Love Me Like You Do ❤️: ഭാഗം 20

Love Me Like You Do

രചന: ആദിത്യൻ മേനോൻ

 ആളൊഴിഞ്ഞ മരണവീടിന്റെ നിശബ്ദത ഭയാനകമാണ്. സംസ്കാര ചടങ്ങുകളെല്ലാം കഴിഞ്ഞ് രാത്രിയായപ്പോഴേക്കും പെണ്ണുങ്ങൾ രണ്ടുമൊറ്റക്കായി. ഇവിടെ നിൽക്കാമെന്നു പറഞ്ഞ അനുവേച്ചിയെ നിർബന്ധിച്ചു വീട്ടിലേക്കയച്ചതാണ്. ഹാളിൽ അമ്മയുടെ തോളിൽ തലചായ്ച്ച് നിലത്തിരിക്കവേ കണ്ണുകൾ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു. "എന്തെങ്കിലും കഴിക്കണ്ടേ മോളെ.." അമ്മ അവളുടെ കവിളിൽ വിറയ്ക്കുന്ന കൈകളോടെ തലോടി. വാക്കുകളിൽ വേദന കലർന്നിരുന്നു.. "പാർഥിപനിനി ഇല്ലെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല..." പറയവേ ചുണ്ടുകൾ വളഞ്ഞു. അമ്മയുടെ തോളിൽ മുഖം പൂഴ്ത്തി വച്ചു. പെണ്ണിനെ തട്ടിയാശ്വസിപ്പിക്കുമ്പോൾ അമ്മയും നെഞ്ചുപൊട്ടി കരഞ്ഞുപോയി. "എഴുന്നേൽക്ക്.. എപ്പോ തുടങ്ങിയ ഇരിപ്പാ. പോയി ഈ വേഷമൊക്കെ മാറ്.." കണ്ണുതുടച്ച് അമ്മ എഴുന്നേൽപ്പിച്ചു നിർത്തി.

നിർബന്ധിച്ചു മുറിയിലേക്ക് പറഞ്ഞയച്ചു. മുറിയിലെത്തിയപ്പോൾ മെല്ലെ കതകടച്ചു. അവന്റെ മുറി... ചുറ്റിനും കണ്ണുകളോടിക്കുമ്പോൾ ഹൃദയത്തിന് ഭാരമേറി. അവന്റെ ഗന്ധം അവിടെയാകെ പരന്നുകിടക്കുന്നതു പോലെ തോന്നി. മെല്ലെ കിടക്കയിലേക്ക് വീണു. അമ്മ കേൾക്കാതിരിക്കാൻ വായപൊത്തിക്കൊണ്ട് തളർന്നു കരഞ്ഞു. നെഞ്ചിലാരോ കത്തികുത്തിയ കണക്കിനു വേദനിച്ചു. നേരിയ ശബ്‌ദം പുറത്ത് വരാൻ തുടങ്ങിയപ്പോൾ തലയിണ എടുത്ത് വായിലേക്ക് കുത്തിവയ്ക്കാൻ ശ്രമിച്ചു. ശ്വാസം കിട്ടാതെ പിടഞ്ഞപ്പോൾ തലയണ മാറ്റി നിലത്തേക്കെറിഞ്ഞു. കിടക്കയിൽ ചുരുണ്ടുകൂടിക്കിടന്നു. കിടക്കവിരിക്ക് അവന്റെ മണം.. വിരിയിൽ അമർത്തിപ്പിടിച്ചു. കണ്ണീരിറ്റി വിരി നനഞ്ഞുകൊണ്ടിരുന്നു. ആവോളം അവനെ മണത്തു. ഇനി പറ്റിയില്ലെങ്കിലോ.. ചുരുണ്ടു കൂടിക്കിടക്കവേ കറന്റ് പോയി.

