Love Me Like You Do ❤️: ഭാഗം 23

Love Me Like You Do

രചന: ആദിത്യൻ മേനോൻ

കാറിന്റെ ഡോർ തുറന്നുകൊണ്ടവൻ അവളെ തട്ടിവിളിച്ചു. എഴുന്നേൽക്കാത്തത് കണ്ട് മെല്ലെ അവളുടെ മുഖമുയർത്തി നോക്കി. സ്റ്റിയറിങ്ങിൽ ഇടിച്ചു പൊട്ടിയ നെറ്റിയിൽ നേർത്ത ചോര പടർന്നിരുന്നു. മുഖത്താകെ വിയർപ്പ് പരന്നിരുന്നു. അവളുടെ സീറ്റ്ബെൽറ്റ് ഊരിമാറ്റിക്കൊണ്ട് വേഗമവൻ അവളെ തന്റെ കൈകളിലേക്കെടുത്തു. കാലുകൊണ്ട് കാറിന്റെ ഡോറടച്ച ശേഷം തന്റെ കാറിനു നേർക്ക് നടന്നു. സൈഡ് സീറ്റിൽ അവളെ ഇരുത്തിക്കൊണ്ടവൻ വേഗതയോടെ വണ്ടി മുന്നോട്ടോടിച്ചു. ഇടയ്ക്കിടെ വണ്ടിയോടിക്കുന്നവന്റെ കണ്ണുകൾ തനിക്കരികിൽ മയങ്ങിക്കിടക്കുന്നവളിൽ ചെന്നു പതിക്കുന്നുണ്ടായിരുന്നു.... ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ധൃതിയിൽ ഫോണെടുത്ത് ആരോഹിയുടെ നമ്പർ ഡയൽ ചെയ്തു. അൽപ നേരത്തേ റിങ്ങിനു ശേഷം ആരോഹി കാൾ അറ്റൻഡ് ചെയ്തു. "ഹലോ ആരോഹി.. ഐ നീഡ് യുവർ ഹെല്പ്. ഐ മെറ്റ് വിത്ത് ആൻ ആക്സിഡന്റ്. ഞാൻ നിന്റെ ഹോസ്പിറ്റലിലോട്ട് വന്നുകൊണ്ടിരിക്കുകയാണ്."

അത് പറയുമ്പോൾ അവന്റെ വാക്കുകൾ കാറിനോടൊപ്പം തന്നെ വേഗതയേറിയിരുന്നു. "വാട്ട്‌..!? നിനക്കെന്തെങ്കിലും പറ്റിയോടാ എന്നിട്ട്?" മറുവശത്ത് നിന്നും ആരോഹിയുടെ ഞെട്ടലേറ്റ സ്വരം.. "നോ നോ.. ഐ ആം ഓൾറൈറ്റ്. ആക്ച്വലി ഞാൻ ഓഫീസിൽ നിന്നു വീട്ടിലോട്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു. ഓപ്പോസിറ്റ് വന്ന കാർ കൺട്രോൾ തെറ്റി എന്റെ നേർക്ക് വന്നപ്പോ ഞാൻ ജസ്റ്റ് മിസ്സിന് എസ്‌കേപ്പ് ആയി. ആ കാർ കുറച്ചിപ്പുറത്തേക്ക് വന്ന് സഡൻ ബ്രേക്ക് ഇട്ടു നിർത്തിയത് കണ്ട് വണ്ടി നിർത്തി ഞാൻ ചെന്നു നോക്കിയപ്പോ ഒരു പെൺകുട്ടിയാണ്. തല കറങ്ങിപ്പോയതാണെന്നാ തോന്നുന്നത്. സ്റ്റിയറിങ്ങിൽ തലയിടിച്ച് പൊട്ടിയിട്ട് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. തട്ടിവിളിച്ചിട്ടൊന്നും എഴുന്നേൽക്കുന്നില്ല. ഞാനിപ്പോ ഈ കുട്ടിയേയും കൊണ്ട് എന്റെ കാറിൽ അങ്ങോട്ട് വന്നുകൊണ്ടിരിക്കുവാണ്." അവൻ വെപ്രാളത്തോടെ പറഞ്ഞു തീർന്നു. "എടാ ഞാനിപ്പോ ഡ്യൂട്ടിയിൽ അല്ല. ഒരു കാര്യം ചെയ്യാം അവിടെയിപ്പോ ഡോക്ടർ മെറിനുണ്ട്.

