Love Me Like You Do ❤️: ഭാഗം 19

Love Me Like You Do

രചന: ആദിത്യൻ മേനോൻ

"അയാം സോറി. എനിക്ക് ഉടനെ പോകണം ഗായ്സ്. നമുക്ക് നാളെ ഓഫീസിൽ വച്ചു കാണാം." മായ ടേബിളിലിരുന്ന തന്റെ ഹാൻഡ്ബാഗെടുത്ത് തോളിലിട്ടു ധൃതിയോടെ റെസ്റ്റോറന്റിന്റെ എക്സിറ്റ് ലക്ഷ്യമാക്കി നടന്നു. "ഹു ഈസ് അർജുൻ..? ആരാണ് അർജുനെന്നു കൂടി പറഞ്ഞിട്ട് പോകൂ ജെസ്സിക....." എലീന അക്ഷമയോടെ വിളിച്ചു പറഞ്ഞു. കേട്ടതും ജെസ്സിക ഒന്നു നിന്നു. മെല്ലെയവരെ തിരിഞ്ഞു നോക്കി. "അർജുൻ എന്റെ മകനാണ്.." അത് പറയുമ്പോൾ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അത്രമാത്രം പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്നവളെ ഒരു അമ്പരപ്പോടെ എലീനയും സാഗറും നോക്കി നിന്നു. കാനഡയിലെ ടൊറോൻടോ നഗരത്തിലെ ഡോൺ അൽഫോൻസോ റെസ്റ്റോറന്റിന് പുറത്തേക്കിറങ്ങി അവൾ റോഡരികിൽ പാർക്ക്‌ ചെയ്തിരുന്ന തന്റെ കാർ ലക്ഷ്യമാക്കി നടന്നു. പുറത്താകെ വല്ലാത്ത മഞ്ഞുവീഴ്ചയാണ്. നീണ്ട വിന്റർ കോട്ടും ഗ്ലൗസും ശൂസും സ്കാർഫുമെല്ലാം ധരിച്ചിട്ടും അവൾക്ക് തണുപ്പനുഭവപ്പെട്ടു. കാറിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്ത് നേരെ റോഡിലേക്കിറക്കി.

വീണുകിടന്ന മഞ്ഞുകണങ്ങളെ ചവിട്ടി മെതിച്ച് കാർ മുന്നോട്ട് നീങ്ങി. ടൊറോൻടോയിലെ ഒരു പ്രമുഖ ജൂനിയർ സ്കൂളിന് മുന്നിലാണ് ജെസ്സികയുടെ കാർ വന്നു നിന്നത്. 'ലിറ്റിൽ ഡയമണ്ട് ജൂനിയർ സ്കൂൾ' എന്ന വലിയ ബോർഡ് കടന്നെത്തിയ കാർ ഒരിടത്തേക്ക് ഒതുക്കി നിർത്തിയ ശേഷം പുറത്തേക്കിറങ്ങി. "മമ്മീ..." സ്കൂൾ പടികളിൽ അമ്മയെ കാത്തിരുന്ന അർജുൻ പാഞ്ഞുച്ചെന്ന് അവളെ കെട്ടിപ്പിടിച്ചു. അവളവനെ തിരികെ പുണർന്നു. മുട്ടുകുത്തിനിന്ന് നെറ്റിയിൽ ഒരുമ്മ കൊടുത്തു. "പതുക്കെ അർജുൻ.." അവന് പിന്നാലെ കാതറിനും മകൾ സാറയും പാഞ്ഞെത്തി. അവളുടെ ഇരുകൈകളിലുമായി അർജുന്റെയും സാറയുടെയും ബാഗും സ്നാക്സ് കിറ്റുമെല്ലാം ഉണ്ടായിരുന്നു. "ഹായ് സാറാ.." ജെസ്സിക സാറയെ നോക്കി പുഞ്ചിരിച്ചു. കുഞ്ഞി സാറ കാതറിന്റെ കാലുകൾക്ക് പിന്നിലേക്ക് ചിരിയോടെ നാണിച്ചു മാറി..

