Love Me Like You Do ❤️: ഭാഗം 17

Love Me Like You Do

രചന: ആദിത്യൻ മേനോൻ

"അകത്തിരിക്കാൻ പറഞ്ഞതല്ലേ ഞാൻ..." പാർഥിപൻ തിടുക്കത്തോടെ അവളുടെ മുറിവിൽ നോക്കവേ താഴെ കിടന്ന നീണ്ട ചില്ലുകഷ്ണം കയ്യിലെടുത്ത് സിദ്ധാർഥൻ അവന്റെ പിന്നിൽ വന്ന് ആഞ്ഞു കുത്തി. ഒരു ജന്മം മുഴുവൻ കൊടുത്തു തീർക്കേണ്ട സ്നേഹവും ഒരുമിച്ച് ഒരു പെണ്ണിന്റെ കാൽക്കൽ വച്ചവന്റെ വയറിലേക്ക് ചില്ലു കുത്തിയിറങ്ങി. അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് നിന്നവന്റെ പിടിയുടെ ശക്തിയൊന്നേറി.. കണ്ണുകൾ ശക്തിയോടെ വിടർന്നു. വേദന മുഖത്ത് നിറഞ്ഞു. അവൾക്കുള്ളിൽ ഒരു നടുക്കമുണ്ടായി.... "നോ................" പാർഥിപനെ വലിച്ചു പിടിച്ചുകൊണ്ട് സിദ്ധാർഥനെ നോക്കി മായ നിലവിളിച്ചു.. ദേഷ്യത്തോടെ, വേദനയോടെ... അമ്മ ഓടിവന്നപ്പോൾ കണ്ടത് വയറിലാകെ ചോര പടർന്നുകൊണ്ട് നിൽക്കുന്ന പാർഥിപനെയാണ്. അത് കാണവേ അവർക്ക് കണ്മുന്നിലെ ലോകം കറങ്ങിവീഴുന്നത് പോലെ തോന്നി. വെപ്രാളത്തോടെ നിലവിളിച്ചുകൊണ്ട് പാർഥിപന്റെ അരികിൽ പാഞ്ഞെത്തി അവനെ താങ്ങിപ്പിടിച്ചു.

"ഒന്നും ചെയ്യരുത്.. ഞാൻ നിങ്ങളുടെ കൂടെ വരാൻ തയാറാണ്. ഒന്നും ചെയ്യല്ലേ.... പ്ലീസ്...." പാർഥിപനെ പൊതിഞ്ഞു പിടിച്ചുകൊണ്ട് സിദ്ധാർഥന്റെ നേർക്ക് മായ കൈകൂപ്പി പറഞ്ഞു. ആ രണ്ട് പെണ്ണുങ്ങളുടെയും മുഖത്ത് കടന്നു കൂടിയ വേദന കണ്ട് സിദ്ധാർഥനു സന്തോഷം തോന്നി. അവന്റെ മുഖത്ത് വിജയഭാവം തെളിഞ്ഞു. വയറ്റിലേക്ക് ആഴ്ന്നിറക്കിയ ചില്ല് വലിച്ചൂരിക്കൊണ്ടവൻ വീണ്ടും ശക്തിയിൽ കുത്തിയിറക്കി. പാർഥിപന്റെ ഒരു വലിയ അലർച്ച അവിടമാകെ മുഴങ്ങി. "വേണ്ടാ............" തടുക്കുവാനാവാതെ കീറിമുറിയുന്ന വേദനയാൽ തളർന്നു നിന്ന പാർഥിപനെ കരച്ചിലോടെയവൾ വലിച്ചു പിടിച്ചു. "മോനെ...." നെഞ്ചുപൊട്ടിക്കൊണ്ട് അമ്മ പാർഥിപനെ മുറിയിലേക്ക് കയറ്റാൻ ശ്രമിച്ചു. പക്ഷെ വിസമ്മതത്തോടെ അവൻ കൈകൾ പിന്നിലേക്ക് വലിച്ചു. "നമുക്ക് ഹോസ്പിറ്റലിൽ പോകാം...."

