Love Me Like You Do ❤️: ഭാഗം 13

Love Me Like You Do

രചന: ആദിത്യൻ മേനോൻ

പാർഥിപൻ വാങ്ങിത്തന്ന വസ്ത്രങ്ങൾ അലമാരയിൽ ഒതുക്കി വച്ചു. കുളി കഴിഞ്ഞ് പുത്തൻ വസ്ത്രമണിഞ്ഞ് ഇറങ്ങിയപ്പോൾ ഒരു നാഗം തന്റെ പഴക്കം ചെന്ന ഉറയൂരിക്കളഞ്ഞ് പുതിയ ഉറ സ്വീകരിച്ച പ്രതീതി തോന്നി. തെളിഞ്ഞ കണ്ണാടിക്ക് മുന്നിൽ നിന്ന് നനഞ്ഞ മുടി തുവർത്തി. കണ്ണ് നീട്ടിയെഴുതവേ പാർഥിപൻ മുറിക്കകത്തേക്ക് പ്രവേശിച്ചു. കണ്ണാടിക്കുള്ളിലൂടെ കണ്ണുകൾ കൂട്ടിമുട്ടി. അവന്റെ കണ്ണുകൾ അവളുടെ കരിമിഴികളിൽ കുരുങ്ങി നിന്നു. പെട്ടെന്ന് കണ്ണുകൾ അടർത്തി മാറ്റി ഒന്ന് പുഞ്ചിരിച്ചുകൊണ്ടവൻ മുറിവിട്ട് നടന്നകന്നു. പോകവേ അവന്റെ മുഖത്ത് പ്രേമം കൊണ്ടൊരു ചിരി മൊട്ടിട്ടു. "മായ ഡിഗ്രി കഴിഞ്ഞ് പിന്നീട് പഠിച്ചില്ലേ?" പാർഥിപൻ ചോദിച്ചു. ഭക്ഷണം കഴിക്കാനിരുന്നപ്പോഴായിരുന്നു ആ സംഭാഷണം. ഇല്ലെന്ന് തലയനക്കി. "പെൺകുട്ടിയായോണ്ട് ഇത്രയൊക്കെ പഠിച്ചാ മതിയെന്നും എത്രയൊക്കെ പഠിച്ചാലും അവസാനം കേറിചെല്ലേണ്ടത് ഏതെങ്കിലുമൊരു അടുക്കളയിലേക്കാണെന്നും അച്ഛമ്മ പറഞ്ഞു."

അത് പറയുമ്പോൾ മുഖത്താകെ നിരാശ പരന്നു. വാടിയ മുഖത്തോടെ പ്ലേറ്റിലേക്ക് നോക്കി. "മായക്ക് ഇനീം തുടർന്ന് പഠിക്കാൻ ഇഷ്ടാണോ?" അമ്മയുടെ ചോദ്യം കേട്ട് തലയുയർത്തി നോക്കി. ചിരിച്ചുകൊണ്ടിരുന്ന അമ്മയേയും മകനെയും മാറിമാറി നോക്കി. "പഠിച്ചൊരു ജോലിയൊക്കെ വാങ്ങണ്ടേ നമ്മക്ക്?" പാർഥിപൻ ചിരിച്ചുകൊണ്ട് ചോദിച്ചു. കേട്ടപ്പോൾ കണ്ണ് നിറഞ്ഞു വന്നു. "പക്ഷെ അമ്മയിവിടെ ഒറ്റക്കല്ലേ.." മായ ചോദിച്ചു. "ഓ പിന്നെ.. ഈ കാലിനു വയ്യായ്ക ഇല്ലായിരുന്നേൽ ഞാനും വന്നേനെ നിന്റെ കൂടെ കോളേജിലു പഠിക്കാൻ.. മോള് ധൈര്യമായിട്ട് പൊക്കോ.! ഇവിടെയിനി ഇവൻ ഇല്ലെങ്കിൽ പോലും ഞാനൊറ്റക്ക് ജീവിക്കും. എനിക്കതിനുള്ള ധൈര്യമൊക്കെയുണ്ട്. ആ ധൈര്യം മോൾക്കും വരണം. ആരുമില്ലാത്ത കാലത്ത് ഒറ്റക്ക് ജീവിക്കാൻ പഠിക്കണം. അതോണ്ടാ പഠിച്ചൊരു ജോലി വാങ്ങാൻ പറഞ്ഞത്." വാസുകിയമ്മ ചിരിച്ചുകൊണ്ട് തലയുയർത്തി പറഞ്ഞു. പാർഥിപൻ കേൾക്കവേ ഇടയ്ക്കിടെ അവളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

