Love Me Like You Do ❤️: ഭാഗം 6

Love Me Like You Do

രചന: ആദിത്യൻ മേനോൻ

"ഒരു ചായ കുടിച്ചാലോ...?" ഏറെ നേരം കഴിഞ്ഞിട്ടും അവർക്കിടയിൽ സംസാരങ്ങളൊന്നുമുണ്ടായിരുന്നില്ല. അടഞ്ഞ കതകിനു കീഴിലായി ചുവന്ന സാരിയിൽ കാൽമുട്ടിൽ കൈകൾ ചേർത്തുവച്ച് പെണ്ണേതോ ലോകത്തായിരുന്നു. പാർഥിപൻ തിരിഞ്ഞു നോക്കികൊണ്ട് ചോദിച്ചപ്പോൾ പരിഭ്രമത്തോടെ വേണ്ടെന്ന് തലയാട്ടി. അപ്പോൾ അയാൾക്കൊരു കുസൃതി തോന്നി. അയാൾ മെല്ലെ എഴുന്നേറ്റു. "നല്ല തലവേദന.. എന്നാലേ ഞാൻ പോയ്‌ ഒരു ചായയൊക്കെ കുടിച്ചു പതുക്കെ വരാം." കൈകൾ ഉയർത്തി ദീർഘമായി ഒന്നു നിശ്വസിച്ചുകൊണ്ട് പറഞ്ഞു. അവളൊന്നു പരുങ്ങി. അവളെ നോക്കാതെ അയാൾ പതുക്കെ മുറ്റത്തേക്കിറങ്ങി. പേടിച്ചുകൊണ്ടവൾ ചാടിയെഴുന്നേറ്റു. പോകരുതെന്ന് പറയാൻ തോന്നി. ഒറ്റക്ക് പേടിയാണെന്നും പേടിച്ചു പേടിച്ചു ചത്തുപോകുമെന്നും പറയാൻ തോന്നി. അയാൾ പതുക്കെ ഒളിക്കണ്ണിട്ട് പിന്നിലേക്ക് നോക്കി. പിന്നിൽ നിന്ന് അയാളെ തടയാനാവാതെ എന്ത് ചെയ്യണമെന്നറിയാതെ വിറച്ചു നിൽക്കുന്ന പെണ്ണിനെ കണ്ട് ശ്രമപ്പെട്ടുകൊണ്ട് ചിരിയടക്കി.

ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത് അയാൾ പോകാനൊരുങ്ങിയപ്പോൾ അവളുടെ ഉള്ളിലൊരു നടുക്കമുണ്ടായി. "ഞാൻ വരുന്ന വരെ പേടിക്കുവൊന്നും വേണ്ടാട്ടോ. വല്ല പട്ടിയോ ചെന്നായയോ വന്നാ ഒരു കല്ലെടുത്ത് എറിഞ്ഞോടിച്ചാ മതി... പക്ഷേ വല്ല പ്രേതവും വന്നാൽ എന്ത് ചെയ്യും..." വാക്കുകളിൽ മനപ്പൂർവം ഗൗരവം കലർത്തിക്കൊണ്ട് പറഞ്ഞു തീർന്നതും വണ്ടിക്കു പുറകിലായി അവൾ കേറിയിരുന്നതും ഒരുമിച്ചായിരുന്നു. അയാൾക്ക് ഒരേ സമയം അത്ഭുതവും സന്തോഷവും തോന്നി. മുന്നിലെ കണ്ണാടിയിലൂടെ ചിരിയാലെ നോക്കിയപ്പോൾ ആ മുഖം കണ്ട് പൊട്ടിച്ചിരിക്കാൻ തോന്നി... വല്ലാത്തൊരു സന്തോഷത്തോടെ അയാൾ ബുള്ളറ്റ് ഓടിക്കാൻ തുടങ്ങി. ഗേറ്റ് കടന്ന് വണ്ടി റോഡിലേക്കിറങ്ങി. ഇടയ്ക്കിടെ കണ്ണാടിയിലൂടെ അവളെ അയാൾ നോക്കുന്നുണ്ടായിരുന്നു. അയാളുടെ ദേഹത്തു തൊടാതെ ഷർട്ടിന്റെ ഒരു തുമ്പിൽ മാത്രം പിടിമുറുക്കിക്കൊണ്ട് ചുറ്റിലും കൗതുകത്തോടെ നിരീക്ഷിച്ചുകൊണ്ടിരുന്ന പെണ്ണിനെ കണ്ട് അയാളുടെ ചുണ്ടുകൾ വിടർന്നു. നെറ്റിയിലേക്ക് പാറിവീണ മുടി വിരലുകൾ കൊണ്ട് ചെവിക്ക് പിന്നിലായി ഒതുക്കിവെക്കുന്നത് കണ്ട് ഹൃദയം വല്ലാതെയിടിച്ചു.

