മാലയോഗം: ഭാഗം 19

malayogam shiva

രചന: ശിവ എസ് നായർ

ഉള്ളിലൊരു ആന്തലോടെയാണ് നരേന്ദ്രൻ ബാത്‌റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് നോക്കിയത്. അവന്റെ കണ്ണുകൾ തിരഞ്ഞത് പൂർണിമയെയാണ്. ശർദ്ധിച്ച് അവശയായ അവൾ ക്ഷീണത്തോടെ ക്ലോസറ്റിന് മുകളിൽ ഇരിക്കുകയായിരുന്നു. "പൂർണിമാ... നീയെന്താ ഇവിടിരുന്നു കളഞ്ഞേ." നരേന്ദ്രൻ പുറത്ത് നിന്നുകൊണ്ട് തന്നെ വിളിച്ചു ചോദിച്ചു. അവന്റെ ശബ്ദം കേട്ട് അവളവനെ തളർന്ന മിഴികളോടെ നോക്കി. "ചെറിയൊരു തലചുറ്റൽ തോന്നിയപ്പോ ഞാൻ ഇവിടങ്ങ് ഇരുന്നതാ. നരേട്ടനൊന്ന് എന്റെ പുറം ഉഴിഞ്ഞു തന്നൂടെ. ശർദ്ധിക്കുമ്പോ നടുവ് പൊളിയുന്ന വേദന തോന്നുന്നുണ്ട്." ഏക്കത്തോടെ പൂർണിമ ഇടുപ്പിൽ കൈകുത്തി എണീക്കാൻ ശ്രമിച്ചു. "നിന്റെ ദേഹത്തൊക്കെ ശർദ്ധിൽ പറ്റിയല്ലോ... ഇവിടിരിക്ക്, ഞാൻ തന്നെ നിന്നെ കുളിപ്പിച്ച് തരാം. എന്നിട്ട് കുറച്ചു നേരം വന്ന് കിടന്നോ." അവളുടെ അവശത കാര്യമാക്കാതെ നരേന്ദ്രൻ പൂർണിമയെ കുളിപ്പിക്കാനുള്ള പുറപ്പാട് ആരംഭിച്ചു. "നരേട്ടാ... ഞാൻ കുറച്ചു കഴിഞ്ഞു ഞാൻ തനിയേ tbകുളിച്ചോളാം.

എനിക്കിപ്പോ തീരെ വയ്യാന്നേ. ഒന്ന് കിടന്നാൽ മതിയെന്ന് തോന്നാ." "നിന്റെ ഡ്രെസ്സിലൊക്കെ ശർദ്ധിയായിട്ട് നാറ്റം വരണ്ടെന്ന് വച്ചാണ് ഞാൻ കുളിപ്പിക്കാന്ന് പറഞ്ഞത്. കുളിച്ചിട്ട് പോയി കിടന്നോളാൻ പറഞ്ഞില്ലേ, പിന്നെന്താ? അടങ്ങി ഇവിടിരിക്ക്." അവന്റെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു. അത് മനസ്സിലാക്കിയ പൂർണിമ നടുവേദന സഹിച്ചു പിടിച്ച് അവിടെ തന്നെയിരുന്നു. ഹാൻഡ് ഷവർ തുറന്ന് തണുത്ത ജലം അവനവളുടെ ദേഹത്തേക്ക് തെറിപ്പിക്കുമ്പോൾ പൂർണിമ തണുത്ത് വിറച്ചുപോയി. തലേ ദിവസം പെയ്ത മഴയിൽ ടാങ്കിലെ വെള്ളം തണുത്തുറഞ്ഞു കിടക്കുകയായിരുന്നു. "തണുക്കുന്ന് നരേട്ടാ... എന്തിനാ രാവിലെ തന്നെ എന്നെയിങ്ങനെ കഷ്ടപ്പെടുത്തുന്നെ? ഞാൻ പിന്നീട് കുളിക്കുമായിരുന്നല്ലോ." "നീ മടി പിടിച്ചിരുന്നാൽ നിന്റെ വയറ്റിൽ കിടക്കുന്ന എന്റെ കുട്ടികളും മടി പിടിക്കും. അതുകൊണ്ട് എന്നും രാവിലെയും വൈകിട്ടും നിർബന്ധമായിട്ടും കുളിക്കണം. ഈയിടെയായി വയ്യെന്ന് പറഞ്ഞു നീ രാത്രി മേല് പോലും കഴുകാതെ കിടക്കുന്നത് ഞാൻ കാണുന്നുണ്ട്.

