Love Me Like You Do ❤️: ഭാഗം 22

Love Me Like You Do

രചന: ആദിത്യൻ മേനോൻ

രാവിലെ എഴുന്നേറ്റപ്പോൾ ഇത്തിരി വൈകിയിരുന്നു. കണ്ണുകൾ അമർത്തിതിരുമ്മി എഴുന്നേറ്റിരുന്നു. തലേന്ന് അമ്മ പറഞ്ഞു തന്ന കാര്യങ്ങൾ ഓർമ്മ വന്നു. മുറിയിൽ നിന്നുമിറങ്ങി പതിയെ താഴേക്ക് ചെന്നു. താഴെക്കിറങ്ങും തോറും അടുക്കളയിൽ നിന്നും അടുപ്പിൽ എന്തോ കരിഞ്ഞു പിടിച്ച മണം കിട്ടിക്കൊണ്ടിരുന്നു. സംശയത്തോടെ അടുക്കളയിലേക്ക് നടന്നെത്തി. അടുക്കളയിലെ ആ കാഴ്ച കണ്ട് ഇടിവെട്ടേറ്റതുപോലെ ഒരു നിമിഷം നടുങ്ങി നിന്നു പോയി. താഴെ വെറും നിലത്തായി ചലനങ്ങളില്ലാതെ കിടക്കുന്ന അമ്മ. പാതിയടഞ്ഞ കണ്ണുകൾ. നിലത്താകെ പരന്നു കിടന്ന മുടിയിഴകൾ. വിറച്ചിലവസാനിച്ച ചുണ്ടുകൾ. കൈവിരലുകളിൽ മരണത്തോട് യുദ്ധം ചെയ്ത് തോറ്റുപോയതിന്റെ നിസ്സഹായത. അമ്മയെ നോക്കി തറഞ്ഞു നിൽക്കവേ ശ്വാസം കിട്ടാത്തത് പോലെ തോന്നി. തലയാകെ തരിപ്പ് പടർന്നുപിടിച്ചിരിക്കുകയാണ്. ചലിക്കാനോ പ്രതികരിക്കാനോ ആയില്ല. ദേഹം വിറച്ചു തുടങ്ങുന്നതിനു മുൻപ്.. കണ്ണുകൾ കലങ്ങിപ്പോകുന്നതിന് മുൻപ്..

ഉള്ളിൽ നിന്നൊരു പെണ്ണ് അലറി വിളിച്ചു കരയാൻ തുടങ്ങുന്നതിനു മുൻപ്.. അമ്മയുടെ അരികിലേക്കവൾ ബോധരഹിതയായി വീണു... എത്രനേരം ആ കിടപ്പ് തുടർന്നുവെന്ന് ഓർമ്മയില്ല. ബോധം തിരികെയെത്തിയപ്പോൾ തലക്കകത്ത് ആകെ ഒരു മന്ദത. സംഭവിച്ചതെന്തെന്ന് ഒരു നിമിഷത്തേക്ക് മറന്നു പോയി. കിടന്ന കിടപ്പിൽ മറുവശത്തേക്ക് ചെരിഞ്ഞു നോക്കിയപ്പോൾ പാതി തുറന്ന കണ്ണുകളുമായി ചേതനയറ്റ് കിടക്കുന്ന അമ്മയുടെ മുഖം.. യഥാർഥ്യത്തിന്റെ പൊള്ളലേറ്റ് ഹൃദയം പിടഞ്ഞു. ഓർക്കാപ്പുറത്തു തലക്ക് അടിയേറ്റതുപോലെ ദേഹമാകെ മരവിച്ചു. അമ്മയെ നോക്കി നിൽക്കേ നെഞ്ച് വേദനിച്ചു. മിഴിനീർ ആർത്തുലച്ചു പെയ്യാൻ തുടങ്ങി. സമനില തെറ്റിയതുപോലെ അമ്മയുടെ അരികിലേക്കണയുമ്പോൾ ദേഹം വിറച്ചു തുടങ്ങിയിരുന്നു. അമ്മയുടെ മുഖം കൈകളിലെടുക്കുമ്പോൾ കണ്ണുനീർ അമ്മയുടെ മുഖത്തേക്ക് ഇറ്റിവീണു... "അ... അമ്മേ....." മുഖം പിടിച്ചു ഉണർത്തി വിളിക്കവേ വാക്കുകൾ മുറിഞ്ഞുപോയി. പ്രതീക്ഷയില്ലാത്തൊരു പ്രതീക്ഷയിൽ കരച്ചിലിനെ അടക്കി നിർത്തിപ്പിടിച്ചു..

