മാലയോഗം: ഭാഗം 12

malayogam shiva

രചന: ശിവ എസ് നായർ

 പൂർണിമയ്ക്കെന്തോ നരേന്ദ്രൻ തന്റെ ചേട്ടനെ സഹായിക്കാമെന്ന് പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. അത് അപ്പോൾ തന്നെ അവരോടു വെട്ടിത്തുറന്ന് പറയണമെന്ന് അവൾക്ക് തോന്നി. പൂർണിമ കട്ടിലിൽ നിന്നെഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞതും ഗീത അങ്ങോട്ട്‌ കയറി വന്നു. "നീയെങ്ങോട്ട് പോവാ മോളെ?" "പ്രവിയേട്ടനെ സഹായിക്കണ്ടന്ന് നരേട്ടനോട് പറയാൻ. അത്തരം കൊടുക്കൽ വാങ്ങലൊക്കെ വേണോ അമ്മേ. ചേട്ടന് വല്ല ജോലിക്കും പോകാലോ അല്ലാതെ അളിയന്റെ കാശ് വാങ്ങി ബിസിനസ്‌ ചെയ്ത് ഒരു കടപ്പാട് വരുത്തി വയ്ക്കണോ. എനിക്കെന്തോ അതൊന്നും ഇഷ്ടമാകുന്നില്ല. അല്ലെങ്കിൽ തന്നെ ഈ കല്യാണം നടന്നതിൽ പിന്നെ അച്ഛനും ചേട്ടനുമൊന്നും നിലത്തൊന്നുമല്ല നിക്കുന്നത്." "നീ വെറുതെ അവരുടെ കാര്യത്തിലൊന്നും ഇടപെടാൻ പോണ്ട. പ്രവീൺ കാശ് അങ്ങോട്ട്‌ ചോദിച്ചതൊന്നുമല്ലല്ലോ. അവര് കൊടുക്കേ വാങ്ങേ എന്താന്ന് വച്ച ചെയ്തോട്ടെ. എന്തായാലും വാങ്ങിയ പൈസ പലിശ സഹിതം തിരിച്ചു കൊടുക്കാൻ അവന് കഴിയും. എത്ര നാളെന്ന് വച്ചാണ് ഒരു ജോലിയില്ലാതെ അവനിവിടെ നിൽക്കുന്നത്. ബിസിനസ്‌ എങ്കിലും ചെയ്ത് അവൻ രക്ഷപ്പെട്ടോട്ടെ. നീ അതിലൊന്നും അഭിപ്രായം പറയാൻ നിക്കണ്ട."

ഗീത കുറ്റപ്പെടുത്തും പോലെ പറഞ്ഞപ്പോൾ പൂർണിമയ്ക്ക് എന്തോ വിഷമം തോന്നി. 'നവീൻ വരുന്നത് വരെയേ തനിക്ക് നരേട്ടന്റെ ഭാര്യയായി മുല്ലശ്ശേരിയിൽ തുടരാനാകൂ. അവൻ വന്ന് കഴിഞ്ഞാൽ അവിടെയുള്ളവരോട് എന്തൊക്കെയാ പറഞ്ഞു കൊടുക്കാൻ പോകുന്നതെന്ന് അറിയില്ല. അന്നത്തോടെ തന്റെ അവിടുത്തെ ജീവിതം അവസാനിക്കും. തന്റെ വാക്കിനെക്കാൾ എല്ലാവരും വിശ്വസിക്കുന്നതും വിലകൊടുക്കുന്നതും നവീനിന്റെ വാക്കുകൾക്കാകും. അതോർത്താണ് പൂർണിമയുടെ പേടിയും. ഉമ്മറത്തെ ചർച്ചകൾ പുരോഗമിക്കുകയാണ്.  ഒന്നിലും ഇടപെടാൻ കഴിയാനാവാതെ അവൾ നിസ്സഹായതയോടെ മുറിക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി കൊണ്ടിരുന്നു. തിരിച്ചു തറവാട്ടിൽ പോകുമ്പോൾ നരേന്ദ്രനോട്‌ അതേക്കുറിച്ച് സംസാരിക്കാമെന്ന് കരുതി അവൾ മനസ്സിനെ അടക്കി നിർത്തി. വൈകുന്നേരം ചായകുടി ഒക്കെ കഴിഞ്ഞ ശേഷമാണ് നരേന്ദ്രനും പൂർണിമയും മുല്ലശ്ശേരിയിലേക്ക് തിരിച്ചത്.