വേദനയോടെ അവനെ നോക്കിക്കൊണ്ടവൾ കരഞ്ഞു.. "അമ്മയേം കൊണ്ട് അകത്തേക്ക് പോ...." ചേർത്ത് പൊതിഞ്ഞു നിന്ന മായയെ പാർഥിപൻ കൈകൊണ്ട് മാറ്റി നിർത്തി. ഇല്ലെന്നവൾ കരഞ്ഞുകൊണ്ട് തലയാട്ടി. വീണ്ടും അവനെ നെഞ്ചിലേക്ക് പൊതിഞ്ഞു വച്ചു. അന്നേരവുമവൻ അവളെ തള്ളിമാറ്റി. കണ്ണുകളിൽ അസഹ്യമായ വേദന നിറഞ്ഞ് തല താണുപോയവനെ നോക്കി നിൽക്കേ ഹൃദയം മുറിഞ്ഞു പോകുന്നത് പോലെ തോന്നിയവൾക്ക്. ജീവനറ്റു പോകുന്നത് പോലെ.. മെല്ലെയവൻ പിന്നിൽ തറഞ്ഞു നിന്ന ചില്ല് വലിച്ചൂരി. ഊരവേ അവന്റെ അലർച്ച കേട്ട് സഹിക്കാനാവാതെ അമ്മ വായപൊത്തി കരഞ്ഞു. അവളന്നേരം വെപ്രാളത്തോടെ അവന്റെ നേർക്ക് വീണ്ടും ചെന്നടുത്തു. അവനപ്പോഴും അവളെ കയ്യകലെ മാറ്റി നിർത്തി. അവന്റെ കരങ്ങൾ വിറക്കുന്നുണ്ടായിരുന്നു. പതിയെ പതിയെ അവന്റെ ദേഹവും വിറച്ചു തുടങ്ങി. ഷർട്ടിലാകെ ചോര പടർന്നു പിടിച്ചിരുന്നു. പതുക്കെ സിദ്ധാർഥനെ ഒന്ന് തിരിഞ്ഞു നോക്കി.

ഒരു യുദ്ധം ജയിച്ച പ്രതീതിയിൽ സിദ്ധാർഥൻ അവനെ നോക്കി ഭ്രാന്തോടെ ചിരിച്ചു.. പാർഥിപൻ കുത്തേറ്റയിടത്ത് കൈ പൊതിഞ്ഞു പിടിച്ചുകൊണ്ടു സിദ്ധാർഥനു നേരെ നടന്നു. "വേണ്ട......" പാർഥിപനെ നോക്കി നിന്നുകൊണ്ട് ഉറക്കെ കരയാനെ അവൾക്കായുള്ളൂ. പിന്നെയും പിന്നെയും പാർഥിപന്റെയടുത്തേക്ക് ഓടിച്ചെല്ലാൻ തുനിയവേ അമ്മ അവളെ വേണ്ടെന്ന് തടഞ്ഞു നിർത്തി. അവനുവേണ്ടി കരയുന്നവളെ മുറുക്കിപ്പുണർന്നുകൊണ്ടവർ അടക്കി നിർത്താൻ ശ്രമിച്ചു. തനിക്ക് നേരെ വന്ന പാർഥിപന്റെ നേർക്ക് സിദ്ധാർഥൻ പാഞ്ഞടുത്തു. സിദ്ധാർഥൻ അടുത്തെത്തിയതും പിന്നിൽ നിന്നും വലിച്ചൂരിയ ചില്ലുകൊണ്ട് പാർഥിപൻ അവന്റെ ദേഹത്തേക്കാഞ്ഞു വെട്ടി. സിദ്ധാർഥന്റെ കഴുത്തിൽ നിന്നും വലത്തേ അടിവയറുവരെ വസ്ത്രം കീറിമുറിഞ്ഞ് ഒരു ചുവന്ന വര പ്രത്യക്ഷപ്പെട്ടു. ചുവന്ന വരക്ക് കട്ടി കൂടി വന്നു. അതിൽ നിന്നും ചോരയൊലിച്ചിറങ്ങി. സിദ്ധാർഥൻ പിടഞ്ഞുകൊണ്ടൊന്ന് അലറി. പാർഥിപനപ്പോൾ വീണുകിടന്ന മരക്കസേരയെടുത്ത് അവന്റെ മുഖമടച്ചൊരു അടിവീശി.