ഞാനവളോട് വിളിച്ചു പറഞ്ഞോളാം. അവൾ ഹാൻഡിൽ ചെയ്തോളും.." ആരോഹി പറഞ്ഞു. മിനിറ്റുകൾക്കകം ഹോസ്പിറ്റലിൽ എത്തി. കാറിൽ നിന്നുമിറങ്ങിക്കൊണ്ടവൻ മറുവശത്ത് ചെന്ന് അവളെ തന്റെ കൈകളിലേക്കെടുത്തു. അപ്പോഴാണ് ആ മുഖമവൻ അത്രയും വ്യക്തതയോടെ ആദ്യമായി കാണുന്നത്. കൈകളിൽ ഒരു പെണ്ണിനേയും കൊണ്ട് വരുന്നവന് മുന്നിലേക്ക് രണ്ടു സ്റ്റാഫുകൾ സ്‌ട്രെച്ചറുമായി എത്തി. മെല്ലെയവളെ അതിൽ കിടത്തിക്കൊണ്ടവൻ സ്റ്റാഫുകൾക്കൊപ്പം സ്‌ട്രെച്ചർ മുന്നോട്ട് തള്ളി. കാഷ്വാലിറ്റിയിലേക്ക് കയറ്റവേ ഡോക്ടർ മെറിൻ അവർക്ക് നേരെ വന്നടുത്തു. "ഡോക്ടർ ആരോഹി പറഞ്ഞ ആളല്ലേ..?" ഡോക്ടർ മെറിൻ അവനെ നോക്കിക്കൊണ്ട് ചോദിച്ചു. അതേയെന്നവൻ തലയാട്ടി. "യൂ ക്യാൻ വെയിറ്റ് ഹിയർ സാർ.." മായക്കൊപ്പം നടന്നുനീങ്ങിയവനെ തടഞ്ഞുകൊണ്ട് അവിടെയുണ്ടായിരുന്ന ഒരു നേഴ്സ് അവനൊരു ചെയർ നീട്ടി. സ്‌ട്രെച്ചറിൽ മുന്നോട്ട് നീങ്ങിപ്പോയ പെണ്ണിനേ നോക്കികൊണ്ട് അവനാ ചെയറിൽ ഇരുന്നു.

ഡോക്ടർ മെറിൻ സ്‌ട്രെച്ചറിൽ കിടന്നവളെ പരിശോധിക്കുന്നത് നോക്കി നിൽക്കെയാണ് മൊബൈൽ റിങ് ചെയ്യുന്നതറിഞ്ഞത്. ധൃതിയിൽ പോക്കറ്റിൽ നിന്നും ഫോണെടുത്തു നോക്കി. സ്‌ക്രീനിൽ മമ്മിയുടെ പേര് തെളിഞ്ഞു കിടക്കുന്നതു കണ്ടു. "നീയിതെവിടെപ്പോയി കിടക്കുവാ. ഓഫീസിൽ നിന്ന് ഇറങ്ങിയെന്ന് പറഞ്ഞിട്ട് കുറെ നേരമായല്ലോ." മറുവശത്തു നിന്നും മമ്മിയുടെ ശബ്‌ദം. ഹോസ്പിറ്റലിൽ ആണെന്ന കാര്യം മമ്മിയോട്‌ പറഞ്ഞാൽ മമ്മി വെറുതെ ടെൻഷൻ ആകും. മനസ്സിലപ്പോൾ തോന്നിയൊരു ചെറിയ കള്ളം വേഗമെടുത്തു പറഞ്ഞു.. "ഇവിടെയാകെ ട്രാഫിക് ബ്ലോക്കിൽ പെട്ടുകിടക്കുകയാണ് മമ്മീ. ഞാനിത്തിരി ലേറ്റ് ആവും." കള്ളം പറയുന്നത് അടുത്തുള്ള ആരും കേൾക്കാതിരിക്കാൻ ശബ്‌ദം നന്നേ താഴ്ത്തി.. "അതെയോ. നിന്നെ കാത്ത് സഞ്ജനയും പേരന്റ്സും ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി." മമ്മി പറയുന്നത് കേട്ട് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു പോയി. "വാട്ട്‌..! അവരെന്തിനാ ഇപ്പൊ അങ്ങോട്ട് വന്നത്.? സഞ്ജനയെന്നോട് വരുന്ന കാര്യമൊന്നും പറഞ്ഞില്ലല്ലോ.."

