മാലയോഗം: ഭാഗം 21

malayogam shiva

രചന: ശിവ എസ് നായർ

"എന്താ നിന്റെ മുഖം വല്ലാതിരിക്കുന്നത്? വയ്യായ്ക വല്ലതുമുണ്ടോ നിനക്ക്?" ഉച്ചയ്ക്ക് ക്ലാസ്സ്‌ കഴിഞ്ഞിറങ്ങിയ പൂർണിമയെ കൂട്ടികൊണ്ട് പോകാൻ വന്നതാണ് യമുന. അവളുടെ ക്ഷീണിച്ച മുഖഭാവം അവരിൽ ആശങ്ക ഉളവാക്കി. "വയ്യായ്ക ഒന്നുമില്ല അമ്മേ. ക്ലാസ്സൊക്കെ ഏകദേശം തീരാറായി, പിന്നെ എക്സാമും ഉടനെ കാണും. അതിനിടയ്ക്ക് നരേട്ടന്റെ കുറ്റപ്പെടുത്തലുകൾ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഞാൻ ക്ലാസ്സിന് വരുന്നത് നരേട്ടന് തീരെ ഇഷ്ടമാകുന്നില്ല." പൂർണിമ തന്റെ മനസ്സിലെ സങ്കടം അവരോട് തുറന്നു പറഞ്ഞു. "നിന്റെ വയറ്റിൽ ഒന്നല്ല രണ്ട് കുട്ടികളാണുള്ളത്. ഈ സമയത്ത് വിശ്രമിക്കുന്നതിന് പകരം നീയിങ്ങനെ ക്ലാസിന് വന്നുപോയി എക്സാമിനെ കുറിച്ചോർത്ത് ആധി പിടിച്ച് പഠിക്കുന്നതൊക്കെ കാണുമ്പോൾ അതിന്റെയൊരു ടെൻഷൻ അവനുണ്ടാവില്ലേ. അതുകൊണ്ട് ഇക്കാര്യത്തിൽ അവനെ തെറ്റ് പറയാൻ പറ്റില്ലല്ലോ പൂർണിമ. പിന്നെ നിന്നെ പഠിക്കാൻ വിടാൻ എനിക്കും താല്പര്യമില്ലായിരുന്നു.

രണ്ടാഴ്ച ക്ലാസ്സിന് വിടാതിരുന്നപ്പോൾ തന്നെ നിന്റെ വിഷമം അടുത്ത് നിന്ന് കണ്ടറിഞ്ഞത് കൊണ്ടാ ഇതെങ്കിലും നിന്റെ ആഗ്രഹം പോലെ നടക്കട്ടെയെന്ന് കരുതിയത്. ഗർഭിണിയായ സ്ത്രീകളുടെ മനസ്സും സന്തോഷത്തിലിരുന്നാലല്ലേ കുഞ്ഞുങ്ങളും നന്നായി വളരൂ. ഇതൊക്കെ കൊണ്ടാണ് ആഗ്രഹമില്ലാഞ്ഞിട്ട് കൂടി നിന്നെ ഇങ്ങോട്ട് വിട്ടത്. ഇനി ഒരാഴ്ച കൂടിയല്ലേ ഉള്ളു. അത് കഴിഞ്ഞാൽ മനസ്സിനും ശരീരത്തിനും വിശ്രമം കൊടുത്ത് മാക്സിമം റസ്റ്റ്‌ എടുക്കണം. ഇനിയങ്ങോട്ട് കുഞ്ഞുങ്ങളെ ഭാരം കൂടി വരുമ്പോ നിനക്ക് നല്ല ബുദ്ധിമുട്ടായിരിക്കും." യമുന പറയുന്നതൊക്കെ കേട്ട് പൂർണിമ നിശബ്ദയായി ഇരുന്നു. അവരോട് എന്ത് മറുപടി പറയുമെന്ന് സത്യത്തിൽ അവൾക്കറിയില്ലായിരുന്നു. "ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ?" അവളിൽ നിന്നും പ്രതികരണമൊന്നുമില്ലെന്ന് കണ്ട് യമുന അവളെ തല ചരിച്ചു നോക്കി. "കേൾക്കുന്നുണ്ടമ്മേ... ഞാൻ... ഞാനെല്ലാം ശ്രദ്ധിക്കുന്നുണ്ട്. ഇതുവരെ എനിക്ക് ആരോഗ്യ പ്രശ്നങ്ങളോ കുഞ്ഞുങ്ങൾക്ക് തൂക്ക കുറവോ ഇല്ലല്ലോ അമ്മേ."

