മാലയോഗം: ഭാഗം 20

malayogam shiva

രചന: ശിവ എസ് നായർ

"എന്താ നരേട്ടാ?" പരിഭ്രമം ഉള്ളിലടക്കി പൂർണിമ അവന് മുന്നിൽ വന്ന് നിന്നു. "നിനക്കെന്താ വീട്ടിൽ പോവാനിത്ര തിരക്ക്? ഇവിടെ എന്ത് കുറവുണ്ടായിട്ടാണ് നീയിപ്പോ നിന്റെ അമ്മയോട് വീട്ടിലേക്ക് വരാൻ ആഗ്രഹമുണ്ടെന്നൊക്കെ പറഞ്ഞത്. എന്റെ അമ്മ നിന്നെ നന്നായിട്ട് നോക്കുന്നില്ലേ നീ അങ്ങോട്ട് പോയി നിന്നാൽ അതിന്റെ നാണക്കേട് ഞങ്ങൾക്കാണ്." "ഞാനെന്റെ വീട്ടിൽ പോയി നിന്നാൽ ഇ ഇവിടുള്ളവർക്കെങ്ങനെയാ നാണക്കേടുണ്ടാകുന്നേ?" ആ ചോദ്യം അവൾക്ക് ചോദിക്കാതിരിക്കാനായില്ല. "നിന്നെ ഞാൻ കല്യാണം കഴിച്ച് കൊണ്ട് വന്നത് അവിടേം ഇവിടേമായിട്ട് നിൽക്കാനല്ല. ഭാര്യയും ഭർത്താവും എന്നും ഒരുമിച്ചുണ്ടാകണം. നീയെപ്പോഴും എന്റെ കൂടെ വേണമെന്നാണ് എന്റെ ആഗ്രഹം. നിന്റെ കൂടെ ഇത്തിരിപ്പോന്ന ആ ചെറിയ വീടിനുള്ളിൽ ശ്വാസം മുട്ടിക്കഴിയാൻ എനിക്ക് കഴിയില്ല.

അതുകൊണ്ട് നീയെങ്ങോട്ടും പോണില്ല." "അതിന് നരേട്ടനെ കൂടെ വരാൻ ഞാൻ പറഞ്ഞില്ലല്ലോ. പിന്നെന്താ പ്രശ്നം?" "നോക്ക് പൂർണിമാ... നീയും ഞാനും എന്നും എപ്പോഴും എവിടെയും ഒരുമിച്ചുണ്ടാകണം. എന്നെ വിട്ടിട്ട് നീ തനിയേ അവിടെപ്പോയി നിൽക്കേണ്ട ഒരാവശ്യവുമില്ല. അതുപോലെ നിന്നെ തനിച്ചാക്കി ഞാനും എങ്ങോട്ടും പോവില്ല. എന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാൻ പോകുന്ന നീ എപ്പോഴും എന്റെയൊപ്പം തന്നെ ഉണ്ടാവണം. അവർക്ക് വേണ്ടതൊക്കെ തന്ന് നിന്നെ നന്നായി നോക്കാൻ എനിക്കേ കഴിയൂ." "എന്റെ വീട്ടിൽ ഇത്തിരി ദിവസം പോയി നിൽക്കാനും എനിക്കെല്ലാരേം അനുവാദം ചോദിക്കേണ്ട അവസ്ഥയാണല്ലോ നരേട്ടാ." അവളുടെ കണ്ഠമൊന്നിടറി. "ഇപ്പൊ ഇതാണ് നിന്റെ വീട്. ഞാൻ പറയുന്നതാണ് നീ അനുസരിക്കേണ്ടതും. പിന്നെ അമ്മേടേം അനിയത്തിമാരുടെയും കൂടെ നിൽക്കാനാണ് നീ വീട്ടിൽ പോയി നിൽക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ അവരെ കുറച്ചു ദിവസം ഇവിടെ നിർത്തി ആ പ്രശ്നം പരിഹരിക്കാം. ബിസിനസൊന്ന് പച്ച പിടിച്ചു കഴിഞ്ഞാൽ നിന്റെ ചേട്ടൻ നല്ലൊരു വീട് വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.

