മാലയോഗം: ഭാഗം 17

malayogam shiva

രചന: ശിവ എസ് നായർ

"നരൻ പറയുന്നത് കേൾക്കുന്നതാ നിനക്ക് നല്ലത്. തല്ക്കാലം ക്ലാസ്സിനൊന്നും മോള് പോണ്ട." യമുന കൂടി അവനെ പിന്താങ്ങി പറഞ്ഞപ്പോൾ പൂർണിമയുടെ കണ്ണുകൾ നീറി. "അത് പറ്റില്ല... എനിക്ക് ക്ലാസ്സിന് പോണം അമ്മേ." അവൾ ഇരുവരെയും മാറി മാറി നോക്കി. അത് കേട്ടതും നരേന്ദ്രൻ കോപത്തോടെ ചാടിയെഴുന്നേറ്റ് അവൾക്കടുത്തേക്ക് വന്നു. "അതേ... നീയിപ്പോ ഒറ്റയ്ക്കല്ല... വയറ്റിലൊരു കുഞ്ഞ് കൂടി ഉണ്ടെന്നുള്ള ഓർമ്മ വേണം. സ്വന്തം കുഞ്ഞിനെക്കാൾ വലുതാണോ നിനക്ക് ക്ലാസ്സ്‌. നിന്റെ പറച്ചിൽ കേട്ടാൽ തോന്നും സിവിൽ സർവീസ് കോച്ചിംഗിന് പോകുന്നതാണെന്ന്." അവന്റെ പരിഹാസം കേട്ട് പൂർണിമയ്ക്ക് കടുത്ത മനസ്താപം തോന്നി. "ഇനി കുറച്ചു മാസങ്ങൾ കൂടിയേ ക്ലാസ്സുള്ളൂ. അതിനിടയ്ക്കിങ്ങനെ മുടക്കം പറയല്ലേ നരേട്ടാ." അവളവനോട് കെഞ്ചി. "ഇക്കാര്യത്തിൽ എനിക്ക് കൂടുതലൊന്നും പറയാനില്ല.

വെറുതെ ഇതും പറഞ്ഞു എന്നെ ദേഷ്യം പിടിപ്പിക്കാൻ വരരുത്, പറഞ്ഞേക്കാം." അവൾക്ക് നേരെ ആക്രോശിച്ചു കൊണ്ട് നരേന്ദ്രൻ കാറിന്റെ കീയുമായി പുറത്തേക്കിറങ്ങി പോയി. "അമ്മ കൂടി നരേട്ടനെ സപ്പോർട്ട് ചെയ്യുമെന്ന് വിചാരിച്ചില്ല. ഞാനിത്ര നാളും എത്ര കഷ്ടപ്പെട്ടാ പഠിച്ചതെന്ന് അമ്മയ്ക്കറിയോ?" പൂർണിമയുടെ ശബ്ദമിടറി. "രാവിലെതന്നെ ഇതിനെചൊല്ലി ഒരു വഴക്ക് വേണ്ടെന്ന് കരുതിയാ ഞാൻ നിന്നോട് തല്ക്കാലം അവനെ അനുസരിക്കാൻ പറഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞു നിന്നോട് സ്കാനിംഗിന് ചെല്ലാനല്ലേ ഡോക്ടർ പറഞ്ഞത്. അതുവരെ നീയിവിടെ റെസ്റ്റെടുക്ക്. സ്കാനിംഗ് കഴിഞ്ഞ ശേഷം ഞാൻ തന്നെ നരനോട് നിന്നെ ക്ലാസ്സിൽ വിടാൻ പറയാം. ഇപ്പോ നീ അവൻ പറയുന്നത് കേൾക്ക്. സാവകാശം കാര്യങ്ങൾ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം. ഈ സമയം നീ വിഷമിച്ചിരിക്കാൻ പാടില്ല,

