Love Me Like You Do ❤️: ഭാഗം 15

Love Me Like You Do

രചന: ആദിത്യൻ മേനോൻ

കിടക്കയിൽ അവന്റെ നെഞ്ചിലേക്ക് ചാരിയിരുന്നുകൊണ്ട് അവളവന്റെ താടിത്തുമ്പത്ത് സ്വന്തം നാസിക മുട്ടിച്ചുപിടിച്ചു. അവന്റെ കൈകളന്നേരം മനോഹരമായി അവളെ വലയം ചെയ്തിരുന്നു. അവന്റെ സ്നേഹവലയത്തിൽ കിടന്നുകൊണ്ടവൾ പതുക്കെയൊരു പാട്ട് മൂളി. "നീയെന്ന ഗാനത്തിൻ ചിറകുകളേറി ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി പാടാനായി ഞാൻ.. പോരും നേരമോ.. ശ്രുതിയറിയുകയില്ല, രാഗം താളം പോലും.. നീ മുകിലോ പുതുമഴമണിയോ.. തൂവെയിലോ ഇരുളലനിഴലോ.." പാടിക്കഴിഞ്ഞപ്പോൾ സ്നേഹത്തോടെ അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു. ചുണ്ടുകൾ വേർപ്പിരിയാതെ നെറ്റിയിൽ തന്നെ അവശേഷിച്ചു. "ഞാനൊരു കാര്യം ചോദിക്കട്ടെ..?" അവൾ അവന്റെ കഴുത്തിനു പിന്നിലേക്ക് തന്റെ ഇരുകൈകളും ചേർത്തുവച്ചുകൊണ്ട് ചോദിച്ചു. "മ്മ്മ്.... "

അവളുടെ നെറ്റിയിൽ നിന്നും ചുണ്ടുകളടർത്താതെ മിഴിപൂട്ടിയിരുന്നവൻ ഒന്ന് മൂളി. "ഞാനന്ന് അയാളെ വിട്ട് ഇറങ്ങി വന്നില്ലായിരുന്നെങ്കിലോ?" അവൻ നെറ്റിയിൽ നിന്നും മെല്ലെ ചുണ്ടുകൾ അടർത്തി മാറ്റി. "വന്നില്ലായിരുന്നെങ്കി... ഇന്ന് രാത്രിയും നിന്റെ വീട്ടില് വന്നു ഞാൻ ഉറക്കമില്ലാതെ കാവലിരുന്നേനെ.." അയാൾ പുഞ്ചിരിച്ചു. അവൾക്കും ചിരി വന്നു. അവളുടെ വയറിനു ചുറ്റും കൈകൾ പൊതിഞ്ഞുകൊണ്ടവൻ വലത്തേ തോളിൽ തലവച്ചു. "അപ്പൊ ഞാൻ ഒരിക്കലും വന്നിരുന്നില്ലെങ്കിലോ..?" അവൾ ചോദിച്ചു. അവനന്നേരം സ്നേഹത്തോടെ അവളുടെ തോളിൽ ഒന്ന് അമർത്തി മുത്തി. "എന്നാ പിന്നെ ജീവിതകാലം മുഴുവൻ രാത്രീല് നിന്റെ വീടിനു മുന്നിൽ ഞാൻ സെക്യൂരിറ്റി ആയിട്ട് നിക്കേണ്ടി വന്നേനെ.." അയാൾ ചിരിച്ചു. "ഇങ്ങനെ എത്ര വീട്ടില് സെക്യൂരിറ്റി പണിക്ക് നിന്നിട്ടുണ്ട്.?" അവളൊന്ന് കണ്ണുരുട്ടി നോക്കി. അത് കണ്ട് അവന് ചിരി പൊട്ടി. "എല്ലാരേം സഹായിക്കാൻ ചെന്നൂന്നുള്ളത് നേരാ. പക്ഷെ അവരിൽ ഈ പെണ്ണിനെ മാത്രേ ഞാൻ സ്നേഹിച്ചിട്ടുള്ളു. എന്റേതാവണമെന്ന് സ്വപ്നം കണ്ടിട്ടുള്ളു.."