ആ സമയം നമുക്ക് ഒന്നോ രണ്ടോ ദിവസം അവരുടെ കൂടെ പോയി തങ്ങാം. പിന്നെ നിനക്കിവിടെ ഒരു കുറവും വരുത്താതെ നോക്കാൻ ഞാനും അമ്മയുമൊക്കെയില്ലേ. അതുകൊണ്ട് വീട്ടിൽ പോണമെന്നൊന്നും നീ പറഞ്ഞേക്കരുത്. ഈ തറവാട് എനിക്കുള്ളതാണ്. എന്ന് വച്ചാൽ നിനക്കും കൂടെ അവകാശപ്പെട്ടത്. നിനക്കിവിടെ എന്തിനും ഏതിനും പൂർണ്ണ സ്വാതന്ത്ര്യമുണ്ട്." "എന്റെ സ്വാതന്ത്ര്യം നിശ്ചയിക്കുന്നത് നരേട്ടനല്ലേ. നരേട്ടൻ പറയുന്നതല്ലേ ഞാൻ അനുസരിക്കാൻ പാടുള്ളു." "വായ തുറന്നാൽ വിവരക്കേട് മാത്രം പറയുന്ന നിനക്ക് നല്ലത് പറഞ്ഞു തരുന്നതല്ലേ ഞാൻ. അതിനെ നീയിങ്ങനെ വളച്ചൊടിക്കരുത് പൂർണിമ" "നരേട്ടനോട് തർക്കിക്കാൻ ഞാനില്ല. ഞാനെവിടേക്കും പോകുന്നില്ല." "ഞാനെന്തെങ്കിലും പറയുന്നതും പ്രവർത്തിക്കുന്നതും നമ്മുടെ നല്ലതിന് വേണ്ടിയാണ്. അതുകൊണ്ട് ഇത്തരം അനാവശ്യ കാര്യങ്ങൾ നീ അവർക്ക് മുന്നിൽ എഴുന്നള്ളിക്കാൻ നിൽക്കരുത്. എന്റെ അമ്മയ്ക്കത് ഇഷ്ടപ്പെട്ടെന്ന് വരില്ല. എന്നെകൊണ്ട് ഇങ്ങനെ ഇത് ഇടയ്ക്കിടെ പറയിപ്പിക്കരുത് നീ."

ദേഷ്യത്തോടെ അവളെയൊന്ന് നോക്കിയിട്ട് നരേന്ദ്രൻ താഴേക്ക് പോയി. സ്നേഹമെന്ന ചങ്ങലയിൽ തന്നയവിടെ തളച്ചിടുകയാണ് അവനെന്ന് പൂർണിമയ്ക്ക് തോന്നി. അവരെ അനുസരിച്ചു കീഴ്പ്പെട്ട് ജീവിക്കുന്ന ഒരു പെണ്ണിനെയാണ് അവിടെ ആവശ്യം. അതുകൊണ്ടാണ് സാമ്പത്തികമൊന്നും നോക്കാതെ പൂർണിമയെ മരുമകളായി അങ്ങോട്ട് കൊണ്ട് വന്നത്. നരേന്ദ്രന്റെ കുഞ്ഞുങ്ങളെ പെറ്റ് പോറ്റാനും അവരുടെ ആജ്ഞകൾ ശിരസ്സാവഹിച്ച് സ്വന്തമായി അഭിപ്രായങ്ങളൊന്നുമില്ലാതെ കഴിഞ്ഞു കൂടാനാണ് തന്റെ വിധിയെന്ന് പൂർണിമ തിരിച്ചറിയുകയാണ്. പുറത്ത് നിന്ന് നോക്കുന്നവർക്ക് പൂർണിമ ഭാഗ്യവതിയാണ്. ഇഷ്ടംപോലെ കാശ് സ്നേഹം കൊണ്ട് പൊതിയുന്ന ഭർത്താവും വീട്ടുകാരും. ജോലിക്ക് പോകണ്ട... വീട്ടുജോലികൾ ചെയ്യണ്ട എന്തും ആവശ്യപ്പെട്ടാൽ കണ്മുന്നിൽ കിട്ടും. സ്വന്തം വീട്ടിൽ കിട്ടാത്ത സുഖ സൗകര്യങ്ങൾ... ഇതൊക്കെ പോരേ ഒരു പെണ്ണിനെന്ന് മറ്റുള്ളവർ ചിന്തിച്ചു പോകും. സത്യത്തിൽ ഭർത്താവിനെയും അയാളുടെ വീട്ടുകാരെയും അനുസരിച്ചു ഒരടിമയെ പോലെയുള്ളൊരു ജീവിതമാണ്...

