മാലയോഗം: ഭാഗം 18

malayogam shiva

രചന: ശിവ എസ് നായർ

 നരേന്ദ്രൻ തന്റെ കൈയിലിരുന്ന റിപ്പോർട് ഡോക്ടർക്ക് കൈമാറി. അവർ അത് വാങ്ങി വിശദമായൊന്ന് നോക്കിയ ശേഷം ഇരുവരെയും നോക്കി മനോഹരമായൊന്ന് പുഞ്ചിരിച്ചു. "പൂർണിമയ്ക്ക് ഇരട്ട കുട്ടികളാണ്..." "ഏഹ്... സത്യമാണോ ഡോക്ടർ..!" നരേന്ദ്രനും പൂർണിമയും ഒരേ സ്വരത്തിൽ ചോദിച്ചു. "അതെ... റിപ്പോർട്ട്‌സൊക്കെ ഓക്കേയാണ്. വേറെ പ്രശ്നങ്ങളൊന്നും കാണുന്നില്ല." "ഡോക്ടർ... എനിക്ക് ക്ലാസ്സിന് പോകുന്നതിന് ബുദ്ധിമുട്ട് ഉണ്ടോ. പ്രത്യേകിച്ച് റെസ്റ്റിന്റെ ആവശ്യമുണ്ടോ എനിക്ക്." നരേന്ദ്രനെയൊന്ന് നോക്കിയിട്ട് പൂർണിമ ഡോക്ടറോട് ചോദിച്ചു. "ഏയ്‌... അങ്ങനെ ബെഡ് റെസ്റ്റിന്റെ ആവശ്യമൊന്നുമില്ല തനിക്കിപ്പോൾ. മനസ്സിന് സന്തോഷമുള്ള കാര്യങ്ങൾ ചെയ്ത് ഹാപ്പിയായി ഇരിക്കൂ. പിന്നെ ഇരട്ടക്കുട്ടികളാണെന്ന് കരുതി ഭാര്യയ്ക്ക് ഓവർ കേറിങ് നൽകി ഇരുപത്തി നാല് മണിക്കൂറും റെസ്റ്റെന്നും പറഞ്ഞു ശരീരമനങ്ങാൻ സമ്മതിക്കാതിരിക്കരുത്. അത്യാവശ്യം ചെറിയ രീതിയിൽ ജോലികളൊക്കെ ചെയ്ത് ദിവസവും കുറച്ചു സമയം നടക്കാനൊക്കെ പോയി റിലാക്സ് ആയിട്ടിരിക്കാൻ ശ്രമിക്കണം.

എന്തെങ്കിലും പഠിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ അത് തുടർന്നോളൂ. പ്രെഗ്നൻസിയുടെ പേരിൽ ഒന്നും ഒഴിവാക്കേണ്ട ആവശ്യമില്ല." ഡോക്ടർ പുഷ്പ റാണി രണ്ട് പേരോടുമായി പറഞ്ഞു. "ശരി ഡോക്ടർ..." നരേന്ദ്രൻ ഡോക്ടർ പറഞ്ഞതൊക്കെ കേട്ട് തലയനക്കി. "കാൽസ്യം ടാബ്‌ലെറ്റും അയൺ ടാബ്‌ലെറ്റും മുടങ്ങാതെ കഴിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ അപ്പോൾതന്നെ വന്ന് കാണിക്കണം." പുഷ്പ റാണി ഡോക്ടറുടെ സ്നേഹപൂർവ്വമായ സംസാരവും പെരുമാറ്റവും പൂർണിമയ്ക്ക് ആശ്വാസമേകി. ക്ലാസ്സിന് പോകുന്നതിൽ തടസ്സമൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് വീട്ടിൽ ചെന്നതിന് ശേഷം നരേന്ദ്രനോട്‌ അതേക്കുറിച്ച് ഗൗരവമായി തന്നെ സംസാരിക്കണമെന്ന് പൂർണിമ മനസ്സിലുറപ്പിച്ചു. തിരികെയുള്ള യാത്രയിലുട നീളം നരേന്ദ്രന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു. ഡോക്ടറോട് ക്ലാസ്സിന് പോകുന്നതിനെക്കുറിച്ച് പൂർണിമ ചോദിച്ചത് അവനിഷ്ടമായിരുന്നില്ല. അതിന്റെ ദേഷ്യമാണ് മുഖത്ത് കാണുന്നതെന്ന് അവൾക്ക് മനസ്സിലായി.

