Love Me Like You Do ❤️: ഭാഗം 4

Love Me Like You Do

രചന: ആദിത്യൻ മേനോൻ

 "വേ....... ണ്ടാ...." അവളുടെ കലങ്ങിയ സ്വരം. അയാളുടെ നിശ്വാസം അവളുടെ പിൻകഴുത്തിൽ മെല്ലെ തൊട്ടതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു. പാവാടയിൽ കൈകൾ മുറുക്കിപിടിച്ചു. പെട്ടെന്ന് പിൻകഴുത്തിലെ പൊള്ളിയ മുറിവിന്മേൽ മരുന്നു പുരളുന്നതറിഞ്ഞു...... ചൂടേറിയ മുറിവിന്മേൽ തണുത്ത വിരലുകളുടെ സ്പർശനമേറ്റ് അവൾ അറിയാതെ ദീർഘമായോന്ന് നിശ്വസിച്ചു. വിറയലോടെ, കരുതലോടെ, അവനവളുടെ മുറിവിന്മേൽ മരുന്നു പുരട്ടി. "ഒരുപാട് സഹിക്കണുണ്ടല്ലേ..?" മരുന്നു പുരട്ടി തീർന്നതും പാർഥിപൻ അവൾക്ക് മുന്നിലായി വന്നിരുന്നു. അല്പം കൂടെ പിന്നിലേക്ക് വലിഞ്ഞു നീങ്ങിക്കൊണ്ടവൾ അവനെ നോക്കി. "ഭാര്യയും ഭർത്താവും ആവുമ്പോ അടിയും വഴക്കുമൊക്കെ ഉണ്ടാവും...." "ആർക്കും ആരുടേയും അടി കൊള്ളേണ്ട കാര്യമൊന്നുമില്ല. അത് തിരിച്ചറിയുന്ന കാലത്തോളമേ ഭാര്യമാർ ഭർത്താക്കന്മാരുടെ അടിയും സഹിച്ച് നിൽക്കുകയുള്ളൂ." പാർഥിപന്റെ സ്വരം ഇത്തവണ അല്പംകൂടി കനത്തു. അവൾ മറുപടി പറയാതെ മുഖം താഴ്ത്തി.

"മരുന്നിനു നന്ദി. ദയവായി ഇവിടെനിന്നു പോകൂ. സിദ്ധേട്ടൻ വരുമ്പോൾ നിങ്ങളെയിവിടെ കണ്ടാൽ......" കൂടുതൽ വൈകിപ്പിച്ചില്ല. പിന്നീടൊരാക്ഷരം മിണ്ടാതെ പാർഥിപൻ എഴുന്നേറ്റു. ഇറങ്ങിപ്പോകാൻ നേരം ഒന്നുകൂടെ അവളെയൊന്ന് തിരിഞ്ഞു നോക്കി. അസഹ്യമായ നീറ്റലുകൊണ്ട് തലയുയർത്താതെ അപ്പോഴുമവൾ കാൽമുട്ടിൽ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്നു. അവന് വേദന തോന്നി. ദേഷ്യമിരച്ചു കയറി. എങ്കിലുമവൻ ഒന്നും ചെയ്യാനാവാതെ ആ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി... ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹 എന്നത്തേയും പോലെ അന്ന് രാത്രിയും സിദ്ധാർഥൻ അർദ്ധബോധത്തോടെയാണ് വീട്ടിൽ വന്നത്. ദൂരെ നിന്നും അയാൾ ബൈക്കിൽ വരുന്നത് കണ്ടാലേ അയാൾ ഏതവസ്ഥയിലാണ് വരുന്നതെന്ന് മായക്ക് ഊഹിക്കാം. ഇപ്രാവശ്യം കുറച്ചധികം കുടിച്ചിട്ടുണ്ടെന്ന് തോന്നുന്നു, അവൾ താങ്ങിപ്പിടിച്ചാണ് അകത്തു കൊണ്ടുപോയി കിടത്തിയത്. പിൻകഴുത്തിലെ മുറിവിൽ മുടിയിഴകൾ തട്ടുമ്പോൾ ഒടുക്കത്തെ വേദനയാണ്. പാർഥിപൻ തന്നിട്ട് പോയ മരുന്ന് ഇടയ്ക്കിടെ അവൾ പുരട്ടി കൊടുക്കുന്നുണ്ട്.

