Love Me Like You Do ❤️: ഭാഗം 9

Love Me Like You Do

രചന: ആദിത്യൻ മേനോൻ

നിറ കണ്ണുകളോടെ തല കുനിച്ചിരുന്നവൾക്ക് അരികിലായി ഇരുന്നുകൊണ്ടവൻ അവളെ ഇമവെട്ടാതെ നോക്കി നിന്നു. അവന്റെ കണ്ണുകളിൽ സ്നേഹം പൊടിഞ്ഞു. "സിദ്ധേട്ടന് ഞാനില്ലാതെ ജീവിക്കാനാവില്ല.." കണ്ണുകൾ നിലത്തു നിന്നുമുയർത്താതെ പറഞ്ഞു. അവന് എന്ത് പറയണമെന്ന് മറുപടിയില്ലാതായി. സിദ്ധാർഥൻ പിടി മുറുക്കി ചുവപ്പിച്ച കരങ്ങൾ അവന്റെ കണ്ണുകളിലുടക്കി. വെപ്രാളത്തോടെ അവളുടെ കരം കവർന്നുകൊണ്ടവൻ ആ ചുവന്ന പാടിനെ കരുതലോടെ നോക്കി. പെണ്ണിന്റെയുള്ളിലൂടെ ഒരു കൊള്ളിയാൻ പറഞ്ഞുപോയി. "നമ്മളീ ചെയ്യുന്നത് തെറ്റാണോ?" അവൾ മുഖമുയർത്തി നോക്കി. അയാൾ അവളെയും. "ആണോ..?" പാർഥിപൻ തിരിച്ചു ചോദിച്ചു. അല്ലെന്നവളുടെ തലയനങ്ങി. "സിദ്ധാർഥനാണ് തെറ്റ്. തെറ്റിനെ ഇല്ലാതാക്കാനായി മനുഷ്യൻ ചെയ്യുന്നതെന്തും ശരികളാണ്.."

അയാൾ സ്നേഹത്തോടെ പറഞ്ഞു. അവളുടെ കവിളിലൂടെ വീണൊലിച്ച കണ്ണുനീർ തുടയ്ക്കുവാനായി അവൻ പോക്കറ്റിൽ നിന്നും ഒരു കർച്ചീഫെടുത്തു നീട്ടി. പതുക്കെ അത് കയ്യിൽ വാങ്ങി മുഖം തുടക്കവേ അനുവേച്ചി കയറി വരുന്നത് കണ്ടു. അനുവേച്ചിയുടെ സാരിയിൽ തൂങ്ങി പിന്നാലെ മാതുമോളുമുണ്ട്. അവൾക്കരികിലായി ഇരുന്ന പാർഥിപനെ കണ്ട് അനുവേച്ചി അല്പം അമ്പരന്നു. അനുവേച്ചി അടുത്തെത്തിയപ്പോൾ അവരിരുവരും എഴുന്നേറ്റു. കുഞ്ഞി മാതംഗി മായയുടെ വിരലുകളിൽ ചെന്നു വിരൽ കോർത്തു പിടിച്ചു. ശേഷം പാർഥിപനെ കൗതുകത്തോടെ നോക്കി. പാർഥിപൻ മാതുവിന്റെ കവിളിൽ തൊട്ടുകൊണ്ട് പുഞ്ചിരിച്ചപ്പോൾ ആ ചിരി മാതുവിലേക്കും പടർന്നു പിടിച്ചു. "അനുവേച്ചി.... ഇത്......" പാർഥിപനെ കാണിച്ചുകൊണ്ട് പറഞ്ഞു തുടങ്ങിയതും അനുവേച്ചി മുഴുമിപ്പിക്കാൻ അനുവദിച്ചില്ല. "പാർഥിപനല്ലേ.. എനിക്കറിയാം.." "അമ്മയെ ഞാനിന്നും അമ്പലത്തില് വച്ച് കണ്ടിരുന്നു.." അനുവേച്ചി പാർഥിപനെ നോക്കി പറഞ്ഞു.

