Love Me Like You Do ❤️: ഭാഗം 16

Love Me Like You Do

രചന: ആദിത്യൻ മേനോൻ

"സി.. സി....." വാക്കുകൾ പുറത്തേക്ക് വന്നില്ല. പുറത്തു നിന്നവൻ അവളെ നോക്കി ചിരിച്ചു. ആ ചുവന്ന് വന്യമായ കണ്ണുകളിൽ അവളോടുള്ള ഒടുങ്ങാത്ത ഭ്രാന്ത് ഇന്നും അവശേഷിക്കുന്നത് പോലെ. കണ്മുന്നിൽ ഒരു പ്രേതരൂപം വന്നു നിൽക്കുന്നത് പോലെ അവൾ അമ്പരന്നു. "ഞാനുണ്ട്.. ഞാനുണ്ട്...." കാതുകളിൽ അന്നേരം അവന്റെ മന്ത്രണം ഒഴുകിയെത്തി. ഒരു തരിയോളം പോന്ന ധൈര്യത്തിന്റെ പുറത്ത് മനസ്സിനെ അടക്കിപ്പിടിക്കാൻ ശ്രമിച്ചു. അപ്പോഴതാ കണ്മുന്നിൽ പകയോടെ നിൽക്കുന്നവന്റെ മുഖം പൊടുന്നനെ ഇരുട്ടിൽ മുങ്ങി. ചുറ്റിനും ഇരുട്ട് മാത്രമായി.. "ശ്ശോ... ഈ കറന്റ് പിന്നേം പോയോ....." അമ്മ അകത്ത് നിന്നും പിറുപിറുത്തത് കേട്ട് തലക്ക് ഇടിയേറ്റത് പോലെ തോന്നി.. പെട്ടന്നുണ്ടായ തോന്നലിൽ വെപ്രാളത്തോടെ വാതില് അമർത്തിയടക്കാൻ ശ്രമിച്ചു. പക്ഷേ അടയാനനുവദിക്കാതെ അവന്റെ കൈകൾ അതിനെ ശക്തിയായി തടഞ്ഞു നിർത്തി. "എന്താ..! എന്താ മോളെ...!" വ്യക്തതയില്ലാത്ത ഓരോരോ ശബ്ദങ്ങൾ കേട്ട് അമ്മ അകത്തു നിന്നും ചാടിയെഴുന്നേറ്റു.

"സി... സിദ്ധാർഥൻ..." വാതിലിൽ ആവുന്നത്ര കരുത്തോടെ തള്ളിപിടിച്ച് അവൾ ഉറക്കെ പറഞ്ഞു. അമ്മക്ക് വെപ്രാളമേറി. പറഞ്ഞ് അവളുടെ അടുത്തേക്ക് ചെന്നു. വാതില് കൊട്ടിയടക്കാൻ പാടുപെടുന്നവളെ കണ്ട് ഒപ്പം കൂടി. ഒരുവിധം വാതില് തള്ളിയടഞ്ഞു. അമ്മ വേഗം മുകളിലെ കുറ്റി മുറുക്കി. അപ്പോഴാണ് ശ്വാസം നേരെ വീണത്. "പേടിക്കണ്ട... പേടിക്കണ്ടാട്ടോ... അവനിപ്പോ വരും." അമ്മ അവളുടെ മുഖം കൈകളിൽ എടുത്തുകൊണ്ടു ആശ്വസിപ്പിച്ചു. ശ്വാസം നേരെയാക്കാൻ ശ്രമിക്കവേ കറന്റ് വന്നു. കണ്ണുകളിലാകെ വെളിച്ചം നിറഞ്ഞപ്പോൾ അതാ കണ്മുന്നിൽ സിദ്ധാർഥൻ നിൽക്കുന്നു..! അവനെ കണ്ടതും ഇരുവരുടെയും മുഖത്ത് വെപ്രാളമേറി. അയാൾ അകത്തേക്ക് കടക്കവേയാണ് വാതിൽ അടക്കപ്പെട്ടതെന്ന് അപ്പോഴാണ് മനസ്സിലായത്. അമ്മ അവളെ തന്റെ കൈകളിൽ പൊതിഞ്ഞു പിടിച്ചുകൊണ്ട് ദേഷ്യത്തോടെ സിദ്ധാർഥനെ നോക്കി. "ഇവിടുന്ന് പോയില്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും.." അമ്മ കനത്ത സ്വരത്തിൽ പറഞ്ഞത് കേട്ട് സിദ്ധാർഥൻ അവരെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു.