"അമ്മേ.... എണീക്കമ്മേ...." വീണ്ടും അമ്മയെ തട്ടി വിളിച്ചു. അമ്മയനങ്ങുന്നില്ല.. പ്രതീക്ഷകൾ ചോർന്നു പോകുന്നതോടൊപ്പം അമ്മയെ വിളിക്കവേ വാക്കുകളുടെ ശക്തിയും ക്ഷയിച്ചു വന്നു. കണ്ണീരിന് ഒഴുക്കേറി. "എഴുന്നേൽക്കമ്മേ...." അസഹ്യമായ വേദനയോടെ കെഞ്ചി വിളിച്ചു. പ്രതീക്ഷയുടെ ചിറകറ്റു. അമ്മയുടെ ദേഹം തന്നോട് ചേർത്ത് പിടിക്കവേ അടക്കി നിർത്തിയ വേദന വിങ്ങിപ്പൊട്ടി.. "എന്നെ.... എന്നെ വിട്ടിട്ട് പോവല്ലേ അമ്മേ..." കരച്ചിലിന്റെ ആഘാതതിൽ വാക്കുകൾ ചിതറിത്തെറിച്ചു പോയി. നെഞ്ചുപൊട്ടുമാറ് ഉച്ചത്തിൽ, തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ അലറിക്കരയാൻ തുടങ്ങി. "എന്നെ ഒറ്റക്കാക്കീട്ട് പോവല്ലേ.. എനിക്കാരുമില്ലാതായ് പോകും.." അമ്മയെ ആവുന്നത്ര എഴുന്നേൽപ്പിക്കാൻ പിന്നെയും ശ്രമിച്ചു. തല കറങ്ങുന്നത് പോലെ തോന്നി. ചവിട്ടി നിൽക്കുന്ന മണ്ണിന്റെ അവസാന തരിയും ഊർന്നൊലിച്ചു പോകുന്നത് പോലെ. ശ്വാസം മുട്ടി പിടഞ്ഞു.

ഇറ്റിവീണ കണ്ണുനീർ അമ്മയുടെ മുഖത്തെ നനച്ചു. അമ്മയുടെ മുഖം തനിക്കു നേരെ ചേർത്ത് വച്ചുകൊണ്ട് അമ്മയോട് എഴുന്നേൽക്കണമെന്ന് തളർച്ചയോടെ കരഞ്ഞു. സ്നേഹത്തിന്റെ എല്ലാ അദ്ധ്യായങ്ങളും അവസാനിച്ചുവെന്ന ബോധ്യം ഹൃദയത്തെ കുത്തിക്കീറി വ്രണപ്പെടുത്തി. "അവസാനം എന്നെ ഇവിടെ ഒറ്റക്കാക്കീട്ട് അമ്മയും പോയല്ലേ... മോനെ വിട്ട് പിരിഞ്ഞിരിക്കാൻ പറ്റീട്ടുണ്ടാവില്ലലേ....." അമ്മയുടെ മുഖത്തേക്ക് നോക്കികൊണ്ട് ദയനീയമായി കരഞ്ഞു... ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 "പാർഥിപൻ പോയതിനു പിന്നാലെ വാസുകിമ്മയും പോയല്ലേ...!" നിരാശയോടെ അത് പറയവേ എലീനയുടെ മിഴികളിൽ നീര് പൊടിഞ്ഞു. സാഗർ അമ്പരപ്പ് വിട്ടുമാറാതെ തലതാഴ്ത്തി ഇരിക്കുകയായിരുന്നു. അമ്മയുടെ വേർപാടിനെക്കുറിച്ച് ഓർക്കവേ ജെസ്സികയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.