അതുകൊണ്ട് തന്നെ പൂർണിമയും അവനോട്‌ ഒന്നുംതന്നെ സംസാരിക്കാൻ മുതിർന്നില്ല. പുറത്തേക്കുള്ള കാഴ്ചകളിൽ നോട്ടമെറിഞ്ഞ് സീറ്റിലേക്ക് ചാരി അവൾ കിടന്നു. ഡ്രൈവിംഗിനിടയിൽ ഇടയ്ക്കിടെ തല ചരിച്ച് നരേന്ദ്രനവളെ വീക്ഷിക്കുന്നുണ്ടായിരുന്നു. പൂർണിമ എന്തെങ്കിലും പറഞ്ഞു തുടങ്ങുകയാണെങ്കിൽ ഒരു വഴക്ക് തുടങ്ങി വയ്ക്കാമെന്നായിരുന്നു അവന്റെ മനസ്സിൽ. പക്ഷേ അത് മനസ്സിലാക്കിയ പൂർണിമ നരേന്ദ്രനെ പാടെ അവഗണിച്ച മട്ടിൽ അവന്റെ മുഖത്തേക്ക് നോക്കാനോ എന്തെങ്കിലും മിണ്ടാനോ ശ്രമിച്ചതേയില്ല. അവളോടുള്ള ദേഷ്യം മുഴുവനും അവൻ ആക്‌സിലേറ്ററിനോടാണ് തീർത്തത്. സീറ്റ് ബെൽറ്റിട്ട് സുരക്ഷിതയായി ഇരിക്കുന്നത് കൊണ്ട് പൂർണിമയ്ക്ക് ഭയമൊന്നും തോന്നിയില്ല. പക്ഷേ കാറിന്റെ വേഗത കൂടുകയും ഇടയ്ക്കിടെയുള്ള സഡൻ ബ്രേക്കുമൊക്കെ അവളിൽ നടുക്കം സൃഷ്ടിച്ചു. എങ്കിലും പൂർണിമ ഭയം പുറത്ത് കാട്ടാതെ കണ്ണുകളടചച്ച് ഉള്ളം ശാന്തമാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. 🍁🍁🍁🍁🍁