ആ അടിയിൽ സിദ്ധാർഥൻ മലർന്നു തെറിച്ചു വീണു. "ആാാാ....." ആ അടിയേറ്റ് മുഖം പൊത്തിക്കൊണ്ടവൻ അലറിക്കരഞ്ഞു. അവന്റെ മൂക്കിൽ നിന്നും വായിൽ നിന്നുമായി ചോരയൊഴുകാൻ തുടങ്ങി. അവ പൊത്തിവച്ച കൈവിരലുകൾക്കിടയിലൂടെ ഒലിച്ചിറങ്ങി. കാലുകൾ വേദനയോടെ പിടഞ്ഞു. താഴെ കിടന്ന് മുഖം പൊത്തി കരയുന്നവന്റെ അടുത്ത് ചെന്ന് പാർഥിപൻ മുട്ടുകുത്തിയിരുന്നു. അവന്റെ തലമുടി കുത്തിപ്പിടിച്ചു. ആ തല നിലത്തടിച്ചു കൊന്നു കളയാനുള്ള ദേഷ്യം തോന്നി പാർഥിപന്.. "മതി പാർഥിപാ.. നമുക്ക് ഹോസ്പിറ്റലിൽ പോവാം. പ്ലീസ്..." അമ്മയുടെ കൈകളിൽ കിടന്നുകൊണ്ട് അലറി നിലവിളിക്കുന്നവളെ അവൻ പതുക്കെ തിരിഞ്ഞു നോക്കി. അമ്മയവളെ പൂണ്ടടക്കം വരിഞ്ഞു പിടിച്ച് അടക്കി നിർത്താൻ പാടുപെടുന്നത് കണ്ട് അവനവളോട് വല്ലാത്ത പ്രേമം തോന്നി. അവനുവേണ്ടി തൊണ്ടപൊട്ടി കരയുന്ന ആ രണ്ടുപെണ്ണുങ്ങളെയും നോക്കി നിൽക്കവേ സിദ്ധാർഥന്റെ തലമുടിയിൽ മുറുകിയ അവന്റെ പിടി പതുക്കെ അഴഞ്ഞു. മുറിവിൽ അമർത്തിപ്പിടിച്ചുകൊണ്ട് മെല്ലെ എഴുന്നേറ്റു..

അവർക്ക് നേരെ വേച്ചു വേച്ചു നടന്നു നീങ്ങവേ ദേഹം വിറച്ചു. കാലടികൾ ഇടറി. തലയാകെ കറങ്ങുന്നത് പോലെ.. കണ്ണുകളിൽ ഇരുട്ട് പടരുന്നത് പോലെ. മുന്നോട്ട് നടക്കാനാവാതെ മുട്ടുകുത്തി വീണു. വായിൽ നിന്നും ചോരയൊലിച്ചു തുടങ്ങി. അമ്മയുടെ പിടി അഴഞ്ഞു. അവളോടിച്ചെന്ന് തളർന്നു വീഴാൻ തുടങ്ങിയവനെ താങ്ങിപ്പിടിച്ചു. മെല്ലെ അവനൊപ്പം നിലത്തിരുന്നു. "ഒന്നും പറ്റില്ല.... നിങ്ങക്കൊന്നും പറ്റില്ല...." നെഞ്ചിൽ തളർന്നു കിടന്ന് ശ്വാസം കിട്ടാതെ പിടയുന്നവന് വേണ്ടി അവൾ കരഞ്ഞു. അവന്റെ മൂർദ്ധാവിൽ തുരുതുരെ ഉമ്മ വെച്ചു. കണ്ണുനീരെല്ലാം അവന്റെ മുഖത്ത് വീണ് പതിച്ചു.. "വേഗം നമുക്ക് ആശുപത്രീൽ പോണം.." അമ്മ പറഞ്ഞു. മായക്കപ്പുറം നിന്നുകൊണ്ട് അമ്മ പാർഥിപനെ എഴുന്നേറ്റ് നിർത്തി. മുന്നോട്ട് നടക്കാൻ തുനിയവേ ചോരയിൽ കുളിച്ച മുഖവുമായി സിദ്ധാർഥൻ എഴുന്നേറ്റ് നിന്ന് നോക്കുന്നത് കണ്ട് ഒന്ന് പകച്ചു നിന്നുപോയി..

