മാലയോഗം: ഭാഗം 24

malayogam shiva

രചന: ശിവ എസ് നായർ

"എന്താ നയനേ... ഇങ്ങനെ കൊച്ച് കുട്ടികളെ പോലെ. നീയിത് വരെ ഞാൻ ചോദിച്ചതിനൊന്നും ഉത്തരം പറഞ്ഞിട്ടില്ല. പൂർണിമയെ പോലും ഒഴിവാക്കിയാ ഞാനിങ്ങോട്ട് വന്നിരിക്കുന്നത്. ഇനിയെങ്കിലും എന്റെ ക്ഷമ പരീക്ഷിക്കാതെ നീ കാര്യം പറയുന്നുണ്ടോ?" അവന്റെയാ ചോദ്യത്തിന് ഉത്തരമായി നയന ഒന്നുകൂടി അവന്റെ കയ്യിൽ മുറുക്കി പിടിച്ചു. പിന്നെ നരന്റെ നെഞ്ചിൽ മുഖമമർത്തി അവൾ വിങ്ങിപ്പൊട്ടി. "ഈ കല്യാണത്തിന് എനിക്കിഷ്ടമില്ലെന്ന് അമ്മയോട് ഞാനൊരു നൂറുവട്ടം പറഞ്ഞതാ നരേട്ടാ. എന്നിട്ടും എത്രയും പെട്ടെന്ന് എന്നെ കല്യാണം കഴിപ്പിച്ചു വിടാൻ അമ്മയ്ക്കായിരുന്നു കൂടുതൽ താല്പര്യം. എന്റെ സമ്മതം പോലും ചോദിക്കാതെ അമ്മ പയ്യന്റെ വീട്ടുകാർക്ക് വാക്ക് കൊടുത്തെന്ന് അറിഞ്ഞപ്പോ എനിക്ക് മരിച്ചാൽ മതിയെന്ന് തോന്നി." കരച്ചിലൊന്ന് അടങ്ങിയപ്പോൾ അവൾ പറഞ്ഞുതുടങ്ങി.

"എന്ത് കൊണ്ടാ നിനക്കിപ്പോ കല്യാണം വേണ്ടെന്ന് പറയുന്നത്. ആ റീസണാണ് ഇവിടെയെല്ലാവർക്കും അറിയേണ്ടത്." "നരേട്ടനെ ഞാൻ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടാണ്. കുഞ്ഞുന്നാൾ മുതൽ എന്റെ മനസ്സിൽ വേരുറച്ചുപോയ ആളെ അത്ര പെട്ടെന്ന് മറക്കാൻ എനിക്ക് കഴിയുമെന്ന് നരേട്ടന് തോന്നുന്നുണ്ടോ? നരേട്ടന്റെ വിവാഹം കഴിഞ്ഞ നിമിഷം മുതൽ ഞാനെല്ലാം മറക്കാൻ ശ്രമിച്ച് തുടങ്ങിയതാ. പക്ഷേ എല്ലാം അറിയുന്ന അമ്മ തന്നെ എന്റെ വിവാഹത്തിന് തിടുക്കം കൂട്ടി. മറ്റൊരു പുരുഷനെ മനസ്സ് കൊണ്ട് അംഗീകരിക്കാൻ എനിക്ക് കുറച്ചു സമയം ആവശ്യമായിരുന്നു. അതിന് സമ്മതിക്കാതെ എല്ലാവരോടുമുള്ള ദേഷ്യവും വാശിയും തീർക്കാൻ എന്റെ ഇഷ്ടം പോലും നോക്കാതെ ആരെയെങ്കിലും കൂടെ കെട്ടിച്ചു വിട്ടാൽ എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയുമോ? നരേട്ടൻ തന്നെ പറയ്യ്."

