Love Me Like You Do ❤️: ഭാഗം 24

Love Me Like You Do

രചന: ആദിത്യൻ മേനോൻ

"കൺഗ്രാജുലേഷൻസ്.. യൂ ആർ പ്രെഗ്നന്റ്...." ഡോക്ടർ മെറിൻ ചിരിയാലെ പറഞ്ഞു. കേട്ടതും ഉടലൊന്നു വിറച്ചു. ചിരിക്കാനോ കരയാനോ ആവാതെ നടുങ്ങി. കണ്ണുകൾ നിറഞ്ഞു തുളുമ്പി. സന്തോഷമാണോ വേദനയാണോ എന്നറിയില്ല. വല്ലാത്ത സന്തോഷം തോന്നുന്നുണ്ട്. വല്ലാത്ത വേദനയും.. നിറഞ്ഞ കണ്ണുകളാലെ തന്റെ വയറിലേക്ക് നോക്കി. പാർഥിപന്റെ മുഖമോർമ്മ വന്നു. ഉള്ളിലെവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു. അന്നേരം അവൾക്കുള്ളിലൊരു അമ്മ ജനിക്കുകയുണ്ടായി. കരങ്ങൾ കൊണ്ടവൾ തന്റെ വയറിനെ, തന്റെ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു. സ്നേഹം കൊണ്ടവളെ അത്ഭുതപ്പെടുത്തിയവന്റെ കുഞ്ഞിനെ...... "ഞാനില്ലേ...? ഞാനുണ്ട്.. ഞാൻ കൂടെയുണ്ട്....." എവിടെയോ ഇരുന്ന് പാർഥിപൻ വീണ്ടും മന്ത്രിക്കുന്നത് പോലെ തോന്നി. ചുണ്ടുകൾ മെല്ലെ വിടർന്നു.. "കൺഗ്രാജുലേഷൻസ് സർ.." പുറത്ത് കാത്തിരുന്ന ഇഷാന്റെ അരികിലേക്ക് നേഴ്സ് വീണ്ടും വന്നടുത്തു. കേട്ടതും ഇഷാൻ ഒന്ന് നെറ്റി ചുളിച്ചുകൊണ്ട് അവരെ നോക്കി.. "യുവർ വൈഫ് ഈസ്‌ പ്രെഗ്നന്റ്. അകത്ത് ചെന്ന് കണ്ടോളൂ.."

നേഴ്സ് പറഞ്ഞത് കേട്ട് ഇഷാന്റെ കണ്ണുകൾ കൗതുകത്താൽ വിടർന്നു. താനവളുടെ ഭർത്താവല്ലെന്ന് തിരുത്തുന്നതിനു മുൻപേ നേഴ്സ് തിരക്കോടെ നടന്നകന്നു. ഇഷാൻ കൗതുകം വെടിയാതെ മെല്ലെ അകത്തേക്ക് കയറി. വയറ്റിൽ തടവിക്കൊണ്ട് എഴുന്നേറ്റിരിക്കുന്നവളെ എന്ത് പറയണമെന്നറിയാതെ അവൻ നോക്കി നിന്നു. പറന്ന് മുഖത്തേക്ക് വീണുകിടക്കുന്ന അവളുടെ മുടിയിഴകൾക്കിടയിൽ ഉറക്കം ബാധിച്ച് ചുറ്റിനും നേരിയ കറുപ്പ് പരന്ന കണ്ണുകൾ അവൻ കണ്ടു. അമ്മയാവാൻ പോകുന്നുവെന്ന വാർത്തയറിഞ്ഞ് നോവ് മറച്ച് ചിരിക്കാൻ ശ്രമിക്കുന്നത് കണ്ടു. അവനല്പം നേരം അവളെ തന്നെ നോക്കി നിന്നു.. "കം ഇൻ മിസ്റ്റർ ഇഷാൻ. മായ, ഇയാളാണ് നിങ്ങളെ ഇവിടെയെത്തിച്ചത്.." ഇഷാനെ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് ഡോക്ടർ മെറിൻ മായയെ നോക്കി പറഞ്ഞു. കേട്ടതും അവളവനെ തലയുയർത്തി ഒന്ന് നോക്കി. കോട്ടിന്റെ പോക്കറ്റിലേക്ക് കൈകൾ വച്ചുകൊണ്ടവൻ അവളെ നോക്കി പുഞ്ചിരിച്ചു കാട്ടി. "താങ്ക് യൂ.." അവനെ നോക്കികൊണ്ട് അത്ര മാത്രം പറഞ്ഞു. ചുണ്ടുകളിൽ നന്നേ പാടുപെട്ടൊരു പുഞ്ചിരി വിരിയിക്കാൻ ശ്രമിച്ചു.

