മാലയോഗം: ഭാഗം 25

malayogam shiva

രചന: ശിവ എസ് നായർ

"പ്രായത്തിന്റെ പക്വതയില്ലായ്മയിൽ കാട്ടിക്കൂട്ടിയതോർത്ത്‌ എനിക്ക് നല്ല പശ്ചാതാപമുണ്ട് നയനാ. അതുകൊണ്ട് അതൊക്കെ ഓർത്ത് പുളകം കൊണ്ട് നടക്കാൻ എനിക്ക് പറ്റില്ല. നീ നിന്റെ ഫോണിങ് തന്നേ... ഞാൻ നോക്കട്ടെ." നരേന്ദ്രൻ അവളുടെ മൈബൈൽ തരാനാവശ്യപ്പെട്ടു. ഒന്ന് മടിച്ചു നിന്ന ശേഷം നയന മനസ്സില്ലാ മനസ്സോടെ തന്റെ മൊബൈൽ അവന് കൈമാറി. അവളെക്കൊണ്ട് പ്രൈവസി പാസ്സ്‌വേർഡ്‌ മാറ്റി ഗാലറി തുറന്ന നരേന്ദ്രൻ ഒരു നിമിഷം ഞെട്ടലോടെ നയനയെ ഒന്ന് നോക്കി. അവർ സ്നേഹിച്ചിരുന്ന സമയത്ത് പരസ്പരം കെട്ടിപിടിച്ച് നിൽക്കുന്നതും ഇരുവരും ചുംബിക്കുന്നതുമായ പോസിലുള്ള ഒട്ടനവധി ഫോട്ടോകൾ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു നയനയുടെ ഫോൺ ഗാലറി. "ഛെ... ഇതെന്താ നയനേ ഞാനീ കാണുന്നത്? ഇതൊക്കെ ആരെങ്കിലും കണ്ടിരുന്നെങ്കിലോ??" അവന്റെ മിഴികൾ കോപം കൊണ്ട് ജ്വലിക്കുന്നത് കണ്ട് അവൾ തെല്ലൊന്ന് ഭയന്നു. "നരേട്ടാ... ഞാൻ... എന്റെ ഫോൺ ആർക്കും കൊടുക്കാറില്ല നരേട്ടാ... പാസ്സ്‌വേർഡും ആർക്കും അറിയില്ല..."

"ഇതൊന്നും കണ്ട് പിടിക്കാൻ വലിയ പാടൊന്നുമില്ല. ഏതെങ്കിലും സേഫ് ഫോൾഡറിലാണെങ്കിൽ പിന്നും പോട്ടെന്നു വയ്ക്കായിരുന്നു. ഇത് മൈൻ എന്ന് ഫോൾഡർ ഉണ്ടാക്കി എല്ലാം സൂക്ഷിച്ചു വച്ചേക്കുന്നു." "അതൊന്നും ഡിലീറ്റ് ചെയ്യരുത് നരേട്ടാ... പ്ലീസ്... ഇടയ്ക്കൊക്കെ എനിക്കോർത്ത് സമാധാനിക്കാൻ അതേയുള്ളു എന്റെ കയ്യിൽ." "നിനക്ക് മുഴുത്ത ഭ്രാന്താ. ഏതെങ്കിലും ഒരവസരത്തിൽ ആരെങ്കിലുമൊരാൾ കണ്ടാൽ പോരേ ആകെ നാണക്കേടാവാൻ. അല്ലേലും നിന്നോടിപ്പോ എന്ത് പറഞ്ഞാലും തലയിൽ കേറില്ലല്ലോ. ഇനിയീ ഫോൺ നീ ഉപയോഗിക്കണ്ട. നിനക്ക് ഞാൻ വേറെ വാങ്ങി തരുന്നുണ്ട്. അല്ലെങ്കിൽ ഞാനീ ഫോട്ടോസൊക്കെ ഡിലീറ്റ് ചെയ്താലും നീ ബാക്കപ്പ് ചെയ്തെടുക്കും." നരേന്ദ്രന്റെ വാക്കുകൾ കേട്ട് അവസാന പ്രതീക്ഷയും അസ്തമിച്ച് ദുഃഖ ഭാരത്തോടെ അവൾ മുഖം കുനിച്ചു. "നരേട്ടന് ഒരു പക്ഷേ പ്രായത്തിന്റെ പക്വതയില്ലായ്മയിൽ തോന്നിയൊരു ഇഷ്ടമായത് കൊണ്ട് എല്ലാം പെട്ടെന്ന് മറക്കാൻ പറ്റി. പക്ഷേ എനിക്ക് നരേട്ടനോട് പ്രായത്തിന്റെ ചാപല്യത്തിൽ തോന്നിയൊരു ഇഷ്ടമല്ല.

