Love Me Like You Do ❤️: ഭാഗം 27

Love Me Like You Do

രചന: ആദിത്യൻ മേനോൻ

"പിന്നേ സാറേ.. നാളെയാണ് നമ്മൾ ഇന്റർവ്യൂ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സാറും കൂടെ ഇന്റർവ്യൂവർ പാനലിൽ വന്നിരുന്നാൽ നന്നായിരിക്കും. സാറിന്റെ പിഎ ആയിട്ട് സാറിനിഷ്ടപ്പെട്ട ആളെ സാറിന് തന്നെ ചൂസ് ചെയ്യാല്ലോ." ഭാസ്കർ പറഞ്ഞു. ഇഷാൻ ശരിയെന്നു തലയാട്ടി... ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 "മായ.. മായ എണീക്കൂ...." ആരോഹി തട്ടി വിളിക്കുന്നത് കേട്ടാണ് രാവിലെ എഴുന്നേൽക്കുന്നത്. കണ്ണുകൾ തുറന്ന് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ദേഹമാകെ ചെറിയൊരു വേദന തോന്നി. "ഗുഡ് മോർണിംഗ്.. നല്ല ക്ഷീണമുണ്ടല്ലേ.." ആരോഹി ചിരിച്ചുകൊണ്ട് പറഞ്ഞു. "ഇവിടെ വരെ കാറോടിച്ച് എത്തിയതല്ലേ അതാ..." മറുപടി പറഞ്ഞുകൊണ്ട് എഴുന്നേറ്റു. പാറിവീണ മുടി വിരലുകൊണ്ട് കോതിക്കെട്ടി. "എഴുന്നേറ്റ് വേഗം റെഡിയായിക്കോ. ഞാൻ ഹോസ്പിറ്റലിലേക്ക് ഇറങ്ങുമ്പോ ഡ്രോപ്പ് ചെയ്യാം. അറിയാത്ത സ്ഥലമല്ലേ." "കുഴപ്പമില്ല ഞാൻ......." പറയുന്നതിന് മുൻപേ ആരോഹി ഇടയ്ക്ക് കയറി. "അയ്യോ താനിതേ പറയൂ എന്നെനിക്കറിയാം. അതുകൊണ്ട് താൻ കൂടുതലൊന്നും മിണ്ടിപ്പോകരുത്."

ആരോഹി തോർത്തുമെടുത്ത് ബാത്‌റൂമിലേക്ക് കയറിപ്പോയി. കട്ടിലിൽ നിന്നും താഴെയിറങ്ങി. മരത്തറയിൽ കാലമർന്നപ്പോൾ തണുപ്പേറ്റ് വിറച്ചു. കിടക്കയിൽ കിടന്ന പുതപ്പ് വലിച്ചെടുത്ത് ദേഹത്തേക്ക് ചുറ്റി വരിഞ്ഞു വച്ചു. മുൻവശത്തെ വാതില് തള്ളിതുറന്നു. നഗ്നമായ കൈകളിലേക്ക് തണുപ്പ് ഇരച്ചു കയറി. കാർ മുറ്റത്ത് കിടക്കുന്നതു കണ്ടു. ഇന്നലെ എപ്പോഴോ അയാളുടെ മാനേജർ വച്ചിട്ട് പോയതാണ്. പരവതാനി പോലെ പരന്നു കിടന്ന പച്ചപ്പിന്റെ ലോകം കണ്ണുകളെ വിടർത്തി. പതിയെ അടിവച്ച് മുന്നോട്ട് നടന്നു. ചുറ്റിനും ഇളം പച്ച നിറത്തിലുള്ള മനോഹരമായ പുൽപ്പായ. അവക്ക് മീതെ നേരിയ പഞ്ഞിക്കെട്ടുകൾ പോലെയുള്ള മഞ്ഞ്. ചെരിപ്പില്ലാതെ അടിവച്ചു മുറ്റത്തേക്കിറങ്ങി. പുല്ലിൽ പറ്റിക്കിടന്ന മഞ്ഞുതുള്ളികൾ പാദങ്ങൾക്ക് സുഖമുള്ളൊരു തണുപ്പേകി. മുന്നോട്ട് നടക്കവേ അല്പമകലെ ഒരു വലിയ കുളം കണ്ടു. വിടർന്ന കണ്ണുകളോടെ ദേഹത്ത് ചുറ്റിയ തുണിയും താങ്ങിപ്പിടിച്ച് അവിടേക്ക് ഓടിയെടുത്തു. കണ്ണാടിച്ചില്ല് പോലെ തെളിഞ്ഞ വെള്ളം.