. "വേണ്ട സിദ്ധാർഥാ.. നിനക്കെന്നെയല്ലേ വേണ്ടത്. ഞാൻ വരാം.. പാർഥിപനെ ഒന്നും ചെയ്യരുത്....." കണ്ണുകൾ നിറഞ്ഞൊഴുകി. വാക്കുകൾ സിദ്ധാർഥനോട് ഒരിറ്റു ദയക്കായി കെഞ്ചി. കയ്യൊതുക്കത്തിൽ പാർഥിപന്റെ നേരിയ ശ്വാസം വേണ്ടാ വേണ്ടായെന്ന് ശബ്ദിക്കുന്നതറിഞ്ഞു. സിദ്ധാർഥൻ മെല്ലെ അരികിലേക്ക് നടന്നു വന്നു. അവളന്നേരം പാർഥിപന്റെ മുന്നിലൊരു കവചം പോലെ നിന്നു. സിദ്ധാർഥനെ നോക്കി വേദനയും നിസ്സഹായതയും കോപവും കലർന്ന ഭാവത്തിൽ വേണ്ടെന്ന് മുഖമാട്ടി പറഞ്ഞു. കാൽക്കൽ മുട്ടുകുത്തി കൈകൂപ്പിക്കൊണ്ട് കരഞ്ഞു. അവനത് കണ്ട് ഹരം കയറി. പാതിബോധത്തിലിരുന്ന പാർഥിപന് അത് കണ്ടതും ദേഷ്യവും വേദനയും ഒരുമിച്ചുണ്ടായി. അരുതെന്ന്, വേണ്ടെന്നവൻ ആവുന്നത്ര ശബ്ദത്തിൽ മന്ത്രിച്ചു. വാക്കുകളിൽ അങ്ങേയറ്റത്തെ നിസ്സഹായതയും ദയനീയതയും കലർന്നു.. "ഞാൻ തിരികെ വരാം.. പാർഥിപനെ വെറുതെ വിടണം.." സിദ്ധാർഥന്റെ കാലിൽ പിടിച്ചുകൊണ്ടവൾ തല താഴ്ത്തി കരഞ്ഞു. തോറ്റുനിൽക്കുന്നവളുടെ നോവ് കണ്ട് അവനതിൽ ലയിച്ചു പോയി.

മുഖത്ത് സന്തോഷം വിരിഞ്ഞു. ചോരകലർന്ന പല്ലുകൾ കാട്ടി വിജയഭാവം പൂണ്ടു ചിരിക്കുന്നവന്റെ കാലുകൾ ഒരു വലിയ അലർച്ചയോടെ അവൾ ശക്തിയിൽ പിടിച്ചു വലിച്ചു. അവിചാരിതമായ ആ ചെയ്തിയിൽ ഒന്ന് അമ്പരക്കാൻ പോലും സമയം കിട്ടാതെ നിലതെറ്റിക്കൊണ്ട് സിദ്ധാർഥൻ മലർന്നു തലയടിച്ചു വീണു. പിൻതല അമർത്തിപ്പൊത്തിക്കൊണ്ടവൻ വേദനയോടെ പിടഞ്ഞു. അവൾക്ക് മേൽ സ്നേഹത്തിന്റെ മുള്ളുവേലി കെട്ടി വീർപ്പുമുട്ടിച്ചവന്റെ അടിവേരിളക്കിയ ഭാവത്തോടെ അവളയാളെ നോക്കി. മലർത്തി വീഴ്ത്തിയവനെ കോപം പൂണ്ട് നോക്കിനിൽക്കുന്ന പെണ്ണിനെ കണ്ട് പാർഥിപന് അഭിമാനമുണ്ടായി. ചോരയൊലിക്കുന്ന വായയിൽ ശ്രമപ്പെട്ട് ഒരു പുഞ്ചിരി വിരിഞ്ഞു. "നമുക്ക് പോകാം..." ധൃതിയിൽ അവൾ എഴുന്നേറ്റ് അമ്മക്കൊപ്പം പാർഥിപനെ താങ്ങിപിടിച്ചു. ഒരിറ്റു ജീവൻ ബാക്കി നിൽക്കെയും പാർഥിപൻ ആ പെണ്ണിനെ നോക്കി മെല്ലെ മന്ദഹസിച്ചു. അടഞ്ഞുകൊണ്ടിരുന്ന കണ്ണുകളെ തുറന്നു പിടിക്കാൻ പാടുപെട്ടു. മുറിവിൽ നിന്നും ചോര കാലുകളിലേക്ക് ഒലിച്ചു തുടങ്ങിയിരുന്നു.