"നരേട്ടാ... ഞാനൊരു കാര്യം പറഞ്ഞാൽ ഒന്നും വിചാരിക്കരുത്." മുഖവുരയോടെ അവൾ പറഞ്ഞു. "എന്താ പൂർണിമാ..." ഡ്രൈവിംഗിനിടയിൽ അവനവളെ പാളി നോക്കി. "പ്രവിയേട്ടന് ബിസിനസ്‌ നടത്താൻ കാശ് കൊടുക്കാമെന്ന് നരേട്ടൻ പറയുന്നത് കേട്ടു. അതൊക്കെ ആവശ്യമായ കാര്യമാണോ നരേട്ടാ. ഒരു ജോലി ശരിയാക്കി കൊടുത്താലും മതിയായിരുന്നു. ബിസിനസൊക്കെയാകുമ്പോൾ ഒത്തിരി പൈസ വേണ്ടി വരില്ലേ. എങ്ങാനും നഷ്ടത്തിലായാൽ മുടക്കിയ കാശ് പോലും കിട്ടില്ല." "എടോ പ്രവീൺ തന്റെ ചേട്ടനാണ്. അവന് നല്ലൊരു കാര്യം ചെയ്തു കൊടുക്കാൻ ഞാൻ ഉദ്ദേശിക്കുമ്പോൾ താൻ തുടക്കത്തിൽ തന്നെ ഇങ്ങനെ അത് മുടക്കാനായി ഓരോന്ന് പറയല്ലേ." "ഞാൻ അങ്ങനെയൊരു ഉദ്ദേശത്തിൽ പറഞ്ഞതല്ല നരേട്ടാ. ഇത്രയും വലിയൊരു ബാധ്യത വരുത്തി വയ്ക്കണോ എന്ന് കരുതി ചോദിച്ചതാ." "അങ്ങനെ ആയാൽ തന്നെ ഇപ്പൊ എന്താ പൂർണിമാ. തന്റെ സഹോദരൻ ഇപ്പൊ എന്റേം കൂടി സഹോദരനല്ലേ. ഇങ്ങനെയെങ്കിലും അവനൊന്ന് രക്ഷപ്പെട്ടോട്ടെടോ.

ഞാൻ മനസ്സിലാക്കിയത് വച്ച് അവന് ബിസിനസിൽ ശോഭിക്കാൻ നല്ല കഴിവുണ്ട്. താൻ ഇക്കാര്യം വീട്ടിൽ വച്ച് പറയാത്തത് നന്നായി. അല്ലെങ്കിൽ അവരൊക്കെ എന്ത് വിചാരിച്ചേനെ."  "സഹായിക്കുന്നതൊക്കെ നരേട്ടന്റെ ഇഷ്ടം. ഞാനെന്റെ അഭിപ്രായം പറഞ്ഞൂന്നേയുള്ളു." ഒരു തർക്കത്തിന് താല്പര്യമില്ലാത്തത് പോലെ അവൾ പുറത്തേക്ക് മിഴികൾ പായിച്ചു. "എടോ... ഞാനൊരു കാര്യം പറഞ്ഞാൽ താനൊന്നും വിചാരിക്കരുത്. തന്നെ കല്യാണം കഴിച്ചതോട് കൂടി തന്റെ വീട്ടുകാർ ഇപ്പൊ ഞങ്ങളുടെ ബന്ധുവായി മാറിയിരിക്കുകയാണ്. ഇടത്തരം കുടുംബമായ നിങ്ങളും സാമ്പത്തികമായി ഉയർന്നു നിൽക്കുന്ന നമ്മളും തമ്മിൽ നല്ല അന്തരമുണ്ട്. ഫാമിലി ഫങ്ക്ഷനിലൊക്കെ അതൊരു ചർച്ചയാകുമ്പോൾ അതിന്റെ നാണക്കേട് തനിക്കാണ്. പണത്തിന് കുറവുള്ള തന്റെ ഫാമിലിക്ക് കുറേ കാശ് തന്ന് എനിക്ക് സഹായിക്കാം. അതിന് പകരം ആ സഹായം തന്റെ ചേട്ടന് ഇങ്ങനെയൊരു കാര്യത്തിന് നൽകിയാൽ അവനത് വേണ്ട രീതിയിൽ വിനിയോഗിച്ചോളും.