നിമിഷങ്ങൾക്കകം തന്നെയത് മാഞ്ഞുപോയി. "നിങ്ങൾ സംസാരിക്കൂ.." അതും പറഞ്ഞ് ഡോക്ടർ മെറിൻ പുറത്തേക്ക് നടന്നു. ഇഷാൻ അന്നേരം ബെഡിനരികിലെ ചെയറിലായി വന്നിരുന്നു. അവളെനോക്കിക്കൊണ്ട് ഒന്നുകൂടെ ചിരിക്കാൻ ശ്രമിച്ചു. "നിങ്ങൾ എന്റെ കാറിന് നേർക്കാണ് കണ്ട്രോൾ തെറ്റി വന്നുകൊണ്ടിരുന്നത്. ഞാൻ കാർ വെട്ടിച്ചു സ്റ്റോപ്പ്‌ ചെയ്തപ്പോ അപ്പുറത്ത് നിങ്ങളും ബോധം കെട്ട് കാർ സ്റ്റോപ്പ്‌ ചെയ്തിരുന്നു. ഭാഗ്യത്തിന് കേടുപാടുകൾ ഒന്നുമില്ലാതെ വണ്ടി നിന്നു. ഞാൻ എന്റെ കാറിലാണ് നിങ്ങളുമായി ഇങ്ങോട്ട് വന്നത്.." ഇഷാൻ നടന്നതെന്തെന്ന് ഒരിക്കൽ കൂടെ ഓർമ്മിപ്പിച്ചു. "നന്ദി...." അതുവരെയും ഇംഗ്ലീഷിൽ സംസാരിച്ചുകൊണ്ടിരുന്ന ഇഷാൻ അവളുടെ നന്ദി കേട്ട് ഒന്ന് അമ്പരന്നു. "നിങ്ങൾ മലയാളിയാണോ?" ഇഷാൻ മലയാളത്തിൽ തന്നെ ചോദിച്ചു. അതവളും പ്രതീക്ഷിച്ചിരുന്നില്ല.

അതേയെന്നവൾ മറുപടിയായി തലയാട്ടി. "ഞാൻ ജനിച്ചതും വളർന്നതുമൊക്കെ ഇവിടെ മുംബൈയിൽ തന്നെയാണ്. പക്ഷേ എന്റെ പേരെന്റ്സ് മലയാളീസ് ആണ്. വീട്ടിൽ ഞങ്ങൾ മലയാളമാണ് സംസാരിക്കാറ്. സോ എനിക്ക് മലയാളമറിയാം." ഇഷാൻ പറഞ്ഞു. ഡോക്ടർ മെറിനും നഴ്സുമാരും തന്നോടാദ്യം ഹിന്ദിയിൽ ആയിരുന്നു സംസാരിച്ചത്. ഹിന്ദി അറിയില്ലെന്ന് മനസ്സിലാക്കിയാണ് അവർ ഇംഗ്ലീഷിൽ തുടർന്നത്. ഇംഗ്ലീഷ് അറിയാമെങ്കിലും തനിക്കരികിൽ ഇരിക്കുന്നവൻ മലയാളത്തിൽ സംസാരിക്കുന്നത് കേൾക്കവേ അവൾക്ക് നേരിയൊരു ആശ്വാസം തോന്നി. പക്ഷേ അവന്റെ സംസാരം അങ്ങോട്ടൊന്നും ചോദിക്കാനും പറയാനും നിൽക്കാതെ അവൾ കേട്ടിരിക്കുക മാത്രം ചെയ്തു. "ബൈ ദി വേ. കൺഗ്രാജുലേഷൻസ്. താങ്കളുടെ ഹസ്ബൻഡ് എന്ത് ചെയ്യുന്നു..?" ഇഷാൻ ഓർത്തെടുത്തത് പോലെ ചോദിച്ചു. അവളന്നേരം അവനെയൊന്ന് നോക്കി. "മരിച്ചുപോയി..." അത് പറയുമ്പോൾ ഉള്ളിൽ നോവ് പൊടിഞ്ഞു. കേൾക്കവേ ഇഷാൻ ഒന്ന് പതറിപ്പോയി. എന്ത് പറയണമെന്നറിയാതെ കുഴങ്ങി.

അതവൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ആ പെണ്ണിന്റെ കണ്ണുകളിലെ വേദന ഒരു നിമിഷം തന്നിലേക്കും പടർന്നു പിടിക്കുന്നതവൻ അറിഞ്ഞു.. "ഐ.. അയാം സോറി.." ഇഷാൻ വിഷമത്തോടെ പറഞ്ഞു. അവന്റെ കണ്ണുകളന്നേരം അവൾ കരുതലോടെ ചേർത്തുവച്ചുകൊണ്ടിരുന്ന അവളുടെ വയറിന്മേൽ ചെന്ന് പതിഞ്ഞു. എവിടെയോ ഒരു വേദന കടന്നു കൂടുന്നത് പോലെ തോന്നി അവന്.. "ഞാൻ നിങ്ങളുടെ ഒരുപാട് സമയം നഷ്ടപ്പെടുത്തി. സോറി.. ആൻഡ് താങ്ക് യൂ ഫോർ യുവർ ഹെൽപ്പ്." മുഖത്തൊരു തരി പോലും ചിരിയോ സ്നേഹമോ ഇല്ലാതെ അവൾ അവനെ നോക്കാതെ പറഞ്ഞു. തന്നോട് പോകാൻ പറഞ്ഞതാണെന്ന് അവന് മനസ്സിലായി. "ഞാൻ നിങ്ങളെ വീട്ടിൽ ഡ്രോപ്പ് ചെയ്യാം.." ഇഷാൻ പറഞ്ഞു. "അതിന്റെ ആവശ്യമില്ല.." "ഇറ്റ്സ് ഓകെ. ഞാൻ ഡ്രോപ്പ് ചെയ്യാം. ഞാനെന്റെ മാനേജരോട് ഇൻഫോം ചെയ്ത് നിങ്ങളുടെ കാർ നിങ്ങളുടെ വീട്ടിലെത്തിക്കാൻ പറയാം. അഡ്രസ്‌ പറയൂ.." ഇഷാൻ ധൃതിയിൽ മൊബൈലെടുത്ത് മാനേജരുടെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി. "എനിക്ക് വീടില്ല.. ഞാനിവിടെ ആദ്യമായിട്ടാണ്....."