നരേന്ദ്രനും പൂർണിമയും മുല്ലശ്ശേരിയിൽ മടങ്ങിയെത്തുമ്പോൾ അവരുടെ വരവും കാത്തിരിക്കുകയായിരുന്നു ശ്രീകണ്ഠനും യമുനയും. അന്ന് ശ്രീകണ്ഠൻ ഓഫീസിൽ പോയിട്ടുണ്ടായിരുന്നില്ല. "സ്കാനിംഗ് കഴിഞ്ഞോ നരാ? ഡോക്ടറെ കണ്ടിട്ട് എന്ത് പറഞ്ഞു?" ഇരുവരും വന്ന് കയറിയപ്പോൾ തന്നെ യമുന ആദ്യം ചോദിച്ചത് അതാണ്. "അമ്മേ... ഇവളുടെ വയറ്റിൽ ഒന്നല്ല രണ്ട് കുട്ടികളാണ്." കോപമടക്കി അവനത് പറയുമ്പോൾ യമുന അവളുടെ അടുത്തേക്ക് നടന്നു. "ഇരട്ട കുട്ടികളാകുമ്പോ നല്ല ശ്രദ്ധ വേണം പൂർണിമാ." അവളുടെ കൈപിടിച്ച് അകത്തേക്ക് നടത്തിക്കുമ്പോൾ അവർ പറഞ്ഞു. "ശ്രീയേട്ടാ... മോൾക്ക് ഇരട്ട കുട്ടികളാണെന്ന്." യമുന ആഹ്ലാദത്തോടെ ശ്രീകണ്ഠനോട്‌ പറഞ്ഞപ്പോൾ അയാളുടെ മുഖം സന്തോഷത്താൽ വിടർന്നു. "കോളടിച്ചല്ലോ മോനെ." ശ്രീകണ്ഠൻ മകനെയും മരുമകളെയും ചേർത്ത് പിടിച്ചു. അച്ഛന്റെയും അമ്മയുടെയും സന്തോഷ പ്രകടനങ്ങൾ കണ്ട് പൂർണിമ സോഫയിലേക്ക് ഇരുന്നു. "അമ്മേ... ഒരേ സമയം രണ്ട് കുഞ്ഞുങ്ങളാണ് അവളുടെ വയറ്റിൽ വളരുന്നത്. അതറിഞ്ഞിട്ടും ഇവൾക്കിപ്പോഴും ക്ലാസ്സിന് പോണമെന്ന് പറഞ്ഞു വാശിയാണ്."

ദേഷ്യത്തോടെ നരേന്ദ്രൻ പൂർണിമയെ നോക്കി. "അതിന് നരേട്ടനെന്നെ നോക്കി പേടിപ്പിക്കുന്നത് എന്തിനാ? ഡോക്ടർ പറഞ്ഞല്ലോ പ്രത്യേകിച്ച് റെസ്റ്റിന്റെ ആവശ്യമില്ല,എനിക്ക് ക്ലാസ്സിന് പോകാന്നൊക്കെ. പിന്നെ നരേട്ടന് മാത്രം എന്താ പ്രോബ്ലം?" പൂർണിമയ്ക്ക് ചോദിക്കാതിരിക്കാനായില്ല. "നീയിപ്പോ പഠിക്കാൻ പോയിട്ടും ഗുണമൊന്നുമില്ലല്ലോ. നിനക്ക് വീട്ടിലിരുന്ന് സമയം പോകാഞ്ഞിട്ട് പോവാൻ തുടങ്ങിയതല്ലേ. ഇനിയിപ്പോ പ്രെഗ്നന്റായ സ്ഥിതിക്ക് എല്ലാം മതിയാക്കുന്നതാ നല്ലത്. ഇക്കാര്യം നിന്നോട് ഞാൻ നേരത്തെ പറഞ്ഞതാണ്." നരേന്ദ്രന്റെ ശബ്ദം കടുത്തു. "നരാ... അവള് പഠിക്കാൻ പൊയ്ക്കോട്ടേ... വയറ്റിൽ കിടക്കുന്ന കുഞ്ഞുങ്ങൾനല്ല ഹെൽത്തിയായി ഇരിക്കണമെങ്കിൽ അമ്മയുടെ മനസ്സെപ്പോഴും സന്തോഷത്തോടെ ഇരിക്കണം. ഇത്ര ദിവസവും അവള് എത്ര വിഷമിച്ച നടന്നതെന്ന് നീയും കണ്ടതല്ലേ.