എങ്കിലും അസഹ്യമായ നീറ്റൽ അവശേഷിച്ചു. രാത്രി ഏകദേശം പതിനൊന്നു കഴിഞ്ഞിരുന്നു. സിദ്ധാർത്ഥൻ ഇനി കണ്ണ് തുറക്കണമെങ്കിൽ നേരം വെളുക്കണം. സിദ്ധാർഥന്റെ അരികിൽ വെറുതെ കണ്ണുകളടച്ചു കിടക്കുകയായിരുന്നു. ഉറക്കം വന്നതേയില്ല. കണ്ണുകൾ വെറുതെ നിറഞ്ഞു വന്നു. അപ്പോഴതാ ജനവാതിലിൽ ആരോ മുട്ടുന്ന ശബ്‌ദം കേൾക്കുന്നു.. പെണ്ണിന്റെ ഉള്ളിലൊരു വിറച്ചിൽ കടന്നു വന്നു. ഉച്ചത്തിലുള്ള മുട്ടലൊന്നുമല്ല, പതുക്കെ, വളരെ പതുക്കെ.. അതാരായിരിക്കുമെന്ന് ഊഹിക്കാമായിരുന്നു. ഈ നേരത്ത് സിദ്ധാർഥന്റെ വീട്ടിൽ വന്നു കതകിനു മുട്ടാൻ ധൈര്യമുള്ള ഒരുത്തനെ ആ നാട്ടിലുള്ളു. അതവൾക്കും ഇതിനോടകം ബോധ്യപ്പെട്ടിരുന്നു. മെല്ലെ എഴുന്നേറ്റു ചെല്ലുന്നതിനിടെ സിദ്ധാർഥൻ ഉണർന്നില്ലായെന്ന് ഒന്നുകൂടെ തീർച്ചപ്പെടുത്തി. മെല്ലെ ജനലിന്റെ കൊളുത്തഴിച്ച് വാതില് തള്ളിതുറന്നു.

കണ്ടതും പാർഥിപന്റെ മുഖം തെളിഞ്ഞു. അവനെ കണ്ട അവളാകട്ടെ പേടിച്ചുകൊണ്ട് രണ്ടടി പിന്നിലേക്ക് നിന്നു തല താഴ്ത്തി. "പേടിക്കണ്ട.. ഞാനിതു തന്നിട്ട് പോകാൻ വന്നതാണ്.." പോക്കറ്റിൽ കയ്യിട്ടുകൊണ്ടവൻ ഒരു കൂട്ടം ജനൽപ്പാളിക്കരികിൽ വച്ചു. "കുറച്ചു മെഡിസിൻസ് ആണ്.. സിഗരറ്റിന്റെ പൊള്ളലല്ലേ ഇൻഫെക്ഷൻ ഒന്നും ഉണ്ടാവാതിരിക്കാൻ.." അവനത്രയും പറഞ്ഞത് അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടാണ്. അവൾ അവന് മുഖം കൊടുക്കാതെ തലകുനിച്ചു മിണ്ടാതെ നിന്നു. രണ്ട് നിമിഷം അവളെ നോക്കിനിന്ന ശേഷം പാർഥിപൻ തിരിഞ്ഞു നടന്നു. അവൻ പോകുന്നതവൾ ജനാലയ്ക്കരികിലേക്ക് നടന്നുച്ചെന്നുകൊണ്ട് നോക്കിക്കണ്ടു. ജനലരികിൽ അവൻ വച്ചിട്ട് പോയ മെഡിസിൻ പാക്കറ്റുകൾ കൈകളിലെടുത്തുകൊണ്ട് അവൾ ആ നിൽപ്പ് തുടർന്നു...... ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