പതർച്ചയോടെ അവൾ പറഞ്ഞു. "ഈ ശ്രദ്ധയൊന്നും പോരാ... എക്സാമൊക്കെ കഴിഞ്ഞാൽ ഇതെല്ലാം മനസ്സിൽ നിന്ന് വിട്ടിട്ട് ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളെ കുറിച്ച് മാത്രം ചിന്തിക്കണം. അവരെ സുരക്ഷിതമായി തന്നെ നമുക്ക് കിട്ടണം. അത് മാത്രേ നിന്റെ മനസ്സിലുണ്ടാവാൻ പാടുള്ളു. മനസ്സിലാകുന്നുണ്ടോ നിനക്ക്." "ഉവ്വമ്മേ..." 🍁🍁🍁🍁🍁 ഉച്ചഭക്ഷണം കഴിഞ്ഞ് അൽപ്പ നേരം വിശ്രമിക്കാനായി കിടക്കുമ്പോൾ പൂർണിമയുടെ മനസ്സ് മഴക്കാറ് മൂടിയ ആകാശം പോലെ ഇരുണ്ടിരുന്നു. ഈ കല്യാണം കൊണ്ട് തനിക്കൊരു സന്തോഷവും ലഭിക്കുന്നില്ലല്ലോന്നായിരുന്നു അവളുടെ ചിന്ത മുഴുവൻ. മറ്റുള്ളവർക്ക് മുന്നിൽ തനിക്ക് തല കുനിക്കാൻ ഒരവസരം നൽകാതെ നരേന്ദ്രനും വീട്ടുകാരും തന്നെ പൊതിഞ്ഞു പിടിച്ച് സംരക്ഷണം തരുമെങ്കിലും അതൊക്കെ അവരെ അനുസരിച്ചു നിൽക്കാൻ തന്നെ പ്രേരിപ്പിക്കുന്ന ഘടകങ്ങളായി മാറുകയാണെന്ന് പിന്നീടാണ് പൂർണിമ തിരിച്ചറിയുന്നത്. നരേന്ദ്രൻ അവളുടെ ചേട്ടനെ ബിസിനസ്‌ തുടങ്ങാൻ സഹായിച്ചത് കൊണ്ട് തന്റെ വീട്ടുകാരും

അവനിൽ കടപ്പെട്ട് കഴിഞ്ഞു. ആ കാശ് തിരിച്ചു കൊടുത്തെങ്കിൽ പോലും പൂർണിമയുടെ വീട്ടുകാർക്ക് നരേന്ദ്രൻ ദൈവ തുല്യനാണ്. വീട്ടുകാരെ കുറിച്ചോർത്തപ്പോൾ അവൾക്ക് വീട്ടിലേക്കൊന്ന് പോകാനും ഒരു ദിവസമെങ്കിലും സ്വന്തം മുറിയിലെ തന്റെ കട്ടിലിൽ മൂടിപ്പുതച്ചു കിടന്നുറങ്ങാനും കൊതിയായി. പക്ഷേ, അതിനും നരേന്ദ്രന്റെ സമ്മതം വേണമല്ലോന്നോർത്തപ്പോൾ പൂർണിമയ്ക്ക് വല്ലാത്ത ദേഷ്യം തോന്നി. പെട്ടെന്നാണ് അവൾക്ക് വയറിൽ നിന്നും കുഞ്ഞുങ്ങളുടെ അനക്കം തട്ടിയത്. കുറച്ചു ദിവസമായി ഇടയ്ക്കിടെ ഇത് പതിവാണ്. ഒരു പൂമ്പാറ്റ വയറിനുള്ളിൽ ഇക്കിളിപ്പെടുത്തുന്നത് പോലെയാണ് അവൾക്കാ നിമിഷം അനുഭവപ്പെട്ടത്. വീണ്ടും ഒരിക്കൽ കൂടി ആ അനക്കമറിഞ്ഞപ്പോൾ പൂർണിമയ്ക്കുള്ളിലെ അമ്മ മനം ആ നിമിഷം മറ്റെല്ലാം സങ്കടങ്ങളും മറന്ന് അതിയായി സന്തോഷിച്ചു. അവളുടെ കണ്ണുകളിൽ നിന്ന് അശ്രു കണങ്ങൾ പൊഴിഞ്ഞു. ഉദരത്തിൻ മേൽ കൈത്തലമമർത്തി അവൾ തന്റെ കുഞ്ഞുങ്ങളെ മെല്ലെ തലോടി കൊണ്ടിരുന്നു.

