മാലയോഗം: ഭാഗം 28

malayogam shiva

രചന: ശിവ എസ് നായർ

ഒരു സൂചന പോലും തരാതെയുള്ള നവീന്റെ കടന്ന് വരവ് പൂർണിമയുടെയുള്ളിൽ അപായ മണി മുഴക്കികൊണ്ടിരുന്നു. തന്നെ തന്നെ പകച്ച് നോക്കുന്നവളെ വല്ലാത്തൊരു ഭാവത്തിൽ നോക്കികാണുകയാണ് നവീൻ. തനിക്ക് നേരെ ചുവടുകൾ വയ്ക്കുന്നവനെ ഭീതിയോടെ നോക്കി പൂർണിമ അനങ്ങാതെ നിന്നുപോയി. അവളുടെ ഹൃദയം അതിദ്രുതം മിടിച്ചു. "സുഖല്ലേ ഏട്ടത്തി..." പൂർണിമയ്ക്ക് മുന്നിൽ വന്ന് നിന്ന് ഭാവഭേദങ്ങളേതുമില്ലാതെ അവൻ ചോദിച്ചു. "സു... സുഖാണ്... ന.. നവീൻ എപ്പോ എത്തി...?" നരേന്ദ്രൻ ഒപ്പമുള്ളത് കൊണ്ട് തന്റെ മുഖത്തെ പതർച്ച മറച്ച് അവൾ ചോദിച്ചു. "ഞാൻ ഉച്ചയ്ക്കെത്തി... എല്ലാവർക്കുമൊരു സർപ്രൈസ് ആയിക്കോട്ടെന്ന് കരുതി മനഃപൂർവം പറയാതെ വന്നതാ. നരേട്ടനോട് മാത്രേ വരുന്ന കാര്യം പറഞ്ഞിരുന്നുള്ളു." ഗൂഢമായ പുഞ്ചിരിയോടെ നവീനവളെ ആപാദ ചൂഡം വീക്ഷിച്ചു.

"പൂർണിമാ... ഇതാണ് എന്റെ ഒരേയൊരു അനിയൻ നവീൻ. നീ ആദ്യമായിട്ടല്ലേ ഇവനെ കാണുന്നത്. ഇത്രേം നാൾ ഫോണിലൂടെയല്ലേ നീയിവനെ കണ്ടിട്ടുള്ളു. ഇനിമുതൽ ഇവനും നമ്മുടെയൊപ്പം ഇവിടെയുണ്ടാവും." നവീന്റെ തോളിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്ത് പിടിച്ച് നരേന്ദ്രനത് പറയുമ്പോൾ പൂർണിമയുടെ ഉള്ളിലൊരു വെള്ളിടി വെട്ടി. ആ തണുത്ത അന്തരീക്ഷത്തിലും അവളുടെ ശരീരം വിയർത്തൊട്ടി. ചെന്നിയിലൂടെ വിയർപ്പ് കണങ്ങൾ ഒലിച്ചിറങ്ങി. പൂർണിമയുടെ നിൽപ്പും ഭാവവുമൊക്കെ കണ്ട് നവീൻ മനസ്സിൽ ചിരിച്ചു. താൻ ഭയന്നിരുന്ന ദിവസം വന്നെത്തിയെന്ന് അവൾക്ക് മനസ്സിലായി. ഇനിയേത് നിമിഷവും അവിടുന്നൊരു പടിയിറക്കമുണ്ടാവും. ആ രംഗം മനസ്സിലോർത്തപ്പോൾ തന്നെ പൂർണിമായൊന്ന് കിടുങ്ങി. നവീൻ പടുത്തുയർത്തുന്ന നുണകളുടെ ചീട്ട് കൊട്ടാരത്തിന്മേൽ താനെത്ര തവണ സത്യം വിളിച്ചു പറയാൻ ശ്രമിച്ചാലും ആരും വിശ്വസിക്കാൻ പോകുന്നില്ലെന്ന് പൂർണിമ നേരത്തെതന്നെ തിരിച്ചറിഞ്ഞതാണ്.

