Love Me Like You Do ❤️: ഭാഗം 18

Love Me Like You Do

രചന: ആദിത്യൻ മേനോൻ

 "നോ..........." ചേതനയറ്റു കിടക്കന്നവന്റെ മുഖം തോളിലേക്ക് പൊത്തിപ്പിടിച്ചുകൊണ്ടവൾ അലറിക്കരഞ്ഞു... ഉച്ചത്തിൽ... തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ.... ചലനമറ്റു കിടക്കുന്ന മകനെ നോക്കി തലയിൽ കൈവച്ചുകൊണ്ട് അമ്മ കണ്ണീരൊഴുക്കി.... ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 "വെയിറ്റ്... വാട്സ് ഗോയിങ് ഓൺ..!? ജെസ്സിക നേരത്തേ പറഞ്ഞത് പാർഥിപൻ ഇപ്പോഴും കൂടെയുണ്ടെന്നല്ലേ. പിന്നെയെന്താണ് ഇപ്പോൾ മരിച്ചുവെന്ന് പറയുന്നത്. എനിക്കൊന്നും മനസ്സിലാവുന്നില്ല.." ഇത്തവണ അക്ഷമയോടെ ഇടക്ക് കയറി സംസാരിച്ചത് സാഗർ ആണ്. എലീന ഒരക്ഷരം പോലും മിണ്ടാനാവാതെ, കേൾക്കുന്നത് സത്യമല്ലെന്ന പ്രതീക്ഷയോടെ കഥയിൽ ലയിച്ചിരിക്കുകയായിരുന്നു. "എടാ മണ്ടാ.. പാർഥിപൻ ഇപ്പോഴും ഒപ്പമുണ്ടെന്ന് നേരത്തെ ജെസ്സിക പറഞ്ഞതല്ലേ. നല്ലൊരു ട്വിസ്റ്റ്‌ വരാൻ നേരത്ത് നീയാ ഫ്ലോ അങ്ങ് കളഞ്ഞു.." എലീന അവന്റെ തലക്ക് നോക്കിയൊരു വീക്ക് വച്ചു കൊടുത്തു. തല തിരുമ്മിക്കൊണ്ടവൻ അവളെ മുഖം കൂർപ്പിച്ചു നോക്കി..

"പാർഥിപൻ ജീവിച്ചിരിപ്പില്ല എലീന.... എന്നെ സ്നേഹിച്ചതിനു കിട്ടിയ ശിക്ഷ...." ദീർഘമായൊന്നു നിശ്വസിച്ചുകൊണ്ട് സാഗറുമായി വഴക്കിട്ടുകൊണ്ടിരുന്നവളോട് പറയവേ ചുണ്ടുകളിൽ നേരിയൊരു ചിരി ഫിറ്റ് ചെയ്തിരുന്നു. കേട്ടതും എലീനയുടെ മുഖം അമ്പരപ്പോടെ അവൾക്ക് നേരെ തിരിഞ്ഞു. മുഖത്തേ അമ്പരപ്പ് അവിശ്വസനീയതയിലേക്കും സങ്കടത്തിലേക്കും വഴിമാറി. സാഗർ അവൾക്ക് മുഖം കൊടുക്കാതെ തല താഴ്ത്തി. "അപ്പൊ..... പാർഥിപൻ ഇപ്പഴും കൂടെയുണ്ടെന്ന് പറഞ്ഞത്........???" എലീനയുടെ ചോദ്യത്തിൽ പതർച്ച... "സത്യമാണത്.. എവിടെയാണെങ്കിലും പാർഥിപൻ എന്നും എന്റെ കൂടെ തന്നെയുണ്ടാവും." അന്നേരം കണ്ണുകളിൽ കണ്ണീരു തിളങ്ങി. "അയാം... അയാം സോ സോറി....." ടേബിളിലിരുന്ന ജെസ്സികയുടെ കയ്യിൽ എലീന മെല്ലെ സ്പർശിച്ചു. ആ സ്പർശനമേറ്റ് അവളുടെ മുഖം താണു. കണ്ണ് നിറഞ്ഞ് വിന്റർ കോട്ടിലേക്ക് കണ്ണീരിറ്റി. പതിയെ മുഖം തുടച്ചു. "പാർഥിപനെ പറ്റി ഓർക്കുമ്പോ പാർഥിപൻ എന്റെ അടുത്തുണ്ടെന്ന പോലെ എനിക്കനുഭവപ്പെടും.