"അമ്മയുടെ മരണവാർത്തയറിഞ്ഞ് അമ്മയുടെ വീട്ടുകാരെല്ലാവരും വന്നിരുന്നു. അമ്മയെ ചിതയിലേക്കെടുക്കുന്നതിനു മുന്നേ അവർക്ക് താല്പര്യം എന്നെ ആ വീട്ടിൽ നിന്നും പുറത്താക്കാനായിരുന്നു. പാതി മരിച്ച അവസ്ഥയിലായിരുന്നു ഞാനന്ന്. ആരോടും മിണ്ടാനാവാതെ, ഒന്ന് അനങ്ങാൻ പോലും കഴിയാതെ.. എന്നെ ചേർത്തുപിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന ആളുകൾ ഒഴിഞ്ഞുപോകാൻ ഒരു തക്കം കാത്തിരിക്കുകയായിരുന്നു വിജയമാമനും വല്യമ്മയുമൊക്കെ...." "അവരെല്ലാവരും ചേർന്ന് മായയെ അന്ന് രാത്രി തന്നെ അവിടുന്ന് പുറത്താക്കിക്കാണും അല്ലേ....?" സാഗർ പതുക്കെ ചോദിച്ചു. അതിനു മറുപടിയായി ജെസ്സികയിൽ നിന്നും ഒരു പുഞ്ചിരി വിരിഞ്ഞു. അല്ലെന്ന് അവളുടെ തലയനങ്ങി. "ഞാനെപ്പോഴും പറയുന്ന പോലെ സഹിച്ചു സഹിച്ചു ക്ഷമയുടെ നെല്ലിപ്പലക കണ്ടാൽ പിന്നെ കിട്ടുന്നൊരു ധൈര്യമുണ്ട്. അതെല്ലാ പെണ്ണിലുമുണ്ട്. ആ രാത്രി എന്റെ എല്ലാ പേടിക്കലുമില്ലാതായി. ജീവിതത്തിൽ ഇനിയൊന്നും നേരിടാൻ ബാക്കിയില്ലാത്തവൾക്ക് പേടി എങ്ങനെ ഉണ്ടാവാനാണ്....?"

മായ പറഞ്ഞു. കണ്ണുകൾ ആ രാത്രിയെക്കുറിച്ചോർത്ത് വിടർന്നു.. ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 "ഈ നശിച്ച പെണ്ണ് വന്നു കേറിയതിന്റെയാ ഈ കാണുന്നതൊക്കെ. ഒരു കുഴപ്പവും ഇല്ലാതിരുന്ന രണ്ടു പേരാ പോയത്." ഹാളിൽ നിന്നും വല്യമ്മയുടെ ശബ്‌ദം അടച്ചിട്ട റൂമിലേക്ക് കടന്നു വന്നപ്പോൾ അനുവേച്ചിയുടെ മടിയിൽ തലവെച്ചു കിടന്നവൾ നിറഞ്ഞ കണ്ണുകളോടെ ഒന്നുകൂടി ചുരുണ്ടു കൂടി. അനുവേച്ചി അന്നേരം ഒന്നുമില്ലെന്ന് തലോടിക്കൊണ്ട് ആശ്വസിപ്പിച്ചു. "ആർക്കറിയാം വടിപോലിരുന്ന രണ്ടെണ്ണത്തിനെ കൊന്ന് കളഞ്ഞിട്ട് ഈ കാണുന്നതൊക്കെ സ്വന്തമാക്കാനുള്ള ആ പെണ്ണിന്റെ നാടകമാണ് ഇതൊക്കെയെന്ന്.." ആരുടെയോ അലർച്ച. ഹൃദയത്തിൽ തുളച്ചു കയറി. അനുവേച്ചി അപ്പോഴും ചേർത്ത് പിടിച്ചു നിർത്തി. "എന്തൊക്കെ സഹിച്ചാലും എത്രയൊക്കെ അനുഭവിച്ചാലും അവസാനം പഴി എന്നും പെണ്ണിനേ കാണൂ അമ്മൂ. അങ്ങനെ കേൾക്കാനാണ് കൂടുതൽ പേർക്കും ഇഷ്ടവും. ഒരു പെണ്ണ് സ്വന്തം ഭർത്താവിനെ വിട്ടു മറ്റൊരുത്തന്റെ കൂടെ ഇറങ്ങിപ്പോകുന്നതിനു പിന്നിലെ കാരണമെന്തായിരിക്കുമെന്നൊന്നും ആരും അന്വേഷിക്കില്ല.