"എന്റെ ജെസ്സി.. ഈ അർജുനുണ്ടല്ലോ ഇന്ന് അവന്റെ മമ്മി തന്നെ വിളിക്കാൻ വരണമെന്ന് വാശിപിടിച്ച് നിക്കുവായിരുന്നു. ഞാനൊരുപാട് പറഞ്ഞു നോക്കി മമ്മിക്ക് ഓഫീസിൽ തിരക്കാവുമെന്ന്.." കാതറിൻ അർജുന്റെ ബാഗും കിറ്റും ജെസ്സികക്ക് കൈമാറിയിട്ടു പറഞ്ഞു. "ഞാൻ ആക്ച്വലി ഓഫീസിൽ നിന്നും ഉച്ചക്കിറങ്ങിയിരുന്നു. ഇവനോട് ക്ലാസ്സ്‌ കഴിഞ്ഞ് പിക്ക് ചെയ്യാൻ വരാമെന്നും ഐസ് ക്രീം പാർലറിൽ കൊണ്ടുപോകാമെന്നും പ്രോമിസ് ചെയ്തിരുന്നു. അതാ ഇന്ന് കാതറിന്റെ കൂടെ വരാതെ വാശിപിടിച്ച് നിക്കുന്നത്.." അർജുന്റെ തോളിൽ കൈവച്ചുകൊണ്ട് പുഞ്ചിരിച്ചു. "ഓ.. അപ്പൊ മമ്മി അർജുനെ പിക്ക് ചെയ്യാൻ വേണ്ടി ഓഫീസിന്നു ലീവൊക്കെ എടുത്തു വന്നതാല്ലേ.." കാതറിൻ അർജുനെ നോക്കി വാത്സല്യത്തോടെ പറഞ്ഞു. "നിങ്ങളും ഞങ്ങടെ കൂടെ വായോ.." ജെസ്സിക പറഞ്ഞു

. "ഏയ്‌. എബിന്റെ കുറച്ച് ഫ്രണ്ട്സ് ഡിന്നറിന് ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. ആളും ഞാനും കൂടെ ഇപ്പൊ വേഗം ചെന്ന് കിച്ചണിൽ കേറിയില്ലേൽ വരുന്നവരു പട്ടിണിയാവും.." കാതറിൻ ചിരിച്ചുകൊണ്ട് നിരസിച്ചു. "എന്നാ സാറ ഞങ്ങടെ കൂടെ വന്നോട്ടെ. ഞങ്ങളൊരു ഐസ് ക്രീമൊക്കെ കഴിച്ച് പതുക്കെ അവളെ വീട്ടില് ഡ്രോപ്പ് ചെയ്തോളാം." കേട്ടപ്പോൾ കുഞ്ഞു സാറയുടെ മുഖമൊന്നു തെളിഞ്ഞു. കുഞ്ഞുപല്ല് പുറത്ത് കാട്ടി അവൾ ജെസ്സികയെ നോക്കി ചിരിച്ചു കാട്ടി. "യെസ് യെസ്.. വാ സാറാ. നമുക്ക് ഐസ് ക്രീം കഴിക്കാം. എല്ലാ റൈഡ്സിലും കേറാം.." അർജുൻ മുഖത്ത് സന്തോഷം പരത്തിക്കൊണ്ട് സാറയുടെ കൈ പിടിച്ചു. "എന്താ ഒരു സന്തോഷം.. ക്രിസ്മസ് വെക്കേഷൻ ആയതോണ്ട് നാളെ തൊട്ട് ഇനി ക്ലാസില്ലല്ലോ. " കാതറിൻ അർജുനെ നോക്കി പുഞ്ചിരിച്ചു. കാറിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

സാറയും അർജുനും കാറിന് പിന്നിലായി ഇരുന്നു. "അപ്പൊ മേരി ക്രിസ്മസ്..." കാതറിൻ കാറിലിരിക്കുന്നവരെ നോക്കി കൈകാട്ടി പറഞ്ഞു. "മേരി ക്രിസ്മസ്....." അർജുൻ ഇളിച്ചുകാട്ടി ഉറക്കെ തിരിച്ചു പറഞ്ഞു. കാർ നേരെ ഫെയർവ്യൂ മാളിലേക്ക് ചെന്നു. ക്രിസ്ത്മസ് സീസൺ പ്രമാണിച്ച് മാൾ ആകെ അലങ്കരിച്ചിരുന്നു. അങ്ങിങ്ങായി ക്രിസ്മസ് ട്രീകളും ഗിഫ്റ്റുകളും നിരന്നു കിടക്കുന്നുണ്ടായിരുന്നു. "വൗ...." അർജുൻ മാളിലേക്ക് കടന്നുകൊണ്ട് ചുറ്റിനും വിടർന്ന കണ്ണുകളോടെ നോക്കി. അർജുന്റെ വിടർന്ന മുഖം കണ്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്തൊരു സന്തോഷം മൊട്ടിട്ടു. ഐസ്ക്രീമും കിഡ്സ്‌ സോണിലെ റൈഡുകളും എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കവേ സമയം രാത്രിയായിരുന്നു. സാറയെ വീട്ടിൽ ഡ്രോപ്പ് ചെയ്തു. സാറയോട് ബൈ പറഞ്ഞ് അർജുൻ സൈഡ് സീറ്റിലേക്ക് കേറിയിരുന്നു. വണ്ടിയെടുക്കാതെ തന്നേ തന്നെ നോക്കിയിരുന്ന ജെസ്സികയോട് അവൻ കാര്യമറിയാതെ എന്തെന്ന് തലയാട്ടി.. "ഓ... സീറ്റ്ബെൽറ്റ്.." അർജുൻ ഓർത്തെടുത്തുകൊണ്ട് ചിരിയോടെ സീറ്റ്ബെൽറ്റ് ധരിച്ചപ്പോൾ ജെസ്സിക ചിരിച്ചുകൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