അതുകൊണ്ടാ എനിക്കിപ്പോഴും ഒന്നുമങ്ങോട്ട് പൂർണമായും ഉൾകൊള്ളാൻ കഴിയാത്തത്." "ഇപ്പൊ നിനക്കെങ്ങനെയൊക്കെ തോന്നും നയനാ. ഒരു ജോലിയൊക്കെ കിട്ടി ലൈഫ് കുറച്ചു ബിസിയാകുമ്പോ നിനക്കിതൊക്കെ മറക്കാൻ കഴിയും." "എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല നരേട്ടാ... നരേട്ടനെ കാണുമ്പോൾ എനിക്ക് വല്ലാത്തൊരു നഷ്ടബോധം തോന്നുന്നു. ഒരുപക്ഷേ ഞാൻ നരേട്ടന്റെ മുറപ്പെണ്ണ് അല്ലായിരുന്നെങ്കിൽ നരേട്ടൻ എന്നെത്തന്നെ വിവാഹം ചെയ്യില്ലാരുന്നോ. പൂർണിമയോട് നരേട്ടനിത് പറയുന്നത് ഞാൻ കേട്ടതാ. അപ്പോൾ മുതലാ മറക്കാൻ ശ്രമിച്ച ഓരോന്നും എന്റെ മനസ്സിലങ്ങനെ തികട്ടി വരുന്നത്." കൈകൾ കൊണ്ട് മുഖം പൊത്തി നയന പൊട്ടിക്കരഞ്ഞു. അവളുടെ കരച്ചിൽ കണ്ടപ്പോൾ നരേന്ദ്രനും എന്തെന്നില്ലാത്ത സങ്കടം തോന്നി. "ജീവിതം ഇങ്ങനെയാണ് നയനാ. വീട്ടുകാരെ എതിർത്ത് നമുക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയുമായിരുന്നില്ലല്ലോ. മാത്രമല്ല എല്ലാരേം വെറുപ്പ് ഏറ്റു വാങ്ങി നമ്മൾ വിവാഹം കഴിച്ചിട്ട് ഒടുവിൽ നമുക്ക് ജനിക്കുന്ന കുഞ്ഞിന് എന്തെങ്കിലും ജനിതക രോഗങ്ങൾ വന്നിരുന്നെങ്കിൽ അതെനിക്ക് താങ്ങാൻ കഴിയില്ലായിരുന്നു.

അമ്മയുടെ ഫാമിലിയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടാണ് അമ്മ നമ്മുടെ ബന്ധത്തെ സപ്പോർട്ട് ചെയ്യാതിരുന്നത്." നരേന്ദ്രനവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. "അതൊക്കെ എനിക്ക് മനസ്സിലാവും നരേട്ടാ. പക്ഷേ എന്തോ എന്റെ മനസ്സിനെ നിയന്ത്രിക്കാൻ എനിക്ക് കഴിയുന്നില്ല." "അതൊക്കെ നിനക്ക് പറ്റും. എന്റെ മനസ്സിലിപ്പോ നീയില്ല നയനേ. എന്റെ മനസ്സ് നിറയെ ഇപ്പൊ പൂർണിമയും ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളുമാണ്. നീയിങ്ങനെ നശിക്കുന്നത് കണ്ടാൽ എനിക്ക് സഹിക്കില്ല. ഞാൻ കൂടി കാരണമാണല്ലോ നീയിങ്ങനെ ആയിപ്പോയതെന്നോർത്ത് എന്റെ സമാധാനവും നഷ്ടപ്പെടും." അസ്വസ്ഥതയോടെ നരേന്ദ്രൻ കട്ടിലിലേക്ക് ഇരുന്നു. അവന്റെ മനസ്സപ്പോ നയനയുമൊത്തുള്ള തങ്ങളുടെ പ്രണയകാലം ഓർത്തെടുക്കുകയായിരുന്നു. നരേന്ദ്രൻ അന്ന് എഞ്ചിനീയറിംഗ് കഴിഞ്ഞു നിൽക്കുന്ന സമയം. അവന് ഇരുപത്തി മൂന്നും നയനയ്ക്ക് പതിനെട്ട് വയസ്സും പ്രായം. നയനയുടെ ചെറുപ്പം മുതലേ സ്കൂൾ വെക്കേഷൻ തുടങ്ങുന്ന മാസങ്ങളിൽ എല്ലാ വർഷവും മുല്ലശ്ശേരിയിൽ വന്ന് നിൽക്കാറുള്ളത് പതിവാണ്.