കൈകൾക്ക് പതിവില്ലാത്തൊരു വിറച്ചിൽ സംഭവിക്കുന്നത് പോലെ. ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനിപ്പോൾ അയാളാണ്. സന്തോഷം കൊണ്ട് അയാളുടെ കണ്ണ് കലങ്ങി. ചിരിയോടെ അയാൾ തന്റെ കണ്ണ് തുടച്ചു. നഗരമധ്യത്തിലേക്ക് എത്തിച്ചേർന്നപ്പോൾ അയാൾക്ക് പിന്നിലിരുന്ന് ചുറ്റിനും നോക്കിക്കണ്ടുകൊണ്ടിരുന്ന അവളുടെ കണ്ണുകൾ പരക്കെ വിടർന്നു. കല്യാണം കഴിഞ്ഞ ഈ ഒന്നര വർഷത്തിനിടക്ക് ഇന്നേവരെ സിദ്ധാർഥൻ തന്നേ പുറത്തു കൊണ്ടുപോയിട്ടില്ല. പഠിക്കുന്ന കാലത്ത് സുഹൃത്തുക്കളുമായി പുറത്ത് പോട്ടേയെന്ന് ചോദിച്ചാൽ കല്യാണം കഴിഞ്ഞ് ഭർത്താവ് കൊണ്ടുപോയ്ക്കോളുമെന്ന് അച്ഛമ്മ ശാസിക്കുമായിരുന്നു. കുടുംബത്തീ പെറന്ന പെൺകുട്ട്യേൾ ഭർത്താക്കന്മാരുടെ കൂടെയേ പുറത്തൊക്കെ പോകാവൂ എന്ന് ഭാനുമ്മായിയും ശരിവെക്കും. അതികം കെട്ടഴിച്ചു വിട്ടാ തള്ളയെ പോലെ കണ്ടവന്മാരുടെ കൂടെ ഇറങ്ങിപ്പോയെക്കുമെന്നും ഭാനുമ്മായി അച്ഛമ്മയെ ഉണർത്തിക്കും. ക്ലാസീന്ന് ടൂർ പോകുന്ന കാര്യം പറഞ്ഞപ്പോഴും നഗരം കാണാൻ പോകുന്ന കാര്യം പറഞ്ഞപ്പോഴുമെല്ലാം ഇത് തന്നെയാണ് ആവർത്തിച്ചത്.

കല്യാണം കഴിഞ്ഞാ കെട്ട്യോന്മാര് കൊണ്ടുപോകുമെന്ന്... പക്ഷേ കല്യാണം കഴിഞ്ഞ് സിദ്ധാർഥൻ അച്ഛമ്മയെയും ഭാനുമ്മായിയേയും പോലും കാണാൻ കൊണ്ടുപോയില്ല. അച്ഛമ്മയോ ഭാനുമ്മായിയോ അന്വേഷിച്ച് ഇങ്ങോട്ടെത്തിയതുമില്ല. സിദ്ധാർഥൻ എച്ചില് പോലെ എറിഞ്ഞുകൊടുത്ത സ്നേഹമാണ് ജീവിതത്തിൽ ആകെ കിട്ടിയ സ്നേഹം. ഒരു കൊച്ചുകുട്ടിക്ക് അന്നുവരെ കാണാത്തൊരു കളിപ്പാട്ടം കിട്ടിയപോലൊരു കൗതുകത്തോടെ അവളാ സ്നേഹത്തെ നോക്കിക്കണ്ടു. ചിപ്പിക്കുള്ളിൽ മുത്തെന്ന പോലെ പൊതിഞ്ഞു വച്ചു.... "ഇറങ്ങുന്നില്ലേ..?" പാർഥിപന്റെ ചോദ്യം കേട്ടപ്പോഴാണ് നഗരത്തിലെ ഒത്തനടുവിലെ റോഡരികിലായി വണ്ടി വന്നു നിന്നുവെന്നവൾ മനസ്സിലാക്കിയത്. ശ്രദ്ധിച്ച് വണ്ടിയിൽ നിന്നുമിറങ്ങി റോഡിന്റെ ഓരത്തേക്ക് അല്പം കൂടി നീങ്ങി നിന്നു ചുറ്റിനും നോക്കി. രാത്രി നേരമേറെ ആയെങ്കിലും റോഡിൽ വാഹനങ്ങളുടെ തിരയാണ്. സ്ട്രീറ്റ് വെളിച്ചം വീണ ഫുട്പാത്തുകളിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മനുഷ്യർ.

