മാലയോഗം: ഭാഗം 26

malayogam shiva

രചന: ശിവ എസ് നായർ

"ഇവിടിപ്പോ നമ്മള് മാത്രേയുള്ളൂ നരേട്ടാ... ഈ ജന്മം എനിക്ക് നരേട്ടനെ ഓർക്കാൻ ഇത് മാത്രം മതി. ഞാൻ ആദ്യമായി സ്നേഹിച്ച പുരുഷൻ തന്നെ എല്ലാ അർത്ഥത്തിലും എന്നെ അറിഞ്ഞിരിക്കണമെന്നത് എന്റെ ആഗ്രഹമാണ്." നരേന്ദ്രനെ ഗാഢമായി പുണർന്നുകൊണ്ട് അവന്റെ നെഞ്ചിൽ അവൾ അധരങ്ങളമർത്തി. നരേന്ദ്രന്റെ കൈകൾ അവളുടെ ഇരിചുമലിലും പതിഞ്ഞു. അവന്റെ ബലിഷ്ടമായ കരങ്ങൾ തോളിലമർന്നതും മിഴികളിൽ പ്രണയം നിറച്ച് നയന അവന്റെ മുഖം മുഖത്തേക്ക് അടിപ്പിക്കാൻ ശ്രമിച്ചു. നരേന്ദ്രൻ തന്റെ ആഗ്രഹത്തിന് മുന്നിൽ അടിയറവ് പറഞ്ഞതായിട്ടാണ് നയനയ്ക്ക് തോന്നിയത്. പക്ഷേ അവളുടെ പ്രതീക്ഷകൾക്ക് വിപരീതമായി അവനവളെ പിന്നിലേക്ക് തള്ളി മാറ്റി.പിന്നെ കൈവീശി നയനയുടെ വലത് കവിളിൽ ആഞ്ഞടിച്ചു. "നരേട്ടാ...." അടി കൊണ്ട കവിൾ പൊത്തിപ്പിടിച്ച് നിറഞ്ഞ മിഴികളോടെ നയന നിന്നു. "നിനക്ക് മുഴുത്ത വട്ടാ... അല്ലെങ്കിൽ ഇങ്ങനെ വേണ്ടാത്ത ആഗ്രഹങ്ങളൊന്നും തോന്നില്ലായിരുന്നു.

എന്തായാലും നിന്റെ ഭ്രാന്തിനൊത്ത് താളം തുള്ളാൻ എന്നെ കിട്ടില്ല." ദേഷ്യം കൊണ്ട് നരേന്ദ്രൻ വിറയ്ക്കുന്നുണ്ടായിരുന്നു. "നരേട്ടാ... ഞാൻ..." അവളെന്തോ പറയാൻ ശ്രമിച്ചു. "ഇനി നീ എന്നെയങ്ങനെ വിളിക്കരുത്. നിനക്ക് പ്രേമം എന്നോടല്ല എന്റെ ശരീരത്തിനോടാ. അതുകൊണ്ടാ നിനക്ക് വേണ്ടാത്ത പല ചിന്തകളും വരുന്നത്. പ്രണയം ശരീരത്തിനോടല്ല മനസ്സിനോടാ തോന്നേണ്ടത്. നിനക്കെന്നോട് ആത്മാർത്ഥ സ്നേഹമായിരുന്നെങ്കിൽ ഇത്തരം വില കുറഞ്ഞ പ്രവർത്തികൾ നിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവില്ലായിരുന്നു. പണ്ട് തോന്നിയൊരു ഇഷ്ടത്തിന്റെ പേരിൽ ഞാൻ നീയുമായി കിടക്ക പങ്കിടുമെന്നാണോ നീ കരുതിയത്. എങ്കിൽ നിനക്ക് തെറ്റി. ഒരു തരത്തിലും ഞാൻ താലി കെട്ടികൊണ്ട് വന്നവളോട് വിശ്വാസ വഞ്ചന കാട്ടാൻ എനിക്ക് കഴിയില്ല. അവളെ ഞാൻ ആത്മാർത്ഥമായി തന്നെയാണ് സ്നേഹിക്കുന്നത്.