അവൾ പറഞ്ഞു. കേട്ടതും മൊബൈലിൽ നിന്നുമവൻ തലയുയർത്തി നോക്കി. അവന്റെയുള്ളിൽ അമ്പരപ്പ് നിറഞ്ഞു. അവന്റെ മുഖത്ത് ധാരാളം ചോദ്യങ്ങൾ നിറഞ്ഞത് കണ്ടു. "എനിക്കിവിടെ ഒരു ജോബ് ശരിയായിട്ടുണ്ട്. നാളെയാണ് ഫൈനൽ ഇന്റർവ്യൂ. സെലക്ട്‌ ആയാൽ നാളെ തന്നെ ജോയിൻ ചെയ്യാം. ഇല്ലെങ്കിൽ ഇവിടേ തന്നെ വേറെന്തെങ്കിലും ജോലി സെറ്റ് ചെയ്യണം. നാട്ടിലേക്കിനി തിരിച്ചു പോകുന്നില്ല." അവൾ പറഞ്ഞു. അവനെന്തെങ്കിലും ചോദിക്കുന്നതിന് മുൻപായി ഡോക്ടർ മെറിൻ അകത്തേക്ക് കയറി വന്ന് പോകാൻ സമയമായെന്ന് അറിയിച്ചു. അവൾ ബെഡിൽ നിന്നുമിറങ്ങി മുന്നോട്ട് നടന്നു. അവനവളുടെ പിന്നിലായി നടന്നു ചെന്നു. ഇടയ്ക്കെപ്പോഴോ കാലുകളൊന്ന് ഇടറി. പിന്നിൽ നിന്നവൻ എന്ത് ചെയ്യണമെന്നറിയാതെ അവളുടെ കയ്യിൽ തോളിലുമായി താങ്ങിപ്പിടിച്ചു. അവളൊന്ന് വിറച്ചു. മെല്ലെ അവൻ അവളുടെ ദേഹത്തുനിന്നും കൈകൾ അടർത്തി മാറ്റി.. "സോറി.. ഞാൻ...." വീഴാതിരിക്കാനാണെന്ന് അവൻ പറയുന്നതിന് മുൻപായി അവൾ മറുപടി കൊടുത്തു

: "ഇറ്റ്സ് ഓക്കെ. താങ്ക് യൂ.." ഹോസ്പിറ്റലിന്റെ പുറത്തേക്കെത്തിയതും നിന്നുകൊണ്ട് അവളവനെ ഒന്ന് തിരിഞ്ഞു നോക്കി. "എന്റെ മൊബൈൽ കാറിനകത്താണ്. മൊബൈൽ കിട്ടുമ്പോൾ ഹോസ്പിറ്റൽ ബില്ല് ഞാൻ ഗൂഗിൾ പേ ചെയ്യാം." അവൾ പറഞ്ഞു. അവനത് വേണ്ടെന്ന് തലയാട്ടി നിരസിച്ചു. "അതിന്റെ ആവശ്യമൊന്നുമില്ല. ദാറ്റ്സ് ഓൾറൈറ്റ്.." അവൻ പറഞ്ഞപ്പോൾ അത് ശരിയാവില്ലെന്നവൾ തലയാട്ടി. "ജസ്റ്റ് വെയിറ്റ് ഫോർ എ മിനിറ്റ്.. ഇയാളുടെ കാർ ഞാനെന്റെ മാനേജരോട് എടുത്തുകൊണ്ടു വരാൻ പറഞ്ഞിട്ടുണ്ട്. കാറുമായി അയാൾ ഉടനെ ഇങ്ങോട്ടെത്തും." ഇഷാൻ പറഞ്ഞു. "താങ്ക് യൂ..." അത്ര മാത്രം മറുപടി പറഞ്ഞു. അവളോട് കൂടുതൽ സംസാരിക്കണമെന്ന് തോന്നിയെങ്കിലും അവൻ സ്വയം നിയന്ത്രിച്ചു നിന്നു. സംസാരിക്കാൻ ഒരു താല്പര്യവുമില്ലെന്ന് അവളുടെ മുറിഞ്ഞ മറുപടികളിൽ നിന്നും തന്നെ അവനു വ്യക്തമായിരുന്നു. "നേരം ഒരുപാടായില്ലേ. ഇയാൾക്ക് കുഴപ്പമില്ലെങ്കിൽ ഞാൻ ഇയാൾക്ക് ഒരു സ്റ്റേ ശരിയാക്കി തരട്ടെ.?" മടിച്ചു മടിച്ചാണ് അത് ചോദിച്ചത്. ഈ രാത്രിയിൽ ആരുമില്ലാത്ത,