അവർക്കിടയിലൂടെ എങ്ങോട്ടെന്നില്ലാതെ പായുന്ന ഒന്നുരണ്ടു പട്ടികൾ. ആദ്യമായാണ് താൻ രാത്രിയിലീ നേരത്ത് നഗരം കാണുന്നത്. വല്ലാത്ത തണുപ്പ്. അസഹ്യമായി തോന്നിയപ്പോൾ കൈകൾ കെട്ടിനിന്നു. അപ്പോഴേക്ക് വണ്ടി പാർക്ക്‌ ചെയ്ത് പാർഥിപൻ അടുത്തെത്തിയിരുന്നു. പാർഥിപനെ കണ്ടതും വീണ്ടും തല താഴ്ത്തിനിന്നു. "വായോ.." തണുത്തു വിറച്ച് നിൽക്കുന്നവളെ കണ്ട് അയാൾ പുഞ്ചിരിച്ചു. അയാൾക്കൊപ്പം തലയും കുനിച്ച് വരുന്നവളെ ഒളിച്ചു നോക്കവേ അയാളുടെ ഉള്ളില് ആനന്ദത്തിന്റെ കടലുണ്ടായി. "ഞാനിപ്പോ വരാം." നഗരവീഥികളിലൂടെ അല്പം മുന്നോട്ട് നടന്നപ്പോൾ അവരൊരു തുണിക്കടയുടെ മുന്നിലെത്തി. പാർഥിപൻ ധൃതിയിൽ അകത്തേക്ക് കയറിപ്പോയി. പുറത്തു നിന്നുകൊണ്ട് അവൾ അയാളെ മെല്ലെ തല പൊക്കി നോക്കി. തിരിച്ചു വരുന്നത് കണ്ട് വീണ്ടും തല താഴ്ത്തി. അടുത്തെത്തിയ അയാൾ അവൾക്ക് നേരെ ഒരു സ്വെറ്റർ നീട്ടി. യാതൊരു മടിയും കൂടാതെ അവളത് വാങ്ങി ധരിച്ചു. അയാളത് നോക്കി സ്നേഹത്തോടെ മന്ദഹസിച്ചു.

ചായക്കട ലക്ഷ്യമിട്ടു നടന്നുകൊണ്ടിരിക്കവേ ഇടയ്ക്കിടെ അയാളവളെ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. പതുക്കെ പതുക്കെ അവൾ തലയുയർത്തി വരുന്നത്.. തനിക്ക് ചുറ്റുമുള്ള ഈ അത്ഭുത ലോകത്തെ വിടർന്ന കണ്ണുകളോടെ നോക്കിക്കാണുന്നത്.. ഇടക്ക് വീശുന്ന ഇളം കാറ്റിൽ അനുസരണയില്ലാതെ മുഖത്തേക്ക് വീഴുന്ന മുടിയിഴകളെ പിന്നെയും പിന്നെയും ചെവിക്കു പിന്നിലേക്ക് ഒതുക്കി വെക്കുന്നത്... ചായം പുരട്ടി ചുവപ്പിച്ച ചുണ്ടുകളിൽ കൗതുകം വിരിയുന്നത്.. കണ്മഷി പാതി കലങ്ങിയ ജീവനറ്റ കണ്ണുകളിൽ നഗരത്തിന്റെ പ്രകാശം നിറയുന്നത്.... അങ്ങനെയങ്ങനെയങ്ങനെ അവളെയാകമാനം അയാൾ മനോഹരമായി നോക്കിനിന്നു. കുറച്ചു കഴിഞ്ഞപ്പോൾ തിരക്ക് കുറഞ്ഞൊരു തട്ടുകടയിലെത്തി. ഒഴിഞ്ഞു കിടന്ന ടേബിളിൽ ചെയർ നീക്കിക്കൊണ്ട് അയാളവളെ ഇരുത്തി. ശേഷം അവൾക്ക് മുന്നിലായി ഇരുന്നു. അയാൾ ശ്രദ്ധിക്കുമെന്ന് കരുതിയാകണം അവൾ അയാൾക്ക് മുഖം കൊടുക്കാൻ മടിച്ച് വീണ്ടും തല കുനിച്ചു. "ഇയാൾക്ക് ചായയോ കോഫിയോ?"