ഇനി ഇതുപോലെ ആവർത്തിച്ചു പോകരുത്. നിനക്ക് കുളിക്കാൻ വയ്യെങ്കിൽ എന്നെ വിളിച്ചാൽ മതി ഞാൻ കുളിപ്പിച്ച് തന്നോളം. ഈ സമയം അമ്മ ചെയ്യുന്നതൊക്കെ കുട്ടികൾക്കും ശീലമാകും." "നരേട്ടനോട് ആരാ ഇങ്ങനെയൊക്കെ പറഞ്ഞു തന്നത്." "ഞാനൊരു ബ്ലോഗിൽ നിന്ന് വായിച്ചതാ ഇതൊക്കെ." "ഇതെല്ലാം സത്യം തന്നെയാണോ? വെറുതെ എന്നെയിങ്ങനെ കഷ്ടപ്പെടുത്തല്ലേ." "ഇതിലെന്ത് കഷ്ടപ്പാടാ നിനക്ക്? ഞാൻ നിന്റെ കൂടെ എന്തിനും ഏതിനും നിക്കുന്നില്ലേ. അത് തന്നെ നിന്റെ ഭാഗ്യം." നരേന്ദ്രൻ തെല്ല് പുച്ഛത്തോടെ പറഞ്ഞു. "വയ്യാതിരിക്കുമ്പോ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് നിങ്ങളുടെ ഭാഷയിൽ സ്നേഹമായിരിക്കും." പൂർണിമ മനസ്സിലാണ് അത് പറഞ്ഞത്. അങ്ങനെ ഒരുവിധം കുളി കഴിഞ്ഞു തല തുവർത്തി വന്ന് അവൾ കുറച്ചു നേരം കിടന്നു. ബെഡിലേക്ക് മലർന്ന് വീണപ്പോൾ പൂർണിമയ്ക്ക് എന്തെന്നില്ലാത്തൊരു ആശ്വാസം തോന്നി. അവളെ കുളിപ്പിച്ച് കഴിഞ്ഞപ്പോൾ ആകെ നനഞ്ഞുപോയതിനാൽ നരേന്ദ്രനും കുളിക്കാനായി പോയി.