സ്വർണ്ണ കൂടിനുള്ളിൽ കിടക്കുന്ന തത്തമ്മയുടെ ജീവിതം പോലെ... സത്യത്തിൽ ഒരു സ്ത്രീക്ക് വേണ്ടത് അവളെ മനസ്സിലാക്കുന്ന അവളുടെ ഇഷ്ടങ്ങൾ കൂടി പരിഗണിക്കുന്നൊരു ഇണയെയാണ്. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയായിരിക്കണം ഓരോ പെൺകുട്ടിയും. മറ്റുള്ളവരെ ആശ്രയിച്ചാകരുത് ജീവിതം, അങ്ങനെയായാൽ സ്വന്തമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലാതെ ആജീവനാന്തം അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് മാത്രമാകും കഴിയേണ്ടി വരുക. ഒരു ചെറിയ ജോലിക്കെങ്കിലും പോയി തന്നെ കൊണ്ട് കഴിയുംവിധം ഒരു വരുമാനമാർഗം കണ്ടെത്തി അവനവന്റെ ചിലവിനുള്ള കാശെങ്കിലും ഉണ്ടാക്കി സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചൊരു ജീവിതമായിരുന്നു പൂർണിമ സ്വപ്നം കണ്ടിരുന്നത്. പക്ഷേ പഠിക്കാൻ മണ്ടിയായി പോയവളെ ഉയർന്ന സാലറിയുള്ള ജോലി കിട്ടില്ലെന്നതിന്റെ പേരിൽ എല്ലാ ജോലിക്കും അതിന്റേതായ മാന്യതയുണ്ടെന്ന് ചിന്തിക്കാതെ അവളുടെ അച്ഛൻ പൂർണിമയെ വീട്ടിൽ തന്നെ പിടിച്ചു നിർത്തുകയായിരുന്നു.

വിവാഹത്തോടെയെങ്കിലും തനിക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്നും തന്റെ ഇഷ്ടങ്ങൾ ഇനിയെങ്കിലും നടക്കുമല്ലോ എന്നൊക്കെയായിരുന്നു പൂർണിമയുടെ മനസ്സിൽ. പക്ഷേ നരേന്ദ്രനും വീട്ടുകാരും തന്റെ അച്ഛനെക്കാൾ ദുരഭിമാനികളാണെന്ന് അവൾ വൈകിയാണ് തിരിച്ചറിഞ്ഞത്. എല്ലാത്തിനോടും പ്രതികരിക്കണമെന്ന് അവളുടെ ഹൃദയം അവളോട് അലമുറയിടുമെങ്കിലും ഒരു വാക്ക് പോലും പുറത്തേക്ക് വരാറില്ല. പൂർണിമയുടെ ഭാഗം നിന്ന് സംസാരിക്കാനോ അവളുടെ ഇഷ്ടങ്ങളെ പരിഗണിക്കാനോ ആർക്കും താല്പര്യമില്ല. മറ്റുള്ളവർ പറയുന്നത് അവൾ അനുസരിക്കണം. അമ്മായിയമ്മ പോരും ഭർതൃ പീഡനം മാത്രമല്ല ഒരു സ്ത്രീയെ ബുദ്ധിമുട്ടിക്കുന്നത്. അവളുടെ ഇഷ്ടങ്ങളെ അടിച്ചമർത്തി മറ്റുള്ളവരെ ഇഷ്ടത്തിനനുസരിച്ചു പ്രവർത്തിക്കാൻ ശീലിപ്പിക്കുന്നതും അവളെ മാനസികമായി തളർത്തും. ആദ്യമൊക്കെ എതിർപ്പുകൾ ഉള്ളിലടക്കി അനുസരണയുള്ള പാവകളെ പോലെ അവർ നിൽക്കുമെങ്കിലും പിന്നീട് പൊട്ടിത്തെറികൾ ഉണ്ടായി തുടങ്ങും. പൂർണിമയും തന്റെ ഇഷ്ടങ്ങൾ മനസ്സിൽ കുഴിച്ചു മൂടാൻ പഠിച്ചു തുടങ്ങി.

