Love Me Like You Do ❤️: ഭാഗം 7

Love Me Like You Do

രചന: ആദിത്യൻ മേനോൻ

പാർഥിപന്റെ ഭക്ഷണരീതി അല്പം രസകരമാണ്. മസാല ദോശയും ബീഫ് ഫ്രൈയും. ദോശ മുറിച്ചെടുത്ത് മസാലയും ചുരുട്ടിയെടുത്ത ശേഷം ബീഫ് ഫ്രൈയിൽ മുക്കിയെടുത്താണ് കഴിപ്പ്. അത് ശ്രദ്ധിച്ചപ്പോൾ അവൾക്ക് ആശ്ചര്യവും ചിരിയും ഒരുമിച്ചു വന്നു. "മസാല ദോശയും ബീഫ് ഫ്രൈയും എന്റെ ഫേവറേറ്റ് കോമ്പോ ആണ്.." അയാൾ ചിരിച്ചു. "മായയുടെ അമ്മ എവിടെയാണ്..?" അയാൾ ചോദിച്ചു. മുഖത്തെ ചിരി മാഞ്ഞു.. "അറിയില്ല...." കണ്ണുകൾ ചെറുതായി നനഞ്ഞു. കണ്ണീരിന്റെ കനം കൊണ്ട് തല താണുപോയി. അയാൾക്ക് കൂടുതലൊന്നും ചോദിക്കാൻ മനസ്സ് വന്നില്ല. എങ്കിലുമവൾ മറുപടി പറഞ്ഞു. "അമ്മയെ ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ല. അമ്മക്ക് വേറൊരാളെ ഇഷ്ടമായിരുന്നു. പിറന്ന് വീണ എന്നേ ഹോസ്പിറ്റലിൽ ഉപേക്ഷിച്ച് അമ്മ അയാളുടെ കൂടെ ഇറങ്ങിപ്പോയി. അമ്മ പോയതിൽ പിന്നെ അച്ഛ കുടിച്ചു കുടിച്ചു മരിച്ചു. അച്ഛമ്മേം ഭാനുമ്മായിയുമാണ് നോക്കിയതും പഠിപ്പിച്ചതുമൊക്കെ....." പറഞ്ഞൊന്നു നിർത്തി. ദീർഘമായി ഒന്ന് നിശ്വസിച്ച ശേഷം വീണ്ടും തുടർന്നു.

"മോനെ കൊന്ന പെണ്ണിനോടുള്ള ദേഷ്യവും വെറുപ്പും അച്ഛമ്മേം ഭാനുമ്മായിയും എന്റെ മേലായിരുന്നു തീർത്തിരുന്നത്. പെണ്ണായതുകൊണ്ട് ഞാനും അമ്മേനെപ്പോലെയാവുമെന്നായിരുന്നു അവരുടെ പേടി.." ചൂട് ചായ ഊതിയൂതി കുടിച്ചുകൊണ്ട് പറഞ്ഞു. "പിന്നീടൊരിക്കലും അമ്മയെപ്പറ്റി ഒരു വിവരവുമറിഞ്ഞില്ലേ?" ആ ചോദ്യത്തിന്റെ മൂർച്ചയേറ്റ് നാളുകളായി അവൾ തടയിട്ടു വച്ച വേദനകൾക്ക് നൊന്തു. പതുക്കെ ഇല്ലെന്ന് തലയാട്ടുമ്പോൾ മുഖത്താകെ നിരാശ പരന്നു. "അമ്മയെ ഓർക്കാൻ ഒരു ഫോട്ടോ മാത്രേ എന്റെ കയ്യിലുള്ളു. മുഖം വ്യക്തമല്ലാത്ത പാതി കലങ്ങിയ ആ ഫോട്ടോയിലുള്ള സ്ത്രീയാണ് എന്റെ അമ്മ എന്നുമാത്രമേ അമ്മയെപ്പറ്റി ചോദിച്ചാൽ എനിക്കറിയുകയുള്ളു... അമ്മ കാണാൻ എങ്ങനെയിരിക്കുമെന്ന് ഞാൻ ഒത്തിരി ചിന്തിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ മനസ്സിൽ പോലും അമ്മക്കൊരു മുഖം കണ്ടെത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല..." അവൾ പറഞ്ഞു നിർത്തി. ആ മുഖം കണ്ട് അയാൾക്ക് വേദന തോന്നി. അതുകൊണ്ടാവണം അയാൾ അത്രയും വേഗം വിഷയം മാറ്റിക്കളഞ്ഞത്.