അങ്ങനെ ഇറങ്ങിയവളെ പലപല പേര് ചാർത്തിക്കൊടുക്കാനെ അവർക്ക് താല്പര്യമുള്ള. ഇനി ഭർത്താവാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ അത് ഭാര്യയുടെ കഴിവുകേടു കൊണ്ടാണെന്ന് പറയും. അതിനപ്പുറത്തേക്കുള്ളതൊന്നും കേൾക്കാനോ മനസ്സിലാക്കാനോ ആർക്കും താല്പര്യമില്ല. ഒരാളെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ഒരവസരവും സമൂഹം പാഴാക്കില്ല. ഒരിക്കൽ ഞാനാലോചിച്ചിട്ടുണ്ട് നമ്മളെന്തിനാണ് നമ്മൾ നല്ലതാണെന്നും നമ്മുടെ ഭാഗത്ത് തെറ്റില്ലെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതെന്ന്. അതിൽ നിന്നും എന്താണ് നേട്ടമെന്ന്.. സത്യത്തില് നമ്മൾ നല്ലതാണെന്ന ബോധവും ബോധ്യവും നമുക്കുണ്ടായാൽ മാത്രം മതി. വെറുതെ അത് മറ്റുള്ളവർക്ക് ബോധ്യപ്പെടുത്താൻ ശ്രമിച്ച് നമ്മുടെ സമയം കളയരുത്. ആളുകളെന്തും വിചാരിച്ചോട്ടെ. നമ്മൾ നല്ലതാണെന്ന, നമ്മൾ ശരിയാണെന്ന ഉറപ്പ് നമുക്കുണ്ടായാൽ മാത്രം മതി. അതുകൊണ്ട് നിന്നെപ്പറ്റി ഇവരിപ്പോൾ ഈ പറയുന്ന കാര്യങ്ങള് കേട്ടൊന്നും നീ തളർന്നു പോകരുത് അമ്മൂ.." അനുവേച്ചി പറഞ്ഞത് കേൾക്കവേ ചോർന്നുപോയ സമനില തിരികെയെത്തുന്നത് പോലെ തോന്നി.

എവിടെനിന്നോ വന്ന ധൈര്യം ഉടലാകെ പടർന്നു കയറി. പാർഥിപൻ സ്വന്തം ജീവൻ കളഞ്ഞ് തന്ന ജീവിതമാണിതെന്ന്, നശിപ്പിച്ചു കളയരുതെന്ന്, അവനെ തോൽപ്പിച്ചു കളയരുതെന്ന് അമ്മ എവിടെയോ ഇരുന്ന് മന്ത്രിക്കുന്നത് കാതുകളിൽ മുഴങ്ങിക്കേട്ടു... ഇടയിക്കെപ്പോഴോ ഡോറിൽ ഉച്ചത്തിൽ രണ്ടുമൂന്നു മുട്ടു കേട്ടു. എഴുന്നേറ്റു ചെല്ലാൻ തുടങ്ങിയ അനുവേച്ചിയെ തടഞ്ഞ് എഴുന്നേറ്റുകൊണ്ടവൾ കതക് തുറന്നു. വല്യമ്മയായിരുന്നു.. "കൊറേ നേരമായല്ലോ കതകടച്ചു ഇരിക്കാൻ തുടങ്ങിയിട്ട്..! നിന്റെ ഇവിടെയുള്ളവരൊക്കെ പോയി. ഇനി എന്താ നിന്റെ തീരുമാനം?" വല്യമ്മ കണ്ണു കൂർപ്പിച്ചുകൊണ്ട് ചോദിച്ചു. ഹാളിൽ സോഫയിൽ ഇരുന്ന വിജയമാമന്റെയും മറ്റുള്ള കുടുംബാംഗങ്ങളുടെയും കണ്ണുകൾ തന്നിലേക്ക് വന്നു നിൽക്കുന്നത് കണ്ടു. "എന്ത് തീരുമാനം?" എവിടുന്നോ കിട്ടിയ ധൈര്യത്തോടെ തിരിച്ചു ചോദിച്ചു. "ഹല്ലേ.. അത് ശരി. നിന്നെ ഇവിടെ കേറ്റിപ്പാർപ്പിച്ചവരൊക്കെ പോയി. കണ്ടവർക്കൊക്കെ കേറിക്കിടക്കാൻ ഇത് സത്രമൊന്നുമല്ല."