അനുവേച്ചിയുടെ ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ തിളച്ചു മറിയുന്നുണ്ടെന്ന് അവൾക്ക് തോന്നി. അനുവേച്ചി അവൾക്കരികിലേക്ക് നീങ്ങിച്ചെന്നു. അവളുടെ നെറുകിയിൽ തലോടി. "സത്യത്തില് ഇവിടെ എന്തൊക്കെയാ നടക്കുന്നത് അമ്മൂ? ഇന്നലെ രാത്രി നീയെവിടെയായിരുന്നു?" അനുവേച്ചിയുടെ ചോദ്യം കേട്ട് കണ്ണുകൾ വീണ്ടും നിറഞ്ഞു. മൂന്നാമതൊന്നാലോച്ചിക്കാതെ അനുവേച്ചിയുടെ തോളിലേക്ക് വീണ് കരഞ്ഞു. കരച്ചിലിനിടയ്ക്ക് പാർഥിപനെക്കുറിച്ചവൾ വിക്കി വിക്കി പറഞ്ഞു.. "അമ്മു ചേച്ചി കരയൻദാ.... കരയൻദാ...." കുഞ്ഞി മാതു ചുണ്ടുകൾ വളച്ചു വച്ചുകൊണ്ട് പറഞ്ഞു. "എനിക്ക് മടുത്തു അനുവേച്ചീ.. തല്ല് കൊണ്ടും തെറി കേട്ടും കുത്തുവാക്ക് സഹിച്ചും മടുത്തു എനിക്ക്. സിദ്ധേട്ടനെ എനിക്കിപ്പോ പേടി ആവുവാ. സിദ്ധേട്ടൻ എന്നെങ്കിലും മാറുമെന്ന് നോക്കിയിരുന്നു നോക്കിയിരുന്ന് എനിക്ക് മതിയായി. എപ്പോ അടികിട്ടുമെന്ന് അറിയാതെ പേടിച്ചു പേടിച്ചാ ഞാനിപ്പോ ഇവിടെ ജീവിക്കുന്നത്." കരച്ചില് കലർന്ന വാക്കുകൾ പലതിനും അവ്യക്തതയുണ്ടായി.

അനുവേച്ചി അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. കണ്ടു നിൽക്കാനാവാതെ പാർഥിപൻ മുഖം തിരിച്ചു. "ഇത് വേണ്ടാന്നു വെക്കാൻ ഞാനെത്ര തവണ പറഞ്ഞതാ നിന്നോട്.. ഇങ്ങനെ തല്ലു കിട്ടിയാ നീ ചത്തുപോകുമെന്ന് ഞാൻ ഒരു നൂറു തവണ പറഞ്ഞു തന്നിട്ടില്ലേ? ആർക്കുവേണ്ടിയാ ഈ അടിയൊക്കെ കൊള്ളുന്നതെന്ന് എത്രയോ തവണ ചോദിച്ചിട്ടില്ലേ ഞാൻ..? അവസാനം നിനക്ക് ബോധം വരാൻ ഇവനൊരുത്തൻ വേണ്ടിവന്നു അല്ലേ...?" അനുവേച്ചി അവളുടെ മുഖമെടുത്തു പൊക്കി... "നോക്ക് അമ്മൂ. നിങ്ങൾ തമ്മിലുള്ള ബന്ധമെന്താണെന്ന് എനിക്കറിയില്ല. എന്ത് തന്നെയായാലും ഈ നശിച്ച വീട്ടിൽ നരകിക്കുന്നതിനേക്കാൾ സമാധാനമുള്ള ഒരു അന്തരീക്ഷം ഇവൻ നിനക്ക് തരുമെന്നെനിക്ക് തീർച്ചയുണ്ട്. കാരണം അഞ്ചു വർഷങ്ങൾക്ക് മുൻപ് ആ മൃഗത്തെ വിട്ട് എന്റെ കുഞ്ഞിനേയും കൊണ്ടിറങ്ങിപ്പോയ എനിക്ക് അഭയം തന്നത് ഈ നിൽക്കുന്ന പാർഥിപനും വാസുകിയമ്മയുമാണ്." അനുവേച്ചി പറഞ്ഞത് കേട്ടതും അവൾക്ക് അമ്പരപ്പുണ്ടായി.. അവൾ കൂടുതലറിയുവാനായി കാതോർത്തു...

