Love Me Like You Do ❤️: ഭാഗം 2

രചന: ആദിത്യൻ മേനോൻ
പാതി തുറന്ന ജനാലയിലൂടെ കടന്നുവന്ന വെയിൽ അടഞ്ഞ കണ്ണുകളെ തൊട്ടപ്പോഴാണ് പതിയെ കണ്ണുകൾ തുറക്കുന്നത്. സിദ്ധാർഥൻ നല്ല ഉറക്കമാണ്. ഒച്ചവെക്കാതെ മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ദേഹമാസകലം അസഹ്യമായ വേദന പടർന്നു കയറി. എങ്ങനെയോ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു. അടുക്കളവാതിൽ തുറന്നതും അവിടമാകെ വെയില് മൂടി. ഫ്രിഡ്ജിൽ നിന്നും തലേന്ന് അരച്ചുവച്ച ദോശമാവെടുത്ത് പുറത്ത് വച്ചു. പെട്ടെന്ന് പിന്നിലൂടെ രണ്ട് കൈകൾ ചുറ്റിപ്പിടിച്ചു. "അമ്മൂ..." സ്നേഹത്തോടെയുള്ള ആ വിളികേട്ട് അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. സിദ്ധാർഥൻ അവളുടെ തോളിൽ മെല്ലെ ചുണ്ടകൾ അമർത്തി. ചിപ്പിക്കുള്ളിൽ മുത്തെന്ന പോലെ അവന്റെ കരവലയത്തിനുള്ളിൽ അവൾ ഒതുങ്ങി നിന്നു. "ഗുഡ് മോർണിംഗ് അമ്മൂ.." വാത്സല്യത്തോടെ അവൻ അവളെ തനിക്ക് നേരയായി നിർത്തി. പെട്ടെന്ന് അവളുടെ ചുവന്നു കിടന്ന വലത്തേ കവിൾ കണ്ട് അവൻ വേദനയോടെ തലകുനിച്ചു. "ഇത് ഞാൻ ചെയ്തതാണോ അമ്മൂ..?" അല്ലെന്നവൾ തലയനക്കി.
"സാരല്യ സിദ്ധേട്ടാ.. അറിയാതെ പറ്റിയതല്ലേ.." അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിവെച്ചുകൊണ്ട് പറഞ്ഞു. അവനവളെ പതുക്കെ തള്ളി മാറ്റി. "ഞാൻ നിന്നെ വല്ലാണ്ട് വേദനിപ്പിക്കുന്നുണ്ട് ല്ലേ...." അവളുടെ കയ്കൾ രണ്ടും മുറുകെ പിടിച്ചുകൊണ്ടവൻ മുഖത്ത് നോക്കാതെ പറഞ്ഞു. ആ ശബ്ദത്തിൽ വേദനയുടെ ചുവയുണ്ട്. "സിദ്ധേട്ടാ.. സാരല്യ.. അതിനേക്കാളേറെ സിദ്ധേട്ടൻ എന്നേ സ്നേഹിക്കുന്നുണ്ടല്ലോ.." അവന്റെ കരങ്ങളിലൂടെ അവളുടെ ചുണ്ടുകൾ ഓടി നടന്നു. "സോറി അമ്മൂ.. ഞാനറിയാതെ പറ്റിയതാ. നീയെന്നെ വേണേൽ തല്ലിക്കോ.." അവളുടെ കൈകൾ ബലമായി പിടിച്ചുകൊണ്ടവൻ സ്വന്തം കരണത്ത് പൊതിരെ തല്ലാൻ തുടങ്ങി. "വേണ്ട... വേണ്ടാ..." കരഞ്ഞുകൊണ്ടവൾ തന്റെ കൈകൾ ശക്തിയോടെ പിൻവലിച്ചു. കാലുകൾ ഏന്തിവലിഞ്ഞ് അയാളുടെ മുഖത്തെ തന്റെ കൈകളിൽ പൊതിഞ്ഞു പിടിച്ചുകൊണ്ട് തുരുതുരെ ഉമ്മ വച്ചു. സ്നേഹത്തോടെ.. ഒരുപാട് പ്രേമത്തോടെ... "നിനക്കെന്നെ വിട്ടിട്ട് എങ്ങോട്ടെങ്കിലും ഓടിപ്പൊക്കൂടെ അമ്മൂ..?"