തനിക്ക് തീരെ വയ്യാത്ത ദിവസങ്ങളിൽ നരേന്ദ്രനിങ്ങനെ തുടങ്ങിയാൽ ആകെ പെട്ട് പോകുമെന്ന് പൂർണിമയ്ക്ക് തോന്നി. 🍁🍁🍁🍁🍁 രാവിലെ തന്നെ ഛർദിച്ചതിനാൽ കുളി കഴിഞ്ഞു അൽപ്പനേരം കിടന്നിട്ടും അവളുടെ ക്ഷീണം വിട്ട് മാറിയിരുന്നില്ല. ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചത് അതുപോലെ പുറത്തേക്ക് വന്നു. ചില ദിവസങ്ങളിൽ ഇത് പതിവാണ്. അവളുടെ അവശത കണ്ട് യാമുന ഇടയ്ക്കിടെ കരിക്കിൻ വെള്ളം അവൾക്ക് കുടിക്കാനായി കൊടുത്തു കൊണ്ടിരുന്നു. അതല്ലാതെ വേറെന്തെങ്കിലും കഴിച്ചാൽ അപ്പൊത്തന്നെ ശർദ്ധിക്കും. അതുകൊണ്ട് ഉച്ച വരെ പൂർണിമ കരിക്കിൻ വെള്ളം മാത്രമേ കുടിച്ചുള്ളൂ. ഉച്ചയ്ക്ക് ഒരു പന്ത്രണ്ട് മണി കഴിഞ്ഞപ്പോ യമുന അവൾക്ക് പൊടിയരി കഞ്ഞി ഉണ്ടാക്കി കൊടുത്തു. ഇത്തിരി കണ്ണിമാങ്ങാ അച്ചാറും കൂട്ടി അവളത് കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് മുറ്റത്തൊരു വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്. നരേന്ദ്രനും ശ്രീകണ്ഠനും പൂമുഖത്ത് എന്തോ കാര്യമായ ചർച്ചയിലായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ സംസാരത്തിൽ നിന്ന് ആ വന്നത് തന്റെ വീട്ടുകാരാണെന്ന് പൂർണിമയ്ക്ക് മനസ്സിലായി. അവൾ വേഗം കഞ്ഞി കുടി മതിയാക്കി എഴുന്നേറ്റു. അമ്മയെയും അനിയത്തിമാരെയുമൊക്കെ കാണാനുള്ള തിടുക്കമായിരുന്നു ആ സമയം അവളിൽ നിറഞ്ഞ് നിന്നത്.

"പൂർണിമാ... വന്നത് നിന്റെ വീട്ടുകാരല്ലേ. അവര് അകത്തോട്ട് തന്നെയല്ലേ കയറി വരുന്നത്. അതുകൊണ്ട് കഞ്ഞി മുഴുവനും കുടിച്ചിട്ട് അവിടുന്ന് എഴുന്നേറ്റാൽ മതി. ഇത്രേം നേരായിട്ട് ആകെ വയറ്റിലോട്ട് പോയത് ഇത് മാത്രമല്ലെ?" പുറത്തേക്ക് നടക്കാനാഞ്ഞ പൂർണിമ പെട്ടെന്ന് യമുനയുടെ വാക്കുകൾ കേട്ട് അവിടെ തന്നെ തറഞ്ഞു നിന്നുപോയി. മുന്നോട്ട് വച്ച കാലുകൾ പിന്നോട്ട് വലിയുകയും അവൾ യാന്ത്രികമായി കസേരയിലേക്ക് ഇരിക്കുകയും ചെയ്തു. "അത് മുഴുവനും കഴിച്ചിട്ട് മതി വിശേഷം ചോദിക്കലൊക്കെ. വയറ്റിൽ രണ്ട് കുട്ടിയുണ്ടെന്ന ഓർമ്മ കൂടി വേണം. ശർദിക്കുമെന്ന് പറഞ്ഞു ഒന്നും കഴിക്കാതിരുന്നാൽ കുഞ്ഞുങ്ങൾക്ക് ഒന്നും കിട്ടില്ല." യമുന കുറ്റപ്പെടുത്തും പോലെ പറഞ്ഞിട്ട് പൂമുഖത്തേക്ക് പോയി. ആ നിമിഷം പൂർണിമയ്ക്ക് ഒരു കാര്യം ബോധ്യമായി. യമുന ഈ കാണിക്കുന്ന സ്നേഹവും പരിഗണനയുമൊക്കെ തനിക്ക് വേണ്ടിയോ തന്റെ ആരോഗ്യം നന്നായിയിരിക്കാനോ അല്ല പകരം അവരുടെ മകന്റെ കുഞ്ഞുങ്ങളുടെ ആരോഗ്യം ഓർത്ത് മാത്രമാണ്.