സന്തോഷത്തോടെ ഇരിക്കുന്നതാണ് വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിനും നല്ലത്." യമുന അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. "അവസാനം അമ്മ പറഞ്ഞു പറ്റിക്കരുത്. എനിക്കിത് എങ്ങനെയെങ്കിലും കംപ്ലീറ്റ് ചെയ്യണമമ്മേ. അത്രത്തോളം ഇത് പഠിച്ചെടുക്കാൻ ഞാൻ കഷ്ടപ്പെടുന്നുണ്ട്." പൂർണിമ കണ്ണുനീർ തുടച്ച് ഭക്ഷണം കഴിക്കാനായി ഇരുന്നു. ഓഫീസിൽ പോകാൻ റെഡിയായി വന്ന ശ്രീകണ്ഠൻ യമുനയുടെയും പൂർണിമയുടെയും സംസാരമൊക്കെ കേൾക്കുന്നുണ്ടായിരുന്നു. "യമുന പറഞ്ഞത് പോലെ കുറച്ചു ദിവസം മോള് വീട്ടിലിരുന്ന് റെസ്റ്റെടുക്ക്. മോൾടെ സ്കാനിങ്ങൊക്കെ കഴിഞ്ഞ ശേഷം നരനെ നമുക്ക് പറഞ്ഞു സമ്മതിപ്പിക്കാം." ശ്രീകണ്ഠൻ കൂടി വാക്ക് പറഞ്ഞപ്പോൾ അവൾക്ക് വിശ്വാസമായി. ഇനിയൊരു ഏഴ് മാസം കൂടിയേ ക്ലാസ്സുള്ളൂ. അത്‌ കഴിഞ്ഞ് എക്സാമാണ്. ഇതിനെങ്കിലും തരക്കേടില്ലാത്ത മാർക്ക്‌ വാങ്ങിക്കണമെന്ന് പൂർണിമയ്ക്ക് ആഗ്രഹമുണ്ട്. ഇംഗ്ലീഷ് വായിച്ചു മനസ്സിലാക്കിയെടുക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് കാണാപ്പാടം എഴുതി പഠിച്ചൊക്കെയാണ് അവൾ പാഠഭാഗങ്ങൾ ഹൃദിസ്തമാക്കുന്നത്.

പ്രാതൽ കഴിച്ച് കഴിഞ്ഞ ശേഷം പൂർണിമ ബാഗുമെടുത്ത് മുകളിലേക്ക് കയറിപ്പോയി. ധരിച്ചിരുന്ന ഡ്രസ്സ്‌ മാറ്റി വീട്ടിലിടുന്ന പാന്റും ടോപ്പും എടുത്തണിഞ്ഞു. അപ്പോഴാണ് തനിക്ക് വിശേഷമുള്ള വിവരം വീട്ടിൽ വിളിച്ചു പറഞ്ഞില്ലല്ലോന്ന് അവളോർത്തത്. ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ട ശേഷം വിളിച്ചു പറയാമെന്ന് കരുതിയിരിക്കുകയായിരുന്നു അവൾ. തലേ ദിവസം ഹോസ്പിറ്റലിൽ പോയി വന്ന ക്ഷീണത്തിൽ പിന്നെ വീട്ടിലേക്ക് വിളിക്കുന്ന കാര്യം അവൾ മറന്നേ പോയിരുന്നു. പൂർണിമ മൊബൈലെടുത്ത് അമ്മയുടെ നമ്പറിലേക്ക് വിളിച്ചു നോക്കി. ഒറ്റ റിംഗിൽ തന്നെ അപ്പുറത്ത് കാൾ കണക്ടായി. "ഹലോ... അമ്മേ...!" "നിന്നെ അങ്ങോട്ട്‌ വിളിക്കാനായി ഞാൻ ഫോണെടുത്തപ്പോഴാ നിന്റെ കാൾ ഇങ്ങോട്ട് വരുന്നത്." "അമ്മയോട് ഒരു വിശേഷം പറയാനാ ഞാൻ വിളിച്ചത്." "വിശേഷമൊക്കെ ഞാനറിഞ്ഞു. മോൻ കുറച്ചു മുൻപ് അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു. എന്നാലും സ്വന്തം മോൾക്ക് വിശേഷമുണ്ടായിട്ട് മരുമോൻ പറഞ്ഞാണല്ലോ അറിയേണ്ടി വന്നതെന്ന് അച്ഛൻ പറയുന്നുണ്ടായിരുന്നു.