ആ നിമിഷം തന്നിൽ നിറഞ്ഞുനിന്ന വികാരമെന്തെന്ന് അവൾക്ക് വേർതിരിച്ചറിയാനായില്ല. 🍁🍁🍁🍁🍁 ഒരാഴ്ച കൂടി കടന്ന് പോയി... പൂർണിമയുടെ കമ്പ്യൂട്ടർ കോഴ്സ് അവസാനിച്ചു. ഇനി വരുന്നത് എക്സാമാണ്. തന്നെകൊണ്ട് പറ്റുന്ന പോലെ നന്നായി പഠിച്ച് അവൾ എക്സാമുകൾ അറ്റൻഡ് ചെയ്തു. റിസൾട്ടിനെ കുറിച്ചോർത്ത് പൂർണിമയ്ക്ക് ആശങ്കയൊന്നും തോന്നിയിരുന്നില്ല. കാരണം മോശമല്ലാത്തൊരു മാർക്ക്‌ അവൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അവളുടെ വീട്ടുകാർക്കും നരേന്ദ്രനുമൊക്കെ പൂർണിമ പാസ്സാകുമോ എന്ന കാര്യത്തിൽ നല്ല സംശയമുണ്ടായിരുന്നു. എന്തായാലും റിസൾട്ട്‌ വന്നപ്പോൾ അവളുടെ പ്രതീക്ഷ പോലെത്തന്നെ കുഴപ്പമില്ലാത്ത മാർക്കുണ്ടായിരുന്നു. ആദ്യമായാണ് അവൾക്ക് ജീവിതത്തിൽ ജസ്റ്റ്‌ പാസ്സിന് മുകളിൽ ഏതെങ്കിലും ഒരു വിഷയത്തിന് മാർക്ക്‌ വാങ്ങാൻ കഴിയുന്നത്. ഇത്രേം ഒപ്പിക്കാൻ തന്നെ പൂർണിമ കുറേ കഷ്ടപ്പെട്ടിരുന്നു. പണ്ട് മുതലേ പഠിത്തമെന്ന സംഗതി അവളെ സംബന്ധിച്ച് ബാലി കേറാ മലയാണ്.

