Love Me Like You Do ❤️: ഭാഗം 8

Love Me Like You Do

രചന: ആദിത്യൻ മേനോൻ

സിദ്ധാർഥൻ നിരാശയോടെ എഴുന്നേറ്റു പോകാൻ തിരിഞ്ഞതും കിടക്കക്കരികിലായി അഴിച്ചുവച്ച സാരിയോടൊപ്പം കിടന്ന പുത്തൻ സ്വെറ്റർ അയാളുടെ കണ്ണുകളിലുടക്കി.... അയാളത് കയ്യിലെടുത്തു സംശയത്തോടെ നോക്കി.. അയാളുടെ മുഖത്തെ നിരാശ മാറി കോപം പരന്നു.. ദേഷ്യത്തോടെ കയ്യിലെ സ്വെറ്റർ ഞെരിച്ചുകൊണ്ട് തനിക്ക് മുന്നിൽ തിരിഞ്ഞു കിടക്കുന്നവളെ നോക്കി പല്ലിറുമ്മി....... "ഇതാരുടെ സ്വെറ്ററാ അമ്മൂ....." കോപം കലർന്ന ചോദ്യം കേട്ടതും ഉള്ളിലൊരു ഇടിമുഴക്കമുണ്ടായി. നെറ്റിത്തടങ്ങളിൽ വിയർപ്പു പൊടിഞ്ഞു വന്നു. കിടന്നിടത്തു നിന്നും പതുക്കെ തിരിഞ്ഞു നോക്കി. തൊട്ടു മുൻപിലായി കോപത്തിൽ ജ്വലിച്ചു നിൽക്കുന്നവനെ കണ്ട് അല്പം നടുങ്ങി. എങ്കിലും ഉള്ളിലെ ഭയം മുഖത്ത് പ്രകടിപ്പിച്ചില്ല. "അമ്മൂ ഞാൻ നിന്നോടാ ചോദിച്ചത്! ഇതാരുടേതാണെന്ന്.." അവൾക്ക് മുന്നിലേക്കവൻ ആ സ്വെറ്റർ നീട്ടിക്കാണിച്ചു.

"ഇ.. ഇത്..... ഇത് അനുവേച്ചീടെ സ്വെറ്ററാ സിദ്ധേട്ടാ.. തണുപ്പ് തട്ടി വയ്യായ്ക വരാണ്ടിരിക്കാൻ ഇന്നലെ രാത്രി അനുവേച്ചി തന്നതാ." വാക്കുകളിൽ വിറയൽ പടരാതിരിക്കാൻ ആവുന്നത്ര ശ്രമിച്ചുനോക്കി. "അപ്പോ നീയിന്നലെ രാത്രി അവരുടെ വീട്ടിലായിരുന്നോ?" അവന്റെ ചോദ്യം. "അത്.. അതേ... സിദ്ധേട്ടൻ പുറത്താക്കി കതകടച്ചപ്പോ പേടിയായിട്ട് ഞാൻ അങ്ങോട്ടോടിയതാ..." അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. ഹൃദയം പടപടാ മിടിച്ചു. അയാൾക്ക് പക്ഷേ ആ സംശയം മാറിയില്ല. അവളുടെ വിറക്കുന്ന മുഖം അയാളിൽ സംശയങ്ങളേറെയാക്കി. സിദ്ധാർഥൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചെഴുന്നേൽപ്പിച്ചു. നിന്ന നിൽപ്പിൽ അവൾ ഉരുകിയൊലിച്ചു പോയി. അയാളുടെ പിടിയുടെ ബലം കൊണ്ടവളുടെ കൈ വേദനിച്ചു. "എന്താ സിദ്ധേട്ടാ.. കൈ വിട്.. എനിക്ക് വേദനിക്കുന്നു..." അവളയാളുടെ കരങ്ങളിൽ നിന്നും തന്നേ മോചിപ്പിക്കാൻ ശ്രമിച്ചു നോക്കി. "നീയിന്നലെ അനുവേച്ചീടെ അടുത്തായിരുന്നോ അല്ലയോന്ന് അവരോടൊന്ന് ചോദിച്ചറിയാല്ലോ..." സിദ്ധാർഥൻ പറഞ്ഞു.