അതുകൊണ്ട് പൂർണിമയെ വിഷമിപ്പിക്കാൻ ഇടവരുത്താതെ അവളുടെ ആഗ്രഹം പോലെ ക്ലാസിനു പൊയ്ക്കോട്ടേ. കാറിൽ കൊണ്ട് പോയി വിളിച്ചു കൊണ്ട് വരുന്നത് കൊണ്ട് വേറെ ബുദ്ധിമുട്ടൊന്നുമില്ലല്ലോ. നീ വെറുതെ അവളോട് ഇതും പറഞ്ഞു ദേഷ്യം പിടിക്കാൻ നിക്കണ്ട. പൂർണിമ കുറേ ആഗ്രഹിച്ചതല്ലേ... ഈ സാഹചര്യത്തിൽ അവളെ കൂടുതൽ സങ്കടപ്പെടുത്തണ്ട." യമുനയുടെ ആ വാക്കുകൾ കുളിർ മഴ പോലെയാണ് അവളുടെ കാതുകളിൽ പതിഞ്ഞത്. അവൾ അവിശ്വസനീയതയോടെ അമ്മയെ നോക്കി. യമുന ഇരുകണ്ണുകളും ചിമ്മി കാണിച്ചു. അവരുടെ അഭിപ്രായം തന്നെയായിരുന്നു ശ്രീകണ്ഠനും. നരേന്ദ്രനവരെ ആ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും അവനോട് പൂർണിമയെ ക്ലാസ്സിന് വിടണമെന്ന് ഉറപ്പിച്ചു പറഞ്ഞു. ഒടുവിൽ അച്ഛന്റേം അമ്മേടേം തീരുമാനം അവന് അംഗീകരിച്ചു കൊടുക്കേണ്ടി വന്നു. കുറച്ചു വിഷമിക്കേണ്ടി വന്നെങ്കിലും ഒടുവിൽ വീണ്ടും പഴയത് പോലെ ക്ലാസ്സിന് പോയി തുടങ്ങാൻ പറ്റിയതിന്റെ സന്തോഷം പൂർണിമയുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.

പ്രെഗ്നൻസി ടൈമിൽ ചിലർക്ക് വരാവുന്ന മോർണിംഗ് സിക്ക്നെസ്സും ഗ്യാസ് പ്രോബ്ലവുമൊഴിച്ചു വലിയ കുഴപ്പങ്ങൾ കൂടാതെ അവളുടെ ദിനങ്ങൾ മുന്നോട്ട് പോയി. പൂർണിമ വീണ്ടും ക്ലാസ്സിൽ പോയി തുടങ്ങിയത് നരേന്ദ്രനിൽ ആദ്യമൊക്കെ നീരസം സൃഷ്ടിച്ചുവെങ്കിലും പോകപോകെ അവളുടെ സന്തോഷം കണ്ട് അവന്റെ മനസ്സിലെ ഇഷ്ടക്കേട് മാറി തുടങ്ങി. 🍁🍁🍁🍁🍁 പൂർണിമയുടെ വിശേഷം ഇതുവരെ ഇരുവീട്ടുകാരും ബന്ധുക്കളെയൊന്നും അറിയിച്ചിട്ടില്ല. മൂന്നു മാസം കഴിഞ്ഞതിന് ശേഷം എല്ലാവരെയും അറിയിക്കാമെന്നാണ് ശ്രീകണ്ഠനും യമുനയും കൂടി തീരുമാനിച്ചത്. അതുകൊണ്ട് ഈ വിവരം പൂർണിമയുടെ ബന്ധുക്കളെയും ഉടനെ അറിയിക്കരുതെന്ന് ശിവദാസനോടും ഗീതയോടും ഇരുവരും പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇത്തവണ ഡോക്ടറെ പോയി കണ്ട് വന്ന ഉടനെതന്നെ ഇരട്ടകുട്ടികളാണ് തങ്ങൾക്കുണ്ടാകാൻ പോകുന്നതെന്ന വിവരം പൂർണിമ അമ്മയെ വിളിച്ചു ചൂടോടെ തന്നെ അറിയിച്ചിരുന്നു. ഉടനെതന്നെ അവരെല്ലാവരും കൂടി അവളെ കാണാനായി വരുന്നുണ്ടെന്ന് ഗീത മകളെ അറിയിച്ചു.

