മാലയോഗം: ഭാഗം 16

malayogam shiva

രചന: ശിവ എസ് നായർ

"ഡേറ്റ് തെറ്റിയിട്ട് ഒരാഴ്ചയായമ്മേ... ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ ചെറിയൊരു ക്ഷീണവും തളർച്ചയുമൊക്കെ തോന്നിയിരുന്നു." ആഗ്രഹിച്ചതെന്തോ കേട്ടത് പോലെ യമുനയുടെ മുഖത്ത് ആഹ്ലാദം അലതല്ലി. പക്ഷേ അവരുടെ സന്തോഷം കണ്ടു പൂർണിമയ്ക്ക് ഭയമാണ് തോന്നിയത്. ഗർഭിണിയായതിന്റെ പേരിൽ തന്നെയവർ ക്ലാസ്സിന് വിടാതെ പിടിച്ചു വയ്ക്കുമോ എന്നോർത്തയിരുന്നു അവളുടെ പേടി മുഴുവനും. "ക്ഷീണവും തളർച്ചയുമൊക്കെ തോന്നുന്നെങ്കിൽ ഇത് ഉറപ്പായും പ്രെഗ്നൻസി തന്നെയാ പൂർണിമാ. നമുക്ക് തല്ക്കാലം ഒരു പ്രെഗ്നൻസി ടെസ്റ്റർ വാങ്ങി വീട്ടിൽ പോയി ചെക്ക് ചെയ്ത് നോക്കാം. കൺഫേമാണെങ്കിൽ നാളെ രാവിലെതന്നെ നരനെയും കൂട്ടി ഹോസ്പിറ്റലിൽ പോയി കാണിക്കണം കേട്ടോ." യമുന അവളോട് നിർദ്ദേശിച്ചു. "ശരിയമ്മേ." പൂർണിമ അവർ പറഞ്ഞതൊക്കെ കേട്ട് തലയനക്കി. മുല്ലശ്ശേരിയിലേക്ക് പോകുന്ന വഴി വഴിയിൽ കണ്ടൊരു മെഡിക്കൽ സ്റ്റോറിന് മുന്നിൽ കാർ നിർത്തി ശേഷം യമുന തന്നെ ഒരു പ്രെഗ്നൻസി ടെസ്റ്റർ വാങ്ങി വന്നു. "വീട്ടിൽ പോയിട്ട് നീ ഇതൊന്ന് ചെക്ക് ചെയ്ത് നോക്ക്." യമുന ആ ടെസ്റ്റർ അവളുടെ കൈയ്യിലേക്ക് വച്ചുകൊടുത്തു.

"ഇതിൽ എഴുതിയിരിക്കുന്നത് രാവിലത്തെ യൂറിനാണ് ടെസ്റ്റിന് ഉപയോഗിക്കേണ്ടതെന്നാണല്ലോ. ഇതിപ്പോ ഉച്ചയായ സ്ഥിതിക്ക് കറക്റ്റ് റിസൾട്ട്‌ കിട്ടോ അമ്മേ." അതിലെഴുതിയിരിക്കുന്ന ഇൻസ്‌ട്രക്ഷൻസ് വായിച്ചു നോക്കിയിട്ട് പൂർണിമ ചോദിച്ചു. "നിനക്ക് ഡേറ്റ് തെറ്റിയിട്ട് ഒരാഴ്ച കഴിഞ്ഞില്ലേ. അതുകൊണ്ട് പ്രെഗ്നന്റാണെങ്കിൽ പോസിറ്റീവ് റിസൾട്ട്‌ തന്നെ കാണിക്കും. ." ഡ്രൈവിംഗിനിടയിൽ യമുന പറഞ്ഞു. "മ്മ്മ്." അത് കേട്ട് അവളൊന്ന് ദീർഘമായി മൂളി. തറവാട്ടിൽ എത്തിയ ഉടനെതന്നെ ഊണ് കഴിക്കാൻ പോലും നിൽക്കാതെ വെപ്രാളത്തോടെ പൂർണിമ ബാത്‌റൂമിലേക്ക് പോയി. പ്രെഗ്നൻസി ടെസ്റ്ററിലേക്ക് യൂറിൻ ഇറ്റിച്ച ശേഷം അവൾ നെഞ്ചിടിപ്പോടെ അതിലേക്ക് ഉറ്റുനോക്കിയിരുന്നു. നിമിഷങ്ങൾ കടന്ന് പോകവേ ഇടത് കൈപ്പത്തിക്കുള്ളിലിരുന്ന ടെസ്റ്ററിൽ രണ്ട് പിങ്ക് ലൈനുകൾ തെളിഞ്ഞു കണ്ടപ്പോൾ പൂർണിമയുടെ ഉടലാകെ വിറപൂണ്ടു. ആ നിമിഷം അവൾ പോലുമറിയാതെ പൂർണിമയുടെ വലത് കരം അവളുടെ വയറ്റിലമർന്നു.