"ഞാനാ അവരോട് വരാൻ പറഞ്ഞത്. എത്ര നാളായി അവരൊരു പ്രൊപോസല് മുന്നോട്ട് വച്ചിട്ട്. അതിലൊരു തീരുമാനമുണ്ടാക്കണ്ടേ. കൊച്ചിലേ ഒന്നിച്ചു കളിച്ചു വളർന്നവരല്ലേ നീയും സഞ്ജനയും.." മമ്മി പറയുന്നത് കേട്ട് താല്പര്യമില്ലാത്ത മട്ടിൽ തലയിൽ കൈവച്ചു. "മമ്മിയോട് ഞാനെത്രാമത്തെ തവണയാ പറയുന്നത് ഞാനും സഞ്ജനയും തമ്മിൽ ഒന്നുമില്ലെന്ന്. അങ്ങനെയൊരു കണക്ഷൻ എനിക്കിന്നേ വരെ സഞ്ജനയോട് തോന്നിയിട്ടില്ല. എനിക്കൊരിക്കലും അവളെ എന്റെ ഭാര്യയായി കാണാനാവില്ല." ഇഷാന് തല പെരുത്തു കയറുന്നത് പോലെ തോന്നി.. "എന്റെ മരുമകളായി സഞ്ജനയെ തന്നെ മതിയെന്ന് ഞാനൊരിക്കലും നിർബന്ധപ്പെട്ടിട്ടില്ല. പക്ഷേ നീ സ്വന്തമായി ഒരാളെയും കണ്ടുപിടിച്ചു കൊണ്ടുവന്നില്ലെങ്കിൽ ഞാൻ നിന്റെ കല്യാണം സഞ്ജനയുമായി തന്നെ നടത്തും. ഡോക്ടർ പറഞ്ഞത് കേട്ടതല്ലേ നീ. എനിക്കിനി കുറച്ചു മാസങ്ങളേ ബാക്കിയുള്ളു. അതിനുള്ളിൽ നിന്റെ കല്യാണമൊന്നു കണ്ടിട്ട് പോകണമെന്നൊരു ആഗ്രഹമുണ്ടെനിക്ക്." മമ്മി പറഞ്ഞു. ആ യാഥാർഥ്യം മമ്മി ഓർമ്മിപ്പിച്ചപ്പോൾ ഉള്ളിൽ വേദന പൊടിഞ്ഞു.