അവനവളുടെ കവിളിൽ സ്നേഹത്തോടെ അവന്റെ മുഖമുരസി... "അയാള് എവിടേക്കോ പോയി.... അനുവേച്ചി പറഞ്ഞതാ.." "മ്മ്മ്...." അവൻ വീണ്ടുമൊന്ന് മൂളി. "അയാള് ഭയങ്കര അപകടകാരിയാണ്.." അത് പറയുമ്പോൾ പെണ്ണിന്റെ മുഖത്ത് ഗൗരവമേറി. "അവനെയോർത്ത് നീ പേടിക്കണ്ട. ഞാനില്ലേ? എന്ത് വന്നാലും നിന്നെ ഞാൻ സംരക്ഷിക്കും." പാർഥിപൻ അവളെ ഒന്നുകൂടെ മുറുകെ പുണർന്നു. "എനിക്കോർമ്മയുണ്ട് ഒരിക്കല് ടൗണീന്ന് എനിക്ക് ഒരു ആലോചന വന്നതറിഞ്ഞ് സിദ്ധാർഥൻ കേറിവന്ന് അവന്റെ തലക്ക് കുപ്പിക്കൊണ്ട് അടിച്ചത്.. എന്നെ സ്വന്തമാക്കാനായി അയാൾ എന്തും ചെയ്യും. അയാൾക്ക് ഞാനെന്നാൽ ഭ്രാന്താണ്.." വാക്കുകളിൽ നേരിയ ഭീതി പരന്നു. എങ്കിലും എന്തും നേരിടാൻ മനസ്സിപ്പോൾ ഏറെക്കുറെ പാകമാണെന്ന് തോന്നി. "അവന് നിന്നെ ഒന്നും ചെയ്യാൻ പറ്റില്ല... നിന്നെയൊന്നു തൊടാൻ പോലും അവനെ ഞാൻ അനുവദിക്കില്ല..." പറയവേ പാർഥിപന് സിദ്ധാർഥനെയോർത്ത് കോപം വന്നു. കണ്ണുകളിൽ വെറുപ്പ് നിറഞ്ഞു. "നിങ്ങൾക്ക് ഒന്നും പറ്റരുത്."

അവൾ ആധിയോടെ പറഞ്ഞു. അവന്റെ ചുണ്ടുകളിൽ അന്നേരം ഒരു പുഞ്ചിരി വിരിഞ്ഞു. "എനിക്കൊന്നും സംഭവിക്കില്ലാഡോ.. ഞാനെന്നും നിന്റെ കൂടെ തന്നെയുണ്ടാവും.. നമ്മളിങ്ങനെ ഒരുപാട് കാലം സ്നേഹിച്ചു സ്നേഹിച്ച് സന്തോഷത്തോടെ ജീവിക്കും...." അവൻ അവളുടെ ചെവിക്ക് പിന്നിലായി സ്നേഹത്തോടെ മെല്ലെ മന്ത്രിച്ചു... പെട്ടെന്ന് പാർഥിപന്റെ മൊബൈൽ റിങ് ചെയ്തു. കട്ടിലിനരികിലെ ടേബിളിൽ കയ്യെത്തി അവൻ ഫോൺ കയ്യിലെടുത്തു നോക്കി. "ഓഫീസിൽ നിന്നാ.." പാർഥിപൻ കാൾ എടുത്തു. എഴുന്നേറ്റുകൊണ്ട് ബാൽക്കണിയിലേക്ക് ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നു. മുറിയിൽ നിന്നും ബാൽക്കണിയിലേക്ക് വ്യക്തമായി കാണാം. പാർഥിപൻ ബാൽക്കണിയിൽ നിന്നുകൊണ്ട് പുറത്തേക്ക് നോക്കി ഓഫീസ് കാര്യങ്ങൾ ചർച്ച ചെയ്യുന്നത് അവൾക്ക് വ്യക്തമായി കേൾക്കാം. അവളവനെ ചിരിയോടെ നോക്കി നിന്നു. ഫോൺവിളിയിപ്പോൾ തീരില്ലെന്ന് മനസ്സിലായപ്പോൾ താഴെ അമ്മയുടെ അടുത്തേക്ക് പോകാമെന്നു കരുതി. മുറിയുടെ പുറത്തിറങ്ങി താഴേക്കിറങ്ങാനായി സ്റ്റേർകേസ് ലക്ഷ്യമാക്കി നടക്കവേ പെട്ടെന്ന് ലൈറ്റുകൾ എല്ലാം അണഞ്ഞു.