"ഞാൻ പഠിക്കാൻ പൊക്കോട്ടെ?" പാർഥിപനെ നോക്കി ചോദിച്ചു. "പോകണ്ട...!" പാർഥിപൻ പെട്ടെന്ന് പറഞ്ഞ മറുപടി കേട്ട് ചെറുതായി ഒന്നമ്പരന്നു. പതുക്കെ അമ്പരപ്പോടെ തല താഴ്ത്തി. ദേഷ്യത്തോടെ കസേര വലിച്ച് പാർഥിപൻ മുകളിലേക്ക് കയറിയപ്പോൾ വാസുകിയമ്മയുടെ മുഖത്തും തെല്ലു ഗൗരവമുണ്ടായത് അവൾ ശ്രദ്ധിച്ചു. പതുക്കെ എഴുന്നേറ്റ് പാർഥിപനു പിന്നാലെ ചെന്നു. അവളെഴുന്നേറ്റു പോയതും അമ്മയുടെ അടക്കിവച്ച ചിരി പുറത്തു വന്നു. അവർ ശബ്ദമുണ്ടാക്കാതെ വായ പൊത്തി വച്ചു. മുറിയിലേക്ക് ചെന്നു നോക്കിയപ്പോൾ ജനലരികിൽ കയ്യും കെട്ടി ഗൗരവത്തിൽ പുറത്തേക്ക് നോക്കി നിൽക്കുന്നത് കണ്ടു. പിന്നാലെ ചെന്ന് തോളിലായി കൈവച്ചു. "ഇയാൾക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ പോവില്ല.. അതിനെന്തിനാ കഴിക്കുന്നതിനിടക്ക് എഴുന്നേറ്റു വന്നത്.." കേട്ടപ്പോൾ അവൻ ഒന്ന് തിരിഞ്ഞു നോക്കി. അവന്റെ മുഖത്തപ്പോഴും ഗൗരവമുണ്ടായിരുന്നു. ഒരു കൊച്ചു കുഞ്ഞിനെ പോലെ അവനു മുന്നിൽ നിന്ന് തലതാഴ്ത്തി നിൽക്കുന്നവളെ കണ്ട് അവൻ നിയന്ത്രിക്കാനാവാതെ പെട്ടെന്ന് ചിരിച്ചുപോയി.

അവന്റെ ചിരി കേട്ട് അവൾ കൗതുകത്തോടെ തല പൊക്കി നോക്കി. അപ്പോളവൻ അവളുടെ താടിത്തുമ്പൊന്ന് പതുക്കെ പിടിച്ചുയർത്തി. "എടോ.. താൻ പഠിക്കാൻ പോകുന്നതിൽ എനിക്കെന്ത് പ്രശ്നമാടോ?" അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു. "ഈ ദേഷ്യം കാണിച്ചത് അതിനല്ല. പഠിക്കാൻ പൊക്കോട്ടെ എന്ന് എന്നോട് ചോദിച്ചതിനാണ്..! മായ മായയുടെ ഒരു കാര്യത്തിനും എന്നോട് സമ്മതം ചോദിക്കേണ്ട കാര്യമില്ല. എന്നോടെന്നല്ല, ആരോടും സമ്മതം ചോദിക്കേണ്ട കാര്യമില്ല. മായക്കിഷ്ടമുള്ളതൊക്കെ ചെയ്യാനുള്ള സ്വാതന്ത്ര്യം മായക്കുണ്ട്. എല്ലാർക്കും ആ സ്വാതന്ത്ര്യം ഉണ്ട്. സ്വന്തം സ്വാതന്ത്ര്യം ആരുടേയും കയ്യിൽ കൊടുക്കാതെ ഇങ്ങനെ സ്വന്തം കയ്യില് മുറുക്കി പിടിച്ചിട്ട് വേണം ജീവിക്കാൻ...." പാർഥിപൻ സ്വന്തം കൈചുരുട്ടി നെഞ്ചിലേക്ക് ചേർത്തു വച്ചുകൊണ്ട് പറഞ്ഞു.

