മാലയോഗം: ഭാഗം 14

malayogam shiva

രചന: ശിവ എസ് നായർ

 "നരേട്ടൻ ഞാൻ ചോദിച്ചത് കേട്ടില്ലേ? ഞാനൊരു ജോലിക്ക് പോയാലോന്നു വിചാരിക്കാ. പകൽ സമയം ഇവിടെ വെറുതെയിരുന്നിട്ട് ബോറടിക്കുന്നുണ്ട് എനിക്ക്." അതുവരെ ശാന്തനായിട്ടിരുന്ന് ആഹാരം കഴിച്ച് കൊണ്ടിരുന്ന നരേന്ദ്രന്റെ മുഖഭാവം പെട്ടെന്നാണ് മാറിയത്. "ഞങ്ങളെയൊക്കെ നാണം കെടുത്താനാണോ നിന്റെ ഉദ്ദേശം? പഠിപ്പും വിവരോമില്ലാത്ത നിനക്ക് അല്ലെങ്കിൽ തന്നെ അന്തസ്സുള്ള എന്ത് ജോലി കിട്ടാനാ." ആദ്യമായിട്ടാണ് നരേന്ദ്രനെ അത്രയും ദേഷ്യത്തിൽ അവൾ കാണുന്നത്. "കാശും പഠിപ്പുമില്ലാഞ്ഞിട്ടും ജാതക പൊരുത്തമുള്ളതിന്റെ പേരിൽ നിന്നെയിങ്ങോട്ട് കെട്ടികൊണ്ട് വന്നത് തന്നെ ഞങ്ങളെ അനുസരിച്ചു നിൽക്കുന്നൊരു പെൺകുട്ടിയായിരിക്കുമെന്ന് വിചാരിച്ചാണ്." യമുന മുഖത്ത് ഇഷ്ടക്കേട് പ്രകടമായിരുന്നു. "എല്ലാ ജോലിക്കും അതിന്റെതായ മാന്യതയില്ലേ അമ്മേ. എനിക്ക് എന്ത് ജോലി കിട്ടിയാലും പോകാനിഷ്ടാണ്. അതിനിത്ര ദേഷ്യപ്പെടേണ്ട കാര്യമുണ്ടോ നരേട്ടാ. വെറുതെ വീട്ടിലിരുന്ന് സമയം കളയുന്നതിനേക്കാൾ നല്ലതല്ലേ ഇത്."

പൂർണിമ ഇരുവരെയും നോക്കികൊണ്ട് ചോദിച്ചു. അവളുടെ നോട്ടവും സംസാരവുമൊക്കെ കേട്ട് നരേന്ദ്രൻ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു. "മോള് നല്ല പഠിപ്പുള്ളൊരു കുട്ടിയാണെങ്കിൽ നിന്നെ ജോലിക്ക് വിടാൻ ഇവിടെ ആര് സമ്മതിച്ചില്ലെങ്കിലും ഞാൻ വിടുമായിരുന്നു. പക്ഷേ മോൾടെ കാര്യം അങ്ങനെയല്ലല്ലോ. അത് മാത്രമല്ല മോള് ജോലിക്ക് പോകേണ്ട ഒരാവശ്യവും ഇവിടെയിപ്പോ ഇല്ല. നിനക്ക് വേണ്ടതൊക്കെ വാങ്ങിത്തരാൻ ഇവന്റെ ജോലി തന്നെ ധാരാളം. നാട്ടുകാർക്കും ബന്ധുക്കൾക്കും പറഞ്ഞു ചിരിക്കാനൊരു വകയുണ്ടാക്കൻ വേണ്ടി കണ്ട നക്കാപിച്ച ശമ്പളത്തിൽ മോള് ജോലിക്ക് പോകുന്നതിനോട് എനിക്കും യോജിക്കാൻ പറ്റുന്നില്ല. വെറുതെ ഇരുന്ന് മുഷിയുവാണെങ്കിൽ സമയം പോകാനായി എന്തെങ്കിലും ചെറിയ കോഴ്‌സുകൾ പഠിക്കാൻ ചേരാലോ അല്ലെങ്കിൽ പി എസ് സി ക്ലാസ്സിനും പോകാലോ. അല്ലാതെ ജോലിക്ക് പോക്കൊന്നും വേണ്ട." അത്രയും നേരം നിശബ്ദനായിരുന്ന ശ്രീകണ്ഠനാണ് അത് പറഞ്ഞത്. അമ്മായി അച്ഛന്റെ വാക്കുകൾ കേട്ട് പൂർണിമയ്ക്ക് വിഷമം തോന്നി. "പഠിക്കാൻ മണ്ടിയായ ഇവൾ പഠിക്കാൻ പോയാലും നാണക്കേടല്ലേ അച്ഛാ. അച്ഛനിവളുടെ പത്തിലെയും പ്ലസ് ടുവിലെയുമൊക്കെ സർട്ടിഫിക്കറ്റ് കണ്ടിട്ടുണ്ടോ.