"സിദ്ധാർഥനെ എങ്ങനെയാണ് പരിചയപ്പെടുന്നത്?" "ഭാനുമ്മായി കൊണ്ടോന്നതാ സിദ്ധാർഥനെ. തള്ള ഇട്ടേച്ചുപോയ കൊച്ചിനെ ആര് കെട്ടുമെന്ന അച്ഛമ്മേടെ വേവലാതി തീർന്നത് സിദ്ധേട്ടൻ വന്നപ്പോഴാണ്. സിദ്ധേട്ടനും അമ്മേം അച്ഛനും ആരുമില്ല. ആരുമില്ലെങ്കിലെന്താ അന്തസായിട്ട് പണിയെടുത്തു പോറ്റാനുള്ള മനസ്സുള്ളവനാണെന്ന് ഭാനുമ്മായി അച്ഛമ്മയെ പറഞ്ഞ് സമ്മതിപ്പിച്ചു. എന്നോട് ആദ്യായിട്ട് സ്നേഹത്തോടെ ചിരിച്ചത് എന്റെ സിദ്ധേട്ടനാ. വീട്ടുകാരായാലും നാട്ടുകാരായാലും വേറൊരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയവളുടെ കൊച്ചായിട്ട് മാത്രേ എന്നെ എന്നും കണ്ടിട്ടുള്ളു. അത് മാത്രേ എന്നോടെന്നും ആളോള് സംസാരിച്ചിട്ടുള്ളു. പോയൊരൊക്കെ പോട്ടേന്നും നിനക്കെന്നും ഞാനുണ്ടാവും ന്നും പറഞ്ഞ് എന്റെ കൂടെ നിന്നത് സിദ്ധേട്ടൻ മാത്രമാണ്..." "എന്നിട്ടാണോ അവൻ നിന്നെയിങ്ങനെ തല്ലിക്കൊല്ലുന്നത്?" അയാൾ ഇടയ്ക്കു കയറി പറഞ്ഞു.

"പക്ഷേ....." "അടികൊടുക്കുന്നിടത്തും കൊള്ളുന്നിടത്തും സ്നേഹമില്ല മായേ. അതല്ല സ്നേഹം.." "സിദ്ധേട്ടനു ഞാനല്ലാതെ വേറാരുമില്ല.. പെട്ടെന്ന് ദേഷ്യം വരുമ്പോ നിയന്ത്രണം വിടുമെങ്കിലും എന്നേ വല്ല്യ ഇഷ്ടാ... സിദ്ധേട്ടൻ മാത്രേ എന്നേ സ്നേഹിച്ചിട്ടുള്ളു... സിദ്ധേട്ടന്റെ സ്നേഹം മാത്രേ ഈ ജീവത്തിൽ എനിക്ക് കിട്ടീട്ടുള്ളു.. മറ്റാരുമെന്നെ ഇങ്ങനെ സ്നേഹിച്ചിട്ടില്ല...." കേൾക്കവേ അയാൾക്ക് തല പെരുത്തു വരുന്നത് പോലെ തോന്നി. സങ്കടവും വേദനയും ഒരുമിച്ചു വന്നു. അയാൾ വീണ്ടും ഇടക്ക് കയറി. "സ്നേഹത്തേക്കാൾ വലുതാണ് മായ അഭിമാനം. സ്വന്തം അഭിമാനം.. സ്വന്തം നിലനിൽപ്പ്.. ഒരാൾക്കും മറ്റൊരാളെ തല്ലാനുള്ള അധികാരമില്ല. ഒരാൾക്കും മറ്റൊരാളുടെ തല്ല് കൊള്ളുവാനുള്ള ബാധ്യതയുമില്ല. എല്ലാ ബന്ധങ്ങളിലും ആളുകൾക്ക് അവനവന്റേതായ സ്പേസ് വേണം.. സ്വാതന്ത്ര്യം വേണം.. സമാധാനം വേണം..