മുറിയിലാകെ കണ്ണിൽ കുത്തിക്കയറുന്ന വിധമുള്ള ഇരുട്ട് പരന്നു. പേടി തോന്നിയില്ല. നിലവിളിക്കുകയോ പരിഭ്രമിക്കുകയോ ചെയ്തില്ല. കൈകളിലേക്ക് തീർത്തും പരിചിതമായ ഒരുവന്റെ കൈകൾ പടർന്നുകയറുന്നതറിഞ്ഞു. ഉടലിലേക്കവന്റെ ദേഹം ചേർന്നു നിൽക്കുന്നത് പോലെ.. വയറിലവന്റെ കൈകൾ വരിഞ്ഞു പിടിക്കുന്നത് പോലെ.. ഇഴുകിച്ചേർന്നു നിൽക്കുന്നവന്റെ നിശ്വാസം പിൻഴുത്തിൽ തട്ടുന്നത് പോലെ.. "പേടിക്കണ്ട... ഞാനില്ലേ.. ഞാനുണ്ട്... ഞാൻ നിന്റെ കൂടെയുണ്ട്....." ചെവിയരികിൽ അവന്റെ മന്ത്രണം കേൾക്കുന്നു. ദേഹമാകെ അവന്റെ സ്പർശനമറിയുന്നു. അവന്റെ നെഞ്ചിലെ രോമകൂപങ്ങൾ ദേഹത്ത് തറക്കുന്നു.. "ഞാനുണ്ട്.. ഞാനുണ്ട്...." കാതുകളിൽ ആ വാക്കുകൾ നിർത്താതെ തുളച്ചു കയറുന്നു.. കണ്ണുകൾ അവനുവേണ്ടി പരതി. ചുറ്റിനും ഇരുട്ട് മാത്രം. കൺകോണിലെവിടെയും ഒരു തരിയോളം വെളിച്ചം പോലും ബാക്കിയില്ല. എങ്കിലും പ്രതീക്ഷയില്ലാത്തൊരു പ്രതീക്ഷ എവിടെയോ കിടന്ന് അവനുണ്ടെന്ന് തർക്കിക്കുന്നത് പോലെ.. ആ കൂരിരുട്ടിലവൾക്ക് പേടി തോന്നിയില്ല.

അവനുണ്ടല്ലോ.. അവൻ കൂടെയുണ്ടല്ലോ.. കറന്റ് വരുന്നത് വരെ ആ കിടപ്പ് തുടർന്നു, അവനോടൊട്ടിക്കൊണ്ട്.. ലൈറ്റ് തെളിഞ്ഞതും വെപ്രാളത്തോടെ ചാടിയെഴുന്നേറ്റു. കണ്ണുകൾ അവനെ തിരഞ്ഞു. ചുറ്റിനും ശൂന്യത മാത്രം.. അവന്റെ സ്പർശനമേറ്റയിടങ്ങളിൽ പൊള്ളുന്നത് പോലെ തോന്നി. കണ്ണുകൾ നിറഞ്ഞു. "പാർഥിപൻ....." ചുറ്റിനും നോക്കിക്കൊണ്ട് മെല്ലെ കരഞ്ഞു. ഹാങ്കറിൽ കൊളുത്തിയിട്ട അവന്റെ ഷർട്ട് കയ്യിലെടുത്തു. ചുവരിൽ അവന്റെ ചിരിച്ചുകൊണ്ടുള്ള മുഖചിത്രത്തിനരികിലെത്തി. അവന്റെ തൂവെള്ള ഷർട്ട് നെഞ്ചോടു ചേർത്തു പിടിച്ചു. അതിൽ അവന്റെ മണം.. അവൾക്ക് തല കറങ്ങി. ചിരിച്ചുകൊണ്ട് നിൽക്കുന്ന ഫോട്ടോയിലേക്ക് നോക്കവേ കൺകോണിൽ നനവ് പടർന്നു. "ഐ മിസ്സ്‌ യൂ പാർഥിപാ.." അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടവൾ പറഞ്ഞു. അരികിൽ അവനുണ്ടായിരുന്നെങ്കിലെന്ന് അവൾ ഒരു മാത്ര വെറുതെ നിനച്ചുപോയെന്ന്.