അവന്റെ സാമീപ്യം.. അവന്റെ ശ്വാസം.. അവന്റെ ഗന്ധം.. അതെനിക്കിപ്പോഴും കിട്ടുന്നുണ്ട്...." പറയവേ മുകളിലേക്ക് നോക്കി കണ്ണുകൾ മെല്ലെയടച്ചു. ചെന്നിയിലേക്ക് കണ്ണീരൊലിച്ചിറങ്ങി.. എന്ത് പറയണമെന്നറിയാതെ, കേട്ടത് വിശ്വസിക്കാനാവാതെ സാഗറും എലീനയും വിഷമത്തോടെ ആ പെണ്ണിനെ നോക്കി നിന്നു. ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 "ഇല്ല... ഒന്നും പറ്റീട്ടില്ല... എണീക്ക് പാർഥിപാ....." തുറന്ന കണ്ണുകളോടെ മരിച്ചു കിടന്നവനെ ഒരു കൊച്ചു കുഞ്ഞിനെയെന്നതുപോലെ അവൾ കൈകളിലൊതുക്കിപ്പിടിച്ചു. സമനില തെറ്റിപ്പോകുന്നത് പോലെ തോന്നി അവൾക്ക്.. "എണീക്ക് പാർഥിപാ.. ഒന്നും പറ്റീട്ടില്ലാന്ന് എനിക്കറിയാം. ഡ്രാമ മതിയാക്കി എണീക്ക്...." അവന്റെ മുഖം പിടിച്ചു കുലുക്കിയിട്ട് പറയവേ കണ്ണുകൾ നിറഞ്ഞൊഴുകി. അവന്റെ ചോര അവളുടെ ദേഹത്തേക്ക് പടർന്നു പിടിച്ചു കഴിഞ്ഞിരുന്നു.. "അമ്മേ.. എഴുന്നേൽക്കുന്നില്ല അമ്മേ.. ഒന്ന് എഴുന്നേൽക്കാൻ പറ.. അമ്മ പറഞ്ഞാ ഒറപ്പായും കേൾക്കും.." പാർഥിപനെ പിടിച്ചു കുലുക്കിക്കൊണ്ട് അമ്മയെ നോക്കി കരഞ്ഞു.

ആ കാഴ്ച കണ്ടുനിന്ന വാസുകിയമ്മയുടെ തേങ്ങലിനു ഒച്ച കൂടി.. "നോക്ക് പാർഥിപാ.. അമ്മ കരയണത് നോക്ക്.. അമ്മയെ കരയിക്കണത് പാർഥിപന് ഒട്ടും ഇഷ്ടല്ലല്ലോ.. പാർഥിപൻ എണീക്കാഞ്ഞിട്ടാ അമ്മ കരയണത്.. അമ്മക്ക് വേണ്ടിയെങ്കിലും എണീറ്റൂടെ..." പാർഥിപന്റെ കവിളിൽ വിറക്കുന്ന കരങ്ങൾ തലോടി നടന്നു. കണ്ണീര് കിനിഞ്ഞ് മുഖം ഒരു പ്രേത ചിത്രം പോലെ തോന്നിച്ചു. ഹൃദയം കീറിമുറിയുന്നതറിഞ്ഞു. ആ വേദനയോടെ ആ കരച്ചിലോടെ അവനോടെഴുന്നേൽക്കാൻ കെഞ്ചി. "ഈ പെണ്ണുങ്ങൾക്കും വേണ്ടി ജീവിച്ചിട്ട് അവസാനം ഒറ്റക്കാക്കി പോകുവാണോ.. എനിക്കറിയാം. പാർഥിപൻ അങ്ങനെ പോവില്ലാന്ന്.." അവന്റെ കോളറിൽ കുത്തിപ്പിടിച്ചുകൊണ്ട് തേങ്ങി. അമ്മയുടെ കരച്ചില് തിരമാലകൾ പോലെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു. "അമ്മയെന്തിനാ കരയണേ. പാർഥിപന് ഒന്നും പറ്റീട്ടില്ല. ഇപ്പൊ എണീക്കും. എന്റെ പാർഥിപൻ ഇപ്പൊ എണീക്കും..." അമ്മയെ കരയേണ്ടെന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പാർഥിപന്റെ നെഞ്ചില് മുഖം പൂഴ്ത്തി അമർത്തിക്കെട്ടിപ്പിടിച്ചു.