അത് കേൾക്കവേ അവൾക്കിത്തിരി അഭിമാനം തോന്നി. "മായക്ക് ഇനി എവിടേക്കെങ്കിലും പോകണമെന്നാണെങ്കിൽ കൂടിയും എന്നോട് അനുവാദം ചോദിക്കേണ്ട കാര്യമൊന്നുമില്ല. എവിടേക്കാണ് പോകുന്നതെന്ന് പറഞ്ഞിട്ട് പോകുവാണേൽ എനിക്ക് ടെൻഷനും ഉണ്ടാവില്ല. ഇനി പറഞ്ഞില്ലെന്നു വച്ചു വിഷമവും വിചാരിക്കില്ല. പക്ഷെ പോകാൻ വേണ്ടി അനുവാദം മാത്രം ഒരിക്കലും ചോദിക്കരുത്. കാരണം മായക്ക് എന്നെപോലെ തന്നെ അതിനൊക്കെയുള്ള എല്ലാ അവകാശങ്ങളുമുണ്ട്.." അയാൾ ചിരിച്ചു. ഓരോ തവണയും തന്നെ അയാൾ ഓരോ പാഠങ്ങൾ പഠിപ്പിക്കുകയാണെന്ന് അവൾ തിരിച്ചറിഞ്ഞു. അയാളാണ് തന്റെ ജീവിതത്തിന്റെ ഏറ്റവും അവസാനത്തെ മനോഹരമായ അദ്ധ്യായമെന്ന് അവൾ മനസ്സിലാക്കി. അവൾക്കയാളോട് അതിയായ സ്നേഹം തോന്നി. അവൾ തിടുക്കത്തിൽ അവനെ കെട്ടിപ്പിടിച്ചു. സ്നേഹത്തോടെയാവൻ അവളുടെ തലയിൽ തലോടി. അവന്റെ കരവലയത്തിനുള്ളിൽ നിന്നുമവൾ തലയുയർത്തി അവനെ നോക്കി. പതുക്കെ അവന്റെ കവിളിൽ പിടിച്ചുകൊണ്ട് അവന്റെ ചുണ്ടുകൾക്ക് നേരെ അവളുടെ മുഖമടുത്തു.

അപ്പോളവന്റെ ദേഹത്തിന് ചൂടുപിടിച്ചു. അവന്റെ ഹൃദയമിടിപ്പ് വർധിച്ചുവരുന്നത് അവൾ കേട്ടു. സ്വന്തം ഹൃദയം പൊട്ടിത്തെറിക്കാറായെന്ന് അവൻ ഭയന്നു. തൊണ്ടക്കുഴിയാകെ വറ്റി വരണ്ടു. ചുണ്ടുകൾ വിറച്ചു. പതുക്കെ ആ പെണ്ണിന്റെ ചുണ്ടുകൾ അവന്റെ ചുണ്ടുകളെ സ്പർശിക്കവേ ഇടിമിന്നലേറ്റതുപോലെ അവൻ വിറച്ചു. കണ്ണുകൾ മെല്ലെയടഞ്ഞു.. അവളെയവൻ തന്നിലേക്ക് വലിച്ചടുപ്പിച്ചു. അവളുടെ ഇടുപ്പിലും കവിളിലും കൈകൾ വച്ചുകൊണ്ടവൻ അവളുടെ അധരങ്ങളെ മനോഹരമായി ചുംബിച്ചു. അവളോടുള്ള ഒടുങ്ങാത്ത പ്രേമം കൊണ്ടവന്റെ സിരകളിൽ തീ പിടിച്ചു. അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ നിന്നും ഊർന്നൊലിച്ച് കഴുത്തിലേക്ക് ഒഴുകിയെത്തി. അവളുടെ കഴുത്തിൽ മെല്ലെ മുഖമുരസി ചുംബിച്ചു. അവന്റെ താടിരോമങ്ങളുടെ മൂർച്ച പതിഞ്ഞ്, അവന്റെ ചുംബനത്തിന്റെ ചൂടേറ്റ് അവളവനിൽ ലയിച്ചുപോയി. ചുംബനത്തിന്റെ ചൂടാറിയപ്പോൾ അവൻ പതുക്കെ അവളിൽ നിന്നും അടർന്നു മാറി. മെല്ലെ കണ്ണുകൾ തുറന്ന് പരസ്പരം നോക്കി.

