Love Me Like You Do ❤️: ഭാഗം 26

Love Me Like You Do

രചന: ആദിത്യൻ മേനോൻ

അധികം വൈകാതെ ആരോഹിയുടെ കാർ ഇഷാന്റെ ഹെവന് മുന്നിലെത്തി. ചുറ്റിനും പുല്ലുപായ വിരിച്ചിട്ട വലിയൊരു താഴ്‌വാരത്തിന്റെ ഒത്ത നടുക്കാണ് ആ വീട്. ആരോഹി കാറിൽ നിന്നുമിറങ്ങിയപ്പോൾ മായയും പുറത്തേക്കിറങ്ങി നിലാവെളിച്ചത്തിൽ ചുറ്റിനും നോക്കി. മരങ്ങൾ നന്നേ കുറവാണ്. അരികിലായി മറ്റു വീടുകളൊന്നും കാണാനില്ല. വളരെ ഒതുങ്ങിയ, എന്നാൽ ഭംഗിയുള്ള ഒരു കൊച്ചു വീട് കണ്ടു. വീടിന്റെ വാതിലിനരികിലായി തൂക്കിയിട്ട മരപ്പലകയിൽ 'ഹെവൻ' എന്ന് മനോഹരമായി എഴുതി വച്ചിട്ടുണ്ട്. "ദേ ഇതാണ് ഞങ്ങടെ ചെക്കന്റെ ഹെവൻ.. വാ.." ചുറ്റിനും നോക്കിക്കണ്ടിരുന്നവളെ ആരോഹി അകത്തേക്ക് ക്ഷണിച്ചു. അവൾ ആരോഹിക്ക് പിന്നാലെ നടന്നു. സിറ്റ് ഔട്ടിൽ കയറിക്കൊണ്ട് ആരോഹി സ്വിച്ച് ഓൺ ചെയ്യവേ വീടിനു വെളിച്ചം വച്ചു.

അപ്പോഴാണ് ആ മനോഹരമായ വീട് മരം കൊണ്ട് നിർമ്മിച്ചതാണെന്ന് മായ മനസ്സിലാക്കുന്നത്. "ഈ ആരോരുമില്ലാത്ത താഴ്‌വരയിൽ ഒരു വീടെന്നത് അവന്റെ ഐഡിയയാണ്. ചുറ്റിനും പച്ചപ്പാണ്. രാവിലെ എഴുന്നേറ്റാൽ മലനിരകൾ കാണാം. അപ്പുറത്തൊരു പുഴയുമുണ്ട്." ആരോഹി അകത്തേക്ക് കയറിക്കൊണ്ട് ചാവികൊണ്ട് ഡോർ തുറക്കവേ പറയുന്നതെല്ലാം മായ ശ്രദ്ധിച്ചു കേട്ടു. "ഇവിടെ ആരും താമസിക്കാറില്ലേ?" "ഏയ്‌.. ഇത് അവന്റെ മാത്രം സ്പേസ് ആണ്. ഞങ്ങളെയാരെയും ഇന്നേവരെ ഇവിടെ ഒരു രാത്രിപോലും താമസിക്കാൻ അവൻ അനുവദിച്ചിട്ടില്ല. അവനിടക്ക് ഒന്നും രണ്ടും ദിവസം ഇവിടെ വന്ന് താമസിക്കും. ഇവിടെ വന്നാ അവന് ഭയങ്കര സന്തോഷവും സമാധാനവുമൊക്കെ ആണത്രേ..." പറഞ്ഞുകൊണ്ട് ആരോഹി ഡോർ തുറന്ന് അകത്ത് കയറി. ലൈറ്റ് തെളിക്കവേ വീടിന്റെ നടുവകം കണ്ണുകളിൽ പതിഞ്ഞു. മരച്ചുവരിൽ ഒരുപാട് പെയിന്റിങ്ങുകൾ കാണാമായിരുന്നു. പക്ഷികളുടെ, പൂക്കളുടെ, കടലിന്റെ, ആകാശത്തിന്റെ..