ചോര കലർന്ന മാറത്ത് തുരുതുരെ ഉമ്മ വച്ചു. ഉമ്മകളിൽ കണ്ണീരിന്റെ നനവ് പടർന്നു. ചുണ്ടുകളിൽ ഉപ്പ് ചുവച്ചു.. അമ്മയുടെ കൈകൾ പതിയെ തോളിലമരുന്നതറിഞ്ഞു.. തലയുയർത്തി നോക്കിയപ്പോൾ കരഞ്ഞു കലങ്ങിക്കൊണ്ട് തൊട്ടു മുന്നിലേക്ക് ചേർന്നിരിപ്പുണ്ട്. കരഞ്ഞ് മുഖം ചുവന്നവളെ വേദനയോടെ തലോടിക്കൊണ്ട് ആ അമ്മ നോക്കി നിന്നു.. "പാർഥിപൻ പോയി മോളെ... എന്റെ കണ്ണൻ പോയി....." എങ്ങലടിച്ചുകൊണ്ട് അമ്മ പറഞ്ഞു. കേട്ടതും മുള്ളുതറച്ചതുപോലെ ഞെട്ടിപ്പിടഞ്ഞവളെ അവർ മാറോടു ചേർത്തു പിടിച്ചു കരഞ്ഞു. അമ്മയുടെ കരവലയത്തിനുള്ളിൽ കണ്ണുകൾ തള്ളിക്കൊണ്ട് കേട്ടത് വിശ്വസിക്കാനാവാതെ അസ്വസ്ഥതയോടെ അവൾ കിടന്നു. "എന്റെ ചെറുക്കൻ പോയി...." പിന്നെയും പിന്നെയും ഉരുവിട്ടുകൊണ്ട് അമ്മ നെഞ്ചുപൊട്ടി കരയുമ്പോൾ മാറിൽ കിടന്നവൾ ഇല്ലെന്ന് തലയാട്ടിക്കൊണ്ടിരുന്നു. കള്ളമെന്ന് വിശ്വസിച്ചുകൊണ്ടിരുന്നു.. ഉന്തിത്തള്ളിയ കണ്ണുകൾ മടിയിലായി കിടക്കുന്ന പാർഥിപനിൽ ചെന്നു പതിഞ്ഞു. ഭാവഭേതങ്ങളൊന്നുമില്ലാതെ മുകളിലേക്ക് കണ്ണുമിഴിച്ച് കിടക്കുന്നത് കണ്ട് ഹൃദയം രണ്ടായി മുറിഞ്ഞു.