എല്ലാവർക്കും ദൈവം എന്തെങ്കിലുമൊരു കഴിവ് കൊടുക്കാറുണ്ട്. ചിലർക്ക് പഠിക്കാൻ ബുദ്ധിയുണ്ട് ചിലർക്ക് കഥകളും കവിതകളുമെഴുതാൻ, മറ്റ് ചിലർക്ക് വരയ്ക്കാൻ, പാട്ട് പാടാൻ ഡാൻസ് ചെയ്യാൻ. തനിക്ക് മാത്രം ഒന്നിലും ഒരു കഴിവില്ലല്ലോന്ന് പൂർണിമ ഇടയ്ക്ക് ഓർത്ത് പോകും. അതിലവൾക്ക് നല്ല സങ്കടവും തോന്നാറുണ്ട്. കോളേജിൽ പഠിക്കുമ്പോൾ തന്നെ ഡാൻസ് പഠിച്ച് കളിച്ചത് വളരെ കഷ്ടപ്പെട്ടാണ്. ഗ്രൂപ്പ്‌ ഡാൻസിന് ആളെ തികയാതെ വന്നപ്പോൾ എച് ഒ ഡി യുടെ നിർബന്ധ പ്രകാരമാണ് പൂർണിമ ഗ്രൂപ്പ്‌ ഡാൻസിൽ പങ്കെടുത്തത്. അവളുടെ ചുവടുകളൊക്കെ മോശമായിരുന്നതിനാൽ ഏറ്റവും പിന്നിൽ നിന്ന് എങ്ങനെയൊക്കെയോ അവൾ കളിക്കുകയായിരുന്നു. അതൊക്കെ ഓർത്തപ്പോൾ പൂർണിമയ്ക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി. തനിക്കൊരു കഴിവും ദൈവം തന്നിട്ടില്ലെന്ന ചിന്ത അവളുടെ മനസ്സിൽ ഒന്നുകൂടി ആഴത്തിൽ വേരുറച്ചു. എന്നെങ്കിലുമൊരുനാൾ നരേന്ദ്രന്റെ ജീവിതത്തിൽ നിന്നൊരു പടിയിറക്കമുണ്ടായാൽ ഒരു തൊഴിൽ ചെയ്ത് ജീവിക്കാനെങ്കിലും ഉപകരിക്കുമല്ലോന്ന് കരുതിയാണ് പൂർണിമ കമ്പ്യൂട്ടർ കോഴ്സ് പഠിക്കാൻ തീരുമാനിച്ചത് തന്നെ.

കാരണം നവീന്റെ വരവിനെ അവൾ കാര്യമായി തന്നെ ഭയന്നിരുന്നു. എല്ലാവരും സത്യങ്ങൾ അറിയുമ്പോൾ കുഞ്ഞുങ്ങളെ തന്നിൽ നിന്നകറ്റിയിട്ട് തന്നെ മാത്രം അടിച്ചു പുറത്താക്കിയാൽ സ്വന്തം വീട്ടുകാർക്ക് പോലും താനൊരു ഭാരമായി തീരും. അങ്ങനെ ഒരവസ്ഥ മുൻകൂട്ടി കണ്ടുകൊണ്ടാണ് പൂർണിമയിപ്പോൾ ജീവിക്കുന്നതും. എന്തൊക്കെയാണെങ്കിലും തന്റെ കുഞ്ഞുങ്ങളുടെ അച്ഛനാകാൻ പോകുന്ന നരേന്ദ്രനോട്‌ അവൾക്ക് സ്നേഹമാണ്. അവന്റെ ജീവിതത്തിൽ നിന്നുമൊരു പടിയിറക്കം അവൾ ആഗ്രഹിച്ചതുമില്ല. കാരണം മറ്റുള്ളവരുടെ മുന്നിൽ അവളെ ചേർത്ത് പിടിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നത് കൊണ്ട് പൂർണിമയ്ക്ക് ആദ്യമേ തന്നെ നരനോടൊരിഷ്ടം മനസ്സിൽ പതിഞ്ഞു പോയതാണ്. എന്നിരുന്നാലും ചില കാര്യങ്ങളിൽ അവനോട് അഭിപ്രായ വ്യത്യാസവും ഇഷ്ടക്കേടുമൊക്കെ അവൾക്കുണ്ട്. പക്ഷേ അതിന്റെ പേരിൽ നരേന്ദ്രനെ വിട്ട് പോകാനൊന്നും പൂർണിമയെ പോലൊരു സാധാരണ പെൺകുട്ടിക്ക് കഴിയുമായിരുന്നില്ല. അത്രത്തോളം അവനെ അവൾ സ്നേഹിക്കുന്നുണ്ട്. 🍁🍁🍁🍁🍁