ബിസിനസ്‌ സക്സസ് ആയാൽ തന്റെ കുടുംബം തന്നെ രക്ഷപ്പെടില്ലേ." നരേന്ദ്രൻ നിസ്സാരമട്ടിലാണ് അത് പറഞ്ഞതെങ്കിലും പൂർണിമയ്ക്ക് അത് കേട്ടപ്പോൾ ഉള്ളിലൊരു കൊളുത്തി വലി തോന്നി. കാരണം, കാശിനിത്തിരി കുറവുള്ള തങ്ങളുമായുള്ള ബന്ധം നരേന്ദ്രന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു കുറവായി തന്നെയാണ് ഉള്ളതെന്ന് അവൾക്ക് ബോധ്യമായി. സാമ്പത്തികമായി തന്റെ കുടുംബത്തെ ഉയർത്താനായിട്ടാണ് അവൻ ഈയൊരു മാർഗം സ്വീകരിച്ചതെന്നും പൂർണിമയ്ക്ക് മനസ്സിലായി.                               🍁🍁🍁🍁 ദിവസങ്ങൾ അതിവേഗം കടന്ന് പോയി. മധുവിധു നാളുകൾ ബന്ധു വീടുകളിൽ വിരുന്നിന് പോയി തന്നെ തീർന്നിരുന്നു. അവർക്കിരുവർക്കും മാത്രമായി കുറച്ചു ദിവസങ്ങൾ ഹണിമൂൺ ട്രിപ്പിനു മാറ്റി വയ്ക്കാൻ സമയം കിട്ടിയില്ല. വിരുന്ന് സൽക്കാരങ്ങളെല്ലാം കഴിഞ്ഞപ്പോൾ തന്നെ നരേന്ദ്രന്റെ ലീവൊക്കെ തീർന്നിരുന്നു. അപ്പോഴേക്കും വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ചയായിരുന്നു.

