മാലയോഗം: ഭാഗം 27

malayogam shiva

രചന: ശിവ എസ് നായർ

"നരേട്ടാ... ഞാൻ വരുവാ..." ഫോണെടുത്തപാടെ ആഹ്ലാദത്തോടെയുള്ള നവീന്റെ ശബ്ദം അവന്റെ കാതിൽ പതിഞ്ഞു. "സത്യാണോ നവീ... നീ... നീ എപ്പഴാ വരുന്നത്?" "അടുത്ത ആഴ്ച ഞാൻ ലാൻഡ് ചെയ്യും. ഏട്ടനെന്നെ പിക്ക് ചെയ്യാൻ എയർപോർട്ടിൽ തന്നെ ഉണ്ടാവണം." "അത് പിന്നെ നീ പ്രത്യേകം പറയണോ?" "ഞാൻ വരുന്ന വിവരം ഏട്ടൻ തല്ക്കാലം ആരോടും പറയണ്ട. എല്ലാവർക്കും സർപ്രൈസ് ആവട്ടെ." "അത് വേണോ നവീ..." "വേണം ഏട്ടാ... അപ്രതീക്ഷിതമായി എന്നെ കാണുമ്പോഴുള്ള അച്ഛന്റേം അമ്മേടേം ഏട്ടത്തിയുടെയുമൊക്കെ ഞെട്ടൽ എനിക്കൊന്ന് നേരിൽ കണ്ട് ആസ്വദിക്കണം." "എങ്കിൽ പിന്നെ നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ. ഞാനാരോടും പറയുന്നില്ല. നീ ടിക്കറ്റ് ബുക്ക്‌ ചെയ്തോ നാട്ടിലേക്ക്?" "അടുത്ത ഫ്രൈഡേ ഈവെനിംഗ് ഞാൻ നെടുമ്പാശ്ശേരിയിലെത്തും." "നീയും കൂടിയൊന്ന് വന്നിട്ട് വേണം നമുക്ക് ഫാമിലി ട്രിപ്പൊക്കെ നടത്താൻ." നരേന്ദ്രൻ ഉത്സാഹത്തിലായിരുന്നു. "ഞാനൊന്ന് നാട്ടിൽ വന്നോട്ടെ ഏട്ടാ... എന്നിട്ട് നമുക്ക് തീരുമാനിക്കാം ട്രിപ്പൊക്കെ."

"എല്ലാം നിന്റെ ഇഷ്ടത്തിന് ഞാൻ വിട്ട് തന്നിരിക്കുന്നു. നീയൊന്ന് ഇങ്ങോട്ട് വന്ന് തന്നാൽ മാത്രം മതിയെനിക്ക്." "എങ്കിൽ ശരിയേട്ടാ... ഞാനീ കാര്യം പറയാൻ വേണ്ടി വിളിച്ചതാ, ഏട്ടനുറങ്ങിക്കോ. ഞാൻ നാളെ വിളിക്കാം. ഞാനിപ്പോ പുറത്താണ്, കുറച്ചു തിരക്കിലാ." "ഓക്കേ ഡാ..." കാൾ കട്ട്‌ ചെയ്ത് ഫോൺ അരികിലിട്ട് നരേന്ദ്രൻ കണ്ണുകൾ അടച്ച് കിടന്നു. നവീൻ വരുന്നെന്ന് കേട്ടപ്പോൾ തന്നെ ഒരു എനർജി ശരീരത്തിലാകമാനം പടരുന്നത് പോലെ അവന് തോന്നി. നവീന്റെ വരവിനായി കാത്തിരുന്നതും അവനെ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്തതും നരേന്ദ്രനാണ്. നവീൻ യുകെയിലേക്ക് പോകുന്നത് വരെ ഇരുവരും ഒരുമിച്ച് ഒരു മുറിയിൽ ഒരേ മനസ്സോടെ കഴിഞ്ഞിരുന്ന സഹോദരങ്ങളാണ്. നവീൻ കഴിഞ്ഞിട്ടേ നരേന്ദ്രന്റെ മനസ്സിൽ മറ്റാർക്കും സ്ഥാനമുള്ളു. 🍁🍁🍁🍁🍁 ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് വെളുപ്പിനാണ് നരേന്ദ്രനൊന്ന് ഉറങ്ങിയത്. അതുകൊണ്ടുതന്നെ രാവിലെ എഴുന്നേറ്റപ്പോൾ മുതൽ അവന് കടുത്ത തലവേദന അനുഭവപ്പെട്ടിരുന്നു. അത് കാരണം ഓഫീസിൽ പോകാൻ മടിച്ച് നരേന്ദ്രനന്ന് ലീവെടുത്തു.

