Love Me Like You Do ❤️: ഭാഗം 14

Love Me Like You Do

രചന: ആദിത്യൻ മേനോൻ

"അമ്മു ഒന്ന് വന്നേ.. ഒരു കാര്യം കാണിച്ചു തരാനുണ്ട്." അടുത്തുവന്ന് കണ്ണുപൊത്തിപിടിച്ച് പാർഥിപൻ ഉമ്മറത്തേക്ക് നടത്തി. "എന്താ കാര്യം?" സൂക്ഷിച്ച് അടിവച്ചടിവച്ചു നടക്കവേ ഉത്സാഹമേറി. "ചെറിയൊരു സർപ്രൈസ് ആണ്.." പിന്നാലെ നിന്നും പാർഥിപന്റെ സ്വരം കേട്ടു. നടന്ന് ഉമ്മറത്തെത്തിയെന്ന് തോന്നി.. പാർഥിപൻ ദൂരേക്ക് നോക്കി ഉച്ചത്തിൽ റെഡി എന്ന് വിളിച്ചു കൂവുന്നത് കേട്ടു. പിന്നീട് പതുക്കെ പാർഥിപന്റെ കരങ്ങൾ മുഖത്ത് നിന്നും അഴഞ്ഞു. ധൃതിയിൽ മിഴികൾ തുറന്നു നോക്കി.. വീടിന്റെ ഗേറ്റ് കടന്ന് ഒരു കറുത്ത പുത്തൻ ബെൻസ് കാർ മുറ്റത്തേക്ക് പതുക്കെ വന്നു നിൽക്കുന്നു. ഡ്രൈവിങ് സീറ്റിലേക്ക് സൂക്ഷിച്ചു നോക്കി. അവിടെയിരിക്കുന്ന ആളെ കണ്ടതും കണ്ണുകൾ വിടർന്നു. "അമ്മ..." സന്തോഷം കൊണ്ട് ചുണ്ടുകൾ വിരിഞ്ഞു. വാസുകിയമ്മ വണ്ടി നിർത്തി ഡോർ തുറന്ന് തല പുറത്തേക്കിട്ടു. "ഹലോ ഗായ്സ്.. എങ്ങനെയുണ്ട് എന്റെ പുതിയ കാർ..." പുറത്തേക്കിറങ്ങിക്കൊണ്ട് അമ്മ കാറിൽ ഗമയോടെ കൈ വച്ചു. "കുട്ടിക്ക് ഇതും വശംണ്ടല്ലേ..!"

മുറ്റത്തേക്കിറങ്ങി ചെന്നുകൊണ്ടവൾ ചിരിയാലെ കാറിൽ ഒന്ന് തഴുകി. ഉച്ചക്ക് ഫ്രണ്ടിന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് വാസുകിയമ്മ ഇറങ്ങിയത്. തിരിച്ചു വന്നു നിൽക്കുന്നത് പുത്തനൊരു കാറുമായിട്ടാണ്. "ഇഷ്ടായോ നിനക്കിത്..?" പിന്നിൽ നിന്നും പാർഥിപന്റെ ചോദ്യം.. "മ്മ്... സൂപ്പർ..." വിടർന്ന കണ്ണുകളോടെ പെണ്ണ് മറുപടി നൽകി. വാസുകിയമ്മ ചിരിച്ചുകൊണ്ട് അടുക്കലേക്ക് വന്നു. പെണ്ണിന്റെ കൈപിടിച്ച് നീട്ടിക്കൊണ്ട് കാറിന്റെ ചാവി ഉള്ളം കയ്യിൽ വച്ചു കൊടുത്തു. "ഇത് നിനക്കാ..." അമ്മ പറഞ്ഞപ്പോൾ മുഖത്ത് കൗതുകമുണർന്നു. അത്ഭുതം കൊണ്ട് കണ്ണു നിറഞ്ഞു. പാർഥിപനെ തിരിഞ്ഞു നോക്കിയപ്പോൾ കയ്യും കെട്ടി നോക്കി ചിരിക്കുന്നത് കണ്ടു. രണ്ടുപേരും അറിഞ്ഞുവച്ചുള്ള കളിയാണെന്ന് മനസ്സിലായി. "എനിക്കോ... അമ്മേ... എനിക്കിത് ഓടിക്കാനൊന്നും അറിയില്ല." അമ്മയുടെ കൈ വിടാതെ മടിയോടെ പറഞ്ഞു. "അതിനല്ലേ ഞാനിവിടെ ഉള്ളത്.. അല്ലേ അമ്മേ..?" പാർഥിപൻ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു. "അതേ.. അവൻ പഠിപ്പിച്ചു തരും.