മനോഹരമായ ആ പെയിന്റിംഗുകൾക്കരികിലേക്ക് മായ നടന്നു ചെന്നു. അവളുടെ കണ്ണുകൾ വിടർന്നു. "ഇതെല്ലാം അവന്റെ പണിയാ.." പിന്നിൽ നിന്നും ആരോഹി പറഞ്ഞത് കേട്ടു. അവളന്നേരം പെയിന്റിംഗുകളിലൂടെ മെല്ലെ തന്റെ വിരലുകൾ തലോടി.. "മായയുടെ ഹസ്ബന്റിന് എന്തായിരുന്നു സംഭവിച്ചത്..?" പിന്നിൽ നിന്നുള്ള ആരോഹിയുടെ മടിച്ചുകൊണ്ടുള്ള ചോദ്യം കേട്ടു. ചോരവാർന്ന് തന്റെ കൈകളിൽ കിടന്ന പാർഥിപന്റെ മുഖം ഓർമ്മയിൽ തെളിഞ്ഞു. വേദന കണ്ണുകളെ പൊതിഞ്ഞു. മറുപടിയില്ലാതെ തിരിഞ്ഞു നിക്കുന്നത് കണ്ടപ്പോൾ ചോദിക്കേണ്ടിയില്ലായിരുന്നുവെന്ന് ആരോഹിക്ക് തോന്നി. "താൻ കേരളത്തീന്ന് കാറുമെടുത്ത് വന്നതല്ലേ. ഭയങ്കര ക്ഷീണം കാണുമല്ലോ. വായോ നമുക്ക് കിടക്കാം.." പെട്ടെന്ന് വിഷയം മാറ്റിക്കൊണ്ട് ആരോഹി മായയുടെ തോളിൽ പിടിച്ച് റൂമിലേക്ക് നടന്നു. മുറിയിലെത്തിയപ്പോൾ നടുവിലായി ഒരു കട്ടിൽ കണ്ടു. ഒരു വശത്തായി പെയിന്റ്റുകളും ക്യാൻവാസുകളുമുണ്ട്. പെയിന്റിംഗ് സ്റ്റാൻഡിലെ ക്യാൻവാസിൽ തുണി മൂടിയിരിക്കുന്നത് കണ്ടു. അതിനു നേർക്ക് നടന്നു ചെന്നുകൊണ്ട് അവളാ മൂടിയ തുണി അഴിച്ചു മാറ്റി. പിന്നിലായി തന്നെ ആരോഹിയും വന്നു നിൽക്കുന്നുണ്ടായിരുന്നു.

മൂടിയ ക്യാൻവാസിൽ ഒരു പെൺകുട്ടിയുടെ പോട്രെയ്റ്റ് ആയിരുന്നു. പക്ഷേ ആ പെൺകുട്ടിക്ക് മുഖമില്ല. 'ഈ പെയിന്റിംഗ് കംപ്ലീറ്റ് ആയിട്ടില്ലെന്ന് തോന്നുന്നു.." ആരോഹി പറയുന്നത് കേട്ടു. ചിത്രത്തിന് താഴേ കുറിച്ചിട്ട വാക്കുകൾ കണ്ണുകളിലുടക്കി... 'അസ്വസ്ഥതയോടെ ഉടലാകെ ചിതറിക്കിടക്കുമ്പോൾ അതിഭീകരമായൊരു സ്നേഹത്തോടെ ഒരാൾ വരും..' ആ വാക്കുകൾ മനസ്സിൽ വായിക്കവേ അവൾക്ക് പാർഥിപൻ എഴുതിവച്ചതോർമ്മ വന്നു. കണ്ണുകൾ മെല്ലെയടഞ്ഞു. 'നീ ദൂരെയാണ്. അകലങ്ങളിൽ ഞാൻ നിനക്ക് കാവലിരിക്കുന്നു..' മനസ്സിൽ ആ വരികൾ തെളിഞ്ഞു വന്നു. "അവൻ ചെറുതായൊക്കെ എഴുതാറുണ്ട്.." ആരോഹി പറയുന്നത് കേൾക്കവേ മെല്ലെ കണ്ണുകൾ തുറന്നു.. "എന്റെ ഹസ്ബൻഡ് കൊല്ലപ്പെട്ടതാണ്.." ആരോഹിയുടെ നേരത്തെയുള്ള ചോദ്യത്തിന് മറുപടി കൊടുത്തു. കേട്ടതും ആരോഹി വിശ്വസിക്കാനാവാത്തതു പോലെ വിറച്ചു. "വാട്ട് ദ ഹെൽ..! അയാം സോ സോറി." ആരോഹിയുടെ വാക്കുകളിൽ അമ്പരപ്പ് പടർന്നു. അതവൾ ഒട്ടും പ്രതീക്ഷിച്ചതല്ല. അവളുടെ മുഖത്ത് വെപ്രാളം പരന്നു.