സിദ്ധാർഥനന്നേരം പാടുപെട്ട് എഴുന്നേൽക്കാൻ ശ്രമിക്കുന്നത് കണ്ടു. അയാൾക്ക് പക്ഷേ എഴുന്നേൽക്കാനാവുന്നില്ല.. "നിന്നെ ഞാൻ വെറുതെ വിടുമെന്ന് കരുതണ്ടഡീ തേവിടിശ്ശി.." എഴുന്നേൽക്കാനാവാതെ മലർന്നു കിടന്ന് സിദ്ധാർഥൻ വെറുപ്പ് തുപ്പിയത് കേട്ട് പാർഥിപന് സകല നിയന്ത്രണവും നഷ്ടപ്പെട്ടു. കണ്ണുകൾ കോപത്തോടെ ജ്വലിച്ചു. ദേഹം ബലത്തോടെ വിറച്ചു. "ഡാ..." തളർന്നു പോയവൻ പാതി ജീവനും കയ്യിൽ പിടിച്ച് കോപത്തോടെ അലറി. അടക്കി നിർത്താൻ ശ്രമിച്ച മായയുടെയും അമ്മയുടെയും കൈകളിൽ നിന്നും കുതറിത്തെറിച്ചുകൊണ്ടവൻ സിദ്ധാർഥന്റെ മേൽക്ക് ചാടി വീണു. "വേണ്ട...." പാർഥിപനെ സിദ്ധാർഥന്റെ ദേഹത്തുനിന്നും പിടിച്ചുമാറ്റാനുള്ള രണ്ടു പെണ്ണുങ്ങളുടെയും ശ്രമങ്ങളെല്ലാം അവന്റെ കരുത്തിനു മുന്നിൽ വിഫലമായി. സിദ്ധാർഥന്റെ കോളറിൽ കുത്തിപ്പിടിച്ചുകൊണ്ട് പാർഥിപൻ തറയിലേക്കവന്റെ തലയിടിപ്പിച്ചു.

സിദ്ധാർഥൻ പാർഥിപന്റെ കുത്തേറ്റ മുറിവിൽ പിടിച്ചമർത്തി. വേദനകൊണ്ട് പാർഥിപന്റെ കണ്ണ് ചുവന്നു. കാലുകൾ പുളഞ്ഞു. കോളറിലെ പിടി പതുക്കെ അഴഞ്ഞു. അസഹ്യമായ വേദനയോടെ തളർന്നുപോകുന്നതിനു മുൻപ്, തോറ്റു തുടങ്ങുന്നതിനു തൊട്ട് മുൻപ്, പാർഥിപൻ നിലത്തു കിടന്ന ചില്ലുകഷ്ണം കയ്യെത്തിപ്പിടിച്ചു. ജയം മുന്നിൽ കണ്ട സിദ്ധാർഥന്റെ നെഞ്ചിലേക്ക് ആ ചില്ല് കഷ്ണമവൻ അലറിക്കൊണ്ട് കുത്തിയിറക്കി. നെഞ്ചിൽ നിന്നും പാർഥിപന്റെ മുഖത്തേക്ക് ചോര തെറിച്ചു. സിദ്ധാർഥന്റെ കണ്ണുകളും വായയും മലർക്കേ തുറക്കപ്പെട്ടു. അവന്റെ നിലവിളി ശബ്‌ദം മാത്രം അവിടമാകെ മുഴങ്ങിക്കേട്ടു. മായയും അമ്മയും തലക്കടിയേറ്റതുപോലെ തറഞ്ഞു നിൽക്കുകയായിരുന്നു. അവർക്ക് അനങ്ങാനാവാത്തതു പോലെ. നെഞ്ചിലേറ്റ മുറിവിൽ നിന്നും ചോര വാർന്നു വാർന്നു സിദ്ധാർഥൻ പിടഞ്ഞു തീർന്നു.