"ഞാൻ പോയാ സിദ്ധേട്ടന് ആരുണ്ടാവില്ലല്ലോ.." "എനിക്കാരും വേണ്ട. എന്നെപ്പോലുള്ളവന്മാർക്കൊന്നും ആരുമില്ലാത്തത് തന്നെയാ നല്ലത്..." സിദ്ധാർഥൻ പറഞ്ഞു. "സിദ്ധേട്ടനെ വിട്ട് ഞാൻ എങ്ങോട്ടും പോവില്ല്യാ..." അവന്റെ അരികു ചേർന്ന് നിന്ന് താടിത്തുമ്പത്തവൾ അമർത്തി മുത്തി. "എപ്പഴേലും നിനക്ക് പോവാൻ തോന്നിയാ നീയെന്നെ കൊന്നിട്ട് പോണം ട്ടോ. തിന്നാൻ തരുന്നതിൽ ഇത്തിരി വെഷം കലർത്തിയാ മതി. കൊല്ലാതെ പോയാ പിന്നെ ഞാൻ വിഷമിക്കും. നിന്നെ തിരിച്ചു കൊണ്ടോരും.." കൊച്ചുകുഞ്ഞിനെ പോലെ അയാൾ പുലമ്പി. "മതി.. ഞാനെവിടേം പോവില്ല. സിദ്ധേട്ടനെ വിട്ട് ഞാൻ എവിടേം പോവില്ല." അയാളെ ഇറുകെ പുണർന്നുകൊണ്ടവൾ പറഞ്ഞു. "ഞാൻ പോയി ഉച്ചക്കലേക്ക് ചിക്കനോ മറ്റോ വാങ്ങി വരാം.." അതും പറഞ്ഞ് അവൻ അകത്തേക്ക് നടന്നു പോയി. പെട്ടെന്ന് എന്തോ ഓർത്തെടുത്ത പോലെ ഓടി തിരിച്ചു വന്നു. അവളെ കെട്ടിപ്പിടിച്ച് കവിളിലൊരു ഉമ്മ കൊടുത്തു. "സോറി.. സോറിയെടോ... ഐലവ്യൂ..."
അവൾ അവൻ പോകുന്നത് നോക്കി ചിരിച്ചു. തിരിച്ച് അടുക്കളയിലെത്തി ദോശ ചുറ്റുകൊണ്ടിരിക്കുമ്പോഴാണ് പിന്നാമ്പുറത്തുകൂടെ മാതംഗി കേറി വന്നത്. കുഞ്ഞിക്കയ്യില് ഒരു ചെറിയ ടിഫിൻ പാത്രം തൂക്കിപ്പിടിച്ചിട്ടുണ്ട്. "മാതുമോളെ.. ഇതെന്താത് കയ്യില്?" മാതുവിന്റെ കയ്യിൽ നിന്നും പാത്രം വാങ്ങിയിട്ട് അവളെയെടുത്ത് അടുക്കളത്തിണ്ണമേൽ കയറ്റിയിരുത്തി. "എലയദയാ.." മാതു പറഞ്ഞത് മനസ്സിലാവാതെ ടിഫിൻ തുറന്നു നോക്കി.. "ഹായ്.. ഇലയടയോ! എന്നിട്ട് മാതുമോള് കഴിച്ചോ?" "ഉം...." കുഞ്ഞിക്കുമ്പ വീർപ്പിച്ചു കാട്ടിത്തന്നു..... മാതു മോൾക്കടുത്തായി ഇരുന്നുകൊണ്ട് ഇലയട ഒരു കഷ്ണം മുറിച്ച് വായിലിട്ടു. "സിദ്ധു അങ്കിൽ പോയോ.." അകത്തേക്ക് ഒളിഞ്ഞുനോക്കികൊണ്ട് മാതു ചോദിച്ചു. "ഉം... പോയി... ഇപ്പൊ വരും.." കൊതിയോടെ ഇലയട മുറിച്ചു കഴിച്ചുകൊണ്ടവൾ മറുപടി പറഞ്ഞു. "എന്നാ നാൻ പോത്തേ....." കുഞ്ഞി മാതുവിന് തിടുക്കമായി. "കുറച്ചു കഴിഞ്ഞ് പോവാടീ. നീയെന്തിനാ സിദ്ധേട്ടനെ പേടിക്കുന്നത്. സിദ്ധേട്ടൻ പാവാ..." "പിന്നെ എന്തിനാ സിദ്ധു അങ്കിൽ അമ്മു ചേച്ചീനെ എപ്പയും അദിക്കുന്നെ.." കുഞ്ഞി മാതുവിന്റെ ചോദ്യം കേട്ടവൾ പുഞ്ചിരിച്ചു. "അടിച്ചാലും സിദ്ധുവങ്കിൾ ന് എന്നോട് നല്ല ഇഷ്ടാ..."
