മാലയോഗം: ഭാഗം 11

malayogam shiva

രചന: ശിവ എസ് നായർ

   പൂർണിമയാണ് ആ പരാതിക്കാരിയായ പെൺകുട്ടിയെന്ന് ഫാദർ രഹസ്യമാക്കി വച്ചത് കൊണ്ട് കോളേജിൽ ആരും അവളെ സംശയിച്ചില്ല. നവീന്റെ കൂട്ടുകാർ അവനോട് കാര്യം ചോദിച്ചപ്പോഴും ഫാദർ തന്നെ പുറത്താക്കാൻ പണി തന്നതാണെന്ന് പറഞ്ഞു അവൻ തടിയൂരി. ഫോണിൽ താനന്ന് റെക്കോർഡ് ചെയ്ത വീഡിയോ നവീൻ ഡിലീറ്റ് ആക്കുകയും ചെയ്തു. പക്ഷെ കാര്യങ്ങൾ അവിടം കൊണ്ട് അവസാനിച്ചിരുന്നില്ല. നവീനിൽ നിന്ന് തനിക്കേറ്റ ആക്രമണം അവളുടെ മനസ്സിനെ നന്നായി തന്നെ ബാധിച്ചിരുന്നു. അച്ഛന്റേം അമ്മേടേം ശിക്ഷണത്തിൽ വളർന്ന, തികച്ചും ഉൾവലിഞ്ഞ പ്രകൃതമുള്ള പൂർണിമയ്ക്ക് അന്യനായ ഒരു പുരുഷൻ തന്നെ ബലമായി ചുംബിച്ചതൊന്നും ഉൾകൊള്ളാനോ ആ സംഭവങ്ങൾ പെട്ടെന്ന് മറവിയിലേക്ക് തള്ളിവിടാനോ സാധിച്ചില്ല. ഫാദർ ഫെലിക്സ് ആ വിഷയം മറ്റുള്ളവരിലേക്ക് എത്താതെ കൈകാര്യം ചെയ്തത് കൊണ്ട് പൂർണിമയുടെ പേര് കോളേജിലെ സ്റ്റുഡന്റസ് ആരും അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ നവീന്റെ അച്ചടക്കമില്ലായ്മയും ലഹരി ഉപയോഗവുമാണ് കോളേജിൽ നിന്ന് പുറത്താക്കാൻ കാരണമെന്ന് കുട്ടികളൊക്കെ വിശ്വസിച്ചു.

പക്ഷേ ഓഫീസിലെ ഫാദർ ഉൾപ്പെടെയുള്ള കുറച്ചു മേലധികാരികൾക്ക് മാത്രം പൂർണിമയോടാണ് നവീൻ അപമര്യാദയായി പെരുമാറിയതെന്നറിയാം. ആ സംഭവത്തോടെ ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്ന പൂർണിമ പഠിത്തത്തിൽ കൂടുതൽ പിന്നോട്ടായി. ആദ്യത്തെ രണ്ട് സെമസ്റ്ററിലും സപ്ലികൾ കിട്ടി. സേ എക്സാം എഴുതിയിട്ട് പോലും തോറ്റ വിഷയങ്ങൾക്ക് പാസ്സ് മാർക്ക്‌ പോലും വാങ്ങാൻ അവൾക്ക് കഴിഞ്ഞില്ല. ഒരു വർഷത്തിന് ശേഷമാണ് പൂർണിമ ആ മെന്റൽ ട്രോമയിൽ നിന്ന് പുറത്ത് കടന്നത്. പിന്നീട് പഠിത്തത്തിൽ ശ്രദ്ധിച്ചു തുടങ്ങി ബാക്കി സെമെസ്റ്ററിൽ സപ്ലി വരാതെ ജയിക്കാൻ അവൾക്ക് കഴിഞ്ഞു. ആദ്യത്തെ രണ്ട് സെമെസ്റ്ററിൽ പോയ വിഷയങ്ങൾ വീണ്ടും പഠിച്ചെഴുതി. അങ്ങനെ ഒരെണ്ണമൊഴികെ ബാക്കി വിഷയങ്ങൾ ഒരുവിധം കടന്ന് കൂടി. ഫസ്റ്റ് സെമ്മിലെ ഇംഗ്ലീഷ് ഗ്രാമർ പേപ്പറായിരുന്നു പൂർണിമയ്ക്ക് കിട്ടാതെ പോയത്. കുറേതവണ സപ്ലി എഴുതി മടുത്തപ്പോ അവൾ തന്നെ ആ ശ്രമം ഉപേക്ഷിച്ചു. ഡിഗ്രി തോറ്റു വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ വീട്ടുകാർ എല്ലാവരും പൂർണിമയെ നന്നായി ശകാരിക്കുകയും ചെയ്തു.