പാർഥിപനന്നേരം ദീർഘമായൊന്നു നിശ്വസിച്ചു. പതുക്കെ മുറിവിൽ കയ്യമർത്തിപ്പിടിച്ച് എഴുന്നേറ്റു. കാഴ്ച മങ്ങിമങ്ങി വരുന്നത് തിരിച്ചറിഞ്ഞു. ദേഹമാകെ വിയർപ്പിൽ ലയിച്ചു. കാലുകളുടെ ശേഷി ക്ഷയിച്ചു പോകുന്നത് പോലെ.. "പാർഥിപാ..." അവളുടെ ശബ്‌ദം കേട്ടു.. കേട്ട ദിക്കിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ കണ്ണീരു കുതിർന്ന മുഖം.. അത് മെല്ലെ മെല്ലെ കാഴ്ചയിൽ നിന്നും മാഞ്ഞു പോകുന്നത് പോലെ.. കണ്ണുകൾ നിറഞ്ഞു വന്നു. വേദന സഹിച്ച് മെല്ലെ പുഞ്ചിരിച്ചു. അവൾക്ക് നേരെ പതുക്കെ നടന്നടുത്തു. അരികിലെത്തി അവളുടെ കൈകളിൽ മെല്ലെ തൊട്ടു. "നമുക്ക് ഹോസ്പിറ്റലിൽ പോകാം..." കരഞ്ഞുകൊണ്ടവൾ അവനെ നോക്കി. "വാ മോനെ.." അമ്മ കരഞ്ഞുകൊണ്ട് അവന്റെ കൈപിടിച്ച് പുറത്തേക്ക് നടക്കാനായി തുടങ്ങിയതും അവളുടെ നെഞ്ചിലേക്കവൻ കുഴഞ്ഞു വീണു. അവളവനെ വാരിപ്പിടിച്ചു. അവന്റെ നിശ്വാസം അവളുടെ നെഞ്ചിൽ തട്ടി. അവന്റെ കണ്ണുനീർ നെഞ്ചിലേക്ക് ഇറ്റിവീണു. നെഞ്ച് പൊള്ളുന്നത് പോലെ തോന്നിയവൾക്ക്.

"ഒന്നുമില്ല... ഒന്നും ഉണ്ടാവില്ല. നമുക്ക് പെട്ടെന്ന് ഹോസ്പിറ്റലിൽ എത്താം.." പാർഥിപനെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു. പക്ഷെ അവനവളെ തടഞ്ഞു നിർത്തി. കനത്ത വേദന കടിച്ചമർത്തിക്കൊണ്ടവൻ മെല്ലെ താഴേക്കൂർന്നു. അവനെ നെഞ്ചിൽ നിന്നുമുപേക്ഷിക്കാതെ അവനൊപ്പം അവളുമിരുന്നു. അവളുടെ നെഞ്ചിലേക്ക്, അവളുടെ മടിയിലേക്ക് ഒരു കൊച്ചുകുഞ്ഞെന്ന പോലെ അവൻ ഒതുങ്ങിയിരുന്നു. "എണീക്ക് പാർഥിപാ.." അമ്മയരികിൽ വന്നിരുന്നു. അമ്മയുടെ കയ്യെത്തിപ്പിടിച്ചവൻ സ്വന്തം സ്നേഹത്തോടെ നെഞ്ചിലേക്ക് ചേർത്ത് വച്ചു.. വേദന തിന്നുകൊണ്ടിരുന്നവൻ പ്രേമംപൂർവം തനിക്ക് വേണ്ടി കരയുന്നവളെ നോക്കി. "ഒന്നും പറ്റില്ല... ഒന്നും പറ്റില്ല...." അവളുടെ വാക്കുകൾ നേർത്ത് വന്നു.. അവനന്നേരം അവളുടെ കവിളിൽ വിറക്കുന്ന കൈകളോടെ മെല്ലെ തലോടി.

"എഴുന്നേൽക്കെടാ മോനേ..." അമ്മയവന്റെ ദേഹം പിടിച്ചു കുലുക്കിക്കൊണ്ട് കരഞ്ഞു. ആ രണ്ട് പെണ്ണുങ്ങളെയും മാറിമാറി നോക്കികൊണ്ട് അവരോടായി അവസാനമായി എന്തോ പറയാൻ തുടങ്ങുന്നതിനു തൊട്ട് മുൻപ് അവന്റെ ദേഹം നിശ്ചലമായി. വായിലൂടെ ചോരയൂർന്നൊഴുകി.. അവളെ പ്രേമത്തോടെ തലോടിക്കൊണ്ടിരുന്ന കൈകൾ മെല്ലെ അന്തരീക്ഷത്തിലേക്ക് പതിച്ചു.. "നോ................." അവളുടെ വലിയ അലർച്ച..... ആ മാളികവീടാകെ കനത്ത സ്വരത്തിൽ പ്രതിധ്വനിച്ചു..... "നോ..........." ചേതനയറ്റു കിടക്കന്നവന്റെ മുഖം തോളിലേക്ക് പൊത്തിപ്പിടിച്ചുകൊണ്ടവൾ അലറിക്കരഞ്ഞു... ഉച്ചത്തിൽ... തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ..............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story