ഇനി കോളേജിലേക്കായാലും എവിടെക്കായാലും ഒറ്റക്ക് പോവാം." അമ്മ ചാവി കൈകളിൽ ഏൽപ്പിച്ചിട്ട് സ്നേഹത്തോടെ ചിരിച്ചുകൊണ്ട് അകത്തേക്ക് ചെന്നു. "സർപ്രൈസ് ഇഷ്ടായോ?" കാതിനു പിന്നിലായി പാർഥിപൻ മന്ത്രിച്ചു. "മ്മ്മ്....." തിരിഞ്ഞു നോക്കാതെ മൂളി. അവന്റെ ചിരിയന്നേരം കാതുകളിൽ പതുക്കെ കേട്ടു. "താങ്ക് യൂ.." തൊട്ടു പിന്നിലായി ചേർന്ന് നിൽക്കുന്നവന് കേൾക്കാൻ പാകത്തിന് പതുക്കെയായി മൊഴിഞ്ഞു. "താങ്ക്യൂ പറയാറായിട്ടില്ല. ഇത് അമ്മേടെ സർപ്രൈസ് ആണ്. എന്റെ സർപ്രൈസ് മോളിൽ മുറിയിലുണ്ട്..." അവൻ പറഞ്ഞപ്പോൾ കൗതുകത്തോടെ അവനെ തിരിഞ്ഞു നോക്കി. സത്യമാണെന്ന് ആണയിട്ടവൻ തല കുലുക്കി. വിശ്വാസം വരാതെ മുറിയിലേക്കോടി. പിന്നാലെ പാർഥിപൻ നടന്നെത്തി. കണ്ണാടിയോട് ചേർന്ന ഡ്രോവറിനു മുകളിലായി ഒരു ബോക്സ് ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടു.

ചെന്ന് എടുത്തു നോക്കിയപ്പോൾ സാംസങ് മൊബൈൽ ഫോണിന്റെ ഏറ്റവും പുതിയൊരു മോഡൽ.. "ഇനി ഇതും ഉപയോഗിക്കാനറിയില്ലാന്ന് പറയണ്ട.. ഇതൊക്കെ പഠിക്കാൻ എളുപ്പാടോ.." പിന്നിൽ നിന്നും അവൻ പറഞ്ഞു. കണ്ണാടിയിലൂടെ അവളുടെ സന്തോഷം പൂണ്ട മുഖം കണ്ട് അവന് മനസ്സ് നിറഞ്ഞു. തിരിഞ്ഞുകൊണ്ടവന്റെ നേർക്ക് ചെന്നു. അവന്റെ നെഞ്ചിന്റെയത്ര മാത്രം വരുന്നവൾ പ്രേമപൂർവം അവന്റെ മാറിൽ അമർന്നു നിന്നു. അവന് പിന്നിലായി കൈകൾ വരിഞ്ഞു ചുറ്റി.... ഏറെ നേരം പാർഥിപനോട് ചേർന്നു നിന്നു. അവന്റെ ചുണ്ടുകളന്നേരം അവളുടെ മൂർദ്ധാവിൽ പതിഞ്ഞു നിന്നിരുന്നു. ഇടക്കെപ്പോഴോ അമ്മ വന്നു വാതിലിൽ മുട്ടുന്ന ശബ്‌ദം കേട്ടു. "താഴെ വിജയമാമൻ വന്നിട്ടുണ്ട്.. ഈ കാര്യം അറിഞ്ഞിട്ട് വന്നതാണെന്നാ തോന്നണേ..." ചെന്നു തുറന്നു നോക്കിയപ്പോൾ പാർഥിപനെ നോക്കി താഴേക്ക് കൈ കാട്ടി പറഞ്ഞു.