നയനയുടെ വാക്കുകൾ കേട്ട് ഒരു നിമിഷത്തേക്കെങ്കിലും അവൻ പകച്ചുപോയി. അവൻ പെട്ടെന്ന് വാതിൽക്കലേക്ക് നോക്കിയപ്പോൾ ശ്രീജയും യമുനയും അവിടെ നിൽക്കുന്നത് കണ്ടു. നയന പറയുന്നതൊക്കെ അവർ കേൾക്കുന്നുണ്ടെന്ന് മനസ്സിലായ നരേന്ദ്രൻ വേഗം ചെന്ന് ഡോർ അടച്ചു. "കൗമാര പ്രായത്തിൽ നമുക്ക് തോന്നിയൊരു ഇഷ്ടത്തിൽ കുടുങ്ങി കിടക്കുകയാണോ നിന്റെ മനസ്സിപ്പോഴും. എന്റെ അച്ഛനും അമ്മയ്ക്കും നമ്മൾ കല്യാണം കഴിച്ച് കാണുന്നത് ഇഷ്ടമില്ലെന്ന് അറിഞ്ഞപ്പോൾ തന്നെ നമ്മളതിൽ നിന്നും പിന്മാറിയില്ലേ. അന്നേ നമ്മൾ തമ്മിൽ പരസ്പര ധാരണയിലെത്തി നിനക്ക് വ്യക്തമാക്കി തന്നതല്ലേ ഞാൻ. അന്ന് അതൊക്കെ തലയനക്കി സമ്മതിച്ചതല്ലേ നീ." "അതൊക്കെ ഞാൻ സമ്മതിക്കുന്നു നരേട്ടാ. ഒന്നും ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ... ഓർമ്മവച്ച നാൾ മുതൽ നരേട്ടൻ എനിക്കുള്ളതാണെന്നുള്ള അമ്മയുടെ വാക്കുകൾ കേട്ട് വളർന്നതാണ് ഞാൻ. പിന്നീട് സ്കൂൾ വെക്കേഷൻ സമയത്ത് നമ്മൾ കസിൻസ് എല്ലാവരും മുല്ലശ്ശേരിയിൽ ഒരുമിച്ച് കൂടുമ്പോൾ ഞാൻ പോലുമറിയാതെ എന്റെ മനസ്സ് നരേട്ടനെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നു.

പിന്നീടൊരിക്കൽ നരേട്ടൻ തന്നെ എന്നോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ നരേട്ടനോടുള്ള ഇഷ്ടം ഞാനും വെളിപ്പെടുത്തി. എത്ര മാത്രം ആഴത്തിലാണ് നരേട്ടൻ എന്റെയുള്ളിൽ വേരുറച്ചു പോയതെന്ന് എനിക്കറിയില്ല. എനിക്ക് നിങ്ങളെ എന്റെ ജീവനക്കാളേറെ ഇഷ്ടമാണ് നരേട്ടാ. ഇനിയിതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം. നരേട്ടന്റെ വീട്ടിൽ ആർക്കും നമ്മുടെ ബന്ധം ഇഷ്ടപ്പെടില്ലെന്ന് അറിഞ്ഞ് പണ്ടേ നരേട്ടൻ പിന്മാറിയതാണ്. പക്ഷേ എന്റെ മനസ്സ് നരേട്ടനെ ചുറ്റിപ്പറ്റി മാത്രമായിരുന്നു. പൂർണിമയുമായുള്ള നാരേട്ടന്റെ വിവാഹം കഴിഞ്ഞപ്പോഴാണ് നരേട്ടനെ നഷ്ടപ്പെട്ടതോർത്ത് ഞാൻ വേദനിക്കാൻ തുടങ്ങിയത്. എന്റെ മനസ്സിലിപ്പോൾ വല്ലാത്തൊരു നഷ്ടബോധമാണ്." "നീയിത് എന്തൊക്കെ വിഡ്ഢിത്തമാണ് നയനേ പറയുന്നത്. ഇതെല്ലാം മറന്ന് മൂവ് ഓൺ ആകണമെന്ന് പറഞ്ഞിട്ട് നീയിപ്പോഴും എല്ലാം മനസ്സിലിട്ട് നടക്കുവാണോ. പൂർണിമ എങ്ങാനും ഇതറിഞ്ഞാൽ എന്താ ഉണ്ടാവാൻ