ഏറ്റവുമടിയിൽ കിടക്കുന്ന ഉരുളൻ കല്ലുകൾ വരെയും വ്യക്തമായി കാണാം..! അവൾ പോലുമറിയാതെ ചുണ്ടുകളിൽ ഒരു നനുത്ത ചിരി വിരിഞ്ഞു. ചുറ്റിനും ശാന്തതയുള്ള പോലെ.. സമാധാനമുള്ള പോലെ.. മെല്ലെ തിരിഞ്ഞു നടന്നു.. ഹെവന് പിന്നിലായി ആകാശത്തെ തൊട്ടു നിൽക്കുന്ന മലനിരകൾ കണ്ട് അമ്പരന്നു നിന്നു. ഇന്നലെ വന്നിറങ്ങിയത് രാത്രിയായതുകൊണ്ടാണ് ഈ കുളവും മലകളും ഒന്നും കാണാതിരുന്നത്. ആരോരുമില്ലാത്ത ഈ മലഞ്ചെരുവിലെ കുഞ്ഞുവീടാണ് 'അയാളുടെ' പ്രിയപ്പെട്ട ഇടമെന്ന് അവൾ ചിന്തിച്ചു. "താൻ ഫ്രഷ് ആയി വാ. ഞാനപ്പോഴേക്ക് കോഫി റെഡിയാക്കാം.." തിരിച്ചു ചെന്നപ്പോൾ ആരോഹി കുളി കഴിഞ്ഞിറങ്ങിയിരുന്നു. ഫ്രഷ് ആവാൻ വാഷ്‌റൂമിലേക്ക് കയറാൻ നേരമാണ് കയ്യിൽ വസ്ത്രമൊന്നും കരുതിയിട്ടില്ലെന്ന് ഓർത്തത്. ഇന്നലെ രാത്രി ഇവിടെയെത്തി സെറ്റിൽ ആയിട്ട് ഷോപ്പിംഗിന് ഇറങ്ങണമെന്നായിരുന്നു പ്ലാൻ. പക്ഷേ നടന്നതൊക്കെയും ചിന്തിക്കാത്ത കാര്യങ്ങളാണല്ലോ. എന്ത് ചെയ്യണമെന്ന് ചിന്തിച്ചുകൊണ്ടാണ് ബാത്‌റൂമിലേക്ക് നടക്കുന്നത് പെട്ടെന്നാണ് പിന്നിൽ നിന്നും ആരോഹി തടഞ്ഞു നിർത്തിയത്.

തിരിഞ്ഞു നോക്കിയപ്പോൾ കയ്യിൽ ഒരു കൂട്ടം വസ്ത്രവുമുണ്ടായിരുന്നു. സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു. ചുണ്ടുകൾ വില്ലുപോലെ വളഞ്ഞു. ആരോഹി വസ്ത്രം കയ്യിലേക്ക് വച്ചു തന്നു. "താങ്ക് യൂ..." നിറഞ്ഞ കണ്ണുകളോടെ ആരോഹിയെ കെട്ടിപ്പിടിച്ചു. അത് ആരോഹി ഒരിക്കലും പ്രതീക്ഷിച്ചതല്ല. ആരോഹി അവളുടെ തോളിൽ തട്ടി ചിരിച്ചു. "താങ്ക്സ് ഒന്നും വേണ്ട. തന്റെ കഥയെന്താണെന്നൊന്നും എനിക്കറിയില്ല. പക്ഷെ തന്റെ ഇപ്പോഴത്തെ അവസ്ഥയെനിക്ക് നന്നായിട്ടറിയാം. തനിക്കിവിടെ ആരുമില്ലാന്നും ഒറ്റക്കാണെന്നും ഒന്നും ഇനി ചിന്തിക്കണ്ടാട്ടോ. വേഗം പോയി റെഡിയായിക്കോ." ആരോഹി ചിരിച്ചുകൊണ്ടവളെ ബാത്‌റൂമിലേക്ക് കയറ്റി വിട്ടു. മായ ബാത്‌റൂമിൽ കയറി കതകടഞ്ഞതും കിടക്കയിൽ കിടന്ന തന്റെ മൊബൈൽ റിങ് ചെയ്യുന്നത് കണ്ട് ആരോഹി ധൃതിയിൽ എടുത്ത് അറ്റൻഡ് ചെയ്തു.