കണ്ണുകളിൽ ഇരുട്ട് കുത്തിക്കയറി. ഉള്ളിലൂടെ ഒരു തരിപ്പ് കടന്ന് പോയി. "ഈ കറന്റിന് പോകാൻ കണ്ട നേരം. ജനറേറ്ററ് കേടായിക്കിടക്കുവാണ്...." താഴെ നിന്നും അമ്മയുടെ സ്വരം കേട്ടു. ഇരുട്ടിൽ കണ്ണു കാണാൻ പറ്റാതായി. പേടികൊണ്ട് ശരീരം വിറച്ചു. കണ്ണുകൾ നിറഞ്ഞു. തൊണ്ട വറ്റി. കരച്ചില് വന്നു തുടങ്ങി. പക്ഷെ ശബ്‌ദം തൊണ്ടക്കുഴിയിൽ കുരുങ്ങി നിന്നു. കൈകൾ വസ്ത്രത്തിൽ അള്ളിപ്പിടിച്ചു. കാലുകൾ ചലിക്കാൻ കഴിയാത്തത് പോലെ നിന്ന നിൽപ്പിൽ വിയർത്തൊലിച്ചു..... പെട്ടെന്ന് പിന്നിലേക്കൊരുവൻ വെപ്രാളപ്പെട്ടുകൊണ്ട് ഓടിയടുക്കുന്നതറിഞ്ഞു. അടുത്തെത്തിയതും പിന്നിലായി അമർന്നു കെട്ടിപ്പിടിച്ചു. "ഹേയ് ഹേയ്.... പേടിക്കണ്ട.... പേടിക്കണ്ടാ....." പാർഥിപൻ വിറയാർന്ന അവളുടെ ദേഹത്തെ വരിഞ്ഞു ചേർത്തു പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവളുടെ വിറക്കുന്ന കൈകളെ അവൻ തലോടിത്തണുപ്പിച്ചു.

"പേടിക്കണ്ടാ... ഞാനുണ്ട്...." വിയർപ്പൊലിച്ച ദേഹത്തെ, നിയന്ത്രണം തെറ്റിയ ശ്വാസത്തെ അവൻ സ്നേഹത്തോടെ, കരുതലോടെ സ്വന്തമാക്കാൻ ശ്രമിച്ചു. വാക്കുകൾ പുറത്തേക്ക് വന്നില്ല. വയറിൽ വരിഞ്ഞു കിടന്ന പാർഥിപന്റെ കൈകളെ വെപ്രാളത്തോടെ ചേർത്തമർത്തി പിടിച്ചു. "ഞാനില്ലേ കൂടെ...! ഞാനുണ്ട്....!" അവൻ മന്ത്രിച്ചുകൊണ്ടേയിരുന്നു. അവനവളെ തനിക്ക് നേരെയായി തിരിച്ചു നിർത്തിക്കൊണ്ട് നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. അവളവന്റെ ഷർട്ടിൽ അമർത്തിപ്പിടിച്ച് കണ്ണുകൾ ഇറുക്കി പൊത്തി. അവളുടെ ദേഹത്തിന്റെ വെപ്രാളം മാറുന്നത് വരെ, പിടഞ്ഞുകൊണ്ടിരുന്ന ശ്വാസം തളരുന്നത് വരെ അവനാ വാക്കുകൾ മന്ത്രിച്ചു. അവനുണ്ടെന്ന്.. അവനുണ്ടാവുമെന്ന്.. കറന്റ് വരുന്നത് വരെ ആ നിൽപ്പ് തുടർന്നു. പ്രകാശം പരന്നപ്പോൾ അവൾ പതിയെ കണ്ണു തുറന്നു. അവൻ അവളെ നോക്കി അവളെ തലോടിക്കൊണ്ട് നിൽക്കുകയായിരുന്നു. അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചിരുന്ന പിടി അഴഞ്ഞു. കൺകോണിൽ പരന്ന കണ്ണുനീർ അവൾ മെല്ലെ തുടച്ചു മാറ്റി...