അവന്റെ മുഖമന്നേരം സന്തോഷം കൊണ്ടും സ്നേഹം കൊണ്ടും ചുവന്നിരുന്നു. അവളവന്റെ കൈകളിൽ മെല്ലെ പിടിച്ചുകൊണ്ട് കട്ടിൽ ലക്ഷ്യമാക്കി നടന്നു. അവൻ മെല്ലെയവളെ പിടിച്ചു നിർത്തി.. "നിനക്ക് ഉറപ്പാണോ.....?" അവന്റെ ചോദ്യം! ആ ചോദ്യം കേട്ട് പുഞ്ചിരിച്ചുകൊണ്ടവൾ അതേയെന്ന് തലയാട്ടി മുന്നോട്ട് നീങ്ങി.. ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 ജനൽപ്പാളികൾക്കുള്ളിലൂടെ നേരിയ വെയിലുതുപ്പ് മുഖത്തേക്ക് വീഴവേ പാർഥിപന്റെ നഗ്നമായ മാറിടത്തിൽ കിടന്നിരുന്നവൾ മെല്ലെ ഉറക്കമുണർന്നു. അവളെ ചേർത്തുപിടിച്ചുകൊണ്ട് ഒരു കൊച്ചു കുഞ്ഞിനെ പോലെ ഉറങ്ങിക്കൊണ്ടിരുന്നവനെ തലയുയർത്തി നോക്കവേ അവളുടെ മുഖത്തൊരു ചിരി പരന്നു. അവന്റെ മീശത്തുമ്പുകൾ കയ്യെത്തിക്കൊണ്ടവൾ പിരിച്ചുവച്ചു. കവിളിൽ കുറ്റിതാടികൾക്ക് മീതെയായി അവൾ മൃദുലമായി ചുണ്ടുകളമർത്തി. പെട്ടെന്നവൻ കണ്ണുതുറക്കാതെ തന്നെ ഒരു ചിരിയോടെ മറുകരണം കാണിച്ചു കൊടുത്തു. "ഇവിടേം വേണം... ഒരു കരണത്തടിച്ചാൽ മറുകരണം കാണിച്ചു കൊടുക്കണമെന്നല്ലേ ഗാന്ധിജി പറഞ്ഞത്.."

അത് കേട്ട് അവൾക്ക് ചിരി വന്നു. "ആണോ...?" അവളവനെ തള്ളിമാറ്റിക്കൊണ്ട് പുതപ്പുകൊണ്ട് തന്റെ നഗ്നദേഹം മൂടിപ്പുതച്ച് ബാത്‌റൂമിലേക്ക് എഴുന്നേറ്റ് ഓടി. അവൻ അവൾ പോകുന്നത് കണ്ട് പ്രേമത്തോടെ ചിരിച്ചു. കുളി കഴിഞ്ഞിറങ്ങവേ വാതിലിനരികിലായി തന്നെ പാർഥിപൻ കുളിക്കുവാനായി തോർത്തുമുടുത്തു കാത്തു നിൽപ്പുണ്ടായിരുന്നു. കുളി കഴിഞ്ഞ് ഒരു മഞ്ഞ സൽവാറ് ധരിച്ച് തോർത്ത് തലയിൽ ചുറ്റിക്കെട്ടി ഇറങ്ങി വരുന്നവളെ കണ്ട് വഴിമാറിക്കൊടുക്കാൻ പോലും മറന്ന് അവൻ നോക്കി നിന്നു. വഴിയിൽ നിന്നും മാറാതെ തന്നിൽ കണ്ണു കുരുക്കി നിൽക്കുന്നവനെ നോക്കി അവൾ ചിരിയോടെ കണ്ണുരുട്ടി കാട്ടി. "പല്ലുതേച്ച നീയും പല്ല് തേക്കാത്ത ഞാനും.. നന്നായിരിക്കും അല്ലേ.." അവൻ അവൾക്കരികിലേക്ക് തമാശയോടെ നീങ്ങിത്തുടങ്ങിയതും അവൾ ഇടയിലൂടെ തെന്നിമാറിക്കളഞ്ഞു. ഇപ്പുറത്തേക്കെത്തിയതും അവനെ തിരിഞ്ഞു നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് മുറിവിട്ട് ഇറങ്ങിയോടി. അവനതെല്ലാം നോക്കി നിന്നുകൊണ്ട് പതുക്കെ മന്ദഹസിച്ചു...

