മാലയോഗം: ഭാഗം 15

malayogam shiva

രചന: ശിവ എസ് നായർ

താൻ വരാതെ ഉറങ്ങാത്ത മനുഷ്യനാണ് ഇന്ന് ദേഷ്യം പിടിച്ചു വന്ന് നേരത്തെ കിടന്നുറങ്ങിയതെന്ന് പൂർണിമ ചിന്തിച്ചു. ഒരുനിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു. ശബ്ദമുണ്ടാക്കി അവനെ ഉണർത്തണ്ടെന്ന് കരുതി പൂർണിമ ലൈറ്റ് ഇടാതെ അരണ്ട വെളിച്ചത്തിൽ അലമാര തുറന്ന് കയ്യിൽ കിട്ടിയൊരു മാക്സിയും എടുത്ത് ബാത്‌റൂമിലേക്ക് പോയി. രാത്രി മേല് കഴുകിയിട്ടേ കിടക്കാവൂ എന്ന് നരേന്ദ്രന് നിർബന്ധമാണ്. ചെറിയ വിയർപ്പ് മണം പോലും അവനിഷ്ടമല്ല. മുറിയൊക്കെ എപ്പോഴും അടുക്കും വൃത്തിയുമായിട്ടിരിക്കണം. കുറച്ചു വൃത്തി കുറവുള്ള പൂർണിമയ്ക്ക് ആ മാറ്റങ്ങളൊക്കെ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല. വീട്ടിലായിരിക്കുമ്പോൾ ദിവസത്തിൽ ഏതെങ്കിലും നേരത്ത് കുളിച്ച് കഴുകി ഉണക്കിയ തുണികൾ മടക്കി വയ്ക്കാതെ കട്ടിലിന് ഓരത്തും റൂമിലെ കസേരയിലും വാരികൂട്ടി വച്ച് പല്ല് തേക്കാതെ രാവിലെ തന്നെ ചായ കുടിച്ചിരുന്ന കാലിന്മേൽ കാല് കയറ്റി വച്ചിരുന്ന് ടീവി കണ്ട് ആസ്വദിച്ചിരുന്ന പൂർണിമ ഇപ്പൊ പാടെ മാറിപ്പോയി.

മഴ കണ്ടാൽ അന്ന് കുളിക്കാൻ മടിക്കുന്നവൾ കല്യാണ ശേഷം രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി കിടക്കുന്നതിനു മുമ്പും കുളിക്കുന്നത് പതിവാക്കി. അന്നന്നത്തെ തുണികൾ വാഷിംഗ്‌ മെഷീനിലിട്ട് അലക്കി ഉണക്കി വൃത്തിയിൽ അലമാരയിൽ മടക്കി വയ്ക്കും. സ്വന്തം വീട്ടിൽ വച്ച് വിശക്കുമ്പോഴൊക്കെ ടീവി കണ്ടിരുന്ന് ആഹാരം കഴിച്ചിരുന്നവൾ ഇപ്പോ തീൻ മേശയിൽ എല്ലാവർക്കുമൊപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ ശീലിച്ചു. അവളൊന്ന് ഒന്നുറക്കെ ചിരിക്കാൻ പോലും മറന്ന് പോയി. ഒരു കല്യാണം ഒരു പെണ്ണിന്റെ അതുവരെയുള്ള ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് സൃഷ്ടിക്കുകയെന്ന് പൂർണിമ സ്വയം തിരിച്ചറിയുകയായിരുന്നു. മാറ്റമൊന്നുമില്ലാതെ കല്യാണ ശേഷവും ഇതുവരെ എങ്ങനെയായിരുന്നോ ജീവിച്ചിരുന്നത് അതുപോലെ തന്നെ ജീവിക്കാൻ പറ്റുന്ന പെൺകുട്ടികൾ എത്രയോ ഭാഗ്യം ചെയ്തവരാണെന്ന് അവൾ ചിന്തിച്ചു. വിവാഹത്തിന് മുൻപ് വീട്ടുകാരുടെ ഇഷ്ടത്തിന് വിവാഹ ശേഷം ഭർത്താവിന്റെയും വീട്ടുകാരുടെയും ഇഷ്ടത്തിനുള്ള ജീവിതം. പക്ഷേ സ്വന്തം വീട്ടിൽ എന്തെങ്കിലുമൊക്കെ സ്വാതന്ത്ര്യം കിട്ടാതിരിക്കില്ല... പക്ഷേ മറ്റൊരു വീട്ടിൽ അതുപോലും കിട്ടില്ല...