"ആരോഹി.. അവിടെ കാര്യങ്ങളൊക്കെ ഓകെ അല്ലേ?" മറുപുറത്ത് ഇഷാന്റെ ശബ്‌ദം. "അവള് ദേ കുളിക്കാൻ കേറിയേക്കുവാ.." "ആൾടെ കയ്യിൽ ചേഞ്ച്‌ ചെയ്യാൻ ഡ്രസ്സ്‌ ഒന്നും ഇല്ലല്ലോ..!" ഇഷാന്റെ കരുതൽ നിറഞ്ഞ സ്വരം. "ഡ്രസ്സ്‌ ഒക്കെ ഞാൻ എന്റേത് കൊടുത്തിട്ടുണ്ട്. ഇന്നലെ ഷോപ്പിംഗ് കഴിഞ്ഞ് വരുന്ന വഴിയായിരുന്നു നിന്റെ കോൾ വന്നത്. അതുകൊണ്ട് രാവിലെ ഞങ്ങള് ഡ്രസിന് തെണ്ടേണ്ടി വന്നില്ല." ആരോഹി ചിരിച്ചു. "ആള് ഓക്കെ അല്ലേ?" ഇഷാൻ ചോദിച്ചു. "എന്റെ പൊന്നു മോനെ കുഴപ്പമിപ്പോ അവൾക്കല്ല. നിനക്കാ.. അവളെ കണ്ടപ്പോ തൊട്ടുള്ള കുഴപ്പം.." ആരോഹി കളിയാക്കി ചിരിച്ചു. "രാവിലെ തന്നെ എന്റെ വായീന്ന് തെറി കേൾപ്പിക്കരുത്. ഇതതൊന്നും അല്ല. ആരുമില്ലാതെ ഒറ്റക്ക് മുംബൈയിൽ എത്തിപ്പെട്ട ഒരു കുട്ടിയോടുള്ള ചെറിയൊരു കൗതുകം. അത്രേ ഉള്ളു. ബൈ ദി വേ.. ആൾക്ക് ഇന്ന് എവിടെയോ ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞിരുന്നില്ലേ? അതെവിടെയാണെന്ന് പറഞ്ഞോ നിന്നോട്?" ഇഷാൻ ചോദിച്ചു. ആരോഹി കേട്ടതും ഒന്ന് ചിരിച്ചു.

"അതോ.. അതൊരു ബാങ്കിലേക്കാടാ..." അപ്പോൾ തോന്നിയൊരു കള്ളം എടുത്തിട്ടു. മറുതലക്കൽ ഇഷാൻ ഒന്ന് മൂളി. "എന്താണേലും നീ അവളെ അവിടെ ഡ്രോപ്പ് ചെയ്തിട്ട് ഹോസ്പിറ്റലിൽ പോയാ മതി കേട്ടോ..." ഇഷാൻ പറഞ്ഞുകൊണ്ട് കോൾ വച്ചു. "ഓ ആയിക്കോട്ടെ..." ഇന്റർവ്യൂ എവിടെയാണെന്ന ഇഷാന്റെ ചോദ്യമോർത്ത് ആരോഹിക്ക് പിന്നെയും ചിരി വന്നു. ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 ആരോഹിയുടെ കോൾ വച്ച ശേഷം എന്തൊക്കെയോ ആലോചിച്ചുകൊണ്ട് തന്റെ ക്യാബിനിൽ ഇരിക്കുകയായിരുന്നു ഇഷാൻ. ഇടക്കെപ്പോഴോ ഭാസ്കർ ഇന്നലെ രാത്രി മമ്മിയോട്‌ പറഞ്ഞ കള്ളമോർത്ത് ചിരി വന്നു. പെട്ടെന്ന് ക്യാബിന്റെ ഡോർ ഒന്ന് തട്ടിക്കൊണ്ട് ഒരു സ്റ്റാഫ്‌ ഉള്ളിലേക്ക് വന്നു. "എക്സ്ക്യൂസ് മി സേർ.. പുറത്ത് സഞ്ജന മാഡം വന്നിട്ടുണ്ട്..." അയാൾ പറഞ്ഞു തീരുന്നതിനു മുന്നേ അയാളെ പിടിച്ചു മാറ്റിക്കൊണ്ട് സഞ്ജന ഡോർ തള്ളിത്തുറന്ന് അകത്തേക്ക് കയറി. ടേബിളിനരികിലെ ചെയറിൽ സ്വാതന്ത്ര്യത്തോടെ ചെന്നിരുന്നുകൊണ്ട് അവൾ അവനെ നോക്കി. "എനിക്കെന്താണ് ഒരു കുഴപ്പം ഇഷാൻ?"

