മാലയോഗം: ഭാഗം 2

malayogam shiva

രചന: ശിവ എസ് നായർ

"ഗീതേ... മോളെ വിളിക്ക്." ശിവദാസൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. കൈയ്യിൽ ചായക്കപ്പുമായി പൂർണിമ ഹാളിലേക്ക് പ്രവേശിച്ചു. പിന്നാലെ പലഹാരങ്ങളടങ്ങിയ പാത്രവുമായി ഗീതയും വന്നു. എല്ലാവരുടെയും കണ്ണുകൾ പൂർണിമയിൽ മാത്രമായിരുന്നു. ആകാംക്ഷയോടെ നരേന്ദ്രന്റെ കണ്ണുകൾ അവളെ തേടിയെത്തി. അവനവളെ അടിമുടിയൊന്ന് നോക്കി. ഇടതൂർന്ന കറുത്ത കാർകൂന്തൽ അവൾ പിന്നിലേക്ക് മെടഞ്ഞിട്ടിരുന്നു. മുഖത്ത് അൽപ്പം പൗഡർ ഇട്ട് നെറ്റിയിൽ കറുത്ത കുഞ്ഞ് പൊട്ടും കാതിലൊരു ജിമിക്കിയും കൈയ്യിൽ ഹാഫ് സാരിക്ക് മാച്ചിംഗ് ആയിട്ടുള്ള കുപ്പിവളകളും. നരേന്ദ്രൻ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി. അവരുടെ മുഖഭാവങ്ങളിൽ നിന്ന് പൂർണിമയെ അവർക്കിഷ്ടപ്പെട്ടെന്ന് അവന് മനസിലായി. നരേന്ദ്രനവളോട് പ്രത്യേകിച്ച് ഇഷ്ടവും തോന്നിയില്ല ഇഷ്ടക്കേടും തോന്നിയില്ല.

തങ്ങളുടെ ജാതകം തമ്മിൽ ചേർന്നാലല്ലേ വിവാഹം നടക്കുള്ളു. അവിടെ പരസ്പരമുള്ള ഇഷ്ടത്തിനെന്തു പ്രസക്തിയെന്നാണ് അവൻ ചിന്തിച്ചത്. "കുമാരനാണ് ഇവിടുത്തെ കുട്ടിയുടെ കാര്യം ഞങ്ങളോട് പറഞ്ഞത്. കേട്ടപ്പോൾ ഇത്രടം വരെ വന്ന് കുട്ടിയെ ഒന്ന് കാണാമെന്ന് തീരുമാനിച്ചു. കാര്യങ്ങളൊക്കെ കുമാരൻ വിശദമായി പറഞ്ഞിട്ടുണ്ടാവില്ലേ?" ശ്രീകണ്ഠൻ പൂർണിമയുടെ അച്ഛൻ ശിവദാസനോട് ചോദിച്ചു. "ഉവ്വ് കുമാരേട്ടൻ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. മോൾടെ ഗ്രഹനില ഞാൻ എടുത്തു വച്ചിട്ടുണ്ട്. മോന്റെ ഗ്രഹനില തരികയാണെങ്കിൽ ഞങ്ങൾ നോക്കുന്ന ജ്യോൽസ്യരുടെ അടുത്ത് കൂടെ ഒന്ന് നോക്കിക്കായിരുന്നു." ശിവദാസൻ പറഞ്ഞു. "അതിനെന്താ തരാലോ. നരേന്ദ്രന്റെ ഗ്രഹനില ഞാൻ കുമാരന്റെ കൈവശം കൊടുത്തു വിടുന്നുണ്ട്. ഇപ്പൊ കൈയ്യിൽ എടുത്തിട്ടില്ല." "സാവകാശം മതി. ഞാൻ പറഞ്ഞെന്നേയുള്ളൂ." "കുട്ടികളുടെ ജാതകം തമ്മിൽ ചേർച്ചയുണ്ടെങ്കിൽ നമുക്കിത് വച്ച് താമസിപ്പിക്കാതെ നടത്തുന്നതല്ലേ നല്ലത്." ശ്രീകണ്ഠൻ ശിവദാസനെ നോക്കി.