പാർഥിപന്റെ മുഖത്ത് അമ്മയുടെ ഗൗരവം പടർന്നു പിടിക്കുന്നത് അവൾ ശ്രദ്ധിച്ചു. പാർഥിപൻ താഴേക്ക് ഇറങ്ങിച്ചെന്നു. പിന്നാലെയായി അമ്മക്കൊപ്പം മായയും നടന്നു. കയ്യിലെ വടി കുത്തിപ്പിടിച്ച് ഗൗരവമേന്തിയ മുഖത്തോടെ സോഫയിൽ ഇരിക്കുന്ന വിജയമാമന്റെ അടുത്തേക്ക് പാർഥിപൻ നടന്നെത്തി. വിജയൻമാമൻ തല പൊക്കിയൊന്ന് നോക്കി. കണ്ണുകൾ മായയിൽ ചെന്ന് പതിഞ്ഞതും മുഖത്തിനു കനമേറി. "അപ്പൊ ആൾക്കാര് പറഞ്ഞോണ്ട് നടക്കണതൊക്കെ സത്യാല്ലേ." വിജയമാമൻ ദേഷ്യത്തോടെ പറഞ്ഞു. "ആൾക്കാര് എന്താ പറഞ്ഞോണ്ട് നടക്കണേ?" പാർഥിപൻ ചോദിച്ചു. "നീയൊരു കല്യാണം കഴിഞ്ഞ പെണ്ണിനെ അവളുടെ കെട്ട്യോനെ തല്ലിയിട്ട് വിളിച്ചെറക്കി കൊണ്ടോന്നൂന്ന്..." വിജയമാമന് അത് പറയാൻ പോലും അറപ്പുള്ളതായി തോന്നി. കേൾക്കവേ പെണ്ണിന്റെ തല താണു. "അത് സത്യമാണ്. ദേ ഇവളാണ് ആ പെണ്ണ്."

പാർഥിപൻ മായയെ വലിച്ച് തന്നോട് ചേർത്ത് പിടിച്ചു. അവന്റെ ദേഹം ദേഷ്യം കൊണ്ട് വിറക്കുന്നതായി അവൾക്ക് തോന്നി. "അമ്മയും മോനും നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കാൻ എന്തൊക്കെ വേണ്ടാദീനങ്ങളാ ചെയ്ത് കൂട്ടണേ എന്ന് വല്ല ബോധവും ഉണ്ടോ? ഇതൊക്കെ ആൾക്കാര് പറഞ്ഞിട്ടാ ഞാനറിയുന്നേ. കേട്ടപ്പോ എന്റെ തൊലി ഉരിഞ്ഞുപോയി.." വിജയമാമൻ അസഹിഷ്ണുതയോടെ തലക്ക് കൈ ചാരി. "ബാക്കിയുള്ളവരുടെ കാര്യത്തിൽ തലയിടാനല്ലാതെ നാട്ടുകാർക്ക് വേറെ പണിയൊന്നും ഇല്ലാല്ലോ." പാർഥിപൻ പറഞ്ഞപ്പോൾ ദേഷ്യത്തോടെ വിജയമാമൻ അവനെയൊന്ന് നോക്കി. "ഓരോന്ന് ചെയ്ത് വച്ചാ ആൾക്കാര് പിന്നെ പറയാതെ..." "ഞങ്ങടെ കാര്യത്തിൽ ഇടപെടാനും അഭിപ്രായം പറയാനും അവരല്ല ഞങ്ങക്കിവിടെ ചെലവിന് തരുന്നത്." കൈകൾ പിന്നിലേക്ക് കെട്ടിക്കൊണ്ട് പാർഥിപൻ മേലോട്ട് നോക്കി.