"ഞാൻ... ഞാൻ ശരിക്കും പ്രെഗ്നന്റാണോ... എന്റെ വയറ്റിലൊരു ജീവൻ വളരുന്നുണ്ടോ? എന്റെ.... എന്റെ കുഞ്ഞ്..." പൂർണിമ സ്വയം പിറുപിറുത്തു. കുറച്ചുസമയം അവളങ്ങനെ തന്നെ ഇരുന്നുപോയി. പിന്നെ വേഗം അതുമായി യമുനയ്ക്കരികിലേക്ക് ചെന്നു. "പോസിറ്റീവ് ആണോ?" പൂർണിമയെ കണ്ടതും അവർ ചോദിച്ചു. "ആ അമ്മേ." അവൾ കൈയിലിരുന്ന പ്രെഗ്നൻസി കിറ്റ് യമുനയ്ക്ക് നേരെ നീട്ടിപ്പിടിച്ചു. അതിലെ പിങ്ക് നിറത്തിലെ രണ്ട് വരകൾ കണ്ടപ്പോൾ പൂർണ്ണ ചന്ദ്രൻ ഉദിച്ചത് പോലെ അവരുടെ മുഖം ശോഭിച്ചു. "നാളെതന്നെ നരനെയും കൂട്ടി ഹോസ്പിറ്റലിൽ പോയി കാണിക്കണം കേട്ടോ. ആദ്യത്തെ മൂന്നു മാസം നന്നായി ശ്രദ്ധിക്കണം. അതുപോലെ ഇനിമുതൽ പടികൾ കയറി ഇറങ്ങുമ്പോഴൊക്കെ നന്നായി സൂക്ഷിക്കണം." "ശരിയമ്മേ..." "പോയി ഡ്രസ്സ്‌ മാറി വാ... ഞാൻ കഴിക്കാണെടുത്തു വയ്ക്കാം." യമുന അടുക്കളയിലേക്ക് നടന്നു.  "ഇപ്പോ വരാം അമ്മേ.." പൂർണിമ തിരിച്ച് മുറിയിലേക്ക് പോയി. പ്രെഗ്നൻസി കിറ്റ് മേശ വലിപ്പിലിട്ട ശേഷം അവൾ മുഖമൊക്കെ കഴുകി ഒരു പലാസയും ടോപ്പും എടുത്തിട്ടു.

പൂർണിമ താഴേക്കിറങ്ങി ചെല്ലുമ്പോൾ യമുന ഇരുവർക്കുമുള്ള ചോറും കറികളുമൊക്കെ വിളമ്പി വച്ചിരുന്നു. "നീ നരനെ വിളിച്ചു പറഞ്ഞോ?" ഊണ് കഴുക്കുന്നതിനിടയിൽ അവർ ചോദിച്ചു. "ഇല്ലമ്മേ... വന്നിട്ട് സർപ്രൈസായിട്ട് പറയാമെന്ന് കരുതി. അതിന് മുൻപ് അമ്മ ഓർമിക്കാതെ പറയല്ലേ." പൂർണിമ അപേക്ഷാ സ്വരത്തിൽ പറഞ്ഞു. "ഞാൻ പറയില്ല... നീ തന്നെ നേരിട്ട് പറഞ്ഞോ. ശ്രീയേട്ടനോടും വന്നിട്ട് പറയാമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാൻ. അച്ഛാച്ചനാകാൻ പോവാന്നറിയുമ്പോൾ ശ്രീയേട്ടനൊത്തിരി സന്തോഷാകും." യമുനയുടെ മുഖത്ത് ആഹ്ലാദമാണ്. നരേന്ദ്രനും ഇതറിയുമ്പോൾ സന്തോഷിക്കുമെന്ന് അവളോർത്തു. പക്ഷേ അതിന്റെ കൂടെ തന്നെ ഇനി ക്ലാസ്സിന് വീട്ടില്ലെങ്കിലോന്നുള്ള ഭയവും അവളുടെയുള്ളിൽ നിറഞ്ഞു. 🍁🍁🍁🍁  വൈകുന്നേരം നരേന്ദ്രൻ ഓഫീസിൽ നിന്നെത്തുമ്പോൾ പതിവിലും വൈകിയിരുന്നു. ആറ് മണിക്ക് എത്തുന്നയാൾ അന്ന് ഏഴ് മണി കഴിഞ്ഞാണ് മുല്ലശ്ശേരിയിൽ എത്തിച്ചേർന്നത്.