അമ്മായിയമ്മ പോരും ഭർത്താവിന്റെ അടിയും തൊഴിയുമൊന്നും ഇല്ലെങ്കിലും ഒരു വിവാഹ ജീവിതം സന്തോഷമുള്ളതാകില്ലെന്ന് പൂർണിമയ്ക്ക് തോന്നി. നരേന്ദ്രനെ അനുസരിച്ചു സന്തോഷിപ്പിച്ചു നിന്നാൽ മാത്രമേ ആ മനുഷ്യന് തന്നോട് സ്നേഹത്തോടെ പെരുമാറാൻ കഴിയുള്ളുവെന്നും മറിച്ച് സ്വന്തം ഇഷ്ടത്തിനനുസരിച്ചു പ്രവർത്തിച്ചാൽ ആ ദേഷ്യവും താൻ സഹിക്കേണ്ടി വരുമെന്ന് അവളോർത്തു. പൂർണിമ മേല് കഴുകി വന്ന് അവന്റെയടുത്തായി കിടന്നു. കുറച്ചുസമയം കണ്ണുകളടച്ചു കിടന്നിട്ടും അവൾക്ക് ഉറക്കം വന്നതേയില്ല. ഏസിയുടെ തണുപ്പ് കാലുകളിൽ പടർന്ന് പിടിക്കാൻ തുടങ്ങിയതും നരേന്ദ്രൻ പുതച്ച് കിടന്ന ബെഡ് ഷീറ്റിനുള്ളിലേക്ക് അവളും ശരീരത്തെ പുതപ്പിച്ചു. നരേന്ദ്രന്റെ ദേഷ്യവും തന്നോടുള്ള പിണക്കവും പൂർണിമയെ നന്നായി വിഷമിപ്പിച്ചു. അവൾക്കവനോട് പരിഭവിച്ചിരിക്കാൻ കഴിയാത്തത് കൊണ്ട് ഉറക്കം നടിച്ച് കിടന്നിരുന്നവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വച്ച് വച്ചു. അതേസമയം അവന്റെ കൈകൾ അവളുടെ തോളിൽ പിടിമുറുക്കി.

"നരേട്ടൻ ഉറങ്ങിയിട്ടില്ലായിരുന്നോ?" പൂർണിമ മുഖമുയർത്തി അവനെ നോക്കി. "നീ വരാതെ ഞാൻ ഉറങ്ങിയിട്ടുണ്ടോ?" നരന്റെ മറുചോദ്യം അവളുടെ വിഷമങ്ങളൊക്കെ പാടെ ഇല്ലാതാക്കി. "ഞാൻ വന്ന് നോക്കിയപ്പോ ലൈറ്റൊക്കെ അണച്ച് കണ്ണടച്ച് കിടക്കുന്ന നരേട്ടനെ കണ്ടപ്പോൾ ഉറങ്ങിയെന്ന് വിചാരിച്ചു. എന്നോട് ദേഷ്യം പിടിച്ച് ഉറങ്ങിയ പോലെ അഭിനയിച്ചു കിടക്കായിരുന്നല്ലേ." പൂർണിമ പരിഭവിച്ചു. "ദേഷ്യമുണ്ടായിരുന്നു നിന്നോട്... പക്ഷേ ഇപ്പോ മാറി." "നരേട്ടന് ഇഷ്ടമില്ലെങ്കി ഞാൻ കമ്പ്യൂട്ടർ പഠിക്കാനും പോകുന്നില്ല." അവളുടെ വിരലുകൾ അവന്റെ നെഞ്ചിലെ രോമങ്ങളിൽ പിച്ചി വലിച്ചു. "ഞാൻ പറഞ്ഞില്ലേ പഠിക്കാൻ പൊയ്ക്കോളാൻ. നിന്നെക്കൊണ്ട് പഠിക്കാൻ പറ്റില്ലെന്ന് തോന്നിയാൽ നിർത്തിയേക്ക്. ഇനിയൊരു പക്ഷെ കംപ്ലീറ്റ് ചെയ്താലും ജോലിക്ക് പോണോന്നെന്നും പറഞ്ഞു വന്നേക്കരുത് നീ, എനിക്ക് ദേഷ്യം വരും. ദേഷ്യം വന്ന് കഴിഞ്ഞാൽ പിന്നെ ഞാൻ ഇങ്ങനെയൊന്നുമായിരിക്കില്ല. അല്ലെങ്കിൽ തന്നെ നിനക്കിവിടെ എന്ത് കുറവാ ഉള്ളത്. നിനക്കിവിടെ സമയം പോകുന്നില്ല

ബോറടിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോ വേണോങ്കി ഞങ്ങൾക്ക് ഇവിടുത്തെ ജോലിക്കാരെ പറഞ്ഞു വിട്ട് അവരുടെ പണിയൊക്കെ നിന്നെക്കൊണ്ട് ചെയ്യിക്കാം. പക്ഷേ അങ്ങനെയൊന്നും അച്ഛനും അമ്മയും നിന്നോട് ചെയ്യില്ല. ഈ വീട്ടിലെ മരുമകളായ നിനക്ക് ആ സ്ഥാനവും ബഹുമാനവും അവർ തരുമ്പോൾ തിരിച്ചു അവർക്ക് ഇഷ്ടക്കേടുണ്ടാക്കുന്ന രീതിയിൽ നീയും പെരുമാറരുത്. ഇനിയൊരിക്കലും നിന്നിൽ നിന്ന് ഇതുപോലുള്ള സംസാരം ഉണ്ടാവരുത്." സ്നേഹിത്തിൽ ചാലിച്ച അവന്റെ വാക്കുകൾ അവൾക്ക് സ്വീകരിക്കാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല. "സോറി നരേട്ടാ... ഇനി ഞാൻ ഇങ്ങനെയൊന്നും പറയില്ല." "തല്ക്കാലം ഞാൻ ക്ഷമിച്ചേക്കുന്നു. ഇനി ഇതുപോലെ ഉണ്ടായാൽ ചിലപ്പോൾ എന്റെ കൈയ്യിൽ നിന്ന് നല്ല തല്ലും കിട്ടും." പാതി തമാശയായും പാതി കാര്യമായും അവനത് പറയുമ്പോൾ പൂർണിമയുടെ കണ്ണുകളിൽ നിന്നുതിർന്ന് വീണ നീർതുള്ളികൾ അവന്റെ നെഞ്ചിലെ രോമങ്ങളെ നനച്ചു

."ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. നിന്റെ കുറവുകൾ മറ്റുള്ളവർ കൂടി പറഞ്ഞു പരിഹസിക്കുന്നത് ഞങ്ങൾക്ക് കൂടി നാണക്കേടല്ലേ. ഇപ്പൊത്തന്നെ ഓഫീസിൽ നിന്ന് കല്യാണത്തിന് വന്ന കൊളീഗ്സിൽ ചിലരൊക്കെ ഞാനൊരു ഡിഗ്രി പോലുമില്ലാത്തൊരു പെണ്ണിനെയാണ് കെട്ടിയതെന്ന് പറഞ്ഞു കളിയാക്കുന്നുണ്ട്." അത് പറയുമ്പോൾ അനുരാധയുടെ മുഖമാണ് അവന്റെ മനസ്സിലേക്ക് വന്നത്. "ഞാൻ നരേട്ടന് ചേരാത്തവളാണല്ലേ... പഠിപ്പുമില്ല നിങ്ങളുടെയത്ര പൈസയുമില്ല.. അതുകൊണ്ടാവുമല്ലേ അവരൊക്കെ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക." അവളുടെ കണ്ഠമിടറി. "അങ്ങനെയൊരു തോന്നൽ എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ നിന്നെ താലി കെട്ടുമായിരുന്നോ? വെറുതെ വേണ്ടാത്തതൊന്നും ചിന്തിക്കാൻ നിക്കണ്ട നീ." നരേന്ദ്രൻ അവളെ സാന്ത്വനിപ്പിച്ചു.  🍁🍁🍁🍁