"കണ്ണാ രാവിലെ തന്നെ നീയിതെങ്ങോട്ടാ.. ചെക്കൻ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. എന്നെയാട്ട് ഉറക്കീട്ടുമില്ല." മകന്റെ ബുള്ളറ്റ് ശബ്‌ദം കേട്ടതും കിടന്നിടത്തുനിന്നും എഴുന്നേറ്റ് നീരുവച്ച കാല് വേച്ചുവേച്ച് വാസുകിയമ്മ ഉമ്മറത്തേക്കെത്തി. "ഞാനൊന്ന് അവിടം വരെ പോയി നോക്കട്ടെ അമ്മേ.." പാർഥിപൻ ബുള്ളറ്റും സ്റ്റാർട്ട്‌ ചെയ്ത് പോകാനിറങ്ങുകയായിരുന്നു. "വല്ലതും കഴിച്ചേച്ചു പോടാ ചെറുക്കാ.." വാസുകിയമ്മ മകന്റെ അരികിലേക്ക് നടന്നെത്തിക്കൊണ്ട് ബുള്ളറ്റിന്മേൽ കൈവച്ചു. "അതൊക്കെ ഞാൻ വന്നിട്ട് കഴിക്കാം എന്റെ അമ്മേ.. ഞാനൊന്നു പോയി നോക്കട്ടെ. പോയിട്ട് ഭേദമായിട്ടുണ്ടോന്ന് അന്വേഷിച്ചിട്ട് വരാം.." പാർഥിപൻ തിടുക്കം കാട്ടി. വാസുകിയമ്മ പെട്ടെന്ന് ബുള്ളറ്റിന്റെ കീ വലിച്ചൂരിയെടുത്തു. വണ്ടി ഓഫായി. "ഈ അമ്മയെക്കൊണ്ട് ഞാൻ തോറ്റു.." "നീ കഴിക്കാതെ പോകുന്നത് എനിക്കൊന്ന് കാണണം. വന്ന് വന്ന് ചെക്കന് തീറ്റയും ഒറക്കവും വരെ ഇല്ലാതായി.." ചാവി വിരലിലിട്ടു കറക്കിക്കൊണ്ട് ഗമയോടെ വാസുകിയമ്മ അകത്തേക്ക് കേറിപ്പോയി. പിന്നാലെ വണ്ടിയിൽ നിന്നുമിറങ്ങിക്കൊണ്ട് പാർഥിപ് വിശ്വനാഥും...

"നീയിന്നലെ ഗുളിക കൊണ്ടുപോയി കൊടുത്തിട്ട് ആ കൊച്ച് എന്ത് പറഞ്ഞു?" വാസുകിയമ്മ തന്റെ അരികിലിരുന്നു ധൃതിയോടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പാർഥിപനോട് ചോദിച്ചു. "ഓ എന്ത് പറയാൻ.. ഒന്നും മിണ്ടിയില്ല.." അത് പറയുമ്പോൾ വാക്കുകളിലെ നിരാശ വാസുകിയമ്മ മനസ്സിലാക്കി. "നിനക്കവളെ ഇഷ്ടമാണല്ലേ...." വാസുകിയമ്മ മകന്റെ തലയിൽ തലോടി.. "അത്... അമ്മയൊന്നു പോയേ..." പാർഥിപൻ ജാള്യതയോടെ തലതാഴ്ത്തി. "ആ കൊച്ചെങ്ങനെ ആ മനുഷ്യപ്പറ്റില്ലാത്തവന്റെ ഉപദ്രവവും സഹിച്ച് അവിടെ ജീവിക്കുന്നു എന്നാ ഞാനാലോചിക്കുന്നെ.." പാർഥിപൻ കഴിക്കുന്നതും നോക്കിയിരുന്നുകൊണ്ട് വാസുകിയമ്മ അത്ഭുതത്തോടെ പറഞ്ഞു. "എല്ലാർക്കും വാസുകി വിശ്വനാഥിനെപ്പോലെ ഭർത്താവിന്റെ തലക്ക് മരപ്പലക വച്ചടിച്ചിട്ട് ഇറങ്ങിവരാനുള്ള ധൈര്യമുണ്ടാവണം എന്നില്ലല്ലോ.." കേട്ടപ്പോൾ വാസുകിയമ്മയുടെ മുഖത്ത് അഭിമാനം തെളിഞ്ഞു. അവർ പതുക്കെ മന്ദഹസിച്ചു. "അത് ശരിയാ. പക്ഷേ അടികിട്ടി അടികിട്ടി മരിച്ചുപോകുമെന്ന് തോന്നിത്തുടങ്ങിയാ പെണ്ണുങ്ങളും തിരിച്ചടിച്ചു തുടങ്ങും.