വെറും ജസ്റ്റ്‌ പാസാണ്. ഡിഗ്രി മലയാളം എടുത്തിട്ട് കൂടി നേരെചൊവ്വേ ഒരു വിഷയത്തിനും മാർക്കില്ല." തന്റെ ഭർത്താവിന്റെ കളിയാക്കൽ കേട്ട് അവൾക്കാകെ നാണക്കേട് തോന്നി. "പി എസ് സി കോച്ചിംഗ് പോകാൻ പ്രത്യേകിച്ച് ബുദ്ധിയൊന്നും വേണ്ട നരാ. അവൾക്ക് സമയം പോകാൻ എന്തെങ്കിലും ചെയ്താൽ മതിയല്ലോന്ന് കരുതി പറഞ്ഞതാ." "ഒരു കൊച്ചൊക്കെ ആയി കഴിഞ്ഞാൽ പിന്നെ നിനക്കൊന്നിനും നേരം കിട്ടില്ല പൂർണിമാ. അതുകൊണ്ട് ഇപ്പൊ ഒരാവേശത്തിന് ജോലിക്ക് പോകാനും പഠിക്കാൻ പോകാനുമൊക്കെ തോന്നും. കുഞ്ഞുങ്ങൾ വന്ന് കഴിഞ്ഞാൽ പിന്നെ ഒന്നിനും പറ്റില്ല. പിള്ളേരെ നല്ല രീതിയിൽ വളർത്തണമെങ്കിൽ അമ്മ തന്നെ കൂടെ വേണം. ഞാൻ പണ്ടത്തെ പ്രീ ഡിഗ്രി ഫസ്റ്റ് ക്ലാസ്സാണ്. അന്നെനിക്ക് നല്ല നല്ല ജോലികൾ കിട്ടിയിട്ടും പോകാത്തത് ഇവരെ രണ്ട് പിള്ളേരെ നന്നായി നോക്കണമല്ലോ എന്നോർത്താണ്. മൂത്തവനെ പഠിപ്പിച്ച് ഉദ്യോഗത്തിലാക്കി. ഇളയവനും പഠിപ്പ് കഴിഞ്ഞു നല്ല ജോലി തന്നെ കിട്ടും. എന്റെ രണ്ട് മക്കളെയും നന്നായി നോക്കി വളർത്താൻ പറ്റിയതിൽ എനിക്കിന്നും അഭിമാനമുണ്ട്.