. "എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചിറക്കി കൊണ്ടുവന്നത്? ഇങ്ങനെ ഇട്ടിട്ടു പോവാനാണോ.? ഇതിലും ഭേദം അയാളുടെ അടിയും സഹിച്ചു ജീവിക്കുന്നതാണെന്ന് തോന്നുവാ പാർഥിപാ.. എനിക്ക് വേദനിക്കുന്നു.. വല്ലാണ്ട് വേദനിക്കുന്നുണ്ട്.." അവന്റെ ചിരിയിലൊന്നു തൊട്ടു. അവന്റെ ഇല്ലായ്മയ്ക്ക് കൈപ്പേറി. അവനെ തൊടാൻ തോന്നി. അവന്റെ കൈകളിൽ ചുരുങ്ങിക്കൂടിയിരിക്കാൻ തോന്നി. അവന്റെ സ്പർശനമേറ്റ ദേഹത്തിപ്പോൾ പുഴുവരിക്കുന്നത് പോലെ... വസ്ത്രം മാറി താഴെക്കിറങ്ങി ചെന്നു. ടേബിളിൽ ഭക്ഷണം വച്ച് അമ്മ തലതാഴ്ത്തി കിടക്കുന്നുണ്ടായിരുന്നു. അരികിൽ ചെന്നിരുന്നപ്പോൾ മെല്ലെ കണ്ണ് തുറന്ന് നോക്കി. കണ്ണുകൾ ചുവന്നു തളർന്നിരുന്നു. "എന്നെക്കൊണ്ട് സഹിക്കാൻ പറ്റുന്നില്ല മോളെ.." പെട്ടെന്നായിരുന്നു അത്.. അമ്മ കരഞ്ഞുകൊണ്ടവളുടെ വയറ്റിലേക്ക് മുഖമമർത്തി.

ശ്വാസം കിട്ടാത്തത് പോലെ തോന്നി അവൾക്ക്. കണ്ണീരിറ്റി അമ്മയുടെ തലയിലേക്ക് വീണു. അമ്മയെ പൊത്തിപ്പിടിച്ചു.. "എന്റെ മോൻ പോയി.. എന്റെ ചെറുക്കനെ കൊന്നു കളഞ്ഞു..." അവളെ പുണർന്നുപിടിച്ചുകൊണ്ട് ആ അമ്മ കരഞ്ഞു..... ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹 പാർഥിപന്റെ മരണത്തിനു ശേഷം വീട് വീടല്ലാതായി. അമ്മക്ക് എന്നും ഓരോരോ അസുഖങ്ങളായിരുന്നു. എപ്പോഴും അമ്മയ്‌ക്കൊപ്പം ഇരിക്കാൻ ശ്രദ്ധിച്ചു. അമ്മയുടെ സംസാരം കുറഞ്ഞുവന്നു. ഇടക്കിടക്ക് അമ്മയെ ചികിൽസിക്കാൻ ഹോസ്പിറ്റലിൽ പോകേണ്ടി വന്നു. ആരോഗ്യം ശ്രദ്ധിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചുകൊണ്ടേയിരുന്നു. അമ്മയിപ്പോൾ പാർഥിപനെ പറ്റി മിണ്ടാറില്ല. അത് മനപ്പൂർവ്വമാണ്. ജീവിതത്തിൽ അവർക്കിനി ഒന്നും അനുഭവിക്കാൻ ബാക്കിയില്ല. പൊരുതി ജയിച്ച് വളർത്തിയെടുത്ത മകനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഹൃദയത്തിലെ മുറിവിന് ഉണക്കമുണ്ടാവാൻ പോകുന്നില്ല. പക്ഷേ അമ്മയെപ്പോലെ ഒന്നും കണ്ടില്ലെന്ന് നടിക്കാൻ തനിക്കാവുന്നില്ല. രാത്രികളിൽ മുറിയിൽ വെളിച്ചമണച്ചാൽ പാർഥിപൻ അരികിൽ ഉള്ളത് പോലെ തോന്നുന്നു. അവന്റെ ഗന്ധവും വിശ്വാസവും കിട്ടുന്നു. അവന്റെ സ്പർശനം ദേഹമറിയുന്നു. അവനുണ്ടെന്ന സുഖം തോന്നുന്നു,