അവൻ വരുന്നതും നോക്കി നോക്കി ഇരുന്ന് പൂർണിമ അറിയാതെപ്പഴോ ഉറങ്ങിപ്പോയിരുന്നു. നരേന്ദ്രൻ വന്ന് തട്ടി വിളിക്കുമ്പോഴാണ് അവൾ മയക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്. "ഇന്നെന്താ പതിവില്ലാതെ ഒരുറക്കം." നരേന്ദ്രൻ ചിരിയോടെ അവളെ നോക്കി. "നരട്ടനെപ്പോ വന്നു?" പൂർണിമ മുഖം തുടച്ചുകൊണ്ട് എണീറ്റിരുന്നു. "ഞാൻ ദേ ഇപ്പോ വന്ന് കേറിയതേയുള്ളു." "ഇന്നെന്താ വൈകിയേ?" "ഓഫീസിൽ നിന്നിറങ്ങിയപ്പോ ലേറ്റായി. വഴിയിൽ ഏതോ ആക്‌സിഡന്റ് കാരണം കുറച്ചു സമയം നല്ല ബ്ലോക്കായിരുന്നു റോഡിൽ. എല്ലാം കഴിഞ്ഞു ഇവിടെയെത്തിയപ്പോൾ നല്ല വൈകി." "എനിക്ക് നരേട്ടനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു." അവൾ മേശവലിപ്പിൽ നിന്നും പ്രെഗ്നൻസി കിറ്റ് പുറത്തെടുത്ത് ഉള്ളം കൈയ്യിൽ മറച്ച് പിടിച്ച് അവന്റെ അടുത്തേക്ക് വന്ന് ഒട്ടി നിന്നു. "കാര്യം പറയാൻ അടുത്ത് വന്ന് ഒട്ടി നിക്കണോ? ഇന്നെന്താ പതിവില്ലാത്ത ശീലങ്ങളൊക്കെ. എന്റെ ദേഹത്ത് മൊത്തം വിയർപ്പാ... കെട്ടിപ്പിടുത്തമൊക്കെ കുളി കഴിഞ്ഞു വന്നിട്ടാവാം."

നരേന്ദ്രനവളെ അടർത്തി മാറ്റി. പുറത്ത് പോയിട്ട് വന്നാൽ കുളിച്ചു ഫ്രഷാവാതെ നരേന്ദ്രനവളെ അടുത്തേക്ക് അടുപ്പിക്കാറില്ല. അത് പൂർണിമയ്ക്കും അറിയാം. പക്ഷേ ഇന്ന് അവൾ അതൊക്കെ വിസ്മരിച്ചിരുന്നു. "നരേട്ടനൊന്ന് കണ്ണടയ്ക്ക്..." "നീ കളിക്കാതെ കാര്യം പറയുന്നുണ്ടോ?" അവന് ദേഷ്യം വന്ന് തുടങ്ങിയിരുന്നു. "പറയാം... ആദ്യം കണ്ണടയ്ക്ക്." ദേഷ്യം വന്നെങ്കിലും നരേന്ദ്രൻ അവളുടെ നിർബന്ധത്തിന് വഴങ്ങി കണ്ണുകളടച്ച് നിന്നു. പൂർണിമ അവന്റെ വലത് കൈപ്പത്തിക്കുള്ളിൽ പ്രെഗ്നൻസി കിറ്റ് വച്ച് കൊടുത്തു. "ഇനി കണ്ണ് തുറന്ന് നോക്ക്." "ഇതെന്താ ഇത്?" എന്ന് ചോദിച്ചു കൊണ്ട് കണ്ണ് തുറന്ന് നോക്കിയ നരേന്ദ്രന് ഒരു നിമിഷം വേണ്ടി വന്നു അതെന്താണെന്ന് തിരിച്ചറിയാൻ. അവിശ്വാസനീയതയോടെ അവനവളെ നോക്കി. "ഇത്... ഇതെപ്പോ പൂർണിമാ..." അവന്റെ സ്വരം വിറപൂണ്ടു. "ഉച്ചയ്ക്കാ അറിഞ്ഞത്... വന്നിട്ട് പറയാന്ന് കരുതി കാത്തിരിക്കുവായിരുന്നു." പൂർണിമയുടെ മുഖത്ത് ചുമപ്പ് രാശി പടർന്നു. പെട്ടെന്ന് സ്നേഹാധിക്യത്താൽ നരേന്ദ്രനവളെ  കെട്ടിപ്പിടിച്ച് അവന്റെ നെഞ്ചിലേക്ക് ചേർത്തണച്ചു.

അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്ത് നെറുകയിലും കവിളിലുമൊക്കെ ചുണ്ടമർത്തി. "നമുക്ക് നാളെ തന്നെ നല്ലൊരു ഡോക്ടറെ പോയി കാണാം. നീ നന്നായി ശ്രദ്ധിക്കണം കേട്ടോ. എനിക്ക് എന്താ പറയേണ്ടതെന്നറിയില്ല പൂർണിമാ.... ഭയങ്കര സന്തോഷം തോന്നുന്നു." സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു.  പിറ്റേന്ന് രാവിലെതന്നെ പൂർണിമയെ നരേന്ദ്രൻ അവിടുത്തെ ഏറ്റവും മുന്തിയ പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. ഗൈനക്കോളജിസ്റ്റിനെ കാണിച്ചപ്പോൾ അവർ യൂറിൻ ടെസ്റ്റിന് എഴുതി നൽകി. ഹോസ്പിറ്റൽ ലാബിൽ വച്ച് ഒരിക്കൽ കൂടി പ്രെഗ്നൻസി കൺഫേം ചെയ്ത ശേഷം അവർ ലാബ് റിപ്പോർട്ടുമായി വീണ്ടും ഡോക്ടറെ പോയി കണ്ടു. "റിസൾട്ട്‌ പോസ്റ്റിവാണ്. ബേബിക്ക് നാളാഴ്ചത്തെ വളർച്ചയായിട്ടേയുള്ളു. നിങ്ങള് പോയിട്ട് ഒരു ടു വീക്സ് കഴിഞ്ഞു വരും.

സിക്സ് വീക്സ് ഒക്കെ കഴിയുമ്പോഴേ കുഞ്ഞിന് ഹാർട് ബീറ്റ്‌സൊക്കെ ഉണ്ടായി തുടങ്ങൂ. തല്ക്കാലം കഴിക്കാനുള്ള വിറ്റാമിൻ ടാബ്ലറ്റ്സ് ഞാനിപ്പോ എഴുതുന്നുണ്ട്." പൂർണിമയെ പരിശോധിച്ച ശേഷം ഡോക്ടർ പുഷ്പ റാണി ഇരുവരോടുമായി പറഞ്ഞു. "ഇപ്പോ പ്രത്യേകിച്ച് റെസ്റ്റിന്റെ ആവശ്യമുണ്ടോ ഡോക്ടർ? സ്റ്റെപ്പൊക്കെ കയറാമോ ഇവൾക്ക്." നരേന്ദ്രനാണ് അത് ചോദിച്ചത്. "ഹേയ്... അങ്ങനെ റെസ്റ്റിന്റെ ആവശ്യമൊന്നുമില്ല. സ്റ്റെപ്പ് കയറുന്നത് കൊണ്ട് പ്രോബ്ലമൊന്നുമില്ല. ഭാരമുള്ള വസ്തുക്കളൊന്നും എടുക്കാതിരുന്നാൽ മതി." "ശരി ഡോക്ടർ... താങ്ക്യൂ." അവരോട് നന്ദി പറഞ്ഞു രണ്ടുപേരും എഴുന്നേറ്റ് പുറത്തേക്ക് പോയി. ഹോസ്പിറ്റലിൽ നിന്ന് അവളെ വീട്ടിൽ കൊണ്ട് വിട്ട ശേഷം നരേന്ദ്രൻ തിരികെ ഓഫീസിലേക്ക് പോയി. ഹോസ്പിറ്റലിൽ പോയി തിരികെയെത്തിയപ്പോൾ തന്നെ സമയം ഉച്ചയോട് അടുത്തിരുന്നു. അതുകൊണ്ട് അവൾക്കന്ന് ക്ലാസ്സിന് പോകാൻ കഴിഞ്ഞില്ല. 🍁🍁🍁🍁 പിറ്റേ ദിവസം രാവിലെ പൂർണിമ ഉറക്കമുണർന്ന് നോക്കുമ്പോൾ നരേന്ദ്രൻ അടുത്തുണ്ടായിരുന്നില്ല. സമയം നോക്കിയപ്പോൾ എട്ടരയാകാറായിരുന്നു. നരേന്ദ്രൻ കുളിച്ചൊരുങ്ങി താഴേക്ക് പോയെന്ന് അവൾക്ക് മനസ്സിലായി.