ആ വരവ് നയനയും നരേന്ദ്രനും തമ്മിൽ പരസ്പരമൊരു പ്രണയം ഉടലെടുക്കാൻ കാരണമായി തീർന്നു. ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞിട്ടില്ലെങ്കിലും ഇരുവർക്കും അതറിയാം. പിന്നീട് അത് തുറന്ന് പറയുന്നത് നരേന്ദ്രൻ എഞ്ചിനീയറിംഗ് കഴിഞ്ഞു നിൽക്കുന്ന സമയത്താണ്. സമയവും സാഹചര്യവുമെല്ലാം അവർക്ക് അനുകൂലമായിരുന്നത് കൊണ്ട് പ്രായത്തിന്റെ പക്വതയില്ലായ്മയിൽ അവർ തമ്മിൽ ശാരീരികമായി ഒരുപാട് അടുത്തിരുന്നു. അതിരുകൾ ഭേദിച്ചില്ലെങ്കിൽ കൂടിയും നരേന്ദ്രനും നയനയും തങ്ങൾക്ക് പങ്കിടാൻ വീണ് കിട്ടുന്ന സ്വകാര്യ നിമിഷങ്ങൾ മാക്സിമം വിനിയോഗിക്കുകയും എൻജോയ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് നരേന്ദ്രന് വിവാഹമാലോചിച്ചു തുടങ്ങിയപ്പോൾ നയന വഴി ഇരുവരും ചെറിയൊരു ഇഷ്ടമുണ്ടെന്ന് സൂചന കിട്ടിയ ശ്രീജ അവരുടെ കല്യാണകാര്യം ശ്രീകണ്ഠനും യമുനയ്ക്കും മുന്നിൽ അവതരിപ്പിച്ചു.

പക്ഷേ ആ ബന്ധത്തെ യമുന നഖശിഖാന്തം എതിർത്തു. അച്ഛന്റെയും അമ്മയുടെയും എതിർപ്പും അതിനുള്ള കാരണവും അറിഞ്ഞ നരേന്ദ്രൻ നയനയെ പറഞ്ഞു മനസ്സിലാക്കി ആ റിലേഷൻ അതോടെ കട്ടാക്കി. ഇരുവരും തമ്മിൽ ചെറിയൊരു ഇഷ്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന ധാരണയിലായിരുന്നു ഇതുവരെ ഇരു കുടുംബവും വിചാരിച്ചിരുന്നത്. പക്ഷേ ഇപ്പൊ നയനയുടെ ആത്മഹത്യാ ശ്രമത്തിലൂടെ അവൾക്കവനോട് ഉണ്ടായിരുന്ന സ്നേഹത്തിന്റെ ആഴം എത്രത്തോളമാണെന്ന് രണ്ട് വീട്ടുകാരും തിരിച്ചറിഞ്ഞു കഴിഞ്ഞു. കുറച്ചുസമയത്തേക്ക് ഇരുവരും ഒന്നും മിണ്ടിയതേയില്ല. നരേന്ദ്രന്റെ മൗനം നയനയെ വല്ലാതെ വേദനിപ്പിച്ചു. അവളുടെ ഏങ്ങലടികൾ മുറിയിലെ നിശബ്ദതയെ ഭേദിച്ച് കൊണ്ടിരുന്നു. "നയനാ... പ്ലീസ്... നീയിങ്ങനെ സങ്കടപ്പെടുന്നത് കാണുമ്പോൾ എനിക്ക് സഹിക്കുന്നില്ല. ഒക്കെ അവസാനിപ്പിച്ചിട്ട് തന്നെ വർഷം മൂന്ന് കഴിഞ്ഞു.