ഓരോന്നോർത്തപ്പോൾ അവൾക്ക് ശരീരം കുഴഞ്ഞുപോകുന്നത് പോലെ തോന്നി. "നരേട്ടാ... എ...നിക്ക്.... എനിക്ക് തല ചുറ്റുന്ന പോലെ..." പറഞ്ഞതും ബോധം മറഞ്ഞവൾ നിലംപതിച്ചു. "നവീ... അവളെ പിടിക്ക്..." ആധി നിറഞ്ഞ നരേന്ദ്രന്റെ സ്വരം വിദൂരതയിൽ നിന്നെങ്ങോ കേൾക്കുന്നത് പോലെ പൂർണിമയ്ക്ക് തോന്നി. പൂർണിമയുടെ തൊട്ടടുത്ത് നിൽക്കുകയായിരുന്ന നവീനാണ് അവളെ വീഴാതെ താങ്ങിയത്. അതേസമയത്താണ് അടുക്കളയിലായിരുന്ന യമുന മുറ്റത്തെ ശബ്ദ കോലാഹലങ്ങൾ കേട്ട് പൂമുഖത്തേക്ക് വന്നത്. അപ്രതീക്ഷിതമായി കണ്മുന്നിൽ നിൽക്കുന്ന ഇളയമകനെ കണ്ട് യമുനയുടെ മിഴികൾ വികസിച്ചു. "മോനെ... നവീ... നീ... നീയെപ്പോ വന്നെടാ." അത്ഭുതം കണ്ടവരുടെ കണ്ണുകൾ മിഴിഞ്ഞു. അപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന പൂർണിമയെ യമുന ശ്രദ്ധിക്കുന്നത്. മകന്റെ കണ്ടതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോഴാണ് പൂർണിമയെ കുറിച്ചുള്ള ആശങ്കയും അവരിൽ ഉടലെടുക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ സമ്മിശ്ര വികാരങ്ങൾ യമുനയുടെ മനസ്സിലൂടെ കടന്ന് പോയി.

"അയ്യോ... പൂർണിമയ്ക്ക് എന്ത് പറ്റി നരാ..." "അറിയില്ലമ്മേ... ഞങ്ങളിവളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോട്ടെ..." ആകുലതയോടെയുള്ള അമ്മയുടെ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് നരേന്ദ്രൻ നവീന്റെ സഹായത്തോടെ അവളെ കാറിന്റെ ബാക്ക് സീറ്റിലേക്ക് എടുത്തുകിടത്തി. "നവീൻ ഇപ്പൊ വന്ന് കയറിയതല്ലേയുള്ളു നരാ നിന്റെയൊപ്പം ഞാൻ വരാം ഹോസ്പിറ്റലിലേക്ക്." നരേന്ദ്രനൊപ്പം വണ്ടിയിലേക്ക് കയറുന്ന നവീനെ കണ്ട് യമുന പറഞ്ഞു. "അമ്മയിനി ഡ്രസ്സ്‌ മാറി വരുമ്പോഴേക്കും ലേറ്റ് ആവില്ലേ. പൂർണിമയ്ക്ക് എന്ത് പറ്റിയതാണെന്ന് അറിയില്ലല്ലോ. വിളിച്ചിട്ട് കണ്ണ് തുറക്കുന്നുമില്ല.." "ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുകയാണെങ്കിൽ എന്നെ വിളിച്ചു പറയണേ. എങ്കിൽ അച്ഛൻ വരുമ്പോൾ ഞങ്ങളങ്ങോട്ട് വരാം." "ആ... ശരിയമ്മേ. എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ വിളിച്ചോളാം." നരേന്ദ്രൻ ധൃതിയിൽ പൂർണിമയുടെ ശിരസ്സെടുത്ത് തന്റെ മടിയിൽ വച്ച് ബാക്ക് ഡോർ അടച്ചു. നവീനാണ് ഹോസ്പിറ്റലിലേക്ക് കാറോടിച്ചത്.

പൂർണിമയെ കാണിക്കുന്ന ഹോസ്പിറ്റലിലേക്കാണ് നരേന്ദ്രനവളെ കൊണ്ട് പോകാൻ തീരുമാനിച്ചത്. യാത്രയ്ക്കിടയിൽ തന്നെ അവൻ പൂർണിമയെ പരിശോധിക്കുന്ന ഡോക്ടർ പുഷ്പ റാണിയെ വിളിച്ചു വിവരം പറഞ്ഞു. ഡോക്ടർ ഹോസ്പിറ്റലിൽ തന്നെയുണ്ടെന്ന് അറിഞ്ഞപ്പോൾ നരേന്ദ്രന് പകുതി ആശ്വാസം തോന്നി. "പൂർണിമാ... കണ്ണ് തുറക്ക് പൂർണിമാ..." കാറിലുണ്ടായിരുന്ന മിനറൽ വാട്ടറിന്റെ കുപ്പി തുറന്ന് അവനവളുടെ മുഖത്തേക്ക് ശക്തിയായി കുടഞ്ഞു. പക്ഷേ അത് കൊണ്ടൊന്നും യാതൊരു പ്രയോജനവുമുണ്ടായില്ല. 🍁🍁🍁🍁🍁 "പൂർണിമയ്ക്ക് ബിപി വളരെ കുറവാണ്... ഷുഗർ ലെവലും നല്ല താഴ്ന്നിട്ടുണ്ട്. പെട്ടെന്ന് ബിപി കുറയാനെന്താ കാരണം?നിങ്ങൾ തമ്മിൽ എന്തെങ്കിലും വഴക്കോ മറ്റോ ഉണ്ടായോ? അതോ പൂർണിമയ്ക്ക് ടെൻഷനുണ്ടാക്കുന്ന തരത്തിൽ എന്തെങ്കിലും സംഭവം?" ഡോക്ടർ പുഷ്പ റാണി സംശയത്തോടെ തന്റെ മുന്നിലിരിക്കുന്ന നരേന്ദ്രനെ നോക്കി. "ഇല്ല ഡോക്ടർ... പൂർണിമ വളരെ സന്തോഷത്തോടെ തന്നെയായിരുന്നു കുറച്ചു നിമിഷങ്ങൾ മുൻപ് വരെ.