"ഇന്നുണ്ടല്ലോ മമ്മീ.. ക്ലാസിലൊരു സംഭവമുണ്ടായി. ആയുഷ് നീനെടെ മുടിയില് പിടിച്ചു. നീന എന്നിട്ട് കരഞ്ഞു.." അർജുൻ പറഞ്ഞു. "എന്നിട്ട്..." "എന്നിട്ടെന്താ ഞാനവന്റെ രണ്ട് കയ്യും പിടിച്ചു വച്ചു. എന്നിട്ട് നീനയെക്കൊണ്ട് അവന്റെ മുടിയും പിടിച്ചു വലിപ്പിച്ചു." അഞ്ചു വയസ്സുകാരൻ കൂളായി പറഞ്ഞത് കേട്ടതും അമ്പരപ്പോടെ അവൾ അവനെയൊന്നു നോക്കി. "ഡേയ് ഡേയ് ഡേയ്.. നീയെനിക്ക് പണി വാങ്ങി തരുവോ?" ഡ്രൈവിങ്ങിനിടെ ജെസ്സിക ചോദിച്ചു. "മമ്മിയല്ലേ പറഞ്ഞു തന്നത് തെറ്റ് കണ്ടാ ഇടപെടണമെന്ന്. അവൻ നീനയുടെ മുടിപിടിച്ചു വലിച്ചത് തെറ്റല്ലേ. നീന പാവം ആയോണ്ട് അവളെ ഞാനും ഹെല്പ് ചെയ്തു. പാവം ആയവരെ ഹെല്പ് ചെയ്യണമെന്നും അമ്മയല്ലേ പറഞ്ഞത്." അർജുൻ പറയുന്നത് കേട്ട് ജെസ്സിക താടിക്ക് കൈകൊടുത്തു പോയി. വൈകാതെ കാർ വീടിന്റെ മുറ്റത്തു വന്നു നിന്നു.

കാറിൽ നിന്നും അർജുൻ ഡോർ തുറന്നിറങ്ങി. വീട്ടിലേക്ക് കയറാൻ പോയതും സിറ്റ് ഔട്ടിലിരുന്ന രണ്ടുപേരെ കണ്ട് ഒന്ന് നിന്നു. അർജുന്റെ ബാഗും കിറ്റുമെല്ലാം എടുത്ത് പുറത്തേക്കിറങ്ങിയപ്പോഴാണ് ജെസ്സിക സിറ്റ് ഔട്ടിൽ അവരെ കാത്തിരിക്കുന്ന എലീനയെയും സാഗറിനെയും കണ്ടത്. അർജുനെ കണ്ട് ഇരുവരും ഒന്ന് പുഞ്ചിരിച്ചു. "ഹൂ ആർ യൂ..?" കുഞ്ഞ് അർജുൻ അവരെ നോക്കി ഗൗരവത്തോടെ ചോദിച്ചത് കേട്ട് ജെസ്സികക്ക് ചിരി വന്നു. "അർജുൻ.. അവരുടെ മമ്മിയുടെ ഓഫീസിലുള്ളവരാ.." അകത്തേക്ക് കയറിവന്നുകൊണ്ട് ജെസ്സിക അവരെ നോക്കി ചിരിച്ചു. "ഈ സമയത്ത് വന്നതിൽ സോറീ. ജെസ്സിക പെട്ടെന്ന് എഴുന്നേറ്റു പോയതായിരുന്നല്ലോ....." സാഗർ സൗമ്യതയോടെ പറഞ്ഞു. "നോ നോ.. ദാറ്റ്സ് ഓകെ. അകത്തേക്ക് വരൂ.." ബാഗിൽ നിന്നും കീയെടുത്ത് അവൾ ഡോർ തുറന്നു. ഇരുട്ടിലേക്ക് കയറിച്ചെന്ന് ലൈറ്റ് ഓൺ ചെയ്തു. എലീനയും സാഗറും അകത്തേക്ക് പ്രവേശിച്ചു. "നൈസ് ഹോം..." വീടിനകമാകെ ചുറ്റിനും കണ്ണോടിച്ചുകൊണ്ട് എലീന പറഞ്ഞു.