"ഇവനില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഞാനുമെന്റെ കുഞ്ഞും ഇന്ന് ജീവനോടെ കാണില്ലായിരുന്നു. അയാളുടെ ഉപദ്രവവും സഹിച്ച് പെണ്ണിന്റെ ജീവിതം ഇങ്ങനെയൊക്കെയാണെന്ന് കരുതിയ എനിക്ക് ആത്മാഭിമാനം എന്തെന്ന് പഠിപ്പിച്ചു തന്നതും അയാളെവിട്ട് ഇറങ്ങിയോടാനുള്ള ധൈര്യം തന്നതും ഇവനാണ്. അതുകൊണ്ടാണ് ഞാൻ നിനക്ക് വേണ്ടിയും ഇവനെ ഇവിടേക്ക് വരുത്തിയത്...." അനുവേച്ചി പറഞ്ഞു നിർത്തി. കേട്ടപ്പോൾ പെണ്ണിന് തല ചുറ്റുന്നത് പോലെ തോന്നി. അനുവേച്ചിയുടെ വാക്കുകൾ കാതുകളിൽ വലിയ തിരകളുയർത്തി. കേട്ടത് വിശ്വസിക്കാനായില്ല. അനുവേച്ചിയേയും പാർഥിപനെയും മാറി മാറി നോക്കി. "അതേ അമ്മൂ... നിന്നെയീ നരകത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടി ഞാനയച്ചതാണ് പാർഥിപനെ...." അനുവേച്ചി എടുത്തു പറഞ്ഞു. വീണ്ടും കേൾക്കുമ്പോഴും തലകറക്കമുണ്ടായി. എന്ത് പറയണമെന്നറിയാതായി... "നോക്ക് അമ്മൂ... ഇനി നിനക്ക് തീരുമാനിക്കാം. സ്വന്തം ജീവിതം ഈ നാല് ചുവരുകൾക്കുള്ളിൽ അവന്റെ ഉപദ്രവവും സഹിച്ച് തീർക്കണോ അതോ ഇതെല്ലാം വിട്ടെറിഞ്ഞ് മറ്റൊരു ലോകത്ത് പറന്നു നടക്കണോ എന്ന്...."

അനുവേച്ചി മാതുവിന്റെ കുഞ്ഞിക്കയ്യിൽ പിടിച്ചുകൊണ്ടു യാത്ര പറഞ്ഞു പോയി.. അനുവേച്ചി പോയിക്കഴിഞ്ഞിട്ടും ഒന്നും മിണ്ടാനോ അനങ്ങാനോ ആവുന്നില്ല. മനസ്സ് നിൽക്കുന്നതിപ്പോഴും അനുവേച്ചി പറഞ്ഞ വാക്കുകളിലാണ്. താൻ അനേകം രക്ഷിച്ച പെൺകുട്ടികളിൽ ഒരാൾ മാത്രമായിരുന്നോ പാർഥിപ് വിശ്വനാഥിന് അവളും? മനസ്സിലേക്കോടിയെത്തിയ ചോദ്യം കണ്ണുകളെ നനയിച്ചു. തല പെരുത്തു കയറുന്നത് പോലെ.. അപ്പോൾ അതും സ്നേഹമായിരുന്നില്ലേ..? അയാൾ തന്നേ സ്നേഹിച്ചിരുന്നില്ലേ? തല താഴ്ത്തി നിൽക്കുന്നവനെ നോക്കി ചോദിക്കാൻ തോന്നി. പക്ഷേ മനസ്സനുവദിക്കുന്നില്ല. നിറഞ്ഞ കണ്ണുകൾ കവിളുകളെ നനയിക്കാൻ തുടങ്ങി. കയ്യിൽ പാർഥിപന്റെ കർച്ചീഫുണ്ട്. പക്ഷെ തുടച്ചുകളയാൻ തോന്നുന്നില്ല. "മായ......." അയാളുടെ പതിഞ്ഞ സ്വരം.... പതുക്കെ അയാളെ നോക്കി. അയാൾ അടുത്തേക്ക് വന്നു. അവൾ അൽപ്പം പിന്നിലേക്ക് നീങ്ങി മാറി. "മുറിവേൽക്കുന്ന ഓരോ പെണ്ണിലും ഞാൻ കാണാറുള്ളത് എന്റെ അമ്മയെയാണ്.