സ്നേഹത്തേക്കാൾ മനുഷ്യനാവശ്യം അതാണ് മായ.. നിനക്കില്ലാത്തതും അത് മാത്രമാണ്.. കലം കമിഴ്ത്തിവച്ച് വെള്ളം നിറക്കാൻ ശ്രമിച്ചിട്ടെന്തു കാര്യം!?" അന്നേവരെ അവൾ കണ്ടിട്ടില്ലാത്ത ഗൗരവത്തോടെ അയാൾ പറഞ്ഞു. അവൾ മറുപടിയില്ലാതെ തല താഴ്ത്തി. ഇതൊന്നും താനിതുവരെ കേട്ടിട്ടേ ഇല്ലാത്ത കാര്യങ്ങളാണ്. മനുഷ്യന് ജീവിക്കാനപ്പോൾ സ്നേഹം മാത്രം പോരെന്നാണോ...? അവൾ ചിന്തിച്ചു. "പക്ഷെ.... എനിക്കയാളെയല്ലാതെ മറ്റൊരാളെയും സ്നേഹിക്കാനാവില്ല..." അത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞുവന്നു. "ഒരു തവണ നിനക്കിത് തിരുത്തി പറയേണ്ടിവരും മായ.. സഹിച്ചു സഹിച്ചു ക്ഷമയുടെ നെല്ലിപ്പലക കാണുന്ന ഒരു കാലം എല്ലാ മനുഷ്യരിലുമുണ്ടാവും. അന്നും ഇതുപോലെ നിന്റെയൊപ്പം ഞാനുണ്ടാവും." അയാൾ പറഞ്ഞു. ഇത്തവണ അവളയാളെ എതിർത്തില്ല. അയാളോട് ദേഷ്യപ്പെടുകയോ അയാളുടെ ഉദ്ദേശമെന്താണെന്ന് ചോദിക്കുകയോ ഉണ്ടായില്ല. തല താഴ്ത്തിയിരുന്ന് ഭാവഭേദങ്ങളൊന്നുമില്ലാതെ അവളിരുന്നു. ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

"ഇയാളുടെ വീട്ടുകാരെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ...." ബുള്ളറ്റിൽ അയാൾക്ക് പിന്നിലിരുന്ന് വീട്ടിലേക്ക് തിരിക്കവേ ചോദിച്ചു. "അമ്മയുണ്ട്. എന്റെ വാസുകി.. വീട്ടിൽ അമ്മ മാത്രേ ഉള്ളു.. പതിനഞ്ചാം വയസ്സില് കല്യാണം കഴിഞ്ഞ് പതിനേഴാം വയസ്സില് എന്നേ വയറ്റില് ചുമക്കേണ്ട ഗതികേട് വന്നൊരു പാവം സ്ത്രീയാ.. കെട്ടിച്ചു വിട്ടതൊരു മുഴുഭ്രാന്തന്റെ വീട്ടിലേക്കാണെന്ന് കെട്ട് കഴിഞ്ഞ് മൂന്നാം നാള് തന്നെ മനസ്സിലാക്കി സ്വന്തം വീട്ടിലേക്ക് വിളിച്ചു പറഞ്ഞപ്പോൾ സ്വന്തം വീട്ടുകാർ അവരോട് പറഞ്ഞൊരു കാര്യമുണ്ട്. കെട്ടിച്ചു കഴിഞ്ഞാ പെണ്ണുങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെ ആണെന്ന്... ഇതൊക്കെ സഹിക്കാനും ക്ഷമിക്കാനുമുള്ള ശേഷി പെണ്ണുങ്ങൾക്ക് വേണംന്ന്... ഇയാൾക്കറിയോ.. അമ്മയുടെ വയറ്റിലൊരു നീണ്ട പാടുണ്ട്. ഇപ്പോഴും സാരിയുടുക്കുമ്പോ അമ്മയുടെ വയറ്റിലെ ആ പാട് വ്യക്തമായി കാണാം. ഒരിക്കലയാള് കിടക്കയിൽ കയ്യും കാലും കെട്ടിയിട്ടിട്ട് കത്രിക കൊണ്ട്.......... " അയാൾക്ക് പറഞ്ഞു മുഴുവനാക്കാനായില്ല. കേൾക്കുംതോറും അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി...