ശ്രീജയുടെ വീട്ടിൽ നിന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ച ശേഷമാണ് ശ്രീകണ്ഠനും യമുനയും നരേന്ദ്രനും മുല്ലശ്ശേരിയിലേക്ക് പോയത്. സങ്കടം ഉള്ളിൽ മറച്ചുപിടിച്ച് ചിരിച്ച മുഖത്തോടെയാണ് നയന അവരെ യാത്രയാക്കിയത്. മുല്ലശ്ശേരിയിൽ ചെന്നപാടെ തലേന്നത്തെ ഉറക്ക ക്ഷീണം മാറ്റാനായി നരേന്ദ്രൻ ഉറങ്ങാനായി പോയി കിടന്നു. കിടക്കുന്നതിനുമുൻപ് അവൻ ഫോൺ സൈലന്റ് മോഡിലാക്കിയിരുന്നു. സ്വന്തം വീട്ടിലായതിനാൽ പത്തുമണി കഴിഞ്ഞാണ് പൂർണിമ ഉറക്കമുണർന്നത്. നോക്കുമ്പോൾ പ്രീതിയും പാറുവും അവളെയും കെട്ടിപിടിച്ചു കിടന്നുറങ്ങുകയാണ്. പൂർണിമ മേശമേലിരുന്ന മൊബൈൽ എടുത്ത് നരേന്ദ്രന്റെ കാൾ വന്നിട്ടുണ്ടോന്ന് നോക്കി. കാളൊന്നും കാണാഞ്ഞിട്ട് അവൾ അവന്റെ നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും മറുതലയ്ക്കൽ ആരും കാൾ എടുത്തതേയില്ല. മൊബൈൽ മാറ്റി വച്ച് പൂർണിമ കിടക്കയിൽ നിന്നെണീറ്റു. പിന്നെ ഇരുവരെയും വിളിച്ചുണർത്തിയ ശേഷം പല്ല് തേച്ച് മുഖം കഴുകിഅവൾ ഗീതയ്‌ക്കരികിലേക്ക് പോയി. "അമ്മേ... ചായ..."

അടുക്കളയിലെ സ്ലാബിന് മുകളിൽ കയറി ഇരുന്ന് പൂർണിമ അമ്മയെ നോക്കി വെളുക്കെ ചിരിച്ചു. "ഞാൻ നിങ്ങളെ കുറേതവണ വിളിച്ചുണർത്താൻ വന്നതാ. പിന്നെ മൂന്നും കൂടി കെട്ടിപിടിച്ചു കിടക്കുന്നത് കണ്ടപ്പോൾ ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ചു." ഫ്ലാസ്കിൽ നിറച്ച് വച്ചിരുന്ന ചായ ഗ്ലാസിലേക്ക് പകർന്ന് ഗീത അവൾക്ക് നൽകി. "അച്ഛനും ചേട്ടനും പോയോ?" "അവര് എട്ട് മണിയാകുമ്പോ പോകും." "ഇന്നെന്താ അമ്മേ കഴിക്കാനുണ്ടാക്കിയേ?" "നിനക്കിഷ്ടപ്പെട്ട പുട്ടും കടലയും." "അമ്മ എന്റെ ഇഷ്ടങ്ങളൊന്നും മറന്നിട്ടില്ലല്ലേ." "അല്ലേലും മിക്ക പെൺകുട്ടികൾക്കും സ്വന്തം വീട്ടിൽ വന്നാലല്ലേ ഇഷ്ടമുള്ളതൊക്കെ കഴിക്കാൻ പറ്റു." "അത് അമ്മ പറഞ്ഞത് ശരിയാ... അവിടെ യമുനാമ്മ നരേട്ടനും അച്ഛനും ഇഷ്ടമുള്ളത് മാത്രമേ ഉണ്ടാക്കു." "നീ വേഗം ഭക്ഷണം കഴിക്കാൻ നോക്ക്. ഗർഭിണിയായ പെണ്ണുങ്ങൾ വയറ് വിശന്ന് ഇരിക്കാൻ പാടില്ല." "ആ... ഞാൻ കഴിച്ചോളാം അമ്മേ..." സ്റ്റാൻഡിൽ നിന്നൊരു പാത്രമെടുത്ത് കഴുകി അതിലേക്ക് രണ്ട് ചെറിയ കഷ്ണം പുട്ടും അതിന്റെ മേലേക്ക് കുറച്ചു കറിയുമൊഴിച്ച് അവൾ ആസ്വദിച്ചു കഴിക്കാൻ തുടങ്ങി.