"നിങ്ങക്ക് അങ്ങനെയൊക്കെ ആയിരിക്കും. പക്ഷേ ഞങ്ങക്ക് നാണക്കേട് കൊണ്ട് പുറത്തിറങ്ങി നടക്കണ്ടായോ? കല്യാണം കഴിഞ്ഞ ഒരു പെണ്ണിനെ എവിടെന്നോ ഇറക്കിക്കൊണ്ട് വന്നൂന്നും ആ ചെറുക്കനെ രണ്ടും ചേർന്ന് പറ്റിച്ചൂന്നും തല്ലിചതച്ചൂന്നും ഒക്കെ ആൾക്കാർ പറഞ്ഞു നടക്കുവാ. കുടംബത്തിനാകെ ചീത്തപ്പേരാക്കി...." വിജയമാമൻ പറഞ്ഞു. പാർഥിപന്റെ മുഖത്ത് ദേഷ്യം പരന്നു. "എന്റെ അമ്മ എന്റെ അച്ഛനെന്നു പറഞ്ഞവന്റെ ഇടിയും തൊഴിയും സഹിച്ച് ജീവിച്ചപ്പോ ഒന്നും നിങ്ങക്കാർക്കും ഈ നാണക്കേടും അന്തസ്സും ഒന്നും പറയാനുണ്ടായിരുന്നില്ലല്ലോ? ഇവളെ അവൻ തല്ലിച്ചതച്ചപ്പോഴും നിങ്ങക്കാർക്കും അത് പറഞ്ഞു നടക്കാൻ തക്ക പ്രശ്നമായി തോന്നിയില്ലല്ലോ? എന്റെ അമ്മ അയാൾക്കിട്ടൊന്നു പൊട്ടിച്ചിട്ട് ഇറങ്ങിവന്നപ്പോ മാത്രം നിങ്ങൾക്കത് അഭിമാനപ്രശ്നം ആയി.. ഇവള് അവനെ തല്ലി എന്റെ കൂടെ ഇറങ്ങിവന്നപ്പോ മാത്രം നിങ്ങൾക്കെല്ലാം അത് നാണക്കേടായി. അല്ലേ? ഈ പറഞ്ഞ അഭിമാനവും അന്തസ്സും ഈ ആണുങ്ങൾക്ക് മാത്രേ ഉള്ളോ? പെണ്ണുങ്ങൾക്കില്ലേ?"

ചോദിക്കും തോറും പാർഥിപന്റെ ശബ്‌ദം കോപം കൊണ്ട് ഉയർന്നു വന്നു. അമ്മയവന്റെ കൈ പിടിച്ച് മതിയാക്കാനായി ആവശ്യപ്പെട്ടു. ആ പിടിയവൻ പതുക്കെ വിട്ടുകൊണ്ട് തുടർന്നു. "അയാളെ തല്ലി അമ്മ ഇറങ്ങി വന്നപ്പോ ഇരിക്കാൻ ഒരിടം കൊടുത്തിട്ടുണ്ടോ നിങ്ങള് നിങ്ങടെ ആ വീട്ടില്? അന്നും അമ്മ ഇറങ്ങിവന്നതിൽ മാത്രമായിരുന്നില്ലേ നിങ്ങടെ വേവലാതി? പെണ്ണെല്ലാം സഹിക്കണം. അതാണ് നിങ്ങൾക്ക് അന്തസ്സ്. തിരിച്ചെന്തെങ്കിലും ചെയ്താലോ പറഞ്ഞാലോ അതാണ് നിങ്ങൾക്ക് അപമാനം. അല്ലേ? കെട്ട കാലത്ത് കൂടെ നിക്കാനുള്ള മാന്യത കാണിക്കാത്തവരൊന്നും ഈ വിഷയത്തിൽ ഉപദേശം എഴുന്നള്ളിക്കാൻ വേണ്ടി ഇവിടം വരെ ഇനി വരണമെന്നില്ല." പാർഥിപൻ പറഞ്ഞു. അമ്മ കൂടുതൽ തടുത്തില്ല. വിജയമാമൻ ദേഷ്യത്തോടെ കൂടുതലൊന്നും പറയാൻ നിൽക്കാതെ ഇറങ്ങിപ്പോയി. കോപം വിട്ടുമാറാതെ പാർഥിപൻ അത് നോക്കി നിന്നു. "വേണ്ടിയിരുന്നില്ല... എനിക്ക് വേണ്ടി....." അവളുടെ തലയന്നേരം നന്നേ താഴ്ന്നു. കണ്ണുകൾ നിറഞ്ഞു.