അതുകൊണ്ട് നീ ആഗ്രഹിക്കുന്നതൊന്നും എന്നിൽ നിന്നും കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട." നരേന്ദ്രന്റെ മുഖത്ത് അവളോടുള്ള അനിഷ്ടം പ്രകടമായിരുന്നു. "നരേട്ടനൊരിക്കലും അങ്ങനെ പറയരുത്... എനിക്ക് നരേട്ടനോടുള്ള ഇഷ്ടം... അത് സത്യമാണ്. അല്ലാതെ ശരീരം മോഹിച്ചുള്ള ആശയല്ല. എന്റെ മനസ്സിന്റെ സങ്കടം കുറയ്ക്കാൻ എന്റെ പൊട്ട ബുദ്ധിയിൽ തോന്നിയത് ഇങ്ങനെയൊരു വഴിയാണ്. അതുകൊണ്ടാ ഞാൻ ഇങ്ങനെയൊക്കെ... ഒരു നിമിഷം ഞാൻ എന്നെത്തന്നെ മറന്ന് പോയി. പൂർണിമയെ ഓർത്തില്ല... നരേട്ടൻ മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു... ഒരു ദിവസമെങ്കിലും നരേട്ടന്റെ പെണ്ണായി ജീവിക്കാൻ തോന്നിപ്പോയി. ഐആം റീലി സോറി നരേട്ടാ... ഇതിന്റെ പേരിൽ എന്നോട് വെറുപ്പ് കാണിക്കുകയും മിണ്ടാതിരിക്കുകയും ചെയ്യരുത്. ഞാൻ നരേട്ടന്റെ കാല് പിടിക്കാം."

നയന അവന്റെ കാലിലേക്ക് വീണ് കരഞ്ഞു. നരേന്ദ്രന് അവളോടുള്ള ദേഷ്യം പൂർണമായും മാറിയിട്ടില്ലായിരുന്നു. എങ്കിലും തന്റെ കാലിൽ വീണുള്ള നയനയുടെ ഏറ്റ് പറച്ചിൽ അവന്റെ ഉള്ളുലച്ചു. "പണ്ട് നിന്നെ പ്രേമിച്ചു നടന്ന നരേന്ദ്രനല്ല ഞാനിപ്പോൾ. ഇന്ന് ഞാനൊരു പെണ്ണിന്റെ ഭർത്താവാണ്. അവളോട് വഞ്ചന കാണിക്കാൻ എനിക്ക് കഴിയില്ല. അതുപോലെ എന്റെ മനസ്സിൽ പോലും നീയില്ല. ഇത്തരം വില കുറഞ്ഞ രീതിയിൽ നിന്നിൽ നിന്നുമൊരു സമീപനം എനിക്ക് നേരെ ഉണ്ടാവാൻ പാടില്ല. പഴയ കാര്യങ്ങളൊക്കെ മറന്ന് പുതിയ ജീവിതം തിരഞ്ഞെടുക്കണം. അല്ലാതെ എന്നെയും മോഹിച്ച് നടന്ന് നല്ലൊരു ലൈഫ് തുലയ്ക്കരുത്. നീയിനിയും മാറാൻ കൂട്ടാക്കാതെ ഇങ്ങനെ തന്നെ തുടരാനാണ് തീരുമാനമെങ്കിൽ ഇനിയൊരിക്കലും നിന്നോട് ഞാൻ മിണ്ടില്ല." "എന്നെകൊണ്ട് നരേട്ടനൊരു മനപ്രയാസം ഇനിയുണ്ടാവില്ല.

ഞാൻ നരേട്ടനെ മറന്നോളാം. ഞാൻ കാരണം നരേട്ടന്റെ ജീവിതം നശിക്കാൻ പാടില്ല." ഇടറിയതെങ്കിലും ഉറച്ചതായിരുന്നു അവളുടെ സ്വരം. "അങ്ങനെ ആയാൽ നിനക്ക് കൊള്ളാം. എങ്കിൽ എന്തിനും ഏതിനും നിന്റെ കൂടെ നല്ലൊരു ബെസ്റ്റ് ഫ്രണ്ടായിട്ട് ഞാനും കൂടെ കാണും. അല്ലെങ്കിൽ അറിയാലോ നിനക്കെന്റെ സ്വഭാവം. എന്നെയും ഓർത്ത് ജീവിതം നശിപ്പിക്കാനാണ് ഭാവമെങ്കിൽ നശിച്ചു പോട്ടെന്നു കരുതി ഈ വഴി പോയാൽ പോലും ഞാൻ എത്തി നോക്കുക കൂടി ചെയ്യില്ല. അതുപോലെ ഇന്ന് കാണിച്ച മാതിരി വല്ല ആത്മഹത്യാ ശ്രമവും നടത്തിയാൽ തിരിഞ്ഞ് നോക്കില്ല ഞാൻ. ജീവിക്കുകയോ ചത്ത്‌ തുലയുകയോ ചെയ്യട്ടെന്ന് കരുതും." "ഇല്ല നരേട്ടാ... എനിക്ക്... എനിക്കെന്റെ തെറ്റുകൾ മനസ്സിലാവുന്നുണ്ട്. എല്ലാം മറന്ന് എന്റെ മൈന്റൊന്ന് റീലാക്സാവാൻ കുറച്ചു സമയം വേണം."

