മാലയോഗം: ഭാഗം 22

malayogam shiva

രചന: ശിവ എസ് നായർ

"നരേട്ടന് താല്പര്യമില്ലെങ്കിൽ ഞാൻ നിർബന്ധിക്കുന്നില്ല." പൂർണിമയുടെ സ്വരമിടറി. "അതിന് നീയെന്തിനാ സങ്കടപ്പെടുന്നത്. നിന്റെ ചേട്ടൻ വേറെ വീട് വാങ്ങുമ്പോ എത്ര ദിവസം വേണോ നമുക്കവിടെ പോയി ഒരുമിച്ച് നിൽക്കാം. ഇവിടെ തങ്ങിയാൽ എനിക്കിന്ന് ശിവ രാത്രിയായിരിക്കും. നാളെ ഓഫീസിൽ പോയിരുന്ന് ഉറക്കം തൂങ്ങേണ്ടി വരും." "നരേട്ടന്റെ ഇഷ്ടംപോലെ തന്നെ നടക്കട്ടെ. നാളെ എപ്പഴാ നരേട്ടൻ വിളിക്കാൻ വരുന്നത്?" "ഈ സമയത്ത് തന്നെ വരാം." അപ്പോഴേക്കും അവർ പൂർണിമയുടെ വീടിന് മുന്നിൽ എത്തിയിരുന്നു. മുറ്റത്ത്‌ വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ട് പ്രവീണാണ് ആദ്യം വാതിൽ തുറന്ന് പുറത്ത് വന്നത്. കാറിൽ നിന്നിറങ്ങുന്ന അളിയനെയും പെങ്ങളെയും കണ്ട് അവന്റെ മുഖം വിടർന്നു. "നരേട്ടനെന്താ പറയാതെ വന്നത്?" ചിരിയോടെ പ്രവീൺ അവനരികിലേക്ക് ചെന്നു.

"ഒരു ദിവസമെങ്കിലും ഇവൾക്കിവിടെ വന്ന് നിൽക്കണമെന്ന് എപ്പോഴും പറയാറുള്ളതല്ലേ. അതുകൊണ്ട് ആ ആഗ്രഹമങ്ങ് നടക്കട്ടേന്ന് കരുതി കൂട്ടികൊണ്ട് വന്നതാ." "നിനക്ക് വേറെയൊന്നും പറയാൻ കിട്ടിയില്ലേ പൂർണിമ. എന്തിനാ നരേട്ടനെ വെറുതെ ബുദ്ധിമുട്ടിക്കുന്നത്. അവിടേം ഇവിടേം തമ്മിലെന്താ വ്യത്യാസം? അല്ലേലും കെട്ടിച്ച് വിട്ട് കഴിഞ്ഞാൽ പെൺകുട്ടികൾ നിൽക്കേണ്ടത് ഭർത്താവിന്റെ വീട്ടിലാ. ഇവളെന്തെങ്കിലും പറഞ്ഞെന്ന് വച്ച് നരേട്ടൻ ഈ രാത്രി തന്നെ കഷ്ടപ്പെട്ട് വരണമായിരുന്നോ?" പ്രവീൺ അവളെ ശകാരിച്ചു. "നീ വെറുതെ അവളെ വഴക്ക് പറയാൻ നിൽക്കണ്ട. ഈ സമയത്ത് അവളുടെ ആഗ്രഹങ്ങളൊക്കെ നമ്മള് വേണം കണ്ടറിഞ്ഞ് ചെയ്ത് കൊടുക്കേണ്ടത്." പൂർണിമയെ ചേർത്ത് പിടിച്ച് നരേന്ദ്രൻ പറഞ്ഞു. "ആരാ മോനെ വന്നത്?" അകത്ത് നിന്നും ശിവദാസന്റെ ശബ്ദം കേട്ടു.