ഒൻപത് മണിയാകുമ്പോൾ അവൻ ഓഫീസിലേക്ക് പോകാനിറങ്ങും. അതിന് മുൻപ് റെഡിയായി ഫുഡ് കഴിച്ച് ഇറങ്ങിയാൽ ക്ലാസ്സിൽ അവനൊപ്പം പോകാമെന്ന് ചിന്തിച്ച് പൂർണിമ പെട്ടെന്നെഴുന്നേറ്റ് പോയി മേൽ കഴുകി വന്നു. ജസ്റ്റ്‌ ഒന്ന് ഒരുങ്ങിയ ശേഷം അവൾ ബാഗിൽ ബുക്കെടുത്ത് വച്ച് താഴേക്കിറങ്ങി ചെന്നു. "നീയിതെങ്ങോട്ടാ പൂർണിമേ ബാഗുമായി?" ഡൈനിംഗ് ടേബിളിലിരുന്ന് ഭക്ഷണം കഴിക്കയായിരുന്ന നരേന്ദ്രൻ, ഒരുങ്ങിയിറങ്ങി ബാഗുമായി വന്ന അവളെ കണ്ട് അവനൊന്ന് അന്തംവിട്ടു. "എനിക്ക് ക്ലാസ്സിന് പോണ്ടേ നരേട്ടാ?" "ഏത് ക്ലാസ്സ്‌?" "കമ്പ്യൂട്ടർ ക്ലാസ്സ്‌." "അതിനിയും നിർത്താൻ ഉദ്ദേശമില്ലേ നിനക്ക്? നീയിപ്പോ പ്രെഗ്നന്റല്ലേ. ക്ഷീണം കാരണം കുറച്ചൂടെ ഉറങ്ങിക്കോട്ടെയെന്ന് വിചാരിച്ചാ എണീപ്പിക്കാൻ നിക്കാതെ ഞാനിങ്ങ് പോന്നത്." "ഡോക്ടർ പറഞ്ഞത് നരേട്ടനും കേട്ടതല്ലേ... എനിക്ക് പ്രത്യേകിച്ച് റസ്റ്റൊന്നും വേണ്ടല്ലോ. അപ്പോപ്പിന്നെ ക്ലാസിനു പോകാതിരിക്കാൻ മാത്രം പ്രശ്നമൊന്നുമില്ലല്ലോ." അവളുടെ കണ്ഠമിടറി. "നരൻ പറയുന്നത് കേൾക്കുന്നതാ നിനക്ക് നല്ലത്. തല്ക്കാലം ക്ലാസ്സിനൊന്നും മോള് പോണ്ട." യമുന കൂടി അവനെ പിന്താങ്ങി പറഞ്ഞപ്പോൾ പൂർണിമയുടെ കണ്ണുകൾ നീറി. "അത് പറ്റില്ല... എനിക്ക് ക്ലാസ്സിന് പോണം അമ്മേ." അവൾ ഇരുവരെയും മാറി മാറി നോക്കി. അത് കേട്ടതും നരേന്ദ്രൻ കോപത്തോടെ ചാടിയെഴുന്നേറ്റ് അവൾക്കടുത്തേക്ക് വന്നു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story