"പശ്ശെ ഇഷ്റ്റണ്ടെങ്കില് ആരും അദിക്കൂലല്ലോ.." കുഞ്ഞി മാതു ചോദിച്ചു. അപ്പഴേക്കും ഇലയട മുഴുവനും അകത്താക്കിയിരുന്നു. "ബാ നമ്മക്ക് പോയ് പേരക്ക പറിക്കാം." മാതുവിനെ താഴെയിറക്കിക്കൊണ്ട് ഉമ്മറത്തേക്ക് നടന്നു. മുറ്റത്ത് മതിലിനരികിലായി ഒരു വലിയ പേരക്ക മരമുണ്ട്. നീണ്ടൊരു കമ്പുമെടുത്ത് മാതുവിനോപ്പം മരത്തിനടുത്തെത്തി. "പച്ച വേണോ പഴുത്തത് വേണോ?" കമ്പുമേന്തി പേരക്കകളെ ലക്ഷ്യമാക്കി മാതു മോളോട് ചോദിച്ചു. "പഴുത്തത്.." പഴുത്ത പേരക്കകൾക്ക് നേരെ കമ്പ് നീട്ടുന്നതിനിടക്ക് മതിലിനപ്പുറത്തേക്ക് കണ്ണുകൾ പാഞ്ഞു. വെയില് പാകിയ റോഡിന്റെ അരികിലായി വളർന്നു വന്നൊരു കൂറ്റൻ മരത്തിന്റെ തണലിൽ നിർത്തിയിട്ടിരിക്കുന്നൊരു ബുള്ളറ്റിലേക്ക് അവളുടെ കണ്ണുകൾ ചെന്നു പതിഞ്ഞു. ബുള്ളറ്റിൽ ഇരുന്നുകൊണ്ട് തന്നെ നോക്കിക്കൊണ്ട് സിഗരറ്റ് പുകയ്ക്കുന്നവന്റെ മുഖം കണ്ടതും അവൾ ദേഷ്യത്തോടെ കണ്ണുകൾ കൂർപ്പിച്ചു. അവളുടെ നോട്ടം കണ്ടതും അവൻ അവളിൽ നിന്നും തന്റെ കണ്ണുകൾ പറിച്ച് ആകാശത്തേക്ക് നട്ടു. "ഏത് നേരത്തും ഇവിടെയിങ്ങനെ കറങ്ങി നടന്നോളും. വായിനോക്കി.." അവൾ ആത്മഗതമെന്നോണം പിറുപിറുത്തു. വിരലുകൊണ്ട് സിഗരറ്റുചാരം തട്ടിക്കൊണ്ടവൻ മെല്ലെ തന്റെ ഇടതൂർന്നു വളർന്ന താടിയുഴിഞ്ഞു.