"താങ്ക് യൂ.. നിങ്ങള് ഇരിക്കൂ.. ഞാനൊന്ന് പെട്ടെന്ന് ഫ്രഷ് ആയിട്ട് വരാം.." ജെസ്സിക അവരെ ഹാളിലെ സോഫയിൽ ഇരുത്തിയിട്ട് അകത്തേക്ക് കയറിപ്പോയി. അർജുൻ ഹാളിൽ അവർക്കരികിൽ ടീവി തുറന്ന് ഇരുന്നു. എലീനയുടെയും സാഗറിന്റെയും കണ്ണുകൾ അർജുനിൽ തന്നെയായിരുന്നു. മനസ്സിപ്പോഴും അവന്റെ അച്ഛന്റെ കഥയിലും.. ഫ്രഷ് ആയ ശേഷം അവർക്ക് കുടിക്കാൻ ഓറഞ്ച് ജ്യൂസുമായി ജെസ്സിക ഹാളിലേക്ക് വന്നു. ഇരുവർക്കും കൊടുത്തശേഷം ഒരു ഗ്ലാസ്‌ അർജുന് നേരെയും നീട്ടി. "അർജുൻ.. മമ്മിക്ക് ഇത്തിരി ഒഫീഷ്യൽ കാര്യങ്ങളു സംസാരിക്കാനുണ്ട്. നിനക്ക് നിന്റെ ഫേവറേറ്റ് മാഷ ആൻഡ് ദി ബിയർ കാണണ്ടേ.." ജെസ്സിക അർജുനെ നോക്കി പറഞ്ഞു. "യെസ്..." അർജുൻ സന്തോഷത്തോടെ തന്റെ മൊബൈൽ എടുത്ത് റൂമിലേക്ക് ഓടിപ്പോയി... "അർജുൻ.. മഹാഭാരതത്തിലെ അർജുനന്റെ മറ്റൊരു പേര് പാർഥിപൻ.."

ഓടിപ്പോയ അർജുനെ നോക്കി ആരോടെന്നില്ലാതെ സാഗർ പറഞ്ഞു. ജെസ്സിക അത് കേട്ട് ഒന്നു പുഞ്ചിരിച്ചു. "ആക്ച്വലി.. വീ ആർ റിയലി സോറി, ഈ നേരത്ത് ഡിസ്റ്റർബ് ചെയ്തതിൽ. നാളെ തൊട്ട് ഓഫീസും ലീവല്ലേ. ആ കഥയുടെ ബാക്കി കേൾക്കാതെ ഞങ്ങക്ക് സമാധാനമുണ്ടാവുമെന്ന് തോന്നുന്നില്ല..." എലീന കുടിച്ചു തീർത്ത ഗ്ലാസ് ടേബിളിൽ വച്ചു. ശേഷം ജെസ്സികയെ കേൾക്കാനായി ആകാംഷയോടെ ഒന്ന് നിവർന്നിരുന്നു. "സ്നേഹത്തിലായിരിക്കെ ഒരാൾ മരിച്ചുപോയാൽ മറ്റേയാളുടെ അവസ്ഥയെന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ..? ഹസ്ബൻഡ് മരിച്ചുപോയ വൈഫിന്റെ പിന്നീടുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അവരെ സമൂഹം എങ്ങനെ ട്രീറ്റ് ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ..?" ജെസ്സിക ചോദിച്ചു. മൗനമായിക്കൊണ്ട് സാഗറും എലീനയും വേദനയോടെ പരസ്പരം നോക്കി.. ജെസ്സിക പിന്നെയും തുടർന്നു..

"അയാളില്ലാതെ ഒന്ന് ചലിക്കാൻ പോലുമാവാത്ത വിധം സ്നേഹം എന്റെയുള്ളിൽ കുത്തി നിറച്ചിട്ടാണ് പാർഥിപൻ എന്നെവിട്ടു പോയത്. ഒരു മനുഷ്യനെ നിഷ്കരുണം കൊന്നുകളയാനുള്ള ഏറ്റവും എളുപ്പവും ക്രൂരവുമായ വഴി പൊട്ടിത്തെറിക്കാൻ പാകത്തിന് സ്നേഹം അയാളിൽ കുത്തിനിറച്ചിട്ട് ഇറങ്ങിപ്പോകുക എന്നതാണ്. സ്നേഹം പൊട്ടിത്തെറിച്ച് മരിക്കാൻ പാകത്തിന് തളർന്നു പോകുന്ന അവസ്ഥ ധാരുണമാണ്.." ജെസ്സിക തല കുനിച്ചുകൊണ്ട് പറഞ്ഞു. ശേഷമൊന്ന് നെടുവീർപ്പിട്ടു. "ഒരുപാട് സഹിച്ചു ലേ...." എലീന ചോദിച്ചു. "സഹിക്കാവുന്നതിന്റെ അപ്പുറം....." ഓർക്കവേ ജെസ്സികയുടെ കണ്ണുകളിൽ നേരിയ നനവ് പടർന്നു. ഓർമ്മകൾ വീണ്ടും വർഷങ്ങൾക്ക് പിന്നിലേക്ക് സഞ്ചരിച്ചു........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story