അവൻ അല്ലെന്ന് തലയാട്ടി അവളുടെ മുഖമുയർത്തി പിടിച്ചു. "ഏയ്‌.. മോൾക്ക് വേണ്ടീട്ട് മാത്രല്ല.. എനിക്കൂടെ വേണ്ടിയാ അവനത്രയും പറഞ്ഞത്..." അമ്മ അഭിമാനത്തോടെ മകനെ നോക്കി പറഞ്ഞു. ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 "എന്റെ ചെറുക്കാ.. നിന്റെയീ ടെൻഷൻ കണ്ടാ തോന്നും അവളെ പ്രസവിക്കാൻ ലേബർ റൂമിലേക്കെങ്ങാനും കയറ്റിയതാണെന്ന്. അവളവളുടെ ഡ്രൈവിംഗ് ടെസ്റ്റിന് പോയതല്ലേ.." ഹാളിൽ ഇരുന്ന് ടെൻഷനോടെ നഖം കടിച്ചുകൊണ്ടിരുന്ന പാർഥിപനെ കണ്ടപ്പോൾ വാസുകിയമ്മക്ക് ചിരി വന്നു പോയി. അവന്റെ അരികിൽ ചെന്നിരുന്നുകൊണ്ട് മകന്റെ ആധികേറിയ മുഖം നോക്കിനിൽക്കെ ആ അമ്മക്ക് സന്തോഷവും സ്നേഹവുമുണ്ടായി. "കണ്ണാ.. ഇന്നേക്ക് ഒരു മാസമായി ആ കൊച്ചിവിടെ വന്നിട്ട്. ഒരു ആയുസ്സ് മുഴുവൻ ഒരു മനുഷ്യൻ കൊടുത്തു തീർക്കേണ്ട സ്നേഹവും കരുതലും ഈ രണ്ട് മാസം കൊണ്ട് നീയവൾക്ക് കൊടുത്തിട്ടുണ്ട്. ഒരു വ്യക്തിയെ പുരോഗമിപ്പിച്ചെടുക്കുക എന്നത് ചെറിയ കാര്യമല്ല. നവീകരിക്കപ്പെടുന്ന ഒരു മനുഷ്യന് താങ്ങാവുക എന്നതും ചെറിയ കാര്യമല്ല.