"ഇറ്റ്സ് ഓക്കെ." മായ തിരിഞ്ഞു നോക്കികൊണ്ട് ആത്മാർത്ഥതയോടെയൊന്ന് പുഞ്ചിരിച്ചു കാട്ടി. "തന്നെ ഞാൻ നിർബന്ധിക്കില്ല. പക്ഷേ മായക്കെന്നോട് അതിനെപ്പറ്റി കൂടുതൽ സംസാരിക്കാൻ തോന്നുന്നുണ്ടെങ്കിൽ ഞാൻ കേൾക്കാം. അതിനുമുന്നേ താനാദ്യം ഫ്രഷ് ആയിട്ട് വാ." ആരോഹി മായയുടെ തോളിൽ തൊട്ടുകൊണ്ട് ആശ്വസിപ്പിച്ചു. മായ ബാത്റൂമിലേക്ക് പോയതും ആരോഹി ധൃതിയിൽ മൊബൈലെടുത്ത് ഇഷാന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. ഇഷാനന്നേരം ഭാസ്കറിനൊപ്പം വീടിനു മുന്നിൽ കാർ നിർത്തി ഇറങ്ങുകയായിരുന്നു. "സാറിനെ ഇന്ന് മിക്കവാറും ഗീതാ മാഡം ശരിയാക്കും." ഭാസ്കർ ഇഷാന് മാത്രം കേൾക്കുന്ന സ്വരത്തിൽ പറയുന്നുണ്ടായിരുന്നു. ആരോഹിയുടെ കോൾ വന്നതും ഇഷാൻ ഒന്ന് നിന്നു. "ഹലോ ആരോഹി. അവിടെ കാര്യങ്ങളൊക്കെ ഓകെ അല്ലേ?" ഇഷാന്റെ ചോദ്യം മുഴുവനായും കേൾക്കാനുള്ള ക്ഷമ ആരോഹിക്ക് ഉണ്ടായിരുന്നില്ല. "മായയുടെ ഹസ്ബൻഡിന്റെ മരണമൊരു മർഡർ ആയിരുന്നു!" കേട്ടതും ഇഷാന്റെ കണ്ണുകളൊന്ന് വിടർന്നു.

