മാലയോഗം: ഭാഗം 13

malayogam shiva

രചന: ശിവ എസ് നായർ

 ഓഫീസ് ടൈം കഴിഞ്ഞ് നരേന്ദ്രൻ തിരിച്ചെത്തുമ്പോൾ പൂർണിമ ഒരുങ്ങി നിൽപ്പുണ്ടായിരുന്നു. "നീ റെഡിയായി നിൽക്കുവായിരുന്നോ?" ബാഗ് അവളുടെ കൈയ്യിലേക്ക് കൊടുക്കുമ്പോൾ അവൾ ചോദിച്ചു. "എവിടെയാ പോകുന്നതെന്ന് നരേട്ടൻ പറഞ്ഞില്ലല്ലോ. അപ്പോപ്പിന്നെ വന്നിട്ട് ഒരുങ്ങാൻ നിന്നാൽ സമയത്തിന് ഇറങ്ങാൻ പറ്റിലെങ്കിലോ?" "അതേതായാലും നന്നായി... ഞാൻ വേഗം പോയി ഈ ഡ്രെസ്സൊക്കെ ഒന്ന് മാറ്റി ഫ്രഷായിട്ട് വരാം." "നരേട്ടന് ചായ വേണോ?" "വേണോന്നില്ല... ഞാനങ്ങനെ ഈ സമയം ചായ കുടിക്കാറില്ല. അച്ഛനും അമ്മയും വന്നിട്ടില്ലേ ഇതുവരെ?" അവന്റെ കണ്ണുകൾ ചുറ്റിലുമൊന്ന് പരതി. "ഇല്ല നരേട്ടാ... അമ്മ കുറച്ചുമുൻപ് വിളിച്ചിരുന്നു. ശ്രീജമ്മായിയുടെ വീട്ടിൽ കേറിയത് കൊണ്ട് എത്താൻ രാത്രിയാകുമെന്ന് പറഞ്ഞു."

"നമുക്ക് പെട്ടെന്ന് ഇറങ്ങണം കേട്ടോ. ഏഴരയ്ക്കുള്ള ഷോയ്ക്കാണ് ഞാൻ ടിക്കറ്റ് എടുത്തിട്ടുള്ളത്." മുകളിലേക്കുള്ള പടവുകൾ കയറുന്നതിനിടയിൽ അവൻ വിളിച്ചു പറഞ്ഞു. "അപ്പോ നമ്മള് സിനിമയ്ക്കണോ പോകുന്നത് നരേട്ടാ?" "ആ.. ഞാൻ ദാ വരുന്നു." സിനിമയ്ക്ക് പോയി തിരിച്ചെത്തുമ്പോഴേക്കും അച്ഛനും അമ്മയും വരുമെന്ന് അവളൂഹിച്ചു. അതുകൊണ്ട് അപ്പോൾ തന്നെ പൂർണിമ, യമുനയെ വിളിച്ച് തങ്ങൾ സിനിമ കാണാൻ പോവുകയാണ് വരാൻ ലേറ്റാകുമെന്നും അറിയിച്ചു. പത്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ നരേന്ദ്രൻ ഫ്രഷ് ആയി താഴേക്ക് വന്നു. മുൻവാതിൽ അടച്ചുപൂട്ടി താക്കോൽ സ്ഥിരമായി വയ്ക്കുന്നിടത്തു വച്ചിട്ട് അവർ പോകാനായി ഇറങ്ങി.  തിയേറ്ററിലേക്കുള്ള യാത്രയിലുടനീളം പൂർണിമ വളരെയധികം എക്സൈറ്റ്മെന്റിലായിരുന്നു. ആദ്യമായി സിനിമയ്ക്ക് പോകുന്നതിന്റെ എല്ലാ സന്തോഷം അവളുടെ മുഖത്ത് കാണാമായിരുന്നു. "പൂർണിമ ആദ്യമായിട്ടാണോ തിയേറ്ററിൽ വരുന്നത്?" തങ്ങളുടെ സീറ്റ് കണ്ട് പിടിച്ച് ഇരിക്കുമ്പോൾ ചുറ്റും വിസ്മയത്തോടെ നോക്കികാണുന്നവളെ കണ്ടപ്പോൾ നരേന്ദ്രന് ചിരി വന്നു.