"ഇരുട്ടിനെ പേടിക്കണ്ട.. എല്ലാ ഇരുട്ടിലും ഞാൻ നിന്റെ കൂടെയുണ്ടാവും." അവളുടെ മുഖം അവനുനേരെ ഉയർത്തിപ്പിടിച്ചുകൊണ്ടവൻ പറഞ്ഞു. "എന്നെ വിട്ട് എങ്ങോട്ടും പോകരുത്..." അവന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് പ്രേമത്തോടെ പറഞ്ഞു.. "ഞാനെവിടെ പോവാനാ.. നിന്നേം പിന്നെ താഴെയിരിക്കുന്ന ആ പെണ്ണിനേയും വിട്ട് എനിക്ക് പോകാൻ ഈ ഭൂമിയിൽ വേറൊരിടവുമില്ല.." അയാൾ സ്നേഹത്തോടെ മറുപടി പറഞ്ഞു. "എടാ ചെറുക്കാ. രാത്രിക്കലേക്ക് ഞാനൊന്നും ഉണ്ടാക്കീട്ടില്ലാട്ടോ. പുറത്തൂന്ന് എന്തെങ്കിലും വാങ്ങിച്ച് വാ.." താഴെ നിന്നും വാസുകിയമ്മ വിളിച്ചു പറഞ്ഞു. കേൾക്കവേ അവനൊന്നു പുഞ്ചിരിച്ചു. "അപ്പൊ ഞാൻ പോയി കഴിക്കാനെന്തേലും വാങ്ങിച്ചു വരാം.." അവളുടെ കവിളിൽ മെല്ലെ തലോടിക്കൊണ്ടവൻ താഴേക്ക് നടന്നു. പിന്നാലെ ചെന്നു. അമ്മ ടീവി കണ്ടുകൊണ്ടിരിക്കുകയാണ്.

അടുത്ത് ചെന്നിരുന്നു. "നിനക്കും വേണേൽ അവന്റെ കൂടെ പോയി ഒന്ന് കറങ്ങിയൊക്കെ വരാം ട്ടോ..." അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. "അത് ഞങ്ങള് ഇടക്കിടക്ക് പോകുന്നതല്ലേ.. എനിക്ക് അയാൾടെ കൂടെ പോവുന്നതിനേക്കാൾ ഇഷ്ടം ഈ സന്തൂർ മമ്മിയുടെ കൂടെയിരിക്കുന്നതാ..." തമാശയോടെ ചുണ്ട് കോട്ടിക്കൊണ്ട് പാർഥിപനെ നോക്കി പറഞ്ഞു. വാസുകിയമ്മക്ക് ഇത്തിരി സുഖിച്ചു. പാർഥിപൻ പിണക്കത്തോടെയൊന്ന് തുറിച്ചു നോക്കി. "ഓ.. അല്ലേലും നിങ്ങള് രണ്ടും ഒരു ടീമാണല്ലോ. നമ്മള് പോയിത്തന്നേക്കാം..." കയ്യും കൂപ്പി പാർഥിപൻ പോകുന്നത് കണ്ട് രണ്ടുപേർക്കും ചിരി പൊട്ടി. നേരം കടന്ന് പോയി. ഇടയ്ക്ക് വച്ചു വീണ്ടും കറന്റ് പോയി. കണ്ണുകളെ ഇരുട്ട് മൂടി. അമ്മയെന്നേരം അവളുടെ തോളിൽ മുറുകെ ചേർത്ത് പിടിച്ചു. ഉള്ളിലെ ഭയം പതിയെ ചത്തു തുടങ്ങുന്നത് പോലെ തോന്നി.

