മാലയോഗം: ഭാഗം 23

malayogam shiva

രചന: ശിവ എസ് നായർ

"പൂർണമിയെ വീട്ടിൽ കൊണ്ട് വിട്ടോ?" "ആ... ഞാനിവിടെയാ ഉള്ളത്." "അവിടുന്ന് ഇറങ്ങിയാ നേരെ ഇങ്ങോട്ട് പോരേ." "ഞാൻ വരാം... പൂർണിമ എന്നെ തന്നെ നോക്കി നിൽക്കാ. ഞാൻ വയ്ക്കുവാ." നരേന്ദ്രൻ ധൃതിയിൽ കാൾ കട്ടാക്കി. "ആരാ നരേട്ടാ വിളിച്ചത്?" അവൻ അകത്തേക്ക് കയറി വന്നപ്പോൾ പൂർണിമ ചോദിച്ചു. "അമ്മയാ... നിന്നെ കൊണ്ട് വിട്ടോന്ന് ചോദിക്കാൻ വിളിച്ചതായിരുന്നു." "അച്ഛനും അമ്മയും വീട്ടിലെത്തിയോ?" "ആഹ്... അവരിപ്പോ എത്തിയിട്ടേയുള്ളൂ." "നരേട്ടൻ വരൂ... അമ്മ ഭക്ഷണം എടുത്ത് വച്ചിട്ടുണ്ട്." "നീ കഴിച്ചോ?" "ഞാൻ പിന്നെ കഴിച്ചോളാം. ഇപ്പൊ വിശപ്പില്ല... നരേട്ടൻ വേഗം കഴിച്ചിട്ട് ഇറങ്ങാൻ നോക്ക് സമയം വൈകിപ്പിക്കണ്ട. നാളെ ഓഫീസിൽ പോവാനുള്ളതല്ലേ." "ഞാൻ കൈകഴുകി വരാം." ഫോൺ പോക്കറ്റിലേക്ക് ഇട്ടുകൊണ്ട് നരേന്ദ്രൻ വാഷ് ബേസിന് അരികിലേക്ക് നടന്നു. അവൻ കൈകഴുകി വന്നിരുന്നപ്പോൾ ഗീത ഒരു പ്ളേറ്റ് നരേന്ദ്രന്റെ മുന്നിലേക്ക് നീക്കി വച്ച് ചോറും വിളമ്പി. പ്രവീണും അവന്റെയൊപ്പം കഴിക്കാനായി ഇരുന്നു.

"കറികളൊക്കെ കുറവാ മോനെ. നിങ്ങള് വരുന്ന വിവരം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും സ്പെഷ്യലായിട്ട് ഞാൻ ഉണ്ടാക്കി വച്ചേനെ." കറികൾ വിളമ്പുന്നതിനിടയിൽ ഗീത പറഞ്ഞു. "ഇത് തന്നെ ഒരുപാടില്ലേ അമ്മേ." "മോന് ഇഷ്ടപ്പെട്ടോ?" "അമ്മേടെ കൈപ്പുണ്യം ഒന്ന് വേറെ തന്നെയാ. എന്റെ അമ്മ ഉണ്ടാക്കുന്നതിനേക്കാൾ ടേസ്റ്റുണ്ട്." നരേന്ദ്രനത് ആത്മാർത്ഥമായിട്ടാണ് പറഞ്ഞത്. അത് കേട്ട് ഗീതയ്ക്ക് ഒത്തിരി സന്തോഷം തോന്നി. അവർ ഒരു ഗ്ലാസിൽ കുടിക്കാനുള്ള വെള്ളം പകർന്ന് അവന്റെ അടുത്തേക്ക് നീക്കി വച്ചു. നരേന്ദ്രൻ ആസ്വദിച്ചു കഴിക്കുന്നത് കണ്ട് പൂർണിമ അവന്റെ പ്ളേറ്റിലേക്ക് ഒന്നെത്തി നോക്കി. കുടം പുളിയിട്ട് കറി വച്ച മീൻ കറിയും വറുത്ത മീനും മുട്ട ഓംലറ്റും സാമ്പാറുമൊക്കെയുണ്ട്. ഓംലറ്റ് അമ്മ ഇപ്പൊ ഉണ്ടാക്കിയതായിരിക്കുമെന്ന് അവളൂഹിച്ചു.