"സമയം എത്ര വേണോ എടുത്തോ. ഇതിന്റെ പേരിൽ നിന്റെ സ്റ്റാടീസ് ഉഴപ്പരുത്. പിജി ലാസ്റ്റ് ഇയർ ആണെന്ന് ഓർമ്മ വേണം. വേണ്ടാത്ത ചിന്തകളൊക്കെ മനസ്സിൽ നിന്ന് കളഞ്ഞ് നന്നായി പഠിച്ച് മാർക്ക്‌ വാങ്ങാൻ നോക്ക്. ബാക്കി കാര്യങ്ങൾ ഞാൻ അമ്മായിനോട് പറഞ്ഞോളാം." നയനയെ ഒന്നിരുത്തി നോക്കിയിട്ട് വാതിൽ തുറന്ന് അവൻ പുറത്തേക്ക് പോയി. നരേന്ദ്രൻ മുറിയിൽ നിന്നിറങ്ങി പോയതും അവൾ ബാത്‌റൂമിലേക്ക് ഓടിക്കയറി പൊട്ടിക്കരഞ്ഞു. കരച്ചിൽ ശബ്ദം പുറത്ത് കേൾക്കാതിരിക്കാനായി നയന പൈപ്പ് തുറന്ന് വിട്ടു. കുറച്ചുനിമിഷങ്ങൾക്ക് മുൻപ് നരേന്ദ്രൻ പറഞ്ഞ ഓരോ വാക്കുകളും അവളുടെ മനസ്സിലേക്ക് കടന്ന് വന്നു. അതവളുടെ ഹൃദയത്തെ ചുട്ട് പൊള്ളിച്ചു. അവന്റെ അടിയേറ്റ് വീർത്ത കവിളിൽ കൈപ്പത്തി അമർത്തി നയന വിങ്ങലടക്കി. താൻ ആത്മഹത്യാ ശ്രമം നടത്തിയതറിഞ്ഞ് പൂർണിമയെ പോലും ഒഴിവാക്കിയിട്ട് നരേന്ദ്രൻ തന്റെ അരികിലേക്ക് ഓടിയെത്തിയത് കണ്ടപ്പോൾ നരേന്ദ്രൻ തന്റെ പഴയ നരേട്ടനായി മാറിയെന്ന് അവൾ തെറ്റിദ്ധരിച്ചുപോയി.

നരേന്ദ്രൻ അവൾക്കരികിൽ വന്നിരിക്കുകയും സമാധാനിപ്പിക്കാൻ ശ്രമിക്കുകയുമൊക്കെ ചെയ്തപ്പോൾ നയനയ്ക്ക് അവളുടെ പഴയ നരനെയാണ് ഓർമ്മ വന്നത്. ആ സമയം അവളുടെ മനസ്സാഗ്രഹിച്ചത് നരേന്ദ്രനൊരിക്കലും തന്നെ വിട്ട് പോകരുതെന്നാണ്. അങ്ങനെ ഒരു നിമിഷത്തേക്ക് സ്വയം മറന്ന് കൊണ്ട് അവനിൽ തന്നെ സമർപ്പിക്കാൻ തോന്നിയതോർത്ത് നയനയ്ക്ക് സ്വയം പുച്ഛം തോന്നി. ഉള്ളിലെ സങ്കടങ്ങൾ കുറച്ചൊന്ന് കുറയും വരെ അവൾ അവിടെ നിന്ന് കരഞ്ഞു. കരഞ്ഞു കരഞ്ഞ് നയനയുടെ മുഖമൊക്കെ ചുവന്ന് കൺപോളകൾ നീര് വച്ചുപോയി. തണുത്ത വെള്ളം കൊണ്ട് മുഖം കുറേ തവണ കഴുകി അവൾ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു. തേങ്ങൽ അൽപ്പമൊന്ന് അടങ്ങിയപ്പോഴാണ് ബാത്‌റൂമിൽ നിന്ന് അവൾ പുറത്തേക്ക് വന്നത്. ടവൽ കൊണ്ട് മുഖം തുടച്ച് നയന കണ്ണാടിയിലേക്കൊന്ന് നോക്കി. നരേന്ദ്രന്റെ വിരൽ പാടുകൾ കവിളിൽ ചുവന്ന് തിണർത്തു കിടക്കുന്നത് കണ്ട് അവളുടെ ഹൃദയം വിങ്ങി. 🍁🍁🍁🍁🍁

