മാലയോഗം: ഭാഗം 10

malayogam shiva

രചന: ശിവ എസ് നായർ

   പൂർണിമയും നവീനും തമ്മിൽ ആർട്സ് ഡേ ദിവസം നടന്ന പ്രശ്നമാണ് കോളേജിൽ നിന്ന് നവീനിനെ പുറത്താക്കാൻ കാരണമായി തീർന്നത്. അവൾ അന്നത്തെ ദിവസത്തെ കാര്യങ്ങൾ വീണ്ടും ഓർത്തെടുക്കാൻ ശ്രമിച്ചു. സ്റ്റേജിന് പിന്നിൽ പൂർണിമയും കൂട്ടുകാരും ഗ്രൂപ്പ്‌ ഡാൻസ് അവതരിപ്പിക്കാൻ തങ്ങളുടെ ഊഴവും കാത്ത് നിൽക്കുകയായിരുന്നു. കൂട്ടുകാർക്കൊപ്പം സ്റ്റേജിനടുത്തുള്ള ക്ലാസ്സ്‌ മുറിയിലിരുന്ന് വെള്ളമടിച്ചുകൊണ്ടിരുന്ന നവീൻ പൂർണിമ കൂട്ടുകാരികൾക്കൊപ്പം പോകുന്നത് കണ്ട് അവരുടെ അടുത്ത് നിന്നും എഴുന്നേറ്റ് സ്റ്റേജിന് പിന്നിലായി വന്ന് നിന്നു. അവളെ തഞ്ചച്ചിൽ അരികിൽ കിട്ടാനായി അവനവിടെ നിലയുറപ്പിച്ചു. കയ്യിലിരുന്ന മൊബൈൽ ഫോണിന്റെ വീഡിയോ ഓൺ ആക്കി ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടുകൊണ്ടാണ് നവീൻ നിൽക്കുന്നത്. പൂർണിമയോട് താനെങ്ങനെയാണ് പ്രതികാരം വീട്ടിയതെന്ന് കൂട്ടുകാർക്ക് കൂടി കാണിക്കാൻ വേണ്ടിയാണ് അവൻ ക്യാമറ ഓണാക്കി വച്ചത്. പക്ഷേ നവീനവിടെ വന്ന് നിന്നതും പൂർണിമയുടെ ഗ്രൂപ്പിന്റെ പേര് വിളിച്ചതും ഒരേ സമയമാണ്.

പെട്ടെന്ന് തന്നെ പൂർണിമയും ഫ്രണ്ട്സും സ്റ്റേജിന്റെ മുൻഭാഗത്തേക്ക് പോയി. അവളുടെ പരിപാടി കഴിയുന്നത് വരെ കാത്ത് നിൽക്കാനേ അവന് നിവർത്തിയുണ്ടായിരുന്നുള്ളൂ. ഒൻപത് മിനിറ്റോളം നീണ്ട് നിന്ന ഗ്രൂപ്പ്‌ ഡാൻസ് നീണ്ടുനിന്നു. ഒടുവിൽ പരിപാടി കഴിഞ്ഞ് പൂർണിമയും കൂട്ടുകാരും സ്റ്റേജിന് പിന്നിലൂടെ പുറത്തേക്കിറങ്ങാൻ തുടങ്ങി. "പൂർണിമാ... നീയാ പാട്ടിന്റെ സി ഡി ഒന്ന് വാങ്ങി വാ. എനിക്ക് ബാത്‌റൂമിലൊന്ന് അത്യാവശ്യമായി പോണം." അവളുടെ കൂടെയുണ്ടായിരുന്ന ശ്രീധന്യ അത്രയും പറഞ്ഞതിന് ശേഷം വേഗം അവിടെ നിന്നും പോയി. ഗ്രൂപ്പ്‌ ഡാൻസ് കഴിഞ്ഞു സ്റ്റേജിൽ കർട്ടൻ വീണിരുന്നു. ഇനി അടുത്ത പ്രോഗ്രാം ലഞ്ച് ബ്രേക്കിന് ശേഷമേ തുടങ്ങുകയുള്ളൂ. പ്രോഗ്രാം കണ്ടുകൊണ്ടിരുന്ന സ്റ്റുഡന്റസൊക്കെ ഫുഡ് കഴിക്കാനായി എഴുന്നേറ്റു പോയിത്തുടങ്ങി. സ്റ്റേജിന് പിന്നിലും ആരുമില്ല. അതാണ് പറ്റിയ സമയമെന്ന് നവീനും തോന്നി. പൂർണിമ വരുന്നതും കാത്ത് അവനവിടെ പതുങ്ങി നിന്നു. സിഡിയും വാങ്ങി അവൾ ധൃതിയിൽ സ്റ്റേജിന് പിന്നിലേക്ക് വരുന്നത്