"ചായ മതി....." രാത്രിയിലെ ഭക്ഷണം സിദ്ധാർഥനൊപ്പം പുറത്തുനിന്നും ആവുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാൽ വല്ലാത്ത വിശപ്പുണ്ട്. എങ്കിലും ചോദിച്ചതിന് മാത്രം മറുപടി നൽകി. "വേറെന്തെങ്കിലും..?" പാർഥിപന്റെ ചോദ്യത്തിന് വേണ്ടെന്നവൾ മറുപടി നൽകി. "ഇയാള് ഒന്നും കഴിച്ചിട്ടില്ലല്ലോ.. അവന്റെ കൂടെ പുറത്തു പോകാനിരുന്നതായിരുന്നില്ലേ.. ഞാൻ വല്ലതും കഴിക്കാൻ പറയാം." പാർഥിപൻ പറഞ്ഞു. കേട്ടപ്പോൾ അറിയാതെ കൺകോണിലെവിടെയോ മിന്നൽപോലൊരു നീര് തിളങ്ങി. പാർഥിപൻ എഴുന്നേറ്റു ചെന്ന് കഴിക്കാനെന്തൊക്കെയുണ്ടെന്ന് അന്വേഷിച്ചു തിരിച്ചു വന്നു. "ബ്രെഡ്‌ ഓംലെറ്റ് ഉണ്ട്... തട്ടുദോശയുണ്ട്.... മസാല ദോശയുണ്ട്.... എഗ്ഗ് ദോശയുണ്ട്.... പൊറോട്ടയുണ്ട്.... ഗ്രീൻപീസുണ്ട്.... ചിക്കൻ ഫ്രൈ ഉണ്ട്.. ചിക്കൻ റോസ്റ്റുണ്ട്.... ബീഫ് ഐറ്റംസ് ഉണ്ട്... എന്താ വേണ്ടത്?????" വിരലിൽ എണ്ണിക്കൊണ്ട് ഓർത്തെടുത്തു പറയുന്നവനെ അവളൊരു നിമിഷം നോക്കി നിന്നു. "എന്താണേലും മതി......." മടിച്ചുമടിച്ച് മറുപടി പറഞ്ഞു. "അങ്ങനെ പറഞ്ഞാ എങ്ങനെയാ. ഇയാൾക്ക് ഇഷ്ടമുള്ളത് പറയെടോ."