"അതേ... ഞാൻ ആദ്യായിട്ടാ തിയേറ്ററിൽ വന്ന് സിനിമ കാണുന്നത്. അച്ഛൻ ഞങ്ങളെ ബീച്ചിലും പാർക്കിലുമൊന്നും കൊണ്ട് പോകാറില്ല. പ്രവിയേട്ടൻ ഇടയ്ക്കിടെ ഫ്രണ്ട്സിന്റെ കൂടെയൊക്കെ പോയിട്ട് വന്നിട്ട് കഥ പറഞ്ഞു തരാറുണ്ട്." പൂർണിമ നിഷ്കളങ്കമായി മറുപടി പറഞ്ഞു. "ഇനി നമുക്ക് ഇടയ്ക്കിടെ ഇതുപോലെ വരാം. അപ്പോ നിന്റെയീ കൗതുകമൊക്കെ മാറും." അവനവളെ കളിയാക്കി. ജോജു ജോർജിന്റെ ജോസഫ് എന്ന സിനിമയ്ക്കായിരുന്നു അവർ വന്നത്. സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ പൂർണിമയുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. പിന്നെ അവളുടെ മൂഡോഫ് മാറ്റാനായി നരേന്ദ്രനവളെ ബീച്ചിലൊക്കെ ഒന്ന് കൊണ്ട് പോയി. അത് കഴിഞ്ഞു ഹോട്ടലിൽ കയറി ഡിന്നറും കഴിച്ച ശേഷമാണ് അവർ വീട്ടിലേക്ക് തിരിച്ചത്. നരേന്ദ്രനും പൂർണിമയും വീട്ടിലെത്തുമ്പോൾ ശ്രീകണ്ഠന്റെ കാർ പോർച്ചിലുണ്ടായിരുന്നു. കാർ കണ്ടപ്പോൾ അച്ഛനും അമ്മയും വന്നിട്ടുണ്ടെന്ന് അവർക്ക് മനസ്സിലായി. അവരുടെ വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ട് യമുന വാതിൽ തുറന്ന് പുറത്തേക്ക് വന്നു.

"അച്ഛനും അമ്മയും എപ്പോ വന്നു?" നരേന്ദ്രൻ ചോദിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു. "കുറച്ചു മുൻപ് വന്നതേയുള്ളു. വന്നപാടെ ഡ്രസ്സ്‌ മാറി അച്ഛൻ കിടന്നു, തലവേദനയാണെന്നാ പറഞ്ഞത്." "യാത്രാ ക്ഷീണമായിരിക്കും അച്ഛന്... രാവിലെ പോയതല്ലേ രണ്ടാളും. അമ്മയ്ക്കും കിടക്കാമായിരുന്നില്ലേ?" പൂർണിമ അവരോട് ചോദിച്ചു. "ഞാൻ കുളിച്ചു വേഷം മാറി വന്നതേയുണ്ടായിരുന്നുള്ളു. അപ്പഴാ നിങ്ങള് വന്നത്. രണ്ടാളും ഭക്ഷണം കഴിച്ചോ?" "ഞങ്ങൾ പുറത്തൂന്ന് കഴിച്ചതാ." നരേന്ദ്രനാണ് മറുപടി പറഞ്ഞത്. "എങ്കിൽപിന്നെ നിങ്ങള് പോയി കിടക്ക്. നരന് രാവിലെ ഓഫീസിൽ പോകാനുണ്ടാവില്ലേ." "ഹാ... പോണം അമ്മേ." "എങ്കിൽ ഞാൻ കിടക്കാൻ ചെല്ലട്ടെ... എനിക്ക് ഉറക്കം വരുന്നു." വാതിലടച്ചിട്ട് യമുന മുറിയിലേക്ക് പോയി. "ഞാൻ കുടിക്കാനുള്ള വെള്ളമെടുത്തിട്ട് വരാം..." പൂർണിമ അടുക്കളയിലേക്ക് പോകുന്നത് കണ്ടപ്പോൾ നരേന്ദ്രൻ മുകളിലേക്ക് കയറിപ്പോയി.