രാവിലെ നരേന്ദ്രൻ ഓഫീസിൽ പോകാൻ റെഡിയായി താഴേക്കിറങ്ങി വരുമ്പോൾ അവന് ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം പൂർണിമ ബാഗിലാക്കി കൊടുത്തു. "പൂർണിമാ... ഞാൻ പോയി വരാം. വൈകിട്ട് ഒരു ആറുമണി ആകുമ്പോ റെഡിയായിരിക്കണേ. ഞാൻ വന്നിട്ട് നമുക്ക് പുറത്തേക്കൊന്ന് പോകാം." "ഞാൻ റെഡിയായി നിൽക്കാം നരേട്ടാ." "എങ്കിൽ ശരി... ഞാനിറങ്ങുന്നു." അവളെ കെട്ടിപ്പിടിച്ച് നെറുകയിലൊന്ന് മുത്തിയ ശേഷം അവൻ കാറിൽ കയറി ഓടിച്ചുപോയി. ചുണ്ടിലൂറിയ പുഞ്ചിരിയോടെ നരേന്ദ്രന്റെ കാർ പോകുന്നത് നോക്കി അവൾ നിന്നു. വണ്ടി കണ്ണിൽ നിന്ന് മറഞ്ഞതും ഗേറ്റ് അടച്ച് പൂട്ടിയിട്ട് പൂർണിമ അകത്തേക്ക് കയറിപ്പോയി. ശ്രീകണ്ഠനും യമുനയും നരേന്ദ്രൻ പോകുന്നതിന് കുറച്ചു മുൻപായി എങ്ങോട്ടേക്കോ പോയതാണ്. അതുകൊണ്ട് അന്നത്തെ പകൽ മുല്ലശ്ശേരിയിൽ അവൾ തനിച്ചായിരുന്നു.  ചെയ്യാൻ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്തതിനാൽ ടീവി കണ്ടും മൊബൈൽ നോക്കിയും ഉറങ്ങിയും പൂർണിമ സമയം തള്ളിനീക്കി.  🍁🍁🍁🍁 
"നരേന്ദ്രന്റെ മധുവിധു ഒക്കെ ഇത്ര പെട്ടെന്ന് കഴിഞ്ഞോ? ഞങ്ങൾ വിചാരിച്ചു നീ ഭാര്യയുമായി അടിച്ചു പൊളിച്ചു ഒരു മാസം കഴിഞ്ഞേ വരുള്ളൂന്നാ." നരേന്ദ്രനെ ഓഫീസിൽ കണ്ട് കൂടെയുള്ള സഹപ്രവർത്തകൻ മിഥുൻ ചോദിച്ചു.  "ആഗ്രഹമില്ലാഞ്ഞിട്ടല്ല മിഥുൻ. ലീവ് കുറച്ചേ കിട്ടിയുള്ളൂ. അതുകൊണ്ട് ഹണിമൂൺ അടുത്ത മാസത്തേക്ക് മാറ്റി വച്ചു." മുഖത്ത് നിരാശ നിറച്ച് അവൻ പറഞ്ഞു. "വൈഫ്‌ ആളെങ്ങനെ? പാവമാണോ?" "അതൊരു സാധുകൊച്ചാടോ." "എനിക്കും കണ്ടപ്പോ തോന്നി... വിവാഹ ദിവസം ടെൻഷൻ കേറി ആ കൊച്ച് ബോധം കെട്ടൊക്കെ വീണതല്ലേ." "ഹാ... ബിപി ലോ ആയതായിരുന്നു അന്ന്." "എന്തായാലും ആളൊരു സുന്ദരി തന്നെ. കുറേ ജാതകം നോക്കി നോക്കി അവസാനം നിനക്ക് ചേരുന്ന ഒരു പെണ്ണിനെ തന്നെ കിട്ടിയല്ലോ." മിഥുന്റെ സംസാരം കേട്ട് നരേന്ദ്രനൊന്ന് പുഞ്ചിരിച്ചു. 
അപ്പോഴാണ് കയ്യിൽ കുറച്ചു ഫയലുമായി അനുരാധ അങ്ങോട്ടേക്ക് വന്നത്. "സർ ഇത്ര പെട്ടെന്ന് ഓഫീസിൽ വരുമെന്ന് വിചാരിച്ചില്ല. കല്യാണം കഴിഞ്ഞിട്ട് രണ്ടാഴ്ചയല്ലേ ആയുള്ളൂ. എന്ത് പറ്റി ഇത്ര പെട്ടെന്ന് വരാൻ?" അനുരാധ തന്റെ കൈയിലിരുന്ന ഫയലുകൾ നരേന്ദ്രന്റെ മുന്നിലേക്ക് വച്ചു. "ലീവ് അത്രേ കിട്ടിയുള്ളൂ അനു... അതുകൊണ്ട് ലീവ് തീർന്നാൽ വന്നല്ലേ പറ്റു." താല്പര്യമില്ലാത്ത മട്ടിൽ നരേന്ദ്രൻ പറഞ്ഞു. "വൈഫിന് സുഖല്ലേ.." "ഓ സുഖമാണ്." "എന്തായിരുന്നു വൈഫിന്റെ പേര്?" അനുരാധ വിടാൻ ഭാവമില്ലായിരുന്നു. "പൂർണിമ." "ആള് കാണാനൊക്കെ സുന്ദരിയാണെങ്കിലും സാറിന് ചേരുന്നില്ലായിരുന്നു. ഇത്രേം സമ്പത്തും സൗന്ദര്യവും ജോലിയുമുള്ള സാറിന് ഡിഗ്രി പോലുമില്ലാത്തൊരു പെണ്ണിനെയാണോ കിട്ടിയത്.