അഴിഞ്ഞു കിടക്കുന്ന ഷർട്ടിന്റെ മുകൾ ബട്ടണുകൾക്കിടയിലൂടെ കഴുത്തിലെ രുദ്രാക്ഷമാല വ്യക്തമായി കാണാം. അവൾ ദേഷ്യത്തോടെ അയാളെ നെറ്റി ചുളിച്ചു നോക്കി നിന്നു. ആ കണ്ണുകളിൽ ഒടുങ്ങാത്ത പ്രേമത്തിന്റെ തീയങ്ങനെ ആളിക്കത്തുന്നത് പോലെ.. ധൃതിയിൽ കുറച്ചു പേരക്കകൾ പറിച്ചുകൊണ്ട് മാതുമോളെയും കൂട്ടി അകത്തേക്ക് നടന്നു. ഇടയ്ക്കിടെ കോപത്തോടെ തിരിഞ്ഞു നോക്കികൊണ്ട് അകത്തേക്ക് കേറിപ്പോകുന്ന പെണ്ണിനെ അവൻ ദൂരെ നിന്നും ഇമവെട്ടാതെ നോക്കിനിന്നു. പെട്ടെന്ന് ദൂരെ നിന്നും സിദ്ധാർഥന്റെ ബൈക്കിന്റെ ശബ്‌ദം കേട്ട് അവൻ മുന്നിലേക്ക് നോക്കി. അല്പമകലെയായി സിദ്ധാർഥൻ ബൈക്കുമായി പ്രത്യക്ഷമായി. അവനെ കണ്ടുകൊണ്ട് വന്ന സിദ്ധാർഥൻ അവന്റെ ബുള്ളറ്റിന്റെ എതിർവശത്തായി തന്റെ ബൈക്ക് കൊണ്ടുവന്നു നിർത്തി. "ഇവിടെ ഇങ്ങനെ നിൽക്കരുത്....." അവസാന താക്കീതെന്ന പോലെ അവന് നേരെ സിദ്ധാർഥൻ വിരൽ ചൂണ്ടി. "സോറി.. ഈ റോഡ് നിന്റെ തന്തയുടെ വകയായിരുന്നെന്ന് അറിയില്ലായിരുന്നു.." യാതൊരു കൂസലും പ്രകടിപ്പിക്കാതെ അവൻ എരിഞ്ഞമരുന്ന സിഗരറ്റിന്റെ ചാരം തട്ടിവീഴ്ത്തി.
സിദ്ധാർഥന്റെ കണ്ണുകളിൽ കോപം നിറഞ്ഞു. ദേഷ്യത്തോടെ അവൻ ബൈക്കിൽ നിന്നും ചാടിയിറങ്ങി. "തന്തക്ക് വിളിക്കുന്നോടാ..!" ഒരു വലിയ അലർച്ചയോടെ സിദ്ധാർഥൻ അവന് നേരെ പാഞ്ഞടുത്തുകൊണ്ട് അവന്റെ കോളറിനു കുത്തിപ്പിടിച്ചു. സിദ്ധാർഥന്റെ കണ്ണുകളിലെ കോപവും ഉശിരും കണ്ടിട്ടും യാതൊരു പേടിയുമില്ലാതെ അവൻ പുച്ഛത്തോടെ പുഞ്ചിരിച്ചു. പതുക്കെയാ പുച്ഛം ദേഷ്യത്തിലേക്ക് വഴിമാറി. തന്റെ കോളറിൽ പിടിച്ചിരിക്കുന്ന സിദ്ധാർഥന്റെ കൈകളെ ബലത്തോടെയവൻ തട്ടിത്താഴ്ത്തി. "നീ അതിര് കടക്കുന്നു പാർഥിപാ.. മായ എന്റെ ഭാര്യയാണ്.." ക്രോധത്തോടെ സിദ്ധാർഥൻ പല്ലിറുമ്മി. അതിന് മറുപടിയെന്നോണം പാർഥിപൻ ഉറക്കെ ചിരിച്ചു. നിർത്താതെ... അടക്കവയ്യാതായ കോപത്തോടെ സിദ്ധാർഥൻ ബൈക്കിൽ നിന്നും സാധനങ്ങളെടുത്ത് വീട്ടിലേക്ക് നടന്നു. ❤🩹 "അനുവേച്ചിക്ക് അറിയോ.. ഇന്നെനിക്ക് നല്ല സന്തോഷള്ള ദിവസാ. എന്റെ സിദ്ധേട്ടനാ ഇന്ന് അടുക്കളേലെ പണി മുഴുവൻ ചെയ്തത്. സിദ്ധേട്ടൻ ചോറ് വച്ചു തന്നു. ചിക്കൻ കറിയുണ്ടാക്കി.....