വല്യമ്മ ചുവന്ന മുഖത്തോടെ പറഞ്ഞു. "ഇത് സത്രമൊന്നും അല്ലാന്നും ഇവരൊന്നും എന്താ ഇവിടുന്ന് പോകാത്തതെന്നും ഞാനിപ്പോ അനുവേച്ചിയോട് പറയുകയായിരുന്നു.. അല്ലേ അനുവേച്ചീ..?" തിരിഞ്ഞ് അനുവേച്ചിയെ നോക്കിയപ്പോൾ എവിടെനിന്നോ പെട്ടെന്ന് കയറിക്കൂടിയ ആ കുഞ്ഞുധൈര്യം കണ്ട് അനുവേച്ചി അമ്പരന്നു നിൽക്കുകയായിരുന്നു. അത് കേട്ടതും വല്ല്യമ്മയുടെ ചുണ്ടുകൾ കോപത്താൽ വിറച്ചു. "നീയാരാണെന്നാ നിന്റെ വിചാരം? പാർഥിപന്റെ ഭാര്യയാവാൻ നോക്കുകയാണോ? മറ്റൊരുത്തന്റെ ഭാര്യയായ നീയെങ്ങനെ പാർഥിപന്റെ ഭാര്യയാകും?" ചോദിക്കവേ വല്യമ്മയുടെ മുഖത്തൊരു ചിരി.. അന്നേരം അവൾക്കൊന്നു വേദനിച്ചു. താണുപോകാൻ തുടങ്ങിയ തല ശ്രമപ്പെട്ട് ഉയർത്തിപ്പിടിച്ചു. "ശരിയാ ഞാൻ പാർഥിപന്റെ ഭാര്യയല്ല. പാർഥിപന്റെ ഭാര്യയെന്ന പേരിൽ ഒരു പരിഗണനയും എനിക്കാരും തരേണ്ടതുമില്ല. പക്ഷെ വിശ്വനാഥിന്റെ മകളായ വാസുകി വിശ്വനാഥിന്റെയും അവരുടെ മകൻ പാർഥിപ് വിശ്വനാഥിന്റെയും സകല സ്വത്തിന്റെയും അവകാശി ഈ ഞാനാണ്. ഇതെന്റെ വീടാണ്..."

അത് പറയുമ്പോൾ വാക്കുകളിൽ ഉറച്ച നിശ്ചയം. നോവ് കാർന്നു തിന്ന കണ്ണുകളിൽ കോപവും ഭയവും മാത്രം ബാക്കി. ഗംഭീരമായ ശബ്ദത്തോടെ അവളത് പറയവേ വല്യമ്മ ഒന്ന് പതറി. അവളിൽ നിന്നും അത്തരമൊരു പ്രതികരണം വല്യമ്മ പോയിട്ട് അനുവേച്ചി പോലും പ്രതീക്ഷിച്ചതല്ല. കേട്ടു നിന്ന മറ്റു കുടുംബാംഗങ്ങളെല്ലാരും അമ്പരപ്പോടെ എഴുന്നേറ്റു പരസ്പരം നോക്കി. ചിലർ പെണ്ണിന്റെ തണ്ട് കണ്ടില്ലേയെന്ന്, അഹങ്കാരം കണ്ടില്ലേയെന്ന്, നെഗളിപ്പ് കണ്ടില്ലേയെന്ന് പരസ്പരം പിറുപിറുത്തു. "ഈ വീട് നിന്റെയാണെന്ന് നീ മാത്രം പറഞ്ഞാ മതിയോ." വല്യമ്മ പറഞ്ഞു. അത് കേട്ട് അവൾക്ക് ചിരി വന്നു. ഭയം നഷ്ടപ്പെട്ടവളുടെ ചിരി.. "ഇല്ല. അലമാരയ്ക്കകത്തുള്ള കുറച്ചു പേപ്പറുകൾ പറയും. കാണണോ?." മുഖത്ത് നിർവികാരത. കരഞ്ഞു കലങ്ങിയ കണ്ണുകളിൽ വല്ലാത്തൊരു ധൈര്യം. മറുപടിയില്ലാതെ നിന്ന വല്യമ്മയെ മറികടന്നു ഹാളിലേക്ക് നടന്നു ചെന്നു. ദേഷ്യത്തോടെ തന്നേ നോക്കിക്കൊണ്ടിരുന്നവരെ പുഞ്ചിരിയോടെ ഒന്ന് നോക്കി.