എന്നിട്ടും നീയിതുവരെ മാറാത്തതെന്താ. ഇതൊക്കെയാണ് ലൈഫ്. നമ്മൾ ആഗ്രഹിച്ചത് തന്നെ നമുക്ക് കിട്ടണമെന്നുണ്ടോ? എനിക്ക് അച്ഛനും അമ്മയും കണ്ടെത്തി തന്ന ലൈഫിൽ ഞാൻ പൂർണ്ണ സന്തോഷവാനായി ജീവിക്കുന്നില്ലേ. അപ്പോപ്പിന്നെ നിനക്കും അത് പറ്റും." "നരേട്ടാ... ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ചു തരുമോ?" നയനയുടെ മിഴികൾ അപേക്ഷയോടെ അവനെ നോക്കി. അതിന് മറുപടിയായി നരേന്ദ്രനോട് ചേർന്ന് നിന്ന് നയന അവനെ ഇറുക്കി കെട്ടിപിടിച്ചു. 🍁🍁🍁🍁🍁 "അന്നേ നാത്തൂനോട് ഞാൻ പറഞ്ഞതല്ലേ പിള്ളേരെ ഇഷ്ടം നടത്തി കൊടുക്കാൻ. പക്ഷേ ഏട്ടത്തി സമ്മതിച്ചില്ലല്ലോ. അതുകൊണ്ടാ എന്റെ മോളിപ്പോ കണ്ണീര് കുടിക്കേണ്ടി വന്നത്. നരനാണെങ്കിൽ സുഖ ജീവിതവും." പരിഭവത്തോടെയുള്ള ശ്രീജയുടെ വാക്കുകൾ കേട്ട് യമുന വല്ലായ്മയോടെ ഭർത്താവിനെ നോക്കി. "ഇതിലിത്ര സങ്കടപ്പെടാനെന്താ ശ്രീജേ. പിള്ളേർക്ക് അവരുടെ ഇളം പ്രായത്തിൽ ഇങ്ങനെ പലതും തോന്നുന്നത് സ്വാഭാവികം മാത്രമാണ്. അത് തെറ്റാണെങ്കിൽ പറഞ്ഞു തിരുത്തേണ്ടത് മുതിർന്നവരുടെ കടമയാണ്.

അതല്ലേ ഞാനും യമുനയും ചെയ്തോളു. നരൻ അതൊക്കെ അന്നേ വിട്ടിട്ടും നയന ഇപ്പോഴും അതിൽ പിടിച്ചു നിൽക്കുകയാണെങ്കിൽ എന്റെ കൈയ്യിൽ നിന്ന് അവൾക്ക് നല്ല തല്ല് കിട്ടും, പറഞ്ഞേക്കാം..." ശ്രീകണ്ഠന്റെ വാക്കുകൾ കേട്ട് ശ്രീജയ്ക്കാകെ വിഷമമായി. "എന്തായാലും നരനവളോട് സംസാരിക്കുകയല്ലേ... ഇതിന്റെ പേരിലാണ് നയനയുടെ ആത്മഹത്യാ ശ്രമമെങ്കിൽ നരൻ തന്നെ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നല്ല ബുദ്ധി ഉപദേശിച്ച് കൊടുക്കട്ടെ. നമ്മളാരും തല്ക്കാലം ഇതിൽ ഇടപെടണ്ട. ആദ്യം അവളുടെ മൈന്റൊക്കെ ഒന്ന് റിലാക്സാവട്ടെ." യമുന ആരോടെന്നില്ലാതെ പറഞ്ഞു. തന്റെ മകളെ തഴഞ്ഞിട്ട് മുല്ലശ്ശേരിയിലേക്ക് മരുമകളായി പാവപ്പെട്ട വീട്ടിൽ നിന്നും പൂർണിമയെ കൊണ്ട് വന്നത് ഒട്ടും ഇഷ്ടപ്പെടാതിരുന്നത് ശ്രീജയ്ക്കായിരുന്നു. നരേന്ദ്രന്റെ വിവാഹം കഴിഞ്ഞത് മുതൽ അവനേക്കാൾ നല്ലൊരു പയ്യനെകൊണ്ട് നയനയുടെ വിവാഹം ആഡംബരപൂർവ്വം നടത്താൻ കാത്തിരിക്കുകയായിരുന്നു അവർ. അതിനായി മകൾക്ക് അനുയോജ്യനായൊരു വരനെ അന്വേഷിച്ചു നടന്ന തിരക്കിലായിരുന്നു ശ്രീജ.