ഞെട്ടലോടെ അവൻ തല താഴ്ത്തി. "ഈസ് ഷി ഓകെ നൗ..?" ഇഷാന്റെ സ്വരം നേർത്തു. "ആളിപ്പോ ഫ്രഷ് ആവാൻ പോയതാ. നീ പറഞ്ഞത് സത്യമാണ്. ഷി ഈസ്‌ സ്ട്രേഞ്ച്. അവളുടെയുള്ളിൽ എന്തൊക്കെയോ കഥകളുണ്ട്. ഞാനവളോട് ഈ രാത്രികൊണ്ട് തന്നെ എല്ലാം ചോദിച്ചറിയും.." ആരോഹി എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് പറഞ്ഞു. "അവളുടെ കാര്യത്തിലിപ്പോ എന്നെപ്പോലെ നിനക്കും ഇൻട്രസ്റ്റ്‌ വന്നു തുടങ്ങിയല്ലോ. ഇതുവരെ എന്നെയിട്ട് ആക്കിക്കൊണ്ടിരുന്നതല്ലേ നീ.." "എടാ.. അത് പറഞ്ഞപ്പഴാ. വേറൊരു കാര്യം കൂടെയുണ്ട്. അറിഞ്ഞാൽ നീ ഷോക്ക് ആവും. അതുകൊണ്ട് തന്നെ തൽക്കാലം ഞാനത് നിന്നോട് പറയാൻ ഉദ്ദേശിക്കുന്നില്ല..." ആരോഹി പറഞ്ഞ് തീരുന്നതിനു മുന്നേ മായ ബാത്റൂമിൽ നിന്നും ഇറങ്ങി വന്നു. "എന്താ അത്...?" ഇഷാൻ കൗതുകത്തോടെ ചോദിച്ചു. "അതൊരു ഒന്നൊന്നര സർപ്രൈസ് ആണ് മോനെ. തൽക്കാലം നീയൊന്നടങ്ങ്. സമയമാവുമ്പോ നിനക്കത് മനസ്സിലാവും." അതും പറഞ്ഞ് ആരോഹി കോൾ കട്ട് ചെയ്തപ്പോൾ കാര്യം മനസ്സിലാവാതെ ഇഷാൻ നെറ്റി ചുളിച്ചു.

മായയുടെ ഒപ്പം കട്ടിലിൽ കിടക്കവേ ആരോഹി അവളെ ഇടയ്ക്കിടെ ഒന്ന് നോക്കി. കണ്ണുകൾ മലർക്കേ തുറന്ന് മുകളിലേക്ക് നോക്കി എന്തൊക്കെയോ ചിന്തിക്കുന്നത് കണ്ടു. ഒരുപാട് ചോദ്യങ്ങൾ ആരോഹിയിൽ മിന്നിമറിഞ്ഞു. "മായയുടെ ഹസ്ബന്റിനെ ആരാണ് കൊന്നത്..?" മടിച്ചുമടിച്ചുകൊണ്ട് ആരോഹി മായയെ നോക്കി ചോദിച്ചു. അവൾ മുകളിൽ നിന്നും കണ്ണു മാറ്റിയില്ല. മുഖത്തൊരു ഭാവം പോലും തെളിഞ്ഞില്ല. ആ ചോദ്യം കേട്ട ഭാവം പോലുമുണ്ടായില്ല. കണ്ണുകൾ പതുക്കെ നനയുന്നത് കണ്ടു. എങ്കിലും ആ മുഖം കണ്ണീരിനെ അടക്കിപ്പിടിക്കുന്നു. കൂടുതലൊന്നും ചോദിക്കാൻ ആരോഹിക്ക് മനസ്സ് വന്നില്ല. "അയാം സോറി. എന്റെ ആകാംഷകൊണ്ട് ചോദിച്ചു പോയതാണ്. ഡോണ്ട് ഫീൽ ബാഡ്. ഗുഡ് നൈറ്റ്‌..." ആരോഹി അത്രയും പറഞ്ഞുകൊണ്ട് കണ്ണുകളടച്ചു കിടന്നു. ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 ഭാസ്കറിനൊപ്പം അകത്തേക്ക് കയറിചെല്ലുമ്പോൾ ഇഷാന്റെയുള്ളിൽ നേരിയ വെപ്രാളമുണ്ടായി. സഞ്ജനയും പേരെന്റ്സും വന്നിട്ട് വീട്ടിലേക്ക് വരാഞ്ഞതിന് മമ്മി ആകെ ദേഷ്യത്തിലാവും.