സാധാരണ, പെൺകുട്ടികൾ ഇത്തരം കാര്യങ്ങളിൽ സംശയം തോന്നുമ്പോ തന്നെ ആദ്യം വിളിച്ചു പറയുന്നത് സ്വന്തം അമ്മയോടാ. അതുപോട്ടെ വിശേഷം അറിഞ്ഞപ്പോഴെങ്കിലും നിനക്കൊന്ന് വിളിച്ചറിയിക്കാൻ തോന്നിയില്ലല്ലോ മോളെ." ഗീതയുടെ കുറ്റപ്പെടുത്തൽ കേട്ട് അവൾ അന്തംവിട്ട് പോയി. "എന്റെ അമ്മേ... ഡോക്ടറെ കണ്ട് വിശേഷമുണ്ടെന്ന് ഉറപ്പിച്ചിട്ട് വിളിക്കാമെന്ന് കരുതിയ ഞാൻ പറയാതിരുന്നത്. അല്ലെങ്കിൽ പിന്നെ ഞാനൊരു സംശയം പറയുമ്പോഴേക്കും അമ്മ ബന്ധുക്കളെ എല്ലാരേം വിളിച്ചറിയിക്കാൻ നിക്കില്ലേ. അതുകൊണ്ടാ ഉറപ്പിച്ചിട്ട് പറയാമെന്ന് വിചാരിച്ചത്. ഇന്നലെ ഹോസ്പിറ്റലിലൊക്കെ പോയി ഡോക്ടറെ കണ്ട് വന്നപ്പോൾ ആകെ ക്ഷീണിച്ചു പോയിരുന്നു. അതാണ് ഇന്നലെതന്നെ വിളിച്ച് പറയാൻ വിട്ട് പോയത്." "ആ... സാരമില്ല... നിനക്ക് ക്ഷീണോം തളർച്ചയുമൊക്കെ ഉണ്ടോ?"

"ഇതുവരെ കുഴപ്പമൊന്നുമില്ല. പക്ഷേ, അമ്മേ... എനിക്ക് കുറച്ചു ദിവസം അവിടെ വന്ന് നിന്നാൽ കൊള്ളാമെന്നുണ്ട് അമ്മേ. എത്ര നാളായി അമ്മേടെ കൈകൊണ്ടുണ്ടാക്കിയ എന്തെങ്കിലും കഴിച്ചിട്ട്." അത് പറയുമ്പോൾ കൊതി കൊണ്ട് അവളുടെ നാവിൽ വെള്ളമൂറി. "നീയാദ്യം മോനോടും യമുനേച്ചിയോടുമൊക്കെ ചോദിക്ക്. അവര് സമ്മതിച്ചാലേ നിന്നെ ഇങ്ങോട്ട് കൊണ്ട് വരാൻ അച്ഛൻ സമ്മതിക്കൂ. അവർക്ക് നിന്നെ വിടാൻ ഇഷ്ടമില്ലെങ്കി വെറുതെ വെറുപ്പിക്കാൻ നിക്കണ്ട. അവിടുത്തെ അമ്മയും നിന്നെ നന്നായി നോക്കില്ലേ?" "യമുനാമ്മ നന്നായി തന്നെയാ നോക്കുന്നത്. പക്ഷേ എന്റെ വീട്ടിൽ വന്ന് നിക്കാൻ എനിക്കും ആഗ്രഹമുണ്ടാവില്ലേ അമ്മേ?" "നീയിപ്പോ ഒരു ഭാര്യയാണ്, നിന്റെ ഭർത്താവിന്റെയും അവരുടെ വീട്ടുകാരുടെയും ഇഷ്ടങ്ങളാണ് നിന്റെയും ഇഷ്ടം. അവര് പറയുന്നതേ മോള് കേൾക്കാവൂ. അവിടെ എല്ലാവരോടും സമ്മതം ചോദിച്ചിട്ട് അനുവാദം കിട്ടിയാൽ മാത്രം ഇങ്ങോട്ട് വന്നാൽ മതി." അമ്മയുടെ മറുപടി കേട്ടപ്പോൾ അവൾക്ക് ശരിക്കും അരിശം വന്നു.