അവന്റെ കണ്ണുകളിലെ ഭ്രാന്തമായ തീ കണ്ട് അവൾക്ക് ശ്വാസം മുട്ടി. "വാ മായേ.. നമുക്ക് വീട്ടിലേക്ക് പോവാം." ക്രൂരത മൂടിയ സൗമ്യതയോടെ സിദ്ധാർഥൻ പറഞ്ഞു. അവളന്നേരം അമ്മയുടെ നെഞ്ചിലേക്ക് കൂടുതൽ ആഴത്തിൽ മുഖം പൊത്തി.. "ഇറങ്ങിപ്പോടോ ഇവിടുന്ന്.." അമ്മ അവനെ നോക്കി വീണ്ടും കണ്ണു കൂർപ്പിച്ചു. സിദ്ധാർഥൻ അത് കേൾക്കവേ ദേഷ്യത്തോടെ പല്ലിറുമ്മി. ശേഷം പിന്നെയും സൗമ്യതയോടെ ഒന്ന് പുഞ്ചിരിച്ച് മായയെ നോക്കി. "എന്താ മായേ ഇതൊക്കെ. കുടുംബത്തീ പിറന്ന പെണ്ണുങ്ങള് ചെയ്യുന്ന കാര്യാണോ നീയീ ചെയ്യുന്നതൊക്കെ..." "കുടുംബത്തീ പിറന്നതിന്റെയായിരിക്കും നീ ഇവളോട് കാണിച്ചു കൂട്ടിയതൊക്കെ. അതുകൊണ്ട് ഇവള് കുടുംബത്തീ പിറന്നതല്ല. കുടുംബത്തീ പിറന്ന മോൻ തൽക്കാലം ഇറങ്ങിപ്പോകാൻ നോക്ക്..." അമ്മ കുറ്റിതുറന്ന് വാതിൽ മലർത്തി കാട്ടി. "ദേ തള്ളേ..." സിദ്ധാർഥൻ മുഷ്ടി ചുരുട്ടിക്കൊണ്ട് അവർക്ക് നേരെ മുന്നോട്ട് നീങ്ങി. പിന്നീട് സ്വയം നിയന്ത്രിച്ചു നിർത്തി. "കുടുംബത്തീ പിറന്നവൻ വീട്ടിലുള്ള സ്ത്രീകളെ തള്ളേന്നായിരിക്കും വിളിക്കാറ്..

ഇറങ്ങിപ്പോകുന്നുണ്ടോ അതോ ഞാൻ പോലീസിനെ വിളിക്കണോ..!" പുച്ഛത്തോടെ പറഞ്ഞുകൊണ്ട് വാസുകിയമ്മ ടേബിളിനരികിലേക്ക് ചെന്ന് ധൃതിയിൽ മൊബൈൽ ഫോൺ കയ്യിലെടുത്തു. "അമ്മേ...." മായയുടെ നേർത്ത സ്വരം കേട്ട് പതുക്കെയൊന്ന് തിരിഞ്ഞ് നോക്കി. സിദ്ധാർഥൻ കയ്യിൽ കരുതിയ കത്തിയെടുത്ത് അവളുടെ കഴുത്തിൽ അമർത്തി പിടിച്ചു നിൽക്കുന്നത് കണ്ട് അമ്മയൊന്ന് അമ്പരന്നു. അത് കണ്ട് സിദ്ധാർഥന് ചിരി പൊട്ടി. "പോലീസിനെ വിളിക്കുന്നില്ലേ.. ഉം വേഗം ആവട്ടെ..." അവളുടെ കഴുത്തിനു നേരെ കത്തി മുറുക്കിക്കൊണ്ട് സിദ്ധാർഥൻ വീണ്ടും പറഞ്ഞു. മായ കണ്ണുകൾ ഇറുക്കിയടച്ചു. നെഞ്ചിടിപ്പ് ഏറിവന്നു. അമ്മ പതുക്കെ ഫോൺ താഴെ വച്ചു. "നിനക്കെന്നെ ഒന്നും ചെയ്യാനാവില്ല സിദ്ധാർഥാ..." മായ അടഞ്ഞ കണ്ണുകൾ പതുക്കെ തുറന്ന് നേരിയ ധൈര്യത്തോടെ പറഞ്ഞു. "സിദ്ധാർഥനെന്നോ.. നിന്റെ കെട്ട്യോനിപ്പോഴും ഞാനാണെന്ന കാര്യം ഓർമ്മ വേണം."