പൂർണിമാ... നമുക്കൊരു സ്ഥലം വരെ പോവാം. നീ വേഗം ഒരുങ്ങി വാ. " വൈകുന്നേരം ഓഫീസിൽ നിന്ന് പതിവിലും നേരത്തെയെത്തിയ നരേന്ദ്രൻ പൂർണിമയോട് വന്ന് പറഞ്ഞു. "എവിടേക്കാ നരേട്ടാ?" "പ്രെഗ്നൻസി ടൈമിലും നിന്നെക്കൊണ്ട് പറ്റുന്ന പോലെ പഠിച്ച് ആവറേജിന് മുകളിലെങ്കിലും നിനക്ക് മാർക്ക്‌ വാങ്ങിക്കാൻ പറ്റിയില്ലേ. അതുകൊണ്ട് നിനക്കൊരു സർപ്രൈസ് തരാമെന്ന് ഞാൻ വിചാരിച്ചു." "എന്ത് സർപ്രൈസ് നരേട്ടാ?" അവളിൽ ആകാംക്ഷ നിറഞ്ഞു. "അതൊക്കെയുണ്ട് നീ പെട്ടെന്ന് റെഡിയായി വരാൻ നോക്ക്." "പുറത്തോട്ട് പോകാനാണെങ്കിൽ ഇപ്പൊ എനിക്ക് തീരെ വയ്യ നരേട്ടാ. ഒന്ന് കിടന്നാൽ മതി എനിക്ക് അത്രയ്ക്ക് ക്ഷീണമുണ്ട്." മടിയോടെ പൂർണിമ കട്ടിലിൽ തന്നെ ഇരുന്നു. "ഇങ്ങനെ മടി പിടിക്കല്ലേ പൂർണിമാ. നിനക്ക് ഇഷ്ടപ്പെട്ട ഒരു സ്ഥലത്തേക്കാണ് നമ്മളിപ്പോ പോകുന്നത്." നരേന്ദ്രൻ അവളുടെ അടുത്തേക്ക് വന്ന് കൈയ്യിൽ പിടിച്ചെഴുന്നേൽപ്പിച്ചു. "എനിക്കിഷ്ടപ്പെട്ട സ്ഥലം എന്റെ വീടാണ്. നരേട്ടനെന്തായാലും എന്നെ അവിടേക്ക് കൊണ്ട് പോവാനും പോണില്ല. പിന്നെ ഏതാ എനിക്ക് ഇഷ്ടമുള്ള സ്ഥലം."

പൂർണിമ മനസ്സിലാണ് അത് പറഞ്ഞത്. അവളുടെ ഇഷ്ടക്കേട് നരേന്ദ്രൻ കാര്യമാക്കിയില്ല. പൂർണിമയോട് പെട്ടെന്ന് ഒരുങ്ങി വരാൻ പറഞ്ഞിട്ട് കാറിന്റെ കീയുമായി അവൻ താഴേക്ക് പോയി. ഒരു അയഞ്ഞ ടോപ്പും പലാസ പാന്റുമാണ് അവൾ ധരിച്ചത്. ഈ സമയത്ത് അവൾക്കേറ്റവും കംഫർട് തോന്നിയ ഉടുപ്പ് അതായിരുന്നു. മുഖമൊന്ന് കഴുകി തുടച്ച് അൽപ്പം സിന്ദൂരം നെറുകയിൽ ചാർത്തി ഒരു കറുത്ത പൊട്ടും തൊട്ടപ്പോൾ പൂർണിമയുടെ ഒരുക്കം പൂർത്തിയായി. ഗോവണി പടികളിറങ്ങി അവൾ താഴെയെത്തുമ്പോൾ നരേന്ദ്രൻ കാർ സ്റ്റാർട്ട്‌ ചെയ്ത് അവളെയും കാത്തിരിക്കുകയായിരുന്നു. ശ്രീകണ്ഠനും യമുനയും ഹരി നാരായണൻ തിരുമേനിയുടെ അടുത്ത് പോയിരുന്നത് കൊണ്ട് പൂർണിമ മുൻവാതിൽ പൂട്ടി താക്കോൽ ചെടി ചട്ടിക്ക് താഴെ വച്ചിട്ട് ചെന്ന് കാറിൽ കയറി ഇരുന്നു. "എന്തിനാ നരേട്ടാ എന്നെയിങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. ഞാൻ പറഞ്ഞതല്ലേ എനിക്ക് നല്ല സുഖം തോന്നുന്നില്ലെന്ന്. രണ്ട് ദിവസായി നടുവേദന നല്ല കൂടുതലാ. അമ്മ വരുമ്പോ നമ്മള് പുറത്ത് പോയിരിക്കുന്നത് കണ്ടാൽ എനിക്ക് നല്ല വഴക്ക് കിട്ടും. റസ്റ്റ്‌ എടുക്കാൻ പറഞ്ഞിട്ടാണ് അമ്മ പോയിരിക്കുന്നത്."