അമ്മയുടെ സന്തോഷം അറിഞ്ഞിട്ടാണെന്ന് തോന്നുന്നു വയറ്റിൽ കിടക്കുന്ന രണ്ട് കുരുന്നുകളും മെല്ലെ അനങ്ങുന്നത് അവളറിയുന്നുണ്ടായിരുന്നു. 🍁🍁🍁🍁 മുറിയിലേക്ക് വന്ന് പൂർണിമ ഫോണെടുത്ത് നോക്കുമ്പോൾ യമുനയുടെ രണ്ട് മിസ് കാൾ കണ്ട് അവളവരെ തിരിച്ച് വിളിച്ചു. "ഹലോ... അമ്മയെന്നെ വിളിച്ചിരുന്നോ?" യമുന കാളെടുത്ത അവൾ ചോദിച്ചു. "നീ ഇതുവരെ എണീറ്റില്ലായിരുന്നോ?" "ആ എണീറ്റു... ഞാൻ അടുക്കളയിൽ അമ്മയുടെ കൂടെയായിരുന്നു. ഫോൺ റൂമിലായിരുന്നത് കൊണ്ട് റിംഗ് ചെയ്തത് കേട്ടില്ല." "ഹാ സാരമില്ല.... ഇന്നലെ നിന്നെ വിളിക്കാൻ പറ്റിയില്ല. ഞങ്ങൾ തിരിച്ചെത്തിയപ്പോ നേരം വൈകിയിരുന്നു. നീ ഉറങ്ങിയിട്ടുണ്ടാവുമെന്ന് വിചാരിച്ച് ഇന്ന് വിളിക്കാമെന്ന് ഞാൻ കരുതി." "നരേട്ടൻ ഓഫീസിൽ പോയോ അമ്മേ. ഞാൻ വിളിച്ചിട്ട് എടുത്തില്ലല്ലോ." "അവന് നല്ല പനിയും തലവേദനയുമാണ്. ഇപ്പോ മരുന്ന് കഴിച്ച് നല്ല ഉറക്കമാ. അതായിരിക്കും വിളിച്ചിട്ട് എടുക്കാത്തത്. യമുന പറഞ്ഞ നുണ അവൾ അതുപോലെ വിശ്വസിച്ചു. "അതെന്താ അമ്മേ പെട്ടെന്നൊരു തലവേദനയും പനിയും." പൂർണിമയിൽ ആശങ്ക ഉളവായി.