പോവുന്നതെന്ന് പോലുമറിയില്ല. പണ്ടെപ്പോഴോ എനിക്ക് നിന്നോട് ചെറിയൊരു ഇഷ്ടമുണ്ടായിരുന്നെന്നും ഇപ്പൊ അങ്ങനെയൊന്നുമില്ലെന്നുമാണ് ഞാനവളോട് പറഞ്ഞിട്ടുള്ളത്." "മുൻപ് നരേട്ടനെന്നെ ഇഷ്ടമായിരുന്നു പിന്നെ യമുന മാമിക്കും ശ്രീകണ്ഠൻ മാമനും ഇഷ്ടമല്ലെന്ന് അറിഞ്ഞല്ലേ എന്നെ ഒഴിവാക്കിയത്." "എന്തുകൊണ്ടാ അവർക്ക് ഇഷ്ടക്കേട് ഉണ്ടായതെന്ന് നിനക്കറിയാലോ. രക്തബന്ധത്തിൽ നിന്ന് വിവാഹം കഴിച്ചാൽ ജനിക്കാൻ പോകുന്ന കുട്ടികൾക്ക് ജനിതക വൈകല്യങ്ങൾ ഉണ്ടാകാനുള്ള ചാൻസ് വളരെ കൂടുതലാണ്. നിന്നെ സ്നേഹിക്കുന്ന സമയത്ത് അതിനെക്കുറിച്ച് എനിക്ക് യാതൊരു അറിവുമില്ലായിരുന്നു. പിന്നെ എല്ലാം അറിഞ്ഞപ്പോൾ പരസ്പരം നമ്മളതേക്കുറിച്ച് സംസാരിച്ച് എല്ലാം വിട്ടതല്ലേ. എന്നിട്ടും നീയതിൽ നിന്ന് ഇതുവരെ മൂവ് ഓൺ ആയിട്ടില്ലേ നയനാ?" നരേന്ദ്രന്റെ സ്വരത്തിൽ അമർഷം കലർന്നിരുന്നു. "നരേട്ടന് ഒരുപക്ഷേ എല്ലാം ഈസിയായി മറക്കാൻ കഴിഞ്ഞിട്ടുണ്ടാവും. അതുകൊണ്ടാണല്ലോ പൂർണിമയെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നത്.

എന്ന് നമ്മളെല്ലാം പറഞ്ഞവസാനിപ്പിച്ചോ അന്ന് മുതൽ ഞാൻ മൂവ് ഓൺ ആകാൻ ശ്രമിക്കുന്നതാണ് നരേട്ടാ. എല്ലാമൊന്ന് മറക്കാൻ വേണ്ടി കൂടിയാണ് ഞാൻ പിജി ചെയ്യാൻ ഡൽഹി പോലും ചൂസ് ചെയ്തത്. പക്ഷേ..." പറഞ്ഞുവന്നത് നിർത്തി നയന അവനെയൊന്ന് നോക്കി. അവളുടെ ആ നോട്ടത്തെ നേരിടാൻ കഴിയാനാവാതെ നരേന്ദ്രൻ തന്റെ നോട്ടം അവളിൽ നിന്നും മാറ്റി. "നീയെന്താ പറഞ്ഞു വരുന്നത്?" "ഒരു പെണ്ണിന് അവളെ, പ്രേമത്തോടെ ആദ്യമായി സമീപിച്ച, അവളിലെ പെണ്ണിനെ തൊട്ടുണർത്തിയ പുരുഷനെ എങ്ങനെ മറക്കാനാകും നരേട്ടാ? എന്റെ ശരീരത്തിൽ ആദ്യമായി സ്പർശിച്ച, എന്നെ ആദ്യമായി ചുംബിച്ച, എന്നിലെ വികാരങ്ങളെ പുറത്ത് കൊണ്ട് വന്ന പുരുഷൻ അത് നരേട്ടനല്ലേ... അപ്പോപ്പിന്നെ എനിക്കെല്ലാം പെട്ടെന്ന് മറക്കാനാവുമോ? നരേട്ടന്റെ വിവാഹ ദിവസം ചങ്ക് തകർന്നാ എല്ലാവർക്കും മുൻപിൽ ഞാൻ ചിരിച്ചു നിന്നത്. എന്നെ ചുംബിച്ച ചുണ്ടുകൾ കൊണ്ടല്ലേ നരേട്ടനവളെ ചുംബിച്ചത്.