പൂർണിമയുടെ ആഗ്രഹം പോലെത്തന്നെ നരേന്ദ്രനവളെ ജി ടെക് കമ്പ്യൂട്ടർ സെന്ററിൽ ക്ലാസ്സിന് വിട്ട് തുടങ്ങി. ക്ലാസ്സിന് പോകുന്ന വിവരം പൂർണിമയുടെ വീട്ടിലറിഞ്ഞപ്പോൾ അവിടെ നിന്നും ഒരു പൊട്ടിത്തെറിയാണ് ഉണ്ടായത്. അവളത് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് അവൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. ശിവദാസനും പ്രവീണും കടുത്ത ഭാഷയിൽ അവളെ ശകാരിച്ചപ്പോൾ ഗീത, മകളോട് പറഞ്ഞത് ഇതെങ്കിലും നന്നായി പഠിച്ച് തരക്കേടില്ലാത്ത മാർക്ക്‌ വാങ്ങിക്കണമെന്നാണ്. പൂർണിമയ്ക്കും അത് തന്നെയായിരുന്നു ആഗ്രഹം. ഇതിലെങ്കിലും അത്യാവശ്യം തരക്കേടില്ലാത്ത മാർക്ക്‌ വാങ്ങിക്കണമെന്ന്. പൊതുവെ ഇംഗ്ലീഷ് പെട്ടെന്ന് പഠിച്ചെടുക്കാൻ കഴിയാത്തത് കൊണ്ടാണ് പൂർണിമ പഠിത്തത്തിൽ ഏറ്റവും പിന്നിലായി പോയത്. സ്കൂളിൽ ചേർക്കുമ്പോൾ മലയാള മീഡിയത്തിൽ ചേർത്താൽ മതിയെന്ന് അച്ഛനോട് പറഞ്ഞിട്ടും ശിവദാസനാണ് അവളെ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെ നിർബന്ധിച്ചു ചേർത്തത്. അതുകൊണ്ട് മലയാളമൊഴികെ മറ്റൊരു വിഷയത്തിലും അവൾക്ക് നല്ല മാർക്ക്‌ വാങ്ങാൻ കഴിഞ്ഞില്ല.

പ്ലസ്‌ വണ്ണും പ്ലസ്‌ ടു വും പൂർണിമ എങ്ങനെയൊക്കെയോ കടന്ന് കൂടിയതാണ്. കോളേജിൽ ചേർന്നപ്പോൾ മലയാളത്തിലെ കടുകട്ടി സാഹിത്യങ്ങൾ കാരണം വിചാരിച്ച പോലെ പഠിക്കാൻ കഴിഞ്ഞുമില്ല ഒപ്പം നവീനുമായുള്ള പ്രശ്നവും അവളുടെ പഠിത്തത്തെ സാരമായി ബാധിച്ചിരുന്നു. ഇതൊക്കെകൊണ്ട് കമ്പ്യൂട്ടർ കോഴ്സ് പഠനം ഒരു പരാജയമായി പോകരുതെന്നുള്ളത് പൂർണിമയുടെ ആഗ്രഹമാണ്. നവീനിന്റെ വരവോടെ മുല്ലശ്ശേരിയിൽ നിന്ന് പുറത്താക്കപ്പെട്ടാൽ പണിയെടുത്തു ജീവിക്കാൻ എന്തെങ്കിലുമൊക്കെ അറിഞ്ഞിരിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും സമ്മതം വാങ്ങി അവൾ കമ്പ്യൂട്ടർ പഠിക്കാൻ തുടങ്ങിയത്. വിചാരിച്ച പോലെ കോഴ്സ് ഇത്തിരി പാടാണെങ്കിലും കാണാപ്പാടം പഠിച്ചും ഒരുപാട് തവണ എഴുതിയുമൊക്കെ അവൾ നന്നായി പഠിക്കാൻ തന്നെകൊണ്ടാവും വിധം ശ്രമിച്ചുകൊണ്ടിരുന്നു. രാവിലെ നരേന്ദ്രനൊപ്പം പൂർണിമ ക്ലാസ്സിന് പോകും. ഉച്ചയ്ക്ക് ക്ലാസ്സ്‌ കഴിയുന്ന സമയമാകുമ്പോൾ യമുന അവളെ വിളിച്ചു കൊണ്ട് വരാനായി പോകും.