കൈയ്യിൽ വെള്ളം നിറച്ച ജഗ്ഗുമായി അവൾ മുറിയിൽ ചെല്ലുമ്പോൾ നരേന്ദ്രൻ ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു. അങ്ങേ തലയ്ക്കലുള്ള ആളുടെ ശബ്ദം കേട്ടപ്പോൾ അത് നവീനാണെന്ന് പൂർണിമയ്ക്ക് മനസ്സിലായി. അവൾ നരേന്ദ്രനെ ഗൗനിക്കാതെ ജഗ്ഗ് മേശപ്പുറത്ത് വച്ചിട്ട് മാറിയിടാനുള്ള ഡ്രെസ്സുമെടുത്തു ബാത്‌റൂമിലേക്ക് പോയി. അവിടെ നിന്നുകൊണ്ട് തന്നെ നരേന്ദ്രന്റെ ഫോൺ സംഭാഷണം അവൾ ശ്രദ്ധിച്ചു. കുറച്ചു സമയം ഫോണിൽ സംസാരിച്ച ശേഷം അവൻ കാൾ കട്ട്‌ ചെയ്തുവെന്ന് തോന്നിയപ്പോഴാണ് പൂർണിമ ബാത്‌റൂമിൽ നിന്ന് പുറത്തേക്ക് വന്നത്. "നീ ഇത്ര നേരം എന്തെടുക്കുവായിരുന്നു? നവി വിളിച്ചിരുന്നു... നിന്നെ ചോദിച്ചു. നിന്നോട് സംസാരിക്കാൻ വേണ്ടി കുറച്ചു സമയമായി വെയിറ്റ് ചെയ്തിരുന്നതാ അവൻ. പിന്നെ വേറെന്തോ അത്യാവശ്യം വന്ന് കാൾ കട്ടാക്കി."നരേന്ദ്രൻ അവളെ കണ്ടപ്പോൾ പറഞ്ഞു. "ഞാൻ മേല് കഴുകയായിരുന്നു നരേട്ടാ, അതാ വൈകിയത്." പൂർണിമ അവനെയൊന്ന് നോക്കിയിട്ട് വാതിലടച്ച് വന്ന് കട്ടിലിൽ ഇരുന്നു.

"മ്മ് സാരമില്ല... പ്രായം കൊണ്ട് അവന് തന്നെക്കാൾ രണ്ട് വയസ്സിനു മൂപ്പുണ്ടെങ്കിലും സ്ഥാനം കൊണ്ട് താനവന് ഏട്ടത്തിയാണ്. അപ്പോൾ എന്റെ അനിയൻ തന്റെ കൂടി അനിയനാണ്. അവനോട് അകൽച്ചയൊന്നും കാണിക്കാതെ മിണ്ടണം. അല്ലെങ്കിൽ അതവന് വിഷമമാകും." നരേന്ദ്രൻ മുഖത്ത് ഗൗരവം നിറഞ്ഞു. "നരേട്ടന്റെ അനിയൻ എനിക്കും അനിയൻ തന്നെയാ. അവനോട് അകൽച്ചയൊന്നും കാണിക്കില്ല ഞാൻ." അവനോട് അങ്ങനെ പറയുമ്പോഴും നവീനോട് താനെങ്ങനെ സ്വാഭാവികമായി ഇടപഴകുമെന്നോർത്തായിരുന്നു അവൾക്ക് ആശങ്ക. "താൻ ലൈറ്റ് അണച്ച് വന്ന്  കിടക്കാൻ നോക്ക്, നേരം ഇപ്പൊത്തന്നെ വൈകി." അത് കേട്ടതും പൂർണിമ വേഗം മുറിയിലെ വെളിച്ചം കെടുത്തി അവനരികിലായി വന്ന് കിടന്നു. നരേന്ദ്രൻ കൈകൾ ഇരുട്ടിലൂടെ അവളെ വന്ന് പൊതിഞ്ഞപ്പോൾ പൂർണിമ നടന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു. 
🍁🍁🍁🍁🍁