എന്റെ അമ്മ അനുഭവിച്ചതൊന്നും ഒരു പെണ്ണും അനുഭവിക്കാതിരിക്കാൻ ഞാൻ ആവുവോളം ശ്രമിച്ചിട്ടുണ്ട്. വീണു കിടക്കുന്നവരെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചിട്ടുണ്ട്. അവരെയൊക്കെ സ്വന്തം കാലിൽ നിൽക്കാനും ആണിന്റെ തുണയില്ലാതെ ഒരു പെണ്ണിന് ജീവിക്കാനാവുമെന്നും പഠിപ്പിച്ചിട്ടുണ്ട്.. ആ കൂട്ടത്തിൽ അനുവേച്ചിയുമുണ്ട്. മായയെ പറ്റി എന്നോട് പറഞ്ഞത് അനുവേച്ചിയാണ്.. അതില്പിന്നെയാണ് ഞാനിവിടെ വന്നു തുടങ്ങിയത്. എല്ലാ കെട്ട നേരത്തും ഇയാൾക്ക് കാവലിരുന്നത്......" പാർഥിപൻ ഒന്നു നിർത്തി. കേൾക്കവേ അവൾക്ക് നോവ് അനുഭവപ്പെട്ടു. കണ്ണീരിനെ നിയന്ത്രിക്കാൻ കണ്ണുകൾ ഇറുക്കിയടച്ചു. അപ്പോഴതാ അയാളുടെ കരങ്ങൾ തന്റേതുമായി പതുക്കെ കൂട്ടിമുട്ടുന്നു.. അയാളുടെ ദേഹവും ശ്വാസവും തന്റേതുമായി അടുത്തടുത്തു വന്നു. വെപ്രാളത്തോടെ കണ്ണു തുറന്നു തലയുയർത്തി അയാളെ നോക്കി... തൊട്ടു മുന്നിലായി ഒരു വിരൽദൂരത്തിന്റെ പോലും അകലമില്ലാതെ അയാളതാ തന്നോട് ചേർന്ന് നിൽക്കുന്നു..... അവളുടെ മുഖത്ത് വിയർപ്പ് പരന്നു.. ശ്വാസത്തിന്റെ വേഗതയേറി. ഹൃദയത്തിന്റെ വല്ലാത്ത മിടിപ്പ് കാരണം മേനി വേഗതയോടെ ഉയരുകയും താഴുകയും ചെയ്തു. പാർഥിപനപ്പോൾ അവളുടെ മുഖം തന്റെ കൈക്കുമ്പിളിലെടുത്തു....

"പാർഥിപ് വിശ്വനാഥ്‌ രക്ഷിച്ച ആദ്യത്തെ പെണ്ണ് നീയല്ല. പക്ഷേ പാർഥിപ് വിശ്വനാഥ്‌ സ്നേഹിച്ച, സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച ഒരേയൊരു പെണ്ണ് നീ മാത്രമാണ്.." പാർഥിപൻ പറഞ്ഞു. അയാളുടെ കണ്ണുകളിൽ അവളോടുള്ള ഒടുങ്ങാത്ത സ്നേഹം തിളങ്ങി. അയാൾ പറഞ്ഞത് കേട്ട് കണ്ണുകൾ നിറഞ്ഞൊഴുകി. മനസ്സ് നിറഞ്ഞു തുളുമ്പി. തന്റെ മുഖം ഒതുക്കിവച്ചിരിക്കുന്ന അയാളുടെ കൈകളെ അവൾ കവർന്നു പിടിച്ചു. അത് കണ്ട് അയാൾക്ക് സ്നേഹവും കണ്ണീരും ഒരുപോലെ വന്നു. പാർഥിപൻ അവളെ തന്നോട് കൂടുതൽ ചേർത്തു നിർത്തി. അവളുടെ ദേഹത്തെ വിറച്ചിൽ അയാൾക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. അയാൾ അവളെ മെല്ലെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു, അത്രയും കരുതലോടെ........ ഒതുക്കത്തോടെ....... തന്റെ കൈകളിൽ, തന്റെ ചൂടിൽ വിറയലോടെ ഒതുങ്ങി നിൽക്കുന്നവളെ കണ്ട് അയാളുടെ മുഖത്ത് മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു. "നിനക്കെപ്പോൾ വേണമെങ്കിലും എന്റെ കൂടെ ഈ വീടുവിട്ടിറങ്ങി വരാം മായേ.. അയാളെ ഉപേക്ഷിക്കാൻ നിന്റെ മനസ് പാകപ്പെട്ടെന്ന് നിനക്കെപ്പോഴാണോ തോന്നുന്നത് അപ്പോൾ നിനക്കെന്റെ കൂടെ വരാം.