അവൾക്ക് ടെൻഷനുണ്ടാക്കുന്ന ഒന്നുംതന്നെ ഉണ്ടായിട്ടില്ല." നരേന്ദ്രൻ അത്രയും ഉറപ്പോടെയാണ് അത് പറഞ്ഞത്. "ബട്ട്‌ പൂർണിമയ്ക്ക് ടെൻഷനുണ്ടാക്കുന്ന എന്തോ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ബിപി ഇത്രയധികം ലോ ആയത്. പിന്നെ ട്വിൻ പ്രെഗ്നൻസി കൂടി ആയതുകൊണ്ട് നല്ല ശ്രദ്ധയും വേണം. സോ, തല്ക്കാലം ആ കുട്ടിയെ ഞാൻ അഡ്മിറ്റാക്കുകയാണ്. എല്ലാമൊന്ന് നോർമലായിട്ട് ഡിസ്ചാർജ് ചെയ്യാം." നരേന്ദ്രന്റെ വാക്കുകളിൽ ഡോക്ടർ പുഷ്പ റാണിക്ക് അത്ര വിശ്വാസം തോന്നിയിരുന്നില്ല. "ഓക്കേ ഡോക്ടർ, താങ്ക്യൂ." ഡോക്ടറോട് നന്ദി പറഞ്ഞവൻ എഴുന്നേറ്റ് പുറത്തേക്ക് പോയി. പൂർണിമയെ റൂമിലേക്ക് മാറ്റുമ്പോൾ അവൾക്ക് ഓർമ്മ തെളിഞ്ഞിട്ടുണ്ടായിരുന്നു. എത്ര സമയം താൻ ഓർമ്മയില്ലാതെ കിടന്നുവെന്ന് പൂർണിമയ്ക്കറിയില്ലായിരുന്നു. അവളുടെ കണ്ണുകൾ ചുറ്റിനും തിരഞ്ഞത് നരേന്ദ്രനെയായിരുന്നു. നരേന്ദ്രനെയോ നവീനെയോ മുറിയിൽ കണ്ടില്ല. യമുനയും കൂട്ടത്തിലില്ല. പകരം തന്റെ ചേട്ടനെയും അമ്മയെയും മാത്രമാണ് കൂടെയുള്ളതെന്ന തിരിച്ചറിവിൽ അവളുടെ ഹൃദയം ശക്തമായൊന്ന് പിടച്ചു.

ഈ ടെൻഷൻ തനിക്ക് താങ്ങാവുന്നതിനും അപ്പുറമാണെന്ന് പൂർണിമയ്ക്ക് തോന്നി. അവളുടെ മിഴികൾ ഭിത്തിയിൽ പതിപ്പിച്ചിരുന്ന ക്ലോക്കിന് നേർക്ക് നീണ്ടുചെന്നു. സമയമപ്പോൾ രാത്രി ഒൻപത് മണി കഴിഞ്ഞിരുന്നു. ആറുമണിക്കാണ് നരേന്ദ്രനും നവീനും മുല്ലശ്ശേരിയിലേക്ക് വന്നതെന്ന് അവളോർത്തു. ഈ മൂന്ന് മണിക്കൂറിനിടയിൽ തനിക്ക് ചുറ്റും എന്തൊക്കെയോ നടന്നിരുന്നുവെന്ന് ചേട്ടന്റെയും അമ്മയുടെയും മുഖഭാവത്തിൽ നിന്ന് പൂർണിമ ഊഹിച്ചു. അവളെ നോക്കി കണ്ണ് നിറച്ച് നിൽക്കുകയാണ് ഗീതയെങ്കിൽ ദേഷ്യത്തോടെ വലിഞ്ഞുമുറുകിയ മുഖവുമായി നിൽക്കുകയാണ് പ്രവീൺ. ഇരുവരോടും ഒന്നും ചോദിക്കാനുള്ള ധൈര്യം അവൾക്കുണ്ടായില്ല. കണ്ണുനീർ വന്ന് മൂടി കാഴ്ച മങ്ങിയപ്പോൾ അവൾ മിഴികൾ ചിമ്മിയടച്ചു. പാതി മങ്ങിയ കാഴ്ചയിൽ മുറിയിലേക്ക് കയറി വരുന്ന നരേന്ദ്രനെ അവൾ കണ്ടു. "നരേട്ടാ... ഞാൻ... എനിക്ക്..." അവനോടെന്തോ പറയാനായി പൂർണിമ നാവനക്കിയതും നരേന്ദ്രനവളെ കയ്യെടുത്തു വിലക്കി. "വേണ്ട... നീയിനി ഒന്നും പറയണ്ട. എല്ലാം ഞാനറിഞ്ഞു.