കേട്ടതും അവൾ നിന്നു വിയർത്തു. അയാൾ അവളെ വലിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി. "സിദ്ധേട്ടാ.. എന്റെ കൈ വേദനിക്കുന്നു..." വേദനകൊണ്ട് കണ്ണ് നിറഞ്ഞു. ഇനിയും ബലം പ്രയോഗിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിക്കൊണ്ട് തലയും താഴ്ത്തിക്കൊണ്ട് അയാൾക്ക് പിന്നിലായി നടന്നു. അനുവേച്ചിയുടെ വീട്ടു വാതിൽക്കൽ നടന്നെത്തിയ ശേഷം സിദ്ധാർഥൻ ചെന്ന് ഡോർ ബെൽ അമർത്തി. അകത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. ശബ്‌ദം കേട്ട് കുഞ്ഞു മാതംഗി ഉമ്മറത്തേക്ക് പാഞ്ഞു വന്നു. സിദ്ധാർഥനെ കണ്ടതും പിന്നാലെ വന്ന അനുവേച്ചിയുടെ പിറകിലായി ചെന്നൊളിച്ചു. ഇരുവരെയും കണ്ടതും എന്തോ പ്രശ്നമുണ്ടെന്ന് അനുവേച്ചിക്ക് മനസ്സിലായി. "എന്താ അമ്മൂ..?" അനുവേച്ചി കോലായയിലേക്കിറങ്ങി വന്നു. സിദ്ധാർഥൻ മുഖത്തെ ഗൗരവം വെടിയാതെ മായയെ ഒന്നു നോക്കി. "ഇവളിന്നലെ രാത്രി ഇവിടെയായിരുന്നോ?" സിദ്ധാർഥൻ ചോദിച്ചു.

മായക്ക് തല കറങ്ങുന്നത് പോലെ തോന്നി. എല്ലാം അവസാനിച്ചുവെന്ന് അവൾക്ക് ബോധ്യമായി. ചോദ്യം കേട്ട് അനുവേച്ചി കാര്യമറിയാതെ ഒന്ന് അമ്പരന്നു. തല താണു നിൽക്കുന്ന മായയെ കണ്ടപ്പോൾ അനുവേച്ചിക്ക് അവരുടെ പഴയകാലം ഓർമ്മ വന്നു. "അതേ.. അവിളിവിടെ ഉണ്ടായിരുന്നല്ലോ.. എന്തുപറ്റി..?" അനുവേച്ചി നിസാര മട്ടിൽ പറഞ്ഞു. മാതുമോള് എന്തോ പറഞ്ഞു തുടങ്ങുന്നതിനു മുൻപേ പിന്നിൽ നിന്നും കുഞ്ഞിന്റെ വായ പൊത്തി. അത് കേട്ടപ്പോഴാണ് മായയുടെ ശ്വാസം നേരെ വീണത്. സിദ്ധാർഥന്റെ പിടിയൽപ്പം അഴഞ്ഞു. അയാൾ തല കുനിച്ചുകൊണ്ട് തിരിച്ചു നടന്നു. ഇരുവരും തിരിച്ചുപോകുന്നത് അനുവേച്ചി നോക്കിനിന്നു. അകത്തേക്ക് കയറിയതും സിദ്ധാർഥൻ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞതും ഒരുമിച്ചായിരുന്നു. ഇടുപ്പിൽ വരിഞ്ഞു തോളിൽ തല പൂഴ്ത്തിക്കൊണ്ടവൻ കരഞ്ഞപ്പോൾ അവളുടെ ഉടലൊന്നു വിറച്ചു. അവൾക്കയാളെ തിരികെ പുണരാനോ ആശ്വസിപ്പിക്കാനോ ആയില്ല.

"അമ്മൂ... സോറി അമ്മൂ.. എന്നോട് ക്ഷമിക്ക്... നീയെന്റെ കൈവിട്ടു പോകുമോന്നുള്ള പേടികൊണ്ടാ ഞാൻ പെട്ടെന്ന് അങ്ങനെ പെരുമാറിയത്... നീയില്ലാതെ ഒരു നിമിഷം പോലും എന്നെക്കൊണ്ട് ജീവിക്കാൻ പറ്റില്ല അമ്മൂ. അറിയാതെ ഞാനെന്തേലും ചെയ്താ എന്നെ വെറുക്കല്ലേ അമ്മൂ. എനിക്ക് നീയേ ഉള്ളു. എന്നെ വേണ്ടാന്ന് പറയരുത്." അയാൾ കരഞ്ഞു. അയാളുടെ കണ്ണുനീരിറ്റി അവളുടെ തോളിൽ പതിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു. കാഴ്ച മങ്ങി. ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. എങ്കിലും അവളയാളെ കെട്ടിപ്പിടിക്കുകയോ ആശ്വസിപ്പിക്കുകയോ ഉണ്ടായില്ല. "നീ എന്റെയാ അമ്മൂ. മറ്റാർക്കും നിന്നെ ഞാൻ വിട്ടു കൊടുക്കില്ല. നീയിനി അനുവേച്ചീടെ വീട്ടിലേക്കും പോകണ്ട. ആ സ്ത്രീയാള് ശരിയല്ല. കെട്ട്യോനേം വിട്ട് ഒറ്റക്ക് ജീവിക്കുന്നത് കണ്ടാലേ മനസ്സിലാക്കിക്കൂടെ വശപ്പെശകാണെന്ന്..." സിദ്ധാർഥൻ പറഞ്ഞു. അന്നാദ്യമായി അവൾക്കയാളോട് അറപ്പ് തോന്നി. "അനുവേച്ചി ചീത്തയൊന്നുമല്ല.. അയാള് അനുവേച്ചീനെ ഉപദ്രവിച്ചിട്ടാ അനുവേച്ചി അയാളെ ഡിവോഴ്സ് ചെയ്തത്." അയാളൊന്ന് അമ്പരന്നു.