"അച്ഛാ... നരേട്ടനും പൂർണിമയും വന്നിട്ടുണ്ട്." പ്രവീൺ വിളിച്ചു പറഞ്ഞു. "അകത്തേക്ക് കേറിയിരിക്ക് നരേട്ടാ. അച്ഛൻ ഭക്ഷണം കഴിക്കുകയാണ്." അവനവരെ വീട്ടിലേക്ക് സ്വീകരിച്ചിരുത്തി. "നീ അകത്തേക്ക് പൊയ്ക്കോ... ഞാനിവിടെ ഇരുന്നോളാം." നരേന്ദ്രനവളെ വീടിനുള്ളിലേക്ക് പറഞ്ഞയച്ച ശേഷം വരാന്തയിൽ കിടന്നൊരു കസേരയിലേക്ക് ഇരുന്നു. "നരേട്ടൻ എന്തെങ്കിലും കഴിച്ചാരുന്നോ? അമ്മയോട് ചോറ് വിളമ്പാൻ പറയട്ടെ." പ്രവീൺ ചോദിച്ചു. "നരേട്ടനൊന്നും കഴിച്ചിട്ടില്ല പ്രവിയേട്ടാ. ഞാൻ അമ്മയോട് പറയുന്നുണ്ട് ചോറ് വിളമ്പാൻ." അവന്റെ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് പൂർണിമ അകത്തേക്ക് കേറിപ്പോയി. അപ്പോഴേക്കും കൈയ്യും വായും കഴുകി മുണ്ടിന്റെ അരികിൽ തുടച്ചുകൊണ്ട് ഉമ്മറത്തേക്ക് വരുകയായിരുന്നു ശിവദാസൻ. "നിങ്ങളെന്താ ഈ രാത്രി ഇങ്ങോട്ട് വന്നത്?" അയാൾ അവളെ കണ്ടതും ചോദിച്ചു. "ഞാൻ ഇന്നിവിടെ നിൽക്കാൻ വന്നതാ അച്ഛാ." "നിന്നെ ഇങ്ങോട്ട് വിടുന്നത് നരന് ഇഷ്ടമല്ലല്ലോ. അവനോട് വഴക്കിട്ടെങ്ങാനും വന്നതാണോ നീ?"

"അത് അച്ഛൻ നരേട്ടനോട് തന്നെ ചോദിച്ചാൽ മതി. നരേട്ടനാ എന്നോട് ഇന്നൊരു ദിവസം ഇവിടെ വന്ന് നിന്നോന്ന് പറഞ്ഞത്." പൂർണിമ ദേഷ്യത്തോടെ അച്ഛനെ മറി കടന്ന് അടുക്കളയിലേക്ക് പോയി. വിവാഹം കഴിഞ്ഞ് വർഷമൊന്നാകാൻ പോകുന്നു. വിവാഹ ശേഷം ആദ്യമായിട്ടാണ് താൻ വീട്ടിൽ നിൽക്കാനായിട്ട് വരുന്നത്. താൻ വന്ന് നിൽക്കുന്നതിനേക്കാൾ പ്രധാനം അച്ഛന് അറിയേണ്ടത് മരുമകൻ സമ്മതിച്ചോന്നാണ്. അയാളുടെ ആ ചോദ്യം അവളിൽ അത്രത്തോളം അരിശം നിറച്ചിരുന്നു. തന്നോട് ദേഷ്യം പിടിച്ച് പൂർണിമ അടുക്കളയിലേക്ക് പോകുന്നത് കണ്ട് വെപ്രാളത്തോടെയാണ് ശിവദാസൻ നരേന്ദ്രന്റെ അടുത്തേക്ക് ചെന്നത്. "മോനേ... നിന്റടുത്ത് വഴക്കിട്ട് വന്നതാണോ അവൾ." നരേന്ദ്രന്റെ അടുത്തുള്ള കസേരയിലായി അയാളിരുന്നു.

"അല്ലച്ഛാ... പൂർണിമ കുറേ നാളായി പറയുന്നതല്ലേ ഇവിടെ വന്ന് നിൽക്കണമെന്ന്. അതുകൊണ്ട് ഇന്നൊരു ദിവസം ഇവിടെ നിന്നോട്ടേന്ന് കരുതി കൊണ്ട് വന്നതാ." "ഓഹ്... അതായിരുന്നോ. ഞാനങ്ങ് പേടിച്ചുപോയെ. മോന് ഇഷ്ടക്കേടൊന്നുമില്ലെങ്കിൽ അവള് എത്ര ദിവസം ഇവിടെ നിന്നാലും എനിക്കൊരു പ്രശ്നവുമില്ല." ആശ്വാസത്തിന്റെ ഒരു നെടുവീർപ്പ് അയാളിൽ നിന്നുയർന്നു. "അവളോട് ഞാൻ നാളെ വിളിച്ചുകൊണ്ട് പോകുമെന്നാ പറഞ്ഞത്.. തല്ക്കാലം പൂർണിമയുടെ ആഗ്രഹത്തിന് രണ്ട് ദിവസം ഇവിടെ നിന്നോട്ടെ. ഞാൻ അത് കഴിഞ്ഞ് വിളിച്ചുകൊണ്ട് പോവാം. അവളുടെ ഇഷ്ടങ്ങൾ കൂടി ഈ സമയം നമ്മൾ പരിഗണിക്കണമല്ലോ." നരേന്ദ്രൻ ചരിതാർഥ്യത്തോടെ പറഞ്ഞു. "മോനെ ഭർത്താവായിട്ട് കിട്ടിയത് അവളുടെ ഭാഗ്യമാണ്. എന്തായാലും വന്ന സ്ഥിതിക്ക് മോൻ പറഞ്ഞത് പോലെ പൂർണിമ രണ്ട് ദിവസം നിന്നോട്ടെ." ശിവദാസൻ മരുമകന്റെ വാക്കുകൾ ശരി വച്ചു. 🍁🍁🍁🍁 "നരൻ സമ്മതിച്ചിട്ട് തന്നെയാണോ പൂർണിമേ നീയിങ്ങോട്ട് വന്നത്. അതോ വഴക്കുണ്ടാക്കി സമ്മതിപ്പിച്ചതാണോ?"