കണ്ടപ്പോൾ നവീൻ അവളുടെ മുന്നിലേക്ക് ചാടിവീണു. "കോളേജിൽ മറ്റുള്ളവർക്ക് മുന്നിൽ എന്നെ നാണം കെടുത്തി സസ്പെൻഷനും വാങ്ങി തന്നിട്ട് സുഖിച്ചു നടക്കാമെന്ന് വിചാരിച്ചോ നീ?" ദേഷ്യത്തോടെ അവൻ മുരണ്ടു. "പോക്രിത്തരം കാണിച്ചിട്ടല്ലേ പ്രിൻസിപ്പൽ തനിക്ക് സസ്പെൻഷൻ തന്നത്. തന്നോട് ഞാൻ പറഞ്ഞോ എന്നെ ഇഷ്ടപ്പെടാൻ?" "നിന്നോട് എനിക്കുള്ള ഇഷ്ടം തുറന്ന് പറഞ്ഞതാണോ ഞാൻ ചെയ്ത തെറ്റ്. അതിന് നീ പരാതി കൊടുത്ത് എന്നെ നാണം കെടുത്തിയില്ലേ. അതുകൊണ്ട് അതിന് പരിഹാരം ഉണ്ടാക്കിയിട്ട് നീയിവിടെ നിന്ന് പോയാൽ മതി." വഷളൻ ചിരിയോടെ നവീൻ അവളുടെ അടുത്തേക്ക് നടന്നു. അവൻ തൊട്ട് മുന്നിൽ വന്ന് നിന്നപ്പോൾ മദ്യത്തിന്റെ രൂക്ഷമായ ഗന്ധം പൂർണിമയ്ക്ക് അനുഭവപ്പെട്ടു. "താൻ കുടിച്ചിട്ടുണ്ടല്ലേ?" മുഖം ചുളിച്ചുകൊണ്ട് അവൾ ചോദിച്ചു. "ആഹ്... ഇത്തിരി കുടിച്ചിട്ടുണ്ട്." വല്ലാത്ത ഭാവത്തിൽ തലയാട്ടികൊണ്ട് അവൻ പറഞ്ഞു. "തനിക്കെന്താ വേണ്ടത്?" പരിഭ്രമത്തോടെ അവളവനെ നോക്കി. "എന്നെ കെട്ടിപ്പിടിച്ചു ഒരു സോറി പറഞ്ഞാ നിനക്ക് പോവാം."

"പറ്റില്ല... എന്നോട് മോശമായി ബിഹേവ് ചെയ്താൽ ഞാൻ പ്രിൻസിപ്പിളിന് കംപ്ലയിന്റ് കൊടുക്കും." "അത് പറഞ്ഞു നീയെന്നെ വിരട്ടാൻ നോക്കണ്ട. മര്യാദക്ക് ഞാൻ പറഞ്ഞത് ചെയ്യുന്നതാണ് നിനക്ക് നല്ലത്." "എനിക്ക് മനസ്സില്ല." പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവനെ തള്ളി മാറ്റി പൂർണിമ മുന്നോട്ട് നടന്നതും നവീൻ അവളുടെ കൈക്ക് കടന്ന് പിടിച്ച് അവന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു. തന്റെ കരവലയത്തിനുള്ളിൽ കിടന്ന് കൂതറുന്ന പെണ്ണിനെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ച് ചുണ്ടുകളിൽ അമർത്തി ചുംബിക്കുമ്പോൾ അവളോട് പക വീട്ടിയതിന്റെ സംതൃപ്തിയായിരുന്നു നവീനിന്. നവീന്റെ ആ പ്രവൃത്തിയിൽ പൂർണിമ പതറിപ്പോയി. അവൾക്കവനോട് കടുത്ത ദേഷ്യം തോന്നി. സങ്കടവും നിസ്സഹായതയും കൊണ്ട് കണ്ണുകൾ നിറയുകയും ചെയ്തു. കൈകൾ രണ്ടും നവീൻ ലോക്ക് ചെയ്തിരുന്നതുകൊണ്ട് അവൾക്കവനെ തള്ളി മാറ്റാൻ കഴിഞ്ഞില്ല. "ഇനി നീ പൊയ്ക്കോ." താൻ മനസ്സിൽ വിചാരിച്ചത് നടത്തി കഴിഞ്ഞ് അവൻ അവളിലെ പിടി അയച്ചതും പൂർണിമ നവീനിന്റെ ചെകിടത്ത് കൈവീശി ആഞ്ഞടിച്ചു.

അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ അവനൊന്ന് പകച്ചുപോയി. "എന്റെ ദേഹത്ത് കൈവച്ചിട്ട് അങ്ങനെയങ്ങു പോയാലോ? അടങ്ങി നിക്കെടി പെണ്ണേ. നിന്റെ അഹങ്കാരം ഞാൻ ഇന്നത്തോടെ തീർക്കും." നവീൻ അവളുടെ കൈകൾ പിടിച്ചു ഞെരിച്ചു. "എന്നെ വിടടോ. ഞാനിത് ഇപ്പോൾ തന്നെ കംപ്ലയിന്റ് ചെയ്യും." അവന്റെ കൈകളെ വിടുവിക്കാൻ പൂർണിമ ആവതും ശ്രമിച്ചു. "എങ്കിലേ ഇതും കൂടി ചേർത്ത് കംപ്ലയിന്റ് ചെയ്യ്." ദേഷ്യത്തോടെ നവീൻ അവളുടെ മുഖം അടുപ്പിച്ച് പൂർണിമയുടെ ചുണ്ടുകളിൽ അമർത്തി കടിച്ചു. വേദന കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. ചുണ്ട് മുറിഞ്ഞു ചോര വരുന്നത് കണ്ടപ്പോൾ പൂർണിമയ്ക്ക് അഭിമാനം വ്രണപ്പെട്ടത് പോലെ തോന്നി. അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. മുറിഞ്ഞ ചുണ്ടുമായി മറ്റുള്ളവരുടെ മുഖത്തേക്ക് എങ്ങനെ നോക്കുമെന്നോർത്ത് പൂർണിമ പരിതപിച്ചു. നവീനിനോട് അവൾക്ക് കലശലായ ദേഷ്യം തോന്നി. കുറച്ചുമാറി അവന്റെ കൂട്ടുകാർ അതൊക്കെ കണ്ട് രസിച്ചുനിൽക്കുന്നത് കൂടി കണ്ടപ്പോൾ പൂർണിമയ്ക്ക് വിറഞ്ഞുകയറി.

"താനിപ്പോ കാണിച്ച വൃത്തികേടിന് എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം." കർച്ചീഫ് കൊണ്ട് അവൾ ചുണ്ടിലെ ചോരയൊപ്പി. "പോടീ പുല്ലേ.. നീ എന്താന്ന് വച്ചാ ചെയ്യ്." "നീ പോടാ പട്ടി." പൂർണിമ അവനെ പിന്നോട്ട് തള്ളി അവിടെ നിന്നും പോകാൻ തുടങ്ങിയപ്പോഴാണ് തൊട്ട് മുന്നിൽ ഫാദർ ഫെലിക്സിനെ കണ്ടത്. "എന്താ? എന്താ ഇവിടെ പ്രശ്നം?" ഫാദർ ഇരുവരെയും മാറി മാറി നോക്കി. "ഫാദർ... ഇവനെന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു. അന്ന് അടിച്ചതിന്റെ പ്രതികാരം വീട്ടാൻ വന്നതാണെന്ന് പറഞ്ഞാ എന്നെ..." അത്രയും പറഞ്ഞതും പൂർണിമ വിതുമ്പിപ്പോയി. അവളുടെ ചോര കല്ലിച്ച ചുണ്ടും കരഞ്ഞു കലങ്ങിയ കണ്ണുകളും കണ്ടപ്പോൾ തന്നെ ഫാദർ ഏതാണ്ടെക്കൊയോ ഊഹിച്ചു. "അന്നേ ഈ കൊച്ചിനെ ശല്യം ചെയ്തപ്പോൾ നിനക്ക് ഞാൻ വാണിംഗ് തന്നതല്ലേ?" ദേഷ്യത്തോടെ ഫാദർ അവന്റെ അടുത്തക്ക് വന്നതും അവനിൽ നിന്ന് വമിക്കുന്ന മദ്യത്തിന്റെ ഗന്ധം അദ്ദേഹത്തിന്റെ ദേഷ്യം ഇരട്ടിയാക്കി. അപ്പോൾതന്നെ രണ്ടുപേരെയും ഫാദർ ഓഫീസ് റൂമിലേക്ക് കൊണ്ടുപോയി. പ്രണയം നിരസിച്ചതിന്റെ പകയിൽ മദ്യ ലഹരിയിൽ, ആളില്ലാത്ത തക്കം നോക്കി പൂർണിമയെ സ്റ്റേജിന് പിന്നിൽ വച്ച് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന കുറ്റം നവീനിനു മേൽ ആരോപിക്കപ്പെട്ടു.