മുൻവശത്തെ കണ്ണാടിയിലൂടെ അയാളുടെ നിറഞ്ഞൊഴുകുന്ന മുഖം കണ്ട് അവൾക്ക് അസ്വസ്ഥതയുണ്ടായി. ആശ്വസിപ്പിക്കാനെന്നോണം അവളയാളുടെ പുറകിൽ പതുക്കെ തലോടി. "ഇതൊക്കെ അമ്മേടെ വീട്ടിലറിഞ്ഞിട്ടും കെട്ടിച്ചുവിട്ട പെണ്ണിന്റെ കാര്യത്തിൽ വീണ്ടും തലയിടാൻ അവർക്കാർക്കും താൽപര്യമില്ലെന്ന് പറഞ്ഞ് അവര് കയ്യൊഴിഞ്ഞു. ഇന്നും പെണ്ണുങ്ങൾക്ക് പതിനെട്ടു തികഞ്ഞാൽ വീട്ടുകാർക്കും നാട്ടുകാർക്കുമുണ്ടാവുന്ന ഒരു തിടുക്കമുണ്ട്. എങ്ങനെയെങ്കിലും ഒന്ന് കെട്ടിച്ചയക്കാനുള്ള തിടുക്കം. തലയിൽ നിന്നൊരു ഭാരം ഇറക്കിവെക്കുന്നത് പോലെയാണ് അതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ വെപ്രാളം പക്ഷേ ആണുങ്ങളുടെ കാര്യത്തിലില്ല. പതിനെട്ടു തികയുന്ന വരെ പെണ്ണിനെ നല്ല ഭാര്യയാക്കാനുള്ള ശ്രമങ്ങളാണ്. പതിനെട്ടു തികഞ്ഞാ അപ്പൊ ഏതെങ്കിലും ഒരുത്തന്റെ തലയിൽ കെട്ടിവച്ചാലെ എല്ലാർക്കും സമാധാനമാവുകയുള്ളൂ.

മുപ്പത് വയസ്സായിട്ടും കെട്ടാത്ത ആണുങ്ങൾ കൂളായിട്ട് നടക്കുന്ന ഈ നാട്ടിൽ ആ പ്രായത്തിലുള്ള അവിവാഹിതയായ ഒരു പെൺകുട്ടിയുണ്ടെങ്കിൽ അവൾക്കില്ലാത്ത ചീത്തപ്പേരുകളുണ്ടാവില്ല. ഒന്നുകിൽ അവൾക്കെന്തോ കുഴപ്പമുണ്ടാവും, അല്ലെങ്കിൽ അവൾക്ക് മറ്റെന്തെങ്കിലും പരിപാടിയുണ്ടാകും എന്ന് തുടങ്ങി കഥകൾ അടിച്ചിറക്കാൻ എന്തൊരുത്സാഹമാണ് ആളുകൾക്ക്. പെണ്ണുങ്ങളുടെ കാര്യത്തിൽ അവൾക്കില്ലാത്ത വേവലാതിയാണ് അവളുടെ വീട്ടുകാർക്കും നാട്ടുകാർക്കും. എന്നാലോ ആ കരുതലൊന്നും അവളുടെ കല്യാണശേഷം തീരെയില്ല." അയാൾക്ക് വല്ലാത്ത അസഹിഷ്ണുത തോന്നി. അയാളുടെ ശബ്‌ദത്തിൽ ദേഷ്യവും വെറുപ്പുമെല്ലാം കലർന്നു വന്നു. അവളയാളെ അമ്പരപ്പോടെ കേട്ടു. ഇത്തരം കാര്യങ്ങൾ അവൾ ആദ്യമായി കേൾക്കുകയാണ്. എന്തൊരു കൃത്യതയോടെയാണ് ഇയാള് സംസാരിക്കുന്നതെന്ന് അവളോർത്തു.