പഠിക്കാൻ ബുദ്ധിയില്ലാത്തവളെ കെട്ടിച്ചുവിടാനും അതോടെ തീരുമാനമായി. പക്ഷേ അവളുടെ ജാതകത്തിലെ ദോഷം കാരണം മാലയോഗം നീണ്ടുനീണ്ടു പോയി. പഴയ ഓർമ്മകൾ മനസ്സിലൂടെ കടന്ന് പോയപ്പോൾ പൂർണിമയുടെ മനസ്സും ഹൃദയവും ഒരുപോലെ തേങ്ങി. അന്നത്തെ ആ ട്രോമ മനസ്സിൽ നിന്ന് വിട്ടുപോകാൻ അവളനുഭവിച്ച മാനസിക സംഘർഷം അത്രത്തോളം വലുതായിരുന്നു. പിന്നീട് അതൊക്കെ വല്ലപ്പോഴും ഓർമ്മയിൽ വന്നാലും പൂർണിമയ്ക്ക് ആദ്യം തോന്നിയിരുന്ന സങ്കടമൊക്കെ പൂർണ്ണമായി മാറിയതാണ്. പക്ഷേ ഇപ്പോൾ നരേന്ദ്രന്റെ സഹോദരനാണ് നവീനെന്ന തിരിച്ചറിവ് അവളെ അമ്പേ തകർത്തിരുന്നു. നവീൻ ഒരിക്കലും പഴയ കാര്യങ്ങൾ നരേന്ദ്രനോട്‌ പറയരുതേയെന്ന് പ്രാർത്ഥിക്കാൻ മാത്രമേ അവൾക്കായുള്ളു. കാരണം, ഇത്രയും വർഷങ്ങൾക്ക് ശേഷം അന്ന് നടന്ന കാര്യങ്ങൾ കുത്തിപ്പൊക്കി കൊണ്ട് വന്നാൽ താനാണ് ശരിയെന്ന് തെളിയിക്കാൻ അവളുടെ കയ്യിൽ തെളിവുകൾ ഒന്നുമില്ല.