മുല്ലശ്ശേരി തറവാട്ടിൽ നിന്ന് പൂർണിമയുടെ വീട്ടുകാർക്ക് ഹാർദ്ദവമായ സ്വീകരണമാണ് ലഭിച്ചത്. പ്രവീണും ശിവദാസനും നരേന്ദ്രനോടും ശ്രീകണ്ഠനോടും സംസാരിച്ച് കൊണ്ട് പൂമുഖത്ത് തന്നെ ഇരുന്നപ്പോൾ ഗീതയെയും പെണ്മക്കളെയും യമുന അകത്തേക്ക് ക്ഷണിച്ചിരുത്തി. "പൂർണിമ എവിടെ യമുനേച്ചി? ഉറക്കമാണോ, പുറത്തേക്ക് കണ്ടതേയില്ലല്ലോ." ഹാളിലേക്ക് നടക്കുന്നതിനിടയിൽ ഗീത ചോദിച്ചു. "പൂർണിമയ്ക്ക് രാവിലെ മുതൽ ഒരേ ഛർദിയായിരുന്നു. ദേ ഇപ്പഴാണ് കുറച്ചു കഞ്ഞി കുടിക്കുന്നത്. നിങ്ങള് വന്നതറിഞ്ഞു ഭക്ഷണം മതിയാക്കി എഴുന്നേറ്റ് വരാൻ തുടങ്ങിയതാ. ഞാൻ വഴക്ക് പറഞ്ഞ് അവിടെ ഇരുത്തി. മുഴുവനും കഴിച്ചിട്ട് എണീറ്റാ മതിയെന്ന് പറഞ്ഞു." "അതേതായാലും നന്നായി ചേച്ചി... അവൾക്ക് വേറെ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ?" "അങ്ങനെ കാര്യമായ പ്രശ്നമൊന്നുമില്ല.

ഛർദിയും ഇടയ്ക്ക് മാത്രേ ഉള്ളു." "അവളെ യമുനേച്ചി എന്നേക്കാൾ നന്നായി നോക്കുമെന്നറിയാം. അതുകൊണ്ട് മോളെ കുറിച്ചോർത്തു എനിക്കൊരു ആധിയുമില്ല." കൃതജ്ഞതയോടെ ഗീത അത് പറയുമ്പോൾ യമുന അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു. അപ്പോഴാണ് തിടുക്കത്തിൽ കഞ്ഞി മുഴുവൻ കുടിച്ചു തീർത്ത ശേഷം കൈയ്യും വായും കഴുകി പൂർണിമ അങ്ങോട്ട്‌ വന്നത്. "പൂർണിമാ... നീ അത് മുഴുവൻ കുടിച്ചോ?" അവളെ കണ്ടതും യമുന ആദ്യം ചോദിച്ചത് അതാണ്. "ആ അമ്മേ... കുടിച്ചു." യമുനയുടെ ചോദ്യത്തിനുള്ള മറുപടി പറയുമ്പോൾ അവളുടെ കണ്ണുകൾ തന്റെ അനിയത്തിമാരുടെ നേർക്കായിരുന്നു. തങ്ങളുടെ ചേച്ചിയെ കണ്ടതും ഇരുവരും അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്ന് ഇടുപ്പിലൂടെ കൈ ചുറ്റി നിന്നു. "നിനക്ക് മെല്ലെ കഴിക്കായിരുന്നില്ലേ കൊച്ചേ. ഞങ്ങള് നിന്റെ അടുത്തേക്ക് തന്നെയല്ലേ വരുന്നത്." "അമ്മയ്ക്കത് പറയാം... ഞാൻ നിങ്ങളെയൊക്കെ കണ്ടിട്ട് എത്ര നാളായി." പ്രീതിയെയും പാറുവിനെയും അവൾ നെഞ്ചിലേക്ക് ചേർത്തണച്ചു.