സമാധാനം കൈവരുന്നു. അവന്റെ സാമീപ്യം പുലരുവോളം ആസ്വദിക്കുന്നു. ഉറക്കമില്ലാതെ കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു. മുടിയാകെ പാറിപ്പറന്ന് ഒരു പ്രേതരൂപം പോലെയായിട്ടുണ്ട്. ഒരാൾ മരിക്കുമ്പോൾ മരിച്ചുപോകുന്നത് അയാൾ മാത്രമല്ല, അയാളെ സ്നേഹിച്ചവർ കൂടിയാകുന്നു.. മരിച്ചുപോയവർക്ക് വേണ്ടി മരിച്ചുജീവിക്കേണ്ടി വരുന്നത് മനുഷ്യന്റെ അവസ്ഥയാണ്. ഗതികേടാണത്.. ഭീകരമാണത്..! പാർഥിപനെ ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. കണ്ണുകളടച്ചാൽ അവന്റെ ചിരി, അവന്റെ നോട്ടം, അവന്റെ സ്പർശനം. കാതുകളിൽ അവന്റെ വാക്കുകൾ, അവൻ പറഞ്ഞു തന്ന കഥകൾ, അവൻ പഠിപ്പിച്ചു തന്ന ജീവിതം. എന്നും പാർഥിപന്റെ ചിത്രത്തിലേക്ക് നോക്കി കരഞ്ഞു. തിരികെ വരുമോ എന്ന് കെഞ്ചി. അവനില്ലാതെ പറ്റുന്നില്ലെന്ന് തേങ്ങി. ജീവിതം കൈവിട്ടു പോയെന്ന് ബോധ്യമായി.. അനുവേച്ചിയും മാതുമോളും കാണാൻ വന്നു. അമ്മ ചായയെടുക്കാമെന്ന് പറഞ്ഞ് അകത്തേക്ക് പോയി. അവരെ കണ്ടപ്പോൾ കണ്ണു കലങ്ങി വന്നു. അനുവേച്ചി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു

. "സാരല്യ അമ്മൂ.. നോക്ക്.. നീയാകെ മാറിയിരിക്കുന്നു. കണ്ണൊക്കെ ഇടിഞ്ഞ് മുഖമൊക്കെ ക്ഷീണിച്ച്. കഴിഞ്ഞത് കഴിഞ്ഞു. ഇനി നമുക്ക് എന്ത് ചെയ്യാൻ പറ്റും? നിന്റെ വേദനയെനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല. ഇങ്ങനെ വേദനിച്ച് സ്വയം ഇല്ലാണ്ടായാ ആ അമ്മക്ക് പിന്നെ വേറെ ആരാ ഉള്ളത്? നീയിങ്ങനെ വിഷമിക്കുന്നത് കാണാനാണോ പാർഥിപൻ ആഗ്രഹിച്ചിട്ടുള്ളത്? എവിടെയെങ്കിലുമിരുന്ന് അവൻ നിന്നെ കാണുന്നുണ്ടെങ്കിൽ അവനും വിഷമിക്കുന്നുണ്ടാവില്ലേ. അതാണോ നിനക്ക് വേണ്ടത്...?" അനുവേച്ചി കൈകളിൽ തലോടിക്കൊണ്ട് പറഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു. കരഞ്ഞുപോകാതിരിക്കാൻ ചുണ്ടുകൾ അമർത്തിപ്പിടിച്ചു. "എന്നെക്കൊണ്ട് പറ്റണില്ല.. പാർഥിപനെ മറന്ന് ഒരുനിമിഷം പോലും ജീവിക്കാൻ എന്നെക്കൊണ്ട് പറ്റണില്ല..." അത് പറയവേ വാക്കുകൾ ചിതറിത്തെറിച്ചു. കരച്ചില് നിയന്ത്രിക്കാനാവാതെ പുറത്ത് വന്നു. വായ പൊത്തിപ്പിടിച്ചിട്ടും കരച്ചിലിനു ഒച്ചയേറി. കണ്ട് നിന്ന കുഞ്ഞി മാതംഗിയുടെ കണ്ണുകളിലും നനവ് പടർന്നു. തോളിൽ തട്ടിക്കൊണ്ട് അനുവേച്ചി ആശ്വസിപ്പിക്കുമ്പോൾ ഇതൊക്കെ കേട്ടുകൊണ്ട് അടുക്കളയിലിരുന്നു വായപൊത്തി കരയുകയായിരുന്നു വാസുകിയമ്മ.. ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