ഞാൻ പറഞ്ഞില്ലേ അനുവേച്ചീ.. സിദ്ധേട്ടന് ന്നോട് നല്ല സ്നേഹാ.." ഫോണിലൂടെ അനുവേച്ചിയോട് പറയുമ്പോൾ മുഖമാകെ സന്തോഷം നിറഞ്ഞിരുന്നു. "എന്നിട്ടെന്താ... കള്ളുകുടിക്കാനല്ലേ ഇപ്പം പോയത്? അല്ലെങ്കിലേ ഒടുക്കത്തെ ദേഷ്യാണ്. ഒരു തുള്ളി അകത്തെത്തിയാലുള്ള കഥ പിന്നെ പറയേം വേണ്ട.." അനുവേച്ചി ആവർത്തിച്ചു. "പക്ഷേ......." സിദ്ധാർഥനെ ന്യായീകരിക്കുവാൻ എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് അവന്റെ ബൈക്കിന്റെ ശബ്‌ദം കാതുകളിലെത്തി. "സിദ്ധേട്ടൻ വരുന്നുണ്ട്. ഞാൻ നാളെ വിളിക്കാവേ.. ഗുഡ് നൈറ്റ്.." ധൃതിയോടെ ഫോൺ വച്ചുകൊണ്ട് ഉമ്മറത്തേക്ക് ഓടിച്ചെന്നു. പാതി ബോധത്തോടെ നടന്നുവന്ന സിദ്ധാർഥൻ അവളെ കണ്ടതും കണ്ണുകൾ ഇറുക്കിക്കൊണ്ട് പുഞ്ചിരിച്ചു. അത് കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു തെളിച്ചവും സന്തോഷവുമുണ്ടായി.. "എന്താ പതിവില്ലാത്ത ഒരു സന്തോഷമൊക്കെ.." സിദ്ധാർഥൻ അടയാൻ പോകുന്ന കണ്ണുകളെ കഷ്ടപ്പെട്ട് തുറന്നു പിടിച്ചു. "ഒന്നുല്ല്യ സിദ്ധേട്ടാ...." പതിവില്ലാതെയാണ് ഈ നേരത്ത് സിദ്ധേട്ടൻ ചിരിക്കുന്നതെന്ന് അവൾക്ക് പറയാൻ തോന്നി.....
സിദ്ധാർഥൻ വീഴാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് പതുക്കെ പടികൾ കേറി. കോലായയിൽ നിന്നും അകത്തേക്ക് പതുക്കെ കേറാൻ തുടങ്ങവേ പെട്ടെന്ന് വാതിൽ കട്ടിളയിൽ കാല് തട്ടി നിലത്തേക്ക് വീണുപോയി.. "സിദ്ധേട്ടാ.........." ഓർക്കാപ്പുറത്ത് തലക്ക് അടികിട്ടിയതുപോലെ അവൾ പാഞ്ഞു ചെന്ന് അവനെ താങ്ങിപ്പിടിച്ചു. "പ്ഫാ വിടെടീ എന്നേ..." കോപം കൊണ്ടവൻ അവളെ തട്ടിമാറ്റി. പേടിയോടെ അവൾ പിന്നോക്കം മാറി നിന്നു. "ഇതിനായിരുന്നല്ലേ വന്നപ്പോ തൊട്ട് പതിവില്ലാത്ത ഇളി ഇളിച്ചോണ്ടിരുന്നത്...." "സിദ്ധേട്ടാ ഞാനൊന്നും..........." അല്ലെന്നവൾ അമ്പരപ്പോടെ തലയനക്കി. "എനിക്ക് മനസ്സിലായെടീ..... എന്നേ കൊന്നിട്ട് ആ ബുള്ളറ്റീ വരുന്നവന്റെ കൂടെപ്പോവാൻ അല്ലെടീ നിനക്ക്....." കേട്ടതും കണ്ണുകൾ നിറഞ്ഞുവന്നു. അല്ലാ അല്ലായെന്ന് തലകൊണ്ടും കൈകൊണ്ടും ആട്ടിക്കാണിച്ചു. "പൊയ്ക്കോടീ.... ഇപ്പത്തന്നെ പൊയ്ക്കോ..." അവനവളെ ചുമലിൽ പിടിച്ചു തള്ളി. വീഴാതിരിക്കാൻ അവൾ ചുവരിൽ കൈ താങ്ങിനിന്നു. "സിദ്ധേട്ടാ........." കൂടുതലെന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ വീടിനകത്ത് കയറി വാതിലടച്ചു. പെട്ടെന്നവളുടെ തൂവലിലൊന്നിനു തീ പിടിച്ചു. അകത്തു കയറിയവൻ ഉമ്മറത്തെ ലൈറ്റ് ഓഫ് ചെയ്തു.