ഗീതയ്ക്ക് സംശയം മാറുന്നുണ്ടായിരുന്നില്ല. "ഈ അമ്മയെന്താ ഇങ്ങനെ. ഞാനിങ്ങോട്ട് കയറി വന്നപ്പോ തന്നെ അച്ഛനും ചേട്ടനും ചോദിക്കാനുണ്ടായിരുന്നത് ഇത് തന്നെയാ. ഞാൻ വന്നത് നിങ്ങൾക്കാർക്കും ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചു പോയേക്കാം." പൂർണിമ അടുക്കളയിലെ സ്ലാബിന് മുകളിൽ കയറി ഇരുന്നു. അവളുടെ ഇടത്തും വലത്തുമായി പ്രീതിയും പാറുവും സ്ഥാനം പിടിച്ചു. "അമ്മ പിണങ്ങാൻ വേണ്ടി പറഞ്ഞതല്ല. നീയവിടെ നന്നായി ജീവിക്കുന്നത് കാണാനാ ഞങ്ങൾക്കിഷ്ടം. അതുകൊണ്ടാണ് ഇങ്ങനെയെല്ലാം ചോദിച്ച് പോവുന്നത്." "സത്യം പറഞ്ഞാ എല്ലാ സുഖ സൗകര്യങ്ങൾ ഉണ്ടെങ്കിൽ കൂടി ഒരുമാതിരി കൂട്ടിലടച്ച കിളിയെ പോലെയാ അവിടെയുള്ള എന്റെ ജീവിതം. ഇടയ്ക്കെങ്കിലും പകൽ സമയങ്ങളിൽ ഇവിടെ വന്ന് നിന്നിട്ട് പോകുന്നതാ." "ഇതൊക്കെ അഹങ്കാരമാണ് മോളെ. അത്രേം വലിയൊരു തറവാട്ടിൽ മരുമകളായി കയറി ചെല്ലാൻ പറ്റിയത് നിന്റെ ഭാഗ്യമാണ്. ഗവണ്മെന്റ് ഉദ്യോഗമൊന്നുമില്ലാത്ത ആരെയെങ്കിലുമാണ് നിനക്ക് കിട്ടിയിരുന്നെങ്കിൽ ജീവിക്കാനുള്ള കഷ്ടപ്പാട് എത്രത്തോളമുണ്ടെന്ന് നീ മനസ്സിലാക്കിയേനെ.

