Love Me Like You Do ❤️: ഭാഗം 5

Love Me Like You Do

രചന: ആദിത്യൻ മേനോൻ

"ഞാനേയ്‌ ഇന്ന് നേരത്തേ വരാട്ടോ.. നമ്മക്കിന്ന് ഭക്ഷണമൊക്കെ പുറത്തൂന്ന് ആവാം. കൊറേ നാളായില്ലേ നമ്മൾ രണ്ടാളുമൊന്നിച്ച് പുറത്തൊക്കെ പോയിട്ട്..." സിദ്ധാർഥൻ വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നതിനിടയിൽ പറഞ്ഞു. കേട്ടപ്പോ ഒത്തിരി സന്തോഷം തോന്നി. അത് കണ്ണുകളിലും തെളിഞ്ഞു. "സത്യാണോ.....?" വിശ്വാസം വരാത്ത മട്ടിൽ ഒന്നുകൂടെ ചോദിച്ചും. "സത്യാ...." പല്ലിളിച്ചു കാട്ടിക്കൊണ്ടവൻ വണ്ടിയുമെടുത്തു ഗേറ്റ് കടന്നു പോയി. സന്തോഷം കൊണ്ട് പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞു. മുറിയിലേക്കോടിച്ചെന്ന് കട്ടിലിനടിയിൽ നിന്നും ഒരു വലിയ സ്യൂട്ട്ക്കേസ് പുറത്തെടുത്തു. തുറന്നു നോക്കിയപ്പോളതാ പല നിറങ്ങളിലുള്ള സാരിക്കെട്ടുകൾ. പൊതുവെ സാരിയുടുക്കാറില്ല. പക്ഷേ ഒരുപാട് സാരികൾ കയ്യിലുണ്ട്. എല്ലാം നിറം മങ്ങാത്ത പുതുപുത്തൻ സാരികൾ. അവയിൽ നിന്നും ഒരു ചുവന്ന സാരി തെരഞ്ഞെടുത്തു. ചോരനിറത്തിലുള്ളത്.. എഴുന്നേറ്റു നിന്നു സാരി മുഴുവനായി നിവർത്തിയതും അതിനിടയിൽ നിന്നും ഒരു ഫോട്ടോ നിലത്തേക്ക് വീണു.

പതുക്കെയത് കയ്യിലെടുത്തു.. മുഖത്ത് നിരാശയും സ്നേഹവും തുളുമ്പി.... "അമ്മ..." ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു. അമ്മയുടേതെന്ന് പറയാൻ ഈ ഒരൊറ്റ ഫോട്ടോ മാത്രമേ കയ്യിലുള്ളു. അതും പാതി മങ്ങി മുഖം അവ്യക്തമായി മാറിയൊരു ഫോട്ടോ. ഇതല്ലാതെ അമ്മയെ ഓർമ്മിക്കാൻ ഒരവസരം പോലും അമ്മ തന്നിട്ടില്ല. അമ്മ ഒരിക്കൽ പോലും കണ്ടിട്ടോ തൊട്ടിട്ടോ സ്നേഹിച്ചിട്ടോ ഇല്ല. എങ്കിലും നിന്റെ പിഴച്ച തള്ള നിന്നെ ഇട്ടിട്ടു പോയെന്ന് അച്ഛമ്മയോ കള്ള് കുടിച്ചു വരുന്ന സിദ്ധാർഥനോ പറയുമ്പോൾ കണ്ണുകൾ നിറയും. അമ്മയെ ഓർത്തു കരയും.. അമ്മയുടെ മങ്ങിയ ചിത്രത്തെ നെഞ്ചിലേക്ക് ചേർത്തു വച്ചപ്പോൾ കണ്ണുകളിൽ നീരു പൊടിഞ്ഞു. കരുതലോടെ ആ ചിത്രം സ്യൂട്ട്കേസിൽ എടുത്തുവച്ചിട്ട് എഴുന്നേറ്റു. കണ്ണാടിയുടെ മുന്നിൽ വന്നു സാരി തോളിലേക്ക് വിരിച്ചിട്ടു. മുഖം വീണ്ടും തെളിഞ്ഞു.