അയാൾ തന്റെ ദേഷ്യമകറ്റി വച്ച് ഒന്ന് തണുത്തു. ശേഷം സൗമ്യമായി തുടർന്നു. "മായയുടെ തലയ്ക്കു പിന്നിലായി സിഗരറ്റ് പൊള്ളിച്ച ഒരു പാടല്ലേയുള്ളൂ? എന്റെ അമ്മയുടെ പുറത്ത് അങ്ങനൊരു അഞ്ചാറെണ്ണമുണ്ട്. എന്നിട്ടും അമ്മ അയാളെ സ്നേഹിച്ചു. സ്നേഹിക്കാനാരുമില്ലാത്തപ്പോൾ ഭിക്ഷയായിപ്പോലും ആര് സ്നേഹം വച്ചു നീട്ടിയാലും അതുമതിയെന്ന് തോന്നിപ്പോകും. പക്ഷേ ആ സ്നേഹത്തിൽ സമാധാനമില്ലെങ്കിൽ പിന്നെ സ്നേഹം കൊണ്ടൊരു അർത്ഥവുമില്ല.. മനുഷ്യന് സ്നേഹത്തേക്കാൾ പ്രധാനം മനസ്സമാധാനമാണ്....." അയാൾ വീണ്ടും ഒന്ന് നിർത്തി. ശേഷം തുടർന്നു. "എന്നെ വയറ്റിലുള്ള കാലത്ത് അയാൾക്കൊരു വല്ലാത്ത ആഗ്രഹം തോന്നി. അമ്മയുടെ വയറ്റിലുള്ള എന്നെയൊന്നു പുറത്തെടുത്തു കാണാൻ. അമ്മയെന്നേരം ഉറങ്ങുകയായിരുന്നു. അയാൾ കത്രികകൊണ്ട് വയറ്റിലൊന്ന് തൊട്ടതും അമ്മ വെപ്രാളത്തോടെ ചാടിയെണീറ്റു. ജീവൻ രക്ഷിക്കാൻ വേണ്ടി അലറിക്കൊണ്ട് കയ്യിൽ കിട്ടിയ മരപ്പലകയെടുത്ത് അയാളുടെ തലക്ക് ആഞ്ഞൊരടിയടിച്ചു. അയാൾ തെറിച്ചു നിലത്ത് വീണു.

ഒരടിയടിച്ചപ്പോ ധൈര്യം കൂടി. ഒന്നൂടെ കൊടുക്കാൻ തോന്നി. രണ്ട് മൂന്നായി.. മൂന്ന് നാലായി. അത്രകാലം ഉള്ളിൽ കൊണ്ടുനടന്ന ദേഷ്യവും വേദനയും വെറുപ്പുമെല്ലാം കെട്ടടങ്ങുന്നത് വരെ അയാളെ തല്ലി. അയാൾ നിലത്തു കിടന്ന് ഒരക്ഷരം മിണ്ടാതെ ആ അടിയൊക്കെ കൊണ്ടു. അയാൾ തിരിച്ചടിക്കാതിരുന്നത് പേടിച്ചിട്ടല്ല. അത്രകാലം വരെ അയാളുടെ ആട്ടും തുപ്പും സഹിച്ചു ജീവിച്ചവളിൽ നിന്നും ഇത്തരത്തിലൊരു പ്രതികരണം അയാളൊരിക്കൽ പോലും പ്രതീക്ഷിക്കാതിരുന്നത് കൊണ്ടാണ്. കൊടുത്താൽ തിരിച്ചും വാങ്ങിക്കേണ്ടി വരുമെന്ന തിരിച്ചറിവ് ഉദിച്ചതുകൊണ്ടാണ്....." പാർഥിപൻ പറഞ്ഞു നിർത്തി. അവൾക്കപ്പോഴും ഒന്നും മിണ്ടാനായില്ല. അയാളുടെ വണ്ടി റോഡിൽ നിന്നും ഒരു ചെറിയ കയറ്റത്തിലേക്ക് തിരിഞ്ഞു. "നമ്മളെങ്ങോട്ടാ പോകുന്നത്?" അവൾ ചോദിച്ചു. "എന്റെ വീട്ടിലേക്ക്..." അയാൾ പറഞ്ഞു. കേട്ടപ്പോൾ അവൾക്ക് ആധിയായി. പരിഭ്രമം കൊണ്ട് ഹൃദയമിടിപ്പ് വർധിച്ചു. അല്പം കഴിഞ്ഞതും ഒരു വലിയ വീടിന്റെ ഉമ്മറമുറ്റത്തേക്ക് അവരെത്തിചേർന്നു.