സഞ്ജന അവനെ നോക്കി ചോദിച്ചു. "ഇപ്പൊ ഓഫീസ് ടൈമാണ് സഞ്ജന. ഈ കാര്യം ഇവിടെ ഡിസ്‌ക്കസ് ചെയ്യാൻ എനിക്ക് താല്പര്യമില്ല. നീയിപ്പൊ പോ.." ഇഷാൻ യാതൊരു താല്പര്യവുമില്ലെന്ന മട്ടിൽ ടേബിളിൽ ഇരുന്ന ഫയൽസ് മറിച്ചു നോക്കി. "ഞാൻ ചോദിച്ചതിനുള്ള മറുപടി കിട്ടാതെ ഞാനിവിടുന്നു പോവില്ല ഇഷാൻ..." സഞ്ജന അവൻ മറിച്ചുകൊണ്ടിരുന്ന ഫയൽസ് താഴേക്ക് തട്ടിയെറിഞ്ഞു. "ഞാനൊരുപാട് തവണ ഇതിന്റെ ആൻസർ നിനക്ക് തന്നു സഞ്ജന.. എനിക്ക് നിന്നെ എന്റെ ഭാര്യയായി സങ്കൽപ്പിക്കാൻ പോലും പറ്റില്ല. നമ്മളൊരിക്കലും സെറ്റ് ആവില്ല." "എന്തുകൊണ്ട് സെറ്റ് ആവില്ല? എന്തിക്കെന്താ നീ കാണുന്ന കുഴപ്പം? ഗീതാ ശങ്കർ ബിസിനസസിന്റെ അത്രതന്നെ പോപുലേരിറ്റി എന്റെ ഡാഡിയുടെ കമ്പനിക്കും ഇല്ലേ. ഫിനാൻഷ്യലി നമ്മുടെ രണ്ട് ഫാമിലീസും ഒരുപോലെയല്ലേ. ചെറുപ്പം തൊട്ട് കളിച്ചു വളർന്നവരല്ലേ നമ്മൾ.? പിന്നെന്താണ് നിന്റെ പ്രശ്നം?" സഞ്ജന ടേബിളിൽ ശബ്ദത്തോടെ തട്ടിക്കൊണ്ടു ചോദിച്ചു. "നമ്മളെ തമ്മിൽ മാറ്റി നിർത്തുന്ന ഒരേയൊരു കാര്യമേ ഉള്ളു സഞ്ജന.. അത് സ്നേഹമാണ്."

ഇഷാൻ ശാന്തതയോടെ പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കി ഒന്നു പറഞ്ഞു നിർത്തി. ടേബിളിൽ നിന്നും എഴുന്നേറ്റ് ചില്ല് പരത്തിയ ചുവരിലൂടെ നഗരത്തിരക്കുകളിലേക്ക് നോക്കി. ശേഷം തുടർന്നു. "ഈ സ്നേഹമെന്നൊക്കെ പറയുന്നത് ഉണ്ടാക്കിയെടുക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. അത് ഓർഗാനിക്കലി ഉള്ളിൽ നിന്നും വരുന്ന ഒന്നാണ്. അതിന് നീയിപ്പോ പറഞ്ഞ ഫിനാൻഷ്യൽ സ്റ്റാറ്റസൊന്നും ഒരു ബാധകവുമല്ല. നീ നമ്മുടെ വൈബ് ശ്രദ്ധിച്ചിട്ടുണ്ടോ? ഒന്ന് പറഞ്ഞു രണ്ടാമത്തിന് നിന്റെ മുഖത്ത് ദേഷ്യം പരക്കും. എനിക്കങ്ങനെയല്ല. എനിക്ക് ദേഷ്യപ്പെടാൻ അറിയില്ല. നീയിപ്പൊ ഇടിച്ചു കയറി വന്നതുപോലെ വരാൻ എനിക്കറിയില്ല. ഇതൊന്നും എന്റെ വൈബല്ല. നിന്റെ വൈബ് എനിക്ക് വേണ്ടി നീ മാറ്റുന്നതും എനിക്കിഷ്ടമല്ല...." "വാട്ട് ഡൂ യൂ മീൻ...?" ഇഷാൻ പറഞ്ഞുകൊണ്ടിരിക്കെ സഞ്ജന ഇടയ്ക്ക് കയറിക്കൊണ്ട് അവന്റെ അരികിലേക്ക് ചെന്നു. "നമ്മളീ സ്നേഹിക്കുന്ന ആൾക്കാര് നമ്മുടെ അടുത്ത് വരുമ്പോ നമുക്ക് കിട്ടുന്നൊരു വൈബുണ്ട്.