പൂർണിമയുടെ ചേട്ടന് ബിസിനസ്‌ സംരഭം തുടങ്ങാനുള്ള കാശ് വാക്ക് പറഞ്ഞത് പോലെത്തന്നെ നരേന്ദ്രൻ കൊടുത്തു. അതോട് കൂടി മരുമകനോടുള്ള സ്നേഹവും അളിയനോടുള്ള കടപ്പാടും അവളുടെ വീട്ടുകാർക്ക് കൂടി. അത് അവനോടൊരു വിധേയത്വ മനോഭാവം അവരിൽ ഉടലെടുക്കാനും കാരണമായി തീർന്നു. അതിലൊന്നും ഇടപെടാൻ തനിക്കൊരു വോയിസുമില്ലെന്ന് മനസ്സിലാക്കി പൂർണിമ എല്ലാത്തിൽ നിന്നും വിട്ട് നിന്നു.  നരേന്ദ്രൻ പ്രവീണിന് ക്യാഷ് നൽകി സഹായിക്കുന്നതിനോട് ആദ്യമേ അവൾക്ക് ഇഷ്ടക്കേട് തന്നെയായിരുന്നു. അതൊന്നും നരേന്ദ്രൻ കാര്യമാക്കിയതുമില്ല. ദിവസങ്ങൾ അതിവേഗം കടന്ന് പൊയ്ക്കൊണ്ടിരുന്നു. മുല്ലശ്ശേരി തറവാടും അവിടുത്തെ രീതികളുമായും പൂർണിമ മെല്ലെ മെല്ലെ പൊരുത്തപ്പെട്ട് തുടങ്ങിയിരുന്നു.  രാവിലെ എട്ട് മണിക്ക് നരേന്ദ്രനൊപ്പമാണ് പൂർണിമയും എഴുന്നേൽക്കുന്നത്. അടുക്കളയിലെ പാചക കാര്യങ്ങളിലൊന്നും യമുന അവളെ അടുപ്പിക്കാറില്ല. തേങ്ങ ചിരകാനും കഷ്ണം നുറുക്കാനുമൊക്കെയേ പൂർണിമയെ ഏൽപ്പിക്കാറുള്ളു.

അതും തലേ ദിവസം തയ്യാറാക്കി ഫ്രിഡ്ജിൽ വച്ചാൽ മതി. അതുകൊണ്ട് രാവിലെ എഴുന്നേറ്റ് പൂർണിമയ്ക്ക് അടുക്കളയിലേക്ക് ചെല്ലണ്ട. നരേന്ദ്രനും ശ്രീകണ്ഠനുമൊക്കെ യമുനയുണ്ടാക്കുന്ന ഭക്ഷണത്തോടാണ് പ്രിയം. അതിനാൽ ആഹാരം പാകം ചെയ്യൽ യമുനയാണ്. പിന്നെ പുറം പണിക്കും തറവാട് തൂത്തുവാരി വൃത്തിയാക്കാനും വേണ്ടി ഒരു ശാരദയെന്ന ജോലിക്കാരിയെ വച്ചിട്ടുണ്ട്. ആഴ്ചയിൽ മൂന്നു ദിവസം ശാരദ വന്ന് ക്ലീൻ ചെയ്ത് പോകും. ശ്രീകണ്ഠന് മാതൃഭൂമി ഓഫീസിലാണ് ജോലി. അതുകൊണ്ട് രാവിലെ അച്ഛനും മകനും ഓഫീസിൽ പോയിക്കഴിഞ്ഞാൽ മുല്ലശ്ശേരിയിൽ യമുനയും പൂർണിമയും മാത്രമേ ഉണ്ടാകു. പ്രത്യേകിച്ച് ചെയ്യാൻ പണികളൊന്നുമില്ലാത്തതിനാൽ വിരസത നിറഞ്ഞ പകലുകളാണ് അവളുടെ ജീവിതത്തിലൂടെ കടന്ന് പോകുന്നത്. യമുനയ്ക്ക് ചെടി വളർത്താലും പച്ചക്കറി തോട്ടവുമൊക്കെ ഉള്ളത് കൊണ്ട് പകൽ സമയങ്ങളിൽ അവർ അതിന്റെ പരിപാലനത്തിൽ ഏർപ്പെടും.