വണ്ടിയിൽ നിന്നുമിറങ്ങാൻ ഭയന്ന് അവൾ ആ ഇരിപ്പ് തുടർന്നു. "പേടിക്കണ്ടാഡോ.. അകത്ത് അമ്മയുണ്ട്..." അവളുടെ മനസ്സ് വായിച്ചെന്ന മട്ടിൽ അയാൾ പറഞ്ഞു. അപ്പോഴതാ വണ്ടിയുടെ ശബ്‌ദം കേട്ടിട്ടെന്ന പോലെ വീടിനകത്തു നിന്നും കോലായയിലേക്കൊരാൾ തലയിട്ടു നോക്കുന്നതവൾ കണ്ടു. ഒരു സുന്ദരിയായ അമ്മ. അവരെയിരുവരെയും കണ്ടതും ആ അമ്മയുടെ മുഖത്ത് ഞെട്ടലിന്റെയും സന്തോഷത്തിന്റെയും തിരയുണ്ടായി. അവർ വിശ്വാസം വരാത്ത മട്ടിൽ കോലായയിലേക്കിറങ്ങി വന്നു. "ആ വരുന്നതാണ് എന്റെ വാസുകിയമ്മ...." പാർഥിപൻ അവളോടായി പതുക്കെ മന്ത്രിച്ചു. അവൾ മെല്ലെ വണ്ടിയിൽ നിന്നും ഇറങ്ങവേ വാസുകിയമ്മ അവർക്കരിലേക്ക് നടന്നടുത്തു. "ഇതല്ലേ മായമോള്...???" അവർ വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി. "കേറി വാ മോളെ...." വാസുകിയമ്മ അവളുടെ കൈകൾ പിടിച്ച് അകത്തേക്ക് നടന്നു. പോകുന്നതിനിടെ പിന്നാലെ ചിരിച്ചുകൊണ്ട് നിന്ന പാർഥിപനെ അവൾ തിരിഞ്ഞു നോക്കി. കൈകൾ കെട്ടി വണ്ടിയിൽ ചാരി നിന്നവന് ആ നോട്ടത്തോട് സ്നേഹം തോന്നി..

"കൊച്ച് വല്ലതും കഴിച്ചതാണോ..?" വാസുകിയമ്മയുടെ ചോദ്യത്തിന് പാർഥിപനൊപ്പം കഴിക്കാനിറങ്ങിയ കഥ മറുപടിയായി പറഞ്ഞു. "കൊച്ച് അവനെ പേടിക്കണ്ടാട്ടോ. അവനാളൊരു പാവമാണ്." അവർ പറഞ്ഞു. അതിനവൾ ചിരിച്ചു കാട്ടി. "ഞാനെയ്.. മോൾക്കെന്തേലും കുടിക്കാനെടുക്കാം. കൊച്ച് ആദ്യായിട്ട് വീട്ടില് വന്നതല്ലേ." വാസുകിയമ്മ തിടുക്കം കാട്ടി. അവളവരെ തടഞ്ഞു നിർത്തി. വാസുകിയമ്മ അവളെ ഹാളിലെ സോഫയിൽ ഇരുത്തിക്കൊണ്ട് അടുത്തായി ചെന്നിരുന്നു. അവളുടെ കൈകൾ സ്വന്തം കൈകളിൽ കരുതലോടെ ചേർത്തു പിടിച്ചു. അവൾക്കാ അമ്മയോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി. "ഈ അമ്മയെ ഇവിടെ ഒറ്റക്കിട്ടിട്ടാണോ അമ്മേടെ മോൻ രാത്രി മുഴുവൻ അവിടെ വന്ന് എനിക്ക് കാവലിരിക്കുന്നേ...." അത് ചോദിക്കുമ്പോൾ ഹാളിലേക്ക് പാർഥിപനും കയറിവന്നു. "കൂട്ടിനൊരാളു വേണ്ടത് ഒറ്റക്കിരിക്കാനറിയാത്തവർക്കല്ലേ.." പാർഥിപനാണ് മറുപടി പറഞ്ഞത്. കേട്ടതും അവളയാളെ കളിയായി കണ്ണുരുട്ടി തിരിഞ്ഞു നോക്കി. ആ നോട്ടം കണ്ട് അയാൾക്ക് ചിരി വന്നു.