"അമ്മയോട് ഞാൻ പറഞ്ഞോളാം. തല്ക്കാലം നീയിപ്പോ സീറ്റ് പിന്നിലോട്ടാക്കി ചാരി കിടന്നോ." നരേന്ദ്രൻ കാർ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുത്തു. "നമ്മളെങ്ങോട്ടാ പോവുന്നതെന്ന് പറഞ്ഞില്ലല്ലോ നരേട്ടൻ?" "എത്തുമ്പോ അറിഞ്ഞാൽ മതി നീ." "അച്ഛനും അമ്മയും എത്തുന്നതിനു മുൻപ് നമ്മൾ തിരിച്ചെത്തോ?" "ഇല്ല." "നേരം വൈകി തിരിച്ചു വന്നാൽ എനിക്കാ വഴക്ക് കിട്ടുന്നത്." "അതൊന്നും ഓർത്ത് നീ ടെൻഷനാവണ്ട. നിന്നെ ആരും വഴക്ക് പറയാൻ പോവുന്നില്ല. അമ്മയോട് ഞാൻ ആൾറെഡി പറഞ്ഞിട്ടുണ്ട്." കണ്ണുകളിൽ കുസൃതിയൊളിപ്പിച്ച് അവൻ പറഞ്ഞു. നരേന്ദ്രനെയൊന്ന് കൂർപ്പിച്ച് നോക്കിയിട്ട് അവൾ സീറ്റിലേക്ക് ചാരി കിടന്നു. അവൾക്ക് അപ്പോഴും നടുവിന് നല്ല വേദന തോന്നിയിരുന്നു. "നല്ല പെയിനുണ്ടെങ്കിൽ നാളെ നമുക്ക് ഡോക്ടറെ പോയി കാണിക്കാം." വേദന കടിച്ച് പിടിച്ച് കിടക്കുന്ന പൂർണിമയെ കാണവേ അവന് അവളോട് അലിവ് തോന്നി. "വേണ്ട... കഴിഞ്ഞ പ്രാവശ്യം ചെക്കപ്പിന് പോയപ്പോ തന്നെ ഞാൻ ഡോക്ടറോട് പറഞ്ഞിരുന്നു. അന്ന് പിന്നെ ഇത്രയ്ക്ക് വേദനയൊന്നും തോന്നിയിരുന്നില്ല." "എന്നിട്ട് നീയെന്താ എന്നോട് വേദനയുണ്ടെന്ന് പറയാതിരുന്നത്?" "പറഞ്ഞാ നരേട്ടനെന്നെ ക്ലാസ്സിന് വിടാതെ പിടിച്ചു വക്കില്ലേ.