അവളുടെ ഉള്ളിലൂടെയൊരു തരിപ്പ് പാഞ്ഞുപോയി. "തുറക്ക് സിദ്ധേട്ടാ...." അപ്പഴേക്കും മുറിയിലേക്ക് കയറിചെന്നവൻ പാതിബോധവും നശിച്ച് കട്ടിലിലേക്ക് ഉറങ്ങി വീണു കഴിഞ്ഞിരുന്നു.. "വേണ്ട സിദ്ധേട്ടാ.. രാത്രീല് എനിക്കൊറ്റക്ക് പേടിയാന്ന് അറിയില്ലേ...." കരച്ചിലും ഭയവും കൂടിക്കലർന്നൊരു ശബ്ദത്തിൽ അവൾ വാതിലിനു മുട്ടിക്കൊണ്ടിരുന്നു. ഇരുട്ട് മൂടിയിരിക്കുന്ന മുറ്റത്തേക്ക് നോക്കുംതോറും പേടി കൂടിക്കൂടി വന്നു. വാതിലിന്റെ മുട്ടല് കൂടുതൽ ഉച്ചത്തിലായി. "വാതില് തുറക്ക് സിദ്ധേട്ടാ.... പ്ലീസ്.... എനിക്ക് പേടിയാ സിദ്ധേട്ടാ......." ശക്തിയിൽ വാതില് തള്ളിനോക്കാൻ ഒരു പാഴ്ശ്രമം നടത്തി നോക്കി.... "സിദ്ധേട്ടാ........" കരച്ചില് കണ്ണുകളെയാകെ മൂടി. കാഴ്ച മങ്ങിപ്പോയി. പേടിച്ച് പേടിച്ചു വാക്കുകൾ ഇടറിപ്പോയി. കരച്ചിലിന്റെ ഒച്ച കൂടിക്കൂടി വന്നു. ഭയം കൊണ്ട് മേലാകെ വിറച്ചുതുടങ്ങി.
"പേടിയാവുന്നു സിദ്ധേട്ടാ... ഒന്ന് തുറക്കുവോ....?" കരഞ്ഞ് കരഞ്ഞ് തൊണ്ട വറ്റി. അപ്പോഴതാ കാതുകളിൽ ആ ബുള്ളറ്റ് ശബ്‌ദം. പേടികൊണ്ടവൾ ഒരു മൂലേക്ക് നീങ്ങി ചുരുണ്ടുകൂടിയിരുന്നു. ബുള്ളറ്റിന്റെ ശബ്‌ദം കൂടിക്കൂടി വന്നു. റോഡിലൂടെ ആ ബുള്ളെറ്റ് നേരെ മുറ്റത്തേക്ക് വന്നു നിന്നു. ബുള്ളറ്റിൽ നിന്നും വന്ന വെളിച്ചം കോലായയിലെ ഇരുട്ടിനെ മൂടി. എന്തു ചെയ്യണമെന്നറിയാതെ അവൾ കുഴങ്ങി.. "ഒന്നും ചെയ്യരുത് പ്ലീസ്......." പേടിച്ചു തളർന്നവൾ കൈകൾ കൂപ്പിക്കാട്ടി.. ബുള്ളറ്റ് വെളിച്ചമണഞ്ഞില്ല... ബുള്ളറ്റിലിരുന്നവൻ അതിൽനിന്നിറങ്ങിയതുമില്ല.. പേടിച്ചു വിറച്ചൊരു മൂലക്ക് ചുരുണ്ടുകൂടിയിരിക്കുന്നവളെ കൂടുതൽ ഭയപ്പെടുത്താതെ പാർഥിപ് വിശ്വനാഥ് അവൾക്ക് കാവലിരുന്നു. ഒത്തിരി വേദനയോടെ.... അതിലേറെ സ്നേഹത്തോടെ........കാത്തിരിക്കൂ.........
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.