"എനിക്ക്..... പൊറോട്ടയും ചിക്കൻ ഫ്രൈയും മതി..." പരുങ്ങലോടെയെങ്കിലും ഇത്തവണ അവൾ അയാളെ മുഖം നോക്കി നേരിട്ടു. "ഓക്കെ.. അത് മാത്രം മതിയോ..?" മതിയെന്ന് തലയാട്ടിയപ്പോൾ അയാൾ തിരിച്ചു പോയി. "ചേട്ടാ രണ്ട് പൊറോട്ട, ഒരു ചിക്കൻ ഫ്രൈ, ഒരു മസാല ദോശ, ഒരു ബീഫ് ഫ്രൈ പിന്നെ രണ്ട് ചായയും...." അയാൾ അവിടെ നിന്നും പറയുന്നതവൾ കേട്ടു. ശേഷം അയാൾ തിരിച്ച് വന്നിരുന്നു. അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു. അന്നാദ്യമായി അവൾ അയാൾക്കൊരു മറുചിരി നൽകി. പരിചിത ഭാവത്തിലൊരു ചെറിയ പുഞ്ചിരി. അയാളുടെ ഉള്ളിലൊരു പൂക്കാലമുണ്ടാക്കാൻ ആ ഒരൊറ്റ ചിരി മാത്രം മതിയായിരുന്നു. അയാൾക്കുള്ളിൽ വസന്തമുണ്ടായി. ഒരു നേർത്ത ചിരിയാലെ അയാൾ അവൾക്ക് മുഖം കൊടുക്കാനാവാതെ തല താഴ്ത്തി. തട്ടുകടയിലെ ആളുവന്ന് അവർക്ക് മുന്നിൽ ഭക്ഷണം വിളമ്പി വച്ചു. പാർഥിപൻ പൊറോട്ടയെടുത്ത് അവളുടെ പ്ലേറ്റിലേക്ക് വച്ചുകൊടുത്തു.. "കഴിക്ക്.. വേറെന്തെലും വേണമെങ്കി പറയണേ.."

ഭക്ഷണം മുന്നിൽ കണ്ടപ്പോൾ വിശപ്പുകൊണ്ട് വലഞ്ഞ മുഖം തെളിഞ്ഞു വരുന്നത് അയാൾ നോക്കി നിന്നു. നാവിൽ കൊതിവിട്ടുകൊണ്ടവൾ കഴിക്കുന്നത് കണ്ട് അയാൾക്ക് ചിരി പൊട്ടി. "അതേയ്..." അയാൾ വിളിച്ചു. അവൾ കഴിക്കുന്നതിനിടെ തല പൊക്കി നോക്കി. "എന്നാലും എന്ത് ധൈര്യത്തിന്റെ പുറത്താ ഈ പാതിരാത്രീല് എന്റെ കൂടെ വണ്ടിയില് കേറി വരാൻ തോന്നിയത്?" അയാൾ ചോദിച്ചു. "ഇയാൾക്കെന്നെ ഉപദ്രവിക്കാനോ മറ്റോ ആണ് ഉദ്ദേശമെങ്കിൽ അത് നിങ്ങൾക്ക് എന്നേ ആവാമായിരുന്നല്ലോ. ഇടക്കിടക്ക് രാത്രി വീട്ടിൽ ആരുമില്ലാത്ത നേരത്ത് കറന്റ് പോയാ അനുവേച്ചീടെ വീട്ടിലേക്ക് ഓടുന്ന എനിക്ക് പിന്നിൽ വന്ന് ബുള്ളറ്റിന്റെ വെളിച്ചം കൊണ്ട് വഴി കാട്ടിത്തരുന്ന, സിദ്ധാർഥൻ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴുമെല്ലാം വീടിനു മുന്നിൽ ബുള്ളറ്റ് നിർത്തിയിട്ടിട്ട് എനിക്ക് എന്ത് പ്രശ്നമുണ്ടേലും പാഞ്ഞു വരുന്ന, സിഗരറ്റ് പൊള്ളിയ മുറിവിന് മരുന്ന് പുരട്ടി തന്ന, സിദ്ധാർഥൻ പുറത്താക്കിയ രാത്രിയിൽ പുലരുവോളം എനിക്ക് കാവലിരുന്ന ഇയാളെ ഞാനിനി എന്തിന് പേടിക്കണം...." ഈ മറുപടി അയാൾ പ്രതീക്ഷിച്ചതല്ല. ഇത്ര വലിയൊരു മറുപടി ഇന്നേവരെ അവളയാൾക്ക് കൊടുത്തിട്ടുമില്ല. അയാളാകെ അമ്പരന്നു നിന്നു. അയാൾക്കുള്ളിൽ പ്രേമത്തിന്റെ പ്രളയമുണ്ടായി. അന്നാദ്യമായി ആ പെണ്ണിന് മുന്നിൽ അയാൾ കൗതുകത്തോടെ, പറയാൻ വാക്കുകളില്ലാതെ നിന്നു, അവളയാളെ നോക്കി മടിയേതുമില്ലാതെ പുഞ്ചിരിച്ചുകൊണ്ടും.............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story