ഒടുവിൽ അവരുടെ ആഗ്രഹം പോലെ കാനഡയിൽ ജോലിയുള്ള ഒരു പയ്യന്റെ ആലോചന വന്നതും നയനയോട് അഭിപ്രായം പോലും ചോദിക്കാതെ ശ്രീജ സ്വയം തീരുമാനമെടുക്കുകയായിരുന്നു. മകളുടെ ഇഷ്ടക്കുറവ് മനസ്സിലാക്കിയ ശ്രീജയുടെ ഭർത്താവ് വിനയൻ അവരെ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാനൊരു ശ്രമം നടത്തിയെങ്കിലും ശ്രീജ തന്റെ തീരുമാനത്തിൽ ഉറച്ചുതന്നെ നിന്നു. കാനഡക്കാരന്റെ വിവാഹാലോചനയുമായി ശ്രീജ മുന്നോട്ട് പോയി. നയനയെ വന്ന് പെണ്ണ് കണ്ട് ചെക്കനും കൂട്ടരും അവളെ ഇഷ്ടപ്പെടുക കൂടി ചെയ്തപ്പോൾ എത്രയും പെട്ടെന്ന് തന്നെ നയനയുടെ വിവാഹം നടത്തി വയ്ക്കണമെന്ന് അവർ തീരുമാനിച്ചു. ഉടനെ ഒരു കല്യാണം വേണ്ട, താല്പര്യമില്ലെന്നൊക്കെ നയന അച്ഛനോടും അമ്മയോടും പറഞ്ഞെങ്കിലും ശ്രീജ അവളുടെ എതിർപ്പുകൾ മുഖവിലയ്ക്കെടുത്തില്ല.

എന്തുകൊണ്ടാണ് വിവാഹത്തിന് താല്പര്യമില്ലാത്തതെന്ന അമ്മയുടെ ചോദ്യത്തിന് മുന്നിൽ നയന മൗനം പാലിച്ചു. നരേന്ദ്രനെ ഇപ്പോഴും മറക്കാൻ കഴിയാത്തത് കൊണ്ടാണ് കല്യാണത്തിന് ഇഷ്ടമില്ലാത്തതെന്ന് ശ്രീജ അറിഞ്ഞാൽ എത്രയും പെട്ടെന്ന് വിവാഹം നടത്തി വയ്ക്കാനേ അമ്മ ശ്രമിക്കു എന്ന് അവൾക്കറിയാം. കാരണം, മകൾക്കായി അവർ കുറേ അന്വേഷിച്ചു കണ്ടെത്തി കൊണ്ട് വന്നതാണ് നരേന്ദ്രനെക്കാൾ യോഗ്യനായ ഒരുവനെ. നയനയോട് ഇഷ്ടമുണ്ടായിരുന്നിട്ട് കൂടി അവളെ ഒഴിവാക്കി വീട്ടുകാരെ വാക്ക് കേട്ട് അവൻ പൂർണിമയെ ഭാര്യയാക്കിയത് ശ്രീജയ്ക്ക് സഹിക്കാൻ കഴിഞ്ഞിട്ടില്ല. തന്റെ എതിർപ്പിനെ മറി കടന്ന് പയ്യന്റെ ബന്ധുക്കൾക്ക് അമ്മ വാക്ക് കൊടുത്തതറിഞ്ഞ നയന ദുഃഖം താങ്ങാനാകാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറക്കഗുളികകൾ കൂടുതൽ കഴിച്ച് അവശയായി പോയ മകളെ വിനയൻ കൃത്യ സമയത്ത് തന്നെ കണ്ടത് കൊണ്ടാണ് അവളുടെ ജീവൻ രക്ഷിക്കാനായത്. ശ്രീജ വിളിച്ചു പറഞ്ഞ് വിവരം അറിഞ്ഞതിനെ തുടർന്ന് നയനയെ കാണാനായി വന്നതാണ് ശ്രീകണ്ഠനും യമുനയും.

