Love Me Like You Do ❤️: ഭാഗം 3

Love Me Like You Do

രചന: ആദിത്യൻ മേനോൻ

 പ്രഭാതസൂര്യന്റെ കനത്ത വെയില് കാലുകളിൽ പതിഞ്ഞപ്പോഴാണ് കണ്ണുകൾ അമർത്തിത്തിരുമ്മിക്കൊണ്ട് എഴുന്നേൽക്കുന്നത്. ചുറ്റിനും നോക്കിയപ്പോളുണ്ടായ പരിഭ്രമം ഇന്നലത്തെ രംഗങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നതോടെ ഇല്ലാതായി. പതുക്കെ എഴുന്നേറ്റിരുന്നു. മുറ്റത്തേക്ക് നോക്കിയപ്പോൾ ബുള്ളറ്റിലിരുന്ന് അല്പം മുന്നിലേക്കാഞ്ഞ് താടിക്ക് കൈകൊടുത്ത് മയങ്ങുന്ന പാർഥിപ് വിശ്വനാഥനെ കണ്ട് നേരിയൊരു അമ്പരപ്പ് വന്നു. പെട്ടെന്ന് ഒച്ചവെക്കാതെ ചാടിയെണീറ്റുകൊണ്ട് വസ്ത്രങ്ങൾ നേരെയാണെന്ന് ഉറപ്പ് വരുത്തി. തലേന്ന് ബുള്ളറ്റുമായി വന്നുനിന്ന നിൽപ്പാണ്. അപ്പോൾ കുറെ നേരം പേടിയോടെ അയാളെ നോക്കി നിന്നതാണ്. അയാൾ പക്ഷേ വണ്ടിയിൽ നിന്നുമിറങ്ങാതെ അങ്ങനെ തന്നെയിരുന്നു. ഇടക്കെപ്പഴോ അറിയാതെ അവൾ ഉറങ്ങിപ്പോകുകയും ചെയ്തു. പതിയെ പടികൾ ഇറങ്ങിച്ചെന്ന് അയാളുടെ ബുള്ളറ്റിനരികിലെത്തി. എന്ത് ചെയ്യണമെന്നറിയാതെ പെട്രോൾ ടാങ്കിനുമേൽ മുട്ടുകുത്തി താടിമേല് കയ്യും വച്ച് ഉറങ്ങുന്നവനെ അവൾ ഒരു നിമിഷം നോക്കി നിന്നു.

കഴുത്തിലെ രുദ്രാക്ഷമാല ഷർട്ടിനിടയിലൂടെ അനാവൃതമായിരുന്നു. സിദ്ധാർഥൻ ഉണരുന്നതിന് മുന്നേ അയാളെ ഇവിടെനിന്നും പറഞ്ഞയച്ചില്ലെങ്കിൽ പ്രശ്നമാകുമെന്ന ഉത്തമബോദ്ധ്യത്തോടെയവൾ കൂടുതൽ കാക്കാതെ പാർഥിപനെ തട്ടിവിളിച്ചു. അയാൾ പതുക്കെ തല പൊക്കിത്തുടങ്ങിയപ്പോൾ അവൾ രണ്ടടി പിന്നോക്കം മാറി നിന്നു. കണ്ണുകൾ ഇറുക്കി തിരുമ്മിക്കൊണ്ട് ഉറക്കച്ചടവോടെ അയാൾ കൈകൾ വാനിലേക്കുയർത്തി. അവൾ അയാളിൽ നിന്നും കണ്ണുകൾ പറിച്ചു താഴേക്ക് നട്ടു. പാർഥിപൻ സ്നേഹത്തോടെ അവളെ നോക്കിയൊന്ന് പുഞ്ചിരിച്ച ശേഷം ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു. വണ്ടി വളച്ച ശേഷം പോകാനായി തുടങ്ങിയതും പിന്നിൽ നിന്നും അവൾ എന്തോ പറഞ്ഞതവൻ അവ്യക്തമായി കേട്ടു. കൗതുകത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ നോക്കിനിന്നവൾ പെട്ടെന്ന് വീണ്ടും തലകുനിച്ചു. "എന്താ..?" അയാൾ ചോദിച്ചു. "താങ്ക് യൂ.." തലയുയർത്താതെ അവൾ പറഞ്ഞു. അയാൾ പുഞ്ചിരിച്ചു. അയാളുടെ മന്ദാഹാസത്തിന്റെ നേരിയൊരു ശബ്‌ദം അവളുടെ കാതിൽ വന്ന് പതിച്ചു.