എനിക്കൊരുത്തനെയും പേടിയില്ല. ജീവൻ പോകുന്ന വരെ ഞാൻ നിന്റെ കൂടെയുണ്ടാവും. ഞാനില്ലാതാവുന്ന വരെ ഞാൻ നിനക്ക് കാവിലിരിക്കും..." അവളുടെ തലയിൽ സ്നേഹത്തോടെ തലോടിക്കൊണ്ടവൻ പറഞ്ഞു......... ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 നേരം രാത്രിയായി. എന്നത്തേയും പോലെ കോലായയിൽ ഇരിക്കവേ സിദ്ധാർഥൻ ബൈക്കുമായി മുറ്റത്ത് വന്നിറങ്ങി. ബൈക്കിൽ നിന്നിറങ്ങി അകത്തേക്ക് നടക്കവേ അയാളുടെ അടികൾ പതറുന്നുണ്ടായിരുന്നു. "നോക്കി നിക്കാതെ വന്ന് പിടിക്കെടീ...." കോലായയിലേക്ക് നോക്കി പാതി ബോധത്തിൽ അലറി. എഴുന്നേറ്റു ചെന്ന് അയാളെ തോളോട് തോൾ ചേർത്ത് പിടിച്ച് അകത്തേക്ക് കയറ്റി. അവളുടെ തോളിൽ താങ്ങി അയാൾ എന്തൊക്കെ പുലമ്പുന്നുണ്ടായിരുന്നു. "വന്ന് വന്ന് നിനക്കിപ്പോ എന്നെയൊന്നു താങ്ങിപ്പിടിക്കാൻ വരെ മടിയായി അല്ലേ...." അയാൾ അവൾ മുഖം കൊടുക്കാതെ കോപത്തോടെ അലറി. അവൾ തിരിച്ചൊന്നും പറഞ്ഞില്ല. ഉള്ളിലേക്ക് കയറിയപ്പോൾ അയാളൊന്നു നിന്നു.

"മതി മതി... ഇവിടെ വരെ മതി നിന്റെ സഹായം. ഇന്ന് നീ പുറത്തു കിടന്നാൽ മതി. എന്നാലേ നീയൊക്കെ പഠിക്കൂ..." പുലമ്പിക്കൊണ്ടയാൾ അവളെ തള്ളിമാറ്റി വാതിലടച്ചു. കണ്ണുകളിൽ നിന്നും ഒരു തരി കണ്ണുനീർ പൊഴിഞ്ഞില്ല. മറിച്ച് ആശ്വാസം തോന്നി.. സമാധാനം തോന്നി..... ചുറ്റിലെയും ഇരുട്ടിൽ പ്രതീക്ഷയോടെ നോക്കിയിരുന്നു. ഇരുട്ടിനെ കീറിമുറിച്ച് അവന്റെ ബുള്ളറ്റ് വെളിച്ചം തെളിയുന്നത് കണ്ട് ധൈര്യം തോന്നി.. "ഇന്നും പുറത്താണോ?" പാർഥിപൻ ചോദിച്ചു. "എനിക്ക് കടല് കാണിച്ചു തരുമോ?" അവൾ തിരിച്ചു ചോദിച്ചു. "എന്താ...?" "കടല് കാണിച്ചു തരുമോന്ന്....." കേട്ടപ്പോൾ അയാൾക്ക് വാത്സല്യം തോന്നി. അയാൾ തല താഴ്ത്തി ചിരിച്ചു. അയാൾക്ക് പിന്നിലായി കയറിയിരുന്നുകൊണ്ടവൾ അയാളുടെ തോളിൽ കൈ വച്ചു. വീടിന്റെ ഗേറ്റ് കടന്ന് അവരുടെ വണ്ടി പതുക്കെ റോഡിലേക്കിറങ്ങി പോയ്മറയുന്നത് വാതിലിന്റെ നേരിയ വിടവിലൂടെ ജ്വലിക്കുന്ന കണ്ണുകളുമായി സിദ്ധാർഥൻ നോക്കി നിന്നു.....................കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story