"ജാതകം ചേരുമെങ്കിൽ കല്യാണം നേരത്തെ നടത്തുന്നതിൽ ഞങ്ങൾക്ക് വിയോജിപ്പ് ഒന്നുമില്ല." ശിവദാസനും ഗീതയും ഒരേ സ്വരത്തിൽ പറഞ്ഞു. "മോളെ ഞങ്ങൾക്ക് ഇഷ്ടായി. ഇനി പിള്ളേർക്ക് തമ്മിൽ ഇഷ്ടമായോന്ന് അറിഞ്ഞാൽ മതി." യമുനയാണ് അത് പറഞ്ഞത്.അത് കേട്ടപ്പോൾ വിളറിയ ഒരു പുഞ്ചിരിയോടെ പൂർണിമ എല്ലാവരെയുമൊന്ന് നോക്കി. "എനിക്ക് പൂർണിമയോടൊന്ന് തനിച്ചു സംസാരിക്കാൻ പറ്റുമോ?" നരേന്ദ്രൻ അനുവാദത്തിനായി ശിവദാസനോടും ഗീതയോടുമായി ചോദിച്ചു. "അതിനെന്താ... മോൾടെ മുറിയിലിരുന്ന് സംസാരിച്ചോളൂ. മോന് മുറി കാണിച്ചുകൊടുക്ക് മോളെ." ശിവദാസൻ പറഞ്ഞു. "വരൂ." പൂർണിമ പിന്തിരിഞ്ഞു തന്റെ മുറിയിലേക്ക് നടന്നു. സോഫയിൽ നിന്നെഴുന്നേറ്റ് നരേന്ദ്രനും അവൾക്ക് പിന്നാലെ നടന്നു. "എന്താ സംസാരിക്കാനുള്ളത്?" ഭിത്തിയിൽ ചാരി കൈകൾ കെട്ടി അവളവനെ നോക്കി. "പറയാനുള്ളത് ഞാൻ നേരെചൊവ്വേ അങ്ങ് പറയുവാ." ഒന്ന് മുരടനക്കി അവൻ സംസാരിക്കാനായി തയ്യാറെടുത്തു. "എന്താണെങ്കിലും പറഞ്ഞോളൂ."

അവനെന്താകും പറയാനുണ്ടാവുക എന്നറിയാനായി പൂർണിമ ആകാംക്ഷയോടെ കാതോർത്തു. "കഴിഞ്ഞ നാല് വർഷമായി വീട്ടുകാർ എനിക്ക് വേണ്ടി പെണ്ണ് നോക്കുന്നുണ്ട്. ജാതക ചേർച്ച ഇല്ലാത്തതിനാൽ എല്ലാം മുടങ്ങി കൊണ്ടിരുന്നു. നമ്മുടെ കാര്യവും എങ്ങനെയാകുമെന്ന് എനിക്കൊരു ഊഹവുമില്ല. ലാസ്റ്റ് പെണ്ണ് കാണാൻ പോയ കുട്ടിയെ എനിക്ക് നല്ല ഇഷ്ടമായതാണ്. അതെങ്കിലും നടക്കുമായിരിക്കും എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. പക്ഷേ അതും നിരാശയായിരുന്നു ഫലം. അതുകൊണ്ട് വെറുതെ പ്രതീക്ഷ വച്ചുപുലർത്തി ഒടുവിൽ നിരാശപ്പെടേണ്ടി വരരുത്. ജാതകം തമ്മിൽ ചേരുവാണെങ്കിൽ നമുക്ക് ഒരിക്കൽ കൂടി കാണാം." "നിങ്ങളുടെ അതേ മാനസികാവസ്ഥ തന്നെയാണ് എനിക്കും. വരുന്നവർക്ക് മുന്നിൽ ഇങ്ങനെ കെട്ടിയൊരുങ്ങി നിന്ന് മനസ്സ് മടുത്തുപോയി. ജാതകത്തിൽ ഓരോരോ പ്രശ്നങ്ങൾ പറഞ്ഞ് ഒന്നും ശരിയായില്ല. അതുകൊണ്ട് ഇപ്പൊ ഒന്നിലും അമിത പ്രതീക്ഷ വച്ച് പുലർത്താറില്ല. നടക്കുമ്പോ നടക്കട്ടെയെന്നാ എനിക്ക്. അതുകൊണ്ട് ഇത് നടന്നില്ലെങ്കിൽ എനിക്ക് വിഷമമാകുമോ എന്നോർത്ത് നിങ്ങള് പേടിക്കണ്ട." ചെറുപുഞ്ചിരിയോടെ അവളത് പറയുമ്പോൾ നരേന്ദ്രന് ആശ്വാസം തോന്നി. "ഓക്കേ... അത് നല്ലൊരു തീരുമാനമാണ്.