കാതുകളിൽ അവന്റെ ശബ്‌ദം വന്നു പതിക്കുന്നത് പോലെ തോന്നി.... "പേടിക്കണ്ടാട്ടോ... ഞാനുണ്ട്.... ഞാൻ കൂടെയുണ്ട്....." തൊട്ടുപിന്നിലായി ചേർന്നു നിന്ന് അവൻ കാതുകളിൽ മന്ത്രിക്കുന്നത് പോലെ.. മനസ്സിന് ആശ്വാസം നിറയുന്നു. കണ്ണുകളിൽ ഇരുട്ടിനും പ്രകാശത്തിന്റെ നിറം തോന്നുന്നു.. അരികിൽ അവനില്ലെങ്കിലും അവനുള്ളത് പോലെ.. അവനില്ലെങ്കിലും അവന്റെ സ്നേഹമുള്ളത് പോലെ.. അവനില്ലെങ്കിലും അവന്റെ കരുതലുള്ളത് പോലെ.. കറന്റ് വന്നു. ചുറ്റിനും വെളിച്ചം പരന്നു. ടീവി ഓൺ ആയി. അല്പം കഴിഞ്ഞപ്പോൾ ആരോ ഡോർ ബെൽ അടിച്ചു. "അവനാവും..." അമ്മ പറഞ്ഞു. ചാടിയെഴുന്നേറ്റ് ചെന്നവൾ സന്തോഷത്തോടെ കതക് തുറന്നു. കണ്മുന്നിൽ നിൽക്കുന്നവനെ കണ്ട് ഉടലിലൂടെയൊരു മിന്നല് ഓടിയൊളിച്ചു. ഓർക്കാപ്പുറത്ത് തലക്ക് അടിയേറ്റതുപോലെ ഒറ്റനിമിഷം കൊണ്ട് ശരീരം തളർന്നു. "അവനല്ലേ...."

അമ്മ അകത്ത് നിന്നും വിളിച്ചു ചോദിച്ചു. "സി.. സി....." വാക്കുകൾ പുറത്തേക്ക് വന്നില്ല. പുറത്തു നിന്നവൻ അവളെ നോക്കി ചിരിച്ചു. ആ ചുവന്ന് വന്യമായ കണ്ണുകളിൽ അവളോടുള്ള ഒടുങ്ങാത്ത ഭ്രാന്ത് ഇന്നും അവശേഷിക്കുന്നത് പോലെ. കണ്മുന്നിൽ ഒരു പ്രേതരൂപം വന്നു നിൽക്കുന്നത് പോലെ അവൾ അമ്പരന്നു. "ഞാനുണ്ട്.. ഞാനുണ്ട്...." കാതുകളിൽ അന്നേരം അവന്റെ മന്ത്രണം ഒഴുകിയെത്തി. ഒരു തരിയോളം പോന്ന ധൈര്യത്തിന്റെ പുറത്ത് മനസ്സിനെ അടക്കിപ്പിടിക്കാൻ ശ്രമിച്ചു. അപ്പോഴതാ കണ്മുന്നിൽ പകയോടെ നിൽക്കുന്നവന്റെ മുഖം പൊടുന്നനെ ഇരുട്ടിൽ മുങ്ങി. ചുറ്റിനും ഇരുട്ട് മാത്രമായി.. "ശ്ശോ... ഈ കറന്റ് പിന്നേം പോയോ....." അമ്മ അകത്ത് നിന്നും പിറുപിറുത്തത് കേട്ട് തലക്ക് ഇടിയേറ്റത് പോലെ തോന്നി...............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story