എന്നെ തൊട്ട് തലോടി തഴുകിയ കൈകളല്ലേ അവളെയും തലോടിയത്. ഇതൊക്കെ ഓർത്ത് എത്ര രാത്രികളിൽ എനിക്ക് ഭ്രാന്ത് പിടിച്ചിട്ടുണ്ടെന്ന് നരേട്ടനറിയില്ല." അവൾ കിതപ്പോടെ പറഞ്ഞു. "നയനേ... നീയെന്തിനാണിപ്പോ വേണ്ടാത്ത കാര്യങ്ങളൊക്കെ എടുത്തിടുന്നത്. പരസ്പരം സ്നേഹിക്കുന്നവർക്കിടയിൽ സംഭവിക്കുന്നതൊക്കെയേ നമുക്കിടയിലും നടന്നിട്ടുള്ളു. ഒരിക്കൽ എനിക്ക് മുന്നിൽ നീ സ്വയം സമർപ്പിക്കാൻ നിന്നിട്ട് കൂടി അതിരുകൾ ഭേദിച്ച് നിന്നെ ഞാനൊന്നും ചെയ്തിട്ടില്ല. നമ്മുടെ പ്രായത്തിന്റെ എടുത്ത് ചാട്ടം കൊണ്ടും അവസരങ്ങൾ ഒത്തുവന്നത് കൊണ്ടും മാത്രമാണ് ചില സ്വകാര്യ നിമിഷങ്ങൾ നമുക്കിടയിൽ സംഭവിച്ചുപോയത്. അതൊക്കെ ഓർത്തിരുന്നാൽ മുന്നോട്ട് ജീവിക്കാൻ പറ്റുമോ? ഒരു പെണ്ണിന് വേണ്ട പരിശുദ്ധി നിനക്കില്ലേ. പിന്നെന്തിനാണ് നയനേ നിനക്ക് ആവശ്യമില്ലാത്ത ഇത്തരം ചിന്തകൾ?" നരേന്ദ്രനിൽ അസ്വസ്ഥത പ്രകടമായിരുന്നു. "നരേട്ടൻ എത്ര നിസ്സാരമായി ഇതെല്ലാം പറഞ്ഞു. എനിക്ക് പക്ഷേ ഇതൊക്കെ മറക്കാൻ കുറച്ചു സമയം ആവശ്യമാണ് നരേട്ടാ. മനസ്സുകൊണ്ടും ശരീരം കൊണ്ടും അത്രമേൽ അടുപ്പം നരേട്ടനോട് ഉണ്ടായത് കൊണ്ട് മറ്റൊരാളെ ആ സ്ഥാനത്തേക്ക് ഉടനെ ചിന്തിക്കാനും എനിക്ക് കഴിയുന്നില്ല."