അന്നത്തെ ഫാദർ ഫെലിക്സും പിന്നീട് മറ്റൊരു കോളേജിലേക്ക് ട്രാൻസ്ഫർ കിട്ടി പോയിരുന്നു. അന്ന് ആ പ്രശ്നമുണ്ടായി നവീന് കോളേജിൽ നിന്ന് ഡിസ്മിസൽ കിട്ടിയപ്പോൾ തന്നെ അതൊരു വ്യാജ പരാതിയാണെന്നും ഫാദർ അവനിട്ട് മനഃപൂർവം പണി കൊടുത്തതാണെന്നും മുല്ലശ്ശേരി തറവാട്ട് കരാർ വിശ്വസിപ്പിക്കാൻ നവീന് കഴിഞ്ഞത് കൊണ്ട് ഇനി ഈ വിഷയം താൻ നരേന്ദ്രന് മുന്നിൽ തുറന്ന് പറഞ്ഞാൽ അവനൊരിക്കലും അവളെ വിശ്വസിക്കില്ലെന്ന് പൂർണിമയ്ക്ക് ഉറപ്പുണ്ടായിരുന്നു. അതവളെ ധർമ്മ സങ്കടത്തിലാഴ്ത്തി. നവീൻ മടങ്ങിയെത്തുന്നത് വരെ മാത്രമേ തനിക്ക് നരേന്ദ്രന്റെ ഭാര്യയായി ജീവിക്കാൻ പറ്റുള്ളൂ എന്നോർത്ത് അവൾക്ക് അതിയായ സങ്കടം തോന്നി. നവീന് നല്ല ബുദ്ധി തോന്നണേ എന്ന് മാത്രം അവൾ ഈശ്വരനോട്‌ പ്രാർത്ഥിച്ചു. 🍁🍁🍁🍁 
"പൂർണിമാ... നാളെ രാവിലെ നമുക്ക് നിന്റെ വീട് വരെയൊന്ന് പോയി വരാം." രാത്രി കിടക്കാൻ നേരം നരേന്ദ്രൻ അവളുടെ കാതോരം പറഞ്ഞു. നാളെ പൂർണിമയുടെ വീട്ടിലേക്ക് വിരുന്ന് പോകുന്നതിനെ കുറിച്ച് യമുന അവളോട് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നത് അവളോർത്തു. "നാളെ പോയിട്ട് രണ്ട് ദിവസം കഴിഞ്ഞല്ലേ നമ്മൾ തിരിച്ചു വരൂ." സന്തോഷത്തോടെ പൂർണിമ അവനോട് ചോദിച്ചു. കല്യാണം കഴിഞ്ഞു ചെക്കനും പെണ്ണും പെണ്ണിന്റെ വീട്ടിലേക്ക് വിരുന്ന് പോകുമ്പോൾ രണ്ട് ദിവസം നിന്നിട്ട് വരാറാണ് അവരുടെ പതിവ്.  "നമുക്ക് രാവിലെ പോയി വൈകുന്നേരം മടങ്ങി വരാം പൂർണിമ. എനിക്ക് അവിടെ താമസിച്ചാൽ ശരിയാവില്ല. ഏസിയിൽ കിടന്നുറങ്ങി ശീലിച്ച എനിക്ക് നിന്റെ വീട്ടിൽ അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും." പൂർണിമയെ വിഷമിപ്പിക്കാനുള്ള ഉദ്ദേശത്തോടെയല്ല നരേന്ദ്രനത് പറഞ്ഞതെങ്കിലും അവന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചു. "അതൊക്കെ നരേട്ടന്റെ ഇഷ്ടം." എന്ന് മാത്രം അവൾ മറുപടി പറഞ്ഞു. 🍁🍁🍁🍁