"ചായയൊക്കെ കുടിച്ചു കഴിഞ്ഞെങ്കിൽ എല്ലാരും ഇറങ്ങുവല്ലേ...?" എല്ലാവരെയും നോക്കി പറഞ്ഞപ്പോൾ ദേഷ്യത്തോടെ അവർ പുറത്തേക്ക് നടന്നു. "എന്തൊരു സാധനമാണ് ആ പെണ്ണ്.." ഇറങ്ങിപ്പോയവർ പിറുപിറുത്തത് കേട്ടു. അവളുടെ അപമാനത്തെക്കാൾ ഉപരി പ്രതീക്ഷിച്ചു വന്ന സ്വത്തു വീതം വെയ്ക്കൽ നടക്കാതെ പോയതിലുള്ള നിരാശ ആ വാക്കുകളിൽ എവിടെയോ നിഴലിക്കുന്നു.. "നിന്നെപ്പോലെ കെട്ടിയവനെ വിട്ട് കണ്ടവന്റെ കൂടെ ഇറങ്ങിവന്ന പെണ്ണിനെ ഇങ്ങോട്ട് കേറ്റിയതിന്റെ ശിക്ഷയാ അവൾക്കും അവനും കിട്ടിയത്. വൈകാതെ നിനക്കും കിട്ടും.." വല്യമ്മ അവളുടെ മുന്നിൽ ചെന്നു നിന്നു. അതിനു മറുപടിയായി അവൾ വീണ്ടും ചിരിച്ചു. "ഇറങ്ങിക്കോ.. വേഗം ഇറങ്ങിക്കോ എന്റെ വീട്ടീന്ന്.." അവളുടെ സ്വരമുയർന്നു. കോപം കൊണ്ട് വല്യമ്മയുടെ തൊലിയുരിഞ്ഞു. അവളെ കൂർപ്പിച്ചു നോക്കികൊണ്ട് വല്യമ്മ ആ വീടുവിട്ടിറങ്ങിപ്പോയി. കണ്ണുകൾ അന്നേരം നിറഞ്ഞു വന്നു. കൊടുങ്കാറ്റിനു ശേഷമുള്ള ശാന്തത പോലെ ദീഘമായൊന്നു നിശ്വസിച്ചു.