ചുണ്ടിലെ പുഞ്ചിരി മായ്ച്ചുകളയാതെ അയാൾ വണ്ടിയുമെടുത്ത് മുന്നോട്ട് നീങ്ങി.. ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤‍🩹❤‍🩹❤‍🩹 കടുത്ത തലവേദനയോടെ സിദ്ധാർഥൻ ഉറക്കമെഴുന്നേറ്റു. തലക്ക് കൈവച്ചുകൊണ്ടയാൾ അടുക്കളയിലേക്ക് കേറിച്ചെന്നു. "അമ്മൂ..." അടുക്കളവാതിൽ അകത്തു നിന്നും കുറ്റിയിട്ടിരിക്കുന്നത് കണ്ടു. തിരിച്ചു മുറിയിലും നടുവകത്തുമൊക്കെ അമ്മുവെന്ന് വിളിച്ചു പരതി നടന്നു. കോലായയിലേക്ക് പോകാനൊരുങ്ങിയപ്പോൾ ഉമ്മറവാതിലും അകത്തുനിന്നും പൂട്ടിയിരിക്കുന്നത് കണ്ടു. അയാളൊന്ന് പകച്ചു. വെപ്രാളത്തോടെ വാതിൽ വലിച്ചു തുറന്നതും തിണ്ണയിലിരുന്ന മായ തിരിഞ്ഞു നോക്കി. അയാളുടെ പകച്ചിലിന് ശക്തിയേറി. തന്നെ നോക്കാൻ മടിച്ചുകൊണ്ട് അമ്പരപ്പോടെ നിൽക്കുന്നവന് അല്പം പോലും മുഖം കൊടുക്കാതെയവൾ എഴുന്നേറ്റ് അകത്തേക്ക് പോയി. പിന്നാലെയവൻ തലകുനിച്ച് നടന്നു. അടുക്കളയിലേക്ക് കയറി റാക്കിൽ കൈകുത്തി മുഖം വീർപ്പിച്ചു നിന്നപ്പോൾ ഇപ്പോഴത്തെയും പോലെ പിന്നിലൂടെ അയാളുടെ കരങ്ങൾ ഇഴഞ്ഞു വന്നു. "സോറി........."

ആ കൈകളവൾ ദേഷ്യത്തോടെ തള്ളിനീക്കി. വീണ്ടുമയാൾ കരങ്ങൾക്കൊണ്ട് ചുറ്റിപ്പൊതിഞ്ഞു. "സോറി.. ഞാനറിയാതെ..." "അറിയാതെ നാളെയെന്നെ കൊല്ലുമോ?" പെട്ടെന്ന് തിരിഞ്ഞു നിന്നുകൊണ്ടവൾ അയാളെ നോക്കി. ഇല്ലെന്നയാൾ വെപ്രാളത്തോടെ തലയാട്ടി. "സോറി പറഞ്ഞല്ലോ ഞാൻ.. " "ഇത് ഈ മാസത്തെ എത്രാമത്തെ സോറിയാണ്..?" "ഞാനായതുകൊണ്ടാണ് സോറി പറയുന്നത്. വേറെ വല്ല ആൺപിള്ളേരുമായിരുന്നേൽ പോടീ പുല്ലേ എന്ന് പറയും." അഹങ്കാരത്തോടെ അയാൾ പറഞ്ഞത് കേട്ടപ്പോൾ വെറുതെയവൾ പാർഥിപനെ ഓർത്തു. "എല്ലാ ആണുങ്ങളും അതിന് നിങ്ങളെപ്പോലെയല്ല.." കേട്ടതും അയാളുടെ മുഖത്ത് ദേഷ്യം പരന്നു. "അതിന് നീയെത്ര ആണുങ്ങളെ കണ്ടിട്ടുണ്ട്?" പല്ലിറുമ്മിക്കൊണ്ടയാൾ ചോദിച്ചു. മറുപടിക്ക് കാക്കാതെ ക്രോധം പൂണ്ടവൻ മുറിയിലേക്ക് കേറിപ്പോയി. മുറിയിൽ ചെന്ന് കട്ടിലിൽ ഇരുന്ന് ഒരു സിഗരറ്റ് കത്തിച്ച് ചുണ്ടിൽ വെച്ചപ്പോൾ പെണ്ണ് പിന്നാലെ വന്ന് അടുത്തായി ഇരുന്നു. അയാളവളെ നോക്കാൻ കൂട്ടാക്കിയില്ല. ചുണ്ടത്തെ സിഗരറ്റ് വിരലുകളിലേക്ക് പിടിച്ചവൾ പുകയൂതി വിട്ടു.