രാവിലെ പ്രാതൽ കഴിച്ച് കഴിഞ്ഞതിന് ശേഷം നരേന്ദ്രനും പൂർണിമയും അവളുടെ വീട്ടിലേക്ക് പോവാനായി ഇറങ്ങി. ഊഷ്മളമായ സ്വീകരണമാണ് അവർക്കവിടെ ലഭിച്ചത്. നരേന്ദ്രൻ എല്ലാവരോടും നല്ല രീതിയിൽ തന്നെയാണ് പെരുമാറിയത്. അത് കണ്ട് പൂർണിമയ്ക്കും സന്തോഷം തോന്നി. "നിങ്ങള് രണ്ട് ദിവസം കഴിഞ്ഞല്ലേ പോകൂ." ഊണ് കഴിഞ്ഞു ഉമ്മറത്തിരുന്ന് സംസാരിക്കുമ്പോൾ ശിവദാസൻ ചോദിച്ചു. "അയ്യോ... ഇല്ലച്ഛാ. ഞങ്ങൾ ഇന്ന് വൈകുന്നേരം തന്നെ തിരിച്ചു പോകും. നാളെ മുതൽ ഓഫീസിൽ പോയി തുടങ്ങണം. ലീവൊക്കെ തീർന്നു." പൂർണിമയെ ഒന്ന് പാളി നോക്കിക്കൊണ്ടാണ് നരേന്ദ്രനത് പറഞ്ഞത്. "നരേട്ടന് ഇവിടുന്ന് ഓഫീസിൽ പോകാൻ ബുദ്ധിമുട്ടാവില്ലേ അച്ഛാ. ഞങ്ങൾ വേറൊരു ദിവസം നിൽക്കാനായിട്ട് വരാം." അവനവിടെ നിൽക്കാനുള്ള ബുദ്ധിമുട്ട് തലേ ദിവസം തന്നോട് പറഞ്ഞതായിരുന്നു അവളുടെ മനസ്സിലപ്പോൾ. "പ്രവീണിന് ജോലിയെന്തെങ്കിലും ആയോ?" നരേന്ദ്രൻ വിഷയം വഴിതിരിച്ചുവിട്ടു. "ഇല്ലേട്ടാ... ഇന്റർവ്യൂനൊക്കെ പോകുന്നുണ്ട്. ഒന്നുമങ്ങോട്ട് ശരിയാകുന്നില്ല." പ്രവീണിന്റെ സ്വരത്തിൽ നിരാശ കലർന്നിരുന്നു. "അതിന് നീയിങ്ങനെ സങ്കടപ്പെടുകയൊന്നും വേണ്ട. നിന്റെ സി.വിയുടെ ഒരു കോപ്പി എനിക്ക് വാട്സാപ്പ് ചെയ്തേക്ക്. എന്റെ സുഹൃത്തുക്കളോടൊക്കെ ഞാനൊന്ന് പറഞ്ഞു നോക്കാം."

"അത് ഞാൻ ഇപ്പോൾ തന്നെ അയക്കാം ചേട്ടാ." പ്രവീൺ ഫോണെടുത്ത് അവന്റെ സി.വിയുടെ ഒരു കോപ്പി നരേന്ദ്രന് അയച്ച് കൊടുത്തു. "പ്രവീൺ എം. കോം ആണോ പഠിച്ചത്." "അതെ ചേട്ടാ. മൂന്ന് വർഷമായി പഠിച്ചിറങ്ങിയിട്ട്." "പൂർണിമയെ പോലെയല്ല ഇവൻ, പഠിക്കാൻ മിടുക്കനായിരുന്നു. നല്ല മാർക്കോടെയാണ് പ്രവി മോൻ ഡിഗ്രിയും പിജിയുമൊക്കെ പാസ്സായത്. അവള് ഡിഗ്രി തോറ്റതാ. കുറേതവണ എഴുതിയിട്ടും ജയിച്ചില്ല. വലിയ മാർക്കൊന്നും വാങ്ങിയില്ലെങ്കിലും ജയിക്കാനുള്ളത് ഉണ്ടായാൽ മതിയെന്നെ ഞാനും ഗീതയും പിള്ളേരോട് പറയാറുള്ളൂ. ഡിഗ്രിക്ക് മലയാളമാണ് എടുത്തതും. എന്നിട്ടും അവളെക്കൊണ്ട് അത് എഴുതി ജയിക്കാൻ പറ്റിയില്ല. പിന്നെ ഇവൾടെ താഴെയുള്ള രണ്ടും പഠിക്കാൻ തരക്കേടില്ല." എന്തോ വലിയ കാര്യം പറഞ്ഞത് പോലെയാണ് ശിവദാസന്റെ ഭാവം. സ്വന്തം ഭർത്താവിന്റെ മുൻപിൽ വച്ച് തന്നെ ഇങ്ങനെ താഴ്ത്തി കെട്ടി സംസാരിച്ചത് കേട്ട് പൂർണിമയ്ക്ക് സങ്കടം തോന്നി. അവളൊന്നും മിണ്ടാതെ മുറിയിലേക്ക് കയറിപ്പോയി.  "അച്ഛനങ്ങനെ പറയണ്ടായിരുന്നു.