"ചേച്ചിക്ക് ഇവിടെ സുഖമാണോ?" പ്രീതിയാണ് ചോദിച്ചത്. "മ്മ്മ് സുഖം... നിങ്ങൾക്ക് സുഖല്ലേ." "ചേച്ചി അവിടെന്ന് പോയേപ്പിന്നെ ഒരു രസോമില്ല... രാത്രി കിടക്കുമ്പോ പാറു എപ്പഴും ചേച്ചിയുടെ കാര്യം പറയും." പ്രീതിയുടെ കണ്ണുകൾ നിറഞ്ഞു. "ചേച്ചിയെന്താ നമ്മുടെ വീട്ടിൽ നിക്കാൻ വരാത്തത്. ഞങ്ങൾക്ക് ചേച്ചിയെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്." പാറുവിന്റെ ചോദ്യത്തിനു അവളുടെ കയ്യിൽ മറുപടിയില്ലായിരുന്നു. "ഒരു ദിവസം ഞാൻ വരുന്നുണ്ട്... ഇപ്പൊ എനിക്ക് ക്ലാസിനൊക്കെ പോവാനുള്ളത് കൊണ്ടാ അങ്ങോട്ട് വരാത്തത്." പെട്ടെന്ന് വായിൽ വന്നൊരു കള്ളം പൂർണിമ പറഞ്ഞു. സത്യത്തിൽ വീട്ടിലേക്ക് പോകാൻ കഴിയാത്തതും തന്റെ അനിയത്തിമാരെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്നതും അവരോട് അടികൂടുന്നതുമൊക്കെ താനെത്രത്തോളം മിസ്സ്‌ ചെയ്യുന്നുണ്ടെന്ന് പൂർണിമയ്ക്ക് അപ്പോഴാണ് മനസ്സിലായത്. അവളുടെ കല്യാണം വരെ മൂന്നു പെൺകുട്ടികളും കൂട്ടുകാരികളെ പോലെ കഴിഞ്ഞിരുന്നവരാണ്. പ്രവീണിന് പക്ഷേ പെങ്ങന്മാരുമായി അത്ര അടുപ്പമുണ്ടായിരുന്നില്ല.

എപ്പോഴും തികഞ്ഞ ഗൗരവത്തിൽ മാത്രമാണ് അവനവരോട് ഇടപഴകാറുള്ളത്. "മോളേ... നീയൊന്നും കൊണ്ട് വരണ്ടെന്ന് പറഞ്ഞെങ്കിലും ഞാൻ നിനക്കിഷ്ടപ്പെട്ട് ഉണ്ണിയപ്പോം നെയ്യപ്പോമൊക്കെ ഉണ്ടാക്കി വന്നിട്ടുണ്ട്. നീയിങ്ങനെ വിശേഷറിയിച്ച് ഇരിക്കുമ്പോ അമ്മയെങ്ങനെയാ വെറുംകയ്യോടെ കേറി വരുന്നത്. ഇന്ന് ഏതായാലും ഇതൊന്നും കഴിക്കണ്ട. നാളെ കഴിച്ചാൽ മതി. ചിലപ്പോ വയറ്റിനു പിടിക്കില്ല." കൈയിലിരുന്ന പലഹാരമടങ്ങിയ പൊതി ഗീത അവൾക്ക് നേരെ നീട്ടി. അമ്മയുടെ കൈയ്യിൽ നിന്ന് ആ പൊതി വാങ്ങുമ്പോൾ പൂർണിമയുടെ നെഞ്ച് വിങ്ങി. "ഞാൻ കുറച്ചു ദിവസം അവിടെ വന്ന് നിക്കട്ടെ അമ്മേ. എനിക്ക് വീട്ടിൽ വന്ന് നിക്കാൻ കൊതിയാവുന്നുണ്ട്." അമ്മയെയും അനിയത്തിമാരെയും അടുത്ത് കിട്ടിയപ്പോൾ അവൾക്ക് ചോദിക്കാതിരിക്കാനായില്ല. ആ സമയം യമുന അവർക്ക് കുടിക്കാനുള്ള ജ്യൂസെടുക്കാനായി അടുക്കളയിലേക്ക് പോയിരിക്കുകയായിരുന്നു. "നിനക്കിവിടെ എന്ത് കുറവുണ്ടായിട്ടാ അങ്ങോട്ട്‌ വരാൻ നിക്കുന്നെ? നരേട്ടന്റെ അമ്മ നിന്നെ നമ്മുടെ അമ്മ നോക്കുന്നതിനേക്കാൾ കാര്യമായി നോക്കുന്നില്ലേ?"