ഹൈപ്പർ മാർക്കറ്റിൽ നിന്നും വീട്ടിലേക്കുള്ള സാധനങ്ങളു വാങ്ങി തിരിച്ചു വരുകയായിരുന്നു. ശൂന്യമായി കിടക്കുന്ന വിൻഡോ സീറ്റിലേക്ക് വെറുതെ നോക്കിയപ്പോൾ നിരാശയും വേദനയും തോന്നി. അവിടെയിരുന്നു പാർഥിപൻ വണ്ടിയൊടിക്കാൻ പഠിപ്പിച്ചു തന്ന രംഗം മനസ്സിലേക്കോടിയെത്തി. കാറിൽ അവന്റെ മണം പരന്നു. അപ്പോഴാണ് അമ്മയുടെ കോൾ വന്നത്. കാർ സൈഡിലേക്ക് ഒതുക്കി നിർത്തിക്കൊണ്ട് കോൾ അറ്റൻഡ് ചെയ്തു. "ആ അമ്മേ.. ഞാൻ വന്നോണ്ടിരിക്കുവാ.." "മോളെ ഞാനയച്ച ലിസ്റ്റില് കോഫി പൗഡർ എഴുതാൻ മറന്നു പോയി. വരുമ്പോ അതൂടി വാങ്ങിക്കണേ.." മറുവശത്തു നിന്നും അമ്മ പറഞ്ഞു. "ഉം.." മറുപടിയായി ഒന്ന് മൂളി അത്ര മാത്രം. "പിന്നേ.. ഇവിടെ ഒരാള് വന്നിട്ടുണ്ട്. നിന്നേം കാത്തിരിപ്പാ.." അമ്മ പറഞ്ഞു. കൗതുകമൊന്നും തോന്നിയില്ല. ജീവിതം നശിച്ചുപോയവൾക്ക് എന്തിന് കൗതുകം.. "അതെയോ.. ഞാനിത് വാങ്ങീട്ട് പെട്ടെന്ന് വരാം.." അമ്മയെ വിഷമിപ്പിക്കാതിരിക്കാൻ വാക്കുകളിൽ കൗതുകം നിറച്ചു. കാർ ഒരു ചെറിയ പലചരക്കു കടയുടെ മുന്നിൽ നിർത്തി.

കടയ്ക്ക് നേരെ നടന്നടുത്തപ്പോൾ ഉള്ളിൽ നിന്നും അവരുടെ സംഭാഷണം കേട്ടു. "ആദ്യത്തെ കെട്ടിയോനെ പറ്റിച്ച് ഈ ചെറുക്കന്റെ കൂടെ കറങ്ങിനടക്കലായിരുന്നത്രെ ആ പെണ്ണിന്റെ പണി. ഒരിക്കെ രണ്ടിനേം കെട്ടിയോൻ കയ്യോടെ പിടിച്ചപ്പോ അവന്റെ കൂടെചേർന്ന് കെട്ടിയോനെ തല്ലിയൊതുക്കി ഇറങ്ങിപ്പോയതാ. എന്നിട്ടിപ്പോ എന്തായി? കെട്ടിയോന്മാർ രണ്ടായി. രണ്ട് കെട്ടിയോന്മാരുടെയും വിധവയും ആയി. ചെയ്ത തെറ്റിന് കിട്ടുന്ന ശിക്ഷയാ. പെണ്ണുങ്ങളായാ ഇത്തിരി അച്ചടക്കമൊക്കെ കൊടുത്ത് വളർത്തണ്ടേ. അതില്ലാത്തതിന്റെ പ്രശ്നാ ഇതൊക്കെ.." കടയിൽ ഏതോ സ്ത്രീയുടെ ശബ്‌ദം. കേൾക്കവേ മുന്നോട്ട് നടന്ന കാലുകൾ ഇടറി. മുഖം വാടിപ്പോയി... "ആ കൊച്ചിന്റെ തള്ളയല്ലേ കെട്ടിയോനെ ഒഴിവാക്കി വേറൊരുത്തന്റെ കൂടെ ഓടിപ്പോയത്. പാവം തന്തയാണെങ്കി ആ വെഷമത്തില് കുടിച്ച് കുടിച്ചും ചത്തു.." കടക്കാരൻ പറഞ്ഞു. മുന്നോട്ട് നടക്കണോ വേണ്ടയോ എന്നറിയാതെ ഒന്ന് നിന്നുപോയി. മനസ്സിലാകെ ഒരു പതർച്ച..