ഇപ്പോഴാ എനിക്ക് സമാധാനമായത്. ഞാനെന്നാ അങ്ങോട്ട്‌ ചെല്ലട്ടെ." നരേന്ദ്രൻ ഹാളിലേക്ക് പോയി അച്ഛന്റേം അമ്മേടേം അടുത്തായി ഇരുന്നു. "എന്റെ തീരുമാനം ഞാൻ പൂർണിമയോട് പറഞ്ഞിട്ടുണ്ട്." ചിരിയോടെ അവൻ എല്ലാവരെയുമൊന്ന് നോക്കി. അവന് പിന്നാലെ ഹാളിലേക്ക് വന്ന പൂർണിമയുടെ മുഖത്തും പുഞ്ചിരിയുണ്ടായിരുന്നതിനാൽ എല്ലാവരും വിചാരിച്ചത് അവർക്ക് പരസ്പരം ഇഷ്ടപ്പെട്ടെന്നാണ്. കാര്യങ്ങളെല്ലാം ഇരുകുടുംബങ്ങളും പരസ്പരം പറഞ്ഞുറപ്പിച്ച ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് നരേന്ദ്രനും വീട്ടുകാരും ഇറങ്ങി. മുല്ലശ്ശേരി തറവാട്ടിലേക്ക് പോകുന്ന വഴി പൂർണിമയുടെ ഗ്രഹനിലയുമായി ഹരിനാരായണൻ തിരുമേനിയെ കാണാൻ അവർ തീരുമാനിച്ചു. അവർ പോകുന്ന വഴിക്കാണ് തിരുമേനിയുടെ വീടിരിക്കുന്നത്. അരമണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം അവർ ഹരിനാരായണൻ തിരുമേനിയുടെ വീട്ടിലെത്തിച്ചേർന്നു. ശ്രീകണ്ഠനും യമുനയും തിരുമേനിയെ കാണാനായി പോയപ്പോൾ കുമാരനും നരേന്ദ്രനും കാറിൽ തന്നെ ഇരുന്നു. ***************

പൂർണിമയുടെയും നരേന്ദ്രന്റെയും ഗ്രഹനിലകൾ തമ്മിൽ ഒത്തു നോക്കുകയായിരുന്നു ഹരിനാരായണൻ. കുറേസമയം അദ്ദേഹം ആ പ്രവൃത്തി തുടർന്നു. ശ്രീകണ്ഠനും യമുനയും അക്ഷമയോടെ തിരുമേനിയുടെ വാക്കുകൾ കേൾക്കാനായി കാതോർത്തിരിക്കുകയാണ്. "പെൺകുട്ടിയുടെ ജാതകത്തിൽ ചൊവ്വാദോഷമുണ്ട്. നരേന്ദ്രനും ചൊവ്വയ്യുടെ അപഹാരമുള്ളതിനാൽ ഇരുവരുടെയും ജാതകങ്ങൾ തമ്മിൽ ഒത്തുചേരും. പത്തിൽ എട്ട് പൊരുത്തവുമുണ്ട്. പക്ഷേ ഈ വിവാഹം നടന്നാൽ ജാതകക്കാരിക്കാണ് ദോഷം. ഏറിപോയാൽ പതിനഞ്ചു വർഷമേ അവരുടെ ദാമ്പത്യം നിലനിൽക്കുള്ളു. ഒരുപക്ഷേ പെൺകുട്ടിക്ക് മൃത്യു വരെ സംഭവിച്ചേക്കാം. അതിന് കാരണം നരേന്ദ്രന്റെ ജാതക ദോഷമാണ്. നരേന്ദ്രന് രണ്ടു വിവാഹത്തിനുള്ള സാധ്യതയും തള്ളികളയാനാവില്ല. ആദ്യ ഭാര്യക്ക് മരണം വരെ നടന്നേക്കും. ചിലപ്പോ ഇതങ്ങു മാറിയെന്നും വരാം. എല്ലാം സാധ്യതകളാണ്. ഒന്നും ഉണ്ടാവാതിരിക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. അതേയുള്ളു ഇതിന് പരിഹാരം."