ശ്രീജ കൊണ്ട് വന്ന വിവാഹാലോചന എന്ത് കൊണ്ടാണ് ഇഷ്ടപ്പെടാത്തതെന്ന അവരുടെയും ചോദ്യത്തിന് മുന്നിൽ നയന തന്റെ മനസ്സ് തുറക്കാൻ കൂട്ടാക്കിയില്ല. നരേന്ദ്രനോട്‌ മാത്രമേ താൻ കാരണം ബോധിപ്പിക്കൂ എന്ന് അവൾ പറഞ്ഞത് കേട്ടാണ് പൂർണിമയെ അവളുടെ വീട്ടിൽ കൊണ്ടാക്കിയിട്ട് ശ്രീജയുടെ വീട്ടിലേക്ക് വരാൻ ശ്രീകണ്ഠനും യമുനയും അവനോട് പറയുന്നത്. തങ്ങളുടെ ഫാമിലിയിലെ പ്രശ്നങ്ങൾ പൂർണിമ അറിയാൻ പാടില്ലെന്നത് യമുനയ്ക്ക് നിർബന്ധമുള്ള കാര്യമാണ്. അതുകൊണ്ടാണ് പൂർണിമയ്ക്കോ അവളുടെ വീട്ടുകാർക്കോ സംശയം തോന്നാത്ത രീതിയിൽ അവളുടെ ആഗ്രഹം സാധിക്കാനെന്ന ഭാവത്തിൽ പൂർണിമയെ വീട്ടിലാക്കി നരേന്ദ്രൻ അങ്ങോട്ട്‌ ചെന്നത്. നയനയുടെ മനസ്സിലിപ്പോഴും നരേന്ദ്രനോടുള്ള ഇഷ്ടമുള്ളത് കൊണ്ടാണ് അവളീ വിവാഹത്തിന് സമ്മതിക്കാതിരുന്നതെന്ന് കുറച്ചു മുൻപുള്ള ഇരുവരുടെയും സംസാരം കേട്ടതിൽ നിന്ന് അവർക്കൊക്കെ ബോധ്യമായി കഴിഞ്ഞിരുന്നു.

എന്തായാലും നരേന്ദ്രൻ തന്നെ അവളെ പറഞ്ഞു മനസ്സിലാക്കിക്കട്ടെ എന്ന ധാരണയിൽ ആരുമവരെ ശല്യം ചെയ്യാൻ പോയില്ല. 🍁🍁🍁🍁🍁 "എന്നെകൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ സാധിച്ചു തരാം. നീ വളച്ചു കെട്ടാതെ കാര്യം പറയ്യ്." അവൻ അക്ഷമ പ്രകടിപ്പിച്ചു. "ഒരു ദിവസമെങ്കിലും എനിക്ക് എല്ലാ അർത്ഥത്തിലും നരേട്ടന്റേതാകണം." അവളുടെ സ്വരം നേർത്ത് പോയിരുന്നു. നയനയുടെ ആഗ്രഹം കേട്ട് നരേന്ദ്രൻ പകച്ച് നിൽക്കുകയാണ്. "നയനേ... നീ... നീയിപ്പോ എന്താ പറഞ്ഞതെന്ന് വല്ല ബോധവുമുണ്ടോ നിനക്ക്?" "ഇവിടിപ്പോ നമ്മള് മാത്രേയുള്ളൂ നരേട്ടാ... ഈ ജന്മം എനിക്ക് നരേട്ടനെ ഓർക്കാൻ ഇത് മാത്രം മതി. ഞാൻ ആദ്യം സ്നേഹിച്ച പുരുഷൻ തന്നെ എല്ലാ അർത്ഥത്തിലും എന്നെ അറിഞ്ഞിരിക്കണമെന്നത് എന്റെ ആഗ്രഹമാണ്." നരേന്ദ്രനെ ഗാഢമായി പുണർന്നുകൊണ്ട് അവന്റെ നെഞ്ചിൽ അവൾ അധരങ്ങളമർത്തി. നരേന്ദ്രന്റെ കൈകൾ അവളുടെ ഇരിചുമലിലും പതിഞ്ഞു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story