നിറഞ്ഞ കണ്ണുകളടച്ചപ്പോൾ കവിളിലേക്ക് കണ്ണുനീരൊലിച്ചു. അനുവേച്ചിയുടെ സ്പർശനം തോളിലേറ്റ് തിരിഞ്ഞു നോക്കി. അനുവേച്ചിയുടെ നെഞ്ചിലേക്ക് പതുക്കെ തല ചായ്ച്ചു... ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 "പിന്നീടങ്ങോട്ട് ഒറ്റപ്പെടലിന്റെ നാളുകളായിരുന്നു. ആ വലിയ ബംഗ്ലാവാകെ എനിക്ക് ചുറ്റും അമ്മയുടെയും പാർഥിപന്റെയും ഓർമ്മകൾ തിങ്ങി നിറഞ്ഞു. ഒരുപാട് ഉറക്കമില്ലാത്ത രാത്രികൾ. നീറി നീറി ജീവിച്ച പകലുകൾ. ഭ്രാന്ത് പിടിച്ച നിമിഷങ്ങൾ. എന്നെ സ്നേഹിച്ച ലോകത്തിലെ ആദ്യത്തെ മനുഷ്യൻ പാർഥിപൻ ആയിരുന്നു. പിന്നെ അയാളുടെ അമ്മയും. ഒരമ്മയുടെ സ്നേഹമെന്തെന്ന് എനിക്ക് മനസ്സിലാക്കി തന്നത് അവരാണ്. ജീവിതമെന്താണെന്നും എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു തന്നത് അവരാണ്. കുറച്ചു നാളത്തേക്ക് അനുവേച്ചിയും മാതുമോളും ആ വീട്ടിൽ എന്റെ കൂടെയുണ്ടായിരുന്നു. അതെനിക്ക് വലിയ ആശ്വാസമായിരുന്നു. പിന്നേ ഞാൻ തന്നെയാ അവരോട് തിരിച്ചു പോകാൻ നിർബന്ധിച്ചത്. എന്നാലും എന്നും എന്നെ കാണാൻ വരുമായിരുന്നു. പാർഥിപന്റെയും അമ്മയുടെയും ഓർമ്മകളും ചുമന്ന് എനിക്ക് ഭ്രാന്തുപിടിക്കുമെന്ന് തോന്നിയപ്പോഴാണ് ഞാൻ മുംബൈക്ക് പോകുന്നത്.." "വാട്ട്....?? മുംബൈയിലേക്കോ?" എലീന ചോദിച്ചു.

അതേയെന്ന് തലയാട്ടി ചിരിച്ചു. "ഈ ഓർമ്മകളും താണ്ടി മരിച്ചു പോകുമെന്ന് തോന്നിയപ്പോഴാണ് മുംബൈയിലെഒരു സുഹൃത്ത് വഴി അവിടെയൊരു ജോലി ശരിപ്പെടുത്തുന്നത്. എന്തുകൊണ്ടും ആ വീട്ടിൽ നിന്നും ആ നാട്ടിൽ നിന്നും ഒരു പറിച്ചുനടൽ എനിക്ക് അത്യാവശ്യമായിരുന്നു. അതിനു മുംബൈ തിരഞ്ഞെടുക്കാൻ വേറെ പ്രത്യേക കാരണങ്ങളൊന്നുമില്ല. പുതിയൊരു ലോകം എന്നതൊഴിച്ച് മറ്റൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് പാർഥിപന്റെ കാറുമായി മുംബൈയിലേക്ക് തിരിക്കുന്നത്. ആ കാറും, അമ്മ തന്ന പാർഥിപന്റെ ഫോട്ടോയും അയാളുടെ രുദ്രാക്ഷമാലയും പിന്നേ എന്റെ അമ്മയുടെ കലങ്ങിയ ഫോട്ടോയും മാത്രമേ ഞാൻ ആ യാത്രയിൽ കയ്യിൽ കരുതിയിട്ടുണ്ടായിരുന്നുള്ളു... " ഓർമ്മകൾ വീണ്ടും പിന്നിലേക്ക് സഞ്ചരിച്ചു. ജീവിതത്തിന്റെ മറ്റൊരു അധ്യായത്തിലേക്ക്.. മറ്റൊരു കഥയിലേക്ക്...... ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 മുംബൈയിൽ എത്താൻ നാല് ദിവസമെടുത്തിരുന്നു.