പൂമുഖത്ത് നിന്ന് ഹാളിലേക്ക് കയറി വന്ന പ്രവീൺ കൃത്യമായി പൂർണിമ ഗീതയോട് ചോദിച്ചത് കേൾക്കുകയും എല്ലാവരും കേൾക്കെ തെല്ലുച്ചത്തിൽ അങ്ങനെ പറയുകയും ചെയ്തപ്പോൾ അവളുടെ മുഖം വിളറിപ്പോയി. പ്രവീണിന് പിന്നാലെ നരേന്ദ്രനും ശ്രീകണ്ഠനും അകത്തേക്ക് വന്ന് സെറ്റിയിലേക്ക് ഇരുന്നു. താൻ അമ്മയോട് ചോദിച്ചത് എല്ലാവരും കേട്ടുവെന്ന് അവൾക്ക് മനസ്സിലായി. പൂർണിമ നരേന്ദ്രനെയൊന്ന് പാളി നോക്കിയതും അവന്റെ മുഖത്തെ ദേഷ്യം കണ്ട് നോട്ടം പിൻവലിച്ചു. "യമുനാമ്മ നന്നായി തന്നെയാ നോക്കുന്നത്. എനിക്ക് ഇവരുടെ കൂടെ കുറച്ചു ദിവസം വന്ന് നിൽക്കാനുള്ള ആഗ്രഹം കൊണ്ട് പറഞ്ഞതാ." പ്രീതിയുടെയും പാറുവിന്റെയും കൈകൾ ചേർത്ത് പിടിച്ച് പൂർണിമ പറഞ്ഞു. "അവർക്കിപ്പോ എക്സാം നടക്കുന്ന സമയമാ. നീ വെറുതെ അവിടെ വന്ന് നിന്നിട്ട് ഇവരുടെ പഠിത്തം കൂടി ഉഴപ്പണ്ട." പ്രവീൺ അങ്ങനെ പറഞ്ഞപ്പോൾ വല്ലായ്മയോടെ അവൾ അമ്മയെ നോക്കി. അഭിപ്രായമൊന്നും പറയാൻ കഴിയാനാവാതെ അവർ മുഖം കുനിച്ചു.

പൂർണിമയെ കുറച്ചു ദിവസം വീട്ടിൽ കൊണ്ട് നിർത്താൻ അവർക്കും ഉള്ളിൽ ആഗ്രഹമുണ്ടെന്ന് തോന്നി. പക്ഷേ മറ്റുള്ളവരുടെ എതിർപ്പിനെ അവഗണിച്ചു തന്റെ നിലപാട് വ്യക്തമാക്കാൻ അവർക്ക് ധൈര്യം പോരായിരുന്നു. "ഗർഭിണിയായ പെൺകുട്ടികൾ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ അത് സാധിച്ചു കൊടുക്കണമെന്നാ. അതുപോലെ അവരെ ഈ സമയം വിഷമിപ്പിക്കാനും പാടില്ല." അവരുടെ സംഭാഷണമെല്ലാം കേട്ടുകൊണ്ട് ഒരു ട്രേയിൽ ജ്യൂസുമായി വന്ന യമുന പറഞ്ഞു. പൂർണിമ പ്രതീക്ഷയോടെ അവരെ നോക്കി. തന്നെ മനസ്സിലാക്കാൻ അവർക്കെങ്കിലും കഴിഞ്ഞല്ലോ എന്നോർത്ത് അവളുടെ ഉള്ളം സന്തോഷിച്ചു. "പൂർണിമ ഒരാഗ്രഹം പറഞ്ഞ സ്ഥിതിക്ക് ഒരു ദിവസം വീട്ടിൽ പോയി നിന്നിട്ട് വരട്ടെ. അതിൽ കൂടുതൽ ദിവസം നിന്നെ കാണാതെ എനിക്ക് പറ്റില്ല മോളേ. പിന്നെ പ്രീതിയുടെയും പാറുവിന്റെയും എക്സാം കഴിഞ്ഞു സ്കൂൾ പൂട്ടുമ്പോൾ രണ്ടാളും ഇങ്ങോട്ട് പോര്. അപ്പോ നിനക്ക് ഇവരുടെ കൂടെ നിൽക്കാൻ പറ്റിയില്ലെന്നുള്ള സങ്കടംവും മാറില്ലേ." അതിവിദഗ്ദമായി യമുന ആ വിഷയം കൈകാര്യം ചെയ്തത് കണ്ട് പൂർണിമ പകച്ചു പോയി