സിദ്ധാർഥൻ അവളുടെ കാതിൽ കോപത്തോടെ മന്ത്രിച്ചു. "കെട്ട്യോനാണെന്നോ മുതിർന്നതാണെന്നോ ആണാണെന്നോ വച്ച് ആരെയും ബഹുമാനിക്കേണ്ട കാര്യമില്ല. ബഹുമാനം അർഹിക്കുന്നവരെ മാത്രേ ബഹുമാനിക്കാവൂ. അതിപ്പോ ആണായാലും പെണ്ണായാലും. വലുതായാലും ചെറുതായാലും. നിന്റെയൊക്കെ സ്വഭാവം വച്ച് നിന്നെപ്പോലുള്ളവരെയൊക്കെ മുഖത്ത് തുപ്പി ഓടിക്കണം.." വാസുകിയമ്മ പറഞ്ഞത് കേട്ട് സിദ്ധാർഥന്റെ കണ്ണുകൾ കൂർത്തു. അവൻ അവളുടെ കഴുത്തിലേക്ക് വീണ്ടും കത്തിയടുപ്പിച്ചു. "നീയെന്നെ ഒന്നും ചെയ്യില്ല.. അമ്മ പാർഥിപനെ വിളിക്ക്..." അവൾ ധൈര്യത്തോടെ തന്നെ പറഞ്ഞു. സിദ്ധാർഥന് കോപമിരട്ടിച്ചു. അവൻ കോപത്തോടെ അവളെ മുന്നിലേക്ക് പിടിച്ചു തള്ളി. എഴുന്നേൽപ്പിക്കാൻ മുന്നോട്ട് വന്ന അമ്മയുടെ മുടിക്ക് കുത്തിപ്പിടിച്ചുകൊണ്ടവൻ അവരുടെ കഴുത്തിനു നേരെ കത്തി പിടിച്ചു. "ശരിയാ. നിന്നെ കൊല്ലാൻ എനിക്ക് കഴിയില്ല. പക്ഷെ ഈ വട്ട് തള്ളയെ ഞാൻ കൊല്ലും. കാണണോഡീ.." സിദ്ധാർഥൻ മായയെ നോക്കി അലറി.. താഴെ വീണവൾ പതുക്കെ എഴുന്നേറ്റ് ആ കാഴ്ച കണ്ട് ഞെട്ടി.