ജോലിക്ക് പോകാൻ പറ്റാത്തതോർത്ത്‌ ഒരു വിഷമവും തോന്നിയിട്ടില്ല. ഭർത്താക്കന്മാർ സമ്പാദിച്ചു കൊണ്ട് വരുന്നത് ഭാര്യക്കും മക്കൾക്കും വേണ്ടിയല്ലേ. അല്ലേൽ തന്നെ ഇവിടെ നിനക്കെന്ത് കുറവുണ്ടായിട്ടാ. നിന്റെ വീട്ടിലെ പോലെയാണോ ഇവിടെ. എല്ലാ സുഖവും സൗകര്യവും ഉണ്ട്. നിനക്ക് വേണ്ടതൊക്കെ വാങ്ങിത്തരാനും കാശുണ്ട്. സൗകര്യം കൂടിപ്പോയിട്ടാണോ നിനക്ക് ജോലിക്ക് പോണോന്ന് പറയുന്നത്." യമുനയുടെ സ്വരത്തിൽ പരിഹാസം നിറഞ്ഞു. അവർക്കിഷ്ടമില്ലാത്തൊരു കാര്യം പറഞ്ഞപ്പോൾ എല്ലാവർക്കുമുണ്ടായ ഭാവമാറ്റം പൂർണിമയെ തെല്ലൊന്ന് അമ്പരപ്പിച്ചു. അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്നൊരു മരുമകളെയാണ് മുല്ലശ്ശേരി തറവാടിന് ആവശ്യമെന്ന് പൂർണിമയ്ക്ക് മനസ്സിലായി. "പൂർണിമാ... നീ ഇപ്പൊ പറഞ്ഞത് ഞാൻ ക്ഷമിച്ചിരിക്കുന്നു. ഇനി ഈ വിഷയം നീയിവിടെ പറഞ്ഞു പോകരുത്. നിന്നെ ജോലിക്ക് വിടാൻ ഇവിടെ ആർക്കും താല്പര്യമില്ല. നീയിപ്പോ എന്റെ ഭാര്യയാണ്, അതുകൊണ്ട് തന്നിഷ്ടത്തിന് ഓരോന്നും തീരുമാനിക്കാതെ എന്ത് കാര്യവും എന്നോട് ചോദിച്ചു മാത്രമേ നീ ചെയ്യാവു.

നീ നിന്റെ തോന്ന്യാസത്തിന് എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയാൽ അതിന്റെ നാണക്കേട് ഞങ്ങൾക്കാണ്." നരേന്ദ്രൻ ഗൗരവത്തോടെ അത് പറയുമ്പോൾ പൂർണിമയുടെ മിഴികൾ യമുനയിലേക്കും ശ്രീകണ്ഠനിലേക്കും നീണ്ട് ചെന്നു. അവന്റെ അഭിപ്രായം തന്നെയാണ് അവർക്കുമെന്ന് അവരുടെ മുഖഭാവം പറയുന്നുണ്ടായിരുന്നു. "മുല്ലശ്ശേരിയിലെ മരുമകളായ നീ ഞങ്ങളുടെ നിലയ്ക്കും വിലയ്ക്കും ചേർന്ന രീതിയിൽ വേണം നിൽക്കാൻ." യമുന മിഴികൾ കൂർത്തു. "അച്ഛനും അമ്മയ്ക്കും നരേട്ടനുമൊന്നും ഇഷ്ടമില്ലെങ്കിൽ ഞാൻ ജോലിക്ക് പോകുന്നില്ല. പക്ഷേ എന്നെ കമ്പ്യൂട്ടർ ക്ലാസ്സിന് വിടാമോ." പൂർണിമ അപേക്ഷയോടെ മൂവരെയും നോക്കി. "മോള് ക്ലാസ്സിന് പോകുന്നതൊന്നും ഞങ്ങൾക്ക് കുഴപ്പമില്ല. പക്ഷേ അവിടേം തോറ്റിട്ട് വന്ന് ഞങ്ങൾക്ക് നാണക്കേട് വരുത്തനാണെങ്കിൽ പോകേണ്ടതില്ല." ശ്രീകണ്ഠനാണ് അത് പറഞ്ഞത്. "അച്ഛൻ പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്. പഠിക്കാൻ മണ്ടിയായ നീ വെറുതെ ഈ സാഹസത്തിന് മുതിരണോ. നിന്നെക്കൊണ്ടൊന്നും പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല."