പൂർണിമയ്ക്ക് അതൊന്നും താല്പര്യമില്ലാത്ത കാര്യമായത് കൊണ്ട് അവരവളെ അതിനൊന്നും വിളിക്കാറുമില്ല. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ നരേന്ദ്രന് ഓഫീസിൽ ഇടാനുള്ള ഷർട്ടും പാന്റും അയൺ ചെയ്ത് കൊടുത്ത് ഉച്ചയ്ക്കുള്ള ലഞ്ച്‌ പാക്ക് ചെയ്ത് കഴിഞ്ഞാൽ പൂർണിമയുടെ ജോലി കഴിഞ്ഞു. പിന്നെ സിങ്കിലുള്ള കുറച്ചു പാത്രങ്ങൾ കഴുകി വച്ച് ബ്രേക്ക്‌ഫാസ്റ്റും കഴിച്ച് കഴിഞ്ഞാൽ പിന്നെ വെറുതെ ഇരിപ്പാണ്. ഉച്ചയ്ക്കുള്ള ഊണ് യമുനയും പൂർണിമയും ഒന്നിച്ചിരുന്നു കഴിക്കും. പിന്നെ വൈകുന്നേരം നാല് മണി വരെ ഉച്ചമയക്കത്തിനായി യമുന മുറിയിലേക്ക് പോയാൽ അവൾ ടീവി കണ്ടിരിക്കും. വൈകിട്ട് യമുന കുളി കഴിഞ്ഞു വന്നാൽ അവർക്കൊപ്പം ചായയും കടിയുമുണ്ടാക്കാൻ അവൾ ഒപ്പം കൂടും. ദിവസവും ഇതുതന്നെ ഇങ്ങനെ തുടർന്ന് പോകുന്നത് പൂർണിമയ്ക്ക് മടുപ്പുളവാക്കി തുടങ്ങി. സ്വന്തം വീട്ടിലാണെങ്കിൽ അംഗങ്ങൾ ഒരുപാടുള്ളത് കൊണ്ട് ചെയ്യാനും ജോലി കുറെയുണ്ടാകും. ഇവിടെ അതൊന്നുമില്ലാത്തത് കൊണ്ട് അവൾ മുഷിഞ്ഞു തുടങ്ങിയിരുന്നു.

അങ്ങനെയാണ് വെറുതെ ഇരുന്നങ്ങനെ സമയം കളയാതെ ബോറടി മാറ്റാൻ എന്തെങ്കിലും ജോലിക്ക് പോയാലോ എന്ന് കുറച്ചു നാളായി പൂർണിമ ചിന്തിക്കാൻ തുടങ്ങിയിട്ട്. എന്തെങ്കിലും ജോലിക്ക് പോവുകയാണെങ്കിൽ സ്വന്തം ആവശ്യങ്ങൾക്കുള്ള കാശിന് നരേന്ദ്രനോട്‌ ചോദിക്കേണ്ട വരില്ലല്ലോന്നും അവൾ ആലോചിച്ചു." നരേട്ടാ... വെറുതെ വീട്ടിലിരുന്ന് ഞാൻ ശരിക്കും മടുത്ത് തുടങ്ങി. അതുകൊണ്ട് ഞാനെന്തെങ്കിലും ജോലിക്ക് ശ്രമിക്കട്ടെ." രാത്രി എല്ലാവരും തീൻ മേശയിൽ ഒത്തുകൂടിയ വേളയിൽ പൂർണിമ നരേന്ദ്രനോട്‌ ചോദിച്ചു. അവളുടെ ചോദ്യം കേട്ട് ദേഷ്യത്തോടെ ശ്രീകണ്ഠനും യമുനയ്ക്കും അനിഷ്ടം തോന്നി. ഇരുവരും കല്ലിച്ച മുഖത്തോടെ അവളെ നോക്കുമ്പോൾ പൂർണിമ നരേന്ദ്രനെ തന്നെ നോക്കിയിരിക്കുകയാണ്.  അവളുടെ ചോദ്യം കേൾക്കാത്ത മട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയാണ് അവൻ. "നരേട്ടൻ ഞാൻ ചോദിച്ചത് കേട്ടില്ലേ? ഞാനൊരു ജോലിക്ക് പോയാലോന്നു വിചാരിക്കാ. പകൽ സമയം ഇവിടെ വെറുതെ യിരുന്ന് ബോറടിക്കുന്നുണ്ട് എനിക്ക്." അതുവരെ ശാന്തനായിട്ടിരുന്ന് ആഹാരം കഴിച്ച് കൊണ്ടിരുന്ന നരേന്ദ്രന്റെ മുഖഭാവം പെട്ടെന്നാണ് മാറിയത്....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story