ഇതിപ്പോ അവിടെ ഒന്നിനുമൊരു കുറവില്ലല്ലോ. അതുകൊണ്ട് ഇങ്ങനെയൊക്കെ നിനക്ക് തോന്നും." "അച്ഛന്റെ ഒരാളുടെ വരുമാനത്തിൽ നമ്മളെല്ലാരും ജീവിച്ചില്ലേ അമ്മേ. എന്റെ സന്തോഷങ്ങളൊക്കെ ഇവിടെ നിങ്ങളുടെ കൂടെയാ. കാശിനിത്തിരി കുറവുള്ളത് ഒരു വലിയ കുറവൊന്നുമല്ല. ഇതിനേക്കാൾ മോശമായ സാഹചര്യത്തിലും എനിക്ക് ജീവിക്കാൻ പറ്റിയേനെ. പക്ഷേ നരേട്ടനും വീട്ടുകാരും സാമ്പത്തികമായി നമ്മളെക്കാൾ എത്രയോ മുകളിലാണ്. പണത്തിന്റെ പൊങ്ങച്ചം എന്നോട് അവരൊന്നും കാണിക്കാറില്ലെങ്കിലും അവര് പറയുന്നത് മാത്രമേ ഞാൻ അനുസരിക്കാവൂ എന്ന് പറയുന്നത് എനിക്ക് ഉൾകൊള്ളാൻ തീരെ പറ്റുന്നില്ലമ്മേ. കല്യാണം കഴിഞ്ഞു പോകുന്ന വരെ അച്ഛൻ പറയുന്നതിനപ്പുറം പോകാൻ അമ്മ സമ്മതിക്കില്ല. കല്യാണം കഴിഞ്ഞപ്പോ ഭർത്താവും വീട്ടുകാരും പറയുന്നത് അനുസരിക്കണം. ഇതൊക്കെ എന്ന് മാറും അമ്മേ." പൂർണിമ അരിശത്തോടെ പറഞ്ഞു. "പക്വതയില്ലാത്ത പ്രായത്തിൽ ഇങ്ങനെ പലതും നിനക്ക് തോന്നും. കുറച്ചു കഴിഞ്ഞു കുഞ്ഞുങ്ങളൊക്കെ വരുമ്പോൾ നിന്റെയീ ചിന്തയൊക്കെ മാറി അവരാകും നിന്റെ ലോകം.

പിന്നെ പഠിക്കാൻ വിട്ട സമയം മര്യാദക്ക് പഠിച്ചിരുന്നെങ്കിൽ നിനക്ക് നല്ല ജോലി എന്തെങ്കിലും കിട്ടുമായിരുന്നല്ലോ." "പഠിക്കാൻ കഴിവില്ലാത്തത് ഒരു കുറവാണോ അമ്മേ? പഠിപ്പില്ലെങ്കിലും ഏത് ജോലി ചെയ്തും അന്തസ്സായി ജീവിക്കാം. അതൊന്നും പറഞ്ഞാൽ നിങ്ങളുടെ ആരുടെയും തലയിൽ കേറില്ല. എന്റെ പിള്ളേരെ ഞാനെന്തായാലും ഇങ്ങനെ അടിച്ചമർത്തി വളർത്തില്ല, നോക്കിക്കോ." "നിന്റെ പിള്ളേരെ നിന്റെ ഇഷ്ടം പോലെ വളർത്തിക്കോ. എന്റെ അച്ഛനും അമ്മയും എനിക്ക് പറഞ്ഞു തന്നിട്ടുള്ളതല്ലേ എനിക്കെന്റെ മക്കൾക്ക് പറഞ്ഞു തരാൻ പറ്റൂ. ഭർത്താവിന്റെ തണലിൽ ജീവിക്കുന്നതാണ് ഏതൊരു സ്ത്രീക്കും അഭിമാനവും സുരക്ഷയുമൊക്കെ. അല്ലാതെ തന്നിഷ്ടം കാട്ടി താലി കെട്ടിയവനെ കളഞ്ഞിട്ട് ഒറ്റയ്ക്ക് ജീവിക്കാമെന്ന് കരുതി ഇറങ്ങിതിരിച്ചാൽ സ്വന്തം ജീവിതം കുട്ടിച്ചോറാകും. അതുകൊണ്ട് നിന്റെ മനസ്സിൽ തോന്നുന്ന ദുഷിച്ച ചിന്തയൊക്കെ മാറ്റി വച്ച് അവൻ പറയുന്നത് അനുസരിച്ച് നല്ലൊരു ഭാര്യയായി മാറാൻ ശ്രമിക്കണം."