"നിങ്ങളെല്ലാരും കഴിച്ചാരുന്നോ?" ഗീതയെയും പൂർണിമയുടെ അനിയത്തിമാരെയും നോക്കി അവൻ ചോദിച്ചു. "ഞങ്ങള് കുറച്ച് കഴിഞ്ഞേ കഴിക്കു. മോന് ഇത്തിരി കൂടി ചോറ് വിളമ്പട്ടെ." ഗീതയ്ക്ക് മരുമകനെ എത്ര ഊട്ടിയിട്ടും മതി വരുന്നുണ്ടായിരുന്നില്ല. "അയ്യോ... വേണ്ടമ്മേ. ഇപ്പൊത്തന്നെ വയറ് നിറഞ്ഞു." ഭക്ഷണം കഴിഞ്ഞ് ഒരു ഏമ്പക്കം വിട്ടുകൊണ്ട് നരേന്ദ്രൻ എഴുന്നേറ്റു പ്രവീണും കഴിച്ച് കഴിഞ്ഞ് കൈകഴുകാനായി എഴുന്നേറ്റ് പോയി. "പൂർണിമേ... നീ നരന് കൈ തുടയ്ക്കാൻ ടവൽ എടുത്തുകൊടുക്ക്." എച്ചിൽ പാത്രങ്ങളുമായി അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ ഗീത പറഞ്ഞു. അത് കേട്ടതും പൂർണിമ വേഗം മുറിയിലേക്ക് പോയി ഒരു വൃത്തിയുള്ള തോർത്തെടുത്ത് കൊണ്ട് വന്ന് നരേന്ദ്രന് കൊടുത്തു. അവനത് വാങ്ങി കൈയ്യും മുഖവും തുടച്ചിട്ട് നേരെ വരാന്തയിലേക്ക് പോയി. പൂർണിമയും അവനെ അനുഗമിച്ചു.

"ഇനി നിന്ന് നേരം കളയുന്നില്ല... ഞാനിറങ്ങട്ടെ." നരേന്ദ്രൻ എല്ലാവരെയും നോക്കി യാത്ര ചോദിച്ചു. "ചെല്ല് മോനെ... നേരം വൈകിക്കണ്ട." ശിവദാസൻ ക്ലോക്കിലേക്ക് നോക്കി. സമയമപ്പോൾ എട്ട് മണി കഴിഞ്ഞിരുന്നു. "പോയിട്ട് വരാം പൂർണിമ." നരേന്ദ്രനവളുടെ കരങ്ങൾ കവർന്നു. "എത്തിയിട്ട് വിളിക്കണേ..." പൂർണിമയുടെ കണ്ണുകൾ നിറഞ്ഞു. "അമ്മേ... ഞാനിറങ്ങാ... ചേട്ടൻ പോയിട്ട് വരാമേ." ഗീതയെയും അവരുടെ അരികിൽ നിന്നിരുന്ന പ്രീതിയെയും പാറുവിനെയും നോക്കി പറഞ്ഞ ശേഷം നരേന്ദ്രൻ കാറിനടുത്തേക്ക് നടന്നു. ശിവദാസനും പ്രവീണും അവനൊപ്പം ചെന്നു. "നരേട്ടാ... ശ്രദ്ധിച്ച് പോണേ." അളിയനോടുള്ള കരുതൽ പ്രവീണിന്റെ വാക്കുകളിൽ പ്രകടമായിരുന്നു. "അതൊക്കെ ഞാൻ നോക്കിക്കോളാം." നരേന്ദ്രൻ അവന്റെ തോളിലൊന്ന് തട്ടിയിട്ട് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു.