ഹരിനാരായണന്റെ വാക്കുകൾ ഇരുവരിലും ഞെട്ടലുളവാക്കി. "ഇക്കാര്യം മറ്റ് ജോത്സ്യമാർക്കും കണ്ട് പിടിക്കാനാവുമോ തിരുമേനി." ആശങ്കയോടെ ശ്രീകണ്ഠൻ ചോദിച്ചു. "അത്ര പെട്ടന്ന് ഇത് തിരിച്ചറിയാൻ കഴിയില്ല. വിശദമായി സമയമെടുത്തു നോക്കിയാലെ ദോഷമെന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കു. എല്ലാവരും അങ്ങനെ ചെയ്യണമെന്നില്ല." ഹരിനാരായണൻ പറഞ്ഞു. "പെൺകുട്ടിക്ക് ദോഷമൊന്നും വരാതിരിക്കാൻ പൂജയും വഴിപാടുകളും ഞങ്ങൾ എത്ര വേണമെങ്കിലും നടത്താം തിരുമേനി. നരേന്ദ്രന് ഈ പെൺകുട്ടിയെ കല്യാണം കഴിച്ച് കൊടുക്കാൻ വഴിയുണ്ടോ?" യമുന പ്രതീക്ഷയോടെ തിരുമേനിയെ നോക്കി. "പൂജയും വഴിപാടുകളും എല്ലാ വർഷവും മുടങ്ങാതെ ചെയ്യാൻ തയ്യാറാണെങ്കിൽ ഇവരുടെ വിവാഹം നടത്തുന്നതിൽ പ്രശ്നമില്ല. പിന്നെയൊരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട്, രണ്ട് മാസത്തിനുള്ളിൽ നരേന്ദ്രന്റെ വിവാഹം നടന്നില്ലെങ്കിൽ പിന്നെ നാൽപത്തി അഞ്ചു കഴിഞ്ഞേ വിവാഹം നടക്കു." ഹരിനാരായണൻ ഓർമ്മിപ്പിച്ചു. "അവന് വേണ്ടി ഇനിയും പെണ്ണ് അന്വേഷിച്ചു അലയാൻ വയ്യ തിരുമേനി.

ഇത് പൊരുത്തമുള്ള സ്ഥിതിക്ക് ഞങ്ങൾ ഈ ആലോചനയുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചു. പൂജയും വഴിപാടുമൊക്കെ എല്ലാ വർഷവും ഞങ്ങൾ മുടങ്ങാതെ ചെയ്തോളാം." യമുനയും ശ്രീകണ്ഠനും ഒരേ സ്വരത്തിൽ പറഞ്ഞു. "എല്ലാം മംഗളമായി നടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ." തിരുമേനിക്ക് ദക്ഷിണ നൽകി ഇരുവരും യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. "എന്തായി അച്ഛാ കാര്യങ്ങൾ? ഇതും നടക്കില്ലല്ലെ?" തെല്ലു പരിഹാസത്തോടെ ചോദിച്ചു കൊണ്ട് നരേന്ദ്രൻ അച്ഛനെ നോക്കി. "ഇത് നടക്കും മോനെ. പത്തിൽ എട്ട് പൊരുത്തവുമുണ്ട്." ആഹ്ലാദത്തോടെ ശ്രീകണ്ഠൻ മകനെ വാരിപ്പുണർന്നു. നരേന്ദ്രൻ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ അവനയാളെ ഉറ്റുനോക്കി. "അച്ഛൻ പറഞ്ഞത് സത്യമാ. നിങ്ങടെ ജാതകം തമ്മിൽ ചേർച്ചയുണ്ട്. പിന്നെയൊരു പ്രശ്നമെന്താന്ന് വച്ചാൽ കല്യാണം രണ്ട് മാസത്തിനുള്ളിൽ നടത്തേണ്ടി വരും. അല്ലെങ്കിൽ പിന്നെ നിനക്ക് നാൽപത്തി അഞ്ചു വയസ്സ് കഴിയണം. അതുകൊണ്ട് നമുക്ക് മുന്നിൽ അധികം സമയമില്ല." യമുന പറഞ്ഞു.