"അമ്മയെ ഒന്നും ചെയ്യരുത്..." അരുതെന്ന് അവൾ കൈകാട്ടിയപ്പോൾ അവളുടെ മുഖത്തെ ഭയം കണ്ട് അവന് ഹരം തോന്നി. അവൻ കത്തി കൂടുതൽ അടുത്തേക്ക് പിടിച്ചു. "മോളെ.. വേഗം എവിടേക്കെങ്കിലും ഓടി രക്ഷപ്പെടൂ." അമ്മ പറഞ്ഞു. ഇല്ലെന്നവൾ പകച്ചുകൊണ്ട് തലയനക്കി. "വേണ്ട..... അമ്മയെ ഉപദ്രവിക്കരുത് പ്ലീസ്...." കൈകൂപ്പിക്കൊണ്ട് പറഞ്ഞു. സിദ്ധാർഥനു കൂടുതൽ രസം തോന്നി. അവളുടെ കണ്ണുകളിൽ നിന്നും ഇറ്റിവീഴുന്ന കണ്ണുനീർ കണ്ട് അവന് ഭ്രാന്ത് പിടിച്ചു. അവന്റെ കത്തിയുടെ പിടി അല്പം അഴഞ്ഞുവെന്നു തോന്നിയതും അമ്മ ശക്തിയോടെ അവന്റെ കൈ തള്ളിമാറ്റി. "ഈ തള്ള..." ദേഷ്യപ്പെട്ടുകൊണ്ട് അമ്മയ്ക്ക് നേരെ നീങ്ങിയതും അമ്മയുടെ കനത്ത കരങ്ങൾ കവിളത്ത് ആഞ്ഞു പതിഞ്ഞതും ഒരുമിച്ചായിരുന്നു. ആ അടിയിൽ സിദ്ധാർഥന് താൻ നിൽക്കുന്ന ലോകം ചുറ്റിനും കറങ്ങുന്നുണ്ടെന്ന് തോന്നി. തലയാകെ പെരുത്ത് കയറുന്നത് പോലെ.. ആ സമയം അമ്മ അവന്റെ കയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങി. "അടുക്കളേല് ഞാൻ കത്തി പിടിച്ചത്ര നീ പിടിച്ചിട്ടുണ്ടോടാ കൊച്ച് ചെറുക്കാ..?"

അവനു നേരെ കത്തി കാണിച്ചുകൊണ്ട് അമ്മ അലറി. കോപം കൊണ്ട് സിദ്ധാർഥന് ഭ്രാന്ത് കയറി. അവന്റെ കണ്ണുകൾ ദൂരെ മാറിനിന്ന മായയിൽ പതിഞ്ഞു. അവൾ അന്നേരം പാർഥിപന് കാൾ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. "ഡീ..." അലറിക്കൊണ്ടവൻ അവൾക്ക് നേരെ പറഞ്ഞതും ദൂരെ നിന്നും ഒരു മരക്കസേര പറന്നുവന്ന് അവന്റെ പുറത്ത് ശക്തിയോടെ പതിച്ചു.. വേദനകൊണ്ട് പുളഞ്ഞവൻ പിടഞ്ഞുകൊണ്ട് പതുക്കെ തിരിഞ്ഞു നോക്കി.... കസേര പറന്നെത്തിയ ധിക്കിൽ നിൽക്കുന്ന പാർഥിപനെ കണ്ട് മായക്കും അമ്മയ്ക്കും ആശ്വാസമായി. പാർഥിപന്റെ മുഖമന്നേരം കോപം കൊണ്ട് ചുവന്ന് തുടുത്തിരുന്നു. മുഷ്ടി ചുരുട്ടിക്കൊണ്ട് കോപത്തോടെ നിൽക്കുന്നവന്റെ നേർക്ക് സിദ്ധാർഥൻ ഓടിയടുത്തു. പാർഥിപൻ തന്റെ നേർക്ക് പാഞ്ഞു വന്ന സിദ്ധാർഥന്റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ട് ചവിട്ടി. ചവിട്ടേറ്റ് അല്പം പിന്നിലേക്ക് തെറിച്ച് സിദ്ധാർഥൻ മലർന്നടിച്ചു വീണു.

