ലാനും നിയന്ത്രിക്കാനുമുള്ള ഒരടിമയല്ല പെണ്ണ്. അവൾക്കും ആണിനെപ്പോലെ തന്നെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ടാവും. അതൊന്നും മനസ്സിലാക്കാതെ ആണിന്റെ കാര്യങ്ങള് നോക്കി നടക്കാനുള്ളതാണ് പെണ്ണ്, ഭാര്യ എന്നൊക്കെ ചിന്തിക്കുന്ന നിന്നെപ്പോലുള്ള ആണുങ്ങളുടെ കാലമൊക്കെ തീർന്നെടാ. ആണിന്റെ, ഭർത്താവിന്റെ ഇഷ്ടങ്ങളും തീരുമാനങ്ങളും അനുസരിച്ച് സ്വന്തം ആഗ്രഹങ്ങൾ മാറ്റിവെച്ച് ജീവിക്കേണ്ടവളാണ് പെണ്ണെന്ന് ചിന്തിക്കുന്ന മായയെ പോലുള്ള സ്ത്രീകളുടെ കാലവും കഴിഞ്ഞു.

മായയെ ഞാൻ മാറ്റിയെടുക്കും. അവൾക്ക് ഇഷ്ടമുള്ളത് ചെയ്ത്, അവൾക്ക് ആഗ്രഹമുള്ളത് ചെയ്ത് ജീവിക്കാൻ ഞാനവളെ പഠിപ്പിക്കും. പറ്റുമെങ്കിൽ ചാവുന്നതിന് മുന്നേ നീയുയൊന്ന് നന്നാവാൻ നോക്ക്. കൈവിട്ടു കളഞ്ഞത് മാണിക്യമാണെന്ന് തിരിച്ചറിയാൻ നോക്ക്...." ഒടിഞ്ഞ കാല് പിടിച്ച് വേദന സഹിച്ചുനിന്ന സിദ്ധാർഥനെ നോക്കി അത്രയും പറഞ്ഞിട്ട് പാർഥിപൻ മുറ്റത്തേക്കിറങ്ങി. വണ്ടിയെടുത്തു പോകാൻ നേരം അനുവേച്ചിയെ കണ്ടു. "നേരത്തേ ഇങ്ങോട്ട് വണ്ടിയില് വരുന്നത് ഞാൻ കണ്ടതാണ്. ഇറങ്ങിവരുമ്പോ കാണാമെന്ന് കരുതി വിളിക്കാഞ്ഞതാ..." അനുവേച്ചി പറഞ്ഞു. പാർഥിപൻ ഒന്ന് ചിരിച്ചു. "അവളെ ഞാനെന്റെ വീട്ടിലേക്ക് കൊണ്ടുപോയി... അവളുടെ അമ്മയുടെ ഫോട്ടോ എടുക്കാൻ വന്നതായിരുന്നു ഞാൻ......" പാർഥിപൻ പോക്കറ്റിൽ കയ്യിട്ട് ഫോട്ടോ പുറത്തേക്കെടുത്തു കാണിച്ചു. അനുവേച്ചി സന്തോഷം കൊണ്ട് ചുണ്ടുകൾ വിടർത്തി. "അവളീ വീട്ടിൽ കിടന്ന് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

വേദനയുടെ അങ്ങേയറ്റം വരെ കണ്ടിട്ടുണ്ട് അവൾ. പാർഥിപനോട് ഇതൊന്നും പറഞ്ഞ് തരേണ്ടെന്ന് അറിയാം. അവളുടെ മുഖത്തെ ചിരി ഒരിക്കലും മായാതെ നോക്കണം. അവളത്രയും സ്നേഹവും സന്തോഷവും സമാധാനവും അർഹിക്കുന്നുണ്ട്...." അനുവേച്ചി പറഞ്ഞു. പാർഥിപൻ അത് കേട്ട് മന്ദഹസിച്ചുകൊണ്ട് തലതാഴ്ത്തി. "മാതുമോള് എവിടെ?" "അവളെ ഞാൻ ഉറക്കിയേക്കുവാ.. ഞാൻ നിന്നെ കണ്ടപ്പോ ഇങ്ങ് പോന്നതാ.." അനുവേച്ചി വീട്ടിലേക്ക് തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു. "ഉം.... ഇനി അമ്മൂനെ കാണാൻ അവളേം കൊണ്ട് അങ്ങോട്ട് വരണം ട്ടോ..." "അതുറപ്പാ.. അമ്മൂനെ ഇടക്കിടക്ക് കണ്ടില്ലെങ്കിൽ അവളെനിക്ക് ഇരിക്കപ്പൊറുതി തരില്ല. ഏതായാലും എല്ലാം നല്ല രീതിക്ക് അവസാനിച്ചല്ലോ.." അനുവേച്ചി നെഞ്ചത്ത് കൈവച്ചുകൊണ്ട് ആശ്വസിച്ചു. "ഒരു ഒന്നുരണ്ട് മാസത്തേക്ക് ഇവിടെന്നും ശല്യമുണ്ടാവാൻ സാധ്യതയില്ല."

