Love Me Like You Do ❤️: ഭാഗം 21

Love Me Like You Do

രചന: ആദിത്യൻ മേനോൻ

"ഇവൾടെ കാലം കഴിഞ്ഞാ പിന്നേ ഈ കാണുന്ന ബംഗ്ലാവും സ്വത്തും ഒക്കെ ഒറ്റക്ക് ആസ്വദിച്ച് ഇവിടെ ജീവിക്കാനാവും ലേ...?" മുഖത്തെ ചിരി വെടിയാതെ ചോദിച്ചുകൊണ്ടിരുന്ന വല്യമ്മയെ നെഞ്ച് പിളരുന്ന വേദനയോടെ നോക്കി. അല്ലെന്ന് നിഷേധിച്ചുകൊണ്ട് തലയാട്ടവേ കണ്ണീരിന്റെ കനം കൊണ്ട് തല താണു പോയിരുന്നു. അടുക്കളയിൽ നിന്നും ചായയുമായി അമ്മ തിരികെ വരുന്നത് കണ്ടപ്പോൾ മുഖമൊളിച്ച് കണ്ണുകൾ തുടച്ചു. "ഞങ്ങളൊന്നു പരിചയപ്പെടുകയായിരുന്നു.." വല്യമ്മ മായയുടെ തോളിലൊന്ന് കൈവച്ചുകൊണ്ട് ചിരിച്ചു. അമ്മ വല്യമ്മക്ക് നേരെ ചായക്കപ്പ് നീട്ടി. ശേഷം അരികിലായി ഇരുന്നു. "ഭക്ഷണം കഴിച്ചിട്ട് പോകാം.." പോകാൻ തിടുക്കം കാട്ടിയ വല്യമ്മയോട് അമ്മ പറയുന്നത് കേട്ടു. "ഏയ്‌.. ഏട്ടൻ എത്തുന്നതിനു മുന്നേ വീട്ടിലെത്തണം." വല്യമ്മ വിസമ്മതിച്ചു. കാത്തുകളിലപ്പോഴും വല്യമ്മ പറഞ്ഞ വാക്കുകൾ മുഴച്ചു നിൽക്കുകയായിരുന്നു. എങ്കിലും അമ്മക്ക് മുന്നിൽ ഒന്നും സംഭവിക്കാത്ത മട്ടിൽ ചിരിച്ചു നടന്നു. വേദന കടിച്ചമർത്താൻ പാടുപെട്ടു.

"വാസുകിക്ക് തീരെ വയ്യാല്ലേ.." വല്യമ്മ ചോദിച്ചു. "ഓ എന്ത് പറയാനാ. കാല് രണ്ടും നീരുവച്ച് തടിച്ചിരിക്കുന്നത് കണ്ടില്ലേ. ഭക്ഷണം കഴിക്കുന്ന പോലെയാ ഇപ്പൊ മരുന്ന് കഴിക്കുന്നത്. മേല് മുഴുവൻ വേദനയൊഴിഞ്ഞ ഒരു നേരമില്ല. ഉറക്കോം ഇല്ല." അമ്മ വേദനയുള്ള മുട്ടുകാലിൽ കൈകളമർത്തി കാട്ടി. "ആ ചെക്കനില്ലാത്ത ഈ വീട്ടിലേക്ക് വരേണ്ടി വരുമെന്ന് ഞാനെന്റെ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. എങ്ങനെ ജീവിച്ച ചെക്കനാ.." വല്യമ്മ പറയവേ അമ്മയുടെ മുഖമൊന്നു വാടി. "പക്ഷെ പോവുമ്പോ നല്ല അന്തസ്സായിട്ട് തന്നെയാ എന്റെ കുട്ടി പോയത്.." അത് പറയുമ്പോൾ അമ്മയുടെ മുഖത്ത് അഭിമാനം. വല്യമ്മ കേൾക്കവേ മടുപ്പോടെ മുഖം ചുളിക്കുന്നത് കണ്ടു. "എന്തായാലും കൂട്ടിന് ഒരാളെ തന്നിട്ടല്ലേ പോയത്.." വല്യമ്മ ചിരിച്ചുകൊണ്ട് തന്നെ നോക്കുന്നത് കണ്ട് മായയൊന്നു തല താഴ്ത്തി. "അതേ.. ഇപ്പൊ എനിക്കിവളാ എല്ലാം. ഇവരുടെ കല്യാണമൊന്നും നടത്താൻ പറ്റിയ സാഹചര്യവും കാലവും ഒന്നും ഉണ്ടായിട്ടില്ലെങ്കിലും എന്റെ മകന്റെ ഭാര്യ തന്നെയാ ഇവള്.