അമ്മയുടെ വലയത്തിൽ കിടക്കവേ തന്നെ പാർഥിപന്റെ ദേഹത്തേക്ക് കയ്യെത്തിപ്പിടിച്ചു. എഴുന്നേൽപ്പിക്കുവാൻ വേണ്ടി വീണ്ടും വീണ്ടും കുലുക്കി. ഒന്നും പറ്റില്ലെന്ന പ്രതീക്ഷയില്ലാത്തൊരു പ്രതീക്ഷ ഉള്ളിൽ കിടന്നു തിളച്ചു. "ഞാനില്ലേ.. ഞാനുണ്ട്.. ഞാൻ കൂടെയുണ്ട്......" അന്തരീക്ഷത്തിൽ നിന്നും അവന്റെ വാക്കുകൾ വീണ്ടും കേൾക്കുന്നത് പോലെ.. കണ്ണുകളിൽ ബുള്ളറ്റിൽ ചാരി മതിലിനപ്പുറം നോക്കി നിൽക്കുന്നവന്റെ മുഖം തെളിഞ്ഞു വന്നു. കാണവേ കാണവേ ഭയം കൊണ്ടും ദേഷ്യം കൊണ്ടും മുഖം തിരിക്കാറുള്ളത് ഓർമ്മ വന്നു. കറന്റില്ലാത്ത നേരത്ത് അനുവേച്ചിയുടെ വീട്ടിലേക്കോടുമ്പോൾ വണ്ടിയിൽ വെളിച്ചവുമായി പിന്നാലെ വന്നതും, രാത്രിയിൽ സിദ്ധാർഥൻ പുറത്താക്കി കതകടച്ചപ്പോൾ കാവലായി നിന്നതും, സിഗരറ്റ് പൊള്ളിച്ച പാടിൽ മരുന്ന് പുരട്ടി തന്നതും, എന്നും തലതാഴ്ത്തി മാത്രം നോക്കിക്കണ്ടവനോടുള്ള പേടി പിന്നീടില്ലാതായാലും,

രാത്രിയൊരിക്കൽ ആദ്യമായവന്റെ കൂടെ നഗരം കാണാനിറങ്ങിപ്പുറപ്പെട്ടതും, അവന്റെ ലോകം കണ്ട് കൊതി തോന്നിത്തുടങ്ങിയതും, സ്നേഹമെന്തെന്ന് ബോധ്യപ്പെട്ടതും, സ്നേഹമെന്ന പേരിൽ തലക്ക് ആണിയടിച്ചുകൊണ്ടിരുന്നവന്റെ കരണം പുകച്ച് അവനൊപ്പം ഇറങ്ങി നടന്നതും, ഹൃദയത്തിന്റെ ഏക അവകാശി അയാൾ മാത്രമായി മാറിയതും, അങ്ങനെയങ്ങനെ സ്നേഹം കൊണ്ട് അത്ഭുതപ്പെടുത്തിയവന്റെ ഓർമ്മകൾ ഇന്നലെയെന്നതുപോലെ മനസ്സിലേക്ക് കടന്നു വന്നു.. "എന്റെ കുട്ടി പോയി....." അമ്മയുടെ തളർന്ന മന്ത്രണം വീണ്ടും കാതുകളിൽ തുളച്ചു കയറുന്നു. വെപ്രാളത്തോടെ കണ്ണുകൾ വീണ്ടും പാർഥിപനെ തിരഞ്ഞു.. ചോരവാർന്നു കിടക്കുന്നവനെ കണ്ട് ശ്വാസം മുട്ടി. ചുണ്ടുകൾ വളഞ്ഞു.. കണ്ണുകൾ ഇറുക്കിയടച്ചു. ഉറക്കെ ഉറക്കെ ഒച്ചവച്ചുകൊണ്ട് കരഞ്ഞു. നെഞ്ചിലാരോ ഒരു മുള്ള് കുത്തി വച്ചിട്ടുണ്ട്. ആ മുള്ളെടുത്തു തരാൻ ഇനി അയാളില്ലെന്ന ബോധ്യം കൊണ്ടവൾ അലമുറയിട്ടു കരഞ്ഞു. മിഴികൾ പൂട്ടാതെ മാനത്ത് നോക്കിയിരുന്നവന്റെ ദേഹത്തെ അന്നേരം ചോരയാകമാനം മൂടി. ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