"മമ്മിക്കൊന്നും പറ്റില്ല..." പതുക്കെ മന്ത്രിച്ചു. മറുവശത്ത് വേദനയിൽ പൊതിഞ്ഞ മൗനം.. "വേഗം വാ.. ഇവരെല്ലാം വന്നിട്ട് നേരം കുറെയായി..." അത്ര മാത്രം പറഞ്ഞുകൊണ്ട് മമ്മി ഫോൺ വച്ചു. "എക്സ്ക്യൂസ് മി സർ.. യുവർ ഗുഡ് നെയിം പ്ലീസ്...?" മുന്നിൽ വന്നു നിന്നുകൊണ്ടൊരു നേഴ്സ് പേര് ചോദിച്ചു. "ഇഷാൻ ഗീതാ ശങ്കർ.." മറുപടി പറഞ്ഞപ്പോൾ കയ്യിലിരുന്ന പേപ്പറിൽ പൂരിപ്പിക്കുന്നത് കണ്ടു. "വൈഫിന് ബോധം തെളിഞ്ഞിട്ടുണ്ട്. ഡോക്ടർ സംസാരിച്ചുകൊണ്ടിരിക്കുകയാണ്..." നേഴ്സ് പറഞ്ഞു. ഭാര്യയല്ലെന്ന് തിരുത്താൻ ശ്രമിക്കുന്നതിനു മുൻപേ അവർ ഡോക്ടറുടെ അടുത്തേക്ക് തിരിഞ്ഞു നടന്നു. "കുട്ടി മാരീഡ് ആണോ..?" ഡോക്ടർ മെറിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മായ. യാത്രയ്ക്കിടയിൽ കാഴ്ച മങ്ങിപ്പോയതോർമ്മയുണ്ട്. കണ്ണു തുറക്കുമ്പോൾ കിടക്കുന്നത് ഈ ഹോസ്പിറ്റലിലാണ്. തീർത്തും അപരിചിതമായ ഒരിടത്ത് തീർത്തും അപരിചിതമായ മനുഷ്യർക്കിടയിൽ ആശുപത്രിയുടെ ഗന്ധം ശ്വസിച്ചിരിക്കുമ്പോൾ അവൾക്ക് അനാഥത്വം അനുഭവപ്പെട്ടു. എന്നാൽ തലയാകെ മരവിച്ചുപോയത് ഡോക്ടർ മെറിന്റെ മറ്റൊരു ചോദ്യം കേട്ടപ്പോഴാണ്..

"മെൻസ്ട്രേഷന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ.....?" മറുപടി പുറത്ത് വന്നില്ല. ചുണ്ടുകൾ മെല്ലെ വിറച്ചു. "ഇറ്റ്സ് ഓകെ. നമുക്കൊരു ടെസ്റ്റ്‌ ചെയ്യാം." ഡോക്ടർ മെറിൻ പറഞ്ഞപ്പോൾ ഉള്ളൊന്ന് ഉലഞ്ഞു.... ഇഷാന്റെ മൊബൈലിലേക്ക് വീണ്ടും വീണ്ടും കോളുകൾ വന്നുകൊണ്ടേയിരുന്നു. ഒന്നു രണ്ട് തവണ എടുത്തു നോക്കിയപ്പോഴും അമ്മയായിരുന്നു. ഇതുവരെയും വീട്ടിലെത്താത്തതുകൊണ്ട് വിളിക്കുന്നതാണ്. ചിലപ്പോൾ സഞ്ജനയും വീട്ടുകാരും വന്നതറിഞ്ഞ് മനപ്പൂർവം വീട്ടിലെത്താത്തതാണെന്നും ചിന്തിച്ചിട്ടുണ്ടാവും. ഒരിക്കൽ കൂടി മൊബൈൽ റിങ് ചെയ്തപ്പോൾ അമ്മയ്ക്ക് മറുപടി കൊടുക്കുവാനായി അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്ത് നോക്കി. ഇത്തവണ സഞ്ജനയുടെ കോളാണ്.. "എവിടെയാ ഇഷാൻ നീ?" മറുതലയ്ക്കൽ നിന്നു സഞ്ജന ചോദിച്ചു. "എന്താ നിന്റെ ഉദ്ദേശം സഞ്ജന?" ഇഷാൻ മടുപ്പോടെ തിരിച്ചു ചോദിച്ചു. "അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത്. എന്താ നിന്റെ ഉദ്ദേശമെന്ന്. പപ്പയും മമ്മയും എത്ര നേരമായി നിനക്കുവേണ്ടി വെയിറ്റ് ചെയ്യുന്നുവെന്ന് അറിയാമോ?"