കനത്ത വെയിലിൽ നിൽക്കുകയാണെങ്കിലും നമ്മുടെയുള്ളില് മഴ പെയ്യുന്നത് പോലെ തോന്നും. അവരെപ്പോഴും നമ്മുടെ കൂടെ വേണമെന്ന് തോന്നും. അവരുടെ എല്ലാ ചിരികളും സ്വപ്നങ്ങളും നമ്മുടേതും കൂടിയാണെന്ന് തോന്നും. അവരുടെ എല്ലാ വീഴ്ചകളിലും നമുക്ക് അവരോളം വേദന തോന്നും. ഞാനറിഞ്ഞിട്ടുള്ള സ്നേഹം ഇങ്ങനെയാണ്. ഇതൊന്നും എനിക്ക് നിന്റെയടുത്തു നിന്നും കിട്ടിയിട്ടില്ല. അത് നിന്റെ തെറ്റുമല്ല. എന്റെയും നിന്റെയും വൈബുകൾ തമ്മിൽ ഒരു ബന്ധവും ഇല്ലാത്തതിന്റെ പ്രശ്നമാണ്. അതുകൊണ്ടാണ് ഈ കല്യാണം ശരിയാവില്ലെന്ന് ഞാൻ പറയുന്നത്. ആ തീരുമാനം നമ്മുടെ രണ്ടുപേരുടെയും ജീവിതം നശിക്കാതിരിക്കാൻ വേണ്ടിയാണ്..." ഇഷാൻ പറഞ്ഞു നിർത്തി. ആകാശത്ത് നേരിയ കാർമേഘങ്ങൾ.. ഭംഗിയുള്ളൊരു മഴക്കുള്ള ലക്ഷണമുണ്ട്. അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. "നിന്റെ മമ്മിയോട്‌ നീയെന്താ പറയാൻ പോകുന്നത്?" സഞ്ജന ദേഷ്യത്തോടെ അവനെ നോക്കി. "മമ്മിക്കെന്നെ മനസ്സിലാവും..." "അതിന് ഞാൻ സമ്മതിക്കില്ല ഇഷാൻ.