ചേച്ചിക്ക് സങ്കടായെന്നാ തോന്നണേ." പ്രീതി അച്ഛനെ നോക്കി പരിഭവിച്ചു. "സങ്കടം വരാൻ ഞാൻ ഇല്ലാത്തതൊന്നും പറഞ്ഞില്ലല്ലോ. ഉള്ള കാര്യല്ലേ പറഞ്ഞത്. ഇന്നത്തെ കാലത്ത് ഒരു ഡിഗ്രി ഉണ്ടെങ്കിൽ മാസം പതിനായിരം രൂപയെങ്കിലും കിട്ടുന്ന ഏതെങ്കിലും ജോലിക്കെങ്കിലും കേറിക്കൂടെ. ഇതുങ്ങളോട് ഞാൻ പഠിക്കാൻ പറയുന്നത് തന്നെ വല്ല ജോലിക്കും പോയി പത്ത് കാശ് സ്വന്തമായി ഉണ്ടക്കട്ടെന്ന് കരുതിയാണ്. മൂന്ന് പെൺപിള്ളേരെ എങ്ങനെ ഇറക്കി വിടുമെന്നോർത്ത് ആധി പിടിച്ചാ ഞാൻ കഴിഞ്ഞിരുന്നത്. അതിൽ പൂർണിമയുടെ കാര്യമോർത്തയിരുന്നു എനിക്ക് പേടി. ഒരു ഡിഗ്രി പോലും ഇല്ലാത്ത ജാതക ദോഷമുള്ളവൾ കല്യാണം നടക്കാതെ വീട്ടിലിരുന്നു പോകുമോന്നോർത്ത്. എന്തായാലും അതുണ്ടായില്ല. പിന്നെ അവളുടെ ഇഷ്ടം കൂടി നോക്കിയേ കല്യാണം കഴിപ്പിക്കാൻ ഞങ്ങൾക്ക് താല്പര്യമുണ്ടായിരുന്നുള്ളൂ. വരുന്ന ആലോചനകളൊന്നും ഉറയ്ക്കാതെ പൊക്കൊണ്ടിരുന്നപ്പോഴാ നിങ്ങടെ ഡ്രൈവർ കുമാരൻ മോന്റെ കാര്യം വന്ന് പറയുന്നത്. ഞാനിപ്പോഴും ഗീതയോട് പറയും മോന്റെ ആലോചന ഈശ്വരനായിട്ട് കൊണ്ട് തന്നതാന്ന്."

അകത്തു മുറിയിലിരുന്ന് അച്ഛന്റെ സംസാരം കേട്ടുകൊണ്ടിരുന്ന പൂർണിമയ്ക്ക് വല്ലാത്ത സങ്കടം തോന്നി. ഡിഗ്രി എഴുതി കിട്ടാതെ വന്നപ്പോൾ വെറുതെ വീട്ടിലിരിക്കാതെ കിട്ടുന്ന എന്തെങ്കിലും ജോലിക്ക് പൊക്കോട്ടെ എന്ന് അവൾ അച്ഛനോട്‌ ചോദിച്ചപ്പോൾ അയാളുടെ മറുപടി ഇങ്ങനെയായിരുന്നു. "ഒരു ഡിഗ്രി പോലുമില്ലാത്ത നിനക്ക് എന്ത് ജോലി കിട്ടാനാ. വല്ല സെയിൽസ് ഗേളോ മറ്റോ ആയിട്ട് കുറഞ്ഞ ശമ്പളത്തിൽ ജോലി കിട്ടുമായിരിക്കും. അതിനൊക്കെ പോയി നിന്റെ ചേട്ടനെ നാണം കെടുത്താതെ അടങ്ങി വീട്ടിലിരിക്ക്. തോറ്റ വിഷയം എഴുതി എടുത്താൽ ആരോടെങ്കിലും പറഞ്ഞു ഏതെങ്കിലും ഓഫീസിൽ ജോലി വാങ്ങി തരാം. എല്ലാടത്തും ജോലി കിട്ടാൻ ഏതെങ്കിലും ഡിഗ്രി വേണം, നിനക്കതില്ലല്ലോ." എല്ലാ ജോലിക്കും അതിന്റെതായ അന്തസ്സുണ്ടെന്ന് പറയുന്ന അച്ഛനാണ് അവളോട് ഇങ്ങനെയൊക്കെ പറഞ്ഞത്.