അമ്മയും അച്ഛനും സഹോദരങ്ങളും യാത്ര പറഞ്ഞു പോകുമ്പോൾ കണ്ണ് നിറച്ചവൾ നോക്കി നിന്നു. സ്വന്തം വീട്ടിലാണെങ്കിൽ അടുക്കള തിണ്ണയിൽ കയറി ഇരുന്ന് കറിച്ചട്ടിയിൽ ചോറിട്ട് കുഴച്ചു കഴിച്ചു, അനിയത്തിമാരോട് അടിയുണ്ടാക്കി അലസതയോടെ ചുറ്റി നടന്ന് അമ്മയെ ജോലികളിൽ സഹായിച്ച് അങ്ങനെ അങ്ങനെ... മുല്ലശ്ശേരി തറവാട്ടിൽ അതൊന്നും നടക്കില്ല... അവിടെ വന്ന് കയറിയ മുതൽ തന്നെതന്നെ സ്വയം മറന്ന് അവരുടെ ചിട്ടകൾ അവളും ശീലിച്ചു പോന്നു. തന്റെ സ്വത്തം വെടിഞ്ഞു മറ്റൊരാളായി മാറാൻ എത്ര തന്നെ ഒരാൾ ശ്രമിച്ചാലും അയാളുടെ സ്ഥായിയായ സ്വഭാവം ഒരിക്കൽ പുറത്ത് വരുക തന്നെ ചെയ്യും. പൂർണിമയ്ക്ക് പിന്നീടങ്ങോട്ട് സഹനത്തിന്റെ നാളുകളായിരുന്നു. അതിനിടയിൽ നവീന്റെ ശല്യം പിന്നീട് ഉണ്ടാകാതിരുന്നത് അവളെ ഏറെ ആശ്വസിപ്പിച്ചു. പൂർണിമ ഗർഭിണിയായ വിവരമൊക്കെ നരേന്ദ്രനിൽ നിന്ന് അവനറിഞ്ഞിരുന്നു.

അതിന് ശേഷമാണ് നവീനിൽ നിന്നും അവൾക്ക് ശല്യമൊന്നും ഉണ്ടാകാതിരുന്നത്. അതുപോലെതന്നെ നാട്ടിലേക്കുള്ള നവീന്റെ വരവും നീണ്ടുപോയി. ദിവസങ്ങളും മാസങ്ങളും കടന്ന് പൊയ്ക്കൊണ്ടിരുന്നു... പ്രവീണും ശിവദാസനും ബിസിനസ്‌ കാര്യങ്ങളിൽ മുഴുകി എപ്പോഴും തിരക്കിലായി. ഇടയ്ക്കിടെ ഗീതയും പെണ്മക്കളും മുല്ലശ്ശേരിയിൽ പോയി പൂർണിമായെ കണ്ട് വരും. ഇടയ്ക്ക് വല്ലപ്പോഴും നരേന്ദ്രനും അവളുടെ നിർബന്ധം സഹിക്കാൻ കഴിയാത്തപ്പോൾ പൂർണിമയെ, രാവിലെ ജോലിക്ക് പോകുന്ന വഴി വീട്ടിൽ കൊണ്ടാക്കി വൈകിട്ട് വിളിച്ചു കൊണ്ട് വരും. ഇതിനിടയിലും കമ്പ്യൂട്ടർ ക്ലാസുകൾ മുടക്കമില്ലാതെ നടന്ന് പോയി. അന്നന്നുള്ള പോർഷൻസ് അവൾ അപ്പപ്പോൾ പഠിച്ചു പോന്നു. ക്ലാസുകൾ കഴിയാറായി തുടങ്ങിയപ്പോൾ മെല്ലെ മെല്ലെ പൂർണിമയുടെ വയറും വീർത്തു തുടങ്ങി. ആദ്യത്തെ അഞ്ചു മാസക്കാലം വലിയ ബുദ്ധിമുട്ടികളില്ലാതെ കഴിഞ്ഞു പോയിരുന്നെങ്കിലും കുട്ടികൾ വളരും തോറും പൂർണിമയും ക്ഷീണിച്ചു തുടങ്ങി. അതിന്റെ കൂടെ യമുന കൊടുക്കുന്ന ആഹാരമൊക്കെ അവൾക്ക് വേണ്ടെങ്കിൽ പോലും നിർബന്ധ പൂർവ്വം കഴിക്കേണ്ടി വന്നു.