നരേന്ദ്രൻ കൊടുത്ത പൈസ ബിസിനസ്സിൽ ഇൻവെസ്റ്റ്‌ ചെയ്ത് മെല്ലെ മെല്ലെ പച്ച പിടിച്ച് വരുകയാണ് പ്രവീൺ. സെക്യൂരിറ്റി ജോലി ഉപേക്ഷിച്ചു ശിവദാസനും മകന്റെ കൂടെ കൂടിയിരിക്കുകയാണ്. സിറ്റിയിൽ ഇലക്ട്രിക്കൽ ഷോപ്പുകളൊന്നുമില്ലാത്തതിനാൽ ടൗണിൽ ഒരു കടമുറി വാടകയ്‌ക്കെടുത്ത് ഇലക്ട്രിക്കൽ ഐറ്റംസ് വിൽക്കുന്ന വോൾസെയിൽ ഷോപ്പാണ് പ്രവീൺ തുടങ്ങി വച്ചത്. ഷോപ്പ് ആരംഭിച്ച് മാസമൊന്ന് കഴിഞ്ഞപ്പോൾ തന്നെ അവൻ വിചാരിച്ചത് പോലെ നല്ല കച്ചവടം കിട്ടിത്തുടങ്ങി. മെല്ലെ മെല്ലെ അവന്റെ ബിസിനസ്‌ വച്ചടി വച്ചടി ഉയർന്നുതുടങ്ങി. ആദ്യമൊക്കെ മുഴുവൻ എമൗണ്ടും കൊടുത്ത് ഷോപ്പിലേക്കുള്ള ഐറ്റംസ് വാങ്ങിയിരുന്ന പ്രവീൺ പിന്നീട് ക്രെഡിറ്റിന് സാധനങ്ങൾ പർച്ചേസ് ചെയ്യാൻ തുടങ്ങി. കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം നരേന്ദ്രന്റെ കടം വീട്ടനായി അവൻ മാറ്റിവയ്ക്കുന്നുണ്ടായിരുന്നു. ബിസിനസ്‌ ലാഭത്തിൽ പോകുന്നത് കൊണ്ട് നരേന്ദ്രന് കൊടുക്കാനുള്ള ക്യാഷ് ഏകദേശം റെഡിയായിട്ടുണ്ട്. പൂർണിമയെ കാണാനായി പോകുമ്പോൾ നരേന്ദ്രന്റെ കാശ് കൂടി കൊണ്ട് പോകാമെന്ന് കരുതി അവളെ കാണാനായി വീട്ടിൽ നിന്നാരും ഇതുവരെ മുല്ലശ്ശേരിയിൽ വന്നിട്ടില്ലായിരുന്നു. അന്നൊരു ഞായറാഴ്ചയായിരുന്നു.

അവധി ദിനമായത് കൊണ്ട് എല്ലാവരും വൈകിയേ എണീക്കാറുള്ളു. ക്ലാസ്സില്ലാത്ത ദിവസമായത് കൊണ്ട് പൂർണിമയും ഞായറാഴ്ചകളിൽ ഏട്ടരയൊക്കെ ആകുമ്പോഴാണ് എണീക്കുന്നത്. രാവിലെ ഏഴ് മണി കഴിഞ്ഞ നേരത്ത് ഫോണിന്റെ റിംഗ് കേട്ടാണ് അവൾ ഉറക്കമുണർന്നത്. "ഇത്ര നേരത്തെ ഇതാരാണാവോ വിളിക്കുന്നത്." ഉറക്കച്ചടവോടെ പൂർണിമ ബെഡിൽ എഴുന്നേറ്റിരുന്നു. അരികിൽ നരേന്ദ്രൻ കൂർക്കം വലിച്ചുറങ്ങുന്നുണ്ട്. അവന്റെ ഉറക്കം മുറിഞ്ഞു പോകണ്ടെന്ന് അവൾ വേഗം ഫോണെടുത്ത് നോക്കി. വീട്ടിൽ നിന്ന് പൂർണിമയുടെ അമ്മയായിരുന്നു വിളിച്ചത്. "എന്താ അമ്മേ ഈ രാവിലെതന്നെ വിളിച്ചുണർത്തുന്നത്.?" "നീയിതുവരെ എണീറ്റില്ലേ?" ഗൗരവത്തോടെ ഗീത ചോദിച്ചു. "ഞായറാഴ്ച ഇവിടെല്ലാരും എട്ട് മണി കഴിഞ്ഞേ എണീക്കു." "നിനക്ക് നേരത്തെ എണീറ്റ് അടുക്കളയിൽ കയറി വല്ലതും വച്ചുണ്ടാക്കിക്കൂടെ. ഗർഭിണിയാണെന്ന് കരുതി മേലനങ്ങാതിരിക്കണ്ട." "നരേട്ടനും അച്ഛനും അമ്മയുണ്ടാക്കുന്ന ഭക്ഷണം മതി. പിന്നെ അടുക്കള ജോലിയിൽ ഞാൻ അമ്മയെ സഹായിക്കാറുണ്ട്."