"ആന്നേ.. ആ തള്ള ഈ ചോരകൊച്ചിനെ ആശുപത്രീല് ഉപേക്ഷിച്ചിട്ടാ മറ്റവന്റെ കൂടെ പോയത്. എത്രയൊക്കെയായാലും തള്ളേടെ മോളല്ലേ. ആ പാരമ്പര്യം തന്നെ കാണിക്കുമല്ലോ. ഈ ചെറുക്കൻമ്മാര് രണ്ടും പാവങ്ങളായിരുന്നേയ്. ആ പെണ്ണ് കാരണമാ അതിങ്ങളുടെ ജീവൻ പോയത്. എന്തൊക്കെ കഥകളാല്ലേ നാട്ടില് നടക്കുന്നത്..." ആ സ്ത്രീയുടെ വാക്കുകൾ ഉള്ളിലേക്ക് തുളച്ചു കയറി. തല താഴ്ത്തിക്കൊണ്ട് ഒന്നുമറിയാത്തത് പോലെ അകത്തേക്ക് നടന്നു. "ചേട്ടാ.. ഒരു ബോട്ടിൽ നെസ്കഫേടെ കോഫീ പൗഡർ..." പെണ്ണിനെ കണ്ടതും കടക്കാരനും അവിടെയുണ്ടായിരുന്ന സ്ത്രീയും ഒന്നുമറിയാത്തത് പോലെ അവളെ നോക്കി നിന്നു. അവർക്ക് മുഖം കൊടുക്കാതെ സാധനവും വാങ്ങി വേഗം തിരിഞ്ഞു നടന്നു. "കണ്ടാ.. രണ്ട് ആണുങ്ങളെ തമ്മിലടിപ്പിച്ച് കൊന്നുകളഞ്ഞിട്ടും ആ പെണ്ണിന് ഒരു സങ്കടവും ഇല്ലാത്തത് കണ്ടില്ലേ.. പെണ്ണാണോ ഇതൊക്കെ..?" ഇറങ്ങി വരുമ്പോൾ ആ സ്ത്രീ കടയിലിരുന്നു പതുക്കെ പിറുപിറുക്കുന്നത് കേട്ടു. കണ്ണുകൾ നിറഞ്ഞു വന്നു. വെപ്രാളപ്പെട്ടുകൊണ്ട് കാറിലേക്ക് ചാടിക്കയറി.

വായപൊത്തിപിടിക്കവേ കണ്ണുകൾ നിറഞ്ഞൊഴുകി. സ്റ്റിയറിങ്ങിൽ തലവെച്ച് എത്രനേരം കിടന്നുവെന്നറിയില്ല. കരച്ചില് ശമിക്കുവോളം കാർ സ്റ്റാർട്ട്‌ ചെയ്തില്ല. പിന്നീട് പയ്യെ വീട്ടിലെത്തി. കാർ പാർക്ക്‌ ചെയ്ത് അകത്തേക്ക് കയറിചെന്നപ്പോൾ അപരിചിതയായ ഒരു സ്ത്രീ സോഫയിൽ ഇരിക്കുന്നത് കണ്ടു. അമ്മയും അരികിലുണ്ടായിരുന്നു. "ആ വന്നല്ലോ.. ഇതാണ് എന്റെ മകൾ..." മായയേ ചൂണ്ടിക്കാണിച്ചിട്ട് അമ്മ അവർക്ക് പറഞ്ഞു കൊടുത്തു. അവർ അവളെ നോക്കി പുഞ്ചിരിച്ചു. തിരിച്ചും ഒരു പുഞ്ചിരി സമ്മാനിച്ചു. മനസ്സിലാപ്പോഴും കടയിൽ നിന്നും കേൾക്കേണ്ടി വന്ന കാര്യങ്ങൾ കലങ്ങിമറിഞ്ഞു കിടക്കുകയായിരുന്നു. "മോളേ ഇത് പാർഥിപന്റെ വല്യമ്മയാ. അന്ന് വന്ന വിജയമാമന്റെ ഭാര്യ." അമ്മ പറയവേ മനസ്സിലായെന്ന് തലയാട്ടി. "എപ്പഴും മോളേ കാണാൻ ഒന്ന് ഇവിടം വരെ വരണമെന്ന് കരുതും. പക്ഷെ വിജയേട്ടൻ പറഞ്ഞയക്കില്ലന്നേയ്. ഇന്നിപ്പോ ദൂരെ എങ്ങാണ്ടാണ് ജോലി. അപ്പോ പിന്നേ ഞാനിങ്ങു പോന്നു." വല്യമ്മ പറഞ്ഞു. "നിങ്ങള് സംസാരിച്ചിരിക്ക് ഞാൻ ചായയെടുക്കാം."