"അമ്മായീ... നയനയെ ഉടനെ ധൃതി പിടിച്ച് കെട്ടിച്ചുവിടാൻ നിൽക്കാതെ അവൾക്കല്പം സമാധാനം കൊടുക്ക്. നയന ഇപ്പോഴും എന്നെത്തന്നെ മനസ്സിലിട്ട് നടക്കുകയാണ്. അതുകൊണ്ടാ അവൾ വേറെ വിവാഹത്തിന് സമ്മതിക്കാതിരുന്നത്. ഇപ്പോ ഞാനവളെ ഒരുവിധം കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിച്ചിട്ടുണ്ട്. തല്ക്കാലം നയനയ്ക്ക് കുറച്ചു സാവകാശം കൊടുക്ക്. അത് കഴിഞ്ഞ് മതി വിവാഹമൊക്കെ." നരേന്ദ്രൻ ശ്രീജയോട് പറഞ്ഞിട്ട് യമുനയ്ക്കരികിലായി വന്നിരുന്നു. "എന്റെ കൊച്ചിന് നിന്നെ ജീവനായോണ്ടല്ലേ നരാ എന്റെ മോള് ഇങ്ങനൊരു കടുംകൈക്ക് മുതിർന്നത്. നീ അവളെ തന്നെ കല്യാണം കഴിച്ചിരുന്നെങ്കിൽ ഇപ്പൊ ഈ പ്രശ്നമൊന്നും ഉണ്ടാവില്ലായിരുന്നു." വ്യസനത്തോടെ ശ്രീജ പറഞ്ഞു. "നമുക്ക് ആരെയാണോ വിധിച്ചത് അവരെയല്ലേ ജീവിത പങ്കാളിയായി നമുക്ക് കിട്ടൂ. അതുകൊണ്ട് കഴിഞ്ഞ കാര്യമോർത്ത് നീ വെറുതെ മനസ്സ് വിഷമിപ്പിക്കണ്ട." ശ്രീകണ്ഠൻ സഹോദരിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. "ചേട്ടനത് പറയാം... എന്റെ മോളല്ലേ നീറി നീറി ജീവിക്കുന്നത്.

അവൾക്ക് നരനോട്‌ ഇത്രേം ഇഷ്ടമുണ്ടെന്ന് ഞാനും അറിയാതെ പോയി. ഇവനാണെങ്കിൽ വേറെ പെണ്ണിനേം കെട്ടി സുഖിച്ച് ജീവിക്കുന്നു. അവള് ഇവനെ ഓർത്ത് ഉള്ള ജീവിതം കളഞ്ഞുകുളിക്കാൻ നോക്കുന്നു. നിങ്ങള് മനസ്സ് വച്ചിരുന്നെങ്കിൽ ഇവര് തന്നെ ഒരുമിച്ച് ജീവിക്കുമായിരുന്നു..." ശ്രീജയ്ക്ക് വിഷമം മാറുന്നുണ്ടായിരുന്നില്ല. "ശ്രീജേ... മതി നിർത്ത്.... നടക്കാനുള്ളതേ നടക്കു. വെറുതെ കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞ് തമ്മിൽ മുഷിയാതിരിക്കുന്നതാണ് നല്ലത്. എന്തായാലും നയന മോൾടെ മനസ്സ് വിഷമിപ്പിച്ചുകൊണ്ട് ഈ വിവാഹം ഉടനെ നടത്തണ്ട. അവരെ വിളിച്ച് ഇപ്പൊ കല്യാണത്തിന് താല്പര്യമില്ലെന്ന് അറിയിച്ചേക്ക്." അതുവരെ മിണ്ടാതിരുന്ന വിനയൻ പറഞ്ഞു. അതോടെ ആ ചർച്ച അവിടെ അവസാനിച്ചു. സമയമൊത്തിരി വൈകിയതിനാൽ അന്നവിടെ താങ്ങിയിട്ട് പിറ്റേ ദിവസം മുല്ലശ്ശേരിയിലേക്ക് പോകാമെന്ന് അവർ തീരുമാനിച്ചു.