"ഇത്രേം നല്ലൊരു അമ്മായിയമ്മയെ കിട്ടിയത് നിന്റെ ഭാഗ്യം. എനിക്കൊന്നും ആ ഭാഗ്യം കിട്ടിയിട്ടില്ല." ഒരു നെടുവീർപ്പോടെ ഗീത പറഞ്ഞു. "അമ്മ വിളിച്ച കാര്യം പറയ്യ്." "ഇന്ന് ഞങ്ങളെല്ലാരും കൂടി അങ്ങോട്ട്‌ വരുന്നുണ്ട്. വരുമ്പോ നിനക്ക് എന്താ കൊണ്ട് വരേണ്ടത്." "അമ്മയ്ക്കിന്നാണോ എന്നോടിത് വിളിച്ചു പറയാൻ തോന്നിയത്. നരേട്ടൻ ഇന്നലെ രാത്രി പറഞ്ഞിരുന്നു നിങ്ങൾ വരുന്ന കാര്യം." "എന്റെ പെണ്ണേ അങ്ങോട്ട്‌ വരുന്ന കാര്യം നിന്റെ അച്ഛനും ചേട്ടനും കൂടി നേരത്തെ തീരുമാനിച്ചു വച്ചതാന്ന് കുറച്ചു മുൻപാ ഞാൻ തന്നെ അറിയുന്നത്. നരന് കൊടുക്കാനുള്ള പൈസ റെഡിയായ ശേഷം അങ്ങോട്ട്‌ വരാന്ന് വിചാരിച്ചു ഇരിക്കയായിരുന്നു പ്രവീൺ. അതുകൊണ്ടാ ഇത്രേം ദിവസം ഇവിടുന്നാരും നിന്നെ കാണാൻ വരാത്തതും." "ചേട്ടന്റെ ബിസിനസ്‌ എങ്ങനെ പോകുന്നു?" "നല്ല കച്ചോടമുണ്ടെന്നാ അവര് പറഞ്ഞത്. എന്തായാലും നരേന്ദ്രൻ നമ്മടെ കുടുംബത്ത് വന്നതോടെ നമ്മള് രക്ഷപെട്ടു മോളെ. ഇനിയിപ്പോ പ്രവീണിന്റെ ഭാവിയോർത്ത് എനിക്ക് പേടിയില്ല.