ആദ്യമായാണ് അവളാൽ അവൻ എതിർക്കപ്പെടുന്നത്.. "ഒന്ന് തല്ലിയെന്ന് വച്ച് പെണ്ണുങ്ങളൊക്കെ ഭർത്താക്കന്മാരെ ഇട്ടേച്ചു പോയി തുടങ്ങിയാ നാട്ടിലെ അവസ്ഥ എന്താവും അമ്മൂ. പണ്ടത്തെ പെണ്ണുങ്ങളൊക്കെ അനുഭവിച്ച കാര്യങ്ങള് വച്ചു നോക്കുമ്പോ ഇപ്പോഴത്തെ പെണ്ണുങ്ങൾക്കൊക്കെ ഭാഗ്യമാണ്. പണ്ടൊന്നും ഭർത്താക്കന്മാരുടെ ശബ്ദത്തെക്കാൾ മുകളിൽ ഭാര്യമാർ സംസാരിക്കില്ലായിരുന്നു. ഭർത്താക്കന്മാരുടെ ഇഷ്ടം മാത്രമായിരുന്നു അവരുടെയും ഇഷ്ടം. ഭർത്താക്കന്മാരെ പേടിച്ചും അനുസരിച്ചുമാണ് അവരൊക്കെ അടങ്ങി ഒതുങ്ങി ജീവിച്ചത്.. ഇപ്പോഴത്തെ പെണ്ണുങ്ങക്കൊക്കെ ഫെമിനിസം തലക്ക് കേറി ഭ്രാന്തായിരിക്കുവാ. ആണിന്റെ തുണയില്ലാതെ ഇവരൊക്കെ എങ്ങനെ ജീവിക്കുമെന്നാ...?" "ഭർത്താക്കന്മാർക്ക് ആരാണ് ഭാര്യമാരെ തല്ലാനുള്ള അധികാരം തന്നത്? പെണ്ണുങ്ങളെ തല്ലാൻ ആണുങ്ങൾക്ക് എന്ത് അവകാശമാണുള്ളത്?" അയാൾ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേയുള്ള അവളുടെ ചോദ്യം... കേട്ടതും അവന്റെ മുഖത്തെ ചിരി മാഞ്ഞു. ഗൗരവം കൊണ്ടവന്റെ മുഖം കനത്തു.

അവൾക്ക് പേടി തോന്നി. എങ്കിലും അവളവന്റെ കണ്ണുകളിലേക്ക് തന്നേ നോക്കി നിന്നു. "എന്താടീ...? ആ തേവിടിശ്ശി ഇന്നലെ രാത്രി കുത്തിയിരുന്ന് ഉരുട്ടിക്കേറ്റി തന്നതാണോ ഈ പറയുന്നതൊക്കെ?" സിദ്ധാർഥൻ അവളുടെ കഴുത്തിനു പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു. അവൾക്ക് വേദനിച്ചു. എങ്കിലും അവളുടെ മുഖത്ത് ഭാവഭേതങ്ങളൊന്നുമുണ്ടായില്ല. അയാൾക്ക് കലിയേറി. അയാളുടെ പിടി മുറുകി. അവൾക്ക് ശ്വാസം മുട്ടി. എങ്കിലും അവളുടെ കണ്ണുകൾ അയാളിൽ തന്നേ തറഞ്ഞു നിന്നു. "കൊന്നേക്ക് സിദ്ധേട്ടാ... ഇങ്ങനെ ഇഞ്ചിഞ്ചായി വേദനിപ്പിച്ച് ഇല്ലാതാക്കുന്നതിനേക്കാൾ ഒറ്റയടിക്ക് കൊല്ലണതാ നല്ലത്." അവളവന്റെ കരങ്ങളെ സ്വന്തം കഴുത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. പക്ഷേ അന്നേരം അയാളുടെ പിടിയുടെ ബലമില്ലാതായി. മുഖത്തെ ദേഷ്യം മാഞ്ഞു. കൈ പതുക്കെ താഴേക്ക് താഴ്ന്നു.