ഇനി എനിക്കെന്തെങ്കിലും പറ്റിപ്പോയാൽ ഇവൾക്കാരുമില്ലാണ്ടായിപ്പോകുമല്ലോ എന്നൊരു വേവലാതി മാത്രേ എനിക്കിപ്പോ ഉള്ളൂ.." അമ്മ പറയവേ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് അമ്മയുടെ തോളോട് ചേർന്ന് നിന്ന് ആശ്വസിപ്പിച്ചു. "നീയെന്താ വാസുകീ ഈ പറയണേ. അതിനല്ലേ ഞങ്ങളൊക്കെ ഇവിടെയുള്ളത്. മായ എനിക്കെന്റെ സ്വന്തം മരുമകളെ പോലെയല്ലേ.." വല്യമ്മ പറയുന്നത് കേട്ടു.. "ഏയ്‌.. അങ്ങനെ ആർക്കും ബാധ്യതയാവാൻ എന്റെ മരുമകളെ ഞാൻ വിടില്ല. അവള് അവളുടെ ഇഷ്ടം പോലെ പിന്നങ്ങോട്ട് ജീവിക്കും. അതിനാണ് എന്റേം അവന്റേം പേരിലുള്ളതെല്ലാം ഞങ്ങൾ അവളുടെ പേരിലേക്ക് മാറ്റിയത്...." അമ്മ പറഞ്ഞു. കേട്ടതും വല്യമ്മയുടെ മുഖത്തൊരു അമ്പരപ്പ് മിന്നി മറഞ്ഞു. ഉള്ളിൽ ഉടലെടുത്ത കോപം പുറത്തറിയിക്കാതിരിക്കാൻ അവർ പാടുപെട്ടു. ദേഷ്യം മറച്ചു വച്ച മുഖത്തോടെ അവർ മായയെ നോക്കി. പക്ഷേ അവരേക്കാൾ വലിയ അമ്പരപ്പിലായിരുന്നു മായ. ഓർക്കാപ്പുറത്ത് തലക്ക് അടികിട്ടിയത് പോലെ അവൾ ഞെട്ടി.

"എന്റെ മകൻ കൈപിടിച്ച് ഇറക്കിക്കൊണ്ട് വന്ന പെണ്ണല്ലേ അവള്. അവനെ വിശ്വസിച്ച് ഇറങ്ങി വന്നവൾ.. അവൾക്കൊരു കുറവും വരുത്താതെ നോക്കേണ്ടത് അവന്റെ കടമയാണല്ലോ. ഇപ്പൊ എന്റെയും.." അമ്മ ഞെട്ടി നിൽക്കുന്ന മായയെ നോക്കി സ്നേഹത്തോടെ തുടർന്നു പറഞ്ഞു. "എന്നാ ഞാനിറങ്ങട്ടെ. നേരം ഒരുപാടായി.." വല്യമ്മ കൂടുതൽ സംഭാഷണത്തിന് നിൽക്കാതെ ഇറങ്ങിപ്പോയി. വല്യമ്മയെ യാത്രയാക്കി തിരിഞ്ഞു നടക്കവേ അമ്മയുടെ മുന്നിൽ ചെന്ന് നിന്നു.... "ഇതൊക്കെ എപ്പോ സംഭവിച്ചതാ??" "ഏതൊക്കെ?" അമ്മ ഒന്നുമറിയാത്തത് പോലെ ചോദിച്ചു. "എല്ലാം എന്റെ പേരിലോട്ട് മാറ്റിയതൊക്കെ..." "അത് നിന്നെയവൻ ഇങ്ങോട്ട് കൊണ്ടുവന്ന കുറച്ചു ദിവസങ്ങൾക്കകം തന്നെ ശരിയാക്കിയിരുന്നു.." അമ്മയൊന്നു ചിരിച്ചു. കണ്ണുകൾ നിറഞ്ഞു വന്നു. "പക്ഷേ എനിക്കിതൊന്നും വേണ്ട അമ്മേ.."