നീ കല്യാണം കഴിക്കാൻ പോകുന്നത് എന്നെയായിരിക്കും. അതിനുള്ള എല്ലാ പണിയും ഞാൻ ചെയ്യും. അറിയാല്ലോ നിനക്കെന്നെ..." സഞ്ജന അവനെ നോക്കി അരിശത്തോടെ പറഞ്ഞുകൊണ്ട് നടന്നകന്നു. പെട്ടെന്ന് എന്തൊക്കെ ഓർത്തെടുത്തത് പോലെ ഒന്ന് നിന്നു. ശേഷം അവനെ തിരിഞ്ഞു നോക്കി. "നിന്റെയീ പഴമ്പുരാണം ഒക്കെ ഏത് കാലത്ത് ഒത്തുവരുമെന്നാ..? നിന്റെ മമ്മിയുടെ സിറ്റുവേഷനെ പറ്റി ഡോക്ടർ പറഞ്ഞത് കേട്ടതല്ലേ നീ..?" ആ ചോദ്യം ചോദിക്കവേ അവളുടെ മുഖത്തൊരു പുച്ഛം. അവന്റെ മുഖമൊന്നു വാടി... "ഞാൻ സ്നേഹത്തിൽ വിശ്വസിക്കുന്നു സഞ്ജന. അസ്വസ്ഥതയോടെ ഉടലാകെ ചിതറിക്കിടക്കുമ്പോൾ അതിഭീകരമായൊരു സ്നേഹത്തോടെ ഒരാൾ വരും..." താനെഴുതിയ വരികൾ അവനവളെ പറഞ്ഞു കേൾപ്പിച്ചു. "അതിനുള്ള എല്ലാ വഴികളും ഞാൻ അടക്കും. അവസാനം നിന്റെ മമ്മിയുടെ നിർബന്ധത്തിന് വഴങ്ങി നീ എന്റെയടുത്ത് തന്നെ എത്തും ഇഷാൻ. നിന്നെ ഞാനെത്തിക്കും.." അത്രയും പറഞ്ഞുകൊണ്ട് ഡോർ വലിച്ചു തുറന്നു സഞ്ജന ക്യാബിനിൽ നിന്നും ഇറങ്ങിപ്പോയി.

അവന്റെ ചിന്തകളിലപ്പോഴും ആ വരികൾ മായാതെ കിടന്നു. ഉള്ളിൽ നിന്നാരോ ആ വാക്കുകൾ വീണ്ടും ഉച്ഛരിച്ചുകൊണ്ടേയിരുന്നു. അസ്വസ്ഥതയോടെ ഉടലാകെ ചിതറികിടക്കുമ്പോൾ അതിഭീകരമായൊരു സ്നേഹത്തോടെ ഒരാൾ വരും. അന്നേരം മായയുമായി ആരോഹിയുടെ കാർ അവന്റെ ഓഫീസിന് മുന്നിലായി വന്നു നിന്നു കഴിഞ്ഞിരുന്നു.... "ഗീതാ ശങ്കർ ബിസിനസ്സ്.. " കാറിൽ നിന്നും തല പുറത്തേക്കിട്ടുകൊണ്ട് ആ സ്ഥലവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന മട്ടിൽ ആരോഹി ചിരിയടക്കിക്കൊണ്ട് ബോർഡ് വായിച്ചു. "താങ്ക് യൂ ആരോഹി... ഇത് തന്നെയാ സ്ഥലം.." ആരോഹി പറഞ്ഞു. "ഇതിന്റെ CEO മിസ്റ്റർ ഇഷാൻ ഗീത ശങ്കറിനെ അറിയുമോ മായക്ക്?" ആരോഹി ഗൗരവഭാവം വെടിയാതെ ചോദിച്ചു. "ഇല്ല.. കേട്ടിട്ടുണ്ട്. അത്ര മാത്രം. അദ്ദേഹത്തിന്റെ PA പൊസിഷനിലേക്കുള്ള ഇന്റർവ്യൂ ആണിത്..." മായ പറഞ്ഞു. "വൗ.. അയാൾ.. ഐ മീൻ.. മിസ്റ്റർ ഇഷാൻ ആള് ഭയങ്കര കൂൾ ആൻഡ് ഫ്രണ്ട്‌ലി ആണെന്ന് കേട്ടിട്ടുണ്ട്. പുള്ളിക്കാരന് തന്നെ ഇഷ്ടപ്പെട്ടാൽ തന്റെ കാര്യങ്ങളു പറഞ്ഞാൽ പുള്ളി തന്നെ എല്ലാ കാര്യത്തിനും ഉറപ്പായിട്ടും ഹെൽപ്പ് ചെയ്യും.