അന്ന് മണ്ഡപത്തിൽ കല്യാണത്തിന് വന്നപ്പോ കേട്ടതാ പെണ്ണിന്റെ മഹിമ. സാറിന്റെ മിക്ക റീലേറ്റീവ്സിനും ആ ബന്ധം അത്ര ഇഷ്ടപ്പെട്ടില്ലെന്ന് പലരുടെയും സംസാരത്തിൽ നിന്ന് വ്യക്തമായിരുന്നു. സാറിന് മാര്യേജ് ചെയ്യാൻ ഈ കുട്ടിയെ മാത്രേ കിട്ടിയുള്ളോ?." അനുരാധയുടെ മുനവച്ചുള്ള സംസാരം നരേന്ദ്രനെ ചൊടിപ്പിച്ചു. "ഞാൻ ആരെ വിവാഹം കഴിക്കണം കഴിക്കണ്ട എന്നതൊക്കെ എന്റെ ഇഷ്ടമാണ്. അതിൽ കേറി അഭിപ്രായം പറയാൻ തനിക്കെന്താ അവകാശം." നരേന്ദ്രന് ദേഷ്യം വന്നു. "സാറിന്റെ കഴിവിന് ഇതിനേക്കാൾ ബെറ്റർ ആയൊരു കുട്ടിയെ കിട്ടുമായിരുന്നു. അതുകൊണ്ട് പറഞ്ഞതാ." "അതിന് തന്നോട് ഞാൻ അഭിപ്രായം ചോദിച്ചില്ല." "ഞാനൊന്നും പറയാൻ വരുന്നില്ല..." അനുരാധ പരിഭവത്തോടെ അവനെയൊന്ന് നോക്കിയിട്ട് അവളുടെ സീറ്റിലേക്ക് പോയി. 
രണ്ട് വർഷം മുൻപാണ് അനുരാധ അവിടേക്ക് ട്രാൻസ്ഫർ കിട്ടി എത്തുന്നത്.  സുന്ദരിയും ചെറുപ്പക്കാരിയുമായ ഇരുപത്തിഅഞ്ചു വയസ്സ് മാത്രമുള്ള അനുരാധയ്ക്ക് ആദ്യ കാഴ്ചയിൽ തന്നെ നരേന്ദ്രനോട്‌ ചെറിയൊരു ഇഷ്ടം മനസ്സിൽ തോന്നിയിരുന്നു. വൈകാതെ തന്നെ അവളത് അവനോട് തുറന്ന് പറഞ്ഞപ്പോൾ നരേന്ദ്രൻ തനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറി. എങ്കിലും അനുരാധയ്ക്ക് അവനോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നില്ല. ഇപ്പൊ നരേന്ദ്രന്റെ വിവാഹം ഏറ്റവും കൂടുതൽ തളർത്തിയത് അനുരാധയെയാണ്. പൂർണിമയോട് അവൾക്ക് എന്തെന്നില്ലാത്ത അസൂയ തോന്നി. സ്വന്തം സീറ്റിലേക്ക് ചെന്നിരുന്നെങ്കിലും ഇടയ്ക്കിടെ അനുരാധയുടെ മിഴികൾ നരേന്ദ്രനെ തേടികൊണ്ടിരുന്നു. അതേസമയം നരേന്ദ്രന്റെ മനസ്സ് അനുരാധ കുറച്ചു മുൻപ് പറഞ്ഞ വാക്കുകളിൽ തന്നെ ഉടക്കി കിടക്കുകയായിരുന്നു. പൂർണിമ തനിക്ക് ചേരാത്തവളാണെന്നുള്ള അവളുടെ ആ പ്രയോഗം അവന്റെയുള്ളിൽ അസ്വസ്ഥത പടർത്തി തുടങ്ങിയിരുന്നു....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story