"ഒന്ന് പോടാ ചെറുക്കാ. അവനിങ്ങനെയാ. കൊച്ചതൊന്നും മൈൻഡ് ചെയ്യണ്ട." "ഓ.. അപ്പോ നമ്മൾ ഔട്ട്‌.. ആയിക്കോട്ടെ..." പാർഥിപൻ കൈകൂപ്പിക്കൊണ്ട് പതുക്കെ കളമൊഴിഞ്ഞു. അയാൾ ചിരിയോടെ മുകളിൽ തന്റെ മുറിയിലേക്ക് കയറിപ്പോയി. "മോളെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്.. അവനിതു പറയാനേ നേരമുള്ളൂ. അവന്റെ ജീവിതത്തില് ഞാനേ ഉണ്ടായിരുന്നുള്ളു. ഒരിക്കെ എന്നോട് വന്ന് പറയുവാ അമ്മയെപ്പോലെ മറ്റൊരു പെണ്ണിനെ ഞാൻ കണ്ടൂന്ന്. മോളെ ആ പയ്യൻ ഉപദ്രവിക്കണതെന്തോ അവിടെ വച്ച് കണ്ടതെങ്ങാനും ആണെന്ന് തോന്നുന്നു. അങ്ങനെയാ അവനവിടെ തന്നെ ഇരിപ്പ് തുടങ്ങിയത്. മോൾക്കെന്തേലും ആവശ്യം വന്നാലോ എന്നും പറഞ്ഞ് ഇവിടുന്ന് രാവിലെ ഇറങ്ങിയാ പിന്നെ കേറുന്നത് രാത്രീലാ. മോളെ ആ പയ്യൻ പുറത്താക്കി കതകടച്ചാ രാത്രീലും അവൻ അവിടെത്തന്നെ കാണും. മോളെ വല്യ കാര്യാ അവന്." വാസുകിയമ്മ പറഞ്ഞു. അവൾ പുഞ്ചിരി മായാതെ എല്ലാം കേട്ടിരുന്നു. ഇടയ്ക്കിടെ അയാളുടെ മുറിയിലേക്ക് അറിയാതെ കണ്ണുകളോടിച്ചു... ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹

നേരം പുലർന്നു തുടങ്ങിയിരുന്നു. വാസുകിയമ്മയോട് യാത്ര പറഞ്ഞ് പാർഥിപന്റെ വണ്ടിയിലിരിക്കുമ്പോൾ അവൾ പോലുമറിയാതെ അവളുടെ കൈ പാർഥിപന്റെ തോളിൽ പതിഞ്ഞിരുന്നു. ബുള്ളറ്റ് മുന്നോട്ട് നീങ്ങവേ അവൾ തിരിഞ്ഞു നോക്കിക്കൊണ്ട് വാസുകിയമ്മക്ക് കൈ വീശിക്കാണിച്ചു. ഉറക്കം കണ്ണുകളെ തഴുകിത്തുടങ്ങുന്നുണ്ടായിരുന്നു. എങ്കിലും മയങ്ങാൻ മനസ്സനുവദിച്ചില്ല. ഈ കാറ്റും ശാന്തതയും മുൻപവൾ അനുഭവിച്ചിട്ടേ ഇല്ല. അതുകൊണ്ട് ഈ നേരത്തേ നശിപ്പിച്ചു കളയാൻ അവൾക്ക് വയ്യ. വീടിനു മുന്നിലായി പാർഥിപന്റെ ബുള്ളറ്റ് വന്നു നിന്നു. പതുക്കെ ബുള്ളറ്റിൽ നിന്നും ഇറങ്ങിക്കൊണ്ടവൾ അയാൾക്ക് മുന്നിലായി വന്നു നിന്നു. "നേരം വെളുക്കാറായി. എന്നാ ഞാൻ പോട്ടേ?" പാർഥിപൻ ചോദിച്ചു. ശരിയെന്നവൾ തലയാട്ടി. വണ്ടി വളച്ച് അയാൾ തിരികെ പോകുന്നത് നോക്കി അവൾ കുറച്ചു നേരം നിന്നു. അവളറിയാതെ അവൾക്കുള്ളിൽ ഒരു വലിയ കലാപമുണ്ടായി. രണ്ടാണുങ്ങൾ തമ്മിലുള്ള കലാപം. രണ്ട് മുഖങ്ങളുള്ള രണ്ടാണുങ്ങൾ തമ്മിലുള്ള കലാപം. ഓരോന്ന് ചിന്തിച്ചുകൊണ്ട് പതുക്കെ ഉമ്മറത്തേക്ക് കയറിയിരുന്നു.