നിനക്ക് ഞാനുണ്ടായ പോലെ ജീവിതാവസാനം വരെ നീയും അവൾക്കുണ്ടാവട്ടെ." അമ്മ മകന്റെ തലയിൽ തലോടി. അമ്മയെ നോക്കി പുഞ്ചിരിച്ചു കാട്ടി. ടേബിളിൽ ഇരുന്ന പാർഥിപന്റെ ഫോൺ റിങ് ചെയ്തു. തിടുക്കത്തിൽ എടുത്തു നോക്കിയപ്പോൾ സ്‌ക്രീനിൽ അമ്മു എന്ന് തെളിഞ്ഞു കണ്ടു. ചാടിയെഴുന്നേറ്റു കൊണ്ട് അവൻ ഫോണെടുത്തു ചെവിയിൽ വച്ചു. "ഹലോ അമ്മൂ.. എന്തായി..???" ധൃതിയോടെ ചോദിച്ചു. കേട്ട മറുപടിയിൽ മകന്റെ മുഖം സന്തോഷം കൊണ്ട് പൂക്കുന്നത് കണ്ട് അമ്മക്ക് ആശ്വാസമായി. അവൻ ഫോൺ വച്ചുകൊണ്ട് അമ്മയെ നോക്കി ഒന്ന് ചിരിച്ചു. "അവള് റോഡ് ടെസ്റ്റും പാസ്സായത്രേ...!" പാർഥിപന്റെ ആനന്ദം കണ്ട് അമ്മയുടെ ചുണ്ടുകൾ വിരിഞ്ഞു. ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 ഡ്രൈവിംഗ് ടെസ്റ്റ്‌ പാസായ വിവരം പാർഥിപനോട് വിളിച്ചു പറഞ്ഞ ശേഷം മായ തന്റെ കാറെടുത്ത് നേരെ സിദ്ധാർഥന്റെ വീട്ടിലേക്ക് വച്ചു പിടിപ്പിച്ചു. ആ വീട്ടുമുറ്റത്ത് വണ്ടി വന്നു നിന്നപ്പോൾ ഉള്ളിലൊരു തികട്ടൽ കൈവന്നത് പോലെ....

പൊള്ളിയ ഓർമ്മകളുടെ പൊറ്റ വീണ്ടും കുത്തിത്തുറക്കുന്നത് പോലെ... എങ്കിലും ധൈര്യം സംഭരിച്ച് അവൾ കാറിൽ നിന്നുമിറങ്ങി. ഡോർ അടച്ച് ആ വീടിനു ചുറ്റിനും നോക്കി. ഓർമ്മകൾ കൊണ്ട് തലക്ക് അടിയേൽക്കുന്നത് പോലെ അനുഭവപ്പെട്ടു.. കോലായയിലേക്ക് കയറി. കോലായ ആകെ പൊടിപിടിച്ചു കിടക്കുകയായിരുന്നു. അവിടമാകെ പൂപ്പലിന്റെയും മണ്ണിന്റെയും പച്ചമണം മൂക്കിലേക്ക് കുത്തിക്കയറുന്നത് പോലെ തോന്നി. വാതിൽ തുറക്കാൻ തുടങ്ങവേ പുറത്തു നിന്നും ലോക്ക് ചെയ്തിരിക്കുന്നത് കണ്ടു. തിരിച്ചു കാറിൽ കയറി അനുവേച്ചിയുടെ വീടിനു മുന്നിൽ വണ്ടി നിർത്തി. ഉമ്മറത്ത് മാതുമോൾക്കൊപ്പം ഇരുന്ന അനുവേച്ചി അവളെ കണ്ട് ചിരിയോടെ എഴുന്നേറ്റു. "ദൈവമേ... ഇതാരാ ഇത്.. കാറോടിക്കാൻ ഒക്കെ പഠിച്ചുവോ?" അനുവേച്ചി താടിക്ക് കൈകൊടുത്തുകൊണ്ട് പറഞ്ഞു. വണ്ടിയിൽ നിന്നും ഇറങ്ങിയ പാടെ കുഞ്ഞി മാതംഗി ഓടിവന്നു കെട്ടിപ്പിടിച്ചു. കയ്യിൽ കരുതിയ ഒരു വലിയ ചോക്ലേറ്റ് എടുത്തുകൊണ്ടവൾ മാതുവിന് സമ്മാനിച്ചു. "നീയാകെ മാറിപ്പോയല്ലോടി പെണ്ണേ. ആ പഴേ മായയേ അല്ല. ഡ്രെസ്സിങ്ങും ലുക്കും എല്ലാം മാറി.." അനുവേച്ചി കൗതുകത്തോടെ പറഞ്ഞുകൊണ്ട് അവളെ അകത്തേക്ക് ക്ഷണിച്ചു.