ചിലപ്പോ ഉറങ്ങിയിട്ടുണ്ടാവും. എങ്കിൽ രക്ഷപ്പെട്ടു. ചിന്തിച്ചുകൊണ്ട് ലിവിങ് റൂമിലെത്തിയപ്പോൾ സോഫയിൽ ഉറക്കമൊഴിച്ച് ഇരിക്കുന്നത് കണ്ട് അമ്പരന്നുകൊണ്ട് ഒന്ന് നിന്നു. ഇഷാനെ കണ്ടതും മമ്മിയുടെ മുഖത്ത് ദേഷ്യവും പിണക്കവും നിറഞ്ഞു. "നിന്നെയൊന്നു കണ്ടിട്ട് കിടക്കാമെന്ന് കരുതി. ഞാനെങ്ങാനും രാവിലെ എഴുന്നേറ്റില്ലെങ്കിലോ..?" അതും പറഞ്ഞ് എഴുന്നേറ്റ് നടന്നു പോകാൻ തുടങ്ങിയ മമ്മിയെ ഓടിച്ചെന്ന് കൈപിടിച്ചു നിർത്തി. "എന്തിനാ ഇപ്പോഴും ഇത് തന്നെ പറയുന്നത്..?" ഇഷാൻ വേദനയോടെ പറഞ്ഞു. "നീയെന്നെ തൊടണ്ട. വിട് എന്നെ.. ആ കൊച്ചും വീട്ടുകാരും എത്ര നേരമാണെന്നറിയാമോ നിന്നെ കാത്തിരുന്നത്. ഇപ്പൊ വരും ഇപ്പൊ വരുമെന്ന് പറഞ്ഞ് അവസാനം ഞാൻ നാണം കെട്ടു. ഇപ്പോഴാവും നിന്റെ ട്രാഫിക് ബ്ലോക്ക് കഴിഞ്ഞത് അല്ലേ?" മമ്മി പരിഭവത്തോടെ മുഖം തിരിച്ചു കാട്ടി. അവനന്നേരം സ്നേഹത്തോടെ അവരുടെ മുഖം തന്റെ കൈകളിലെടുത്തു. "സോറി..." നിഷ്കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. "എനിക്ക് നിന്റെ സോറിയൊന്നും കേക്കണ്ട. നിന്റെ പപ്പയുണ്ടായിരുന്നപ്പോ ഒരിക്കെ പോലും എന്റെ കണ്ണ് നിറഞ്ഞിട്ടില്ല. എനിക്കിനി അതികം നാളുകളില്ലാന്നാ ഡോക്ടർ പറഞ്ഞത്...." "ശ്ശ്ശ്ശ്........."