"അമ്മ അവളേം കൊണ്ട് അകത്തേക്ക് പോകൂ.." വീണു കിടന്നവനെ നോക്കി പാർഥിപൻ പറഞ്ഞതും അമ്മ മായയുടെ കൈ പിടിച്ച് മുറിയിലേക്ക് നടന്നു കതകടച്ചു. പോകും വഴിയിൽ അവൾ പാർഥിപനെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. സിദ്ധാർഥൻ പാർഥിപന്റെ കാല് വാരി നിലത്തേക്കിട്ടു. പാർഥിപൻ പിടികിട്ടാതെ വീണ് കാലുകൊണ്ട് അവന്റെ താടിയെല്ലിൽ ചവിട്ടി. വേദന സഹിച്ച് സിദ്ധാർഥൻ എണീക്കവേ ഒപ്പം പാർഥിപനും ചാടിയെഴുന്നേറ്റു നിന്നു. ഉറക്കെ അലറിക്കൊണ്ട് പാർഥിപന് നേരെ വന്ന സിദ്ധാർഥന്റെ കൈകളെ അവൻ നിഷ്പ്രയാസം തടഞ്ഞു പിടിച്ചു. "മായ എന്റെ ഭാര്യയാണെന്ന് ഞാൻ നിന്നോടന്നേ പറഞ്ഞതല്ലെടാ..." സിദ്ധാർഥൻ പല്ലിറുമ്മിക്കൊണ്ട് അലറി. "താലി കെട്ടിയത് കൊണ്ട് മാത്രം ഭാര്യയാവില്ല. മായ ഇന്ന് എന്റേതാണ്..." പാർഥിപൻ തിരിച്ചടിച്ചു. സിദ്ധാർഥനു കലിയേറി. സിദ്ധാർഥൻ ടേബിളിനരികിലെ ചെയർ വലിച്ചെടുത്തു പാർഥിപന് നേരെ ശക്തിയിൽ വീശി.

പാർഥിപൻ ഒഴിഞ്ഞു മാറിയതും കസേര ഗ്ലാസ്‌ ടേബിളിൽ തട്ടി ചില്ലു പൊളിഞ്ഞു വീണു. ശബ്‌ദം കേട്ട് മായക്ക് ആധി കേറി. "അവിടെ എന്തോ ശബ്‌ദം... പാർഥിപൻ..." സമാധാനിപ്പിച്ചു പിടിച്ചിരുത്തിയ അമ്മയുടെ കൈ വിട്ട് വെപ്രാളത്തോടെ അവൾ കതക് തുറന്നിറങ്ങി. തെറിച്ചു കിടന്ന ടേബിളിന്റെ ചില്ലു ചവിട്ടി കാല് മുറിഞ്ഞു. വാതിൽക്കല് ഒരു കൈ ചാരിക്കൊണ്ട് കാലിൽനിന്നും ചോരയൊലിക്കുന്നത് നോക്കവേ സിദ്ധാർഥനെ കൈകാര്യം ചെയ്തുകൊണ്ടിരുന്ന പാർഥിപൻ പാഞ്ഞ് അരികിലെത്തി. "അകത്തിരിക്കാൻ പറഞ്ഞതല്ലേ ഞാൻ..." പാർഥിപൻ തിടുക്കത്തോടെ അവളെ താങ്ങി നിർത്തവെ താഴെ കിടന്ന നീണ്ട ചില്ലുകഷ്ണം കയ്യിലെടുത്ത് സിദ്ധാർഥൻ അവന്റെ പിന്നിൽ വന്ന് ആഞ്ഞു കുത്തി. ഒരു ജന്മം മുഴുവൻ കൊടുത്തു തീർക്കേണ്ട സ്നേഹവും ഒരുമിച്ച് ഒരു പെണ്ണിന്റെ കാൽക്കൽ വച്ചവന്റെ വയറിലേക്ക് കൂർത്ത ചില്ലു കുത്തിയിറങ്ങി. കുത്തേറ്റ് അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് നിന്നവന്റെ പിടിയുടെ ശക്തിയൊന്നേറി.. കണ്ണുകൾ ശക്തിയോടെ വിടർന്നു. വേദന മുഖത്ത് നിറഞ്ഞു. അവൾക്കുള്ളിൽ ഒരു നടുക്കമുണ്ടായി.... "നോ................" പാർഥിപനെ വലിച്ചു താങ്ങി പിടിച്ചുകൊണ്ട് മായ നിലവിളിച്ചു.. ദേഷ്യത്തോടെ, വേദനയോടെ............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story