അഴിഞ്ഞു വീണ മുടിയൊതുക്കി അവളവനോട് ചേർന്നിരുന്നു. അപ്പോഴേക്കും ചാടി എഴുന്നേറ്റുകൊണ്ടവൻ ഉമ്മറത്തേക്ക് നടന്നു പോയി. പിന്നാലെ ചെന്നു നോക്കിയപ്പോൾ തിണ്ണയിൽ കേറിയിരുന്നു പുകക്കുന്നത് കണ്ടു. ചുണ്ടിലൊരു ചിരിയോടെ വീണ്ടുമവൾ അവന്റെയടുത്തേക്ക് നടന്നു ചെന്നു. അവളെ കണ്ടതും ദേഷ്യത്തോടെ എഴുന്നേറ്റു പോകാൻ തുനിഞ്ഞവന്റെ മടിയിലേക്ക് കയറിയിരുന്നു. "ഞാനായതുകൊണ്ടാണ് പാതിരാത്രി വീട്ടീന്ന് പുറത്താക്കിയിട്ടും ദേ ഇങ്ങനെ മടീല് കേറിയിരിക്കുന്നത്. വേറെ വല്ലവരുമായിരുന്നേൽ എപ്പഴേ ഇറങ്ങി ഓടിയേനെ." "അങ്ങനെ ഓടുന്നവളുമാരെയൊന്നും പിന്നെ കുടുംബത്തിൽ കേറ്റാൻ കൊള്ളീട്ടില്ല.. നിനക്കും പോണോ.. പൊയ്ക്കോ!" അയാൾ ചുമലുകൊണ്ട് അവളെ പതുക്കെ തള്ളി. വീണ്ടുമവൾ ശക്തിയോടെ അയാളുടെ മടിയിൽ ചേർന്നിരുന്നു. "ഞാനും ഒരീസം ഓടും. മോനിവിടെ ഞാനില്ലാതെ എങ്ങനെ കഴിച്ചുകൂട്ടുമെന്ന് എനിക്കൊന്ന് കാണണമല്ലോ... "

അവൾ പറഞ്ഞതും അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു. പെട്ടെന്നവൻ വിരലുകളിൽ എരിഞ്ഞുകൊണ്ടിരുന്ന സിഗരറ്റെടുത്ത് അവളുടെ കഴുത്തിനു പിന്നിലായി അമർത്തിവച്ചു. വിടർന്ന കണ്ണുകളാൽ വെപ്രാളത്തോടെ അലറിക്കൊണ്ട് എണീറ്റുമാറാൻ തുടങ്ങിയതും വയറ്റിലൂടെ ഒരുകയ്യിട്ട് അയാളവളെ അമർത്തിപ്പിടിച്ചു. അയാളുടെ കുരുക്കിൽ നിന്നും എഴുന്നേൽക്കാനാവാതെ അവൾ പൊള്ളലേറ്റ് പിടഞ്ഞു.. "സിദ്ധേട്ടാ...................." കണ്ണുകൾ ചുവന്നു തുടുത്തു. കണ്ണീർ നിറഞ്ഞു കാഴ്ചയാകെ കലങ്ങി. "നീ പോവുവോടീ.... ഏഹ്...? നീ പോവുവോന്ന്...." സിഗരറ്റ് അവളുടെ കഴുത്തിൽനിന്നും മാറ്റാതെ അവൻ അലറി ചോദിച്ചു. "ഇല്ല............... ഈല്ല്യാാാാ.........." പെട്ടെന്നയാൾ പിടി വിട്ടു. ധൃതിയോടെ അവൾ നിലത്തേക്ക് മറിഞ്ഞു വീണു. "മേലിൽ ഇമ്മാതിരി വർത്താനം എന്നോട് പറഞ്ഞു പോവരുത്. ഇങ്ങനാ നീ നേരത്തെ പറഞ്ഞ പെണ്ണുങ്ങളൊക്കെ അവളുമാരുടെ ഭർത്താക്കന്മാരോട് ചോദിച്ചു വാങ്ങുന്നത്. എന്നിട്ട് ഇറങ്ങിപ്പോയാ കുറ്റം മുഴുവൻ അവന്റെ മേലിടുകയും ചെയ്യും."