പോകാനൊരിടമില്ലാത്ത ആ പെണ്ണിനേ ഒറ്റക്ക് വിട്ടിട്ടു പോകുവാൻ എന്തുകൊണ്ടോ മനസ്സനുവദിച്ചില്ല. ചോദ്യം കേട്ട് അവളവനെ ഒന്ന് നോക്കി. അവന്റെ ഉദ്ദേശത്തിൽ അവൾക്ക് സംശയമില്ല. ഇതിനോടകം അവനെയവൾ പഠിച്ചു കഴിഞ്ഞിരുന്നു. എങ്കിലുമവൾ വേണ്ടെന്ന് തലയാട്ടി. "നിങ്ങളെനിക്കുവേണ്ടി ഓൾറെഡി ഒരുപാട് ഹെൽപ്പ് ചെയ്തു. താങ്ക് യൂ ഫോർ എവെരിതിങ്. ഇനി ഞാൻ ഹാൻഡിൽ ചെയ്തോളാം." അവളത്രയും പറഞ്ഞു. കേട്ടപ്പോൾ മറുത്തൊന്നും പറയാനും അവന് തോന്നിയില്ല. എങ്കിലും അവളെ തനിച്ചാക്കല്ലേയെന്ന് അവന്റെ ഉള്ളിൽ നിന്നുമാരോ വിളിച്ചു പറയുന്നത് പോലെ തോന്നി അവന്.. വൈകാതെ മാനേജർ കാറുമായി വന്നു. കാർ തൊട്ടു മുന്നിലായി വന്നു നിന്നപ്പോൾ അവൾ അവനെ ഒന്ന് നോക്കി. മുഖത്തപ്പോഴും ഒരിറ്റു പുഞ്ചിരി പോലുമില്ല. മാനേജർ കാറിൽ നിന്നുമിറങ്ങിയതും മായ കാറിൽ കയറി. "ഹേയ്... നിങ്ങളുടെ പേരെന്താ..?" അകത്തേക്ക് നോക്കി ഇഷാൻ വിളിച്ചു ചോദിച്ചു. "മായ.." അവൾ മറുപടി പറഞ്ഞു. അവന്റെ പേര് ചോദിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

ഒരിക്കൽ കൂടി ഉള്ളിലിരുന്ന് അവനെ അവളൊന്ന് നോക്കി. അവനപ്പോഴും അവളെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു. അവസാനമായി യാത്ര പറഞ്ഞില്ലെങ്കിലും അവനോടുള്ള നന്ദി അവളുടെ മുഖത്ത് നിന്നും അവൻ വായിച്ചെടുത്തു. അവന്റെ ചുണ്ടുകളിൽ നേരിയൊരു ചിരി വിരിഞ്ഞു. "ആ പെണ്ണിനെന്തെങ്കിലും കുഴപ്പമുണ്ടോ സാറേ. സാറിത്ര വലിയൊരു സഹായം ചെയ്തിട്ട് ഒട്ടും നന്ദിയില്ലാതെ മൈൻഡ് ചെയ്യാതെ പോകുന്നത് കണ്ടില്ലേ.." കാറുമെടുത്ത് പോയ മായയെ നോക്കി മാനേജർ പറഞ്ഞപ്പോൾ ഇഷാൻ ചിരിച്ചുകൊണ്ട് അയാളെയൊന്ന് നോക്കി. "ഭാസ്കർ.. ഐ വാണ്ട്‌ യൂ ടു ഫോളോ ദാറ്റ് ഗേൾ.. ആ കുട്ടിക്ക് പോകാനൊരിടവും ഇല്ല. വേഗം എന്റെ കാറെടുത്ത് അവളുടെ പിന്നാലെ ചെല്ലൂ. അവൾക്ക് സ്റ്റേ ചെയ്യാൻ റൂം ശരിയായെന്ന് ഉറപ്പ് വരുത്തിയ ശേഷം എന്നെ വിളിച്ചറിയിക്കൂ.." ഇഷാൻ അവളുടെ കാർ പോയ ദിശയിലേക്ക് നോക്കികൊണ്ട് പറഞ്ഞു. "അപ്പോ സാർ എങ്ങനെ തിരിച്ചു വീട്ടിൽ പോകും..?" "അത് ഞാൻ നോക്കിക്കോളാം." ഇഷാൻ ഭാസ്കറിന് കയ്യിലേക്ക് തന്റെ കാറിന്റെ കീ വച്ചു കൊടുത്തു.