അകത്തേക്ക് നോക്കിക്കൊണ്ട് ചിരിയാലെ പറഞ്ഞപ്പോൾ അതിലെ പൊരുൾ മനസിലാക്കിയ അനുവേച്ചി ഒന്ന് ചിരിച്ചു. "അങ്ങനാണേൽ രണ്ടുമാസം കൂടുമ്പോ കൂടുമ്പോ ഇവിടെ വന്ന് ഓരോ ഡോസ് കൊടുക്കുന്നതാവും നല്ലത്. അല്ലാതെ അവൻ അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല. അത്രക്ക് മൃഗമാണ്.. അമ്മുവെന്ന് പറഞ്ഞാൽ ഭ്രാന്താണ് അവന്...." അനുവേച്ചി അത് പറയുമ്പോൾ അവരുടെ മുഖത്ത് സിദ്ധാർഥനോടുള്ള വെറുപ്പ് പടർന്നു. വീട്ടുമുറ്റത്ത് വണ്ടി നിർത്തിയപ്പോൾ ശബ്‌ദം കേട്ട് ഉമ്മറത്തേക്ക് ഓടിവന്ന മായയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കാട്ടി. പിന്നാലെ അമ്മയും വന്നു. വണ്ടിയിറങ്ങി അകത്തേക്ക് കയറവേ എവിടെപ്പോയതായിരുന്നുവെന്ന് അമ്മ ചോദിച്ചു. "ഒരാളെയൊന്ന് ഉപദേശിച്ച് നന്നാക്കാൻ പോയതാ.." പാർഥിപൻ താടി തടവിക്കൊണ്ട് പറഞ്ഞു. ഉദ്ദേശിച്ചതെന്താണെന്ന് വാസുകിയമ്മക്ക് മനസ്സിലായെങ്കിലും മായക്ക് മനസ്സിലായില്ല. "ഉം.. എന്നിട്ട്?.. എത്ര നാള് വരെ നന്നായി നടക്കുമെന്നാ തോന്നുന്നേ?" അമ്മ തിരിച്ചു ചോദിച്ചു. "ഒരു രണ്ട് മാസത്തേക്ക് നന്നാവും.

രണ്ട് മാസം കഴിഞ്ഞാ ചിലപ്പോ ഒന്നൂടെ ഉപദേശിക്കേണ്ടി വരും. " പാർഥിപൻ ചിരിച്ചു... ആ ചിരി അമ്മയിലേക്കും പടർന്നു പിടിച്ചു. അമ്മയും മകനും പറയുന്നതെന്തെന്ന് മനസിലാവാതെ മായ കൗതുകം കൂറി നിന്നു. അമ്മ അകത്തേക്ക് നടക്കവേ പിന്നാലെ ചെന്നവളുടെ കൈപിടിച്ച് തന്നോട് അടുപ്പിച്ചു. അവൾ അമ്പരന്നുകൊണ്ട് വാസുകിയമ്മയെ തിരിഞ്ഞു നോക്കി. അമ്മ അപ്പോഴേക്ക് അടുക്കളയിലേക്ക് കയറിപ്പോയിരുന്നു. ഒരുനിമിഷമവൻ കണ്ണിമ ചിമ്മാതെ അവളെ നോക്കി നിന്നു. അവളുടെ നെറ്റിയിലേക്ക് വീണ മുടിയിഴകൾ അയാൾ പതുക്കെ വിരലുകൊണ്ട് ചെവിക്കു പിന്നിലേക്ക് ഒതുക്കിവച്ചപ്പോൾ അവൾ നാണത്തോടെ കണ്ണുകൾ താഴ്ത്തി. "ഒരു കാര്യം കാണിച്ചു തരട്ടെ..?" പാർഥിപൻ ചോദിച്ചപ്പോൾ കൗതുകത്തോടെ തലപൊക്കി നോക്കി. പാർഥിപൻ ചിരിച്ചുകൊണ്ട് പോക്കറ്റിൽ നിന്നും ഫോട്ടോയെടുത്ത് പൊത്തിപിടിച്ചു.

പെണ്ണിന്റെ മുഖത്ത് കൗതുകം പരക്കുന്നത് കണ്ട് അവന് സന്തോഷം തോന്നി. പതുക്കെ മറച്ചുപിടിച്ച കൈമാറ്റി ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ അത്ഭുതവും സങ്കടവും സന്തോഷവും സ്നേഹവും മുഖത്ത് തിങ്ങിനിറയുന്നത് കണ്ടു. ഫോട്ടോ കയ്യിൽ വാങ്ങവേ അമ്മയും പാർഥിപനും നേരത്തേ സംസാരിച്ച സംഭാഷണത്തിന്റെ പൊരുൾ അവൾക്ക് മനസ്സിലായി. കലങ്ങിയ കണ്ണുകളോടെ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. സ്നേഹത്തോടെ അവളെ അവൻ തിരികെ പുണർന്നു. അവന്റെ മുഖം കൈകളിലെടുത്തുകൊണ്ട് കണ്ണുകളിൽ അമർത്തി മുത്തി. അവളുടെ കൈകളിൽ അന്നേരമവൻ ഒരു കൊച്ചു കുഞ്ഞിനെ പോലെ ഒതുങ്ങി നിന്നു.............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story