"ഇത്രേം നാൾ നോക്കി നടന്നിട്ട് ഇപ്പൊ കിട്ടിയത് ഇതാണോ?" അവന്റെ സ്വരത്തിൽ അനിഷ്ടം പ്രകടമായിരുന്നു. "എന്താ നിനക്കൊരു ഇഷ്ടക്കേട്?" ശ്രീകണ്ഠൻ ചോദിച്ചു. "ആ പെണ്ണ് ഡിഗ്രി തോറ്റതല്ലേ. കുറച്ചൂടെ വിദ്യാഭ്യാസം ഉള്ളതിനെ നോക്കാമായിരുന്നു." "ഇനി നമുക്ക് മുന്നിൽ വേറെ കുട്ടിയെ കണ്ടുപിടിക്കാനുള്ള സമയമില്ല മോനെ. എത്ര ജാതകം നോക്കിയതാ. ആകെ ഒത്തുവന്നത് ഇതല്ലേ. അല്ലെങ്കിൽ തന്നെ ഈ കൊച്ചിന് എന്താ ഒരു കുഴപ്പം. വിദ്യാഭ്യാസം കുറവുള്ളത് യോഗ്യത കുറവായി കാണരുത് മോനെ. ഞാനും പണ്ടത്തെ പത്താം ക്ലാസ്സാണ്. ഇത്തിരി കാശ് കൂടുതൽ ഉണ്ടെന്ന് കരുതി മറ്റുള്ളവരെ അവരുടെ കുറവുകൾ ചൂണ്ടി കാട്ടി ചെറുതാക്കാൻ ശ്രമിക്കരുത്. ഓരോരുത്തർക്കും ഈശ്വരൻ ഓരോ കഴിവുകൾ കൊടുത്തിട്ടുണ്ടാവും." യമുന മകനെ താക്കീത് ചെയ്തു. "ഞാനെന്റെ അഭിപ്രായം പറഞ്ഞുവെന്നേയുള്ളു. എനിക്കീ കല്യാണത്തിനോട് താല്പര്യ കുറവൊന്നുമില്ല. അല്ലെങ്കിലും ഇനി വേറെ ഓപ്ഷൻ ഇല്ലല്ലോ." നരേന്ദ്രൻ പറഞ്ഞത് കേട്ടപ്പോൾ ഇരുവർക്കും ആശ്വാസമായി.

"എങ്കിൽ പിന്നെ ഞങ്ങളാ കുട്ടിയുടെ വീട്ടുകാർക്ക് വാക്ക് കൊടുക്കട്ടെ." ശ്രീകണ്ഠൻ ചോദിച്ചു. "ആഹ് കൊടുത്തോളു." നരേന്ദ്രൻ തന്റെ സമ്മതമറിയിച്ചു. അവന്റെ സമ്മതം കിട്ടിയതും ശ്രീകണ്ഠൻ അപ്പൊ തന്നെ പൂർണിമയുടെ അച്ഛനെ വിളിച്ച് തങ്ങളുടെ തീരുമാനമറിയിച്ചു. അവരുടെ ജോത്സ്യനെ കൂടി കണ്ടതിനു ശേഷം പൂർണിമയുടെ വീട്ടുകാരുടെ തീരുമാനം പറഞ്ഞാൽ മതിയെന്ന് പറഞ്ഞത്തിന് ശേഷം ശ്രീകണ്ഠൻ കാൾ കട്ട്‌ ചെയ്ത് കാറിലേക്ക് കയറി. മൂവരെയും മുല്ലശ്ശേരി തറവാട്ടിൽ കൊണ്ടാക്കിയ ശേഷം ശ്രീകണ്ഠൻ കൊടുത്ത നരേന്ദ്രന്റെ ഗ്രഹനില കുമാരൻ, ശിവദാസന്റെ വീട്ടിൽ കൊണ്ടുപോയി കൊടുത്തു. ************** കുമാരന്റെ കൈവശം കൊടുത്തയച്ച ഗ്രഹനില തങ്ങൾ സ്ഥിരമായി കാണിക്കുന്ന ജോത്സ്യനെ കാണിച്ചതിന് ശേഷം വൈകുന്നേരത്തോടെ ശിവദാസൻ വീട്ടിലെത്തിച്ചേർന്നു. ചെരുപ്പഴിച്ചു വച്ച് അയാൾ വരാന്തയിലെ കൈവരിയിൽ കയറി ഇരിപ്പുറപ്പിച്ചു. "പോയ കാര്യം എന്തായി. ജ്യോത്സ്യർ എന്ത് പറഞ്ഞു.?" ശിവദാസനരികിൽ വന്നിരുന്ന് കൊണ്ട് ഗീത ചോദിച്ചു. "ജാതകം തമ്മിൽ ചേർച്ചയുണ്ട് ഗീതേ. പക്ഷേ ചെറിയൊരു പ്രശ്നമുണ്ടെന്ന് ജ്യോത്സ്യര് പറഞ്ഞു." "എന്താ ചേട്ടാ?" ഭർത്താവിന്റെ വാക്കുകൾ കേട്ട് ആശങ്കയോടെ ഗീത അയാളുടെ മുഖത്തേക്ക് നോക്കി..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story