മമ്മിയെ പറഞ്ഞു മുഴുമിപ്പിക്കാൻ അനുവദിക്കാതെ ഇഷാൻ അവരുടെ ചുണ്ടുകളിൽ വിരലമർത്തി. അരുതെന്ന് തലയാട്ടി. "മമ്മിക്ക് ഒന്നും സംഭവിക്കില്ല.." "എങ്ങനെ സംഭവിക്കാതിരിക്കും. നീയെന്നെ ഇങ്ങനെ ടെൻഷൻ കയറ്റിക്കൊണ്ടിരിക്കുവല്ലേ.." മമ്മി അവന്റെ കൈ ദേഷ്യത്തിൽ തട്ടി മാറ്റി മുഖം തിരിച്ച് കൈകെട്ടി നിന്നു. "ഞാനിപ്പോ എന്ത് വേണമെന്നാ മമ്മി പറയുന്നത്...?" ഇഷാൻ മടുപ്പോടെ ചോദിച്ചു. "നീ ഉടനെ ഒരു കല്യാണം കഴിക്കണം..!" അവന്റെ മുഖത്തേക്ക് മമ്മി പറഞ്ഞു. കേട്ടതും അസ്വസ്ഥതയോടെ തല താഴ്ത്തി. "ബട്ട്‌ മമ്മി സഞ്ജനയെ എനിക്ക്......" "സഞ്ജനയെ തന്നെ കല്യാണം കഴിക്കണമെന്ന് ഞാൻ പറഞ്ഞില്ലല്ലോ. നീ സ്വന്തമായി ഒരാളെ കൊണ്ടുവന്ന് എന്റെ മുന്നിൽ നിർത്തിയാൽ എനിക്കത്രയും സന്തോഷം. ഇല്ലെങ്കിൽ നിന്റെ കല്യാണം സഞ്ജനയുമായിട്ട് തന്നെ എനിക്ക് തീരുമാനിക്കേണ്ടി വരും." മമ്മി പറഞ്ഞു. "നോ മമ്മി.. സഞ്ജന വേണ്ട... ഞാനൊരിക്കലും അത് സങ്കൽപ്പിച്ചിട്ടു പോലുമില്ല.." "എന്നാൽ പിന്നേ നിന്റെ സങ്കല്പത്തിലെ കുട്ടിയെ നീയെന്റെ മുന്നിൽ കൊണ്ട് വന്ന് നിർത്ത്. അതെങ്ങനാ അങ്ങനൊരാൾ ഉണ്ടായിട്ട് വേണ്ടേ.."

മമ്മി ചുണ്ടുകൾ കോട്ടിക്കൊണ്ട് പറഞ്ഞു. "അങ്ങനെയൊരാളുണ്ട്...." ഇഷാൻ പറഞ്ഞു. കേട്ടതും അത്ഭുതത്തോടെ മമ്മി അവനെ നോക്കി. ഒപ്പം നിന്ന ഭാസ്കറിന്റെ മുഖത്തും ഒരത്ഭുതം. "കള്ളം.. അത് കള്ളം. എന്നിട്ട് അങ്ങനൊരാളെ പറ്റി ഞാനിതുവരെ കേട്ടിട്ടില്ലല്ലോ." മമ്മി വീണ്ടും പിണക്കം കാട്ടി. "അത് മമ്മിക്കൊരു സർപ്രൈസ് തരാൻ വേണ്ടിയാണ്. അല്ലേ ഭാസ്കർ...?" ഭാസ്കറിനെ നോക്കി ഒന്ന് കണ്ണിറുക്കി കാട്ടി. അതുവരെയും അന്തം വിട്ടു നിന്ന ഭാസ്കർ ഇഷാന്റെ സിഗ്നൽ കിട്ടിയതും കളത്തിലേക്കിറങ്ങി. "അതേ മാഡം. അതുകൊണ്ടാ സാറ് സഞ്ജന മാഡവുമായുള്ള കല്യാണം ഇഷ്ടമല്ലെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്." ഭാസ്കർ പറഞ്ഞു. ഇഷാൻ അതേയെന്ന് നിഷ്കളങ്കത ചമഞ്ഞ് തലയാട്ടി. ഭാസ്കർ അതുകൊണ്ട് നിർത്തിയില്ല. "രണ്ട് മൂന്ന് വർഷങ്ങമായുള്ള ബന്ധമാ മാഡം. ഇടക്കിടക്ക് ഇവിടുന്ന് ഹെവനിലേക്ക് പോവാറില്ലേ.