ഓഫീസിലെ എല്ലാ സ്റ്റാഫുമാരോടും പുള്ളിക്ക് ഭയങ്കര സ്നേഹമാണ്.." ആരോഹി ചിരിയടക്കിക്കൊണ്ട് പറഞ്ഞു കൊണ്ടിരിക്കവേ പെട്ടെന്ന് മായ ഇടക്ക് കയറി.. "ഞാൻ സ്നേഹത്തിൽ വിശ്വസിക്കുന്നില്ല ആരോഹി.." കേട്ടതും ആരോഹിയുടെ സംസാരം നിന്നു പോയി. "ഞാൻ സ്നേഹിച്ചവരൊക്കെ എന്നെയുപേക്ഷിച്ച് പോയിട്ടേ ഉള്ളു. ഞാൻ വേദനിച്ചതൊക്കെ സ്നേഹം കാരണം മാത്രമാണ്. അതുകൊണ്ടാണ് ഞാനിപ്പോൾ ഇങ്ങനെയായത്. ഇപ്പോൾ എനിക്ക് ആളുകളെ സ്നേഹിക്കാനും അടുപ്പിക്കാനും പേടിയാണ്. സ്നേഹമുണ്ടായാലും വേദനിക്കും ഇല്ലെങ്കിലും വേദനിക്കും. സ്നേഹം കൊണ്ട് മുറിഞ്ഞുപോയാൽ മരിച്ചുപോകും. സ്നേഹമില്ലെങ്കിൽ മുറിവുകൾ തുന്നിക്കെട്ടി എങ്ങനെയെങ്കിലും ജീവിച്ചു തീർക്കാം. രണ്ടാമത്തേതാണ് എനിക്കിഷ്ടം..." മായ വേദനയോടെ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് കാറിൽ നിന്നുമിറങ്ങി. ആരോഹിക്ക് അവളുടെ വാക്കുകൾ കേൾക്കെ സ്നേഹവും വേദനയും സങ്കടവും തോന്നി. മറുപടിയില്ലാതെ അവൾ ഓഫീസിലേക്ക് കയറിപ്പോകുന്നതവൾ കാറിലിരുന്നു നോക്കി... ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 "മായ വിശ്വനാഥ്‌..." അടുത്തതായി ഇന്റർവ്യൂ ചെയ്യാൻ പോകുന്ന ആളെ സ്റ്റാഫ്‌ മെമ്പർ പുറത്ത് ചെന്ന് വിളിക്കുന്ന പേര് കേട്ടതും ഉള്ളിലിരുന്ന ഇഷാൻ ഒന്ന് ഞെട്ടി.

ഏതോ ബാങ്കിലെ ഇന്റർവ്യൂ ആണെന്ന് ആരോഹി പറഞ്ഞതോർമ്മ വന്നപ്പോൾ ഞെട്ടൽ അലിഞ്ഞില്ലാതായി. എങ്കിലും പ്രതീക്ഷയില്ലാത്തൊരു പ്രതീക്ഷ അയാളുടെ ഉള്ളിൽ അയാൾ പോലുമറിയാതെ അവശേഷിച്ചു. ഇന്റർവ്യൂ നടക്കുന്ന ഏരിയയിൽ നിന്നും ഒരാൾ ഡോർ തുറന്ന് പുറത്തേക്ക് തലയിട്ട് തന്റെ പേര് വിളിക്കുന്നത് കേട്ട് മായ ഇരുന്നിടത്തുനിന്നും എഴുന്നേറ്റുകൊണ്ട് അവരുടെ അടുത്തേക്ക് നടന്നെത്തി. "കൊണ്ടുവരാൻ പറഞ്ഞ ഡോക്യൂമെന്റസ് ഒക്കെ കയ്യിൽ ഉണ്ടല്ലോ അല്ലേ...?" അയാൾ വാതിൽക്കൽ തന്നെ നിന്നുകൊണ്ട് ചോദിച്ചു. ഉണ്ടെന്നവൾ തലയാട്ടി.. "ഓകെ.. കം ഇൻ..." അയാൾ അവളെ അകത്തേക്ക് നയിച്ചു. "മായ വിശ്വനാഥ്‌ ഈസ്‌ ഹിയർ സാർ..." സ്റ്റാഫിനൊപ്പം ക്യാബിനിലേക്ക് കടന്നു വന്ന മായയെ കണ്ടതും ഇഷാന്റെ മുഖത്ത് അമ്പരപ്പും കൗതുകവും വിരിഞ്ഞു. ഞെട്ടലോടെ പുരികങ്ങൾ ഉയർന്നു. ക്യാബിൻ പാനലിൽ ഇരിക്കുന്നവനെ കണ്ട് നടന്നു മുന്നോട്ട് വന്നവളുടെ കാലുകൾ ഒരു നിമിഷം നിന്നു പോയി. വിശ്വാസം വരാത്ത മട്ടിൽ അവളവനെ വട്ടക്കണ്ണുകളോടെ നോക്കി നിന്നു..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story