ഹാളിലെത്തിയപ്പോൾ അമ്മ ടീവിയും കണ്ടുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. ഇറങ്ങിച്ചെന്ന് കൂടെയിരിക്കാൻ നേരം ഡോർ ബെല്ലിന്റെ ശബ്‌ദം മുഴങ്ങി. "സ്വിഗ്ഗിയിൽ നിന്ന് ഡെലിവറി ബോയ് ആവും. ഇന്ന് ഭക്ഷണമുണ്ടാക്കാൻ എനിക്കൊരു മൂഡ് ഉണ്ടായില്ല. ഞാൻ നമുക്ക് മൂന്നുപേർക്കും ഓരോ മസാല ദോശ ഓർഡർ ചെയ്തു. മോളതൊന്നു പോയി വാങ്ങിക്കൂ." അമ്മ പറഞ്ഞു. ഉമ്മറത്തെ ഡോർ തുറന്നു നോക്കിയപ്പോൾ സ്വിഗി തന്നെയായിരുന്നു. അവരുടെ കയ്യിൽ നിന്നും ഫുഡ്‌ വാങ്ങിയപ്പോൾ പൈസ കൊടുക്കണ്ടേ എന്നോർത്തു. "പൈസ ഞാൻ ആൾറെഡി പേ ചെയ്തിട്ടുണ്ടേ...." വാസുകിയമ്മ അകത്തു നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു. ഡെലിവറി ചെയ്ത് ഡെലിവറി ബോയ് പോയ ശേഷം അകത്തേക്ക് കയറി വന്നു. "അവനെന്ത്യേ.?" "കുളിക്കാൻ കേറിയിട്ടുണ്ട്.." അവൾ പറഞ്ഞുകൊണ്ട് അമ്മയുടെ അടുത്തായി ഇരുന്നു. "ഇന്നലെ അവനോട് അനുവാദം ചോദിച്ചതിന് ദേഷ്യം പിടിച്ച് എണീറ്റു പോയിട്ട് വല്ലതും പറഞ്ഞോ?" അമ്മ ചോദിച്ചു. "ഏയ്‌.. ഇനി ഒരു കാര്യത്തിനും അനുവാദം ചോദിക്കേണ്ട കാര്യമില്ലാന്ന് പറഞ്ഞു.."