"സമയം എത്ര വേണോ എടുത്തോ നീ. പക്ഷേ ഇതെല്ലാം മറന്ന് വേണം പുതിയൊരു ജീവിതത്തിലേക്ക് പോകാൻ. അമ്മായിയോട് നിനക്കുടനെ വിവാഹം നോക്കണ്ടെന്ന് ഞാൻ പറയുന്നുണ്ട്. പിന്നെ നമ്മുടെ പഴയ റിലേഷനെ കുറിച്ച് പൂർണിമ ഒരിക്കലും അറിയാനിട വരരുത്. എങ്കിൽ പിന്നെ ഒരിക്കൽ പോലും അവളുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ എനിക്ക് കഴിയില്ല." "ഞാനായിട്ട് പൂർണിമയോട് ഒന്നും പറയില്ല. നമ്മൾ തമ്മിൽ ഇഷ്ടത്തിലായിരുന്ന കാര്യം നമ്മുടെ വീട്ടുകാർക്ക് മാത്രമല്ലെ അറിയൂ. അതവർ അവളോട് പറയാൻ പോണില്ല. എങ്ങാനും എന്റെ അമ്മയുടെ വായിൽ നിന്ന് വീണ് പോയാലോന്നു കരുതി, നിങ്ങളുടെ കല്യാണം കഴിഞ്ഞ ദിവസം രാത്രി എനിക്ക് നരേട്ടനോട് ചെറിയൊരു ക്രഷ് ഉണ്ടായിരുന്നുവെന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു. പിന്നെ നമ്മുടെ ബന്ധം നടത്താൻ യമുനമ്മായിക്കൊന്നും താല്പര്യമില്ലാത്തത് കൊണ്ട് അതങ്ങ് വിട്ടുവെന്നും പറഞ്ഞു." "അതേതായാലും നന്നായി... ഞാനും അവളോട് അങ്ങനെയാ പറഞ്ഞത്.

നമ്മളൊരുമിച്ച് നിന്നെടുത്ത ഫോട്ടോസൊക്കെ നിന്റെ ഫോണിൽ ഇപ്പോഴുമുണ്ടെങ്കിൽ ഡിലീറ്റ് ചെയ്ത് കളഞ്ഞേക്കണം. എന്റെ ഓർമ്മയ്ക്കെന്നും പറഞ്ഞു അതൊന്നും ഫോണിൽ സൂക്ഷിച്ചുകൊണ്ട് നടക്കരുത്." അത് കേട്ടതും നയനയുടെ മുഖം വിളറിപ്പോയി. "നരേട്ടാ ഞാൻ.... എന്റെ ഫോണിൽ നിന്ന് ആരും അതൊന്നും കാണില്ല. ആ ഉറപ്പ് ഞാൻ തരാം. ഇടയ്ക്കൊക്കെ എനിക്കൊന്ന് ഓർക്കാൻ അതല്ലേ ഉള്ളു... അത്‌ കൂടി കളയാൻ എന്നോട് പറയരുത്." "നിനക്കിത്ര ബുദ്ധിയില്ലേ പെണ്ണെ. എന്റെ കല്യാണം കഴിഞ്ഞതാണ്. വൈകാതെ തന്നെ നിന്റെ കല്യാണവും കഴിയും.

അങ്ങനെയൊരു സാഹചര്യത്തിൽ നമ്മൾ തമ്മിൽ ഇങ്ങനെയൊരു റിലേഷൻ ഇത്രത്തോളം വൾഗറായി ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും അറിഞ്ഞാലുള്ള അവസ്ഥ എനിക്ക് ചിന്തിക്കാൻ കൂടി വയ്യ. മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്ത് കരുതും.?" "ഒരിക്കൽ നമ്മൾ എൻജോയ് ചെയ്തിരുന്നതൊക്കെ നരേട്ടനിപ്പോ വൾഗറായി തോന്നുന്നല്ലേ." നയനയുടെ മിഴികൾ സജലമായി. "പ്രായത്തിന്റെ പക്വതയില്ലായ്മയിൽ കാട്ടിക്കൂട്ടിയതോർത്ത്‌ എനിക്ക് നല്ല പശ്ചാതാപമുണ്ട് നയനാ. നീ നിന്റെ ഫോണിങ് തന്നേ... നോക്കട്ടെ." നരേന്ദ്രൻ അവളുടെ മൈബൈൽ ആവശ്യപ്പെട്ടു. ഒന്ന് മടിച്ചു നിന്ന ശേഷം നയന മനസ്സില്ലാ മനസ്സോടെ തന്റെ മൊബൈൽ അവന് കൈമാറി. അവളെക്കൊണ്ട് പ്രൈവസി പാസ്സ്‌വേർഡ്‌ മാറ്റി ഗാലറി തുറന്ന നരേന്ദ്രൻ ഒരു നിമിഷം ഞെട്ടലോടെ നയനയെ ഒന്ന് നോക്കി... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story