ഫാദർ നേരിട്ട് കണ്ടത് കൊണ്ട് നാവീനിനു രക്ഷപ്പെടാൻ പഴുതുണ്ടായിരുന്നില്ല. പൂർണിമയും ഫാദറിന്റെ കൈയ്യിൽ കംപ്ലയിന്റ് എഴുതി കൊടുത്തു. ആ പ്രശ്നത്തിന്റെ പേരിൽ നവീന്റെ പേരെന്റ്സിനെ വിളിച്ചു വരുത്തി ടിസി കൊടുത്ത് കോളേജിൽ നിന്ന് പറഞ്ഞയച്ചു. പൂർണിമയുടെ സുരക്ഷയ്ക്കായി കംപ്ലയിന്റ് ചെയ്ത പെൺകുട്ടിയുടെ ഡീറ്റെയിൽസ് മറ്റുള്ളവരിൽ നിന്ന് മറച്ചുവച്ചുകൊണ്ട് ആയിരുന്നു നടപടി എടുത്തത്. കോളേജിൽ നിന്ന് വീട്ടിൽ വിഷയം അറിയിച്ചപ്പോൾ തന്റെ ഭാഗം ന്യായീകരിക്കാൻ നവീനൊരു കള്ളം പറഞ്ഞു. ആർട്സ് ഡേയുടെ അന്ന് കൂട്ടുകാർ പെപ്സിയിൽ മദ്യം ചേർത്ത് തന്ന് തന്നെ പറ്റിച്ചുവെന്നും അങ്ങനെ കുടിച്ചു ലക്ക് കെട്ട് അവന് ഇഷ്ടം തോന്നിയ പെണ്ണിനോട് പോയി പ്രൊപോസൽ ചെയ്തത് പ്രിൻസിപ്പൽ കണ്ടുവെന്നും അതിന്റെ പേരിൽ ഇല്ലാത്ത പെണ്ണ് കേസുണ്ടാക്കി തന്നെ മനഃപൂർവം മുൻ വൈരാഗ്യത്തിന്റെ പേരിൽ കോളേജിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നതുമാണെന്ന് അവൻ പറഞ്ഞു.

പരാതി നൽകിയ പെൺകുട്ടിയുടെ ഡീറ്റെയിൽസ് മറച്ചു വച്ചത് കൊണ്ടുതന്നെ ഫാദർ മനഃപൂർവം നവീനിനെ പുറത്താക്കാൻ വേണ്ടി ആ പെൺകുട്ടിയെ സ്വാധീനിച്ച് ഇങ്ങനെയൊരു ഇഷ്യൂ ഉണ്ടാക്കിയതെന്ന് മുല്ലശ്ശേരിക്കാരും വിശ്വസിച്ചു. മുൻപ് ഇതേ പെൺകുട്ടിയോട് ഇഷ്ടം തുറന്ന് പറഞ്ഞത് പ്രിൻസിപ്പൽ കണ്ടുകൊണ്ട് വന്നിട്ട് ഇല്ലാത്ത പുകിലുണ്ടാക്കി ഒരു മാസത്തേക്ക് തന്നെ സസ്പെൻണ്ട് ചെയ്തതും വ്യക്തി വൈരാഗ്യം തീർക്കാനാണെന്ന് വീട്ടുകാരെ വിശ്വസിപ്പിക്കാൻ നവീനിനു കഴിഞ്ഞു. കാരണം വീട്ടുകാർക്ക് മുന്നിൽ അവൻ പഠിത്തത്തിൽ മിടുക്കനും അലമ്പ് സ്വഭാവം ഇല്ലാത്തവനുമാണ്. കോളേജിൽ പോയാലുള്ള സ്വഭാവം അവർക്കാർക്കുമറിയില്ല. ഇടയ്ക്കിടെ വെള്ളമടിയും പുകവലിയുമൊക്കെയായി അടിച്ചുപൊളിച്ചു നടക്കലാണ് കോളേജിൽ. മറ്റ് കുട്ടികളെ കൂടി വഴി തെറ്റിക്കുമെന്ന് വിചാരിച്ചാണ് പ്രിൻസിപ്പലിന് അവനെയും അവന്റെ ഗ്യാങ്ങിനെയും ഇഷ്ടമില്ലാത്തത്. പിജി സെക്കന്റ്‌ ഇയർ ആയതുകൊണ്ട് കോളേജിൽ നിന്ന് പുറത്താക്കിയാൽ കോഴ്സ് കംപ്ലീറ്റ് ആക്കാൻ പറ്റില്ലെന്ന് അവനറിയാം.