അന്നൊക്കെ കൂടെ ആ കൊച്ചും ഉണ്ടാവും അവിടെ.." ഭാസ്കർ പറയുന്നത് കേട്ട് ഇഷാന്റെ മുഖം വിളറി വെളുക്കാൻ തുടങ്ങി. മമ്മി അറിയാതെ ഭാസ്കറിനെ ഒളിഞ്ഞു നോക്കി ദേഷ്യത്തിൽ നാവു കടിച്ചു കാട്ടി. അത്രക്ക് വേണ്ടായിരുന്നുവെന്ന സിഗ്നലാണതെന്ന് മനസ്സിലായതും ഭാസ്കർ പിന്നീട് പറയാനിരുന്നതെല്ലാം വിഴുങ്ങികളഞ്ഞു. "എന്താ ആ കൊച്ചിന്റെ പേര്.....?" മമ്മി താടിക്ക് കയ്യും വച്ച് കൗതുകത്തോടെ ചോദിച്ചു. "അത്... മായ..." ഭാസ്കർ പറഞ്ഞു. ആ പേര് കേട്ടതും ഇഷാൻ വായും പൊളിച്ച് ഭാസ്കറിനെ നോക്കി. അഞ്ഞൂറ് രൂപക്ക് അയ്യായിരം രൂപയുടെ പണിയെടുത്ത മട്ടിൽ ഭാസ്കർ ഇളിച്ചു കാട്ടി. "എന്നാ പിന്നേ ഒരു ദിവസം ആ കൊച്ചിനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വാ.." മമ്മി ആവേശത്തോടെ പറഞ്ഞപ്പോൾ അമ്പരന്നു നിന്നവൻ അത് മറച്ചുവെച്ച് ശരിയെന്നു തലയാട്ടി. മമ്മി അകത്തേക്ക് കയറിപ്പോയപ്പോൾ ഇഷാൻ ഭാസ്കറിനെ ഒന്ന് ദഹിപ്പിച്ചു നോക്കി. "എന്താ സാറേ എന്റെ ആക്ടിങ് മോശമായിരുന്നോ?" "തന്നോടൊക്കെ സപ്പോർട് ചെയ്യാൻ പറഞ്ഞ എന്നെ പറഞ്ഞാ മതിയല്ലോ.!

എടോ താനെന്തൊക്കെയാ മമ്മിയോട്‌ പറഞ്ഞേക്കുന്നത്?" ഇഷാൻ ടെൻഷനോടെ തലക്ക് കൈ വച്ചു. "സാറെന്തിനാ പേടിക്കുന്നത് സാറേ. ഗീതാ മാഡമിനി സഞ്ജന മാഡത്തിന്റെ കാര്യവും പറഞ്ഞ് സാറിനെ ബുദ്ധിമുട്ടിക്കില്ലല്ലോ. പിന്നേ ഞാൻ പറഞ്ഞ കഥയിലെ പെങ്കൊച്ച് ദൂരെയെവിടെയോ ആണെന്നോ സാറ് ആ കൊച്ചിനെ കാത്തിരിക്കുകയാണെന്നോ പറഞ്ഞ് മാഡത്തിന്റെ കയ്യീന്ന് സാറിനു രക്ഷപ്പെട്ടൂടെ..?" ഭാസ്കർ പറഞ്ഞതു കേട്ടപ്പോൾ അതൊരു നല്ല ഐഡിയ ആണെന്ന് ഇഷാനും തോന്നി. "താൻ ഞാൻ വിചാരിച്ച പോലത്തെ ആളൊന്നും അല്ലല്ലോടോ!" ഇഷാൻ ചിരിയോടെ ഭാസ്കറിന്റെ തോളത്തൊന്ന് തട്ടി. "പിന്നേ സാറേ.. നാളെയാണ് നമ്മൾ ഇന്റർവ്യൂ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സാറും കൂടെ ഇന്റർവ്യൂവർ പാനലിൽ വന്നിരുന്നാൽ നന്നായിരിക്കും. സാറിന്റെ പിഎ ആയിട്ട് സാറിനിഷ്ടപ്പെട്ട ആളെ സാറിന് തന്നെ ചൂസ് ചെയ്യാല്ലോ." ഭാസ്കർ പറഞ്ഞു. ഇഷാൻ ശരിയെന്നു തലയാട്ടി... "ഗുഡ് നൈറ്റ്‌ ഭാസ്കർ..." ........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story