"അമ്മയുടെ ഉപദേശം കേട്ട് കേട്ട് എനിക്ക് തല പെരുക്കുന്നു." "നിന്റെ കണ്ട് ഇവളുമാർ പഠിക്കണ്ട. നാളെ ഇതുങ്ങൾ വേറെ വീട്ടിൽ ചെന്ന് കേറേണ്ടതാണ്." "നിങ്ങള് പഠിച്ച് ഒരു ജോലി വാങ്ങിയിട്ട് ഇഷ്ടപ്പെട്ട ആളെ കെട്ടിക്കോ. സ്വന്തമായി ജോലിയും വരുമാനവും ഉണ്ടെങ്കിലേ സ്വന്തം വീട്ടിൽ പോലും നമുക്കൊരു വിലയുണ്ടാവു." പൂർണിമ തന്റെ സഹോദരിമാരെ നോക്കി പറഞ്ഞു. "ഞങ്ങള് പഠിച്ച് ജോലി വാങ്ങിട്ടേ കല്യാണം കഴിക്കു ചേച്ചി. ഇപ്പൊത്തന്നെ ഓരോ ആവശ്യത്തിന് അച്ഛനോട് കാശ് ചോദിക്കുമ്പോ നൂറു ചോദ്യങ്ങൾ ചോദിച്ചിട്ടാ പൈസ തരുന്നത്. അപ്പഴേ ഞാൻ വിചാരിക്കും വീട്ടിൽ കുറച്ചു കുട്ടികളെ ട്യൂഷൻ എടുത്താലോന്ന്." ആലോചനയോടെ പ്രീതി പറഞ്ഞു. "അത് നല്ലതാ... കുറച്ചു പിള്ളേരെ പഠിപ്പിക്കാൻ കിട്ടിയാൽ നിനക്ക് നല്ലതല്ലേ." പൂർണിമ അവളെ പ്രോത്സാഹിപ്പിച്ചു. "പഠിപ്പിക്കാൻ കുട്ടികളെ കിട്ടുന്നുണ്ടോന്ന് ഞാൻ നോക്കുന്നുണ്ട് ചേച്ചി." പ്രീതിയുടെ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

"അമ്മേ... നരേട്ടൻ വീട്ടീന്ന് ഒന്നും കഴിക്കാതെയാ വന്നത്. അമ്മ വേഗം നരേട്ടന് എന്തെങ്കിലും കഴിക്കാൻ കൊടുക്ക്." "അയ്യോ... നരന് ഇവിടുത്തെ കറികളൊക്കെ ഇഷ്ടപ്പെടോടി?" ഗീത ആകുലതയോടെ അവളെ നോക്കി. "അമ്മയുണ്ടാക്കുന്ന കറികൾക്കൊക്കെ നല്ല രുചിയുണ്ടെന്ന് അന്ന് വിരുന്നിന് വന്നപ്പോ നരേട്ടൻ പറഞ്ഞതല്ലേ, പിന്നെന്താ പ്രശ്നം?" "അന്നത്തെ പോലെയാണോ ഇപ്പോ. ഇതൊക്കെ ഞാൻ പെട്ടെന്ന് തട്ടിക്കൂട്ടിയ കറികളാ. നിങ്ങള് ഇങ്ങോട്ട് വരുമെന്ന് നേരത്തെ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അച്ഛനെ പറഞ്ഞുവിട്ട് ചിക്കൻ വാങ്ങിപ്പിക്കാമായിരുന്നു." "അമ്മ എന്തുണ്ടാക്കിയാലും നല്ലതാ. അതുകൊണ്ട് ഉള്ളതെന്താണെന്ന് വച്ചാ അമ്മ എടുത്തോ." "നിനക്കെന്താ കഴിക്കാൻ വേണ്ടത്?" "എനിക്കിപ്പോ ഒന്നും വേണ്ടമ്മേ... വിശപ്പില്ല. ഞാൻ കുറച്ചുകഴിഞ്ഞ് കഴിച്ചോളാം." "നീ നരനെ അകത്തേക്ക് വിളിച്ചിരുത്ത്. അപ്പോഴേക്കും ഞാൻ ചോറും കറികളുമൊക്കെ വിളമ്പി വയ്ക്കാം." "എന്നാ ഞാൻ പോയി നരേട്ടനോട് കൈ കഴുകി ഇരിക്കാൻ പറയാം." പൂർണിമ സ്ലാബിൽ നിന്നെഴുന്നേറ്റു.

"പ്രവീണിനെ കൂടി വിളിച്ചോ. അവൻ കഴിക്കാൻ ഇരുന്നപ്പോഴാ നിങ്ങള് വന്നത്." ഗീത പറഞ്ഞത് കേട്ട് തലയനക്കി കൊണ്ട് പൂർണിമ ഉമ്മറത്തേക്ക് നടന്നു. നരേന്ദ്രനെ കഴിക്കാൻ വിളിക്കാനായി ചെല്ലുമ്പോൾ അവൻ ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു. "പൂർണമിയെ വീട്ടിൽ കൊണ്ട് വിട്ടോ?" "ആ... ഞാനിവിടെയാ ഉള്ളത്." "അവിടുന്ന് ഇറങ്ങിയാ നേരെ ഇങ്ങോട്ട് പോരേ." "ഞാൻ വരാം... പൂർണിമ എന്നെ തന്നെ നോക്കി നിൽക്കാ. ഞാൻ വയ്ക്കുവാ." നരേന്ദ്രൻ ധൃതിയിൽ കാൾ കട്ടാക്കി... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story