"കമ്പ്യൂട്ടർ പഠിക്കാൻ എനിക്കിഷ്ടമാണ്. പ്ലസ്‌ ടു കഴിഞ്ഞ് കോളേജിൽ അഡ്മിഷൻ കിട്ടാൻ വൈകിയപ്പോ ഞാൻ കമ്പ്യൂട്ടർ ക്ലാസ്സിന് പോയിരുന്നതാ. അതെനിക്ക് കുറച്ചു എളുപ്പമുണ്ടായിരുന്നു പഠിക്കാൻ. അതുകൊണ്ടാ അതിന് പൊക്കോട്ടെന്ന് ഞാൻ ചോദിച്ചത്." അവളുടെ ശബ്ദമൊന്നിടറി പോയി. "കുഴപ്പമില്ലാത്ത മാർക്ക്‌ വാങ്ങാൻ പറ്റുമെങ്കിൽ മാത്രം പോയാൽ മതി." താല്പര്യമില്ലാത്ത മട്ടിൽ നരേന്ദ്രൻ പറഞ്ഞു. "അത് ഞാൻ വാങ്ങിച്ചോളാം." "നിനക്ക് പറ്റില്ലെന്ന് തോന്നിയാൽ അവിടെ വച്ച് നിർത്തിക്കോണം. വെറുതെ നാണം കെടുത്താൻ നിക്കരുത്. അങ്ങനെയാണെങ്കിൽ മാത്രം പോയാൽ മതി." "എനിക്ക് പറ്റില്ലെന്ന് തോന്നിയാൽ ഞാൻ പഠിപ്പ് നിർത്തിക്കോളാം നരേട്ടാ." "അങ്ങനെയാണെങ്കിൽ വേണ്ട കാര്യങ്ങൾ ഞാൻ ഏർപ്പാട് ചെയ്യാം. ഇവിടെ അടുത്ത് ജി ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ സെന്ററുണ്ട്. ഞാൻ അവിടെയൊന്ന് തിരക്കിയിട്ടു നിന്നോട് പറയുന്നുണ്ട്." നരേന്ദ്രൻ ഭക്ഷണം മതിയാക്കി, എഴുന്നേറ്റ് കൈ കഴുകാനായി പോയി. അവന് പിന്നാലെ ശ്രീകണ്ഠനും എഴുന്നേറ്റു.

കൈയ്യും മുഖവും കഴുകി നരേന്ദ്രൻ മുകളിലേക്ക് കയറിപ്പോകുമ്പോൾ അവളെയൊന്ന് നോക്കുക കൂടി ചെയ്തില്ല. ദേഷ്യത്താൽ അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു. യമുനയ്ക്ക് നരേന്ദ്രനവളോട് കമ്പ്യൂട്ടർ ക്ലാസ്സിന് പൊയ്ക്കോളാൻ പറഞ്ഞത് അത്രയ്ക്കങ്ങോട്ട് ഇഷ്ടപ്പെട്ടിരുന്നില്ല. "നിന്നെക്കൊണ്ട് പറ്റില്ലെങ്കിൽ ഞങ്ങളെ മാനം കെടുത്താൻ നിക്കരുത്. ഞങ്ങളുടെ ബന്ധത്തിലുള്ള ഒരുപാട് കുട്ടികൾ അവിടെ പഠിക്കാൻ പോണുണ്ട്. അതുകൊണ്ട് നന്നായി ആലോചിച്ചു തീരുമാനിച്ചാൽ മതി." യമുന അവളെ താക്കീത് ചെയ്തു. "എനിക്ക് പഠിക്കാൻ ബുദ്ധിമുട്ട് തോന്നിയാൽ ഞാൻ പിന്നെ പോവില്ലമ്മേ. ഇതിന്റെ പേരിൽ ഇവിടെ ആർക്കുമൊരു നാണക്കേട് ഞാനായിട്ട് വരുത്തില്ല." "അങ്ങനെയാണെങ്കിൽ നിനക്ക് കൊള്ളാം." യമുന അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു. 

ആ വീട്ടിൽ താനൊരു അടിമയ്ക്ക് തുല്യമാണെന്ന് പൂർണിമയ്ക്ക് തോന്നി. അവിടെയുള്ളവരെ പ്രീതിപ്പെടുത്തി അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് നിന്നാൽ മാത്രമേ അവർക്ക് തന്നോട് സ്നേഹമുണ്ടാവുള്ളു എന്ന് അവൾ തിരിച്ചറിയുകയായിരുന്നു. സ്വന്തമായി ഇഷ്ടങ്ങളും തീരുമാനങ്ങളുമുണ്ടായാൽ ഭർത്താവിന്റെയും മാതാപിതാക്കളുടെയും കോപത്തിന് ഇരയാകേണ്ടി വരും. സ്വന്തം വീട്ടിലും അഭിപ്രായ സ്വാതന്ത്ര്യമില്ലായിരുന്നു വന്ന് കേറിയിടത്തും അതില്ലെന്ന് വേദനയോടെ പൂർണിമ തിരിച്ചറിഞ്ഞു. തന്റെ ഇഷ്ടങ്ങളും ദേഷ്യവും വാശിയുമൊക്കെ കാണിച്ചിട്ടുള്ളത് അമ്മയോടും സഹോദരിമാരോടുമാണ്.  അച്ഛൻ ഈ വിവാഹത്തിന് തന്നോട് സമ്മതം ചോദിച്ചപ്പോൾ സമ്മതിച്ചുകൊടുത്തത് തന്നെ അച്ഛന്റെയും ചേട്ടന്റെയും മുറുമുറുപ്പ് കേട്ട് മടുത്തിട്ടാണ്. 