"നീ എന്തൊക്കെയാ അമ്മൂ ഈ പറയുന്നേ.? നിന്നെ ഞാൻ കൊല്ലാനോ...? നിനക്കെന്താ പറ്റിയെ?" അയാളവളുടെ മുഖം തന്റെ കൈകളിലെടുത്തു. ശേഷം തുടർന്നു. "ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്കറിയില്ലേ.." അയാളുടെ ചോദ്യം കേട്ടവളുടെ കണ്ണു നിറഞ്ഞു. അന്നാദ്യമായി അവൾ അവൾക്കുവേണ്ടി കരഞ്ഞു. "സ്നേഹം കൊണ്ടാണോ എന്നെ എപ്പഴും തല്ലുന്നത്?" അവൾ ചോദിച്ചു. "ദേഷ്യം വന്നാൽ ആരായാലും തല്ലിയെന്നൊക്കെയിരിക്കും.." അയാൾ നിസാര മട്ടിൽ പറഞ്ഞു. "അപ്പൊ ദേഷ്യം വന്നാ എനിക്കും തല്ലാമോ?" അവളുടെ ചോദ്യം! കേട്ടതും അവന്റെ മുഖമല്പം കനത്തു. "നിനക്കെന്റെ സ്നേഹം മനസ്സിലാവാതായിരിക്കുന്നു..." അയാൾ പറഞ്ഞു. കൂടുതൽ മറുപടികൾക്ക് കാക്കാതെ അയാളിറങ്ങിപ്പോയി. അയാൾ തന്റെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പുറത്തേക്കോടിച്ചു പോകുന്ന ശബ്‌ദം അവൾ കേട്ടു. കാതുകളിലപ്പോഴും അയാളുടെ ചോദ്യം അലയടിച്ചു കേട്ടു..... "നിനക്കെന്റെ സ്നേഹം മനസ്സിലാവാതായിരിക്കുന്നു......"

അതേ.. തനിക്കിപ്പോൾ അയാളുടെ സ്നേഹം മനസ്സിലാവാതായിരിക്കുന്നു! അവൾ അയാളുടെ സ്നേഹത്തിനു വേണ്ടി ഒരിക്കൽ കൂടി തിരഞ്ഞുനോക്കി... അയാളുടെ കോപം പൂണ്ട കണ്ണുകളിൽ.... പിടി മുറുക്കിയ ബലിഷ്ഠമായ കരങ്ങളിൽ.. സിഗരറ്റ് വച്ച് പൊള്ളിയ പാടിൽ... അയാളുടെ കൈകൾ പതിഞ്ഞു ശീലമായ കവിൾത്തടങ്ങളിൽ... അയാളുടെ കാലുകളുടെ ശക്തമായ ചവിട്ടേറ്റു തളർന്ന വയറിൽ... അയാളുടെ സാമീപ്യമുള്ള അന്തരീക്ഷത്തിൽ.... തന്റെ ആത്മാവിന്റെ ഏത് പാളിക്കുള്ളിലാണ് അയാൾ തന്ന സ്നേഹമൊളിഞ്ഞിരിക്കുന്നത്...? എത്രയെത്ര തിരഞ്ഞുനോക്കിയിട്ടും അയാളുടെ സ്നേഹത്തിന്റെ ഒരവശേഷിപ്പു പോലും തന്നിൽ കണ്ടെത്താനാവുന്നില്ല... യാഥാർഥ്യതിന്റെ പൊള്ളലേറ്റ് കണ്ണുകൾ നിറഞ്ഞു വന്നു. മുട്ടുകുത്തിയിരുന്നുകൊണ്ട് നിശബ്ദമായവൾ കരഞ്ഞു.. "ഒരുപാട് സഹിക്കണുണ്ടല്ലേ....." പിന്നിൽ നിന്നും പാർഥിപന്റെ സ്വരം... കേട്ടതും വേദനയെവിടെയോ പെട്ടെന്ന് മരവിച്ചുപോയതുപോലെ... ഇന്നേവരെ താൻ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ആ സ്നേഹം ആദ്യമായൊരാൾ മുന്നിലേക്ക് വച്ചുനീട്ടുന്നത് പോലെ.. ഒരു ജന്മം മുഴുവൻ കൊടുത്തു തീർക്കേണ്ട സ്നേഹവും ഒന്നിച്ച് കാൽക്കൽ വച്ചു തരുന്നത് പോലെ...............കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

..

Share this story