പൂർണിമയെ ഒന്ന് നോക്കി കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ് നരേന്ദ്രൻ കാർ സ്റ്റാർട്ട്‌ ചെയ്ത് ഓടിച്ചുപോയി. പ്രവീണും ശിവദാസനും ബിസിനസ്‌ കാര്യങ്ങൾ ചർച്ച ചെയ്ത് ഉമ്മറത്ത് തന്നെ ഇരുന്നപ്പോൾ പെണ്മക്കൾ മൂന്നുപേരും അമ്മയ്ക്ക് പിന്നാലെ അടുക്കളയിലേക്ക് നടന്നു. "മക്കളേ... കറികളൊക്കെ കുറവാ. നമക്ക് നാല് പേർക്കും കൂടി കഴിക്കാൻ ഇത് തികയൂല." മൂന്ന് പ്ളേറ്റിൽ മാത്രം കഷ്ടിച്ച് മീൻ കറിയുടെ ചാർ ഒഴിച്ചിട്ട് നിസ്സഹായതയോടെ ഗീത മൂവരെയും നോക്കി. "ഞാനീ ചട്ടിയിൽ ചോറിട്ട് കഴിച്ചോളാം അമ്മേ. എത്ര നാളായി മീൻ ചട്ടിയിൽ ചോറ് കഴിച്ചിട്ട്." തന്റെ പാത്രത്തിലുണ്ടായിരുന്ന ചോറ് ചട്ടിയിലേക്ക് എടുത്തിട്ട് പൂർണിമ അടുക്കള സ്ലാബിന് മുകളിൽ കയറി ഇരുന്നു. "നിനക്കിപ്പോഴും ഈ ശീലമൊന്നും മാറ്റാറായില്ലേ കൊച്ചേ." "നരേട്ടന്റെ വീട്ടിൽ ഇതൊന്നും നടക്കില്ലെന്ന് അമ്മയ്ക്കറിയാലോ. ഇവിടെ വരുമ്പോഴെങ്കിലും ഞാൻ ഞാനായിട്ട് തന്നെ ഇരുന്നോട്ടെ."

"ഇവിടെ വരുമ്പോഴെങ്കിലും ചേച്ചി ചേച്ചിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്തോട്ടമ്മേ." പ്രീതി തന്നെ സപ്പോർട്ട് ചെയ്ത് പറയുന്നത് കേട്ടപ്പോൾ പൂർണിമയുടെ മനസ്സ് നിറഞ്ഞു. അവൾ സ്നേഹത്തോടെ ഒരുരുള ചോറ് അനിയത്തിയുടെ വായിലേക്ക് വച്ചുകൊടുത്തു. അത് കണ്ട് എനിക്കും വേണോന്ന് പറഞ്ഞു കൊണ്ട് പാറുവും ചിണുങ്ങി. പൂർണിമ അവൾക്കും ഒരു ഉരുള നൽകി. പെണ്മക്കളുടെ പരസ്പരമുള്ള ഒത്തൊരുമയും സ്നേഹവും കണ്ട് ഗീതയുടെ മിഴികൾ ഈറനായി. ചേലത്തുമ്പിൽ കണ്ണും മൂക്കും തുടച്ചുകൊണ്ട് അവർ ഒരു പാത്രത്തിൽ തനിക്കുള്ള ഭക്ഷണവുമെടുത്ത് അടുക്കള തിണ്ണയിൽ ചെന്നിരുന്നു. 🍁🍁🍁🍁 രാത്രി പാത്രമെല്ലാം കഴുകി വച്ച് അടുക്കള ഒതുക്കി കിടക്കാനായി ഗീത മുറിയിലേക്ക് പോകുമ്പോൾ പൂർണിമയുടെ മുറിയിലേക്കൊന്ന് എത്തിനോക്കി. അവിടെ ചേച്ചിക്ക് ഇരുവശവും കിടന്ന് തങ്ങളുടെ സ്കൂൾ വിശേഷങ്ങൾ പറഞ്ഞിരിക്കുകയാണ് പ്രീതിയും പാറുവും.

"ഇവരെ വാചകമടി കേട്ടിരിക്കാതെ വേഗം കിടന്ന് ഉറങ്ങിക്കോ. ഗർഭിണികൾക്ക് രാത്രി നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ വയറ്റിൽ കിടക്കുന്ന കൊച്ചുങ്ങൾക്കാ അതിന്റെ കേട്." ശാസനയോടെ ഗീത പറഞ്ഞു. "മണി പതിനൊന്ന് ആയതല്ലേയുള്ളു. ഞങ്ങൾ കുറച്ചു കഴിഞ്ഞാൽ ഉറങ്ങിക്കോളാം. അമ്മ പോയി കിടന്നോ." പൂർണിമയാണ് മറുപടി പറഞ്ഞത്. "നരൻ വീട്ടിലെത്തിയോന്ന് നീ വിളിച്ച് ചോദിച്ചോ?" അമ്മയുടെ ചോദ്യം കേട്ടപ്പോഴാണ് താൻ നരേന്ദ്രനെ ഇതുവരെ വിളിച്ചിട്ടില്ലല്ലോന്നുള്ള കാര്യം അവളോർത്തത്. "അയ്യോ... നരേട്ടനെ വിളിക്കാൻ ഞാൻ മറന്നുപോയമ്മേ." പൂർണിമ മൊബൈൽ എടുത്ത് നരേന്ദ്രന്റെ കാൾ വന്നിട്ടുണ്ടോന്ന് നോക്കി. "അവനും നിന്നെ വിളിച്ചില്ലേ?" "ഒൻപത് മണിക്കൊരു കാൾ വന്നിട്ടുണ്ട്. ആ സമയം ഞാൻ അടുക്കളയിലായിരുന്നു. റിംഗ് ചെയ്യുന്നത് കേട്ടതുമില്ല..." "നീയൊന്ന് നരനെ തിരിച്ചുവിളിച്ച് നോക്ക്."