വീണുകിടന്നുകൊണ്ട് മുഖം പൊത്തിക്കരയുന്നവളെ നോക്കികൊണ്ട് അയാൾ ദേഷ്യത്തോടെ പറഞ്ഞിട്ട് അകത്തേക്ക് കയറിപ്പോയി. പൊള്ളലിൽ അസഹ്യമായ വേദനയേറ്റ് അവൾ എഴുന്നേൽക്കാൻ പോലുമാവാതെ തളർന്നു കിടന്നു. പാതിയടഞ്ഞ കണ്ണുകളിൽ ഇടക്കെപ്പോഴോ അയാൾ പുതിയ ഷർട്ടിട്ട് മുറ്റത്തേക്കിറങ്ങിപ്പോകുന്നത് അവ്യക്തമായി കണ്ടു. ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പോകുന്നതവൾ കേട്ടു. അപ്പോഴേക്ക് കണ്ണുകൾ പൂർണ്ണമായി അടഞ്ഞു പോയിരുന്നു. ഇത്തിരി നേരത്തിനു ശേഷം കണ്ണുതുറന്നപ്പോൾ കണ്മുന്നിൽ അപരിചിതമായ രണ്ട് കാലുകൾ കണ്ടു. ഒരു ആന്തലോടെ എഴുന്നേറ്റിരുന്നുകൊണ്ട് മുകളിലേക്ക് മുഖമുയർത്തി നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്നു പാർഥിപ് വിശ്വനാഥ്‌..! അയാളെ പതർച്ചയോടെ നോക്കിക്കൊണ്ടിരുന്നവൾക്കരികിലേക്ക് അവൻ മുട്ടുകുത്തിയിരുന്നു. പതുക്കെ അവൾ പിന്നിലേക്ക് അല്പം വലിഞ്ഞു നീങ്ങിയിരുന്നു. അപ്പോൾ അയാളല്പം മുന്നിലേക്ക് നിരങ്ങിച്ചെന്നു. പേടികൊണ്ടവൾ തലകുനിച്ചു. അവന്റെ സാന്നിധ്യം കൂടുതൽ അടുത്തടുത്തു വരുന്നതവൾ അറിഞ്ഞു.

പകച്ചിലോടെ കാൽമുട്ടുകളിൽ മുഖം പൊത്തി. കാലുകളിൽ ചുറ്റിപ്പിടിച്ചിരുന്ന കൈകളിൽ അയാളുടെ ദേഹം അമർന്നു വന്നു. "അരുത്........." വാക്കുകൾ പാതി മുറിഞ്ഞുപോയി.. അവളുടെ വാക്കുകളെ തട്ടിത്തെറിപ്പിച്ചുകൊണ്ടവനാ മുടിയിഴകളിൽ മൃദുവായി തൊട്ടു. അവളുടെ ദേഹത്തിലൂടൊരു ഇടിമിന്നൽ പറഞ്ഞുപോയി.. മെല്ലെയവൻ അവളുടെ പിൻകഴുത്തിൽ നിന്നും മുടി വിരലുകൾ കൊണ്ട് തലോടി മാറ്റി. തന്റെ വിരലുകളിൽ പതിവില്ലാത്തവിധം വിറച്ചിൽ മുളക്കുന്നതവനും അറിയുന്നുണ്ടായിരുന്നു.. "വേ....... ണ്ടാ...." അവളുടെ കലങ്ങിയ സ്വരം. അയാളുടെ നിശ്വാസം അവളുടെ പിൻകഴുത്തിൽ മെല്ലെ തൊട്ടതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു. പാവാടയിൽ കൈകൾ മുറുക്കിപിടിച്ചു. പെട്ടെന്ന് പിൻകഴുത്തിലെ പൊള്ളിയ മുറിവിന്മേൽ മരുന്നു പുരളുന്നതറിഞ്ഞു...... ചൂടേറിയ മുറിവിന്മേൽ തണുപ്പേറിയ അയാളുടെ വിരലുകളുടെ സ്പർശനമേറ്റ് അവൾ അറിയാതെ ദീർഘമായൊന്നു നിശ്വസിച്ചു...........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story