ആണിനെപ്പോലെ തന്നെ പെണ്ണിനും സ്വന്തം നിലനിൽപ്പ് പ്രധാനമാണ്." തന്റെ അമ്മയുടെ വാക്കുകൾ കേട്ടിരുന്ന പാർഥിപ് വിശ്വനാഥിന് അവരുടെ മകനായതോർത്ത് അഭിമാനം തോന്നി. "പക്ഷേ അവളയാളെ വല്ലാതെ സ്നേഹിക്കുന്നുണ്ട്. മായ അങ്ങനെയെളുപ്പം അയാളെവിട്ട് ഇറങ്ങിപ്പോകുമെന്ന് തോന്നുന്നില്ല..." എന്തോ ഓർത്തതുപോലെ പാർഥിപൻ പറഞ്ഞു. "അതെങ്ങനെയാ. സ്നേഹം കൂടാതെ ജീവിക്കാൻ പാടാണ് മോനെ. സ്നേഹം കിട്ടാൻ വേണ്ടി മനുഷ്യൻ ഏതറ്റം വരെയും പോകും. എവിടെയും താഴ്ന്നു കൊടുത്തുപോകും." വാസുകിയമ്മ ഗൗരവ ഭാവത്തോടെ പറഞ്ഞു. "അയാൾ അമ്മയെ സ്നേഹിച്ചിരുന്നോ?" പാർഥിപൻ ചോദിച്ചു. "അത് മാത്രമാണ് അയാളെന്നോട് ചെയ്യാതിരുന്നിട്ടുള്ളത്. ആ ദ്രോഹം കൂടി അയാൾ എന്നോട് ചെയ്തിരുന്നുവെങ്കിൽ ഞാനിന്നും അയാളുടെ കൂടെ അയാളെ സഹിച്ചും ക്ഷമിച്ചും ജീവിച്ചേക്കുമായിരുന്നു.

അയാളത് ചെയ്യാഞ്ഞത് നന്നായി. ചിലപ്പോഴൊക്കെ ചേറിൽ കിടക്കുന്ന സ്നേഹമായാലും മനുഷ്യനത് വിലപ്പെട്ടതാകും മോനെ...." വാസുകിയമ്മ പതുക്കെ എഴുന്നേറ്റ് അടുക്കളയ്ക്ക് നേരെ നടന്നു. "അമ്മ അയാളെ ഒരുപാട് സ്നേഹിച്ചിരുന്നു അല്ലേ?" പാർഥിപൻ അമ്മയുടെ മുഖത്ത് നോക്കിയില്ല. കേട്ടതും അമ്മയൊന്നു നിന്നു. "അയാളെ ഞാൻ വെറുതെ സ്നേഹിച്ചതല്ല. എന്റെ ജീവൻ മുഴുവനും അയാൾക്ക് കാണിക്ക വച്ചിട്ടാണ് ഞാനയാളെ സ്നേഹിച്ചത്. നീണ്ട രണ്ടര വർഷക്കാലം അയാളുടെ ആട്ടും തുപ്പും തെറിയുമെല്ലാം സഹിച്ച് അയാൾക്കൊപ്പം ജീവിച്ചത് അയാളോടുള്ള സ്നേഹം കൊണ്ടാണ്. നിന്നെ വയറ്റിലായിരിക്കെ അയാളുടെ തലക്ക് മരപ്പലക വച്ചടിച്ച് ഇറങ്ങിപ്പോന്നതും സ്നേഹം കൊണ്ട് മാത്രമാണ്. എനിക്കെന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് മാത്രം..." അത്രയും പറഞ്ഞു തീരുന്നത് വരെ വാസുകിയമ്മ തിരിഞ്ഞു നോക്കിയതേ ഇല്ല. എങ്കിലും അവരുടെ മുഖത്തപ്പോഴും ഒന്നുമാത്രമേ ഉള്ളൂവെന്ന് പാർഥിപന് ഉറപ്പാണ് - അഭിമാനം.... ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

തലേന്ന് രാത്രി പാർഥിപൻ തന്ന ഗുളികകൾ കുടിച്ചതുകൊണ്ടുള്ള ക്ഷീണത്തിൽ രാവിലെ എഴുന്നേൽക്കാൻ വൈകിയിരുന്നു. സമയം നോക്കിയപ്പോൾ എട്ടര കഴിഞ്ഞു. അരികിൽ നോക്കിയപ്പോൾ സിദ്ധാർഥനെയും കാണാനില്ല. തിടുക്കത്തോടെ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ തലയിലൂടെയൊരു മിന്നൽ കടന്നു പോയി. ഒടുക്കത്തെ അസ്വസ്ഥത കാരണം ദേഹമാസകാലം വേദനിച്ചു. പയ്യെ പയ്യെ എഴുന്നേറ്റു ചെന്നപ്പോൾ അടുക്കളയിൽ എന്തൊക്കെയോ തട്ടലും മുട്ടലുമൊക്കെ കേട്ടു. ഉള്ളില് നേരിയൊരു അങ്കലാപ്പ് പടർന്നു. ചെന്നു നോക്കിയപ്പോൾ സിദ്ധാർഥനാണ്. ദോശമാവ് തവയിലേക്കൊഴിച്ച് വട്ടത്തിൽ പരത്തുന്ന തിരക്കിലാണയാൾ. ദോശയുടെ ആകൃതി മാറി ചതുരവും തൃകോണുവുമെല്ലാമാവുന്നുണ്ട്. ഇതെന്തു മറിമായമെന്ന് ചിന്തിച്ച് അന്തം വിട്ടു നോക്കി നിൽക്കുമ്പോൾ സിദ്ധാർഥൻ കാണുകയും കണ്ടപ്പോൾ ചിരിക്കുകയും ചെയ്തു. "എണീറ്റോ..." ചിരിച്ചുകൊണ്ടയാൾ അടുത്തേക്ക് വന്നു. കടുത്ത വേദനയിലും ചിരിക്കാൻ ശ്രമിച്ചു. സിദ്ധാർഥൻ അവളെ പൊക്കിയെടുത്ത് അടുക്കളയുടെ റാക്കിൽ കൊണ്ടുപോയിരുത്തി.