അതുപോലെ പ്രവീണിന് ചെറിയ ഓഫീസിലൊക്കെ പന്ത്രണ്ടായിരം രൂപയ്ക്ക് ജോലി ശരിയായതാണ്. പക്ഷേ അച്ഛനും മോനും നോക്കുന്നത് വലിയ കമ്പനികളിലെ ജോലിയാണ്. വർക്ക്‌ എക്സ്പീരിയൻസ് ഉണ്ടെങ്കിലേ അവിടെയൊക്കെ പെട്ടെന്ന് കിട്ടുള്ളു എന്ന് അറിയാമായിരുന്നിട്ടും എം കോമിൽ റാങ്ക് വാങ്ങിയ പ്രവീണിന് കുറഞ്ഞ സാലറിക്ക് ചെറിയ ഓഫീസുകളിൽ ജോലിക്ക് പോകാൻ നാണക്കേട് പോലെയാണ്. അതേസമയം ഇത്ര പോലും സാലറിയില്ലാതെ തുച്ഛമായ ശമ്പളത്തിൽ വലിയ വലിയ ഓഫീസുകളിൽ ജോലിക്കായുള്ള ഇന്റർവ്യൂന് പോകാൻ പ്രവീണിന് ഒരു മടിയുമില്ല. പ്രവീണിന് ജോലി ശരിയാകാത്തത് അച്ഛന്റേം  ചേട്ടന്റേം കുറ്റം കൊണ്ട് തന്നെയാണെന്ന് പൂർണിമയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവൾക്കൊന്നും പറയാനുള്ള വോയിസ്‌ ഇല്ലാത്തത് കൊണ്ട് പൂർണിമ അഭിപ്രായം പറയാൻ പോകാറില്ല.

ഈ കല്യാണം നടന്നതോടെ തന്റെ അച്ഛനും അമ്മയും ചേട്ടനുമൊക്കെ തറയിലല്ല നിൽക്കുന്നതെന്ന് അവരുടെ പെരുമാറ്റങ്ങളിൽ നിന്ന് അവൾക്ക് തോന്നി. മകളായ തന്നെ തീരെയും ഗൗനിക്കാതെ മരുമകനെ തൃപ്തിപ്പെടുത്തുന്നതിലാണ് വീട്ടുകാർക്ക് താല്പര്യം. "പ്രവീൺ ഇത്രേം പഠിച്ച സ്ഥിതിക്ക് എന്തെങ്കിലും ബിസിനസ്‌ തുടങ്ങിക്കൂടെ. നിനക്ക് അതിനുള്ള കഴിവുമുണ്ടല്ലോ." നരേന്ദ്രനാണ്. "അതിനൊക്കെ നല്ല കാശിറക്കണ്ടേ ചേട്ടാ. ഇവിടുത്തെ കാര്യങ്ങൾ ചേട്ടനറിയാമല്ലോ." "സാമ്പത്തികമാണ് വിഷയമെന്നറിയാം. അതിന് വേണ്ട സഹായങ്ങൾ ഞാൻ ചെയ്തു തരാം. നിനക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ ധൈര്യമായി മുന്നോട്ട് പൊയ്ക്കോ. ഞാനുണ്ട് കൂടെ." നരേന്ദ്രന്റ വാക്കുകൾ കേട്ട് പ്രവീൺ കണ്ണ് മിഴിച്ചു അവനെ നോക്കി. പൂർണിമയ്ക്കെന്തോ നരേന്ദ്രന് തന്റെ ചേട്ടനെ സഹായിക്കാമെന്ന് പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. അത് അപ്പോൾ തന്നെ അവരോടു വെട്ടിത്തുറന്ന് പറയണമെന്ന് അവൾക്ക് തോന്നി...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story