"ഞാനെങ്ങോട്ടും വരുന്നില്ലമ്മേ... സ്വന്തം വീട്ടിൽ വരാൻ പോലും എല്ലാവരോടും എനിക്ക് അനുവാദം ചോദിക്കണോ?" "എടീ മോളെ... ഇപ്പോ അതാണ് നിന്റെ വീട്. നീയിപ്പോ ഇവിടെ വിരുന്നുകരി മാത്രമാണ്." "കല്യാണത്തിന് മുൻപ് അച്ഛനും അമ്മയും പറയുന്നത് മാത്രമേ കേൾക്കാവൂ എന്ന് പറഞ്ഞു. ഇപ്പോൾ ഭർത്താവും വീട്ടുകാരും പറയുന്നത് കേൾക്കണം. എനിക്ക് എന്റേതായ ഇഷ്ടങ്ങൾ കൂടിയുണ്ടമ്മേ. അതെന്താ ആരും മനസ്സിലാക്കാത്തത്." "നീ വെറുതെ അഹങ്കാരം കാണിച്ച് കിട്ടിയ ജീവിതം കളഞ്ഞു കുളിക്കരുത്. കല്യാണം വരെ പെൺകുട്ടികൾ വീട്ടുകാരെ അനുസരിച്ചു ജീവിക്കണം. അത് കഴിഞ്ഞാ ഭർത്താവിനേം വീട്ടുകാരേം അനുസരിക്കണം. ഞാനൊക്കെ അങ്ങനെ ജീവിച്ചത് കൊണ്ടാണ് ഇപ്പഴും നിന്റെ അച്ഛനൊപ്പം കഴിഞ്ഞു പോകുന്നത്. നിന്റെ താഴെ രണ്ട് പെൺകുട്ടികൾ കൂടെ വളർന്ന് വരുന്നുണ്ട്. അവര് നിന്നെക്കണ്ട് വേണം പഠിക്കാൻ. അതുകൊണ്ട് വെറുതെ തറുതല പറയാതെ പറഞ്ഞത് അനുസരിച്ചു ജീവിക്കാൻ നോക്ക്." ഗീത, മകളെ ഉപദേശിച്ചു.

"ഇനി അമ്മ പറഞ്ഞത് കേട്ടില്ലെന്ന് വേണ്ട. ഞാൻ വീട്ടിലേക്ക് വരുന്നില്ല ഇവിടെ തന്നെ നിന്നോളാം." പൂർണിമയ്ക്ക് ദേഷ്യവും സങ്കടവുമൊക്കെ ഒരുമിച്ച് വന്നു. "പിന്നെ നിന്നോട് വേറൊരു കാര്യം കൂടി പറയാനുണ്ടായിരുന്നു. ഇപ്പോ വയറ്റിലൊരു ജീവൻ വളർന്നു വരുകയാണ്. അതുകൊണ്ട് ഇനിമുതൽ കമ്പ്യൂട്ടർ ക്ലാസ്സെന്നും പറഞ്ഞു നടക്കാതെ വീട്ടിലടങ്ങിയിരിക്കണം." "ഓഹ്... ഇതും നരേട്ടൻ പറഞ്ഞതാവും." പുച്ഛത്തോടെ അവൾ ചോദിച്ചു. "ആ പറഞ്ഞു. നീ രാവിലെ ക്ലാസിനു പോണോന്ന് പറഞ്ഞു വീട്ടിൽ ബഹളമുണ്ടാക്കിയെന്ന്. നിന്റേം കുഞ്ഞിന്റേം ആരോഗ്യം കണക്കിലെടുത്തു അവനൊരു നല്ല കാര്യം പറഞ്ഞപ്പോ അനുസരിക്കാൻ നിനക്ക് മടി. ഈ കാര്യം പറഞ്ഞു അവനെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിക്കരുത്. ഇത്ര നല്ലൊരു ബന്ധം നിനക്ക് കിട്ടിയത് തന്നെ ഭാഗ്യമെന്ന് വിചാരിക്ക്."