"അറിയില്ല... രാവിലെ എണീറ്റപ്പോൾ മുതലുണ്ട്. അതുകൊണ്ട് ഇന്ന് ലീവാക്കി റെസ്റ്റെടുക്കാൻ ഞാൻ പറഞ്ഞു." "ഞാനങ്ങോട്ട് വരണോ അമ്മേ?" "വേണ്ട... പനി കുറഞ്ഞാൽ അവൻ തന്നെ നിന്നെ വിളിച്ചുകൊണ്ടുവരാൻ അങ്ങോട്ട്‌ വന്നോളും..." "എങ്കിൽ ശരിയമ്മേ... നരേട്ടൻ എണീക്കുമ്പോ വിളിക്കാൻ പറയ്യ്." "ആ ശരി... ഞാൻ നരനോട് പറയാം. പിന്നെ വീട്ടിലാണെന്ന് കരുതി നേരത്തിനും കാലത്തിനും ഭക്ഷണം കഴിക്കാതിരിക്കരുത്. കുഞ്ഞുങ്ങൾക്കാ അതിന്റെ കേട്. ഇതൊന്നും ഞാൻ പ്രത്യേകം പറഞ്ഞു തരണ്ടല്ലോ." യമുന ഗൗരവക്കാരിയായ അമ്മായിയമ്മയായി മാറി. "ഇല്ലമ്മേ... ഞാൻ കൃത്യമായി ആഹാരോം മരുന്നുമൊക്കെ കഴിക്കുന്നുണ്ട്." "അങ്ങനെയെങ്കിൽ നിനക്ക് കൊള്ളാം. ഞാനെന്നാ പിന്നെ വിളിക്കാം പൂർണിമാ. ഇന്നും ഇന്നലേം തോട്ടത്തിലേക്ക് പോയിട്ടില്ല." "ഓക്കേ അമ്മേ... ഞാൻ വയ്ക്കുവാ." യമുനയുമായുള്ള സംഭാഷണം അവസാനിപ്പിച്ച് പൂർണിമ കാൾ കട്ടാക്കി. പൂർണിമയുടെ വീട്ടുകാരോട് മുൻകൂറായി അവളവിടെ രണ്ട് ദിവസം നിന്നോട്ടെയെന്ന് നരേന്ദ്രൻ പറഞ്ഞതും ഒപ്പം അവന് പനിയാണെന്ന് യമുനയും പറഞ്ഞത് കൊണ്ട് രണ്ട് ദിവസം കൂടി പൂർണിമയ്ക്ക് സ്വന്തം വീട്ടിൽ നിൽക്കാൻ പറ്റി. അപ്രതീക്ഷിതമായി വീണ് കിട്ടിയ ആ സുവർണാവസരം അവളെ അതിയായി സന്തോഷിപ്പിച്ചു.

രണ്ട് ദിവസത്തിന് ശേഷം നരേന്ദ്രനൊപ്പം തിരികെ മുല്ലശ്ശേരിയിലേക്ക് പോകുമ്പോൾ പൂർണിമയ്ക്ക് നല്ല വിഷമം തോന്നിയിരുന്നു. എങ്കിലും അവൾ തന്റെ സങ്കടം പുറമേ പ്രകടിപ്പിച്ചില്ല. ഒരു ദിവസമെന്ന് പറഞ്ഞു വന്നിട്ട് രണ്ട് ദിവസം നിൽക്കാൻ പറ്റിയതിന്റെ ആഹ്ലാദമായിരുന്നു അവളിൽ നിറഞ്ഞ് നിന്നത്. "നീ വിഷമിക്കണ്ട പൂർണിമാ. ഇടയ്ക്ക് ഇതുപോലെ രണ്ട് ദിവസം വന്ന് നിന്നോ. ഈ സമയം നിന്റെ സന്തോഷമാണ് മറ്റെന്തിനെക്കാളും എനിക്ക് വലുത്." മടക്ക യാത്രയിൽ ദുഃഖം തളം കെട്ടി നിൽക്കുന്ന അവളുടെ മിഴികൾ കാണവേ നരേന്ദ്രൻ പറഞ്ഞു. "ഇങ്ങനെയൊക്കെ പറയാനുള്ള മനസ്സ് നരേട്ടനുണ്ടായല്ലോ. എനിക്കതുമതി..." അവന്റെ വാക്കുകൾ കേട്ട് പൂർണിമയുടെ മിഴികൾ സജലമായി. 🍁🍁🍁🍁🍁 ദിവസങ്ങൾ മാറ്റമില്ലാതെ കടന്ന് പൊയ്ക്കൊണ്ടിരുന്നു. ഇന്നാണ് നവീൻ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തുന്നത്. അവന്റെ അഭ്യർത്ഥന പ്രകാരം നവീൻ വരുന്ന വിവരം നരേന്ദ്രനും രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്ന അതേസമയത്ത് തന്നെ നരേന്ദ്രനും അവിടെ എത്തിച്ചേർന്നിരുന്നു.