ഭാസ്കർ മറുത്തൊന്നും പറയാതെ തിരിച്ചു പോകാനൊരുങ്ങി. എന്തോ ഓർത്തെടുത്ത ശേഷം ഒന്ന് നിന്നു. "ആ സാറേ. സാർ കോൾ എടുക്കുന്നില്ലെന്ന് പറഞ്ഞ് സാറിനെ അന്വേഷിച്ച് സാറിന്റെ മമ്മി എന്നെ വിളിച്ചിരുന്നു. സാറിനെ കാണാൻ വേണ്ടി സഞ്ജന മാഡവും വീട്ടുകാരും വന്ന് കാത്തിരുന്ന് മുഷിഞ്ഞ് തിരിച്ചു പോയെന്നൊക്കെ പറഞ്ഞു. ആള് നല്ല ദേഷ്യത്തിലാ." ഭാസ്കർ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞപ്പോഴാണ് ഇഷാൻ ആ കാര്യമോർത്തത്. വാച്ചിലേക്ക് നോക്കിയപ്പോൾ സമയം പതിനൊന്നു കഴിഞ്ഞിരുന്നു. കല്യാണത്തിന് താല്പര്യമില്ലാത്തതുകൊണ്ട് മനപ്പൂർവം മുങ്ങിയതാണെന്ന് മമ്മി കരുതിയിട്ടുണ്ടാവും. മൊബൈലിൽ മമ്മിയുടെ ഒരുപാട് മിസ്സ്ഡ് കോൾസ് ഉണ്ട്. നോട്ടിഫിക്കേഷൻ ബാറിനു തൊട്ടു താഴെയായി സഞ്ജനയുടെ മെസേജ് വന്നുകിടക്കുന്നത് അവൻ കണ്ടു.

'നീയെന്നെ എത്ര അവോയ്ഡ് ചെയ്താലും നമ്മുടെ കല്യാണം നടക്കും ഇഷാൻ. നീ എന്റേതാണ്.' ആ മെസേജ് വായിക്കവേ അവന് ദേഷ്യവും അസ്വസ്ഥതയും അനുഭവപ്പെട്ടു. റിപ്ലൈ കൊടുക്കാതെ ഫോൺ ഓഫ്‌ ചെയ്യവേ അമ്മയുടെ വാക്കുകൾ കാതുകളിൽ പിന്നെയും മുഴങ്ങിക്കേട്ടു... "എന്റെ മരുമകളായി സഞ്ജനയെ തന്നെ മതിയെന്ന് ഞാനൊരിക്കലും നിർബന്ധപ്പെട്ടിട്ടില്ല. പക്ഷേ എത്രയും പെട്ടന്ന് നീ സ്വന്തമായി ഒരാളെയും കണ്ടുപിടിച്ചു കൊണ്ടുവന്നില്ലെങ്കിൽ ഞാൻ നിന്റെ കല്യാണം സഞ്ജനയുമായി തന്നെ നടത്തും. ഡോക്ടർ പറഞ്ഞത് കേട്ടതല്ലേ നീ. എനിക്കിനി കുറച്ചു മാസങ്ങളേ ബാക്കിയുള്ളു. അതിനുള്ളിൽ നിന്റെ കല്യാണമൊന്നു കണ്ടിട്ട് പോകണമെന്നൊരു ആഗ്രഹമുണ്ടെനിക്ക്..." എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി... നെറ്റി തടവിക്കൊണ്ടവൻ മടുപ്പോടെ കണ്ണുകളടച്ചു...........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story