നരേന്ദ്രൻ ഫോണെടുത്ത് സമയം നോക്കിയപ്പോൾ രാത്രി ഒരു മണി കഴിഞ്ഞിരുന്നു. അത്താഴം കഴിക്കാൻ നിൽക്കാതെ എല്ലാവരും കിടക്കാനായി മുറിയിലേക്ക് പോയി. സമയം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു. പുറത്ത് ചീവിടിന്റെ ഒച്ചകാതോർത്ത് ഇരുട്ടിൽ കണ്ണുകൾ തുറന്ന് നരേന്ദ്രൻ ഒരേ കിടപ്പ് കിടന്നു. ആ രാത്രി സ്വസ്ഥമായി ഉറങ്ങാൻ അവന് കഴിഞ്ഞില്ല. നയനയോട് താൻ തെറ്റ് ചെയ്തുപോയോ എന്നോർത്തയിരുന്നു അവന്റെ സങ്കടം മുഴുവനും. നയന തന്റെ മുറപ്പെണ്ണായത് കൊണ്ട് തങ്ങളുടെ വിവാഹത്തിന് മറ്റ് തടസ്സങ്ങളൊന്നും ഉണ്ടാവില്ലെന്ന് കരുതിയാണ് നരേന്ദ്രനവളെ സ്നേഹിച്ചത്. പക്ഷേ യമുനയും ശ്രീകണ്ഠനും ആ ബന്ധത്തിന് അനിഷ്ടം പ്രകടിപ്പിച്ചപ്പോൾ അവനും അത് അംഗീരിക്കാതെ നിവർത്തിയുണ്ടായിരുന്നില്ല.

ആദ്യമൊക്കെ അതോർത്ത് വിഷമം തോന്നിയെങ്കിലും പ്രാക്റ്റിക്കലായി ചിന്തിച്ചപ്പോൾ അച്ഛന്റെ അമ്മയുടെയും തീരുമാനമാണ് ശരിയെന്ന് നരേന്ദ്രനും തിരിച്ചറിഞ്ഞു. പക്ഷേ ഇപ്പൊ നയനയുടെ അവസ്ഥ കാണുമ്പോൾ അവന് നല്ല വിഷമമുണ്ട്. അവളൊരു വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാലേ തന്റെ മനസ്സിന് സ്വസ്ഥത കിട്ടുള്ളൂന്ന് നരേന്ദ്രന് തോന്നി. സമാധാനത്തോടെയൊന്ന് ഉറങ്ങാൻ കഴിയാനാവാതെ നരേന്ദ്രൻ ആ രാത്രി കഴിച്ച് കൂട്ടുമ്പോൾ പൂർണിമ തന്റെ വീട്ടിൽ തന്റെ മുറിയിൽ അനിയത്തിമാരോടൊപ്പം സുഖ നിദ്രയിലായിരുന്നു. നരേന്ദ്രൻ ഫോണെടുത്ത് വാട്സാപ്പ് ഓപ്പണാക്കി മെസ്സേജസൊക്കെ നോക്കി സമയം തള്ളി നീക്കി. പെട്ടെന്നാണ് അവന്റെ മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങിയത്... ഡിസ്പ്ലേയിൽ നവീന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞതും നരേന്ദ്രൻ വേഗം കാൾ അറ്റൻഡ് ചെയ്തു. "നരേട്ടാ... ഞാൻ വരുവാ..." ഫോണെടുത്തപാടെ ആഹ്ലാദത്തോടെയുള്ള നവീന്റെ ശബ്ദം അവന്റെ കാതിൽ പതിഞ്ഞു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story