"നിനക്കീ വയറും താങ്ങി ക്ലാസ്സിൽ പോയി പഠിക്കാനൊക്കെ പറ്റുന്നുണ്ടോ പൂർണിമാ." ഉന്തിയ വയറും താങ്ങി പടിക്കെട്ടുകളിറങ്ങി വരുന്ന പൂർണിമയെ കണ്ട് നരേന്ദ്രൻ ചോദിച്ചു. "ഇപ്പൊ വലിയ കുഴപ്പമില്ല നരേട്ടാ... ഇനിയാകെ ഒരാഴ്ച കൂടിയേ ക്ലാസ്സുള്ളൂ. അത് വരെ എന്തായാലും പോകാൻ പറ്റും." "അമ്മയുടെ നിർബന്ധം കാരണമാണ് ഇവളെ ക്ലാസ്സിന് വിടാൻ ഞാൻ സമ്മതിച്ചത്." പൂമുഖത്തേക്ക് വന്ന യമുനയെ കണ്ട് നരേന്ദ്രൻ തെല്ലുച്ചത്തിൽ പറഞ്ഞു. "ഇനി കുറച്ചുദിവസം കൂടിയല്ലേ ഉള്ളു. അവള് പോയിട്ട് വരട്ടെ. ഇപ്പൊ ക്ലാസ്സിന് വിടാതെ പിടിച്ചു വച്ചിരുന്നെങ്കിൽ അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞുങ്ങൾക്ക് തന്നെയാ അതിന്റെ കേട്. അതുകൊണ്ട് നീ വെറുതെ നിന്ന് നേരം കളയാതെ പൂർണിമയെ കൊണ്ട് വിട്ടിട്ട് ഓഫീസിൽ പോകാൻ നോക്ക്." നരേന്ദ്രന്റെ ബാഗ് അവന്റെ കൈയ്യിലേക്ക് വച്ച് കൊടുത്തിട്ട് യമുന അകത്തേക്ക് പോയി. "വന്ന് കേറ്." കാറിന്റെ ഡോർ തുറന്ന് അവനവളെ നോക്കി. പൂർണിമ, സാവധാനം നടന്ന് വന്ന് കാറിനുള്ളിലേക്ക് കയറിയിരുന്ന് സീറ്റ് ബെൽറ്റിട്ടു.