അമ്മയുടെ സാരോപദേശം കേട്ട് പൂർണിമയ്ക്ക് മടുപ്പ് തുടങ്ങി. "ഞാനെന്നാ ഫോൺ വയ്ക്കാ... അമ്മേടെ ഉപദേശം കേട്ട് എനിക്ക് മതിയായി." ഗീതയുടെ മറുപടിക്ക് കാത്ത് നിൽക്കാതെ ദേഷ്യത്തോടെ അവൾ കാൾ കട്ട്‌ ചെയ്തു. 🍁🍁🍁🍁 രണ്ടാഴ്ചക്കാലം പൂർണിമയ്ക്ക് മടുപ്പ് നിറഞ്ഞ ദിവസങ്ങളായിരുന്നു. ക്ലാസ്സിന് പോകാൻ കഴിഞ്ഞില്ലെങ്കിലും ഒപ്പമുള്ള കുട്ടികളുടെ കൈയ്യിൽ നിന്ന് നോട്സ് വാങ്ങി അന്നന്ന് പഠിപ്പിച്ചതൊക്കെ അവൾ കാണാതെ എഴുതി പഠിച്ച് മനഃപാഠമാക്കി. നരേന്ദ്രനോ അവന്റെ അച്ഛനോ അമ്മയോ അവളുടെ ക്ലാസ്സിൽ പോകുന്ന കാര്യങ്ങളെ കുറിച്ച് നരേന്ദ്രനോടൊന്നും സംസാരിക്കാൻ ശ്രമിച്ചതേയില്ല. അതവൾ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. എല്ലാവരും തന്നെ പറഞ്ഞു പറ്റിച്ചുവെന്ന് അവൾക്ക് തോന്നി. വിഷാദ മൂകയായി പൂർണിമ ദിനങ്ങളോരോന്നും തള്ളി നീക്കുന്നത് മൂവരും കാണുന്നുണ്ടെങ്കിലും ആരും അതത്ര കാര്യമാക്കിയില്ല.

ഇനി ക്ലാസിനു വിടില്ലെന്ന് നരേന്ദ്രൻ ഉറപ്പിച്ചു പറയുക കൂടി ചെയ്തപ്പോൾ അവളാകെ മനസ്സ് കൊണ്ട് തളർന്ന് പോയിരുന്നു. രണ്ടാഴ്ച അതിവേഗം കടന്ന് പോയി. ഡോക്ടർ സ്കാനിംഗ് ചെയ്യാനായി വരാൻ പറഞ്ഞ ദിവസം നരേന്ദ്രൻ പൂർണിമയെയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയി. ഹോസ്പിറ്റൽ ലാബിൽ നിന്നുതന്നെ ഒന്നരമാസത്തെ അൾട്രാ സൗണ്ട് സ്കാനിംഗ് എടുത്ത ശേഷം റിപ്പോർട്ടുമായി അവർ ഡോക്ടറെ കാണാൻ കാത്തിരുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ പൂർണിമയുടെ പേര് വിളിച്ചതും ഇരുവരും ഡോക്ടറുടെ റൂമിലേക്ക് കയറി. നരേന്ദ്രൻ തന്റെ കൈയിലിരുന്ന റിപ്പോർട് ഡോക്ടർക്ക് കൈമാറി. അവർ അത് വാങ്ങി വിശദമായൊന്ന് നോക്കിയ ശേഷം ഇരുവരെയും നോക്കി മനോഹരമായൊന്ന് പുഞ്ചിരിച്ചു. "പൂർണിമയ്ക്ക് ഇരട്ട കുട്ടികളാണ്..." .... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story