പൂർണിമയ്ക്കാകെ ബുദ്ധിമുട്ടുള്ളൊരു സംഗതി രാത്രി കാലങ്ങളിൽ നരേന്ദ്രന്റെ ഫോണിലേക്ക് വരുന്ന നവീന്റെ കാളുകളാണ്. നരേന്ദ്രന്റെ മുന്നിൽ വച്ച് അനിഷ്ടം പുറത്ത് പ്രകടിപ്പിക്കാതെ അവനോട് സംസാരിക്കാൻ അവൾ നന്നേ ബുദ്ധിമുട്ടിയിരുന്നു. മൂന്നു മാസങ്ങൾ കൂടി കഴിഞ്ഞാൽ നവീൻ വരുമെന്ന വിവരമാണ് പൂർണിമയെ ഞെട്ടിച്ചത്. തന്റെ നാളുകൾ എണ്ണപ്പെട്ട് കഴിഞ്ഞുവെന്ന് അവൾക്കുറപ്പായി. ഒരു തെറ്റും ചെയ്യാതെ തന്നെ മറ്റുള്ളവരുടെ മുന്നിൽ താൻ തെറ്റുകാരി ആവുമല്ലോ എന്നോർത്തായിരുന്നു അവൾക്ക് സങ്കടം. 
ദിവസങ്ങളെങ്ങനെ കഴിഞ്ഞു പോയി. പതിവിന് വിപരീതമായി അന്ന് രാവിലെ ഉറക്കമുണർന്നപ്പോൾ പൂർണിമയ്ക്ക് ചെറിയൊരു ക്ഷീണവും ഓക്കാനവുമൊക്കെ തോന്നി. പീരിയഡസ് തെറ്റിയിട്ട് ആഴ്ചയൊന്ന് ആവാറായെന്ന് അവളോർത്തു. പ്രെഗ്നന്റ് ആയിട്ടുണ്ടാവുമോ എന്നൊരു സംശയവും പൂർണിമയ്ക്ക് ഡേറ്റ് തെറ്റിയപ്പോൾ തന്നെ തോന്നിയിരുന്നു. കാരണം അവൾക്കങ്ങനെ ഇതുവരെ പീരിയഡ്‌സ് തെറ്റി വന്നിട്ടില്ല.

ചെറിയ ക്ഷീണം തോന്നിയെങ്കിലും അവളന്ന് ക്ലാസ്സിന് പോകുന്നതിൽ മുടക്കം വരുത്തിയില്ല. ഉച്ചയ്ക്ക് ക്ലാസ്സ്‌ കഴിഞ്ഞു അവളിറങ്ങുമ്പോൾ കൂട്ടി കൊണ്ട് പോകാനായി യമുന വന്നിട്ടുണ്ടായിരുന്നു. പൂർണിമ കാറിന്റെ ഡോർ തുറന്ന് കോ ഡ്രൈവിംഗ് സീറ്റിലിരുന്നു. "നിനക്കെന്താ മുഖത്തൊരു ക്ഷീണം പോലെ? രണ്ട് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നുണ്ട്." യമുന പെട്ടെന്നങ്ങനെ ചോദിച്ചപ്പോൾ അവൾ വിളറിപ്പോയി. തന്റെ സംശയം അവൾ നരേന്ദ്രനോട്‌ പോലും പറഞ്ഞിട്ടില്ലായിരുന്നു. വൈകുന്നേരം അവൻ ജോലി കഴിഞ്ഞു വരുമ്പോൾ പറയാമെന്ന് കരുതി ഇരിക്കുകയായിരുന്നു പൂർണിമ. യമുനയോട് അവൾക്ക് കള്ളം പറയാനും തോന്നിയില്ല. "ഡേറ്റ് തെറ്റിയിട്ട് ഒരാഴ്ചയായമ്മേ... ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ ചെറിയൊരു ക്ഷീണവും തളർച്ചയുമൊക്കെ തോന്നിയിരുന്നു." ആഗ്രഹിച്ചതെന്തോ കേട്ടത് പോലെ യമുനയുടെ മുഖത്ത് ആഹ്ലാദം അലതല്ലി. പക്ഷേ അവരുടെ സന്തോഷം കണ്ടു പൂർണിമയ്ക്ക് ഭയമാണ് തോന്നിയത്....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story