അമ്മ അകത്തേക്ക് പോയി. വല്യമ്മ അവളുടെ കൈ പിടിച്ച് സോഫയിൽ അടുത്തായി ഇരുത്തി. "മോളിരിക്ക്.. പുറത്ത് സാധനങ്ങൾ വാങ്ങിക്കാൻ പോയതാവും അല്ലേ.." വല്യമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു. "അതേ.." പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് തലയാട്ടി. "മോളുടെ വീട്ടീന്നാരും വന്നില്ലേ ഇത്രയായിട്ടും?" വല്യമ്മ ചോദിച്ചു. ഇല്ലെന്ന് തലയാട്ടി. "അങ്ങോട്ടു പോയി നോക്കുകയും ചെയ്തില്ലേ..?" "ഇല്ല.. അവിടെയെനിക്കാരും ഇല്ല.." "പിന്നേ ഇവിടെയിങ്ങനെ അവൾക്ക് ബാധ്യതയാവാൻ പോവാണോ?" ചിരിയിൽ പൊതിഞ്ഞ വലിയമ്മയുടെ ചോദ്യം.. ചോദ്യത്തിന്റെ മൂർച്ചയേറ്റ് മുഖം വാടി. അല്ലെന്ന് തലയാട്ടി. നനവ് പടർന്നു തുടങ്ങിയ കണ്ണുകളെ മറച്ചു പിടിച്ചു. "ആ ചെറുക്കനൊരു ബുദ്ധിമോശം കാണിച്ചു. അതിനവന് സ്വന്തം ജീവൻ തന്നെ കൊടുക്കേണ്ടിയും വന്നു. മോളല്ലേ ഇതൊക്കെ കണ്ടറിഞ്ഞു മനസ്സിലാക്കി പ്രവർത്തിക്കേണ്ടത്.

അതോ ഇനി പാർഥിപന്റെ പേരിലുള്ള സ്വത്തിനു വേണ്ടിയാണോ? അവൾ അവളുടെ പേരിലുള്ളതും എഴുതി തരുമെന്നു വിചാരിച്ചു കാണുംലേ...?" വല്യമ്മ പുഞ്ചിരി മായ്ക്കാതെ ചോദിച്ചു. അവരുടെ കണ്ണുകളിൽ ക്രൂരത പരന്നു. ഉള്ളിലെ വെറുപ്പ് മുഖത്ത് മിന്നിമറിഞ്ഞത് കണ്ടു. കേട്ടുകൊണ്ടിരിക്കെ ഓർക്കാപ്പുറത്ത് തലക്കടിയേറ്റതുപോലെ വിറച്ചു. നിയന്ത്രണം വിട്ട് കണ്ണ് നിറഞ്ഞു.. "ഇവൾടെ കാലം കഴിഞ്ഞാ പിന്നേ ഈ കാണുന്ന ബംഗ്ലാവും സ്വത്തും ഒക്കെ ഒറ്റക്ക് ആസ്വദിച്ച് ഇവിടെ ജീവിക്കാനാവും ലേ...?" മുഖത്തെ ചിരി വെടിയാതെ ചോദിച്ചുകൊണ്ടിരുന്ന വല്യമ്മയെ നെഞ്ച് പിളരുന്ന വേദനയോടെ നോക്കി. അല്ലെന്ന് നിഷേധിച്ചുകൊണ്ട് തലയാട്ടവേ കണ്ണീരിന്റെ കനം കൊണ്ട് തല താണു പോയിരുന്നു......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story