"എന്താ പതിവില്ലാതെ കുക്കിംഗ്‌ ഒക്കെ..?" "ചുമ്മാ.. നിന്നെ സഹായിക്കാമെന്ന് തോന്നി." അയാൾ ചിരിച്ചു. ശ്രമപ്പെട്ടുകൊണ്ട് അവളൊരു പുഞ്ചിരി വിടർത്തി. അത് പക്ഷേ പെട്ടെന്ന് തന്നെ മാഞ്ഞുപോകുകയും ചെയ്തു. "നിനക്കിപ്പോഴും എന്നോട് ദേഷ്യമാണോ?" അവളെ വരിഞ്ഞു പിടിച്ചുകൊണ്ടു മൂക്കിൻതുമ്പത്ത് സ്വന്തം മൂക്കുമുട്ടിച്ചുകൊണ്ട് അയാൾ ചോദിച്ചു. ഇല്ലെന്ന് അവളുടെ തലയനങ്ങി. "സോറി....." അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു. ഒന്നും മിണ്ടാതെയവൾ മൗനം പാലിച്ചു നിന്നു. "അറിയാതെ പറ്റിപ്പോയതാ. സോറി.." അയാൾ മറുപടിക്കായി കാത്തു. മറുപടിയുണ്ടായില്ല. "നീയെന്നോട് ക്ഷമിക്കില്ലല്ലേ...." പെട്ടെന്നയാളുടെ മുഖഭാവം മാറി. നിറഞ്ഞ കണ്ണുകളിൽ ദേഷ്യം പരന്നു.

അവൾക്ക് പേടി തോന്നിത്തുടങ്ങി. ഒരൽപ്പം പിന്നോട്ട് മാറിക്കൊണ്ടയാൾ ദോഷക്കല്ലിൽ വെച്ചിരുന്ന ചട്ടുകമെടുത്ത് സ്വന്തം കൈവെള്ളയിൽ വെച്ചു. "എന്തായിത് സിദ്ധേട്ടാ......!!!" വെപ്രാളത്തോടെ റാക്കിനുമേൽ നിന്നും ചാടിയിറങ്ങിക്കൊണ്ടവൾ അവന്റെ കയ്യിലെ ചട്ടുകം വാങ്ങി താഴെയിട്ടു. അയാളുടെ കൈ പൈപ്പിന് നേരെ കാണിച്ച് കഴുകി തണുപ്പിച്ചു. അയാളപ്പോഴും അവളെ നോക്കി നിൽക്കുകയായിരുന്നു. "നീയെന്നോട് ക്ഷമിക്കില്ലല്ലോ..." പറഞ്ഞതുമവൾ അയാളെ ധൃതിയോടെ കെട്ടിപ്പിടിച്ചു. കണ്ണുകൾ നിറഞ്ഞു വന്നു. "നിനക്കെന്നോട് വെറുപ്പാണോ മായേ? ഞാൻ അത്രക്ക് ദുഷ്ടൻ ആണോ?" "അല്ല.. അല്ല... എന്റെ സിദ്ധേട്ടനെ എനിക്ക് വല്യ ഇഷ്ടാണ്. സിദ്ധേട്ടനെ ഞാനൊരിക്കലും വെറുക്കില്ല..." അവളയാളുടെ നെഞ്ചത്ത് മുഖം പൊത്തിവച്ചുകൊണ്ട് കരഞ്ഞു.......കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story