അവള് കയറി ഇരുന്നതും ഡോർ അടച്ചിട്ട് നരേന്ദ്രൻ ഡ്രൈവിംഗ് സീറ്റിൽ വന്നിരുന്നു. "ക്ലാസ്സിനിരിക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാ അമ്മയെയോ എന്നെയോ വിളിക്കാൻ മറക്കരുത്. ഈ വയറും താങ്ങിയുള്ള നിന്റെ ഇരിപ്പും നടപ്പും കാണുമ്പോൾ തന്നെ എനിക്ക് പേടിയാവുന്നു." "നരേട്ടന്റെ പേടി എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞുങ്ങളെ ഓർത്തല്ലേ?" "അത് പിന്നെ പ്രത്യേകം പറയണോ. നിനക്ക് തന്നെ ഇക്കാര്യത്തിൽ നല്ല അലസതയും ശ്രദ്ധകുറവുമുണ്ട്. ഞാൻ കൂടെ അങ്ങനെയാവണോ?" "ഇവർക്ക് ഇതുവരെ കുഴപ്പങ്ങളൊന്നും കൂടാതെ ഞാൻ നോക്കിയില്ലേ? അതുകൊണ്ട് നരേട്ടൻ അങ്ങനെ പറയരുത്." "കുട്ടികളുടെ കാര്യത്തിൽ നിനക്കൊരു ഉത്തരവാദിത്വം ഉണ്ടായിരുന്നെങ്കിൽ റിസ്ക് പിടിച്ചുള്ള ഈ ക്ലാസ്സിൽ പോക്ക് തന്നെ ഉണ്ടാവില്ലായിരുന്നു. അപ്പഴും നിനക്ക് നിന്റെ വാശിയായിരുന്നില്ലേ വലുത്." "എന്തിനാ നരേട്ടാ എപ്പഴും ഇത് പറഞ്ഞ് എന്നെ കുറ്റപ്പെടുത്തുന്നത്. ഞാൻ ക്ലാസിന് പോകുന്നത് കൊണ്ട് ഒരു ദോഷവും ഇതുവരെ ഉണ്ടായിട്ടില്ലല്ലോ. എക്സാം വരാനിനി കുറച്ചു ദിവസം കൂടിയേയുള്ളു.

അതിനിടയ്ക്ക് എന്നെ തളർത്തുന്ന ഇത്തരം കുറ്റപ്പെടുത്തൽ നിർത്തിക്കൂടെ." അപേക്ഷയോടെ പൂർണിമ പറഞ്ഞു. "ഓഹ്... ഇനി ഞാനൊന്നും പറയാൻ വരുന്നില്ല. നിന്റെ ഇഷ്ടം പോലെ ചെയ്യ്. സ്വന്തം ഇഷ്ടത്തിന് ഓരോന്ന് ചെയ്യുമ്പോ എന്റെ മക്കളെ മറന്നൊന്നും പ്രവർത്തിക്കാതിരുന്നാൽ മതി. അവര് വളർന്നു വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ശ്രദ്ധ വേണ്ട സമയമാണ്." നരേന്ദ്രൻ ഉപദേശത്തിന്റെ കെട്ടഴിച്ചതും അവൾക്ക് അസ്വസ്ഥത തോന്നിത്തുടങ്ങി. അവൻ പറയുന്നതൊക്കെ കേട്ട് തല്ക്കാലം പൂർണിമ മൗനമവലംമ്പിച്ചു. ജി ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ സെന്ററിന് മുന്നിൽ കാർ നിർത്തുമ്പോൾ അവൾ ഡോർ തുറന്ന് പുറത്തിറങ്ങി. അവന് നേർക്ക് കൈവീശി കാണിച്ചിട്ട് പൂർണിമ അകത്തേക്ക് കയറിപ്പോയി. അവൾ കണ്ണിൽ നിന്ന് നടന്ന് മറഞ്ഞതിന് ശേഷമാണ് നരേന്ദ്രൻ ഓഫീസിലേക്ക് പോയത്. അന്ന് ക്ലാസ്സിൽ പഠിപ്പിച്ചതൊന്നും ശ്രദ്ധിക്കാൻ അവൾക്ക് കഴിഞ്ഞതേയില്ല. നരേന്ദ്രനെയും കുഞ്ഞുങ്ങളെയും ചുറ്റിപ്പറ്റി തന്റെ ജീവിതം തലയ്ക്കപ്പെടുമെന്ന് പൂർണിമയ്ക്ക് ഏകദേശം ഉറപ്പായ കാര്യമാണ്. സ്വന്തമായി ഒരു ജോലിയും സമ്പാദ്യവുമൊക്കെ ഒരു സ്വപ്നമായി അവളിൽ അവശേഷിച്ചു. അതുപോലെ നവീന്റെ വരവോടെ തന്റെ ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ധാരണയില്ലാതെ പിടയുന്ന മനസ്സിന്റെ നൊമ്പരമടക്കി ഡെസ്കിലേക്ക് തല ചായ്ച്ചു വച്ച് അവൾ കിടന്നു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story