ആ കോഴ്സൊന്ന് പൂർത്തിയാക്കാൻ ഞാൻ അനുഭവിച്ച മാനസിക സംഘർഷം എനിക്ക് മാത്രമേ അറിയൂ." "അതൊന്ന് കഴിഞ്ഞു കിട്ടുംവരെ നിന്നെക്കാൾ ടെൻഷൻ എനിക്കായിരുന്നു. ഓഫീസിൽ ഇരിക്കുമ്പോൾ പോലും എനിക്കൊരു സമാധാനമുണ്ടായിരുന്നില്ല." "നരേട്ടനല്ലെങ്കിലും എന്നോടല്ല സ്നേഹം കുട്ടികളോടല്ലേ. അത് കൊണ്ടല്ലേ എന്റെ ഇഷ്ടങ്ങൾക്കൊന്നും ഒരു വിലയുമില്ലാത്തത്." പരിഭവത്തോടെ പറഞ്ഞവളെ നോക്കി നരേന്ദ്രൻ അമർത്തി ചിരിച്ചു. "ഞാൻ തമാശ പറഞ്ഞതല്ല... കാര്യമായിട്ട് പറഞ്ഞതാ." കെറുവോടെ പൂർണിമ മുഖം വെട്ടിച്ചു. അവർ സഞ്ചരിച്ചിരുന്ന കാർ മെയിൻ റോഡിൽ നിന്നും വലത്തോട്ടുള്ള റോഡിലേക്ക് തിരിഞ്ഞു. ഒരു ചെറിയ ഇറക്കമിറങ്ങി വണ്ടി, വളവ് തിരിഞ്ഞു പൂർണിമയുടെ വീട്ടിലേക്ക് പോകുന്ന ഇടവഴിയിലെത്തി. അപ്പോഴാണ് തങ്ങളെങ്ങോട്ടാ പോകുന്നതെന്ന കാര്യം അവൾ ശ്രദ്ധിച്ചത്. "നമ്മള് എന്റെ വീട്ടിലേക്കാണോ നരേട്ടാ പോകുന്നത്?" പൂർണിമ അവിശ്വസനീയതോടെ അവനെ നോക്കി. "ഉം... നീ കുറേ നാളായി ആഗ്രഹം പറയുന്നതല്ലേ വീട്ടിൽ പോയി നിൽക്കണോന്ന്.

ഇന്ന് ഇവിടെ നിന്നോ. നീ സന്തോഷമായിട്ടിരുന്നാലേ നമ്മുടെ മക്കളും സന്തോഷത്തോടെ ഇരിക്കൂ." നരേന്ദ്രൻ അവസാനം പറഞ്ഞ വാക്കുകൾ അവളുടെ ഹൃദയത്തെ നോവിച്ചു. തന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് അവൻ തന്നെ വീട്ടിലേക്ക് കൊണ്ട് വന്നതെന്ന് ഓർത്ത് ഒരുനിമിഷം അവളുടെ മനസ്സ് വല്ലാതെ സന്തോഷിച്ചതാണ്. പക്ഷേ ആ ആഹ്ലാദത്തിന് നിമിഷങ്ങളുടെ ആയുസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. "ഓഹ്... ഇതും കുട്ടികൾക്ക് വേണ്ടിയായിരുന്നോ? അങ്ങനെയെങ്കിൽ എന്നെ ഇങ്ങോട്ട് കൊണ്ട് വരേണ്ടിയിരുന്നില്ല നരേട്ടാ. എന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ എനിക്കത് സന്തോഷമായേനെ, ഇത് പക്ഷേ.....?"

നിറഞ്ഞ് തുളുമ്പിയ കണ്ണുകൾ അവൻ കാണാതിരിക്കാനായി പൂർണിമ മുഖം തിരിച്ചു. "എന്റെ മക്കളെ വയറ്റിൽ ചുമക്കുന്ന നിന്നോട് സ്നേഹമില്ലെന്ന് ആരാ പറഞ്ഞത്. ഞാൻ പറയുന്നത് അനുസരിച്ചു നിന്നാൽ നിന്നോടെനിക്കുള്ള സ്നേഹം പതിന്മടങ്ങ് കൂടുകയേയുള്ളു." "നരേട്ടൻ പറയുന്നതൊക്കെ ഞാൻ അനുസരിക്കുന്നുണ്ടല്ലോ." "അതുകൊണ്ടാണല്ലോ നിന്നെ ഞാനിങ്ങോട്ട് കൊണ്ട് വന്നത്." "നരേട്ടനും നിൽക്കുമോ ഇവിടെ?" "എനിക്കിവിടെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലെന്ന് നിന്നോട് പ്രത്യേകം പറയണ്ടല്ലോ ഞാൻ. അതുകൊണ്ട് ഞാൻ പോയിട്ട് നാളെ രാത്രി ഈ സമയമാകുമ്പോ നിന്നെ വിളിക്കാൻ വരാം. അതിൽ കൂടുതൽ നിന്നെ വിട്ട് നിൽക്കാൻ എനിക്ക് വയ്യ." നരേന്ദ്രനവളുടെ വലത് കരം നെഞ്ചോട് ചേർത്ത് പറഞ്ഞു... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story