വീട്ടുകാർ എല്ലാവരും സംഗതി അറിയുകയും അതിൽ വിഷമിക്കുന്നതുമൊക്കെ കണ്ടപ്പോൾ നവീനും അവന്റെ പ്രവൃത്തിയിൽ കുറ്റബോധം തോന്നി. മദ്യം ഉള്ളിൽ ചെന്നതിന്റെ ധൈര്യത്തിലാണ് അവൻ അതൊക്കെ കാട്ടിക്കൂട്ടിയതും. പ്രശ്നം ഒത്തുതീർപ്പാക്കി കോളേജിൽ തിരിച്ചു കേറാൻ വേണ്ടി നവീൻ കുറേതവണ പൂർണിമയ്ക്ക് പിന്നാലെ നടന്നു. സ്വബോധത്തോടെ ചെയ്തതല്ലെന്നും മദ്യത്തിന്റെ ലഹരിയും കൂട്ടുകാരുടെ ഇടപെടലും കളിയാക്കലുമൊക്കെ കൊണ്ടാണ് അന്ന് അങ്ങനെയൊക്കെ ചെയ്ത് കൂട്ടിയതുമെന്ന് പറഞ്ഞു എല്ലാത്തിനും സോറി ചോദിച്ച് കംപ്ലയിന്റ് പിൻവലിക്കാൻ ആവശ്യപ്പെട്ട് നവീൻ അവളോട് കെഞ്ചിയെങ്കിലും പൂർണിമ അവളുടെ തീരുമാനത്തിൽ ഉറച്ചുനിന്നു. പ്രിൻസിപ്പലിൽ നിന്ന് ഒരു ഡിസ്മിസൽ നവീനും പ്രതീക്ഷിച്ചിരുന്നില്ല. പോരാത്തതിന് അവന്റെ വീട്ടുകാർക്ക് ഈ വിഷയം വലിയ മനോ വിഷമമുണ്ടാക്കിയത് നവീനിനെ തളർത്തിയിരുന്നു.

കുറേതവണ കോളേജിൽ കയറിയിറങ്ങി ഫാദറിന്റെ കാല് പിടിച്ചു മാപ്പ് പറഞ്ഞിട്ടും അവനെ കോളേജിൽ തിരിച്ചെടുത്തില്ല. നരേന്ദ്രൻ ഇടപെട്ടപ്പോൾ ഫാദർ അവനെ അപമാനിച്ചു വിട്ടതോടെയാണ് ടിസി വാങ്ങി നവീൻ എന്നെന്നേക്കുമായി ആ കോളേജിന്റെ പടിയിറങ്ങിയത്. പൂർണിമയാണ് ആ പരാതിക്കാരിയായ പെൺകുട്ടിയെന്ന് ഫാദർ രഹസ്യമാക്കിയത് കൊണ്ട് കോളേജിൽ ആരും അവളെ സംശയിച്ചില്ല. നവീന്റെ കൂട്ടുകാർ അവനോട് കാര്യം ചോദിച്ചപ്പോഴും ഫാദർ തന്നെ പുറത്താക്കാൻ പണി തന്നതാണെന്ന് പറഞ്ഞു അവൻ തടിയൂരി. ഫോണിൽ താനന്ന് റെക്കോർഡ് ചെയ്ത വീഡിയോ നവീൻ ഡിലീറ്റ് ആക്കുകയും ചെയ്തു. പക്ഷെ കാര്യങ്ങൾ അവിടം കൊണ്ട് അവസാനിച്ചിരുന്നില്ല..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story