"ജീവിതം എങ്ങനെയുണ്ട്..." അകത്തളത്തിൽ ഇരുന്നുകൊണ്ട് അനുവേച്ചി ചോദിച്ചു. മാതുമോൾ മായയുടെ മടിയിൽ കയറി ഇരിക്കുന്നുണ്ടായിരുന്നു. "ഇതുവരെ ജീവിച്ചതും കണ്ടതുമല്ല ജീവിതമെന്ന് ഇപ്പൊ മനസ്സിലാക്കുന്നു..." അവൾ പുഞ്ചിരിച്ചു. "പെണ്ണിന്റെ മുഖത്തെ തെളിച്ചം കണ്ടോ..." അനുവേച്ചി ചിരിച്ചു. "ഞാൻ അയാളെയൊന്ന് കാണാൻ വന്നതായിരുന്നു." അവൾ പറഞ്ഞു. അത് കേൾക്കവേ അനുവേച്ചി ഒന്ന് അമ്പരന്നു. "എന്തിന്....?" "ഈ ഡിവോഴ്സ് പേപ്പറിൽ ഒരു സൈൻ വാങ്ങിക്കാൻ......" അവൾ കൈകളിലിരുന്ന ഡിവോഴ്സ് പേപ്പർ അനുവേച്ചിക്ക് നേരെ ഉയർത്തിക്കാട്ടി..... "പക്ഷേ അവൻ മൂന്നാലു ദിവസമായിട്ട് ഇവിടെയില്ലല്ലോ.." "അതെയോ. ഞാൻ വീട്ടിൽ പോയിരുന്നു. പുറത്തുനിന്നും അടച്ചു കുറ്റിയിട്ടിട്ടുണ്ട്. പിന്നൊരിക്കൽ വരാം. എന്തായാലും ഇത് എനിക്ക് അയാളുടെ കയ്യിൽ നേരിട്ട് തന്നെ ഏൽപ്പിക്കണം.."

അവൾ ദൃഢനിശ്ചയത്തോടെ പറഞ്ഞു. അനുവേച്ചിയുടെ മുഖത്തല്പം ഭീതി പരന്നു. "നിനക്ക് വല്ലാത്ത ധൈര്യം വന്നിരിക്കുന്നു.... പക്ഷേ സിദ്ധാർഥൻ എത്രത്തോളം അപകടകാരിയാണെന്നും മറന്നു പോകരുത്. എനിക്കെന്തോ പേടിയാവുന്നു അമ്മൂ. അവൻ നിങ്ങളെ സമാധാനത്തോടെ ജീവിക്കാൻ വിടുമെന്ന് എനിക്ക് തോന്നുന്നില്ല.. അമ്മു സൂക്ഷിക്കണം......" അനുവേച്ചി അവളുടെ കൈകളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. അവളുടെ മുഖത്ത് അന്നേരം ഗൗരവം പരന്നു. പോയകാലത്തിന്റെ കൈപ്പേറിയ നേരങ്ങൾ മനസ്സിലേക്ക് കടന്നു വന്നു..... "അനുവേച്ചി പണ്ടെന്നോട് പറഞ്ഞിട്ടില്ലേ, സഹിച്ച് സഹിച്ച് ക്ഷമയുടെ നെല്ലിപ്പലക കണ്ടാൽ പിന്നെ മനുഷ്യർക്ക് ഒരു ധൈര്യം കിട്ടാനുണ്ടെന്ന്.. അതിന്റെ അർത്ഥം ഞാൻ ഇന്ന് മനസ്സിലാക്കുന്നു. ഞാനിപ്പോ ആ സ്റ്റേജിലാണ് നിൽക്കുന്നത്. അതുകൊണ്ട് തന്നെ എനിക്കിപ്പോ ഒന്നിനെയും ഒരു പേടിയും ഇല്ല..." മായ മറുപടിയായി പറഞ്ഞു.............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story