സമയമാവുന്നത് നോക്കിയിരുന്നു... അൽപം കഴിഞ്ഞ് ഡോർ ബെൽ റിങ് ചെയ്യുന്നത് കണ്ട് ധൃതിയിൽ ഉമ്മറത്തേക്കോടി. സിദ്ധാർഥൻ വന്നതാവുമെന്ന് പ്രതീക്ഷിച്ച് ആവേശത്തോടെ ഉമ്മറവാതിൽ തുറന്നു. തൊട്ടു മുന്നിൽ നിന്ന പാർഥിപനെ കണ്ട് ഒന്നമ്പരന്നു. കയ്യിലെ സാരി പിന്നിലേക്ക് പിടിച്ചു.. പാർഥിപൻ മെല്ലെ പുഞ്ചിരിക്കാൻ ശ്രമിച്ചു. മറുപടിയായി മനസ്സില്ലാമനസ്സോടെ തിരിച്ചും പുഞ്ചിരിച്ചു കാട്ടി.. "ഞാൻ..... പൊള്ളലെങ്ങനെയുണ്ടെന്നറിയാൻ......." പാർഥിപന് വാക്കുകൾ മുട്ടി. "കു.... കുഴപ്പമില്ല......" ഉള്ളിലെ പതർച്ച വാക്കുകളിലും പടർന്നു. "മ്മ്..... എന്നാ ഞാൻ പോകട്ടെ..." അത്രമാത്രം പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു. പോകുന്നതിനിടെക്ക് തിരിഞ്ഞു നോക്കിയപ്പോൾ വാതിൽക്കൽ അയാളെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. ഒരുനിമിഷം അയാൾക്കവളോട് സ്നേഹം തോന്നി. തിരിഞ്ഞു നടന്നു ചെന്നയാൾ അവളുടെ മുന്നിൽ വന്നു നിന്നു.

എന്തെന്നറിയാതെ അവൾ കണ്ണുകൾ താഴ്ത്തി. "നോക്ക്... ഇയാൾക്ക് എന്ത് പ്രശ്നമുള്ള സമയത്തും എന്റെയാ ബുള്ളെറ്റ് ഇയാളുടെ വീടിന്റെ മുന്നിൽ തന്നെയുണ്ടാവും. എന്നെങ്കിലും ഇയാൾക്കീ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ തോന്നിയാൽ, അന്നും ആ ബുള്ളറ്റും അതിലീ ഞാനും ദേ അവിടെയുണ്ടാവും..." മുറ്റത്തിനപ്പുറത്തെ റോഡിൽ നിർത്തിയിട്ട തന്റെ ബുള്ളറ്റിനെ ചൂണ്ടിക്കാണിച്ച് മുൻപുണ്ടായിരുന്ന വിറച്ചിലും പതർച്ചയുമേതുമില്ലാതെ ഗംഭീരമായൊരു ശബ്ദത്തോടെ പാർഥിപൻ പറഞ്ഞു. കേട്ടതും അവളുടെ മുഖഭാവം മാറി. "എന്താണ് നിങ്ങളുടെ ഉദ്ദേശം? നിങ്ങൾക്കെന്താണ് വേണ്ടത്..? നോക്കൂ, നിങ്ങളുദേശിക്കുന്ന പോലൊരു പെണ്ണല്ല ഞാൻ. എനിക്കൊരു ഭർത്താവുണ്ട്. ഒരു ജീവിതമുണ്ട്. ഇത് വരെ ചെയ്ത സഹായങ്ങൾക്കൊക്കെ നന്ദി. പക്ഷേ ദയവായി ഇനിയെന്റെ ജീവിതത്തിൽ ഇടപെടരുത്..."

അയാളുടെ കണ്ണുകളിലേക്ക് ശക്തിയോടെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു. കൂടുതലൊരു സംസാരത്തിനും വഴികൊടുക്കാതെ അയാൾക്ക് മുന്നിൽ ആ വീടിന്റെ കതക് കൊട്ടിയടച്ചു. അടഞ്ഞ കതകുകൾക്ക് അപ്പുറം നിന്നവളുടെ മനസ്സിലേക്ക് അയാൾ പറഞ്ഞ വാക്കുകൾ വീണ്ടും കടന്നു വന്നു. നിഷ്കരുണം ആ വാക്കുകളെ തള്ളിക്കളഞ്ഞുകൊണ്ടവൾ അകത്തേക്ക് കയറിപ്പോയി. കണ്മുന്നിലെ കതകടഞ്ഞു പോയവന്റെ മുഖത്ത് നിരാശയേറി. എങ്കിലുമയാൾ സ്വതസിദ്ധമായ പുഞ്ചിരി മുഖത്ത് ഫിറ്റ് ചെയ്തുകൊണ്ട് ഇറങ്ങിപ്പോയി. ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 രാത്രി ഏതാണ്ട് എട്ടു കഴിഞ്ഞിരുന്നു. സിദ്ധാർഥൻ ഇനിയും വന്നിട്ടില്ല. കണ്ണാടിക്ക് മുന്നിലിരുന്നു ചുവന്ന സാരിയുമുടുത്ത് കണ്ണുകൾ നീട്ടിയെഴുതി. സാരിയുടെ അതേനിറത്തിൽ ചുണ്ടുകൾ ചുവപ്പിച്ചു. തലമുടി ചീകിയൊതുക്കി.