പറയവേ കണ്ണീരൊഴുകി. കരച്ചില് പൊട്ടി.. "അയ്യേ.. എന്തിനാ ഇപ്പൊ കരയണേ?" അമ്മയവളെ സ്വന്തം നെഞ്ചോടു ചേർത്തു നിർത്തി. അമ്മയുടെ മാറിൽ മുഖംപൊത്തിക്കൊണ്ടവൾ ഉറക്കെ കരഞ്ഞു. അന്നേരം സകല വേദനകളും മനസ്സിൽ നിന്നും താളം തെറ്റി പുറത്തേക്ക് വീണു. വല്യമ്മ പറഞ്ഞതോർമ്മ വന്നു. "എനിക്ക് ഇതൊന്നും വേണ്ട. എന്റെ പാർഥിപനെ മാത്രം തന്നാ മതി. എനിക്കത് മാത്രം മതി. ഒട്ടും പറ്റാഞ്ഞിട്ടാ എനിക്ക്..." അമ്മയുടെ നെഞ്ചിലൊരു നീർച്ചാലുണ്ടായി. അവർക്ക് വേദനിച്ചു. നെഞ്ചിൽ കിടന്നു കരയുന്നവളെ കലങ്ങിയ കണ്ണുകളോടെ അവർ എഴുന്നേൽപ്പിച്ചു നിർത്തി.. "നോക്ക്.. എന്റെ മുഖത്തേക്ക് നോക്ക്...." അവളുടെ താടിയിൽ പിടിച്ചു തനിക്ക് നേരെയായി നിർത്തി. എങ്ങലടിച്ചുകൊണ്ട് അവൾ അമ്മയെ നോക്കി. അപ്പോൾ അമ്മ തുടർന്നു. "ഞാനവന്റെ അമ്മയാണ്.. പോയത് എന്റെ മകനാണ്.." അത് പറയവേ അമ്മയുടെ മുഖം വേദനകൊണ്ടും ഗൗരവം കൊണ്ടും കനത്തു.. അവളമ്മയെ കരച്ചിലോടെ കേട്ടിരുന്നു.. "ഒരമ്മയ്ക്ക് മകനെ സ്വന്തം കണ്മുന്നിൽ വച്ചു നഷ്ടപ്പെടുമ്പോഴുള്ള വേദന അറിഞ്ഞവളാണ് ഞാൻ.