എങ്ങനെ തോന്നിയെടി നിനക്കെന്നെ ചതിക്കാൻ? പ്രേമം നടിച്ച് എന്റെ അനിയനെ വശത്താക്കി അവനെ എല്ലാവർക്കും മുന്നിൽ നാണം കെടുത്തി കോളേജിൽ നിന്ന് പുറത്താക്കാൻ കാരണക്കാരി നീയല്ലേ. നവീൻ എന്നോട് നടന്നതെല്ലാം പറഞ്ഞു. ഇത്രേം വൃത്തികെട്ടവളാണ് നീയെന്ന് ഞാനറിഞ്ഞില്ല. നവീൻ എന്റെ അനിയനാണെന്ന് അറിഞ്ഞിട്ടല്ലേ നമ്മുടെ വിവാഹ കഴിഞ്ഞ ദിവസം രാത്രി അവന്റെ ഫോട്ടോ കണ്ട് നീ ഞെട്ടി നിന്നത്. എന്ത് ധൈര്യത്തിലാ നീ ഇത്രയും ദിവസം എന്റെ വീട്ടിൽ കഴിഞ്ഞത്? നിന്നെ ഞാൻ കെട്ടിപ്പോയത് കൊണ്ടും നീ ഗർഭിണിയായത് കൊണ്ടും എന്റെ നവീനെന്നോട് സത്യങ്ങളൊന്നും പറയില്ലെന്ന് നീ വിചാരിച്ചോ? അതോ ഗർഭിണിയായ നിന്നെ ഞാനുപേക്ഷിക്കില്ലെന്ന ആത്മവിശ്വാസമാണോ? എങ്കിൽ കേട്ടോ... വഞ്ചകിയായ നിന്നെ എനിക്കിനി വേണ്ട... പക്ഷേ എന്റെ രണ്ട് മക്കളെ ഞാൻ നിനക്ക് തരില്ല. അവരെന്റെ കൂടെ എന്റെ തറവാട്ടിൽ ജീവിക്കും. നിന്നെയിനി അങ്ങോട്ട്‌ കൊണ്ട് വന്ന് പോകരുതെന്നാണ് അച്ഛനും അമ്മയും പറഞ്ഞിരിക്കുന്നത്.

അതുകൊണ്ട് നിനക്കിനി നിന്റെ വീട്ടിൽ കഴിയാം. പക്ഷേ പ്രസവം കഴിഞ്ഞാൽ ഞാനെന്റെ മക്കളെ കൊണ്ട് പോവും. അവരിൽ ഒരാവകാശവും പറഞ്ഞു നീ വരാനും പാടില്ല. നീ ഇത്രയ്ക്കും ചീപ്പായിരുന്നുവെന്ന് ഞാനറിയാൻ വൈകിപ്പോയി." നരേന്ദ്രൻ വെറുപ്പോടെ പൂർണിമയെ നോക്കി. അവന്റെ വാക്കുകൾ തീർത്ത ഞെട്ടലിലായിരുന്നു അവളപ്പോൾ. നവീൻ എന്തൊക്കെയോ പറഞ്ഞ് അവനെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് പൂർണിമയ്ക്ക് ഉറപ്പായി. ആർത്തലച്ച് വന്നൊരു തേങ്ങൽ അവളുടെ കണ്ഠനാളത്തിൽ തറഞ്ഞുനിന്നു. പെയ്യാൻ വെമ്പി നിൽക്കുന്ന മിഴികൾ... അവളുടെ ശരീരം ഒരു മാത്ര വിറപൂണ്ടു. "അങ്ങനെയൊന്നും പറയല്ലേ നരേട്ടാ... എനിക്ക് പറയാനുള്ളത് കൂടി നരേട്ടൻ കേൾക്കണം. ഞാനൊന്നും ചെയ്തിട്ടില്ല നരേട്ടാ... എനിക്കൊന്നുമറിയില്ല... ഞാൻ നിരപരാധിയാണ്... നവീൻ പറയുന്നതൊക്കെ നുണയാണ്. എന്താ ഉണ്ടായതെന്ന് ഞാൻ പറഞ്ഞു തരാം... എന്നെ വിശ്വസിക്ക് നരേട്ടാ... " അത് പറയുമ്പോൾ പൂർണിമ വിതുമ്പിപ്പോയി.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story