അവൾ ചിരിച്ചു. "അല്ലേലും നമ്മൾ സ്വന്തം കാര്യത്തിന് വേറൊരാളോടും അനുവാദം ചോദിക്കേണ്ട ആവശ്യമില്ല. പ്രത്യേകിച്ച് സ്ത്രീകള് ഭർത്താക്കന്മാരോട് അനുവാദം ചോദിക്കുന്നത് കണ്ടിട്ടില്ലേ? എന്തിനാണങ്ങനെ ചെയ്യുന്നത്. ഈ ഭർത്താക്കന്മാർ ഇങ്ങനെ ഭാര്യമാരോട് അനുവാദം ചോദിച്ചിട്ടാണോ അവരുടെ കാര്യങ്ങള് ചെയ്യുന്നത്? അല്ല... അപ്പൊ പിന്നെ ഭാര്യമാരും ചോദിക്കേണ്ട ഒരു കാര്യവുമില്ല. മനുഷ്യരൊക്കെ സ്വാതന്ത്ര്യത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ..." അമ്മ പറഞ്ഞു. ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 "ഓഹ് മൈ ഗോഡ്... ഓ മൈ ഗോഡ്....... ദിസ്‌ ഈസ്‌ അമേസിങ്! പെണ്ണുങ്ങളൊക്കെ പാർഥിപന്റെ അമ്മയെപ്പോലെ ആയിരുന്നെങ്കിൽ ഈ ലോകം എന്ത് അടിപൊളി ആയേനെ അല്ലേ...." എലീന ഇരുന്നിടത്തുനിന്നും എഴുന്നേറ്റുകൊണ്ട് പരിസരം മറന്ന് അല്പം ഉച്ചത്തിൽ പറഞ്ഞു. സാഗറും മായയും അവളോട് ശബ്‌ദം താഴ്ത്താൻ പറഞ്ഞുകൊണ്ട് പിടിച്ചിരുത്തി ചുറ്റിനും നോക്കി. റെസ്റ്റോറന്റിലെ മറ്റു കസ്റ്റമർസ് എല്ലാവരും എലീനയെ കൗതുകത്തോടെ നോക്കി.

"വീ ആർ സോ സോറി... ശീ ഈസ് എ ലിറ്റിൽ ബിറ്റ് ക്രേസി.." സാഗർ എല്ലാവരോടുമായി ക്ഷമാപണമെന്നോണം പറഞ്ഞപ്പോൾ എലീന അവനെ കണ്ണു കൂർപ്പിച്ചു നോക്കി. "വട്ട് നിനക്കാടാ.. ഞാൻ കഥയിൽ ലയിച്ചിരിക്കുന്നതുകൊണ്ട് മാത്രം നിന്നെ വെറുതെ വിടുവാ സാഗറെ.. ജെസ്സിക ബാക്കി പറ. എന്നിട്ടെന്തായി? മായ എന്നിട്ട് പഠിക്കാൻ പോയോ?" എലീന മായയെ നോക്കി ചോദിച്ചു. "എടീ കോപ്പേ പഠിച്ചതുകൊണ്ടല്ലേ ഇവളിപ്പോ നമ്മുടെ കൂടെ ഇരിക്കുന്നത്...!" സാഗർ തിരിച്ചു ചോദിച്ചു. "ഓ.. അത് ശരിയാണല്ലോ.. അപ്പൊ കാര്യങ്ങളെല്ലാം മനോഹരമായിട്ട് അവസാനിച്ചു അല്ലേ...?" എലീന ആകാംഷയോടെ ചോദിച്ചപ്പോൾ മായ പതുക്കെ ഒന്ന് പുഞ്ചിരിച്ചു. "മനോഹരമായിട്ട് അവസാനിച്ചിരുന്നുവെങ്കിൽ ഞാനിന്നിവിടെ എത്തില്ലായിരുന്നു...." അവൾ പറഞ്ഞു. അത് കേട്ട് എലീനയും സാഗറും സംശയത്തോടെ പരസ്പരം നോക്കി.. "പിന്നെ... പിന്നെയെന്താണ് സംഭവിച്ചത്..?" എലീനയുടെ ചോദ്യം.. പുറത്തു മഞ്ഞ് വീഴാൻ തുടങ്ങിയിരുന്നു. റെസ്റ്റോറന്റിന്റെ അകത്തേക്കും തണുപ്പ് പരക്കുന്നുണ്ടായിരുന്നു. മായ തന്റെ വിന്റർ സോക്സ് അണിഞ്ഞ കൈകൾ പരസ്പരം ഉരസിക്കൊണ്ടൊന്നു ചൂടാക്കി. കഴുത്തിൽ കോട്ടിനു മീതെ കെട്ടിവച്ച സ്കാർഫ് ഒന്നുകൂടി നേരെയാക്കിക്കൊണ്ട് ആകാംഷയോടെ കഥയുടെ ബാക്കി കേൾക്കാൻ കാത്തിരിക്കുന്ന എലീനയെയും സാഗറിനെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് കഥ തുടർന്നു.............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story