ഇനി അവന്റെ കാര്യവും നമ്മുടെ വീടിന്റെ കാര്യവും പിള്ളേരെ പഠിത്തവുമൊക്കെ അവൻ നോക്കിക്കോളും." ആശ്വാസത്തോടെയുള്ള അമ്മയുടെ വാക്കുകൾ കേട്ട് അവളൊന്ന് ചിരിച്ചു. "നിങ്ങളെല്ലാരും എപ്പഴാ വരാ?" "ഒരു പതിനൊന്ന് മണിയൊക്കെയാകുമ്പോ വരും മോളെ. നിനക്കെന്താ കൊണ്ട് വരേണ്ടതെന്ന് പറഞ്ഞില്ലല്ലോ." "എനിക്കൊന്നും വേണ്ടമ്മേ... അമ്മയെയും പാറുനേം പ്രീതിയെയുമൊക്കെ ഒന്ന് കണ്ടാൽ മതി." "എങ്കിൽ ശരി ഞാൻ വയ്ക്കുവാ... അവിടെ വരുമ്പോ കാണാം." "ശരിയമ്മേ..." പൂർണിമ കാൾ കട്ട്‌ ചെയ്ത ശേഷം വീണ്ടും മൂടിപ്പുതച്ച് കിടന്നു. "അമ്മയാണോ വിളിച്ചത്." അവളുടെ അരക്കെട്ടിലൂടെ കൈച്ചുറ്റി തന്നിലേക്കമർത്തി നരേന്ദ്രൻ ചോദിച്ചു. "ആഹ്... അമ്മ ഇങ്ങോട്ട് വരുന്ന കാര്യം പറയാനായിട്ട് വിളിച്ചതാ. ഫോണിന്റെ ബെൽ കേട്ട് ഉണർന്നതാണോ നരേട്ടൻ?" "നിന്റെ സംസാരം കേട്ടാ ഞാനുണർന്നത്. ഇനിയിപ്പോ നിന്നെയിങ്ങനെ കെട്ടിപിടിച്ചു കിടക്കാം." എസി ഒന്നൂടെ കൂട്ടിയിട്ടു കൊണ്ട് നരനവളെ ഇറുക്കെ പുണർന്നു.

"എസി കുറയ്ക്ക് നരേട്ടാ... അല്ലെങ്കിൽ തന്നെ നല്ല തണുപ്പുണ്ട്." ശരീരത്തിൽ പടർന്ന ശീതളിമ സഹിക്കാനാവാതെ പൂർണിമ നരേന്ദ്രന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. അവന്റെ അധരങ്ങൾ അവളുടെ മുഖത്തും കഴുത്തിലുമൊക്കെ മെല്ലെ മെല്ലെ ഒഴുകി നടന്നു. ഇണക്കുരുവികളെ പോലെ ഇരുവരുടെയും അധരങ്ങൾ തമ്മിലമർന്നപ്പോൾ പൂർണിമ പെട്ടെന്ന് ചാടിയെഴുന്നേറ്റ് വായ പൊത്തികൊണ്ട് ബാത്‌റൂമിലേക്ക് ഓടി. "ശ്ശെ..." അവളുടെ പോക്ക് കണ്ട് നിരാശയോടെ നരേന്ദ്രൻ മുഷ്ടി ചുരുട്ടി ബെഡിലിടിച്ചു. ബാത്‌റൂമിനുള്ളിൽ നിന്നും പൂർണിമ ഓക്കാനിക്കുന്ന ശബ്ദം അവന് കേൾക്കാമായിരുന്നു. അവനത് സ്ഥിരമായി കേൾക്കുന്നത് കൊണ്ട് വലിയ കാര്യമാക്കാതെ ബെഡിൽ തന്നെ കിടന്നു. കുറച്ചുസമയം കഴിഞ്ഞിട്ടും പൂർണിമയെ ബാത്‌റൂമിൽ നിന്നും പുറത്തേക്ക് കണ്ടില്ല. "പൂർണിമാ..." നരേന്ദ്രൻ അവളെ വിളിച്ചു. ഉള്ളിൽ നിന്നും പ്രതികരണമൊന്നുമില്ലെന്ന് കണ്ട് അവൻ എഴുന്നേറ്റ് ബാത്‌റൂമിന് നേർക്ക് നടന്നു. ഉള്ളിൽ പൈപ്പ് തുറന്ന് വിട്ടേക്കുന്ന ശബ്ദം കേൾക്കാം. ഡോർ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story