പൂർണിമ നരേന്ദ്രന്റെ നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും കാൾ കിട്ടുന്നുണ്ടായിരുന്നില്ല. "നരേട്ടൻ കാൾ എടുക്കുന്നില്ല." രണ്ട് തവണ വിളിച്ചിട്ടും അവൻ കാൾ അറ്റൻഡ് ചെയ്യാതായപ്പോ നിരാശയോടെ അവൾ മൊബൈൽ മേശപ്പുറത്തേക്ക് വച്ചു. "നരേട്ടനെ വിളിക്കാൻ നിക്കണ്ട. നിന്നെ വിളിച്ചിട്ട് എടുക്കാത്തോണ്ട് നരേട്ടൻ എന്നെ വിളിച്ചിരുന്നു. നരേട്ടൻ മുല്ലശ്ശേരിയിലെത്തിയപ്പോ ഒൻപത് മണിയായി. ആളിപ്പോ ഉറങ്ങിക്കാണും. ഇനി നാളെ വിളിച്ച മതി." കിടക്കാനായി തന്റെ മുറിയിലേക്ക് പോകുമ്പോൾ അമ്മയുടെയും പൂർണിമയുടെയും സംസാരം കേട്ട് പ്രവീൺ അവരോട് പറഞ്ഞു. "പ്രവിയെ വിളിച്ചു പറഞ്ഞ സ്ഥിതിക്ക് നീയിനി വിളിക്കാൻ നിക്കണ്ട. കിടന്നുറങ്ങാൻ നോക്ക്." മുറിയിലെ ലൈറ്റ് അണച്ച് വാതിലടച്ച് ഗീത അവരുടെ മുറിയിലേക്ക് പോയി. ഇരുളിൽ പൂർണിമയെയും കെട്ടിപ്പിടിച്ച് പ്രീതിയും പാറുവും കിടന്നു.

അനിയത്തിമാരെ ചേർത്ത് പിടിച്ചു അവളും കിടന്നു. "ചേച്ചി... ദേ വാവ അനങ്ങുന്നു." പൂർണിമയുടെ വയറ്റിൽ കൈ വച്ച് കിടന്നിരുന്ന പാറുവിന് കുഞ്ഞിന്റെ അനക്കം കയ്യിൽ തട്ടിയപ്പോ ആഹ്ലാദവും അമ്പരപ്പുമായി. "ചേച്ചി... ദേ ഇവിടേം വാവ അനങ്ങി." പ്രീതി അവളുടെ കൈത്തലം പൂർണിമയുടെ വയറിന് മുകളിലൂടെ മെല്ലെ ഓടിച്ചു. "ഇടയ്ക്കിടെ ഇതുപോലെ ചില അനക്കങ്ങൾ ഉണ്ടാവാറുണ്ട്." അവൾ അനിയത്തിമാരോട് പറഞ്ഞു. "ചേച്ചിക്ക് വേദനിക്കുന്നുണ്ടോ കുഞ്ഞുങ്ങൾ അനങ്ങുമ്പോൾ." പാറുവിന് സംശയം മാറുന്നുണ്ടായിരുന്നില്ല. "ഏയ്‌... വേദനയൊന്നുമില്ല. വയറ്റിനുള്ളിൽ ഒരു പൂമ്പാറ്റ പറക്കും പോലെയൊക്കെയാ തോന്നുന്നേ." പൂർണിമയുടെ സ്വരത്തിൽ തന്റെ കുഞ്ഞുങ്ങളോടുള്ള വാത്സല്യം കിനിഞ്ഞു. "എനിക്ക് വാവകളെ കാണാൻ കൊതിയായി ചേച്ചി. ചേച്ചി എപ്പഴാ പ്രസവിക്കണേ." പ്രീതി ചോദിച്ചു.