സന്തോഷം കൊണ്ട് എത്ര അണിഞ്ഞൊരുങ്ങിയിട്ടും മതിവരാത്തത് പോലെ.. എത്രയോ നാൾക്ക് ശേഷമാണ് സിദ്ധാർഥൻ പുറത്തേക്കു കൊണ്ടുപോകാമെന്ന് പറയുന്നത്. സന്തോഷവും കണ്ണീരും ഒരുമിച്ചു വന്നു തളർത്തുകയാണ്. സാരിത്തുമ്പ് കാറ്റിൽ പറത്തിക്കൊണ്ട് മുറിയിലൂടെ പാറിനടന്നു. എന്നിട്ടുമെന്നിട്ടും ഈ കൗതുകം അവസാനിക്കാത്തത് പോലെ..... ഡോർ ബെല്ല് റിങ് ചെയ്യുന്ന ശബ്‌ദം കേട്ടൊന്ന് നിന്നു. ഇത് സിദ്ധേട്ടൻ തന്നെ. വിടർന്ന മുഖത്തോടെ തിടുക്കത്തിൽ ഓടിയെത്തി കതകു തുറന്നു. ചുവരിൽ കൈതാങ്ങി പാതിബോധത്തിൽ തലകുനിച്ചു വന്നു നിൽക്കുന്ന സിദ്ധാർഥനെ കണ്ട് മുഖത്തെ ചിരി മാഞ്ഞു. കണ്ണുകൾ നിറഞ്ഞു. അന്തരീക്ഷമാകെ മദ്യത്തിന്റെ മത്തുപിടിപ്പിക്കുന്ന മണം. അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി. പതുക്കെ തലയുയർത്തി നോക്കിയ സിദ്ധാർഥൻ കണ്മുന്നിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്നവളെ കണ്ടു. അടിമുടി ഒന്നു നോക്കിയതും അവന്റെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു. സിദ്ധാർഥന്റെ മുഖത്ത് ദേഷ്യം പരക്കുന്നത് കാൺകേ അവളുടെ ഹൃദയമിടിപ്പ് വർധിച്ചു വന്നു.

"ഞാൻ വരുന്നതിനു മുന്നേ ഉടുത്തൊരുങ്ങി എങ്ങോട്ട് പോകാനിറങ്ങിയതാ.....?" മുന്നിലേക്ക് നടന്നടുത്തുകൊണ്ട് അവൻ ചോദിച്ചു. അവന്റെ ചുവന്ന നിറം പൂണ്ട കണ്ണുകൾ കണ്ട് അവൾക്ക് പേടി തോന്നി.. "അത് സിദ്ധേട്ടാ......" ഭയത്തോടെ അവൾ രണ്ടടി പിന്നോക്കം മാറി. "സത്യം പറയെടീ.. ആരെക്കാണാനാ ഇങ്ങനെ ഒരുങ്ങിക്കെട്ടിയത്?" നടന്നടുക്കും തോറും സിദ്ധാർഥന്റെ കണ്ണുകളിലെ ക്രോധം കൂടിക്കൂടി വന്നു. "നമുക്ക്..... നമുക്ക് പുറത്ത് പോണ്ടേ സിദ്ധേട്ടാ.." "നമുക്കോ... നീ ഒറ്റക്ക് പോയാ മതി. നീ ആരെയോ കാണാൻ പോകാനിറങ്ങിയതല്ലേ. അവനെ പോയി കണ്ടിട്ട് വാ.. ഞാൻ തടയുന്നില്ല." സിദ്ധാർഥൻ അവളെ കയ്യെത്തിപ്പിടിച്ച് വലിച്ചടുപ്പിച്ചു. "ഉം.. പൊക്കോ.. കഷ്ടപ്പെട്ട് അണിഞ്ഞൊരുങ്ങിയതല്ലേ. പോയ്‌ കണ്ടിട്ട് വന്നാ മതി." മുടിക്കുത്തിൽ അമർത്തി പിടി മുറുക്കി. പിടി വിടാൻ ആവുന്നത്ര ശ്രമിച്ചു നോക്കിയെങ്കിലും അവനിൽ നിന്നും രക്ഷപ്പെടാനായില്ല. കോലായയിലേക്ക് വലിച്ചിഴക്കപ്പെട്ടു. കണ്ണുകൾ നിറഞ്ഞൊഴുകി. കണ്മഷി പരന്ന് മുഖത്ത് കറുപ്പ് പടർത്തി