കഴിഞ്ഞുപോയ രാത്രിയുടെ ഓർമ്മകൾ മനസ്സിൽ ഒരു ചിത്രം പോലെ തെളിഞ്ഞു വന്നു. ഓർക്കുംതോറും അറിയാതെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ആ ചിരിയോടെ പേരാണ് സമാധാനമെന്ന് അവൾക്ക് തോന്നി. സൂര്യൻ ഉദിച്ചു തുടങ്ങി. ഉമ്മറത്താകെ നേരിയ വെയില് പരന്നു. ഉറക്കച്ചടവോടെ, പകൽവെളിവോടെ സിദ്ധാർഥൻ വന്നു വാതിലു തുറന്നു. അവൾ അവനു മുഖം കൊടുക്കാതെ അകത്തേക്ക് കയറിപ്പോയി. "അമ്മൂ...." മുറിയിലേക്ക് നടന്നു പോയവളെ അയാൾ തലയിൽ കൈ വച്ചുകൊണ്ട് അനുഗമിച്ചു. അവളവനെ ഗൗനിക്കാതെ മുറിയുടെ കതകടച്ചു പൂട്ടി. "അമ്മൂ... വാതില് തുറക്ക് അമ്മൂ...." അയാൾ മറുവശത്തു നിന്നു മുട്ടിവിളിച്ചു. ഏറെ നേരം മുട്ടിയപ്പോൾ അവൾ കതക് തുറന്നു. സാരിയെല്ലാം മാറി സാധാരണ വേഷത്തിലായിട്ടുണ്ട്. കതക് തുറന്ന ശേഷം അവൾ കിടക്കയിൽ ചെന്നു തിരിഞ്ഞു കിടന്നു. അവൾക്കരികിലായി ചെന്നിരുന്നുകൊണ്ടായാള് അവളെ നോക്കി. "അമ്മൂ.... സോറി....." പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു. മറുപടിയുണ്ടായില്ല.

"നിനക്കെന്നോട് ദേഷ്യമാണോ അമ്മൂ....?" അയാളുടെ ചോദ്യം. അവളവളുടെ കണ്ണുകൾ ഇറുക്കിയടച്ചു. "നീയെന്നോട് ദേഷ്യം കാണിച്ചോ. പക്ഷേ എന്നോട് മിണ്ടാതെ മാത്രം ഇരിക്കരുത്. എനിക്ക് നീയേ ഉള്ളു അമ്മൂ..." അവളുടെ തോളിൽ കൈവച്ചുകൊണ്ടായാൾ പറഞ്ഞു. കേട്ടപ്പോൾ അവളുടെ കണ്ണുകളിലിത്തിരി നീരു പൊടിഞ്ഞു. എങ്കിലുമവൾ ഇത്തവണ അയാൾക്ക് മുഖം കൊടുക്കുകയോ അയാളെ തൊടുകയോ ഉണ്ടായില്ല. സിദ്ധാർഥൻ നിരാശയോടെ എഴുന്നേറ്റു പോകാൻ തിരിഞ്ഞതും കിടക്കക്കരികിലായി അഴിച്ചുവച്ച സാരിയോടൊപ്പം കിടന്ന പുത്തൻ സ്വെറ്റർ അയാളുടെ കണ്ണുകളിലുടക്കി.... അയാളത് കയ്യിലെടുത്തു സംശയത്തോടെ നോക്കി.. അയാളുടെ മുഖത്തെ നിരാശ മാറി കോപം പരന്നു.. ദേഷ്യത്തോടെ കയ്യിലെ സ്വെറ്റർ ഞെരിച്ചുകൊണ്ട് തനിക്ക് മുന്നിൽ തിരിഞ്ഞു കിടക്കുന്നവളെ നോക്കി പല്ലിറുമ്മി..............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story