എന്നിട്ടും ഞാൻ തോൽക്കാതെ പിടിച്ചു നിൽക്കുന്നത് നിനക്ക് വേണ്ടിയാണ്. എന്റെ വേദനയും പതർച്ചയും ഞാൻ മറച്ചു വെക്കുന്നത് നിനക്ക് വേണ്ടിയാണ്. കാരണം അവന്റെ ശ്രമങ്ങൾ പാഴാവാൻ പാടില്ല. നിനക്ക് നല്ലൊരു ജീവിതം തന്നിട്ടാണവൻ പോയത്. ജീവിക്കാനുള്ള എല്ലാം പറഞ്ഞും പഠിപ്പിച്ചും തന്നിട്ടാണ് അവൻ പോയത്. ആ അവന്റെ പ്രയത്നവും ത്യാഗവും ഒന്നും വെറുതെയാവരുത്..." അമ്മ പറയവേ കരച്ചില് മെല്ലെ അടങ്ങി.. "പാർഥിപനെപ്പോലൊരാൾ ഇല്ലാത്തതുകൊണ്ട് മാത്രം സിദ്ധാർഥനെപ്പോലുള്ളവരെ സഹിച്ച് ജീവിക്കുന്ന ഒരുപാട് പെണ്ണുങ്ങളുണ്ട്. ജീവിതത്തിൽ എല്ലാവർക്കും ഒരു സെക്കന്റ് ചാൻസ് കിട്ടിയെന്ന് വരില്ല. സ്വന്തം ജീവിതം കളഞ്ഞ് അവൻ നിനക്ക് നേടിത്തന്ന ആ സെക്കന്റ് ചാൻസ് വേദനിച്ചും കരഞ്ഞും ഇല്ലാതാക്കി കളയരുത്. കാരണം അവിടെ തോറ്റുപോകുന്നത് അവനായിരിക്കും.." അമ്മ പറഞ്ഞു നിർത്തി. ശേഷം കണ്ണുനീർ ഒലിച്ചിറങ്ങിയ അവളുടെ കവിളുകൾ തുടച്ചു. "ജീവിതം ഇങ്ങനെയൊക്കെയാണ്. വീണുപോകും. എഴുന്നേൽക്കാനും മുന്നോട്ട് നടക്കാനും പറ്റണം.

എനിക്കുറപ്പുണ്ട്. ഇവിടെ നീ അതിജീവിച്ചാൽ നിനക്ക് പിന്നേ ഈ ലോകത്തുള്ള എന്തും തരണം ചെയ്യാനുള്ള ശേഷിയുണ്ടാവും." അമ്മ സ്നേഹത്തോടെ പറഞ്ഞുകൊണ്ട് കിച്ചണിലേക്ക് പോയി. ഭാവഭേദങ്ങളേതുമില്ലാതെ ഹാളിൽ അവൾ തറഞ്ഞു നിന്നു. മനസ്സിലേക്ക് ഇഴഞ്ഞുവന്ന പാർഥിപന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണുകൾ അമർത്തി പിടിച്ചു. അവന്റെ ചിരി കാതുകളിൽ മുഴങ്ങി. രാത്രി മുറിയിലേക്ക് ചെന്നു കേറിയപ്പോൾ ഒന്ന് അമ്പരന്നു നിന്നുപോയി. ഹാങ്കറിൽ തൂക്കിയിട്ടിരുന്ന അവന്റെ ഷർട്ടുകൾ, ചുവരിൽ ചിതറിക്കിടക്കുന്ന മട്ടിൽ തൂക്കിയിട്ട അവന്റെ ഫോട്ടോകൾ, എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. വെപ്രാളത്തോടെ അലമാര തുറന്നു നോക്കി. അവന്റെ വസ്ത്രങ്ങൾ മാത്രം കാണാനില്ല. അവന്റെ സ്വർണ്ണനിറമുള്ള വാച്ച്, അവന്റെ പെർഫ്യൂം, അവന്റെ ഇടിവള, അവന്റെ മോതിരം തുടങ്ങി അവന്റെ എല്ലാ വിധ ഓർമ്മകളും മാഞ്ഞു പോയിരിക്കുന്നു..! എല്ലാം അമ്മയുടെ പണിയാണെന്ന് മനസിലായി. തനിക്ക് വേണ്ടിയാണെന്നും മനസ്സിലായി. പക്ഷേ എന്നിട്ടും വല്ലാത്ത വേദന തോന്നി.