കരഞ്ഞ് തളർന്ന മുഖത്തോടെ, കുഴിഞ്ഞ് പിന്നിലേക്ക് വീണുപോയ കണ്ണുകളോടെ, പാറിപ്പറന്ന് വികൃതമായ മുടിയോടെ വെള്ളപുതപ്പിച്ചുവച്ച അവന്റെയരികിൽ അവൾ മുട്ടുവളച്ചിരുന്നു. അരികിലായി മകന്റെ ദേഹവും നോക്കിക്കൊണ്ട് അമ്മയുമുണ്ടായിരുന്നു. പക്ഷേ ആ സമയത്ത് ആ വീട്ടിൽ അവനുവേണ്ടി കരഞ്ഞത് ആ രണ്ട് പെണ്ണുങ്ങള് മാത്രമായിരുന്നില്ല. നാളിതുവരെ അവൻ ചിറകായി പറക്കാൻ പഠിപ്പിച്ച, ആകാശമായി ഉയരാൻ പഠിപ്പിച്ച അന്നാട്ടിലെ ഒരുപാട് സ്ത്രീകളും കൂടിയായിരുന്നു. വീടകമാകെ പെണ്ണുങ്ങളെക്കൊണ്ട് നിറഞ്ഞു. അമ്മയുടെ വീട്ടിൽ നിന്നും വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ വന്നിരുന്നുള്ളു. ആള് മരിച്ചിട്ടും വിജയമാമന്റെ പിണക്കം മാറിക്കാണില്ല. അനുവേച്ചി മാതുമോൾക്കൊപ്പം വരുന്നത് കണ്ടു. പഴയ കാലത്തിന്റെ നേരിയൊരോർമ്മ ഉള്ളിൽ തികട്ടി. അനുവേച്ചിയെ കണ്ടതും അടക്കിവച്ച വേദനകളുടെ താളം തെറ്റി. പൊട്ടാതിരിക്കാൻ അനുവേച്ചി പാഞ്ഞുവന്നു കെട്ടിപ്പിടിച്ചു. അനുവേച്ചിയുടെ തോളിൽ തലപൂഴ്ത്തിക്കൊണ്ട് ഏങ്ങിയേങ്ങി കരഞ്ഞു.

"എനിക്ക് സഹിക്കാനാവുന്നില്ല അനുവേച്ചി.. ഞാനിപ്പോ മരിച്ചു പോകും...." കരച്ചിലിനിടെ അവ്യക്തമായി പുലമ്പി. അവിടെയുണ്ടായിരുന്ന പെണ്ണുങ്ങളുടെയെല്ലാം കണ്ണുകൾ ഈറനായി. ഹൃദയം മുറിഞ്ഞു തുണ്ടം തുണ്ടമായവളെ കണ്ട് മാതുമോളുടെ കുഞ്ഞിച്ചുണ്ട് വളഞ്ഞു. കണ്ണുകൾ ഈറനണിഞ്ഞു.. ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 മുറിവു പുകഞ്ഞൊരു കാലത്തെ ഓർത്തോർത്ത് കഥ പറയവേ മൊബൈൽ ഫോൺ റിങ് ചെയ്യുന്നതറിഞ്ഞ് ജെസ്സിക തിടുക്കത്തോടെ കോട്ടിന്റെ പോക്കറ്റിൽ കിടന്നിരുന്ന ഫോൺ പുറത്തെടുത്തു.. "അർജുൻ..." ഫോൺ സ്ക്രീനിലെ പേര് അല്പം ഉച്ചത്തിൽ ഉച്ഛരിച്ചുകൊണ്ടവൾ ചാടിയെഴുന്നേറ്റു. സാഗറും എലീനയും കൗതുകത്തോടെ പരസ്പരം നോക്കി. "അയാം സോറി. എനിക്ക് ഉടനെ പോകണം ഗായ്സ്. നമുക്ക് നാളെ ഓഫീസിൽ വച്ചു കാണാം." മായ ടേബിളിലിരുന്ന തന്റെ ഹാൻഡ്ബാഗെടുത്ത് തോളിലിട്ടു ധൃതിയോടെ റെസ്റ്റോറന്റിന്റെ എക്സിറ്റ് ലക്ഷ്യമാക്കി നടന്നു. "ഹു ഈസ് അർജുൻ..? ആരാണ് അർജുനെന്നു കൂടി പറഞ്ഞിട്ട് പോകൂ ജെസ്സിക....." എലീന അക്ഷമയോടെ വിളിച്ചു പറഞ്ഞു. കേട്ടതും ജെസ്സിക ഒന്നു നിന്നു. മെല്ലെയവരെ തിരിഞ്ഞു നോക്കി. "അർജുൻ എന്റെ മകനാണ്.." അത് പറയുമ്പോൾ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story