രാത്രികളിൽ ഹോട്ടലുകളിൽ സ്റ്റേ ചെയ്ത് പിറ്റേന്ന് കാലത്താണ് യാത്ര പുനരാരംഭിച്ചിരുന്നത്. നാലാം ദിവസം രാത്രി നേരത്താണ് അവൾ മുംബൈയിൽ എത്തുന്നത്. ഇരുവശത്തും കാട് തിങ്ങിയ മുംബൈയിലെ ചെന എന്ന പ്രദേശത്തുകൂടെ കാർ മുന്നോട്ട് നീങ്ങുകയായിരുന്നു. തെരുവ് വിളക്കുകളുടെ അരണ്ട വെളിച്ചെമൊഴിച്ച് നീണ്ട റോഡാകെ ഇരുട്ടു മൂടിയിരുന്നു. പരിസരത്തെവിടെയും വാഹനമോ മനുഷ്യനോ കാണാനില്ല. നാല് ദിവസത്തെ യാത്രാ ക്ഷീണം വല്ലാതെ പിടിച്ചുലച്ചിരുന്നു. ഇടയ്ക്കെപ്പോഴോ കാഴ്ച മങ്ങിത്തുടങ്ങുന്നത് പോലെ തോന്നി അവൾക്ക്. കണ്ണുകളിലേക്ക് ചുറ്റിനുമുള്ള ഇരുട്ട് പടർന്നു. മനം പുരട്ടുന്നത് പോലെ.. തല കറങ്ങുന്നത് പോലെ.. പെട്ടെന്ന് എതിരെ വന്നൊരു വെളുത്ത ബിഎംഡബ്ലിയു കാറിനു നേർക്ക് നിയന്ത്രണമില്ലാതെ അവളുടെ കാർ ചെന്നടുത്തു. അന്നേരം മെല്ലെയവളുടെ ബോധമണയാൻ തുടങ്ങി. എതിർവശത്തെ കാർ ശക്തിയിൽ തെന്നി മാറിക്കൊണ്ട് കുറച്ചകലെയായി വണ്ടി നിർത്തി. ബോധം പൂർണ്ണമായും നശിക്കുന്നതിന് മുൻപേ അവൾ ബ്രേക്കിൽ ശക്തിയിൽ ചവിട്ടി. അവിചാരിതമായ ബ്രേക്കിൽ സ്റ്റിയറിങ്ങിലേക്കവളുടെ തലയിടിച്ചു. അവൾക്കപ്പുറം കാർ നിർത്തിയവൻ ധൃതിയോടെ ഡോർ തുറന്ന് പുറത്തിറങ്ങി.

അവന്റെ കരിനീല നിറമുള്ള കോട്ട് നെഞ്ചത്തേക്ക് അല്പം കൂടി വലിച്ചിട്ടുകൊണ്ട്, ചീകിയൊതുക്കിയ മുടിമെല്ലെ തലോടിക്കൊണ്ടവൻ അവളുടെ കാറിന് നേർക്ക് നടന്നടുത്തു. "എക്സ്‌ക്യൂസ് മി...!?" ദേഷിച്ചുകൊണ്ട് അവളുടെ കാറിന്റെ വിൻഡോ ഗ്ലാസിൽ മുട്ടി.. പ്രതികരണമില്ലാത്തത് കണ്ട് തലതാഴ്ത്തി നോക്കിയതും ബോധരഹിതയായി സ്റ്റിയറിങ്ങിലേക്ക് തലയമർന്നു കിടക്കുന്നവളെ കണ്ട് അവനൊന്നു അമ്പരന്നു. മുഖത്തേ ദേഷ്യം മാഞ്ഞുപോയി.. "ഹേയ്.." കാറിന്റെ ഡോർ തുറന്നുകൊണ്ടവൻ അവളെ തട്ടിവിളിച്ചു. എഴുന്നേൽക്കാത്തത് കണ്ട് മെല്ലെ അവളുടെ മുഖമുയർത്തി നോക്കി. സ്റ്റിയറിൽ ഇടിച്ചു പൊട്ടിയ നെറ്റിയിൽ നേർത്ത ചോര പടർന്നിരുന്നു. മുഖത്താകെ വിയർപ്പ് പരന്നിരുന്നു. അവളുടെ സീറ്റ്ബെൽറ്റ് ഊരിമാറ്റിക്കൊണ്ട് വേഗമവൻ അവളെ തന്റെ കൈകളിലേക്കെടുത്തു. കാലുകൊണ്ട് കാറിന്റെ ഡോറടച്ച ശേഷം തന്റെ കാറിനു നേർക്ക് നടന്നു. സൈഡ് സീറ്റിൽ അവളെ ഇരുത്തിക്കൊണ്ടവൻ വേഗതയോടെ വണ്ടി മുന്നോട്ടോടിച്ചു. ഇടയ്ക്കിടെ വണ്ടിയോടിക്കുന്നവന്റെ കണ്ണുകൾ തനിക്കരികിൽ മയങ്ങിക്കിടക്കുന്നവളിൽ ചെന്നു പതിക്കുന്നുണ്ടായിരുന്നു.........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story