കണ്ണുകൾ കലങ്ങി. വിശ്വസിക്കാനാവാതെ അലമാരിയിലാകെ അവന്റെ അവശേഷിപ്പിനായി തിരഞ്ഞു. ഒരു തരിയെങ്കിലും ബാക്കി വെക്കാമായിരുന്നുവെന്ന് അമ്മയോട് പറയാൻ തോന്നി. ആ ചിന്തയോടെ കട്ടിലിനരികിലെ ഷെൽഫ് തള്ളിത്തുറന്നപ്പോഴാണ് അത് കണ്ടത്.. പാർഥിപന്റെ ഒരു കുഞ്ഞ് ഫോട്ടോ ഫ്രെയിം. ഒപ്പം അരികിലായി അവന്റെ കഴുത്തിലെ രുദ്രാക്ഷമാല. രണ്ടും ഒരു തുറന്നുവച്ച ഡയറി പുസ്തകത്തിനു മുകളിൽ വച്ചിരിക്കുകയാണ്. അമ്മയോട് നന്ദി തോന്നി. എന്തെന്നില്ലാത്ത സമാധാനം തോന്നി. പതിയെ അവന്റെ ഫോട്ടോ കൈകളിലെടുത്തു. അവന്റെ ചിരിക്കുന്ന മുഖത്തിൽ പ്രേമത്തോടെ തലോടി. അവന്റെ രുദ്രാക്ഷമാലയിൽ തൊട്ടപ്പോൾ അവനെ തൊട്ടതുപോലെ തോന്നി. അതിനവന്റെ മണമുണ്ട്. അപ്പോഴാണ് തുറന്നിട്ട ഡയറിയിൽ കുറിച്ചിട്ട വാക്കുകൾ ശ്രദ്ധിക്കുന്നത്. ചുണ്ടുകൾ അത് പതുക്കെ മന്ത്രിച്ചു..

"നീ ദൂരെയാണ്. അകലങ്ങളിൽ ഞാൻ നിനക്ക് കാവലിരിക്കുന്നു.." പാർഥിപനെ ഓർത്ത് വേദന തോന്നി. ഡയറി മറിച്ചു നോക്കിയപ്പോൾ പാർഥിപന്റേതാനെന്ന് മനസ്സിലായി. ഇതവൻ അവൾക്ക് വേണ്ടി മാത്രം കുറിച്ച് വച്ച വാക്കുകളാണ്. ചുണ്ടുകളിൽ നേരിയ പുഞ്ചിരി വിരിഞ്ഞു. വീണ്ടും അമ്മയ്ക്ക് നന്ദി... ഉറങ്ങാൻ കിടക്കവേ ഈ മുറിയിലെ തന്റെ അവസാനത്തെ രാത്രിയാണിതെന്ന് മനസ്സിൽ ഉറപ്പിച്ചു. നാളെ തൊട്ട് അമ്മയോടൊപ്പം കിടക്കാം. അമ്മക്ക് അതൊരു ആശ്വാസമാവും. ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 രാവിലെ എഴുന്നേറ്റപ്പോൾ ഇത്തിരി വൈകിയിരുന്നു. കണ്ണുകൾ അമർത്തിതിരുമ്മി എഴുന്നേറ്റിരുന്നു. തലേന്ന് അമ്മ പറഞ്ഞു തന്ന കാര്യങ്ങൾ ഓർമ്മ വന്നു. മുറിയിൽ നിന്നുമിറങ്ങി പതിയെ താഴേക്ക് ചെന്നു. താഴെക്കിറങ്ങും തോറും അടുക്കളയിൽ നിന്നും അടുപ്പിൽ എന്തോ കരിഞ്ഞു പിടിച്ച മണം കിട്ടിക്കൊണ്ടിരുന്നു. സംശയത്തോടെ അടുക്കളയിലേക്ക് നടന്നെത്തി. അടുക്കളയിലെ ആ കാഴ്ച കണ്ട് ഇടിവെട്ടേറ്റതുപോലെ ഒരു നിമിഷം നടുങ്ങി നിന്നു പോയി.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story