ഒരിക്കൽ ഇതുപോലെ പൊരുത്തമുള്ള ജാതകം ഒത്തുവന്നപ്പോൾ ശിവദാസൻ മകളുടെ സമ്മതം ചോദിച്ചപ്പോൾ അവൾക്ക് അതിയായ സന്തോഷം തോന്നിയിരുന്നു. ആദ്യമായിട്ട് സ്വന്തം വിവാഹ കാര്യത്തിലെങ്കിലും അച്ഛൻ തന്റെ സമ്മതം ചോദിച്ചുവല്ലോ എന്നോർത്ത് പൂർണിമയ്ക്ക് ആഹ്ലാദമടക്കാനായില്ല. തനിക്കാ പയ്യനെ ഇഷ്ടപ്പെടാത്തത് കൊണ്ട് അത് തുറന്ന് പറയുകയും ചെയ്തു. പക്ഷേ അങ്ങനെ പറഞ്ഞതിന്റെ പേരിൽ അവളൊരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. കെട്ടാ ചരക്കായി താൻ നിന്നുപോയാൽ അനിയത്തിമാരുടെ ഭാവി ഇല്ലാതാകുമോ എന്ന ടെൻഷനായിരുന്നു അവർക്ക്. അല്ലെങ്കിൽ തന്നെ വിവാഹ കാര്യത്തിൽ തന്റെ സമ്മതം അച്ഛൻ ചോദിച്ചത് ഒരു പ്രഹസനം മാത്രമായിരുന്നുവെന്ന് പിന്നീടാണ് പൂർണിമയ്ക്ക് മനസ്സിലായത്. ഭാവിയിൽ താനെന്തെങ്കിലും പ്രശ്നമുണ്ടാക്കി ഭർത്താവിനോട് പിണങ്ങി വീട്ടിൽ ചെന്നാലും അവിടെയുള്ളവർക്ക് എന്റെ മേൽ പഴി ചാരാൻ എളുപ്പമായല്ലോ.

അച്ഛനുമമ്മയ്ക്കും ചേട്ടനുമൊക്കെ താനൊരു ഭാരമാണെന്ന് തോന്നി തുടങ്ങിയെന്ന് തോന്നിയത് കൊണ്ട് കൂടിയാണ് പിന്നീട് ഒത്തുവന്ന നരേന്ദ്രന്റെ ആലോചനയ്ക്ക് എതിര് പറയാൻ നിൽക്കാത്തതും. ഇത്രയും വലിയൊരു വീട്ടിൽ മരുമകളായി വരാൻ പൂർണിമ ആഗ്രഹിച്ചതല്ല. പാത്രങ്ങൾ കഴുകി വയ്ക്കാനും പിറ്റന്നത്തേക്കുള്ള കറികൾ ഉണ്ടാക്കാനുള്ള തേങ്ങ ചിരകി വച്ചും പച്ച കറി നുറുക്കാനും യമുനയെ സഹായിച്ച ശേഷം പൂർണിമ മുറിയിലേക്ക് പോകുമ്പോൾ പതിവിലും വൈകിയിരുന്നു. എന്നും അവൾ വന്ന ശേഷം മാത്രം ഉറങ്ങാൻ തുടങ്ങുന്ന നരേന്ദ്രൻ അന്ന് മുറിയിലെ ലൈറ്റും ഓഫ് ചെയ്ത് ഉറക്കം പിടിച്ചത് കണ്ടപ്പോൾ അവൾക്ക് വിഷമം തോന്നി. താൻ വരാതെ ഉറങ്ങാത്ത മനുഷ്യനാണ് ഇന്ന് ദേഷ്യം പിടിച്ചു വന്ന് നേരത്തെ കിടന്നുറങ്ങിയതെന്ന് പൂർണിമ ചിന്തിച്ചു. ഒരുനിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story