"സ്റ്റോപ്പ് ഇറ്റ് സഞ്ജന.! നീ ആരോട് ചോദിച്ചിട്ടാ കല്യാണ കാര്യം പറഞ്ഞ് വീട്ടിലോട്ട് വന്നത്? നിന്നോടെനിക്ക് ഒരു താല്പര്യവുമില്ലെന്ന് ഞാൻ പറഞ്ഞതല്ലേ.! എനിക്കൊരിക്കലും എന്റെ ഭാര്യയായി നിന്നെ ചിന്തിക്കാൻ പോലും കഴിയില്ല." ഇഷാന്റെ ശബ്‌ദമൽപ്പം ഉയർന്നു. പരിസരബോധത്തോടെ അവൻ തന്റെ സ്വരം താഴ്ത്താൻ ശ്രമിച്ചു. "നിന്റെ മമ്മി വിളിച്ചിട്ടാ ഞാൻ വന്നത്. മമ്മിയുടെ അവസ്ഥ അറിയാല്ലോ നിനക്ക്..! നിനക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ നീ നിന്റെ മമ്മിയോട്‌ തന്നെ പറഞ്ഞാ മതി? ബൈ..." സഞ്ജന കോൾ കട്ട് ചെയ്തു. ഇഷാൻ അസ്വസ്ഥതയോടെ മൊബൈൽ തന്റെ നെറ്റിയിലേക്ക് ചേർത്തു പിടിച്ചു. നിർദ്ദേശിച്ച ടെസ്റ്റുകൾ കഴിഞ്ഞു. റിസൾട്ടുമായി ഡോക്ടർ മെറിൻ അവൾക്ക് മുന്നിലെത്തി. അവൾക്കുള്ളിൽ അന്നേരം വെപ്രാളമായിരുന്നു. ഡോക്ടറുടെ പുഞ്ചിരി കണ്ട് ഹൃദയമിടിപ്പ് വർധിച്ചു വന്നു. "കൺഗ്രാജുലേഷൻസ്.. യൂ ആർ പ്രെഗ്നന്റ്...."

ഡോക്ടർ മെറിൻ ചിരിയാലെ പറഞ്ഞു. കേട്ടതും ഉടലൊന്നു വിറച്ചു. ചിരിക്കാനോ കരയാനോ ആവാതെ നടുങ്ങി. കണ്ണുകൾ നിറഞ്ഞു തുളുമ്പി. സന്തോഷമാണോ വേദനയാണോ എന്നറിയില്ല. വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്. വല്ലാത്ത വേദനയും.. നിറഞ്ഞ കണ്ണുകളാലെ തന്റെ വയറിലേക്ക് നോക്കി. പാർഥിപന്റെ മുഖമോർമ്മ വന്നു. ഉള്ളിലെവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു. അന്നേരം അവൾക്കുള്ളിലൊരു അമ്മ ജനിക്കുകയുണ്ടായി. കരങ്ങൾ കൊണ്ടവൾ തന്റെ വയറിനെ, തന്റെ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു. സ്നേഹം കൊണ്ടവളെ അത്ഭുതപ്പെടുത്തിയവന്റെ കുഞ്ഞിനെ...... "ഞാനില്ലേ...? ഞാനുണ്ട്.. ഞാൻ കൂടെയുണ്ട്....." എവിടെയോ ഇരുന്ന് പാർഥിപൻ വീണ്ടും മന്ത്രിക്കുന്നത് പോലെ തോന്നി. ചുണ്ടുകൾ മെല്ലെ വിടർന്നു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story