കാർ പാർക്ക്‌ ചെയ്ത ശേഷം എൻട്രൻസിൽ അവന്റെ വരവും കാത്ത് അക്ഷമയോടെ നിൽക്കുകയാണ് നരേന്ദ്രൻ. അപ്പോഴാണ് ട്രോളി ബാഗ് ഉരുട്ടികൊണ്ട് മുഖത്ത് നിറ പുഞ്ചിരിയുമായി നവീൻ അവിടേക്ക് കടന്ന് വന്നത്. കുറേ നാളിനുശേഷം കണ്ടതിന്റെ സന്തോഷം രണ്ടുപേരുടെയും മുഖത്ത് പ്രകടമായി. വർദ്ധിച്ച ആനന്ദത്തോടെ ആ ജേഷ്ഠാനുജന്മാർ പരസ്പരം കെട്ടിപ്പുണർന്നു. "നീയൊരുപാട് ക്ഷീണിച്ചു പോയി നവീ." അവനെ അടിമുടി നോക്കി നരേന്ദ്രൻ പറഞ്ഞു. "ഞാൻ ക്ഷീണിച്ചാലെന്താ... ഏട്ടൻ കുറച്ചു തടി വച്ച് ആളാകെ ഒന്ന് സുന്ദരനായിട്ടുണ്ട്. കല്യാണം കഴിഞ്ഞതിന്റെ മാറ്റമാണോ?" നവീൻ ചേട്ടന്റെ വയറ്റിൽ മൃദുവായി ഒന്ന് ഇടിച്ചു. "വന്നിറങ്ങിയപ്പോഴേ നീയെന്നെ കളിയാക്കാൻ തുടങ്ങിയോ?" നരേന്ദ്രൻ കപട ഗൗരവം നടിച്ചു. "ഞാൻ വെറുതെ തമാശ പറഞ്ഞതല്ലേ..." നവീൻ ചമ്മിയ ചിരി ചിരിച്ചു. "നമുക്കെന്നാ വീട്ടിലേക്ക് പോകാം... നീ വാ." അവന്റെ ബാക്ക് പാക്ക് വാങ്ങി തോളിലിട്ട് കൊണ്ട് നരേന്ദ്രൻ മുന്നിൽ നടന്നു. നവീൻ അവനെ അനുഗമിച്ചു. മുല്ലശ്ശേരിയിലേക്കുള്ള യാത്രയിലുടനീളം നവീൻ യുകെ വിശേഷങ്ങൾ വാ തോരാതെ പറയുന്നുണ്ടായിരുന്നു.

അതേസമയം അവന്റെ മനസ്സിൽ തന്നെ കാണുമ്പോൾ ഞെട്ടി വിറച്ച് നിൽക്കുന്ന പൂർണിമയുടെ മുഖമായിരുന്നു. ആ ചിന്ത മനസ്സിലേക്ക് കടന്ന് വരുമ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം അവനെ വന്ന് പൊതിഞ്ഞു. നരേന്ദ്രന്റെ കാർ മുല്ലശ്ശേരിയിലെത്തുമ്പോൾ സമയം സന്ധ്യ കഴിഞ്ഞിരുന്നു. പതിവുപോലെ അവൻ ഓഫീസിൽ നിന്ന് വരുകയാണെന്ന ധാരണയിൽ ഹാളിലിരുന്ന് ടീവി കാണുകയായിരുന്ന പൂർണിമ വണ്ടിയുടെ ശബ്ദം കേട്ട് എഴുന്നേറ്റ് പുറത്തേക്ക് ചെന്നു. നരേന്ദ്രൻ കാറിൽ നിന്നിറങ്ങുമ്പോൾ തന്നെ കോ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ബാഗൊക്കെ തൂക്കി മറ്റാരോ ഡോർ തുറന്ന് ഇറങ്ങുന്നത് കണ്ട് അതാരാണെന്ന ഭാവത്തിൽ അവൾ അന്തംവിട്ട് നോക്കി. തനിക്ക് അഭിമുഖമായി തിരിഞ്ഞുവന്ന മുഖം കണ്ട് പൂർണിമ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ആ നിമിഷം നവീനെ അവളൊരിക്കലും അവിടെ പ്രതീക്ഷിച്ചതല്ല. ഒരു സൂചന പോലും തരാതെയുള്ള അവന്റെ കടന്ന് വരവ് പൂർണിമയുടെയുള്ളിൽ അപായ മണി മുഴക്കികൊണ്ടിരുന്നു. തന്നെ തന്നെ പകച്ച് നോക്കുന്നവളെ വല്ലാത്തൊരു ഭാവത്തിൽ നോക്കികാണുകയാണ് നവീൻ. തനിക്ക് നേരെ ചുവടുകൾ വയ്ക്കുന്നവനെ ഭീതിയോടെ നോക്കി പൂർണിമ അനങ്ങാതെ നിന്നുപോയി. അവളുടെ ഹൃദയം അതിദ്രുതം മിടിച്ചുകൊണ്ടിരുന്നു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story