സ്വന്തം വീട്ടിൽ പോയി നിൽക്കുന്നത് തനിക്കൊരു സ്വപ്നമായി മാറുമെന്ന് അവൾക്ക് തോന്നി. "നിങ്ങളുടെ രണ്ടാളേം എക്സാം കഴിഞ്ഞാൽ ഇങ്ങോട്ട് പോര് മക്കളെ. ഇത്തവണ വെക്കേഷൻ ഇവിടെയാക്കാം." യമുന ഇരുവരെയും നോക്കി. "അച്ഛനും അമ്മയും സമ്മതിച്ചാൽ ഞങ്ങൾക്കും സമ്മതമാണ് ആന്റി." പ്രീതിയും പാറുവും ഒരേ സ്വരത്തിൽ പറഞ്ഞു. അവരെ സംബന്ധിച്ച് അതൊരു ഗോൾഡൻ ഓഫറായിരുന്നു. തങ്ങളുടെ വീടിനെക്കാൾ ഇരട്ടി വലിപ്പമുള്ള ആ തറവാട് ഇരു കുട്ടികളെയും ഭ്രമിപ്പിച്ചിരുന്നു. അവിടുത്തെ സുഖ സൗകര്യങ്ങൾ അനുഭവിച്ചു ഒരു ദിവസമെങ്കിലും അവിടെ തങ്ങാൻ രണ്ടുപേരും മനസ്സിൽ ആഗ്രഹിച്ചിരുന്നതാണ്. അപ്പോഴാണ് ഇങ്ങനെയൊരു ചാൻസ് അവർക്കൊത്തു വരുന്നത്.

"അമ്മ പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്. വെക്കേഷനാകുമ്പോൾ നിങ്ങളിങ്ങോട്ട് വന്നോ. നമുക്ക് ഔട്ടിങ്ങിനൊക്കെ പോയി അടിച്ചു പൊളിക്കാം. പ്രവീണും അച്ഛനും ഇവരെയിങ്ങോട്ട് വിട്ടേക്കണം കേട്ടോ. പൂർണിമയ്ക്കും കുറച്ചു നാൾ ഇവരുടെ കൂടെ നിൽക്കാലോ." നരേന്ദ്രൻ കൂടി അങ്ങനെ പറഞ്ഞപ്പോൾ ശിവദാസനും പ്രവീണും എതിർപ്പൊന്നുമില്ലായിരുന്നു. "പ്രവീണിന്റെ ബിസിനസൊക്കെ എങ്ങനെ പോകുന്നു.?ശിവദാസനും സെക്യൂരിറ്റി ജോലി വിട്ട് പ്രവീണിന്റെ കൂടെ കൂടിയല്ലേ." ശ്രീകണ്ഠൻ ബിസിനസ് കാര്യങ്ങളിലേക്ക് ചർച്ച വഴി തിരിച്ചപ്പോൾ നരേന്ദ്രൻ പൂർണിമയെ നോക്കി മുറിയിലേക്ക് വരാൻ കണ്ണുകൾ കാണിച്ചിട്ട് എഴുന്നേറ്റ് മുകളിലേക്ക് കയറിപ്പോയി. "അമ്മേ... ഞാനിപ്പോ വരാം." ഗീതയോട് പറഞ്ഞിട്ട് അവൾ എഴുന്നേറ്റ് അവന് പിന്നാലെ ഗോവണി കയറി.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story