"ഇനിയൊരു മൂന്നുമാസം കൂടി കഴിഞ്ഞാൽ രണ്ടുപേരും ഇങ്ങ് വരില്ലേ." "പ്രസവത്തിന് ചേച്ചി ഇങ്ങോട്ട് വരില്ലേ?" പാറുവാണ്. "അറിയില്ല പാറു... അവരൊക്കെ സമ്മതിച്ചാലല്ലേ എനിക്കിങ്ങോട്ട് വരാൻ പറ്റു." "മൂന്നു മാസം കൂടി കഴിഞ്ഞാൽ ഞങ്ങൾക്ക് വെക്കേഷനാകുമല്ലോ. അപ്പോ ചേച്ചിക്ക് ഇങ്ങോട്ട് വരാൻ പറ്റിയില്ലെങ്കിൽ ഞങ്ങൾ അങ്ങോട്ട്‌ വന്ന് നിന്നോളാം." പ്രീതി ആ പ്രശ്നത്തിനും പരിഹാരം കണ്ടെത്തി. "ഇന്നത്തേക്ക് ഇനി ഇത്രേം മതി. ബാക്കി നമുക്ക് നാളെ സംസാരിക്കാം." ഉറങ്ങാനുള്ള തയ്യാറെടുപ്പോടെ പൂർണിമ പറഞ്ഞു. അതോടെ ഇരുവരും നിശബ്ദരായി കിടന്നു. കുറച്ചു സമയത്തിനുള്ളിൽ തന്നെ അനിയത്തിമാർ രണ്ടുപേരും ഉറക്കം പിടിച്ചെങ്കിലും പൂർണിമയ്ക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. പ്രീതി ചോദിച്ച ചോദ്യം വലിയൊരു ചോദ്യ ചിഹ്നമായി അവളുടെ മനസ്സിന്റെ സ്വസ്ഥത കെടുത്തുന്നുണ്ടായിരുന്നു. പൂർണിമ മേശപ്പുറത്ത് നിന്ന് മൊബൈൽ എടുത്ത് നരേന്ദ്രനെ വിളിച്ചു നോക്കി. പക്ഷേ നിരാശയായിരുന്നു ഫലം. ഓരോന്നോർത്ത് കിടന്ന് എപ്പോഴോ അവളും മയക്കത്തിലേക്ക് വീണു. 🍁🍁🍁🍁🍁

പോക്കറ്റിൽ കിടന്ന് മൊബൈൽ വൈബ്രേറ്റ് ചെയ്യുന്നതറിഞ്ഞ് നരേന്ദ്രൻ ഫോണെടുത്ത് നോക്കി. പൂർണിമയുടെ മുഖം ഡിസ്പ്ലേയിൽ തെളിഞ്ഞു കണ്ടതും അവൻ കാൾ അറ്റൻഡ് ചെയ്യാതെ മൊബൈൽ പോക്കറ്റിൽ തന്നെ ഇട്ടു. നരേന്ദ്രനപ്പോൾ ശ്രീകണ്ഠന്റെ സഹോദരി ശ്രീജമയുടെ വീട്ടിലായിരുന്നു. തന്റെ തോളിൽ ചാരി കിടന്ന് എങ്ങലടിച്ചു കരയുന്ന നയനയെ അവൻ വലത് കൈ കൊണ്ട് ചേർത്ത് പിടിച്ച് സമാധാനിപ്പിച്ച് കൊണ്ടിരുന്നു. "എന്താ നയനേ... ഇങ്ങനെ കൊച്ച് കുട്ടികളെ പോലെ. നീയിത് വരെ ഞാൻ ചോദിച്ചതിനൊന്നും ഉത്തരം പറഞ്ഞിട്ടില്ല. പൂർണിമയെ പോലും ഒഴിവാക്കിയാ ഞാൻ വന്നിരിക്കുന്നത്. ഇനിയെങ്കിലും കാര്യം പറയുന്നുണ്ടോ?" അവന്റെയാ ചോദ്യത്തിന് ഉത്തരമായി നയന ഒന്നുകൂടി അവനെ മുറുക്കി പിടിച്ചു. നരന്റെ നെഞ്ചിൽ മുഖമമർത്തി അവൾ എങ്ങലടക്കാൻ ശ്രമിച്ചു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story