. "കെട്ട്യോനെയും കൊച്ചിനെയും ഇട്ടേച്ച് വേറൊരുത്തന്റെ കൂടെയിറങ്ങിപ്പോയ ആ തള്ളേടെ മോളല്ലേ നീയും. ആ ഗുണം കാണിക്കാതിരിക്കില്ലല്ലോ. ആരെയാന്ന് വച്ചാ പോയി കണ്ടിട്ട് പതുക്കെ വന്നാ മതി കേട്ടോ..." കുഴഞ്ഞ സ്വരത്തിൽ പറഞ്ഞുകൊണ്ടവൻ അവളെ മുറ്റത്തേക്ക് പിടിച്ചു തള്ളി. നിലത്തുവീഴാതെ അവൾ സ്വയം താങ്ങി നിന്നു. "സിദ്ധേട്ടാ... പ്ലീസ്..." തിരിച്ചു കയറാൻ ശ്രമിച്ചതും അയാൾ അകത്തേക്ക് കയറി വാതിലടച്ചു കുറ്റിയിട്ടതും ഒരുമിച്ചായിരുന്നു. ഉള്ളിലൂടെയൊരു തീപ്പൊരി കടന്നുപോയി. തൊടക്കുഴിയിൽ ശ്വാസം തിങ്ങി. വെപ്രാളംത്തോടെ പാഞ്ഞു ചെന്ന് കതകിനു മുട്ടി. "സിദ്ധേട്ടാ..... കതക് തുറക്ക് സിദ്ധേട്ടാ.... സിദ്ധേട്ടാ......" അന്തരീക്ഷത്തിലെ ഇരുട്ട് കണ്ണുകളിൽ പടർന്നു കയറിയപ്പോൾ മുട്ടലിന് ശക്തി കൂടി. സിദ്ധാർഥൻ ഇതിനോടകം മുറിയിൽ കയറി ഉറങ്ങാൻ കിടന്നിരുന്നു.. കതകിനുമേൽ കൊട്ടിക്കൊട്ടി കൈകൾ ചുവന്നു തുടുത്തു.

ഒച്ചവച്ചു കരഞ്ഞ് ശബ്ദമടഞ്ഞു. തകർന്ന് തളർന്ന് നിലത്തേക്കൂർന്നു വീണു. അപ്പോഴതാ അകലെ നിന്നൊരു ബുള്ളെറ്റ് ശബ്‌ദം. മെല്ലെ മെല്ലെ ആ ശബ്‌ദം അടുത്തടുത്തു വരുന്നു.. ദേഹത്തേക്ക് ആ ബുള്ളറ്റിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചം പതിഞ്ഞപ്പോൾ അവൾ മെല്ലെ തിരിഞ്ഞു നോക്കി. വെളിച്ചം പൂണ്ടു കണ്ണുകൾ പാതി അടഞ്ഞുപോയി. മെല്ലെയാ ഹെഡ്ലൈറ്റ് വെളിച്ചമണഞ്ഞു. വണ്ടി ഓഫ് ചെയ്തുകൊണ്ട് പാർഥിപ് വിശ്വനാഥ് അവൾക്ക് മുഖം കൊടുക്കാതെ ഇറങ്ങി വന്നു. അവൾക്ക് മുന്നിലായി ഉമ്മറപ്പടികളിൽ കയറിയിരുന്നു. ഇത്തവണ അവൾക്കയാളെ പേടി തോന്നിയില്ല. പരിഭ്രമിച്ചു ദൂരേക്ക് നീങ്ങാൻ ശ്രമിച്ചതുമില്ല. ഒന്നുമില്ലാതെ ഒട്ടുമില്ലാതെ അവളയാളെയങ്ങനെ നോക്കി നിന്നു. കൗതുകത്തോടെ.............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story